രാജന്റെ കാമുകിയെ തട്ടിയെടുത്ത് ഭാര്യയാക്കിയ കുഞ്ഞി; ദാവൂദ് കൊലപ്പണം നൽകിയ 'ബഡാ'
ഒരിക്കൽ ട്രെയിനിൽ വച്ച് ഗോൾഡൻ ഗ്യാങ്ങിന്റെ എതിരാളികൾ രാജനെ വളഞ്ഞു കാലിൽ വെട്ടി. ചോരയൊലിപ്പിക്കുന്ന കാലുമായി എല്ലാവരെയും ആക്രമിച്ചു തുരത്തിയതോടെയാണ് അധോലോകം രാജനെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനിടെ കള്ളക്കടത്തു സാധനങ്ങൾ വിൽക്കുന്നതിന്റെ ഇടനിലയും ഏറ്റെടുത്തു. ടിക്കറ്റ് കരിഞ്ചന്തയിലേക്കും വഴി മാറി. മുക്കാൽ പങ്ക് തിയറ്ററുകളും കൈപ്പിടിയിലാക്കിയതോടെ ചെമ്പൂർ രാജൻ പേരൊന്നു പുതുക്കി– രാജൻ മഹാദേവൻ നായർ...
ഒരിക്കൽ ട്രെയിനിൽ വച്ച് ഗോൾഡൻ ഗ്യാങ്ങിന്റെ എതിരാളികൾ രാജനെ വളഞ്ഞു കാലിൽ വെട്ടി. ചോരയൊലിപ്പിക്കുന്ന കാലുമായി എല്ലാവരെയും ആക്രമിച്ചു തുരത്തിയതോടെയാണ് അധോലോകം രാജനെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനിടെ കള്ളക്കടത്തു സാധനങ്ങൾ വിൽക്കുന്നതിന്റെ ഇടനിലയും ഏറ്റെടുത്തു. ടിക്കറ്റ് കരിഞ്ചന്തയിലേക്കും വഴി മാറി. മുക്കാൽ പങ്ക് തിയറ്ററുകളും കൈപ്പിടിയിലാക്കിയതോടെ ചെമ്പൂർ രാജൻ പേരൊന്നു പുതുക്കി– രാജൻ മഹാദേവൻ നായർ...
ഒരിക്കൽ ട്രെയിനിൽ വച്ച് ഗോൾഡൻ ഗ്യാങ്ങിന്റെ എതിരാളികൾ രാജനെ വളഞ്ഞു കാലിൽ വെട്ടി. ചോരയൊലിപ്പിക്കുന്ന കാലുമായി എല്ലാവരെയും ആക്രമിച്ചു തുരത്തിയതോടെയാണ് അധോലോകം രാജനെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനിടെ കള്ളക്കടത്തു സാധനങ്ങൾ വിൽക്കുന്നതിന്റെ ഇടനിലയും ഏറ്റെടുത്തു. ടിക്കറ്റ് കരിഞ്ചന്തയിലേക്കും വഴി മാറി. മുക്കാൽ പങ്ക് തിയറ്ററുകളും കൈപ്പിടിയിലാക്കിയതോടെ ചെമ്പൂർ രാജൻ പേരൊന്നു പുതുക്കി– രാജൻ മഹാദേവൻ നായർ...
‘അഞ്ഞൂറ്റിയിലെ മൈക്കിളപ്പയെ ‘ചാമ്പാൻ’ കോച്ചേരിയിലെ ഇരവിപ്പിള്ളയുടെ കൊച്ചുമോൻ രാജൻ മാധവൻ നായർ വരുന്നു. ബോംബേല് അയാള് അറിയപ്പെടുന്നത് വേറെ പേരിലാ, ബഡാ രാജൻ...’
