‘ആ രാത്രി മരിക്കാൻ കഴുക്കോലിൽ കുരുക്കിട്ട് കിടന്നു’: ഒരു അസാധാരണ തിരിച്ചുവരവ്
1996 കാലഘട്ടത്തിലാണ് ജീവിതം മാറിമറിഞ്ഞത്. അടുത്ത കടയിലെ ചില സുഹൃത്തുക്കൾ മെഡിക്കൽഷോപ്പിൽനിന്ന് സ്ഥിരമായി ഒരു മരുന്നുവാങ്ങി കഴിക്കുമായിരുന്നു. പലപ്പോഴും ഞാനാണ് വാങ്ങാൻ പോയിരുന്നത്. ലഹരിമരുന്നായിരുന്നു അത്. പതിയെ ഞാനും ശീലമാക്കി. ഒരു കാലത്ത് ബ്രാൻഡഡ് ഷർട്ടും വാച്ചുമൊക്കെയണിഞ്ഞ് സ്റ്റൈലനായി നടന്ന ഞാൻ പതിയെപ്പതിയെ സമൂഹത്തിനുമുന്നിൽ കോമാളിയായി മാറിത്തുടങ്ങി..
1996 കാലഘട്ടത്തിലാണ് ജീവിതം മാറിമറിഞ്ഞത്. അടുത്ത കടയിലെ ചില സുഹൃത്തുക്കൾ മെഡിക്കൽഷോപ്പിൽനിന്ന് സ്ഥിരമായി ഒരു മരുന്നുവാങ്ങി കഴിക്കുമായിരുന്നു. പലപ്പോഴും ഞാനാണ് വാങ്ങാൻ പോയിരുന്നത്. ലഹരിമരുന്നായിരുന്നു അത്. പതിയെ ഞാനും ശീലമാക്കി. ഒരു കാലത്ത് ബ്രാൻഡഡ് ഷർട്ടും വാച്ചുമൊക്കെയണിഞ്ഞ് സ്റ്റൈലനായി നടന്ന ഞാൻ പതിയെപ്പതിയെ സമൂഹത്തിനുമുന്നിൽ കോമാളിയായി മാറിത്തുടങ്ങി..
1996 കാലഘട്ടത്തിലാണ് ജീവിതം മാറിമറിഞ്ഞത്. അടുത്ത കടയിലെ ചില സുഹൃത്തുക്കൾ മെഡിക്കൽഷോപ്പിൽനിന്ന് സ്ഥിരമായി ഒരു മരുന്നുവാങ്ങി കഴിക്കുമായിരുന്നു. പലപ്പോഴും ഞാനാണ് വാങ്ങാൻ പോയിരുന്നത്. ലഹരിമരുന്നായിരുന്നു അത്. പതിയെ ഞാനും ശീലമാക്കി. ഒരു കാലത്ത് ബ്രാൻഡഡ് ഷർട്ടും വാച്ചുമൊക്കെയണിഞ്ഞ് സ്റ്റൈലനായി നടന്ന ഞാൻ പതിയെപ്പതിയെ സമൂഹത്തിനുമുന്നിൽ കോമാളിയായി മാറിത്തുടങ്ങി..
നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളായിരുന്നു അയാൾ. ഒരിക്കൽ അയാൾ ടെയ്‌ലറായിരുന്നു. പിന്നീടയാൾ കടയുടമയായി. ലഹരിയുടെ പക്ഷികൾ ജീവിതം കൊത്തിക്കൊണ്ടുപോയപ്പോൾ അയാൾ സമൂഹത്തിനുമുന്നിൽ കോമാളിയായി. പക്ഷേ, കരുണയുടെയും സ്നേഹത്തിന്റെയും കൈപിടിച്ച് അയാൾ തിരികെവന്നു. എം.വി.രാഘവനാണ് അയാളെ പത്രം വായിക്കാൻ പഠിപ്പിച്ചത്. ചരിത്രകാരൻ എം.ജി.എസ്.നാരായണന്റെ കസേരയ്ക്കരികിലിരുന്ന് അദ്ദേഹത്തിന് ചരിത്രപുസ്തകങ്ങൾ വായിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ് അയാളിന്ന്. അക്ഷരം കൂട്ടിവായിക്കാനറിയാതിരുന്നിടത്തുനിന്ന് നൂറോളം പ്രാവശ്യം ‘ആൽകെമിസ്റ്റ്’ നോവൽ വായിച്ചുതീർത്തതിലേക്കുള്ള ആ യാത്രയുടെ പേരാണ് പി.സി. ഗോപി.
