'ലങ്കൻ പ്രതിസന്ധിക്ക് മഹീന്ദയുടെ പരിഹാരം ‘ചൂതാട്ടം’; രക്ഷിക്കാനാകുമോ ഇന്ത്യയ്ക്ക്?
ഒരു ലക്ഷം പേരുടെ ജീവനെടുത്തുകൊണ്ടുള്ള ഒരു ആഭ്യന്തര യുദ്ധം ജയിച്ചതിനു ശേഷമുള്ള ഏകാധിപത്യത്തിന്റെ ഉന്മാദത്തിലിരുന്ന്, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി മഹീന്ദ രാജപക്സെ കണ്ടെത്തിയത് ചൂതാട്ട കേന്ദ്രങ്ങളും കസിനോകളുമാണ്. ശ്രീലങ്കൻ ജനത ഇന്ത്യയെ ശത്രുതയോടെയാണു സമീപിക്കുന്നത്. ശ്രീലങ്ക അവസാനമായി സന്ദർശിച്ചപ്പോൾ എനിക്കതു ബോധ്യപ്പെട്ടതാണ്. അനാവശ്യമായി ഇടപെടൽ നടത്തുന്നുവെന്ന തോന്നലാണവർക്ക്..
ഒരു ലക്ഷം പേരുടെ ജീവനെടുത്തുകൊണ്ടുള്ള ഒരു ആഭ്യന്തര യുദ്ധം ജയിച്ചതിനു ശേഷമുള്ള ഏകാധിപത്യത്തിന്റെ ഉന്മാദത്തിലിരുന്ന്, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി മഹീന്ദ രാജപക്സെ കണ്ടെത്തിയത് ചൂതാട്ട കേന്ദ്രങ്ങളും കസിനോകളുമാണ്. ശ്രീലങ്കൻ ജനത ഇന്ത്യയെ ശത്രുതയോടെയാണു സമീപിക്കുന്നത്. ശ്രീലങ്ക അവസാനമായി സന്ദർശിച്ചപ്പോൾ എനിക്കതു ബോധ്യപ്പെട്ടതാണ്. അനാവശ്യമായി ഇടപെടൽ നടത്തുന്നുവെന്ന തോന്നലാണവർക്ക്..
ഒരു ലക്ഷം പേരുടെ ജീവനെടുത്തുകൊണ്ടുള്ള ഒരു ആഭ്യന്തര യുദ്ധം ജയിച്ചതിനു ശേഷമുള്ള ഏകാധിപത്യത്തിന്റെ ഉന്മാദത്തിലിരുന്ന്, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി മഹീന്ദ രാജപക്സെ കണ്ടെത്തിയത് ചൂതാട്ട കേന്ദ്രങ്ങളും കസിനോകളുമാണ്. ശ്രീലങ്കൻ ജനത ഇന്ത്യയെ ശത്രുതയോടെയാണു സമീപിക്കുന്നത്. ശ്രീലങ്ക അവസാനമായി സന്ദർശിച്ചപ്പോൾ എനിക്കതു ബോധ്യപ്പെട്ടതാണ്. അനാവശ്യമായി ഇടപെടൽ നടത്തുന്നുവെന്ന തോന്നലാണവർക്ക്..
