അപശബ്ദങ്ങളെ ഗൗനിക്കാറില്ല: റഹീം, വിമർശിക്കേണ്ടവർ അതു ചെയ്യട്ടെ: ജെബി, ആരു മുഖംചുളിച്ചാലും പ്രശ്നമല്ല: സന്തോഷ്
എ.എ. റഹീം, പി.സന്തോഷ് കുമാർ എന്നിവരെ എൽഡിഎഫും ജെബി മേത്തറിനെ കോൺഗ്രസും രാജ്യസഭാ സ്ഥാനാർഥികളായി നിശ്ചയിച്ചിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ തന്നെ ശുഭസൂചകമായ മാറ്റമാണ് ഈ തീരുമാനങ്ങൾ വിളിച്ചോതുന്നത്. റഹീമും ജെബി മേത്തറും സന്തോഷ് കുമാറും ‘ക്രോസ് ഫയറിൽ’ ഒരുമിച്ചു കടന്നു വരുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ഈ മൂന്നു പുതിയ താരങ്ങൾ സംസാരിക്കുന്നു... Cross Fire Interview
എ.എ. റഹീം, പി.സന്തോഷ് കുമാർ എന്നിവരെ എൽഡിഎഫും ജെബി മേത്തറിനെ കോൺഗ്രസും രാജ്യസഭാ സ്ഥാനാർഥികളായി നിശ്ചയിച്ചിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ തന്നെ ശുഭസൂചകമായ മാറ്റമാണ് ഈ തീരുമാനങ്ങൾ വിളിച്ചോതുന്നത്. റഹീമും ജെബി മേത്തറും സന്തോഷ് കുമാറും ‘ക്രോസ് ഫയറിൽ’ ഒരുമിച്ചു കടന്നു വരുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ഈ മൂന്നു പുതിയ താരങ്ങൾ സംസാരിക്കുന്നു... Cross Fire Interview
എ.എ. റഹീം, പി.സന്തോഷ് കുമാർ എന്നിവരെ എൽഡിഎഫും ജെബി മേത്തറിനെ കോൺഗ്രസും രാജ്യസഭാ സ്ഥാനാർഥികളായി നിശ്ചയിച്ചിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ തന്നെ ശുഭസൂചകമായ മാറ്റമാണ് ഈ തീരുമാനങ്ങൾ വിളിച്ചോതുന്നത്. റഹീമും ജെബി മേത്തറും സന്തോഷ് കുമാറും ‘ക്രോസ് ഫയറിൽ’ ഒരുമിച്ചു കടന്നു വരുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ഈ മൂന്നു പുതിയ താരങ്ങൾ സംസാരിക്കുന്നു... Cross Fire Interview
പരിണത പ്രജ്ഞരായ നേതാക്കളുടെ ഉപരിസഭയായാണ് രാജ്യസഭ അറിയപ്പെടുന്നത്. പ്രായം ചെന്നവരുടേതാണ് ആ സഭ എന്ന സങ്കൽപം കേരളത്തിലെ മൂന്നു നേതാക്കൾ പൊളിച്ചെഴുതുന്നു. എൽഡിഎഫും യുഡിഎഫും ഇത്തവണ രാജ്യസഭയിലേക്കു പറഞ്ഞയയ്ക്കുന്നത് യുവ നിരയിലെ പ്രമുഖരെ. ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായ എ.എ. റഹീം (41) എഐവൈഎഫിന്റെ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.സന്തോഷ് കുമാർ (51) എന്നിവരെ എൽഡിഎഫും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിനെ (43) കോൺഗ്രസും രാജ്യസഭാ സ്ഥാനാർഥികളായി നിശ്ചയിച്ചിരിക്കുകയാണ്.
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ തന്നെ ശുഭസൂചകമായ മാറ്റമാണ് ഈ തീരുമാനങ്ങൾ വിളിച്ചോതുന്നത്. റഹീമും ജെബി മേത്തറും സന്തോഷ് കുമാറും ‘ക്രോസ് ഫയറിൽ’ ഒരുമിച്ചു കടന്നു വരുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ഈ മൂന്നു പുതിയ താരങ്ങൾ സംസാരിക്കുന്നു.
ഫാബ്രിക്കേഷനും പ്ലമിങും പഠിച്ച കാലം ഉണ്ടായിരുന്നു: റഹീം
∙ ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷ പദം, പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്വം, ഇപ്പോൾ രാജ്യസഭയിലേക്ക്.. കരിയറിലെ ഏറ്റവും നല്ല കാലമാണോ?
എന്നെ സംബന്ധിച്ച് വളരെ സന്തോഷമുള്ള സമയമാണ്. ഈ പറഞ്ഞ മൂന്നു കാര്യങ്ങൾ വലിയ ഉത്തരവാദിത്തബോധം ഉളവാക്കുന്നു. അഭിമാനബോധവും ഉണ്ട്. വളരെ സങ്കീർണമായ ഒരു കാലത്ത് ശ്രദ്ധേയമായ ഒരു സഭയിലേക്ക് എന്നെ വിടുമ്പോൾ അതിന് അനുസരിച്ച് ഉയരാൻ പ്രാപ്തനാകണം. ആ വികാരമാണ് ഇപ്പോൾ നയിക്കുന്നത്.
∙ ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പിന്നാലെ മന്ത്രി അതായിരുന്നു പി.എ. മുഹമ്മദ് റിയാസിന്റെ വഴി. അതേ പാതയിലാണോ റഹീമും?
അങ്ങനെയൊന്നും കണക്കാക്കിയിട്ടില്ല. റിയാസ് സഖാവും അങ്ങനെ വിചാരിക്കാൻ ഇടയില്ല. എസ്എഫ്ഐയിലൂടെയാണ് ഞാൻ പൊതുരംഗത്തേയ്ക്കു വന്നത്. പലരും പല സാഹചര്യങ്ങളിൽ നിന്നാണ് വരുന്നത്. ഇവിടെയെല്ലാം എത്തിച്ചേരുമെന്നു കരുതി തുഴയുന്നവരല്ല ആരും. ഏൽപിക്കുന്നത് ഏത് ഉത്തരവാദിത്തമാണോ അതു കൃത്യവും ഫലപ്രദവുമായി നിർവഹിക്കുക എന്നതാണ് എന്റെ രീതി. ലഭിക്കുന്ന ഓരോ ഉത്തരവാദിത്തവുമാണ് പുതിയ തീരങ്ങളിലേക്ക് നമ്മളെ കൊണ്ടു ചെല്ലുന്നത്. ചിലപ്പോൾ സ്വാഭാവികമായി പുതിയ പദവി വരാം, ചിലപ്പോൾ വരാതിരിക്കാം. ഇപ്പോൾ ചെയ്യേണ്ട കാര്യം എന്താണോ അതിൽ പൂർണമായും മുഴുകുക എന്നതാണ് നമ്മുടെ കർത്തവ്യം. റിയാസും അങ്ങനെ ഒരു കാഴ്ചപ്പാട് ഉള്ളയാളാണ്.
∙ താങ്കളുടെ പദവി ചില ഒറ്റപ്പെട്ട വിമർശനങ്ങൾക്കും കാരണമായത് ശ്രദ്ധിച്ചു കാണുമല്ലോ. ‘ബാലരമ വായിച്ചു’ എന്നെല്ലാമുള്ള പ്രയോഗം കേട്ടത് വിഷമം ഉണ്ടാക്കിയോ?
തീരെയില്ല. അപശബ്ദങ്ങളെ മറന്ന് രാജ്യത്തിന്റെ അപകടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം എന്നാണ് എന്റെ വിചാരം. അപശബ്ദങ്ങൾ എല്ലാക്കാലത്തും ഉണ്ടാകും. നേരത്തേ ഇങ്ങനെ എന്തെങ്കിലുമെല്ലാം കേട്ടാൽ അതു ബാധിക്കുമായിരുന്നു. പിന്നീട് അനുഭവങ്ങളിലൂടെ രൂപപ്പെടുകയും രാഷ്ട്രീയ പാകത ഉണ്ടാകുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു എന്ന കാര്യം കൂടി രാഷ്ട്രീയമായി ചിന്തിക്കും. ഇങ്ങനെ ഒരു ആക്രമണം വന്നപ്പോൾ തെല്ലും ഏശാത്ത വിധം മാറാൻ കഴിഞ്ഞുവെന്ന അഭിമാനബോധമാണ് ഇപ്പോൾ ഉള്ളത്.
