റഷ്യയുടെ യുക്രെയ്ൻ അധിനിവേശ വിഷയത്തിൽ രണ്ടു വിരുദ്ധ അഭിപ്രായങ്ങളാണ് പൊതുവായി ഉയർന്നു കേൾക്കുന്നത്. ഒന്ന്, രാജ്യാന്തര മര്യാദകൾ പാലിക്കാതെ റഷ്യ നടത്തിയ അധിനിവേശത്തെ അംഗീകരിക്കില്ല എന്നതാണ്. രണ്ട്, അധിനിവേശം റഷ്യയുടെ സുരക്ഷയ്ക്ക് അനിവാര്യമായിരുന്നു എന്നതാണ്....Russia News, Ukraine News, Russia and USSR, Manorama Online

റഷ്യയുടെ യുക്രെയ്ൻ അധിനിവേശ വിഷയത്തിൽ രണ്ടു വിരുദ്ധ അഭിപ്രായങ്ങളാണ് പൊതുവായി ഉയർന്നു കേൾക്കുന്നത്. ഒന്ന്, രാജ്യാന്തര മര്യാദകൾ പാലിക്കാതെ റഷ്യ നടത്തിയ അധിനിവേശത്തെ അംഗീകരിക്കില്ല എന്നതാണ്. രണ്ട്, അധിനിവേശം റഷ്യയുടെ സുരക്ഷയ്ക്ക് അനിവാര്യമായിരുന്നു എന്നതാണ്....Russia News, Ukraine News, Russia and USSR, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയുടെ യുക്രെയ്ൻ അധിനിവേശ വിഷയത്തിൽ രണ്ടു വിരുദ്ധ അഭിപ്രായങ്ങളാണ് പൊതുവായി ഉയർന്നു കേൾക്കുന്നത്. ഒന്ന്, രാജ്യാന്തര മര്യാദകൾ പാലിക്കാതെ റഷ്യ നടത്തിയ അധിനിവേശത്തെ അംഗീകരിക്കില്ല എന്നതാണ്. രണ്ട്, അധിനിവേശം റഷ്യയുടെ സുരക്ഷയ്ക്ക് അനിവാര്യമായിരുന്നു എന്നതാണ്....Russia News, Ukraine News, Russia and USSR, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ലോകമാകമാനം സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയിരിക്കുന്നത്. ഒരു ആണവ രാജ്യം ആണവായുധ രഹിത രാജ്യത്തിനു മേൽ കടന്നാക്രമണം നടത്തുന്നത് ആധുനിക ലോകത്ത് ആദ്യ സംഭവമല്ല. അധിനിവേശത്തിന്റെ പേരിൽ രണ്ട് ആണവ രാജ്യങ്ങളും അവരുടെ സുഹൃദ് രാജ്യങ്ങളും പരസ്പരം നടത്തിയ ഭീഷണികൾ ഈ അവസരത്തിൽ മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. ലോക ജനത ഭീതിരഹിത ലോകത്താണ് ജീവിക്കുവാൻ ആഗ്രഹിക്കുന്നത്. എന്നാൽ ലോക നേതാക്കളാകട്ടെ ജനകോടികളെ ചുട്ടെരിക്കുവാൻ തക്ക സംഹാര ശേഷിയുള്ള ആണവായുധങ്ങൾക്കു മുകളിൽനിന്നു കൊണ്ട് പരസ്പരം ആണവായുധ ഭീഷണി മുഴക്കുന്നു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലോകനേതാക്കളുടെ വാവിട്ട വാക്കുകളും കൈവിട്ട പ്രവൃത്തികളുമാണ്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശ വിഷയത്തിൽ രണ്ടു വിരുദ്ധ അഭിപ്രായങ്ങളാണ് പൊതുവായി ഉയർന്നു കേൾക്കുന്നത്. ഒന്ന്, രാജ്യാന്തര മര്യാദകൾ പാലിക്കാതെ റഷ്യ നടത്തിയ അധിനിവേശത്തെ അംഗീകരിക്കില്ല എന്നതാണ്. രണ്ട്, അധിനിവേശം റഷ്യയുടെ സുരക്ഷയ്ക്ക് അനിവാര്യമായിരുന്നു എന്നതാണ്. യുക്രെയ്ൻ അധിനിവേശത്തിനു കളമൊരുക്കിയ സാഹചര്യങ്ങൾക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സോവിയറ്റ് യൂണിയൻ എന്ന കമ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ തകർച്ചയും കെജിബി ഉദ്യോഗസ്ഥൻ എന്ന നിലയിൽനിന്നു റഷ്യയുടെ പരമോന്നത നേതാവ് എന്ന നിലയ്ക്കുള്ള വ്ലാഡിമിർ പുട്ടിന്റെ വളർച്ചയുമൊക്കെ അതിലുണ്ട്.