ശ്രീലങ്ക നേരിടുന്ന പ്രതിസന്ധി എന്തു സന്ദേശമാണ് ജനാധിപത്യ സമൂഹങ്ങളോടു പങ്കിടുന്നത്? ജനാധിപത്യത്തിന്റെ മുഖംമൂടിയും വികസനത്തിന്റെ വായ്ത്താരിയുമായി അവതരിക്കുന്ന നവ ഫാഷിസത്തെ തിരിച്ചറിയാനാകണമെന്നതാണ് ആ മുന്നറിയിപ്പെന്ന് നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ പറയുന്നു. ശ്രീലങ്കൻ രാഷ്ട്രീയം പശ്ചാത്തലമാക്കി രചിച്ച ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’- എന്ന നോവലിന്റെ രചനാനുഭവങ്ങൾ മുൻനിർത്തി ശ്രീലങ്കൻ പ്രശ്നങ്ങൾ അവലോകനം ചെയ്യുകയാണ് അദ്ദേഹം
‘യുദ്ധത്തിൽ ജയിച്ച ഭരണാധികാരികൾ ഒരു തരം ഉൻമാദത്തിലേക്കു നീങ്ങുകയും വലിയ ഏകാധിപതികളായി രാജ്യത്തെ വലിയ ദുരന്തത്തിലേക്കു തള്ളി വിടുകയും ചെയ്തതിന്റെ കഥ ലോകചരിത്രത്തിൽ ഒരുപാടുണ്ട് അതാണ് ശ്രീലങ്കയിൽ കാണുന്നത്’ - അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കൻ പ്രതിസന്ധികളെക്കുറിച്ച് ടി.ഡി.രാമകൃഷ്ണൻ മനോരമ ഓൺലൈൻ ഇന്റർവ്യൂ പരമ്പരയായ ‘ദി ഇൻസൈഡറി’നോടു സംവദിക്കുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണു ശ്രീലങ്ക ഇപ്പോൾ കടന്നു പോകുന്നത്. 1930 കളിൽ യൂറോപ്പിലുണ്ടായിരുന്ന സാമ്പത്തികമാന്ദ്യത്തിനു സമാനമായ അവസ്ഥയാണിത്. പുറമേ നിന്നു കാണുന്ന പലരും അതിനെ ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമായിട്ടാണു കാണുന്നത്. എന്നാൽ. ഒരു രാഷ്ട്രീയ പ്രതിസന്ധിയുടെ ഭാഗമായിട്ടാണതിനെ മനസ്സിലാക്കേണ്ടത്. ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ നോവൽ എഴുതുന്ന കാലത്തുതന്നെ ശ്രീലങ്ക പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് എനിക്കു വ്യക്തമായിരുന്നു. അതിലെ ഒരധ്യായത്തിൽ ശ്രീലങ്കയുടെ ഭാവി വികസനം എന്തെന്നതിനെക്കുറിച്ചുള്ള ഒരു ചർച്ചയെക്കുറിച്ചു പറയുന്നുണ്ട്. അത് യഥാർഥത്തിൽ നടന്ന കാര്യമാണ്.
കൊളംബോയിൽ നടന്ന കോമൺവെൽത്ത് അസംബ്ലിയുടെ വിഷയങ്ങളിലൊന്ന് ശ്രീലങ്ക ഫ്യൂച്ചർ ഡെസ്റ്റിനേഷൻ ആയിരുന്നു. അതിൽ മുഖ്യപ്രഭാഷണം നടത്തിയത് ക്രൗൺ ഗ്രൂപ്പിന്റെ തലവനായ ജയിംസ് പാക്കറാണ്. ക്രൗൺ ഒരു രാജ്യാന്തര കസിനോ ഗ്രൂപ്പാണ്. ടൂറിസത്തിന്റെയും മക്കാവൊ ദ്വീപ് പോലെയുള്ളവയുടെയും സാധ്യതകൾ ശ്രീലങ്കയിൽ പ്രയോഗിക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. അതിനു വലിയ സ്വീകാര്യത ലഭിച്ചു. 25 കസിനോകൾക്ക് മഹീന്ദ രാജപക്സെ അനുമതി നൽകി. അതിൽ ഏറ്റവും വലുത് ക്രൗൺ ഗ്രൂപ്പിന്റേതു തന്നെയായിരുന്നു. ഒരു ലക്ഷം പേരുടെ ജീവനെടുത്തുകൊണ്ടുള്ള ഒരു ആഭ്യന്തര യുദ്ധം ജയിച്ചതിനു ശേഷമുള്ള ഏകാധിപത്യത്തിന്റെ ഉന്മാദത്തിലിരുന്ന്, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി രാജപക്സെ കണ്ടെത്തിയത് ഇത്തം ചൂതാട്ട കേന്ദ്രങ്ങളും കസിനോകളുമാണ്. ഇതിനെപ്പറ്റി നോവലിൽ പറയുന്നുമുണ്ട്.