സമൂഹമാകെ കള്ളനായി ഒരു ഓമനക്കുട്ടനെ ചിത്രീകരിച്ചപ്പോൾ അദ്ദേഹം പിടിച്ചുനിന്നു തിരിച്ചടിക്കുകയല്ലേ ചെയ്തത്. അതെല്ലാം നമ്മളെ സ്വാധീനിക്കും. എന്നെ ആരെങ്കിലും അപഹസിച്ചോ എന്നൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല. ഇന്ത്യൻ രാഷ്ട്രീയം വളരെ നിർണായകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വളരെ അപ്രതീക്ഷിതമായി ഒരു വലിയ ഉത്തരവാദിത്തം ലഭിച്ചു. അതിന് അനുസരിച്ച് സ്വയം പ്രാപ്തനാക്കുന്നതിനെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. ഈ അപശബ്ദങ്ങൾ അജൻഡയിൽ ഇല്ല.
∙ ഇടക്കാലത്ത് മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞ ഒരു കാലയളവ് ഉണ്ടായിരുന്നല്ലോ. രാഷ്ട്രീയം വിട്ട് മറ്റൊരു മേഖലയിലേക്ക് നീങ്ങാനുള്ള താൽപര്യം അന്ന് തോന്നിയോ?
അങ്ങനെ തോന്നിയിരുന്നു. വീട്ടിലെ സാഹചര്യം അത്രമേൽ പ്രയാസകരമായിരുന്നു. എന്റെ പ്രീഡിഗ്രി സമയം കഴിഞ്ഞ സമയത്താണ് അർബുദ ബാധിതനായി ബാപ്പ മരിക്കുന്നത്. ഉമ്മയും മൂത്ത രണ്ടു സഹോദരികളുമാണ് വീട്ടിലുള്ളത്. ഡിഗ്രിക്കു തന്നെ പോകേണ്ടതില്ല എന്നായിരുന്നു ഉമ്മയുടെ അഭിപ്രായം. കഷ്ടപ്പാടു കൊണ്ടാണ്. വയറിങും പ്ലമിങ്ങും സർട്ടിഫിക്കറ്റ് കോഴ്സ് പഠിക്കാനായി വൈഎംസിഎയിൽ കൊണ്ടു പോയി ചേർത്തു. കോളജിൽ പോകണമെന്ന എന്റെ ആഗ്രഹത്തിന് അന്നു കൂട്ടുനിന്ന് സാധിപ്പിച്ചെടുത്തത് സഹോദരീ ഭർത്താവാണ്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അലുമിനീയം ഫാബ്രിക്കേഷൻ പണിക്കുതന്നെ ഞാൻ പോയിരുന്നു. വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന് എതിരുളള ഒരു കടയിൽ പണിക്ക് നിന്നിട്ടുണ്ട്. അന്ന് അതിന് വലിയ സാധ്യത ഉണ്ടെന്ന് എല്ലാവരും പറഞ്ഞാണ് അങ്ങനെ ചെയ്തത്. അത്രമേൽ പ്രയാസത്തിലായിരുന്നു കുടുംബം. യൂണിവേഴ്സിറ്റി കൊളജിൽനിന്ന് ഡിഗ്രിയും പിന്നീട് എൽഎൽബിയും കഴിയുന്ന ഘട്ടത്തിലാണ് മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്.
ഒരു ജോലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആ തൊഴിലാണ് മനസ്സിൽ ഉദിച്ചു വന്നിരുന്നത്. സാമൂഹികമായി ഇടപെടാനുള്ള സാധ്യതകളാണ് പ്രേരണയായത്. അതുകൊണ്ട് ജേണലിസം ഡിപ്ലോമ എടുത്തു. സ്ഥിരമായി ഒരു വരുമാനം വേണമെന്ന സമ്മർദ്ദം വീട്ടിൽ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു. ഓരോ പ്രശ്നങ്ങളായി വന്നപ്പോഴാണ് കൈരളിയുടെ അറിയിപ്പ് കണ്ട് അപേക്ഷിച്ചത്. അന്ന് എസ്എഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.
∙ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനുള്ള കാരണം എന്താണ്?
രാഷ്ട്രീയപ്രവർത്തനം സൃഷ്ടിക്കുന്ന ഒരു മാന്ത്രികത ഉണ്ടല്ലോ. അത് ഇങ്ങനെ മാടിവിളിക്കുന്നുണ്ടായിരുന്നു. ഞാൻ കൈരളിയിൽ പോയത് അറിഞ്ഞ്, നേരിട്ട് അറിയാവുന്ന പലരും ഇതല്ല നിങ്ങളുടെ വഴി എന്നു പറഞ്ഞിട്ടുണ്ട്. ഒരു മാധ്യമപ്രവർത്തകനും അതിൽപ്പെടും. വീട്ടിലെ എന്തെങ്കിലും പ്രശ്നമാണ് കാരണമെങ്കിൽ സഹായിക്കാമെന്ന് അടുത്ത ബന്ധുവായ അനുജൻ വന്നു പറഞ്ഞു. അത്രയും വലിയ പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
അന്ന് തിരുവനന്തപുരത്ത് എല്ലാവർക്കും തന്നെ പരിചിത മുഖമായി മാറിയിരുന്നതു കൊണ്ടാകും അങ്ങനെ പറഞ്ഞത്. മാധ്യമ പ്രവർത്തനത്തെക്കുറിച്ചുള്ള ഉദാത്തമായ കാഴ്ചപ്പാട് ഒരു തുടക്കക്കാരന് പ്രായോഗികതലത്തിൽ നിറവേറ്റുക പ്രയാസമാണെന്നും ഇതിനിടെ മനസ്സിലായി. ചട്ടപ്പടി റിപ്പോർട്ടിങ്ങിലാണ് പലപ്പോഴും ഒതുങ്ങേണ്ടി വന്നത്.എങ്കിലും ‘കൈരളി’ നൽകിയ സ്വാതന്ത്ര്യവും അവസരവും ഉപയോഗിച്ച് ചില ശ്രദ്ധേയ വാർത്തകൾ അതിനിടയിൽ ചെയ്തു.
∙ കൈരളിയുടെ എംഡിയായ ജോൺ ബ്രിട്ടാസിനു പിന്നാലെ ആണല്ലോ പഴയ ജേണലിസം ട്രെയിനിയും രാജ്യസഭയിൽ എത്തുന്നത്?
അതെ, എന്റെ എംഡിയാണ്. എനിക്ക് ട്രെയിനിങ് ഓർഡർ തന്ന എംഡിയാണ് അദ്ദേഹം. രണ്ടു പേരും രാജ്യസഭയിലേക്ക് എത്തുന്നുവെന്നത് കൗതുകം തന്നെ. കൈരളിയിൽ ജോലി ചെയ്യുന്ന സമയത്താണ് എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കുന്നത്. അതു കഴിഞ്ഞ് തിരിച്ച് തിരുവനന്തപുരത്തേയ്ക്കുള്ള ബസ് യാത്രയിൽ വലിയ സംഘർഷമാണ് അനുഭവിച്ചത്. ആ സമ്മേളനം എന്നിൽ ഉയർത്തിയ വൈകാരികമായ അനുഭവങ്ങൾ ചെറുതായിരുന്നില്ല. എന്തു വന്നാലും ഇനി എസ്എഫ്ഐ വിട്ടു പോകാനില്ലെന്നു തീരുമാനിച്ചു. തലസ്ഥാനത്തെത്തിയ ശേഷം കൈരളിയിൽനിന്ന് ഒഴിയുന്നതായി കത്തു നൽകി. രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് മടങ്ങാനുള്ള താൽപര്യം പാർട്ടിനേതൃത്വത്തെയും അറിയിച്ചു.