പാതിരാത്രിക്ക് ഒടിടിയിൽ ‘ഭീഷ്മപർവം’ സിനിമ വന്നപാടേ കാണാനിരുന്നപ്പോൾ, സംഗതിയങ്ങ് ബോംബെ അധോലോകത്തിലേക്കു പോകുമെന്നോ അവിടുന്നു ബഡാ രാജൻ കോട്ടുമിട്ടു ബെൻസിൽ കയറി സ്ലോ മോഷനിൽ ലാൻഡ് ചെയ്യുമെന്നോ പ്രതീക്ഷിക്കുന്നില്ലല്ലോ. കാര്യം നമ്മൾ മണ്ണിലേക്കു പിച്ചവയ്ക്കുന്നതിനു മുൻപേ സീൻ വിട്ട കക്ഷിയാണെങ്കിലും ഇരിങ്ങാലക്കുടയിൽ നിന്നു പഴയ ബോബെയിലെത്തി, അവിടെ ‘ഡോൺ’ ആയ ബഡാ രാജന്റെ കഥകൾ പലതു കേട്ടിട്ടുണ്ട്. ചോര ചീറിയുണങ്ങിയ ബോംബെ ഗലികളെ അങ്ങനെയങ്ങു മറക്കാൻ വാർത്തകൾ സമ്മതിക്കാറുമില്ല. തടവിൽ കിടക്കുന്ന ഛോട്ടാ രാജനും എന്നും പുകയുന്ന ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും അധോലോകത്തിന്റെ ഇരുണ്ട കാലങ്ങളെ വല്ലാതെ ഓർമപ്പെടുത്തും.
ചോർ ബസാറിൽ നിന്ന് ആദ്യം ചെമ്പൂർ രാജനിലേക്ക്
ഇരിങ്ങാലക്കുടയിലെ താണിശ്ശേരി കരുവീട്ടിൽ മാധവൻ (മഹാദേവൻ) നായരുടെയും അച്ചുക്കുട്ടിയമ്മയുടെയും മകൻ രാജൻ, കിഴക്കൻ ബോംബെയിലെ ചേരിയിലായിരുന്നു താമസം. ചെറിയ പ്രായത്തിൽ തന്നെ തയ്യൽപ്പണികൾക്കു പോയി. പിന്നെ ഒരു കൊച്ചു ഫാക്ടറിയിലെ ജോലിക്ക്. അവിടെ നിന്നു കിട്ടുന്ന ശമ്പളം ഒരാഴ്ചയ്ക്കു പോലും തികയാതെ വന്നപ്പോൾ രാജനും ചങ്ങാതിമാരും വട്ടംകൂടി– കാശെറിഞ്ഞ് കാശുവാരാൻ ബോംബെയിൽ ഏറ്റവും പറ്റുന്ന ജോലി എന്ത്? കള്ളക്കടത്ത്, മോഷണം, അധോലോക ഗുണ്ടായിസം അങ്ങനെ ഉത്തരവും അവർ പരസ്പരം പറഞ്ഞു.
കരിംലാലയും വരദരാജ മുതലിയാരും ഹാജി മസ്താനും അണ്ടർവേൾഡ് ദാദമാരായി കത്തിനിൽക്കുന്ന കാലമാണ്. ദാവൂദ് ഇബ്രാഹിമും കൂട്ടരും കാലുറപ്പിച്ചു വരുന്നുമുണ്ട്. ഇതിനിടയ്ക്ക് ഓരോ കോണിലും ഛോട്ടാ ഗ്യാങ്ങുകൾ വേറെ. ഗലികളിൽ ‘ഹഫ്ത’ നൽകിയാലേ ജീവിക്കാൻ പറ്റുമായിരുന്നുള്ളൂ. ഏതെങ്കിലും ഒരു ദാദയിൽനിന്നു ജനങ്ങൾക്കു ‘സംരക്ഷണം’ നൽകാൻ വേറൊരു ദാദ വാങ്ങുന്ന ഗുണ്ടാപ്പിരിവാണ് ഈ ഹഫ്ത. എന്നാൽപ്പിന്നെ ആ വഴിക്കു തന്നെ എന്നുറപ്പിച്ച രാജനും കൂട്ടരും മോഷണ സാധനങ്ങൾ വിൽക്കുന്ന ‘ചോർ ബസാറി’ൽ അന്നു തന്നെ പോയി. ചില ഇടനിലക്കാരുമായി ഡീൽ തരപ്പെടുത്തിയതിനൊപ്പം ബസാറിൽ ഏറ്റവും ഡിമാൻഡുള്ള വസ്തുവേതെന്നും മനസ്സിലാക്കി– ടൈപ് റൈറ്റർ!