രാജപക്സെ മാത്രമല്ല യുദ്ധങ്ങൾ ജയിച്ച എല്ലാ ഭരണാധികാരികളും ഒരു തരം ഉൻമാദത്തിലേക്കു നീങ്ങുകയും വലിയ ഏകാധിപതികളായി രാജ്യത്തെ വലിയ ദുരന്തത്തിലേക്കു തള്ളിവിടുകയും ചെയ്ത കഥ ലോകചരിത്രത്തിൽ ഒരുപാടുണ്ട്. ഒരു ആഭ്യന്തര യുദ്ധം കഴിഞ്ഞ് അതിൽനിന്ന് രക്ഷപ്പെടുന്ന ഒരു രാജ്യം എങ്ങനെ മുന്നോട്ടുപോകണമെന്ന കൃത്യമായ കാഴ്ചപ്പാട് താക്കോൽ സ്ഥാനം കൈകാര്യം ചെയ്തിരുന്ന രജപക്സെ സഹോദരൻമാർക്ക് ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായിരുന്നത് ഇത്തരം കാഴ്ചപ്പാടുകൾ ആയിരുന്നു.
കാർഷിക, വ്യാവസായിക മേഖലകളിൽ പുതിയ ഉൽപാദനങ്ങളില്ലാതെ ഇത്തരം ഊഹക്കച്ചവടങ്ങളിലൂടെ മുന്നോട്ടു പോകുന്നത് ശ്രീലങ്ക പോലെയുള്ള ഒരു രാജ്യത്തിന് ഒരിക്കലും ഗുണകരമാവില്ല. യുദ്ധാനന്തര ശ്രീലങ്കയിലൂടെ, യുദ്ധത്തിനു ശേഷമുള്ള കാലത്ത് യാത്ര ചെയ്ത് അവിടുത്തെ പല വിധത്തിലുള്ള വ്യക്തികളുമായി സംസാരിച്ചാണ് ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എഴുതിയത്. ആ സമയത്തു തന്നെ ഒരു ഏകാധിപത്യ ഭരണകൂടം സൃഷ്ടിച്ച എല്ലാ വിധ ഭീകരതയും അവിടെ ദൃശ്യമായിരുന്നു. മാധ്യമങ്ങളുടേതുൾപ്പെടെയുള്ള എല്ലാതരം സ്വാതന്ത്ര്യവും നിഷേധിച്ചിരുന്നു. ഭരണകൂടത്തെ എതിർക്കുന്നവരെ വെള്ള വാനുകളിൽ അജ്ഞാതമായ സ്ഥലങ്ങളിലേക്കു കൊണ്ടു പോകുന്നതും പിന്നീടവർ അപ്രത്യക്ഷരാകുന്നതും പതിവായിക്കഴിഞ്ഞിരുന്നു.
രാജ്യത്തിന്റെ സൈനികരംഗത്തെക്കുറിച്ചു മാത്രമല്ല, സാമ്പത്തികരംഗത്തെയും വികസനത്തെയും കുറിച്ചുള്ള എല്ലാ സംവാദങ്ങളുടെയും സാധ്യതകൾ അടഞ്ഞു പോയിരുന്നു. രാജപക്സെയുടെ പതനം അനിവാര്യമാണെന്നും തോന്നിയിരുന്നു. വൈകാതെ രാജപക്സെ അധികാരത്തിൽ നിന്നു പുറത്തു പോവുക തന്നെ ചെയ്തു. അതിനു ശേഷം ഞാൻ വീണ്ടും ശ്രീലങ്ക സന്ദർശിച്ചു. അക്കാലത്ത് കൊളംബോ വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ മഹീന്ദ രാജപക്സെ പങ്കെടുത്ത ഒരു പൊതുയോഗം ഉണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ട് ഞാൻ അതു കാണാൻ പോയി. അതു വരെ അയാളുടെ ഒരു പൊതുയോഗം ഞാൻ കണ്ടിരുന്നില്ല,
രാജപക്സെ അധികാരത്തിലേക്കു തിരിച്ചു വരാൻ ശ്രമിക്കുന്ന കാലമാണത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ടതായിരുന്നു ആ യോഗം. അതിൽ അദ്ദേഹം എത്തിയപ്പോഴുള്ള ജനങ്ങളുടെ പ്രതികരണം ഒരു തിരിച്ചുവരവിന്റെ സൂചനയായിരുന്നു. സിംഹള വംശീയതയെ പരമാവധി ഉണർത്തി നിർത്താനാണ് ആ പ്രസംഗത്തിൽ രാജപക്സെ ശ്രമിച്ചത്. തമിഴ് വംശജരെ ഉൻമൂലനം ചെയ്ത വീരനായകനോടുള്ള ആരാധനയാണ് അവിടെ പ്രതിഫലിച്ചത്. ഈ വക കാര്യങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയായത്.
