‘പാടമാണെന്ന് അറിഞ്ഞ് ഭൂമി വാങ്ങിയവർ ‘ഉടമ’യല്ല; ഇവിടെയിനി നെൽകൃഷി ചെയ്യാം’
നെൽവയലിന്റെ ഉടമയ്ക്കു താമസിക്കാൻ വീടുവയ്ക്കാൻ വേണ്ടി പരിവർത്തനത്തിന് അനുമതി നൽകാനാണു നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ പരമാവധി 4.04 ആർ, നഗരപ്രദേശങ്ങളിൽ പരമാവധി 2.2 ആർ എന്നിങ്ങനെയാണു നികത്താൻ കഴിയുന്നത്. ഒറിജിനൽ ഉടമ ആണെങ്കിലും അനുമതി കിട്ടാൻ വ്യവസ്ഥകൾ ബാധകമാണ്. | Kerala Conservation of Paddy Land and Wetland Act | Kerala High Court | Manorama Online
നെൽവയലിന്റെ ഉടമയ്ക്കു താമസിക്കാൻ വീടുവയ്ക്കാൻ വേണ്ടി പരിവർത്തനത്തിന് അനുമതി നൽകാനാണു നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ പരമാവധി 4.04 ആർ, നഗരപ്രദേശങ്ങളിൽ പരമാവധി 2.2 ആർ എന്നിങ്ങനെയാണു നികത്താൻ കഴിയുന്നത്. ഒറിജിനൽ ഉടമ ആണെങ്കിലും അനുമതി കിട്ടാൻ വ്യവസ്ഥകൾ ബാധകമാണ്. | Kerala Conservation of Paddy Land and Wetland Act | Kerala High Court | Manorama Online
നെൽവയലിന്റെ ഉടമയ്ക്കു താമസിക്കാൻ വീടുവയ്ക്കാൻ വേണ്ടി പരിവർത്തനത്തിന് അനുമതി നൽകാനാണു നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ പരമാവധി 4.04 ആർ, നഗരപ്രദേശങ്ങളിൽ പരമാവധി 2.2 ആർ എന്നിങ്ങനെയാണു നികത്താൻ കഴിയുന്നത്. ഒറിജിനൽ ഉടമ ആണെങ്കിലും അനുമതി കിട്ടാൻ വ്യവസ്ഥകൾ ബാധകമാണ്. | Kerala Conservation of Paddy Land and Wetland Act | Kerala High Court | Manorama Online
കൊച്ചി ∙ ഹൈക്കോടതി ഫുൾബെഞ്ച് വിധി വന്നതോടെ, കൃഷിയാവശ്യങ്ങൾക്കല്ലാതെ നെൽവയൽ അനിയന്ത്രിതമായി ക്രയവിക്രയം ചെയ്യുന്നത് ഒഴിവാകും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 ഓഗസ്റ്റ് 18നു പ്രാബല്യത്തിൽ വന്ന ശേഷം വീടുവയ്ക്കാൻ മാത്രമായി ഒരുതുണ്ടു പാടം വാങ്ങിയവർക്ക് അതു നികത്താൻ അർഹതയില്ലെന്നാണു ഹൈക്കോടതി ഫുൾബെഞ്ച് വ്യക്തമാക്കിയത്. ഇതോടെ, നിയമം വന്ന ശേഷം പാരമ്പര്യമായി നെൽവയൽ കൈമാറി കിട്ടിയവർക്കും വീടുവയ്ക്കാൻ അനുമതി കിട്ടണമെന്നില്ല. ഏതായാലും ഈ വിഷയം ഇനിയും വ്യവഹാരങ്ങളിലേക്കു നീളാനും സാധ്യതയുണ്ട്.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് നിയമത്തിലെ 27 എയിൽ പറയുന്ന വ്യവസ്ഥകൾ. ‘വിജ്ഞാപനം ചെയ്തിട്ടില്ലാത്ത ഭൂമി’ പാർപ്പിടാവശ്യത്തിനോ മറ്റോ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നപക്ഷം ആർഡിഒയ്ക്ക് അപേക്ഷ നൽകാൻ ഉടമയ്ക്കു സാധ്യമാണെന്ന് ഈ വകുപ്പിൽ പറയുന്നു. നിയമം വരുന്നതിനു മുൻപു നികത്തിയതും അടിസ്ഥാന നികുതി റജിസ്റ്ററിൽ പാടം എന്നു രേഖപ്പെടുത്തിയതും, എന്നാൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്തതോ അല്ലെങ്കിൽ റിമോട്ട് സെൻസിങ് സെന്ററിന്റെയോ എൽഎൽഎംസിയുടെയോ റിപ്പോർട്ടിൽ പാടം എന്നു പറയാത്തതോ ആയ ഭൂമിയാണു ‘വിജ്ഞാപനം ചെയ്തിട്ടില്ലാത്ത ഭൂമി എന്നതു കൊണ്ട് അർഥമാക്കുന്നത്.