സേവറയിലെ ഫാക്ടറിയിൽ മാനേജരുടെ മേശവലിപ്പിൽ നിന്ന് ഇടയ്ക്കിടെ കാശ് മോഷ്ടിച്ചിരുന്ന രാജൻ, അവിടെനിന്നു മറ്റു പലതും ചൂണ്ടി ചോർ ബസാറിൽ മറിച്ചു വിറ്റു തുടങ്ങി. പലയിടത്തും ടൈപ് റൈറ്ററുകൾ നോക്കി വച്ചു, അടിച്ചു മാറ്റാൻ. അതിനിടെയാണത്രേ, കാമുകിക്ക് സമ്മാനം കൊടുക്കാൻ രാജനു പണം തികയാതെ വന്നത്. അങ്ങനെ, ജോലി ചെയ്യുന്ന ഫാക്ടറിയിലെ ടൈപ് റൈറ്റർ തന്നെ പൊക്കി, വിറ്റ് കാശാക്കി, കാമുകിക്ക് സമ്മാനങ്ങളും വാങ്ങി. പക്ഷേ, രാജൻ കള്ളനാണെന്ന് ഓഫിസ് മാനേജർ ഫാക്ടറിയുടമയെ അറിയിച്ചു. ദേഷ്യം സഹിക്കാനാകാതെ രാജൻ മാനേജരെ കുത്തി. ആദ്യത്തെ കുത്തുകേസ്. ടൈപ് റൈറ്റർ മോഷണവും കുത്തുകേസുമായി ജയിലിലുമായി. അവിടെനിന്നു പുറത്തിറങ്ങിയത് സാദാ കള്ളൻ രാജനല്ല, ഗോൾഡൻ ഗ്യാങ്ങിലെ അംഗം ചെമ്പൂർ രാജനായിരുന്നു; തടവിൽ നിന്നു കിട്ടിയ ഗുണ്ടാക്കൂട്ടിന്റെ ‘മെച്ചം’.
കരിഞ്ചന്തയിൽ ഒരുമിച്ച ബഡായും ഛോട്ടായും
ഒരിക്കൽ ട്രെയിനിൽ വച്ച് ഗോൾഡൻ ഗ്യാങ്ങിന്റെ എതിരാളികൾ രാജനെ വളഞ്ഞു കാലിൽ വെട്ടി. ചോരയൊലിപ്പിക്കുന്ന കാലുമായി എല്ലാവരെയും ആക്രമിച്ചു തുരത്തിയതോടെയാണ് അധോലോകം രാജനെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനിടെ കള്ളക്കടത്തു സാധനങ്ങൾ വിൽക്കുന്നതിന്റെ ഇടനിലയും ഏറ്റെടുത്തു. ബോളിവുഡ് സിനിമ പൂത്തു തളിർത്തുണർന്ന എഴുപതുകളുടെ തുടക്കത്തിൽ അടുത്ത ബിസിനസ് പിടിച്ചു – ടിക്കറ്റ് കരിഞ്ചന്ത. മുക്കാൽ പങ്ക് തിയറ്ററുകളും കൈപ്പിടിയിലാക്കിയ ചെമ്പൂർ രാജൻ പേരൊന്നു പുതുക്കി– രാജൻ മഹാദേവൻ നായർ. സർക്കാരിന്റെ ഹൗസിങ് പ്രോജക്ടിൽ സ്ഥലം വാങ്ങി മറിച്ചുവിൽപനയായിരുന്നു അടുത്തത്.
അതിനിടെ, ടിക്കറ്റ് കരിഞ്ചന്തയിലെ മറ്റൊരു ഗുണ്ടയായ മറ്റൊരു രാജൻ ജയിലിൽ നിന്നിറങ്ങി. രാജേന്ദ്ര സദാശിവ് നിഖാൽജെ എന്നായിരുന്നു അയാളുടെ മുഴുവൻ പേര്. രണ്ടു രാജന്മാരും കൈകോർത്ത് പുത്തൻ ഗുണ്ടാസംഘം ഉണ്ടാക്കി. അന്നത്തെ മദിരാശിയിൽ നിന്നെത്തിയ ഡോൺ വരദരാജ മുതലിയാരോടായിരുന്നു അവർക്കു കൂറുകൂടുതൽ. ഹഫ്തയും കൂലിത്തല്ലും കള്ളക്കടത്തും കള്ളച്ചാരായവും ടിക്കറ്റ് കരിഞ്ചന്തയുമായി വളർന്ന രാജൻ മഹാദേവൻ നായർക്ക് ബോംബെ അടുത്ത പേരുമിട്ടു– ബഡാ രാജൻ. വലംകൈയായി കൂടെനിന്ന രാജേന്ദ്ര നിഖാൽജെക്ക് ഛോട്ടാ രാജൻ എന്നും.