ADVERTISEMENT

1985 മുതൽ ഗതി മാറി 

1917 മുതൽ തൊഴിലാളി വർഗ സർവാധിപത്യ രാജ്യമായിരുന്ന യുഎസ്എസ്ആറിന്റെ ഗതി മാറിത്തുടങ്ങിയത് 1985 മുതൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും 1988 മുതൽ 1991 വരെ റഷ്യൻ പ്രസിഡന്റുമായിരുന്ന മിഹയിൽ ഗൊർബച്ചോവിന്റെ  കാലത്താണ്. റഷ്യൻ വിപ്ലവത്തിന്റെ വിജയത്തെ തുടർന്നാണ് റഷ്യ അയൽ പ്രദേശങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് യുഎസ്എസ്ആർ (യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്) രൂപീകരിക്കുന്നത്. അധ്വാനിക്കുന്നവന്റെ കമ്യൂണിസ്റ്റ് സർവാധിപത്യലോകം എന്ന ആശയത്തിന്റെ തുടക്കമായിട്ടാണ് അന്ന് കമ്യൂണിസ്റ്റു നേതാക്കൾ ഈ രാജ്യത്തെ വിശേഷിപ്പിച്ചത്. എന്നാൽ പിന്നീട് സർവാധിപത്യ സ്വഭാവവും സ്റ്റാലിൻ ഉൾപ്പെടെയുള്ള ഏകാധിപതികളും ചേർന്ന് ആ ഭരണകൂടത്തിന്റെ സ്വഭാവംതന്നെ മാറി. 

ജോസഫ് സ്റ്റാലിന്റെ ചരമവാർഷിക ദിനത്തിൽ സ്റാൻലിന്റെ പോർട്രെയ്റ്റ് ചിത്രവുമായി റഷ്യൻ സ്ത്രീ. ചിത്രം: AFP

പാർട്ടിയേയോ ഭരണാധികാരികളേയോ ചോദ്യം ചെയ്തവർ അപ്രത്യക്ഷരാകുകയോ ജയിലിലാകുകയോ സൈബീരിയയിലേക്ക് നാടുകടത്തപ്പെടുകയോ ചെയ്തു. പൗരസ്വാതന്ത്ര്യ നിയന്ത്രണത്തിനൊപ്പം, സംരംഭകർക്ക് തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങുവാനുള്ള സ്വാതന്ത്ര്യവും തൊഴിലാളികൾക്ക് വിലപേശലിലൂടെ മികച്ച തൊഴിലിടങ്ങൾ കണ്ടെത്തുവാനുമുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. കാർഷിക, വ്യാവസായിക മേഖലകളിൽ സ്വകാര്യവൽക്കരണം നിരോധിച്ചതിനാൽ ഉൽപ്പാദന മേഖലകളിൽ മൽസര സാധ്യത ഇല്ലാതെയായി. സർക്കാർ പദ്ധതികളിൽനിന്നും റേഷൻ കൈപ്പറ്റുവാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു അലസ ജനസമൂഹമായി സോവിയറ്റ് ജനത മാറിയെന്നാണ് ആ കാലത്തെപ്പറ്റിയുള്ള വിമർശനം.

റഷ്യൻ ജനത മണിക്കൂറുകളോളം റേഷൻ കടകൾക്കു മുന്നിൽ ക്യൂ നിന്നപ്പോൾ ആഗോള മുതലാളിത്ത ശക്തികളിൽനിന്നു രക്ഷ നേടുവാനായി ശാസ്ത്ര, സാങ്കേതിക, സൈനിക രംഗത്ത് റഷ്യ വൻ മുതൽമുടക്കു നടത്തിക്കൊണ്ടിരുന്നു. അതിനൊരു ഗുണമുണ്ടായി. ശാസ്ത്ര, ബഹിരാകാശ, സൈനികോപകരണ മേഖലകളിൽ റഷ്യ ശത്രുക്കളുടെ ഒരുപടി മുകളിൽ നിന്നു മികവ് തെളിയിച്ചു. സഖ്യ രാജ്യങ്ങളെയും സുഹൃദ് രാജ്യങ്ങളെയും ലാഭേച്ഛ കൂടാതെ സഹായിച്ചു. ഈ സാമ്പത്തിക, സൈനിക സഹായങ്ങൾക്കെല്ലാം യുഎസ്എസ്ആറിലെ പട്ടിണിപ്പാവങ്ങളും സാധാരണക്കാരും വലിയ വില കൊടുത്തു. മുതലാളിത്ത ഏകധ്രുവ ലോകം എന്ന സങ്കൽപത്തെ നഖശിഖാന്തം എതിർത്തുകൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി പതിറ്റാണ്ടുകളോളം യുഎസ്എസ്ആർ നിലകൊണ്ടു. അക്കാലത്ത് പാശ്ചാത്യശക്തികൾ ഏത് രാജ്യത്ത് ഇടപെട്ടാലും റഷ്യയുടെ അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും ഭയന്നിരുന്നു. ഇങ്ങനെ സോഷ്യലിസ്റ്റ് ചേരിയുടെ സംരക്ഷകനായി ആഗോളതലത്തിൽ നിലകൊണ്ടപ്പോഴും സ്വന്തം ജനതയെ ഭൗതിക പുരോഗതിയിലേക്ക് നയിക്കുവാൻ യുഎസ്എസ്ആറിന് കഴിഞ്ഞിരുന്നില്ല.