∙ നിയമത്തിൽ ഇളവ്
നെൽവയലിന്റെ ഉടമയ്ക്കു താമസിക്കാൻ വീടുവയ്ക്കാൻ വേണ്ടി പരിവർത്തനത്തിന് അനുമതി നൽകാനാണു നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ പരമാവധി 4.04 ആർ, നഗരപ്രദേശങ്ങളിൽ പരമാവധി 2.2 ആർ എന്നിങ്ങനെയാണു നികത്താൻ കഴിയുന്നത്. ഒറിജിനൽ ഉടമ ആണെങ്കിലും അനുമതി കിട്ടാൻ വ്യവസ്ഥകൾ ബാധകമാണ്.
ജില്ലയിൽ വീടു വയ്ക്കാൻ മറ്റു ഭൂമിയുണ്ടാകരുത്. നികത്തുന്നതു കൊണ്ട് പരിസ്ഥിതി ആഘാതമില്ലെന്നും സമീപ വയലുകളിലെ കൃഷിയെ ബാധിക്കില്ലെന്നും മറ്റുമുള്ള വ്യവസ്ഥകൾ കൂടി പരിശോധിച്ചാണ് പ്രാദേശിക തല നിരീക്ഷണ സമിതി (എൽഎൽഎംസി) ജില്ലാ ഓതറൈസേഷൻ കമ്മിറ്റിക്കു (ഡിഎൽഎസി) ശുപാർശ നൽകുന്നത്. ഡിഎൽഎസിയുടെ തീരുമാനത്തിന്മേൽ 30 ദിവസത്തിനകം കലക്ടർക്ക് അപ്പീൽ നൽകാൻ വ്യവസ്ഥയുണ്ട്. വീടുവയ്ക്കാൻ നെൽവയലിന്റെ പരിവർത്തനത്തിന് അനുമതി നൽകുന്ന കേസുകളിൽ റവന്യു രേഖകളിൽ ഭൂമിയുടെ തരം മാറ്റി നൽകേണ്ടതില്ലെന്നു റവന്യു വകുപ്പിന്റെ സർക്കുലറുണ്ട്. ഇളവു തേടുന്ന അപേക്ഷകളിൽ ഭൂമിയുടെ തരംമാറ്റത്തിനുള്ള ഫോറം –6 അപേക്ഷ പരിഗണിക്കാൻ പാടില്ലെന്നാണു സർക്കുലർ.