∙ ഒരു പുതിയ നിരയുടെ ആരോഹണം തന്നെ സിപിഎമ്മിൽ കാണാം. പഴയ നിരയെ പുതുനിര മാറ്റുകയാണോ? പ്രായം രാഷ്ട്രീയപ്രവർത്തനത്തിന് ഒരു മാനദണ്ഡമാക്കരുതെന്ന അഭിപ്രായവുമുണ്ടല്ലോ.
കൃത്യമായ ഒരു ‘കെമിസ്ട്രി’യാണ് പാർട്ടി നടപ്പാക്കുന്നത്. പ്രായം കുറഞ്ഞ എം.സ്വരാജും മുഹമ്മദ് റിയാസും സെക്രട്ടേറിയറ്റിലേക്ക് വരുന്ന അതേസമയത്തു തന്നെ പരിണത പ്രജ്ഞനായ ആനാവൂർ നാഗപ്പനും വരുന്നു. അതുപോലെ നേരത്തെ ജില്ലാ സെക്രട്ടറിമാരായി കൂടി ശോഭിച്ചിട്ടുള്ള വി.എൻ.വാസവനും സജി ചെറിയാനും കെ.കെ.ജയചന്ദ്രനും സെക്രട്ടേറിയറ്റ് അംഗങ്ങളാകുന്നു. അനുഭവ സമ്പത്തിന്റെയും യുവത്വത്തിന്റെയും ഗംഭീരമായ ചേരുവയാണ്. അതൊരു തലമുറ മാറ്റമല്ല. എന്നെ ഒഴിവാക്കിക്കളഞ്ഞു എന്ന വേദന തോന്നുന്ന പോലെ അല്ല പാർട്ടി തീരുമാനങ്ങൾ എടുക്കുന്നത്. കെട്ടുറപ്പുള്ള പാർട്ടിക്കു മാത്രമേ അതിനു സാധിക്കൂ.
∙ രാജ്യസഭയിലേക്ക് പോകുമ്പോൾ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു കാണും. അവിടെ തിളങ്ങിയ ചിലരെ ഓർമിച്ചിട്ടുണ്ടാകും. പാർലമെന്റേറിയൻ എന്ന നിലയിൽ ആരെയെങ്കിലും മനസിൽ കാണുന്നോ?
പെട്ടെന്ന് ഓർമ വരുന്നത് തിരുവനന്തപുരത്തുനിന്നു തന്നെ പാർലമെന്റിലെത്തി ശോഭിച്ച വർക്കല രാധാകൃഷ്ണന്റെ പേരാണ്. അദ്ദേഹം വർക്കലക്കാരനും ഞാൻ വെഞ്ഞാറമ്മൂടുകാരനും. എത്രയോ ഉന്നതങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എതിരാളികൾ പോലും ആദരിക്കുന്ന പാർലമെന്ററി മികവ് അദ്ദേഹത്തിനുണ്ടായിരുന്നു. എണ്ണത്തിൽ വളരെ കുറവാണെങ്കിലും ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശബ്ദം വേറിട്ടതു തന്നെയാണ്. ചെറിയ കാര്യമല്ല അവരെല്ലാം നിർവഹിക്കുന്നത്.
കേന്ദ്രസർക്കാർ ഓഫിസുകളിലെ തൊഴിൽ ഒഴിവുകളുടെ അമ്പരപ്പിക്കുന്ന കണക്ക് പുറത്തുവന്നത് വി.ശിവദാസൻ നൽകിയ ചോദ്യത്തിലൂടെയാണ്. വരാനിരിക്കുന്ന കാലത്തെ സമരങ്ങൾക്കുതന്നെ അത് ഇന്ധനമാണ്. ജുഡീഷ്യറിയിൽ അടക്കമുളള സാമൂഹികനീതി ഇല്ലായ്മ ജോൺ ബ്രിട്ടാസ് പുറത്തു കൊണ്ടു വന്നപ്പോൾ ചെയർ തന്നെ അതിനെ പ്രശംസിച്ചു. ആരും അവിടെ തോറ്റു കീഴടങ്ങി പോകുന്നവരല്ല. ആ ടീമിലേക്കാണ് ഞാനും കയറിച്ചെല്ലുന്നത്. സത്യം പറഞ്ഞാൽ ഈ ദിവസങ്ങളിലെല്ലാം സമയം കിട്ടുമ്പോൾ ഇവരുടെ പാർലമെന്റിലെ പ്രകടനങ്ങളാണ് കണ്ടു കൊണ്ടിരിക്കുന്നത്. സീതാറം യച്ചൂരി അടക്കം ഇന്ത്യൻ പാർലമെന്റിൽ നടത്തിയ ഇടപെടലുകൾ ഞങ്ങൾക്കെല്ലാം പാഠപുസ്തകമായുണ്ട്.
∙ നിയമസഭാംഗം പോലും ആകാതെ നേരെ രാജ്യസഭയിലേക്ക് പോകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടോ?
അങ്ങനെയില്ല. എനിക്ക് പാർലമെന്ററി അനുഭവം ഇല്ലെന്ന കാര്യം ഞാൻ തിരിച്ചറിയുന്നുണ്ട്. അതേസമയം കിട്ടിയത് വലിയ അവസരമാണെന്ന യാഥാർഥ്യവും മുന്നിലുണ്ട്. ഇതു രണ്ടും കൂടി വച്ചുകൊണ്ട് എങ്ങനെ മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ആലോചിക്കുന്നത്. ഇപ്പറഞ്ഞ കാര്യം മനസ്സിൽ ഉണ്ട്. പക്ഷേ സാധിക്കും എന്ന ആത്മവിശ്വാസവും ഉണ്ട്.
എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഞങ്ങൾക്ക് ലഭിച്ചത് ഒരു സർവകലാശാലയ്ക്കും നൽകാൻ കഴിയാത്ത അനുഭവങ്ങളാണ്. അതിലൂടെ ഏതു സാഹചര്യത്തെയും മറികടക്കാൻ കഴിയും. കോവിഡ് മഹാമാരി ഒരു വലിയ അനുഭവമായിരുന്നുവല്ലോ. കമ്മിറ്റി പോലും കൂടാൻ കഴിയാതെ എങ്ങനെ രാഷ്ട്രീയപ്രവർത്തനം നടത്താൻ സാധിക്കുമെന്നത് വലിയ ചോദ്യമായിരുന്നു. അപ്പോഴും ഡിവൈഎഫ്ഐയെ ചലിപ്പിക്കാൻ ഞങ്ങൾക്കെല്ലാം സാധിച്ചില്ലേ. ആ സമയത്ത് സമൂഹം ആഗ്രഹിച്ചത് എന്തോ അതു ഞങ്ങൾ ചെയ്തു. അനുഭവങ്ങളുടെ ആ ഉൾക്കരുത്താണ് ഞങ്ങളുടെ ആത്മവിശ്വാസം.
∙ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനൊപ്പം രാജ്യസഭാംഗം കൂടിയാകുന്നതോടെ തിരുവനന്തപുരത്തെ റഹീം ഇനി ദേശീയ രാഷ്ട്രീയത്തിലെ റഹീമായി മാറുകയാണോ?
ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ അവിടെ ചെയ്യാനുണ്ട്. പല സംസ്ഥാനങ്ങളിലും യാത്ര ചെയ്യണം. അതിനെല്ലാം ഈ പദവി കൂടുതൽ സൗകര്യപ്രദമാണ്. കൂടുതൽ അവിടെത്തന്നെയാകും കേന്ദ്രീകരിക്കുക. സ്വന്തം മണ്ണ് ഇവിടെത്തന്നെ ഉണ്ടാകുമല്ലോ. തിരുവനന്തപുരവും കേരളവും എല്ലാം കൂടി ചേരുന്നതു തന്നെയായിരിക്കും എന്റെ പ്രവർത്തനം.