പുതിയ കാലത്തെ ഫാഷിസം
പുതിയ കാലത്തെ ഫാഷിസം ഒരു മുഖംമൂടി വച്ചിട്ടാണ് നമ്മുടെ മുന്നിൽ വരുന്നത്. അവർ ജനാധിപത്യത്തെയും വികസനത്തെയും കുറിച്ചും സമാധാനത്തെപ്പറ്റിയും പറയും. എന്നിട്ട് വളരെ ഏകാധിപത്യപരമായി കാര്യങ്ങൾ നടപ്പിലാക്കും. അത്തരം ഒരു ഭരണം രാജപക്സെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘവും നടത്തുകയാണ്. ഒരു രാജ്യം ജനാധിപത്യവിരുദ്ധമാവുകയും പൂർണമായി ഫാഷിസ്റ്റ് ഭരണസമ്പ്രദായത്തിലേക്കു പോവുകയും ചെയ്യുമ്പോൾ അത് അനിവാര്യമായ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരും. അതിന് അതിജീവിക്കാൻ കഴിയാതെ വരും. അതാണ് രാജപക്സെയ്ക്കും സംഘത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇതിന്റെ ഉള്ളിലുള്ള മത രാഷ്ട്രവാദ ബോധത്തിന്റെ തലത്തിൽ രാജപക്സെയ്ക്ക് തിരിച്ചെത്താനായി എന്നതു ശരിയാണ്. ഭരണത്തിൽ തിരിച്ചെത്തിയെങ്കിലും സമ്പദ്ഘടനയെ നല്ല രീതിയിൽ കൊണ്ടു പോകാൻ കഴിയാതെ വന്നു. അതു നേരെയാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം കൂടുതൽ അപകടത്തിലേക്ക് നീങ്ങിയ അവസ്ഥയാണ് ശ്രീലങ്കയിൽ കാണുന്നത്. കരകയറ്റം എളുപ്പമല്ല.
അടയുന്ന വഴികൾ
ഇപ്പോൾ ഐഎംഎഫ് ഉൾപ്പെടെയുള്ള രാജ്യാന്തര ധനകാര്യ ഏജൻസികൾക്ക് ഇടപെടുന്നതിനു പരിമിതികളുണ്ട്. മാത്രമല്ല അതിനു പിന്നിൽ ചരടുകളുമുണ്ടാകും. അത് ഏത് ഏജൻസി നൽകിയാലും അങ്ങനെ തന്നെയായിരിക്കും. യൂറോപ്യൻ യൂണിയനിലുൾപ്പെട്ട ഗ്രീസ് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചേർന്നാണതിനെ കരകയറ്റിയത്. അതുപോലെ സഹായിക്കാനുള്ള ശക്തി സാർക് രാജ്യങ്ങൾക്കില്ല. ചൈനയാണെങ്കിൽ ഒരു വിലപേശലിനായി മാറി നിൽക്കുകയാണ്. കാരണം അവർക്ക് തന്ത്രപരമായി പ്രാധാന്യമുള്ള സ്ഥലമാണ് ശ്രീലങ്ക. ആ രാജ്യത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുമുണ്ട്. ആഭ്യന്തര യുദ്ധത്തിൽ തകർന്ന റെയിൽവേ ലൈൻ പുനരുദ്ധാരണത്തിന് ഇന്ത്യ സഹായിച്ചിട്ടുണ്ട്.
ഇന്ത്യയോടുള്ള അകൽച്ച
ശ്രീലങ്കൻ ജനത ഇന്ത്യയെ ശത്രുതയോടെയാണു സമീപിക്കുന്നത്. ശ്രീലങ്ക അവസാനമായി സന്ദർശിച്ചപ്പോൾ അതു ബോധ്യപ്പെട്ടതാണ്. അനാവശ്യമായി ഇടപെടൽ നടത്തുന്നുവെന്ന തോന്നലാണവർക്ക്. ഇന്ത്യ വേണ്ടവിധം സഹായിച്ചില്ലെന്ന തോന്നലാണ് തമിഴ് വംശജർക്ക്. ബംഗ്ലാദേശിന്റെ കാര്യത്തിലെന്ന പോലെ സൈനിക ഇടപെടലിലൂടെയുള്ള ഒരു മോചനത്തിന് ഇന്ത്യ സഹായിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. അതു നടക്കാതെ പോയതിലുള്ള നിരാശയാണവർക്ക്. ഇന്ത്യയുടെ വല്യേട്ടൻ മനോഭാവത്തിനെതിരായിട്ടാണ് സിംഹളർ ചൈനയോട് കൂറുപുലർത്തുന്നത്.