കലക്ടറുടെ തുന്നൽക്കാരൻ
വയനാട്ടിലെ മേപ്പാടിയിൽ കുശിനി ബസാർ റോഡിലായിരുന്നു പി.സി.ഗോപിയുടെ വീട്. യുവാവായിരിക്കെ അടിച്ചുപൊളിച്ചു ജീവിക്കുകയെന്നതായിരുന്നു രീതി. കയ്യിൽ പൈസയില്ലാത്ത കാലത്താണ് ടെയ്‌ലറിങ്ങ് ജോലിയിലേക്ക് വന്നത്.പതിയെ ഒരു കട തുടങ്ങി. കൽപറ്റയിൽ സിറ്റി കളേഴ്സ് എന്ന പേരിൽ സ്ഥാപനം തുറന്നു. അക്കാലത്ത് നാലഞ്ചു പണിക്കാരുണ്ടായിരുന്നു. ദിവസം അഞ്ഞൂറു രൂപയോളം ലഭിക്കുകയെന്നത് വലിയ കാര്യമാണ്. അക്കാലത്ത് വയനാട് കലക്ടറുടെ ഷർട്ട് തയ്ക്കാനുള്ള അവസരം വരെ ലഭിച്ചു. കൽപറ്റയിലെ വലിയ ഹോട്ടലായ ഹരിതഗിരിയിലെ ജീവനക്കാരുടെ യൂണിഫോം തയ്പ്പിക്കാനുള്ള ഓർഡറൊക്കെ കിട്ടിത്തുടങ്ങി.
അടിതെറ്റിച്ച ലഹരി
‘1996 കാലഘട്ടത്തിലാണ് ജീവിതം മാറിമറിഞ്ഞത്. അടുത്ത കടയിലെ ചില സുഹൃത്തുക്കൾ മെഡിക്കൽഷോപ്പിൽനിന്ന് സ്ഥിരമായി ഒരു മരുന്നുവാങ്ങി കഴിക്കുമായിരുന്നു. പലപ്പോഴും ഞാനാണ് വാങ്ങാൻ പോയിരുന്നത്. ലഹരിമരുന്നായിരുന്നു അത്. പതിയെ ഞാനും ശീലമാക്കി. ഒരു കാലത്ത് ബ്രാൻഡഡ് ഷർട്ടും വാച്ചുമൊക്കെയണിഞ്ഞ് സ്റ്റൈലനായി നടന്ന ഞാൻ പതിയെപ്പതിയെ സമൂഹത്തിനുമുന്നിൽ കോമാളിയായി മാറിത്തുടങ്ങി’- ഗോപി പറയുന്നു.
ഇടക്കാലത്ത് പുരാവസ്തു ബിസിനസിന്റെ കമ്പവും കയറി. പലിശയ്ക്കു വാങ്ങിയ പണം തിരികെ കൊടുക്കാൻ കഴിയാതെയായി. ചെക്കുകേസുകളിൽ പെട്ടു. വീട്ടിൽ പൊലീസെത്തി പിടിച്ചുകൊണ്ടുപോയ സംഭവമുണ്ടായി. അങ്ങനെ പതിയെപ്പതിയെ ടെയ്‌ലർ ഷോപ് നഷ്ടപ്പെട്ടു. ദുശ്ശീലം മാത്രം ബാക്കിയായി. ആർക്കും വേണ്ടാത്ത അവസ്ഥയുമായി. മക്കളെ നോക്കി നന്നായി ജീവിക്കണമെങ്കിൽ ജോലിക്കുപോവണമെന്ന് ഭാര്യ മനസ്സിലാക്കിയിരുന്നു. അതോടെ ഭാര്യ ജോലിക്കുപോയിത്തുടങ്ങി. അവരുടെ വീട്ടുകാർ നല്ല പിന്തുണയും നൽകി.