ADVERTISEMENT

പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്തും

ഈ സാഹചര്യത്തിലാണ് മിഖായേൽ ഗൊർബച്ചോവ് റഷ്യയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. വ്യക്തിഗത, സാമ്പത്തിക, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൊടുക്കാതെ സ്വന്തം ജനതയുടെ ജീവിത സാഹചര്യം ഉയർത്തുവാൻ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രത്യയ ശാസ്ത്രത്തെ അന്ധമായി പിൻതുടർന്നതും കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപത്യ സ്വഭാവവുമായിരുന്നു യുഎസ്എസ്ആറിന്റെ പ്രധാന പോരായ്മ. അതിൽനിന്നു രാജ്യത്തെ കരകയറ്റി ജനങ്ങൾക്ക് ഭക്ഷണവും സാമ്പത്തിക വളർച്ചയും നൽകണമെന്ന് ഗോർബച്ചേവ് ആഗ്രഹിച്ചു. അതിന്റെ ഫലമായിരുന്നു പെരിസ്ട്രോയിക്കയും (Perestroika) ഗ്ലാസ്നോസ്തും (Glasnost). റഷ്യയുടെ രാഷ്ട്രീയ, സാമ്പത്തിക ഘടന അപ്പാടെ മാറ്റിയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കരണ പദ്ധതി ഗൊർബച്ചോവ് ആരംഭിച്ചതെങ്കിലും തുടക്കത്തിൽത്തന്നെ ഈ പരിഷ്കരണങ്ങൾ വിപരീത ഫലങ്ങൾ പ്രകടമാക്കി തുടങ്ങി. പാശ്ചാത്യ സർവകലാശാലകളിൽ വിദ്യാഭ്യാസം നേടിയ ഒരു കൂട്ടം ആൾക്കാർ ആയിരുന്നു പരിഷ്കരണ പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങൾ. പരിഷ്കരണ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുക എന്നതിലായിരുന്നു ഗൊർബച്ചോവിന്റെ ഉപദേശക വൃന്ദം പ്രധാനമായും ശ്രദ്ധയൂന്നിയത്. എത്രയും വേഗം സോവിയറ്റ് യൂണിയന്റെ തലവര മാറ്റി എഴുതണം എന്ന ലക്ഷ്യം മാത്രമേ അവരുടെ പ്രവർത്തനങ്ങൾക്കുണ്ടായിരുന്നുള്ളൂ. 

യുഎസ്എസ്ആർ ചിഹ്നം. ചിത്രം: AFP

ഗൊർബച്ചോവിന്റെ പരിഷ്കാരങ്ങളെ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ കയ്യടിയോടെ വരവേറ്റു. സോവിയറ്റ് യൂണിയനെ തങ്ങളുടെ സുഹൃദ് രാജ്യമായി അവർ പ്രഖ്യാപിച്ചു. യുഎസ്എസ്ആറിനുള്ള  അയിത്തം നീങ്ങിയതോടെ പാശ്ചാത്യ നേതാക്കൾ പലവട്ടം മോസ്കോയിൽ പറന്നിറങ്ങി ഗൊർബച്ചോവിനു വിദഗ്ധ ഉപദേശങ്ങൾ നൽകി. തങ്ങളുടെ പുതിയ സുഹൃത്തിനെ അവർ വാനോളം പുകഴ്ത്തി. പാശ്ചാത്യ നേതാക്കളുമായുള്ള സൗഹൃദത്തെ തന്റെ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള വലിയൊരു അംഗീകാരമായാണ് ഗൊർബച്ചോവ് കണ്ടത്. പാശ്ചാത്യ നാടുകൾ തന്നോടും യുഎസ്എസ്ആറിനോടും കാണിക്കുന്ന സൗഹൃദം തന്റെ രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക ഉന്നമനത്തിനും സഹായകരമാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

സംഘടിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചു തുടങ്ങിയതോടെ റഷ്യയിൽ ജനങ്ങൾക്കിടയിൽനിന്ന് ഒരു നേതാവ് ഉയർന്നു വന്നു. പേര് ബോറിസ് യെൽസിൻ. കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും ഗൊർബച്ചോവ് ക്യാബിനറ്റിൽ മന്ത്രിയുമായിരുന്ന ഇദ്ദേഹം ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും ഒച്ചിഴയുന്ന വേഗത്തിലാണ് നടപ്പിലാക്കുന്നത് എന്നാരോപിച്ചുകൊണ്ടും  കമ്യൂണിസ്റ്റ് പാർട്ടി ബന്ധം ഉപേക്ഷിച്ചുകൊണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വരികയായിരുന്നു. യുഎസ്എസ്ആറിലും, അതിലുപരി റഷ്യയിലും ഭരണകൂടത്തിനെതിരെ പരസ്യമായി ജനങ്ങളെ സംഘടിപ്പിച്ചതും യെൽസിൻ ആയിരുന്നു. ഗൊർബച്ചോവിന്റെ  രാഷ്ട്രീയ ഭാവിയും റഷ്യയുടെ ജനാധിപത്യ ഭാവിയും നിർണയിച്ചതിലും പിൽക്കാലത്ത് പ്രധാന പങ്കു വഹിച്ചതും യെൽസിൻ തന്നെ.

ADVERTISEMENT

യുഎസ്എസ്ആറിൽനിന്നു സ്വാതന്ത്ര്യം

പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്തും കൈവിട്ട പട്ടമായി മാറിയതോടെ റഷ്യയിലെ പല റിപ്പബ്ലിക്കുകളും യുഎസ്എസ്ആറിൽനിന്നു സ്വാതന്ത്ര്യം ആവശ്യപ്പെട്ടു തുടങ്ങി. യുഎസ്എസ്ആറിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട തങ്ങളുടെ ജനങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് ലിത്വാനിയ, ലാത്വിയ, മൾഡോവ, ജോർജിയ, ഇസ്തോണിയ തുടങ്ങിയ റിപ്പബ്ലിക്കുകളുടെ പ്രസിഡന്റുമാർ ആവശ്യപ്പെട്ടതോടെ പതിറ്റാണ്ടുകളുടെ പാർട്ടിസർവാധിപത്യം യുഎസ്എസ്ആറിൽ ദുർബലമാകുവാൻ തുടങ്ങി. 1990 മാർച്ച് 11 ന് ലിത്വാനിയ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. തുടർന്ന് സോവിയറ്റ് സേന ലിത്വാനിയയിൽ പിടി മുറുക്കി. സ്വാതന്ത്ര്യ പ്രക്ഷോഭകരും റഷ്യൻ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 15 ഓളം പ്രക്ഷോഭകർ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. തുടർന്ന് റഷ്യയിലും മറ്റു പല റിപ്പബ്ലിക്കുകളിലും ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭം കനത്തു. പ്രക്ഷോഭങ്ങൾക്കിടയിൽ നാല് ലാത്വിയൻ പൗരന്മാർ കൂടി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ജനാധിപത്യവും പൗരാവകാശങ്ങളും സ്ഥാപിക്കാനിറങ്ങിയ ഗൊർബച്ചോവ് ഒരു തികഞ്ഞ ഏകാധിപതിയായി ചിത്രീകരിക്കപ്പെട്ടു.  ഈ വിഷയത്തെപ്പറ്റി ഗൊർബച്ചോവ് പിന്നീട് പറഞ്ഞത്, ഈ ദാരുണ സംഭവങ്ങൾ തന്റെ അറിവോടുകൂടി ആയിരുന്നില്ല എന്നാണ്. അദ്ദേഹം പറഞ്ഞതിൽ ഏറെ സത്യമുണ്ടായിരുന്നുതാനും.