ചൈനയുടെ താൽപര്യങ്ങൾ
പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പേരിൽ ചൈനയും ജപ്പാനുമൊക്കെ നൽകുന്ന സഹായങ്ങൾ അവർക്ക് താങ്ങാനാകാത്തതാണ്. ചൈന കാണിച്ച താൽപര്യങ്ങളൊക്കെ സ്വന്തം കാര്യം നോക്കാനുള്ളതായിരുന്നു. അവർക്ക് രാജപക്സെയോട് അടുപ്പമൊന്നുമായിരുന്നില്ല. ചൈനയെ മാറ്റിനിർത്തി സാർക് രാജ്യങ്ങളെ ഒന്നിച്ചു നിർത്തി ശ്രീലങ്കയെ രക്ഷിച്ചെടുക്കുന്നതാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ താൽപര്യത്തിന് നല്ലത്. എന്നാൽ അതിനൊന്നും പറ്റുന്ന അവസ്ഥയിലല്ല ശ്രീലങ്ക.
തകർച്ച, പലായനം, കലാപം...
ഞാൻ അവസാനമായി ശ്രീലങ്ക സന്ദർശിച്ചത് 2019 ലായിരുന്നു. അക്കാലത്ത് ഒരു ലീറ്റർ പെട്രോളിന് 110 ശ്രീലങ്കൻ രൂപയായിരുന്നു വില. അന്ന് 40 പൈസയ്ക്ക് ഒരു ശ്രീലങ്കൻ രൂപ കിട്ടുമായിരുന്നു. അതാണ് ഇപ്പോൾ ഇരട്ടിയായിരിക്കുന്നത്. ഇപ്പോഴത്തെ വിലവർധനവിനെയും പൂഴ്ത്തിവയ്പിനെയും കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എന്തായാലും രാജപക്സെക്കെതിരായ ജനവികാരം ശക്തമാണ്. പഴയ അപ്രമാദിത്തവും അവസാനിച്ചു. ഒരു കലാപത്തിന്റെ വക്കിലാണ് ജനത. സൈന്യത്തിന്റെ പിന്തുണയുള്ളതുകൊണ്ടു മാത്രമാണ് രാജപക്സെ അതിജീവിക്കുന്നത്. രാജ്യത്തുനിന്ന് വലിയൊരു വിഭാഗം അഭയാർഥികളായി പലായനം ചെയ്തു തുടങ്ങി.
സിലോണെന്ന ഭൂതകാലം
മനുഷ്യ വികസന സൂചികയിൽ കേരളത്തിനൊപ്പമായിരുന്നു ശ്രീലങ്കയുടെ സ്ഥാനം. ‘ഗൾഫ് ബൂം’ തുടങ്ങുന്നതിനു മുൻപ് സിലോണിലേക്കായിരുന്നു ഇവിടെ നിന്ന് ആളുകൾ പൊയ്ക്കോണ്ടിരുന്നത്. മൂന്നര മണിയുടെ സിലോൺ റേഡിയോ കേട്ട് ഉണർന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്രയ്ക്ക് അടുപ്പമുണ്ടായിരുന്ന രാജ്യമായിരുന്നു ശ്രീലങ്ക. കൊളംബോയിൽ കച്ചവടം നടത്തിയിരുന്നവരും തേയിലത്തോട്ടങ്ങളിൽ പണിയെടുത്തിരുന്നവരുമായ ഇന്ത്യക്കാരുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥാനങ്ങളിൽ ഇരുന്നവരുമുണ്ട്.