∙ രാജ്യസഭ എന്നാൽ പ്രായമുള്ളവരുടെ സഭ എന്നാണല്ലോ സങ്കൽപം. അതു മാറുകയാണോ?
ജനസംഖ്യയിൽ തന്നെ ആ മാറ്റം പ്രകടമാണല്ലോ. അങ്ങനെ നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ യൗവനം എന്നു വിളിക്കാം. നമ്മുടെ ജനസംഖ്യയിൽ കൂടുതലും ചെറുപ്പക്കാരാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് ഈ മാറ്റങ്ങൾ. ഈ മാറ്റം സംഭവിക്കുന്നതിനു മുൻപു തന്നെ വളരെ ചെറുപ്പത്തിലേ എം.എ.ബേബിയെ സിപിഎം രാജ്യസഭയിലേക്ക് അയച്ചിട്ടുണ്ട്. പിന്നീട് എ.വിജയരാഘവൻ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ കെ.കെ.രാഗേഷ്, വി.ശിവദാസൻ ഇവരെല്ലാം ചെറുപ്പത്തിൽ തന്നെയാണ് അവിടെ എത്തിയത്. കൂടുതൽ ചെറുപ്പക്കാർ വരുമ്പോൾ രാജ്യത്തെ മഹാഭൂരിപക്ഷം പേർ എങ്ങനെ ചിന്തിക്കുന്നുവെന്ന കാര്യം സഭയിൽ പ്രതിഫലിപ്പിക്കാൻ സാധിക്കും.
∙ യുവനിരയിലെ രണ്ടു പേർ കൂടിയാണല്ലോ ഇത്തവണ താങ്കൾക്കൊപ്പം രാജ്യസഭാംഗമാകുന്നത്. സന്തോഷിനെയും ജെബിയെയും പരിചയമുണ്ടോ? വിലയിരുത്തിയിട്ടുണ്ടോ?
സന്തോഷിനെ അടുത്തു പരിചയമുണ്ട്. ഡിവൈഎഫ്ഐയുടെ ബാംഗ്ലൂർ ദേശീയ സമ്മേളനത്തിൽ അഭിവാദ്യം അർപ്പിക്കാനായി എഐവൈഎഫിനെ പ്രതിനിധീകരിച്ച് എത്തിയപ്പോഴാണ് ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. വളരെ സമർപ്പണ ബോധമുള്ള സമർഥനായ സഖാവാണ്. ജെബിയെ അടുത്തു പരിചയമില്ല. കോൺഗ്രസിൽനിന്നും പുതിയ തലമുറയിലെ ഒരാൾ വന്നതിൽ സന്തോഷം.
റഹീമും സന്തോഷുമായി ചേർന്നു പോരാടും: ജെബി മേത്തർ
∙ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് രാജ്യസഭയിലേക്ക്. അതിശയകരമായ ആരോഹണത്തെക്കുറിച്ച് എന്തു തോന്നുന്നു?
വലിയ അംഗീകാരം. ഇതുവരെ പാർട്ടി ഏൽപിച്ച ഓരോ ഉത്തരവാദിത്തവും ഭംഗിയായി നിർവഹിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആലുവ നഗരസഭയിലെ ചുമതലകളിലും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് ഭാരവാഹിത്വത്തിലും കെപിസിസി സെക്രട്ടറി പദത്തിലും അങ്ങനെ ആത്മാർഥമായി പ്രവർത്തിച്ചു. ഇതുവരെ ലഭിച്ചതെല്ലാം ഒരു ചുമതല അല്ലെങ്കിൽ ഉത്തരവാദിത്തം ആയിരുന്നെങ്കിൽ രാജ്യസഭാംഗത്വം ഒരു നിയോഗമാണ്. ഇന്ത്യയുടെ ഭരണഘടന ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ അതിനെ സംരക്ഷിക്കാൻ പോരാടുന്നവരിൽ ഒരാൾ എന്ന ചുമതലയാണ് പാർട്ടി എനിക്കു നൽകിയിരിക്കുന്നത്.
∙ ലീല ദാമോദര മേനോനു ശേഷം കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് പോകുന്ന ആദ്യത്തെ കോൺഗ്രസ് വനിത. അതു തന്നെ വലിയ അംഗീകാരമല്ലേ?
തീർച്ചയായും വളരെ വലിയ അംഗീകാരമാണ്. സ്ത്രീകൾ പലയിടത്തും അപമാനിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന സമയമാണ് ഇത് എന്നെത്തേടി എത്തുന്നത്. അവരെ സംരക്ഷിക്കേണ്ട പൊലീസും ഭരണ വർഗവും മുഖം തിരിക്കുകയും ചെയ്യുന്നു. ഈ പ്രബുദ്ധ കേരളത്തിലുള്ള തിരുവനന്തപുരം ലോ കോളജിലാണ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായ പെൺകുട്ടിയെ ഒരു കൂട്ടർ വലിച്ചിഴച്ചത്. അതിനിടയിൽ രാജ്യസഭയിലേക്ക് ലഭിച്ച ഒരേയൊരു ഒഴിവിൽ കോൺഗ്രസ് പാർട്ടി ഒരു വനിതയെ തീരുമാനിച്ചത് വലിയ സന്ദേശം തന്നെയാണ്. ഇതു സ്ത്രീകൾക്കും യുവാക്കൾക്കും ഉള്ള അംഗീകാരമാണ്.
∙ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിക്കു പിന്നാലെ രാജ്യസഭ. ഇതു കരിയറിലെ ഏറ്റവും നല്ല സമയമാണോ?
തീർച്ചയായും അതെ. ചരിത്രത്തിന്റെ ഭാഗമാകാനുള്ള അവസരമാണല്ലോ ലഭിച്ചത്. അതേസമയം ഒരു പദവിയെയും ചെറുതായി കാണാൻ ആഗ്രഹിക്കുന്നില്ല. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി പദവും ദേശീയ ഭാരവാഹിത്വവും പ്രധാനപ്പെട്ട പദവികൾ തന്നെയാണ്. ഓരോ സമയത്തും ഏൽപിക്കപ്പെടുന്ന ഉത്തരവാദിത്തം പൂർണ പ്രതിബദ്ധതയോടെ നിർവഹിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇപ്പോൾ കുറച്ചു കൂടി ഗൗരവമുള്ള ഒരു കാര്യം എന്നിൽ അർപ്പിക്കപ്പെട്ടിരിക്കുന്നു.
∙ താങ്കൾക്കു മുൻപ് മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് നിയമസഭാ സീറ്റ് കിട്ടാത്തതിന്റെ പേരിൽ തല മുണ്ഡനം ചെയ്യുന്നു. അടുത്തയാൾ രാജ്യസഭാംഗം തന്നെയാകുന്നു. ലതികാ സുഭാഷിന്റെ ആ പ്രതിഷേധത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
അന്നത്തെ ആ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നു. ലതിക സുഭാഷ് കോൺഗ്രസിനു വേണ്ടി നല്ലതു പോലെ പ്രവർത്തിച്ച പ്രധാന വ്യക്തി തന്നെയായിരുന്നു. എന്നാൽ ഒരു നിർണായക സന്ദർഭത്തിൽ വ്യക്തിപരമായ കാര്യങ്ങളുടെ പേരിൽ പാർട്ടിയെ കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കരുത്. അത് ഞങ്ങളുടെ എല്ലാം മനസ്സിനെ വല്ലാതെ ഉലച്ചു.
വനിതകളെ തഴയുന്ന പാർട്ടിയല്ല കോൺഗ്രസ്. ഇന്ത്യയുടെ ഒരേയൊരു വനിതാ പ്രധാനമന്ത്രി കോൺഗ്രസ് പാർട്ടിയിൽനിന്നുതന്നെ ഉണ്ടായതല്ലേ. രാഹുൽ ഗാന്ധി മുൻകൈ എടുത്തതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് കൂടുതൽ അംഗീകാരം ലഭിച്ചത്. അതിന്റെ പ്രയോജനം എനിക്കും ലഭിച്ചിട്ടുണ്ട്. യുപിയിൽ പ്രിയങ്ക ഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടിരിക്കാം. പക്ഷേ സ്ഥാനാർഥി പട്ടികയിൽ വനിതകൾക്ക് അവർ നൽകിയ പ്രാതിനിധ്യം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും..