മരണത്തിൽനിന്നു തിരിച്ചുവരവ്
ഗോപി ഒരു ദിവസം രാത്രി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. രാത്രി വീടിന്റെ പിറകുവശത്ത് കഴുക്കോലിൽ കുരുക്ക് തയാറാക്കിയിട്ടു. എല്ലാവരും നന്നായി ഉറങ്ങിയ ശേഷം വന്നു തൂങ്ങിമരിക്കാനായിരുന്നു തീരുമാനം. തിരികെ മുറിയിൽ പോയി കിടന്നു. ആ ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. മരിച്ച ശേഷം തിരികെവരാൻ കഴിയാത്ത അവസ്ഥയായിരുന്നു സ്വപ്നത്തിൽ. ചാടിയെഴുന്നേറ്റ് പുറത്തുവന്നു. എങ്ങനെയെങ്കിലും ജീവിക്കണമെന്ന് തോന്നി. ചുറ്റും കാണുന്നതിനോടൊക്കെ പെട്ടന്ന് സ്നേഹം തോന്നി. നേരം വെളുത്തുവരുമ്പോൾ എങ്ങനെയെങ്കിലും ജീവിക്കാമെന്ന ആത്മവിശ്വാസമുള്ള വ്യക്തിയായി മാറി.
ജീവിതത്തിലേക്ക് ചുരമിറങ്ങുമ്പോൾ
വയനാട് പിന്നിലുപേക്ഷിച്ച് ഗോപി പതിയെ ചുരമിറങ്ങി. താമരശ്ശേരിയിൽ ടെയ്‌ലറിങ് കടയിൽ ജോലിക്കുചേർന്നു. ആഴ്ചയ്ക്ക് വീട്ടിൽ പോയിവരും. കയ്യിലെ പണം അവിടെ കൊടുക്കും. പിന്നീട് കൊടുവള്ളിയിലെ ചുരിദാർ ടെയ്‌ലറിങ്ങ് കടയിൽ ജോലിക്കു വന്നു. ഒരു കൊല്ലം കഴിഞ്ഞാണ് കോഴിക്കോട്ടേക്ക് വന്നത്. അരയിടത്തുപാലത്ത് കണ്ണങ്കണ്ടിക്കു സമീപത്തെ സുഭിക്ഷം ഹോട്ടലിൽ പണിക്കുകയറി. 50 രൂപയാണ് കൂലി. ആറുദിവസം പണിയുണ്ട്. രാവിലെ മുതൽ വൈകിട്ട് മൂന്നു വരെയാണ് ജോലി.
ആയിടയ്ക്ക് ഒരു സുഹൃത്താണ് മലാപ്പറമ്പിലെ ‘കുട്ടപ്പൻ അങ്കിളി’നെ കാണാൻ പറഞ്ഞത്. ആത്മീയതയുടെ വഴിയിലേക്കുള്ള വരവായിരുന്നു. ‘പ്രാർഥിക്കാനറിയുമോ’എന്നായിരുന്നു ആദ്യ ചോദ്യം. ഇല്ലെന്നായിരുന്നു മറുപടി. പതിയെ പ്രാർഥിക്കാൻ തുടങ്ങി. മലാപ്പറമ്പിലെ ഒരു ടെയ്‌ലർഷോപ്പിൽ അവസരമുണ്ടെന്നറിഞ്ഞു. അങ്ങനെ ഇവിടെ സ്ഥിരതാമസമാക്കി. രോഗികളും അനാഥരുമായവർക്കുവേണ്ടി പ്രാർഥിക്കാനാണ് കുട്ടപ്പനങ്കിൾ ഗോപിയോടു പറഞ്ഞത്.
രോഗീപരിചരണത്തിന്റെ വഴിയിലേക്ക്
ഇടക്കാലത്ത് ചെറിയ ശാരീരിക വിഷമതയുണ്ടായപ്പോൾ ഗോപി ഇഖ്റ ആശുപത്രിയിൽ ചികിത്സ തേടി. കുറച്ചുദിവസം അവിടെ കിടന്നു. ഇഖ്റ ആശുപത്രിയിൽ സുരേഷ് എന്നൊരു അറ്റൻഡറുണ്ടായിരുന്നു. അയാളുമായി സൗഹൃദത്തിലായി. ഒരിക്കൽ സുരേഷ് മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലയുടെ സമീപത്തെ ടെയ്‌ലറിങ്ങ് കടയിൽ വന്നു.