അന്ന് ശ്രീലങ്ക ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കൊളംബോ ടിക്കറ്റ് എടുക്കാമായിരുന്നു. ധനുഷ്കോടി വരെ എത്തിക്കഴിഞ്ഞാൽ അവിടെ നിന്ന് ബോട്ടിലെത്തി ടിക്കറ്റെടുത്ത് കൊളംബോയിൽ പോകാമായിരുന്നു. മദ്രാസിൽനിന്ന് കൊളംബോയിലേക്ക് നേരിട്ട് ട്രെയിനുണ്ടായിരുന്നു. ബോട്ട് മെയിൽ എന്നാണത് അറിയപ്പെട്ടിരുന്നത്. ബോട്ടു യാത്രയുടെയും അടുത്ത ട്രെയിൻ യാത്രയുടെയും ചെലവ് ഉൾപ്പെടുത്തിയാണ് ടിക്കറ്റ്.
ഉദാരവൽക്കരണത്തിന്റെ പാഠങ്ങൾ
1970കളിൽ ജയവർധനെയുടെ കാലത്താണ് അവിടെ സാമ്പത്തിക ഉദാരീകരണം ആരംഭിച്ചത്. ഒരു ദ്വീപുരാജ്യമെന്ന നിലയിൽ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്ന രാജ്യമാണത്. ഉദാരവൽക്കരണ സമയത്ത് ശ്രീലങ്കയെന്ന വിപണിയുടെ സാധ്യതയാണ് മറ്റു രാജ്യങ്ങൾ കണ്ടത്. അത്തരം മാറ്റത്തിന് അനുസൃതമായ ആസൂത്രണത്തിനു സർക്കാരുകൾക്കു കഴിഞ്ഞില്ല. ടൂറിസമാണ് അവിടുത്തെ പ്രധാന വരുമാനം. അതിന്റെ അനുബന്ധമായ ധാരാളം വികസനങ്ങൾ അവിടെയുണ്ട്. അത് എല്ലാകാലവും വിശ്വസിക്കാൻ കഴിയുന്ന ഒന്നല്ല. മറ്റു രാജ്യങ്ങളെ നിരന്തരമായി ആശ്രയിക്കേണ്ടി വരുന്ന ഒരു സാഹചര്യമാണ്.
തേയില കയറ്റുമതിയും പ്രവാസി വരുമാനവുമായിരുന്നു മറ്റൊരു ശക്തി. എന്നാൽ കോവിഡ് അതിനെയൊക്കെ തകർത്തുകളഞ്ഞു. ആഭ്യന്തര യുദ്ധത്തിൽ റെയിൽവേ ഗതാഗതം തകർന്നു. ടൂറിസം വരുമാനത്തെപ്പോലും അത് ബാധിച്ചു. 2015 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ മഹീന്ദ രാജപക്സെ പരാജയപ്പെടാൻ കാരണം യുദ്ധവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിൽ ആയിരുന്നില്ല. വമ്പിച്ച അഴിമതിയും സ്വജനപക്ഷപാതവും കാരണം സ്വന്തം പാർട്ടിയിൽത്തന്നെ അദ്ദേഹത്തെ പിന്തുണച്ചവർ എതിരാവുകയായിരുന്നു.
ഇന്നത്തെ ശ്രീലങ്കൻ പ്രസിഡന്റും രാജപക്സെയുടെ സഹോദരനുമായ ഗോട്ടബായ രാജപക്സെ ആയിരുന്നു അക്കാലത്തെ ആഭ്യന്തരമന്ത്രി. താഴത്തെ തട്ടുകളിലും രാജപക്സെ കുടുംബത്തിന്റെ ആധിപത്യമായിരുന്നു. രാജ്യത്തിന്റെ താൽപര്യങ്ങൾക്കല്ല വ്യക്തിപരമായ പരിഗണനകൾക്കാണ് അവർ മുൻതൂക്കം നൽകിയത്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ തകർച്ച. യുദ്ധത്തിലുണ്ടായ തകർച്ച പരിഹരിക്കാൻ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വൻതോതിൽ കടമെടുത്തതും ദീർഘവീക്ഷണമില്ലാതെയാണ്. കൊളംബോ തുറമുഖം നിലനിൽക്കെത്തന്നെ രാജപക്സെയുടെ നാട്ടിൽ ചൈനയുടെ മാത്രം താൽപര്യം കണക്കിലെടുത്തു ഹംബൻതോട തുറമുഖം നിർമിച്ചത് ഒരുദാഹരണം മാത്രം.