∙ ലതികാ സുഭാഷിന്റെ ആ പ്രതിഷേധം ‘ഉർവശീ ശാപം ഉപകാരം’ എന്നതു പോലെ താങ്കൾക്ക് ഒരു പക്ഷേ സഹായകരമായില്ലേ?
പല ഘടകങ്ങളുടെയും ഒരു മിക്സ് ആയിട്ടാണ് എന്റെ തീരുമാനം വന്നത്. രാഷ്ട്രീയത്തിൽ മൂന്ന് ഒന്ന് കൂടിയാൽ മൂന്ന് എന്നു മാത്രം പറയാൻ കഴിയില്ല. സാഹചര്യങ്ങളാണ് പ്രധാനം. എനിക്കൊപ്പം പരിഗണിക്കപ്പെട്ട എല്ലാവരും മികച്ചവർ ആയിരുന്നു. അവർ ഇതിനു മുൻപും ഇനിയുള്ള നാളുകളിലും സംഭാവനകൾ നൽകാൻ കഴിവുള്ളവരാണ്. പക്ഷേ ഒടുവിൽ എന്നിലേക്ക് ആ തീരുമാനം എത്തി. മഹിളാ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം എതാനും മാസം മാത്രം മുൻപ് ലഭിച്ചതിനാൽ ഇക്കാര്യത്തിൽ കാര്യമായ ഒരു പ്രതീക്ഷയും എനിക്ക് ഉണ്ടായിരുന്നില്ല.
∙ എ.കെ.ആന്റണിയുടെ പിൻഗാമിയായിട്ടാണ് രാജ്യസഭാംഗമാകുന്നത്. താങ്കളുടെ കുടുംബവുമായി ആന്റണിക്കുള്ള ബന്ധം അറിയാം. അത് ഉണ്ടാക്കുന്ന വികാര വിചാരങ്ങൾ എന്താണ്?
പറഞ്ഞത് സത്യമാണ്. എന്നെ കുട്ടിയായിരിക്കുമ്പോൾ മുതൽ അദ്ദേഹത്തിന് അറിയാം. അത് നിരാകരിക്കാൻ കഴിയുന്നതല്ല. പക്ഷേ രാഷ്ട്രീയവും വ്യക്തിപരമായ കാര്യങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്ന രീതി എ.കെ.ആന്റണിക്കില്ലെന്ന് അദ്ദേഹത്തെ അറിയാവുന്ന എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. എ.കെ.ആന്റണി സാറിന്റെ ഒഴിവാണ് എന്നത് ഈ നിയോഗത്തിന്റെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു.
∙ മേത്തർ കുടുംബത്തിന് കോൺഗ്രസിലുള്ള സ്വാധീനം താങ്കളുടെ ആരോഹണത്തിനു പിന്നിൽ കാണുന്നവരുണ്ടല്ലോ?
അത്തരം അഭിപ്രായങ്ങളൊന്നും എന്നെ ബാധിക്കാറില്ല. എല്ലാവർക്കും അഭിപ്രായം പറയാം. അങ്ങനെ എല്ലാം പറയാം. വിയോജിക്കുന്നവരോടും കാട്ടുന്ന സഹിഷ്ണുതയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്ന് പണ്ഡിറ്റ് നെഹ്റു ചൂണ്ടിക്കാട്ടിയത് അപ്പോഴെല്ലാം ഓർമിക്കും. നമ്മളെ വിമർശിക്കുന്നതിൽ വല്ലാതെ അസഹിഷ്ണുവായിട്ടു കാര്യമില്ല. പറഞ്ഞോട്ടെ, അത് അവരുടെ അഭിപ്രായം. ഇതു ജനാധിപത്യ പാർട്ടിയാണ്. ഒരു കുടുംബത്തിൽ തന്നെ പല അഭിപ്രായങ്ങൾ ഉണ്ടാകാറില്ലേ. അങ്ങനെ കണ്ടാൽ മതി.
∙ താങ്കൾ രാജ്യസഭാംഗമാകുന്നത് വനിതകൾക്കു കോൺഗ്രസ് നൽകുന്ന പരിഗണന തന്നെ. പക്ഷേ മതിയായ പരിഗണന പൊതുവിൽ വനിതകൾക്ക് ലഭിക്കുന്നുണ്ടോ?
കൂടുതൽ പ്രാതിനിധ്യം വേണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്നു കരുതി കോൺഗ്രസ് പാർട്ടി വനിതകളെ പരിഗണിക്കാറില്ല എന്ന പരാതി എനിക്കില്ല. കഴിഞ്ഞ തവണ കെപിസിസി സെക്രട്ടറി പദത്തിലേക്കു ഞാൻ വന്നത് വനിത എന്ന പരിഗണനയുടെ അടിസ്ഥാനത്തിലായിരുന്നു. അതേസമയം ഇതിലും മെച്ചപ്പെട്ട പ്രാതിനിധ്യം ലഭിക്കുന്നത് സന്തോഷകരമായിരിക്കും.
∙ പരമ്പരാഗത രീതികൾ, ഗ്രൂപ്പുകൾ ഇതിൽ നിന്നെല്ലാമുള്ള മാറ്റമായി മഹിളാ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള താങ്കളുടെ വരവിനെ കണ്ടവരുണ്ട്. രാജ്യസഭാംഗത്വത്തെയും അങ്ങനെ പലരും കാണുന്നു. ഒരു മാറ്റത്തിന്റെ നിമിത്തമായി താങ്കൾ മാറുകയാണോ?
കോൺഗ്രസിൽ ഗ്രൂപ്പ് എല്ലാക്കാലത്തും ഉണ്ട്. അതിൽ പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങളുണ്ട്. ഒരു ദിവസം പെട്ടെന്ന് ഗ്രൂപ്പില്ല എന്നു പ്രഖ്യാപിച്ചാൽ അത് ഇല്ലാതാകില്ല. എന്നാൽ പാർട്ടിയാണ് ഒന്നാമത് എന്ന് ഉമ്മൻചാണ്ടി സാർ പറഞ്ഞതിൽ എല്ലാം ഉണ്ട്. പാർട്ടിയുടെ താൽപര്യത്തിന് വിഘാതമായ ഒരു കാര്യവും ആരും ചെയ്യരുത് എന്നതാണ് പ്രധാനം. കൂട്ടായ തീരുമാനത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് പ്രസിഡന്റായും രാജ്യസഭാംഗമായും കടന്നു വരാൻ കഴിഞ്ഞത് വലിയ നേട്ടവും അംഗികാരവുമായി കരുതുന്നു. ഒരുമയുടെ സന്ദേശത്തിന്റെ ഭാഗമായതിൽ ചാരിതാർഥ്യമുണ്ട്. ഇതെല്ലാം ചുമതലാബോധം വർധിപ്പിക്കുന്നു.
∙ നിയമസഭാംഗം പോലും ആകാതെയാണ് രാജ്യസഭാംഗമാകുന്നത്. ടെൻഷൻ ഉണ്ടോ?