മിഖായേൽ ഗൊർബച്ചോവ്. ചിത്രം: AFP

ഗൊർബച്ചോവ് പുലർത്തി വന്നിരുന്ന നയങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയിലും സൈന്യത്തിലും കടുത്ത എതിർപ്പുകളുണ്ടായിരുന്നു. അദ്ദേഹം പാശ്ചാത്യ ശക്തികളുടെ കളിപ്പാവയായെന്ന് പാർട്ടിയിലെയും സൈന്യത്തിലെയും ഭൂരിപക്ഷം പേരും വിശ്വസിച്ചു. രാജ്യത്തിന്റെ ഭരണപരമായ ചട്ടക്കൂട് തകർന്നുകൊണ്ടിരിക്കുകയാണെന്നും അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നും അവർ രഹസ്യമായി വിലയിരുത്തി. പെരിസ്ട്രോയിക്കയുടെയും ഗ്ലാസ്നോസ്തിന്റെയും നടത്തിപ്പുകാർ പോലും വിദേശ സർവകലാശാലകളിൽനിന്നു പഠിച്ചു വന്ന സിഐഎ ഏജന്റുമാരാണെന്നും യുഎസ്എസ്ആറിനെ ഛിന്നഭിന്നമാക്കുകയാണ് പടിഞ്ഞാറൻ ശക്തികളുടെ ലക്ഷ്യമെന്നും അവർ വിലയിരുത്തി. പ്രക്ഷോഭകാരികൾക്കെതിരെ സൈന്യം കടുത്ത നടപടികൾക്ക് മുതിർന്നതിന്റെ പ്രധാന വികാരവും ഇതായിരുന്നു.

സ്വാതന്ത്ര്യ പ്രക്ഷോഭകരെ ഏകോപിപ്പിക്കാനും അവരെ നയിക്കാനും യെൽസിൻ മുന്നിട്ടിറങ്ങിയതോടെ ഗൊർബച്ചോവ് അസ്വസ്ഥനായി. യെൽസിൻ യുഎസ്എസ്ആറിന്റെ അഖണ്ഡത തകർക്കുകയാണ് എന്ന ആരോപിച്ച ഗൊർബച്ചോവ് റിപ്പബ്ലിക്കുകളുടെ അടിയന്തര യോഗം വിളിച്ചു. 15 റിപ്പബ്ലിക്കുകളുടെ പ്രസിഡന്റുമാരിൽ 9 പേർ മാത്രമാണ് മോസ്കോയ്ക്ക് സമീപമുള്ള നോവോ - ഒഗർയോവോയിൽ ഒത്തു ചേർന്നത്. ലിത്വാനിയയും ലാത്വിയയും ഉൾപ്പെടെയുള്ള മറ്റു റിപ്പബ്ലിക്കുകൾ വിട്ടുനിന്നതോടെ ഏകീകൃത യുഎസ്എസ്ആർ എന്ന തൊഴിലാളി വർഗ രാഷ്ട്രത്തിന്റെ വിഭജനം ഏതാണ്ട് പൂർണ്ണമായും തന്നെ ഉറപ്പാകുകയായിരുന്നു. ബഹിഷ്കരണത്തെ സ്വാതന്ത്ര്യവാദമായി അംഗീകരിച്ചുകൊണ്ടും ബാക്കി വരുന്ന ഒൻപതു റിപ്പബ്ലിക്കുകളെ മാത്രം ചേർത്തുകൊണ്ടും യൂണിയൻ ഓഫ് സോവറിൻ സ്റ്റേറ്റ്സ് (Union Of Sovereign States) എന്ന, പരമാധികാര രാഷ്ട്രങ്ങളുടെ പുതിയ യൂണിയൻ ഉണ്ടാക്കുവാനാണ് ആ അവസരത്തിൽ ഗോർബച്ചേവ് ശ്രമിച്ചത്. 1991 ഓഗസ്റ്റ് 20 ന് പുതിയ യൂണിയൻ പ്രഖ്യാപിക്കുവാനായിരുന്നു മോസ്കോയുടെയും സഖ്യ റിപ്പബ്ലിക്കുകളുടെയും തീരുമാനം.

ഗൊർബച്ചോവിനെതിരെ മോസ്‌കോയിൽ 1991ൽ നടന്ന പ്രതിഷേധം. ചിത്രം: AFP

ഇതിനിടയിൽ, സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്രം അന്ത്യത്തോട് അടുക്കുന്നു എന്നു മനസ്സിലാക്കിയ കമ്യൂണിസ്റ്റ് പാർട്ടിയിലെ തീവ്ര ചിന്താഗതിക്കാരും സൈനിക നേതാക്കളും ഗൊർബച്ചോവിനെ  പുറത്താക്കുവാനുള്ള കരുനീക്കങ്ങളും ഊർജ്ജിതമാക്കിയിരുന്നു. 1991 - ജൂണിൽ ഗൊർബച്ചോവിൽനിന്നു കൂടുതൽ അധികാരം കൈക്കലാക്കുവാനുള്ള ശ്രമം പ്രധാനമന്ത്രിയായിരുന്ന പാവ്‌ലോവ് പാർട്ടിയിലെ തീവ്ര ചിന്താഗതിക്കാരുടെ പിന്തുണയോടെ ആരംഭിച്ചു. ഗോർബച്ചേവിന്റെ മന്ത്രിസഭാംഗങ്ങൾ പോലും പാവ്‌ലോവിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. കെജിബി യുടെ രഹസ്യ പിന്തുണയും ഈ അവസരത്തിൽ പാവ്‌ലോവ് ഉറപ്പിച്ചു. തുടർന്ന് ജൂൺ 21-ന് നടന്ന സുപ്രീം സോവിയറ്റിൽ പാവ്‌ലോവിന്റെ ആവശ്യം 24-ന് എതിരെ 264 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുപ്രീം സോവിയറ്റ് അംഗങ്ങൾ നിരാകരിച്ചു.