ഇഖ്റയിൽ ബന്ധുക്കളില്ലാത്ത ഒരു വയോധികൻ ചികിത്സയ്ക്കായി ആശുപത്രിയിൽവന്നിട്ടുണ്ടെന്ന് പറഞ്ഞു. സ്കൂട്ടറിടിച്ച് കാലിനുപരുക്കേറ്റയാളാണ്. കാലുമുറിക്കണമെന്നു അപ്പോളോ ആശുപത്രിയിൽനിന്ന് പറഞ്ഞതിനെ തുടർന്നാണ് വയോധികൻ കണ്ണാടിക്കലെ വീട്ടിലേക്ക് തിരികെവന്നത്. ഇടക്കാലത്ത് ചികിത്സയ്ക്കായാണ് ഇഖ്റയിൽ വന്നത്. രണ്ടുദിവസം ആ വയോധികനെ വീട്ടിലെത്തി പരിചരിക്കാൻ ഒരാളെ വേണം. ഗോപി താമസിക്കുന്ന വീടിന്റെ ഒരു മാസത്തെ വാടക അന്ന് 750 രൂപയാണ്. സഹായിച്ചാൽ ആയിരം രൂപ നൽകാമെന്നു പറഞ്ഞു. ഗോപി ഏറ്റു.
ജോലി കഴിഞ്ഞ് മടങ്ങാനിരുന്ന ഗോപിയോട് ‘താൻ മരിക്കുന്നതുവരെ കൂടെ നിൽക്കാമോ’ എന്ന് ആ വയോധികൻ ചോദിച്ചു. അങ്ങനെ പതിയെ പതിയെ ഹോം നഴ്സിങ്ങ് ഒരു വരുമാനമാർഗമായി മാറി. കോഴിക്കോട്ടും കണ്ണൂരും എറണാകുളത്തും തൃപ്പൂണിത്തുറയിലും കോയമ്പത്തൂരിലുമൊക്കെ പലരെയും വീടുകളിൽ ചെന്നുനിന്ന് പരിചരിച്ചു. അങ്ങനെയിരിക്കെയാണ് എം.വി.രാഘവനെ പരിചരിക്കാൻ ഒരു ഹോംനഴ്സിങ് ഏജൻസി ഗോപിയെ പറഞ്ഞയച്ചത്.
എംവിആറും പത്രവായനയും
സിഎംപിയുടെ കോട്ടയം പാർട്ടി കോൺഗ്രസ് നടക്കുന്ന കാലമാണ്. ഗോപി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹമവിടെയില്ല. സമ്മേളനം കഴിഞ്ഞ് കോട്ടയത്തുനിന്ന് പിറ്റേദിവസമാണ് അദ്ദേഹം തിരികെവന്നത്. പിന്നീടങ്ങോട്ട് എം.വി.രാഘവന്റെ നിഴലുപോലെ ഗോപി കൂടെക്കൂടി. കൃത്യസമയത്തുള്ള കുളി, ഭക്ഷണച്ചിട്ട, മരുന്ന് എന്നിവ ഗോപിയുടെ ചുമതലയായി. രാവിലെ പത്രമെടുത്ത് വായിച്ചുകൊടുക്കാൻ എംവിആർ ആവശ്യപ്പെട്ടു. അക്ഷരം കൂട്ടിവായിക്കാനറിയാത്ത ഗോപി തപ്പിത്തപ്പി വായിക്കുന്നതുകണ്ട് എംവിആർ ചിരിച്ചുപോയി. പിന്നെ പതിയെ പതിയെ എംവിആറിന് പത്രം വായിച്ചുകൊടുത്ത് വായന ഒരു ശീലമായി. രാവിലെ പറശ്ശിനിക്കടവിലെ തന്റെ ഓഫിസിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ ഗൺമാനും ഗോപിയും കാറിൽകൂടെയുണ്ടാവുമായിരുന്നു.