പൊതുവെ അത്തരം ആധികൾ ഇല്ലാത്ത ആളാണ് ഞാൻ. ഒരു ദിവസം എഴുന്നേറ്റ് ഇന്നതെല്ലാം ആകാമെന്ന് വിചാരിച്ച് അതിന്റെ അടിസ്ഥാനത്തിൽ നീങ്ങുന്നതു കൊണ്ടല്ലല്ലോ ഈ പദവികൾ ലഭിക്കുന്നത്. വരുന്നതു പോലെ വരുന്നതല്ലേ. ഞാൻ എൽഎൽഎം ചെയ്തിരിക്കുന്നത് ഭരണഘടനാ നിയമത്തിലാണ്. അതിനുശേഷം നളിനി ചിദംബരത്തിന്റെ ജൂനിയറായി മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ആ പശ്ചാത്തലം രാജ്യസഭയിൽ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിയമസഭയിൽ അംഗമാകാൻ കഴിഞ്ഞിരുന്നെങ്കിൽ പാർലമെന്ററി പരിചയം കുറേയെല്ലാം ലഭിക്കുമായിരുന്നു. അതില്ല എന്നത് ഒരു പോരായ്മയായി കരുതാതെ പ്രവർത്തിക്കാനാണ് ഇഷ്ടം. പഠിക്കാനും കഠിനാധ്വാനം ചെയ്യാനും തയാറാണെങ്കിൽ ഇതൊരു മനോഹരമായ വെല്ലുവിളി ആയിരിക്കും.
∙ താങ്കൾക്കൊപ്പം രാജ്യസഭാംഗങ്ങളാകുന്ന എ.എ. റഹീമിനെയും പി.സന്തോഷ്കുമാറിനെയും പരിചയമുണ്ടോ?
രണ്ടു പേരെയും വ്യക്തിപരമായി പരിചയമില്ല. എന്നാൽ രണ്ടു പേർക്കും ഹൃദയത്തിൽ നിന്നുള്ള ആശംസകൾ നേരുന്നു. കാരണം ഭരണഘടനയെ സംരക്ഷിക്കുക എന്ന ദൗത്യത്തിൽ ഒരുമിച്ചു പോരാടേണ്ടവരാണ് ഞങ്ങളെല്ലാം. തൊഴിലില്ലായ്മ, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയിലെല്ലാം ഒരുമിച്ച് അണിനിരക്കേണ്ടവരാണ്, ഒരേ ശബ്ദത്തിൽ പ്രതികരിക്കേണ്ടവരാണ്.
കനയ്യ ദുഃഖിതനാണെന്നാണ് എന്റെ തോന്നൽ: പി. സന്തോഷ് കുമാർ
∙ കണ്ണൂർ ജില്ലാ സെക്രട്ടറി പദത്തിൽ നിന്ന് രാജ്യസഭയിലേക്ക്. സംഘടനാ രംഗത്തു നിന്ന് പാർലമെന്ററി രംഗത്തേയ്ക്ക് എന്നു കൂടിയാണ് അർഥം. എന്തു തോന്നുന്നു?
തീരുമാനം തികച്ചും അപ്രതീക്ഷിതവും അതേസമയം ആഹ്ലാദകരവുമാണ്. സംഘടനാ രംഗത്തുനിന്ന് പാർലമെന്ററി രംഗത്തേയ്ക്കും തിരിച്ചും എല്ലാം പാർട്ടി ജീവിതത്തിൽ സ്വാഭാവികമായി നടക്കേണ്ട പ്രക്രിയകളാണ്. എല്ലാവർക്കും അതിനുള്ള അവസരവും അല്ലെങ്കിൽ ഭാഗ്യവും ലഭിക്കാറില്ല. എന്നെ സംബന്ധിച്ച് സംഘടനാ രംഗത്ത് ദീർഘമായ അവസരം നൽകിയിട്ടുണ്ട്. എഐവൈഎഫിന്റെ ദേശീയ നേതൃത്വത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചു. പിന്നീട് പാർട്ടിയുടെ ജില്ലാ നേതൃത്വത്തിലേക്ക് വന്നു. ഇപ്പോൾ രാജ്യസഭ. എല്ലാം പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി കണ്ടു മുന്നോട്ടു പോകുകയാണ്.
∙ എഐവൈഎഫിന്റെ ദേശീയ ഭാരവാഹി എന്ന നിലയിലുള്ള പ്രവർത്തനം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ഈ മാറ്റത്തിന് കാര്യമായ സഹായം ചെയ്യുമല്ലോ?
എഐവൈഎഫിന്റെ ദേശീയ അധ്യക്ഷനും ജനറൽ സെക്രട്ടറിയുമായി എട്ടു വർഷം പ്രവർത്തിച്ചു. ഡൽഹി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം ഇടതുപാർട്ടികൾക്ക് വലിയ ആകർഷണം അല്ലാതെ ആയി മാറിയ സമയത്താണ് ഞാൻ അവിടെ എത്തിയത്. ആഗോളവൽക്കരണ നയങ്ങൾ ശക്തി പ്രാപിച്ച ശേഷം ഇടതുപക്ഷവും പാർശ്വവൽക്കരിക്കപ്പെട്ടുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
സാധാരണക്കാരനു തിരിച്ചടി സംഭവിച്ചതു പോലെ ഇടതുപക്ഷത്തിനും ക്ഷീണമാണ് സംഭവിച്ചത്. അതുകൊണ്ട് ഇനിയിപ്പോൾ അതെല്ലാം വേണോയെന്ന് ചോദിച്ചവരുണ്ട്. എങ്കിലും പാർട്ടി തീരുമാനത്തെ വളരെ പോസിറ്റീവ് ആയി എടുത്താണ് ഞാൻ പോയത്. അങ്ങനെ പല സ്ഥലങ്ങൾ സന്ദർശിച്ചു. ധാരണകളിൽ വലിയ മാറ്റം ഉണ്ടായി. പാർട്ടിയെക്കുറിച്ചുള്ള ധാരണയിലും മാറ്റം ഉണ്ടായി. എന്തായാലും വിസ്മയകരമായ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിച്ച ആ കാലയളവ് രാജ്യസഭാ പ്രവർത്തനത്തിന് ഗുണം ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ.
∙ അതേസമയം നിയമസഭാംഗം പോലും ആകാതെയാണല്ലോ രാജ്യസഭാംഗമാകുന്നത്? ആശങ്ക ഉണ്ടോ?
അങ്ങനെ ഒരു തിരിച്ചറിവ് നന്നായി ഉള്ളതുകൊണ്ട് അതിനെ അതിജീവിക്കാനുള്ള പരിശ്രമങ്ങളാണല്ലോ നടത്തേണ്ടത്. എന്റെ സഹപ്രവർത്തകരായി വരാൻ പോകുന്ന രണ്ടു പേരും എന്നെപ്പോലെത്തന്നെ ഉള്ളവരാണ്. ഇക്കഴിഞ്ഞ തവണ രാജ്യസഭയിലെത്തിയ കണ്ണൂരുകാരായ രണ്ടു പേർക്കും അത്തരം പാർലമെന്ററി അനുഭവങ്ങളില്ല. പക്ഷേ ഈ ചോദ്യത്തിന്റെ യഥാർഥ ഉത്തരം അതല്ല. നിയമസഭയുടെ പോലും അനുഭവം ഇല്ലാതെ ഒരു പരമോന്നതസഭയിലേക്കു പോകുമ്പോൾ വളരെ കരുതൽ വേണം. അതിന്റെ ആശങ്ക ഇല്ലാതില്ല.
∙ അതിപ്രഗത്ഭരായ പാർലമെന്റേറിയൻമാരുടെ നിരയാണ് സിപിഐക്ക് ഉണ്ടായിരുന്നത്. ആരെയെങ്കിലും മാതൃകയാക്കുന്നുണ്ടോ?