അധികാരമേറ്റ് ബോറിസ് യെൽസിൻ

ഈയൊരു സന്നിഗ്ദ്ധ ഘട്ടത്തിലാണ് 1991 ജൂലൈ 10 ന് ബോറിസ് യെൽസിൻ ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ റഷ്യയുടെ പ്രസിഡന്റ് ആകുന്നത്. അതോടെ ഗൊർബച്ചോവും യെൽസിനുമായുള്ള അഭിപ്രായ ഭിന്നതകൾ മൂർച്ഛിച്ചു. പാശ്ചാത്യ രാജ്യങ്ങളാണ് യെൽസിനെ ഉയർത്തിക്കൊണ്ടു വന്നതെന്ന റിപ്പോർട്ടുകൾ യെൽസിന്റെ വളർച്ചയുടെ കാലഘട്ടത്തിൽ തന്നെ ഗൊർബച്ചോവിന്റെ  മേശപ്പുറത്ത് എത്തിയിരുന്നു. ജനാധിപത്യത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ തന്നെ പാശ്ചാത്യ ജനാധിപത്യ സുഹൃദ് രാജ്യങ്ങൾ അവഗണിക്കുന്നതായി അദ്ദേഹത്തിനു തോന്നിത്തുടങ്ങി. യുഎസ്എസ്ആറിനു പകരം ദുർബലമായ ഒരു ഫെഡറേഷൻ എന്ന ആവശ്യം യെൽസിൻ അധികാരമേറ്റ ഉടനെ ഗൊർബച്ചോവിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. കൂടുതൽ അധികാരങ്ങൾ റിപ്പബ്ലിക്കുകൾക്ക് വേണമെന്ന് യെൽസിൻ പല ആവർത്തി ഗൊർബച്ചോനോട് ആവശ്യപ്പെട്ടു .

തന്റെ പരിഷ്കരണങ്ങൾ പാളിത്തുടങ്ങിയതോടെ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക സഹായം ഗൊർബച്ചോവ് നേടിയെങ്കിലും കൈയയച്ചു സഹായിക്കുവാൻ അവർ വിമുഖത കാണിച്ചു. പരിഷ്കരണ വിഷയങ്ങളിൽ തനിക്കൊപ്പം നിന്നവർ ഇങ്ങനെയൊരു ചതി കാണിക്കുമെന്ന് അദ്ദേഹത്തിന് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. യുഎസ്എസ്ആറിൽ  ജനാധിപത്യം സ്ഥാപിക്കുക എന്നതല്ല പകരം തന്റെ രാജ്യത്തെ എന്നെന്നേക്കുമായി ഇല്ലായ്‌മ ചെയ്യുക എന്നതാണ് പാശ്ചാത്യ രാജ്യങ്ങളുടെ ലക്‌ഷ്യം എന്നദ്ദേഹം ഭയന്നു തുടങ്ങി. ഗൊർബച്ചോവിന്റെ തകർച്ച തുടങ്ങുന്നത് ഈ തിരിച്ചറിവിൽ നിന്നുമായിരുന്നു.

1991 ഓഗസ്‌റ്റിൽ ഗൊർബച്ചോവിനെതിരെ പാർലമെന്റിന് മുൻപിൽ നടന്ന പ്രതിഷേധം. ചിത്രം: AFP