∙ ഫുൾ ബെഞ്ച് വിധി
നിയമം വരുമ്പോൾ, നെൽവയലിന് ഉടമകളായ വ്യക്തികൾക്കു മാത്രമാണ് നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ പ്രകാരം നികത്താനോ പരിവർത്തനം ചെയ്യാനോ അനുമതി തേടാനാകുന്നതെന്നു വ്യക്തമാക്കുന്നതാണു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരുൾപ്പെട്ട ഫുൾബെഞ്ചിന്റെ വിധി. ആലുവ കുന്നത്തേരി സ്വദേശി ഇ.കെ.സബീന നൽകിയതുൾപ്പെടെ ഒരുകൂട്ടം ഹർജികളിലായിരുന്നു ഫുൾബെഞ്ചിന്റെ വിധി.
പാടം ആണെന്ന് അറിഞ്ഞുകൊണ്ട് ഭൂമി വാങ്ങിയവർ നിയമപ്രകാരം ഇളവിന് അർഹതയുള്ള ‘ഉടമ’യുടെ നിർവചനത്തിൽ വരില്ലെന്നു കോടതി വ്യക്തമാക്കി. നിയമം വന്ന ശേഷം നെൽപ്പാടം വാങ്ങിയവർക്ക് ആ ഭൂമി നെൽകൃഷിക്ക് ഉപയോഗിക്കാം; അയാൾ നെൽവയലിന്റെ ഉടമയാണ്. അല്ലാതെ വീടു നിർമാണത്തിന് ഇളവു നൽകുന്ന 5(3), 9 നിയമ വ്യവസ്ഥകളുടെ ആനുകൂല്യത്തിന് അർഹതയില്ല. ഉദാഹരണത്തിന് ഒരേക്കർ പാടം ഉള്ളയാൾ വീടു പണിയാൻ ഭൂമിയില്ലാത്ത 10 പേർക്കു വിറ്റാൽ, ഈ 10 പേർക്കും നികത്താൻ സാധ്യമാണെങ്കിൽ നിയമം വഴി കൊണ്ടുവന്ന നിരോധനം നിഷ്ഫലമാകും.
നിയമത്തിന്റെ ലക്ഷ്യം കൂടി പരിഗണിച്ചേ ഉടമ എന്ന വാക്കിനു വ്യാഖ്യാനം നൽകാൻ സാധിക്കൂ എന്നു കോടതി പറഞ്ഞു. നിയമം വന്നതിനു മുൻപുള്ള ഉടമയെയും അതിനു ശേഷമുള്ള ഉടമയെയും തമ്മിൽ വേർതിരിക്കുന്നതു വിവേചനമാണെന്നും നികത്തൽ നിയന്ത്രിക്കണം എന്നല്ലാതെ സമ്പൂർണ നിരോധനം നിയമത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. നിയമത്തിനു മുൻപും പിൻപുമുള്ള എല്ലാ ഉടമകൾക്കും അപേക്ഷിക്കാൻ അർഹതയുണ്ടെന്നു ഹർജിക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
∙ തിരിച്ചും മറിച്ചും വിധികൾ
നിയമം പ്രാബല്യത്തിൽ വന്ന ശേഷം നെൽവയൽ വാങ്ങിയവർക്കു വീടുനിർമാണത്തിന് അനുമതി നൽകാനാകുമോ എന്ന നിയമപ്രശ്നത്തിൽ ഹൈക്കോടതിയുടെതന്നെ വ്യത്യസ്ത ബെഞ്ചുകളുടെ വിധികൾ പരസ്പര വിരുദ്ധമായ സാഹചര്യത്തിലാണ് ഈ നിയമപ്രശ്നം ഫുൾബെഞ്ചിലേക്കു റഫർ ചെയ്തത്. 2008നു ശേഷം പാടം വാങ്ങിയവർക്കു വീടു വയ്ക്കാൻ നികത്താൻ ഇളവിന് അപേക്ഷിക്കാനാവില്ലെന്നു ‘തങ്കച്ചൻ കേസി’ൽ സിംഗിൾ ബെഞ്ച് വ്യക്താക്കി. ‘യൂസഫ് ചാലിൽ കേസി’ലും സിംഗിൾ ബെഞ്ച് ഇതേ തത്വം പിൻതുടർന്നു. ‘യൂസഫ് ചാലിൽ’ കേസ് ഡിവിഷൻ ബെഞ്ചിൽ എത്തിയപ്പോൾ ഇത് അസാധുവാക്കിക്കൊണ്ട്, 2008നു ശേഷം പാടം വാങ്ങിയവർക്കും വീടു വയ്ക്കാൻ നികത്തലിന് അപേക്ഷിക്കാൻ സാധ്യമാണെന്നു വ്യക്തമാക്കി.