എംജിഎസ്സിന്റെ തണലിൽ
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഡോ.എം.ജി.എസ്.നാരായണനെ സഹായിക്കാനുള്ള അവസരം ഗോപിയെ തേടിയെത്തുന്നത്. അന്നുമുതൽ തന്റെ ജീവിതം അടിമുടി മാറിമറിഞ്ഞുവെന്നാണ് ഗോപി പറയുന്നത്. മലാപ്പറമ്പിലെ മൈത്രിയിൽ രാവിലെ ചെന്ന് എംജിഎസിനെ കുളിപ്പിക്കാൻ സഹായിക്കും. പിന്നീട് അദ്ദേഹം പറയുന്ന പുസ്തകമെടുത്ത് വായിച്ചുകൊടുക്കും. അദ്ദേഹം പറയുന്ന കഥകൾ കേട്ടിരിക്കും. അങ്ങിനെയങ്ങിനെ ജീവിതമിപ്പോൾ വായനയുടെ ലോകത്താണ്. എംജിഎസിന്റെ പ്രിയപ്പെട്ട ചരിത്രപുസ്തകങ്ങളാണ് ഇപ്പോൾ ഗോപിയുടെയും ഇഷ്ടപുസ്തകങ്ങൾ.
അടുത്തിടെയാണ് എംജിഎസിന്റെ അമ്മാവനും ചരിത്രകാരനുമായ എം.ഗംഗാധരൻ മരിച്ചത്. ആ പകൽ അദ്ദേഹം ദുഃഖിതനായിരുന്നു. എം. ഗംഗാധരനെഴുതിയ പുസ്തകങ്ങളാണ് അന്നു വായിച്ചുകൊടുത്തത്. ഓരോ വാക്കിന്റെയും പല തലങ്ങൾ മനസ്സിലാക്കി വായിക്കാൻ തുടങ്ങിയത് എംജിഎസിനൊപ്പം കൂടിയതോടെയാണ്.
വായനയുടെ ഗോപിക്കുറി
ഗോപി ഇടയ്ക്കിടയ്ക്കെടുത്ത് വായിക്കാറുള്ള പുസ്തകം ‘ആൽകെമിസ്റ്റാ’ണ്. ബഷീറിന്റെ ഭാഷയാണ് ഗോപിയ്ക്ക് ഏറെയിഷ്ടം. എംടിയുടെ രണ്ടാമൂഴം ഗോപിയെ പിടിച്ചുലച്ചു. പി. ബാലകൃഷ്ണന്റെ നോവൽ വായിച്ചപ്പോൾ ഇതേ കഥാപാത്രങ്ങളുടെ മറ്റൊരു കാഴ്ചപ്പാട് ഗോപിയെ ചിന്താക്കുഴപ്പത്തിലായി. ഖസാക്കിന്റെ ഇതിഹാസം നല്ലൊരു അനുഭൂതിയായിരുന്നുവെന്നും ഗോപി പറഞ്ഞു. ഒരു രാത്രി മുഴുവൻ ഉറങ്ങാതിരുന്നാണ് ഖസാക്ക് ആദ്യമായി വായിച്ചുതീർത്തത്. മാക്സിം ഗോർക്കി മുതൽ എസ്.കെ.പൊറ്റെക്കാട്ട് വരെയുള്ള വലിയൊരു ലോകം ഇന്ന് ഗോപിയുടെ സ്വന്തമാണ്.
ജീവിതത്തിന്റെ ഇഴകൾ
ഇതുവരെ രോഗികളും വയോധികരുമടക്കം 160 പേരെ ഗോപി പരിചരിച്ചിട്ടുണ്ട്. രോഗീപരിചരണത്തിലൂടെ കിട്ടുന്ന തുകയ്ക്കുപുറമെ മലാപ്പറമ്പിൽ ചെറിയൊരു ടെയ്‌ലറിങ്ങ് കടയും ഗോപിക്ക് ഇന്നുണ്ട്. മലാപ്പറമ്പ് ബിഷപ് ഹൗസിനു പിറകിൽ വാടകവീട്ടിലാണ് ഭാര്യ ശ്രീജയ്ക്കും മക്കൾക്കുമൊപ്പം താമസിക്കുന്നത്. മകൾ ഹരിത ഫിസിയോ തെറപ്പിസ്റ്റായി ജോലി ചെയ്യുന്നുണ്ട്. മകൻ ഹരീഷ് എഡബ്ല്യുഎച്ച് കോളജിൽ എൻജിനീയറിങ്ങ് അവസാന വർഷ വിദ്യാർഥിയാണ്.
English Summary: Inspiring Life Story of PC Gopi who Regained his Life by Reading