സാമ്പത്തിക പ്രതിസന്ധിയും വിഘടന വാദവും അരാജകത്വവും രൂക്ഷമായതോടെ ഏതു വിധേനയും യുഎസ്എസ്ആർ എന്ന കമ്യൂണിസ്റ്റ് രാഷ്ട്രത്തെ നിലനിർത്തുവാൻ തീവ്ര കമ്യൂണിസ്റ്റുകൾ പ്രതിജ്ഞയെടുത്തു. പ്രധാനമന്ത്രി പാവ്‌ലോവ്, വൈസ് പ്രസിഡന്റ് ഗന്നഡി യാനയേവ്, കെജിബി തലവൻ ക്രൂച്ചിക്കോവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗൊർബച്ചോവ് ഭരണകൂടത്തിനെ  രക്തച്ചൊരിച്ചിലിലൂടെയായാലും പുറത്താക്കുവാനായിരുന്നു തീരുമാനം. യൂണിയൻ ഓഫ് സോവറിൻ സ്റ്റേറ്റ് രൂപീകൃതമാകുന്ന ഓഗസ്റ്റ് 20 ന് തലേദിവസം പ്രതിവിപ്ലവകാരികൾ ഗൊർബച്ചോവിനെ വീട്ടുതടങ്കലിലാക്കി. തുടർന്ന് ഗന്നഡി യാനയേവ് പ്രസിഡന്റായി സ്വയം അവരോധിതനാകുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

വാഴ്സാ സഖ്യത്തെ പിരിച്ചുവിട്ടുകൊണ്ട് നാറ്റോയുമായുള്ള ശീതസമരത്തിനും പതിറ്റാണ്ടുകൾ നീണ്ടു നിന്ന ലോക മഹായുദ്ധ ഭീഷണിക്കും ഗൊർബച്ചോവ് അന്ത്യം കുറിച്ചു. കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് സേനയെ പിൻവലിച്ചു. ജർമനിയുടെ ഏകീകരണത്തിനും മുൻകൈ എടുത്തു. സോവിയറ്റ് സേന പിന്മാറിയതോടെ ചെക്കോസ്ലോവാക്യ, റുമാനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സോവിയറ്റ് വിധേയത്വ ഭരണകൂടങ്ങൾ തകർന്നടിഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സോവിയറ്റ് സേനാ പിൻമാറ്റം ജനങ്ങൾ ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു. ശീതസമരത്തേക്കാൾ ഗൊർബച്ചോവ് ആഗ്രഹിച്ചത് ലോക സമാധാനമായിരുന്നു. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ രാജ്യത്തിനകത്തും പുറത്തും ആദരം സമ്പാദിക്കുവാൻ പലപ്പോഴും ഗോർബച്ചേവിനു കഴിഞ്ഞിരുന്നു. യുഎസ്എസ്ആറിൽ ജനാധിപത്യം നട്ടുവളർത്താനിറങ്ങിയ ഗോർബച്ചേവ് അധികാരത്തിൽനിന്നു പുറത്തായതോടെ ആ രാജ്യത്ത് സുസ്ഥിര ജനാധിപത്യം നടപ്പിൽ വരുത്തുവാനുള്ള അവസരമാണ് പാശ്ചാത്യ ശക്തികൾ നഷ്ടപ്പെടുത്തിയത്. അതിനവർ ഇന്നും വലിയ വില കൊടുത്തു കൊണ്ടിരിക്കുന്നു.