അതേസമയം, ‘ആർ. സുധീഷ്’ കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് നിയമം വരുമ്പോൾ ഉടമയായിരുന്നവർക്കു മാത്രമാണ് ഇളവ് എന്നു വ്യക്തമാക്കി. മറിച്ച് ‘കെ. മുരളി’ കേസിൽ പിൻതുടർന്നതു ‘യൂസഫ് ചാലിൽ’ കേസിലെ ഡിവിഷൻ ബെഞ്ച് വിധിയാണ്. 2008ൽ നിയമം വന്ന ശേഷം നെൽവയൽ വാങ്ങിയവർക്കു വീടു പണിക്കു നികത്താൻ അനുമതിക്ക് അപേക്ഷിക്കാനാവില്ലെന്ന തങ്കച്ചൻ, യൂസഫ് ചാലിൽ, ആർ. സുധീഷ് കേസുകളിലെ സിംഗിൾ ജഡ്ജിയുടെ വിധികളിലെ തത്വം ശരിയാണെന്നു ഫുൾബെഞ്ച് വ്യക്തമാക്കി. ഇതിനു വിരുദ്ധമായി ഡിവിഷൻ ബെഞ്ച് ‘യൂസഫ് ചാലിൽ’ കേസിൽ നൽകിയ ഉത്തരവു തെറ്റാണെന്നും വ്യക്തമാക്കി.
∙ നിയമത്തിന്റെ ലക്ഷ്യം മാനിക്കണം
നെൽവയൽ നികത്തി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു തടഞ്ഞ് സംരക്ഷിക്കുക എന്ന കാർഷിക നയത്തിന്റെ ഭാഗമായാണു സർക്കാർ നിയമം കൊണ്ടുവന്നതെന്നും നിയമത്തിന്റെ ലക്ഷ്യം കണക്കിലെടുത്തുള്ള വ്യാഖ്യാനം ആണു സാധിക്കുന്നതെന്നും ഫുൾബെഞ്ച് വ്യക്തമാക്കി. നിയമം വരുന്നതിനു മുൻപേ നികത്തിയ നെൽവയലുകളുടെ ഉപയോഗം അനുവദിക്കുക, എന്നാൽ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതും നിയമം വരുമ്പോൾ ഉണ്ടായിരുന്നതുമായ നെൽവയൽ സംരക്ഷിക്കുക എന്നതാണു നിയമത്തിന്റെ ലക്ഷ്യം.
കുട്ടനാടും പാലക്കാടും കേരളത്തിന്റെ നെല്ലറകളാണെന്നു പറയുമ്പോഴും കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി കർഷകർ നെൽകൃഷി വിട്ടു മറ്റു വിളകളിലേക്കു തിരിയുന്ന പ്രവണതയുണ്ട്. 1970ൽ 8 ലക്ഷം ഹെക്ടറിൽ നെൽകൃഷി ഉണ്ടായിരുന്നതു നികത്തലിന്റെ ഫലമായി 2000 ആയപ്പോൾ 2 ലക്ഷം ഹെക്ടർ ആയി കുറഞ്ഞു. 80% നെല്ലിന്റെ ആവശ്യം നിറവേറുന്നതു മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. പരിസ്ഥിതി നാശം, നീർത്തട ശോഷണം, മണ്ണൊലിപ്പ്, മണ്ണിന്റെ ഫലഭൂയിഷ്ഠതയിലെ കുറവ്, കിണറുകളിലും കുളങ്ങളിലും ജലക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ രൂക്ഷമാകുന്നു. തണ്ണീർത്തടങ്ങളുടെ പരിവർത്തനം പരിസ്ഥിതി സംതുലനം ഇല്ലാതാക്കുന്നു. ഈ സാഹചര്യത്തിലാണു കാർഷിക നയത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമം കൊണ്ടുവന്നതെന്നു ഫുൾബെഞ്ച് ചൂണ്ടിക്കാട്ടി.