വിദേശ നാണയ പ്രതിസന്ധി ഇന്ത്യയ്ക്കും ഉണ്ടായിരുന്നു. അത് ദീർഘവീക്ഷണത്തോടെയാണ് ഇന്ത്യ കൈകാര്യം ചെയ്തത്. എന്നാൽ ശ്രീലങ്ക അക്കാര്യത്തിൽ പല എടുത്തു ചാട്ടങ്ങളും നടത്തി. അതിലൊന്നാണ് ജൈവകൃഷി വ്യാപനം. അസുഖങ്ങളെ പ്രതിരോധിക്കാനും ജനങ്ങളുടെ ആരോഗ്യത്തിനും വേണ്ടിയാണ് അതെന്നാണ് സർക്കാർ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. യഥാർഥത്തിൽ രാസവള ഇറക്കുമതി കുറയ്ക്കാനുള്ള തന്ത്രമായിരുന്നു. ശ്രീലങ്കയ്ക്ക് വിദേശനാണ്യം നൽകിക്കൊടുത്തിരുന്ന തേയില ഉൽപാദനമുൾപ്പെടെയുള്ള കാർഷിക ഉൽപന്ന മേഖലയിൽ കടുത്ത തിരിച്ചടിയാണ് അതുണ്ടാക്കിയത്.
ഒഴിവാക്കാമായിരുന്ന വംശഹത്യ
പ്രഭാകരനും സംഘത്തിനും മുന്നിൽ വംശഹത്യയെന്ന ദുരന്തം ഒഴിവാക്കാൻ ഒട്ടേറെ വഴികളുണ്ടായിരുന്നു. എന്നാൽ ഓരോ സമാധാന ശ്രമങ്ങളെയും തകർത്തത് രാജ്യാന്തര ആയുധവ്യാപാരികളാണ്. ഐക്യരാഷ്ട്ര സംഘടനയെ നോക്കുകുത്തിയാക്കിയാണവർ പ്രവർത്തിച്ചത്. ആയുധ ഇടപാടിന് ചുക്കാൻ പിടിച്ചത് ആന്റൺ ബാലസിംഹമായിരുന്നു. അയാളുടെ തകർച്ചയാണ് പ്രഭാകരനെ തളർത്തിയത്. വടക്കൻ ശ്രീലങ്ക എൽടിടിഇയുടെ നിയന്ത്രണത്തിലായിരുന്ന കാലത്ത് നേപ്പാളിലെ പ്രചണ്ഡയെപ്പോലെ ആയുധം താഴെ വച്ച് സമാധാന പ്രക്രിയയിലേക്ക് അവർക്ക് നീങ്ങാമായിരുന്നു. അതു സംഭവിച്ചില്ല.
തമിഴ് പ്രദേശങ്ങൾ വിട്ടുകൊടുത്തുകൊണ്ടുള്ള ഒത്തുതീർപ്പിനു രാജപക്സെയ്ക്കു കഴിയില്ലായിരുന്നു. എങ്കിലും തമിഴ് വംശജരെ അവിടുത്തെ പൗരന്മാരായി അംഗീകരിക്കാമായിരുന്നു. എന്നാൽ അതിനൊന്നും രാജപക്സെ ഒരുക്കമായിരുന്നില്ല. അതിനു പിന്നിൽ ഉത്തമ രാജ്യതാൽപര്യവുമായിരുന്നില്ല. വർഷങ്ങൾ നീണ്ടു നിന്ന ഒരു ആഭ്യന്തര യുദ്ധത്തിലൂടെയാണ് ശ്രീലങ്ക കടന്നു പോയത്. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെയും കുടുംബത്തിന്റെയും കൊലപാതകത്തോടെയാണ് അത് അവസാനിച്ചത്. യുദ്ധം ജയിച്ചെങ്കിലും രാജ്യം വലിയ ദുരന്തത്തിലെത്തിയിരുന്നു. അതു പരിഹരിക്കുന്നതിൽ മഹീന്ദ രജപക്സെ ഭരണാധികാരിയെന്ന നിലയിൽ വൻ പരാജയമായിരുന്നു.
English Summary: Insider Interview with Noted Writer TD Ramakrishnan on Sri Lankan Crisis