ആദരണീയം ആണെങ്കിലും അനുകരണീയമാവില്ല ചില കാര്യങ്ങൾ. ഹിരൺ മുഖർജി, ഭൂപേഷ് ഗുപ്ത, ഇന്ദ്രജിത് ഗുപ്ത തുടങ്ങിയ പാർലമെന്ററി ഇതിഹാസങ്ങൾ നമ്മുടെ മുന്നിലുണ്ട്. പക്ഷേ യാഥാർഥ്യബോധത്തോടെ ആലോചിച്ചാൽ അവരെ എങ്ങനെ അനുകരിക്കാൻ കഴിയും എന്നത് അങ്കലാപ്പുണ്ടാക്കും. സ്വാതന്ത്ര്യസമരത്തിന്റെ അനുഭവങ്ങൾ, വിദേശ വിദ്യാഭ്യാസത്തിന്റെ സവിശേഷത, വളരെ തീവ്രമായ അനുഭവ സമ്പത്ത് ഇതെല്ലാം ഉള്ളവരാണ് പലരും. ഇന്ത്യയിലെ മികച്ച പത്തു പാർലമെന്റേറിയന്മാരുടെ പേര് എടുത്താൽ അതിൽ ഹിരൺ മുഖർജി ഉണ്ട്. അവരെല്ലാം നമുക്ക് വലിയ പ്രചോദനങ്ങളാണ്. അവരുടെ പാർട്ടിയിൽ പെട്ട ഒരാളാണ് എന്നതിൽ അഭിമാനവുമുണ്ട്. അവരെ അനുകരിക്കാനുള്ള പരിശ്രമങ്ങൾ നടത്താം. അത്രമാത്രം.
∙ ദേശീയതലത്തിൽ അന്നത്തെ സിപിഐയും ഇടതുപക്ഷവും അല്ല ഇന്നത്തേത്. തിരഞ്ഞെടുപ്പ് തിരിച്ചടികൾ പാർട്ടിക്ക് ഉണ്ടാക്കിയിരിക്കുന്ന ക്ഷീണത്തെക്കുറിച്ച് താങ്കൾക്ക് അറിയാം. ബിനോയ് വിശ്വത്തെ കൂടാതെ രണ്ടാമത്തെ അംഗം മാത്രമാണ് താങ്കൾ. ഇതെല്ലാം അവിടുത്തെ സാഹചര്യം കൂടുതൽ കഠിനമാക്കില്ലേ?
സംഘടനാപരമായി വല്ലാതെ ക്ഷീണിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിൽ പരാജയങ്ങളാണ് സംഭവിക്കുന്നത്. ഞാനായിട്ട് അതു മറച്ചു വച്ചിട്ടൊന്നും കാര്യമില്ലല്ലോ. അതൊരു വസ്തുതയാണ്. പരമ്പരാഗത കേന്ദ്രങ്ങളിൽ പോലും പിറകോട്ടു പോകുന്നു. സത്യസന്ധമായി ഞങ്ങൾ അത് ഉൾക്കൊള്ളുന്നത് അതിനെ അതിജീവിക്കാനുള്ള ആഗ്രഹം കൊണ്ടു കൂടിയാണ്. അതേസമയം ഇടതുപക്ഷത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വലിയ നിര രാജ്യത്തുണ്ട്. അവരെ എല്ലാം നന്നായി ഉപയോഗപ്പെടുത്താൻ കഴിയണം.
∙ സിപിഐയിലെ സിപിഎം വിമർശകരുടെ പട്ടികയിൽ താങ്കളെ പെടുത്തുന്നവരുണ്ടല്ലോ. ചില ലേഖനങ്ങൾ, കുറിപ്പുകൾ അതിലെല്ലാം ഇതു പ്രകടവുമാണ്. ഇടതു മൂല്യങ്ങളിൽനിന്ന് സിപിഎം വഴി മാറി നടക്കുന്നെന്ന വിമർശനം താങ്കൾക്കുണ്ടോ?
എല്ലാം കൊണ്ടും ഞാൻ ഒരു സിപിഐ പ്രവർത്തകനാണ്. വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് കുടുംബത്തിലാണ് ജനിച്ചു വളർന്നത്. പൊതുസമൂഹത്തിന് അതു പ്രസക്തമാവില്ലെങ്കിലും എന്നെ സംബന്ധിച്ച് അതിന് വളരെ പ്രാധാന്യമുണ്ട്. അങ്ങനെ നോക്കിയാൽ ഒരു വളരെ സാമ്പ്രദായിക കമ്യൂണിസ്റ്റ് ആണ്. അതിൽ അനൽപമായ അഭിമാനം വച്ചു പുലർത്തുന്നവരിൽ ഒരാളും. ആ പാരമ്പര്യത്തിന്റെയും സിപിഐയുടെയും ഭാഗമായി നിന്നുകൊണ്ട് വളരെ ആത്മാർഥമായി 30 കൊല്ലമായി പ്രവർത്തിക്കുന്നു.
എന്നേക്കാളും ആത്മാർഥത വച്ചു പുലർത്തുന്നവരുണ്ടാകുമെങ്കിലും എന്റെ കാര്യം ഞാൻ പറഞ്ഞു പോകുകയാണ്. ആ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓരോ കാര്യത്തിലും അഭിപ്രായവും നിലപാടും പറയുന്നത്. അതിൽ വ്യക്തിപരമായ ഒരു അജൻഡയുമില്ല. പറഞ്ഞു കഴിഞ്ഞാൽ തീർന്നു. സിപിഎമ്മിലെ എല്ലാവരുമായും സാമാന്യേന മെച്ചപ്പെട്ട ബന്ധങ്ങളാണ് എനിക്കുള്ളത്. എന്നാൽ ഒരു നിലപാട് പറയുമ്പോൾ അതു മറ്റുള്ളവർക്കു പ്രയാസമുണ്ടാക്കുമോ അവരുടെ മുഖം ചുളിയുമോ ദുഃഖം ഉണ്ടാക്കുമോ എന്നൊന്നും സാധാരണ നോക്കാറില്ല. അത് വ്യക്തിപരമായ സമ്പർക്കങ്ങളിൽ അല്ലേ ആവശ്യമുള്ളൂ.
ജില്ലാ സെക്രട്ടറി എന്ന നിലയിൽ ചിലരോടെല്ലാം കയർത്തു സംസാരിച്ചു പോകാറുണ്ട്. പക്വത എന്നത് എല്ലായ്പ്പോഴും മഹത്തായ ലക്ഷണം ഒന്നുമല്ലല്ലോ. അതുകൊണ്ട് ദേഷ്യമെല്ലാം പിടിക്കും. അത്തരം കാര്യങ്ങളിൽ ഒരു കുറ്റബോധം പിന്നീട് തോന്നിയിട്ടുണ്ട്. പക്ഷേ പാർട്ടി നിലപാട് പറഞ്ഞുകൊണ്ടുള്ള വിമർശനങ്ങളിൽ ഒരു വീണ്ടുവിചാരത്തിന്റെയും പ്രശ്നമില്ല. അത് കൂടുതൽ ചർച്ചയാകുമ്പോഴാണ് സന്തോഷം.
∙ ഇതുവരെ യുവ നേതാവായ സന്തോഷിന്റെ വിമർശനമായിരുന്നു. ഇനി രാജ്യസഭാംഗമായ സന്തോഷിന്റെ വിമർശനം എന്നു വരുമ്പോൾ ജാഗ്രത വേണ്ടി വരില്ലേ?
കണ്ണൂർ ജില്ലയിലെ ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം വന്നപ്പോഴാണ് ‘ജനയുഗ’ത്തിൽ ഇടതുപക്ഷത്തിന്റെ നൈതികത ചൂണ്ടിക്കാട്ടിയത്. ആ സന്ദർഭത്തിൽ എഴുതിയ സംഗതി മാത്രമാണ് അത്. പാർട്ടിയുമായി ബന്ധപ്പെട്ട പൊതു നിലപാട് വ്യക്തമാക്കുന്നതു പാർട്ടി സംസ്ഥാന നേതൃത്വമാണല്ലോ. അതിനു വിധേയമായി മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ. വളരെ ശ്രദ്ധിച്ചു മാത്രമെ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളൂ. ഇനിയും അങ്ങനെത്തന്നെയായിരിക്കും.
∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഏറ്റവും വാത്സല്യമുള്ള യുവ നേതാക്കളിൽ ഒരാളായി താങ്കളെ വിശേഷിപ്പിക്കുന്നവരുണ്ട്. അങ്ങനെ കരുതാമോ?