ഒരുകാലത്തു നെല്ല് ഉൽപാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തമായിരുന്നു. പിന്നീട് മറ്റു വിളകളിലേക്കു തിരിഞ്ഞു, നിലം നികത്തി കെട്ടിടം പണിയും തുടങ്ങി. 1967ലെ കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡറിൽ കലക്ടർമാരിൽനിന്ന് അനുമതി തേടാൻ വ്യവസ്ഥയുണ്ടായിരുന്നു. നികത്തലും പരിവർത്തനവും തടയാൻ അതു ഫലപ്രദമല്ലെന്നു കണ്ടാണ് 2008ൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. ഓരോരോ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ 2011, 2015, 2016, 2018, 2020 വർഷങ്ങളിൽ ഭേദഗതി കൊണ്ടുവന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
2008ലെ നിയമ വ്യവസ്ഥയനുസരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ ഡേറ്റാ ബാങ്ക് തയാറാക്കാനുള്ള അധികാരം പ്രാദേശികതല അവലോകന സമിതികൾക്കാണ്. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമികളിൽ ചിലത് നേരത്തേ നികത്തിയെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം ആർഡിഒയ്ക്കു നൽകി നിയമത്തിൽ 5(4) വകുപ്പ് ഉൾപ്പെടുത്തി. വിജ്ഞാപനം ചെയ്തിട്ടില്ലാത്ത നെൽവയലിന്റെ പരിവർത്തനത്തിന് അനുമതി നൽകാനാണ് 2017ൽ 27 (എ) വകുപ്പ് കൊണ്ടുവന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
∙ ഹർജികളിലെ തീർപ്പ്
ഹർജികളിൽ, ആലപ്പുഴ തുറവൂർ സ്വദേശി പി.ജിനിമോളുടെ കേസിൽ ഭൂമി കിട്ടിയതു സെറ്റിൽമെന്റ് ഡീഡ് (വിലനിശ്ചയ ആധാരം) പ്രകാരം ആയതിനാൽ തൈക്കാട്ടുശേരിയിലെ പ്രാദേശിക തല അവലോകന സമിതി അനുമതി അപേക്ഷ പുനപരിശോധിക്കണമെന്നു കോടതി നിർദേശിച്ചു. 2008നു ശേഷം ഭൂമി വാങ്ങിയവർ നൽകിയ മറ്റു ഹർജികൾ കോടതി തള്ളി.
ജിനിമോളുടെ കേസിൽ ഉടമ മരിച്ചതിനെ തുടർന്നു അനന്തരാവകാശികൾ 2018 ജൂലൈ 12ലെ സെറ്റിൽമെന്റ് ഡീഡ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണു 34.81 ആർ പാടഭൂമി കൈമാറി കിട്ടിയത്. ഹൈക്കോടതി ഫുൾബെഞ്ച് വിധിയിലെ തത്വം അനുസരിച്ച് നെൽവയലിന്റെ ഉടമ ആരാണെന്നതും മറ്റു വ്യവസ്ഥകളും വിലയിരുത്താൻ വേണ്ടിയാണു പ്രാദേശിക തല അവലോകന സമിതിയോടു പുനഃപരിശോധനയ്ക്കു നിർദേശിച്ചിട്ടുള്ളത്.
Content Highlight: Kerala high court order on Paddy Conversion