ഗൊർബച്ചോവ് എന്ന ജനാധിപത്യ വാദി

അട്ടിമറിയെ തുടർന്ന് ഗൊർബച്ചോവ് വീട്ടുതടങ്കലിലായ ഓഗസ്റ്റ് 19-ന് ബോറിസ് യെൽസിൻ കസഖിസ്ഥാനിലായിരുന്നു. അട്ടിമറി വിവരമറിഞ്ഞ ഉടൻ അദ്ദേഹം മോസ്‌കോയിലേക്ക് തിരിച്ചു. ഓഗസ്റ്റ് 19 ഗൊർബച്ചോവ് എന്ന ജനാധിപത്യവാദിയുടെ രാഷ്ട്രീയ അന്ത്യം കുറിക്കുന്നതിന് തുടക്കമിടുന്നത് മാത്രമായിരുന്നില്ല ബോറിസ് യെൽസിൻ എന്ന പുതിയ ജനനായകൻ റഷ്യയുടെ ചരിത്രം മാറ്റിമറിക്കുന്ന ദിനം കൂടിയായി മാറി ആ ദിവസം. മോസ്കോയിലേക്ക് പാഞ്ഞെത്തിയ യെൽസിൻ അട്ടിമറിയെ അംഗീകരിക്കില്ല എന്നു പ്രഖ്യാപിച്ചു. റഷ്യൻ ജനതയോട് മോസ്കോയിലേക്ക് മാർച്ച് ചെയ്ത് അട്ടിമറിയെ പ്രതിരോധിക്കുവാൻ ആവശ്യപ്പെട്ടു. മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ജനം മോസ്‌കോയിൽ തടിച്ചു കൂടി. അനുയായികളുമായി യെൽസിൻ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ തമ്പടിച്ച്  സൈന്യത്തിനെതിരെ പ്രതിരോധമറ തീർത്തു. സൈന്യത്തിന്റെ ടാങ്കിനു മുകളിൽ കയറി നിന്നു പ്രസംഗിച്ചുകൊണ്ടദ്ദേഹം ജനത്തിന് ആവേശവും ആത്മവിശ്വാസവും പകർന്നു. യെൽസിന്റെ പ്രസംഗത്തെ തുടർന്ന്, പ്രക്ഷോഭകരെ നേരിടാൻ നിലയുറപ്പിച്ച വലിയൊരു വിഭാഗം സൈനികരും പ്രക്ഷോഭകർക്കൊപ്പം ചേർന്നു. സൈന്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് അട്ടിമറി പരാജയപ്പെട്ടു. ഈ സംഭവത്തോടെ, പ്രതിസന്ധിയിൽ റഷ്യൻ ജനതയെ മുന്നിൽനിന്ന് നയിച്ച നേതാവ് എന്ന പ്രതിച്ഛായയ്ക്ക് ഉടമയായി യെൽസിൻ. അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഗൊർബച്ചോവ് വീട്ടുതടങ്കലിൽനിന്നു മോചിതനായെങ്കിലും രാഷ്ട്രീയ രംഗത്ത് അദ്ദേഹം അപ്രസക്തമാകുവാനും തുടങ്ങി. റിപ്പബ്ലിക്കുകൾ പലതും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പ്രത്യേക രാഷ്ട്രങ്ങളായി മാറിയതോടെ യുഎസ്എസ്ആർ നാമാവശേഷമായി. നാമാവശേഷമായ രാഷ്ട്രത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് സ്വയം രാജി വയ്‌ക്കേണ്ട ഗതികേടും ഗൊർബച്ചോവിനുണ്ടായി. യുഎസ്എസ്ആർ 15 സ്വതന്ത്ര റിപ്പബ്ലിക്കുകളായി മാറിയതോടെ സ്വതന്ത്ര റഷ്യയുടെ പ്രസിഡന്റായി ബോറിസ് യെൽസിൻ തിരഞ്ഞെടുക്കപ്പെട്ടു.

ബോറിസ് യെൽസിൻ, ബിൽ ക്ലിന്റൻ. ചിത്രം: AFP

ഗൊർബച്ചോവ് എന്ന ജനാധിപത്യ വാദിക്ക് എവിടെയാണ് പിഴച്ചത്? പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്തുമായി സ്വന്തം രാജ്യത്തെ ജനാധിപത്യത്തിലേക്കും സാമ്പത്തിക പരിഷ്കരണത്തിലേക്കും നയിക്കാൻ തീരുമാനിച്ചപ്പോൾ ആ തീരുമാനം യുഎസ്എസ്ആർ എന്ന ദൃഢരാഷ്ട്രത്തിന്റെ  തകർച്ചയിൽ അവസാനിക്കുമെന്ന് അദ്ദേഹം ഒരിക്കലും കരുതുവാനിടയില്ല. ഗോർബച്ചേവിന്റെ വിമർശകർ ഇക്കാര്യത്തിൽ വിരൽചൂണ്ടുന്നത് പ്രധാനമായും അദ്ദേഹത്തിന്റെ വിശ്വസ്തരായ ഉപദേശക വൃന്ദത്തിലേക്കാണ്. ഗോർബച്ചേവിന്റെ രാഷ്ട്രീയ സാമ്പത്തിക ഉപദേശകരിൽ പലരും പാശ്ചാത്യ നാടുകളിൽ വിദ്യാഭ്യാസം നേടിയവരും ഉന്നത ഉദ്യോഗങ്ങൾ വഹിച്ചവരുമായിരുന്നു. ഇവരിൽ ചിലരെങ്കിലും സിഐഎ ഏജന്റുമാരായിരുന്നു എന്നാണ് വിമർശകരുടെ വിലയിരുത്തൽ. സോവിയറ്റ് യൂണിയന്റെ സ്ഥിരതയ്ക്കും വികസനത്തിനും ജനാധിപത്യത്തിനുമപ്പുറം ആ രാജ്യത്തിന്റെ സമ്പൂർണ തകർച്ചയാണ് മിഹയിൽ ഗൊർബച്ചോവിന്റെ പുതിയ സുഹൃദ് രാജ്യങ്ങൾ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം അതു മനസ്സിലാക്കുവാൻ ഏറെ വൈകിയെന്നുമാണ് വിമർശകരുടെ വാദം. 

(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary: A Special Series on Russian Crisis and Disintegration of USSR by Denny Thomas Vattakunnel