സിപിഐയിലെ എല്ലാ നേതാക്കന്മാർക്കും എന്നോട് വളരെ വാത്സല്യം ഉണ്ടെന്നാണ് എന്റെ അനുഭവം. സി.കെ.ചന്ദ്രപ്പന് വലിയ ഇഷ്ടം ഉണ്ടായിരുന്നു. 2012ൽ തന്നെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എന്റെ പേര് അദ്ദേഹം ആലോചിച്ചിരുന്നുവെന്ന് പിന്നീട് ജില്ലാ കമ്മിറ്റി യോഗങ്ങളിലെ ചില ചർച്ചകളിൽ നിന്ന് മനസ്സിലായിട്ടുണ്ട്. അതൊരു സംഘടനാ രഹസ്യമല്ല. അതുപോലെ വെളിയം ഭാർഗവൻ, പന്ന്യൻ രവീന്ദ്രൻ ഇവർക്കെല്ലാം വലിയ സ്നേഹവായ്പുണ്ട്. ചെറുപ്പക്കാരെ കുറച്ചു കൂടി പരിഗണിക്കുന്ന ഒരു നേതാവാണ് കാനം രാജേന്ദ്രൻ. കേരളത്തിലെ പാർട്ടിയുടെ നിലപാടുകൾ കൃത്യമായി അവതരിപ്പിക്കുന്ന നേതാവാണ്. ഞങ്ങൾക്കെല്ലാം അദ്ദേഹത്തോട് വലിയ സ്നേഹബഹുമാനങ്ങളുണ്ട്. വാത്സല്യം എന്നതിനെക്കാൾ വലിയ കമ്രേഡ്‌ഷിപ് ഉള്ളവരാണ് ഞങ്ങളെല്ലാം എന്നു പറയുന്നതാകും ഉചിതം.
∙ സിപിഐയിലും 75 എന്ന പ്രായ പരിധി വരുന്നു. ചെറുപ്പക്കാർ അങ്ങനെ മുതിർന്നവരുടെ നിരയ്ക്കു പകരക്കാരായി കടന്നു വരികയാണോ?
സിപിഐയിൽ നേരത്തേതന്നെ സമാനമായ ചില വ്യവസ്ഥകളുണ്ട്. ഉദാഹരണത്തിന് ഓരോ സമ്മേളന കാലത്തും 20% പുതിയ ആളുകൾ കമ്മിറ്റികളിലേക്ക് വരും. കമ്മിറ്റികളിൽ ഇല്ലെങ്കിലും മുതിർന്ന തലമുറ നേതൃത്വത്തിൽനിന്നു പോകുന്നില്ല. അവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തണം. അതേസമയം പുതിയ തലമുറയ്ക്ക് അവസരങ്ങളും അവകാശങ്ങളും അധികാരങ്ങളും കൊടുക്കണം,.പക്ഷേ അതു വളരെ യാന്ത്രികവും സാങ്കേതികവുമായി ചെയ്യാനും ഇടയില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
∙ താങ്കളും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായ എ.എ. റഹീമും ഒരുമിച്ച രാജ്യസഭയിലേക്ക് പോകുന്നത് യുവജന വിദ്യാർഥി സംഘടനകൾക്ക് സന്തോഷകരമായ കാര്യമാണ.് പക്ഷേ താങ്കൾ നേരത്തേ നേതൃത്വം വഹിച്ചിട്ടുള്ള എഐഎഎസ്ഫും എഐവൈഎഫും എസ്എഫ്ഐയുമായും ഡിവൈഎഫ്ഐയുമായും നല്ല ബന്ധത്തിൽ അല്ലല്ലോ?
ഞാൻ കുറച്ചുകാലം എഐഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. അന്ന് എസ്എഫ്ഐയുമായി ഉണ്ടായിരുന്ന ബന്ധം കുറച്ചു കൂടി സംഘർഷാത്മകമായിരുന്നുവെന്ന് പറയാം. എന്നാൽ എഐവൈഎഫിന്റെ ദേശീയ നേതൃത്വത്തിന്റെ ഭാഗമായപ്പോൾ ഡിവൈഎഫ്ഐയുമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഈ തർക്കങ്ങളെ അങ്ങനെ കണ്ടാൽ മതി. തർക്കങ്ങൾ ഇല്ലാതിരിക്കുന്നതും നല്ല ലക്ഷണമല്ല. രണ്ടും രണ്ടു സംഘടനകൾ അല്ലേ. അതിനെ അതിന്റെ സ്വാഭാവികമായ വഴിക്ക് വിട്ടാൽ മതി. അതൊന്നും യോജിച്ച പ്രവർത്തനത്തിന് ഒരു തടസ്സം ആകാറില്ല.
∙ റഹീമിനെയും ജെബി മേത്തറെയും അടുത്തു പരിചയമുണ്ടോ?
റഹീമിനെ സാമാന്യം അടുത്തു പരിചയം ഉണ്ട്. മിടുക്കനാണ്. ജെബി മേത്തറെ മാധ്യമങ്ങളിലൂടെ കൂടി കണ്ടും വായിച്ചും ഉള്ള അറിവേ ഉള്ളൂ.
∙ എഐവൈഎഫിനും സിപിഐയ്ക്കും വലിയ തിരിച്ചടി ആയിരുന്നല്ലോ കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശം. കനയ്യയുമായി നല്ല ബന്ധം ആയിരുന്നില്ലേ? ഇടപെട്ടിരുന്നോ?
അന്നും ഇന്നും കനയ്യ അടുത്ത പരിചയക്കാരനാണ്. അജോയ് ഭവന്റെ മുറ്റത്ത് വൈകുന്നേരം വന്നുനിന്നു ഡ്രം കൊട്ടി പാടുന്ന എഐഎസ്എഫ് നേതാവായ കനയ്യ എന്ന കുട്ടിയെ തൊട്ട് എനിക്കറിയാം. ചായയും ബിസ്കറ്റുമെല്ലാം ഞങ്ങൾ വാങ്ങിക്കൊടുക്കും. പിന്നീട് കനയ്യ വലിയ നേതാവായി മാറി. ആ സമയത്തും തമ്മിലുള്ള സ്നേഹബന്ധം തുടർന്നു. അദ്ദേഹം പാർട്ടി വിട്ടു പോയ ഘട്ടത്തിൽ അതു തടയാനുള്ള എളിയ ശ്രമം നടത്തിയിരുന്നു.
ആ സമയത്ത് അദ്ദേഹം സിപിഐ ദേശീയ നിർവാഹകസമിതി അംഗവും മറ്റുമായി ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു. നമ്മുടെ എല്ലാം സ്വാധീനത്തിന് അപ്പുറമായി പോയിരുന്നു. എങ്കിലും എന്റെ അഭിപ്രായം അദ്ദേഹത്തെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളിലും ഞാൻ കനയ്യയോട് സംസാരിച്ചിരുന്നു. നേരിട്ടു പറഞ്ഞില്ലെങ്കിലും അദ്ദേഹം ദുഃഖിതനാണെന്നാണ് സംഭാഷണത്തിൽനിന്ന് ഞാൻ ഊഹിച്ചെടുത്തത്. അദ്ദേഹം എടുത്ത വ്യക്തിപരമായ തീരുമാനത്തെ മാനിക്കുന്നു.
∙ കണ്ണൂരിൽ നിന്ന് ഡൽഹിയിലെ അജോയ് ഭവനിലേക്ക് മാറുകയാണോ?
അങ്ങനെയില്ല. പാർട്ടിയാണ് തീരുമാനിക്കുന്നത് എന്നതു പൂർണമായും ശരി തന്നെ. പക്ഷേ നമ്മുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമൊന്നും സിപിഐയിൽ ആരും വിലക്കാറില്ല. നാട് പൂർണമായും വിടുക എന്നു പറഞ്ഞാൽ അതിൽ കുറേ കാര്യങ്ങളുണ്ടല്ലോ. അതുകൂടി കണക്കിലെടുത്ത് പാർട്ടിക്കും നാടിനും ഗുണകരമായി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം.
English Summary: Cross Fire Exclusive Interview with LDF Rajya Sabha Candidates AA Rahim, P Santhosh Kumar and Congress's Jeby Methar