കൂട്ടിനെത്തിയ അബ്ദുല്ലക്കുഞ്ഞി; കൂട്ടുവെട്ടിച്ച് പ്രണയം
പിതാവിന്റെ കള്ളക്കടത്തിന്റെ ‘എക്സ്പീരിയൻസ് സർട്ടിഫിക്കറ്റു’മായാണു കാസർകോട്ടുകാരൻ അബ്ദുല്ലക്കുഞ്ഞി ബോംബെയിൽ പിടിച്ചു നിന്നത്. പഠാൻ സംഘത്തലവൻ കരിംലാലയുടെ കള്ളക്കടത്ത് കാരിയറായിരുന്നു അബ്ദുല്ലക്കുഞ്ഞിയുടെ പിതാവ്. കുഞ്ഞിയാകട്ടെ ഒന്നാന്തരം കായികപ്രേമി. ഫുട്ബോളിലും ക്രിക്കറ്റിലും ഹരം, രണ്ടിലും മിടുക്കൻ. പഠിത്തം കഴിഞ്ഞു മരുന്നുകമ്പനിയിൽ ജോലിക്കും ചേർന്നു. പക്ഷേ, പിതാവിന്റെ വഴിയിൽത്തന്നെ കണ്ണുനട്ടിരുന്ന കുഞ്ഞിയുണ്ടോ അവിടെ നിൽക്കുന്നു. അങ്ങനെ ചെമ്പൂർ ബർമ ഷെൽ കോളനിയിൽ അബ്ദുല്ലക്കുഞ്ഞിയൊരു കള്ളക്കടത്തുകോട്ട കെട്ടിപ്പൊക്കി. ഹിന്ദിവാലകൾ പുതിയ ദാദയെ അബ്ദുൽ കുഞ്ച് എന്ന് വഴക്കമില്ലാതെ വിളിച്ചു.
ചെമ്പൂരിലും തിലക് നഗറിലും ഘാട്കോപ്പറിലും ബഡാ രാജൻ കേമനായപ്പോൾ, അബ്ദുല്ലക്കുഞ്ഞി ചെന്നു കൈകൊടുത്തു. ഒന്നുമല്ലെങ്കിലും മലയാളികളാണല്ലോ. തൃശൂരിൽ അമ്മ വഴി ബന്ധുക്കളേറെയുണ്ടെന്ന ബന്ധവും രാജനോടു പറഞ്ഞോ എന്തോ! എന്തായാലും കുറ്റങ്ങളിൽ കുറേക്കാലം ഒരുമിച്ചായിരുന്നു രണ്ടാളും. പക്ഷേ രണ്ടുപേരും അവരവരുടെ അതിർത്തി വിട്ടു കളിക്കരുതെന്ന അദൃശ്യമായൊരു നിബന്ധനയുണ്ടായിരുന്നു അവർക്കിടയിൽ. അതു കുഞ്ഞി തെറ്റിച്ചപ്പോൾ കൂട്ടു തെറ്റി.
രണ്ടുപേർക്കും ഒരേ പെൺകുട്ടിയിൽ പ്രേമം ഉറയ്ക്കുക കൂടി ചെയ്തതോടെ കൊടുംശത്രുതയായി. രാജന്റെ കാമുകിയെ തട്ടിക്കൊണ്ടു വന്നു കുഞ്ഞി ഭാര്യയാക്കിയത്രേ. അവരെ തിരികെ തട്ടിക്കൊണ്ടുപോരാൻ ബഡാ രാജൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുഞ്ഞിയെ കൊല്ലുമെന്നു രാജന്മാർ ഒരുമിച്ച് ശപഥമെടുത്തത് അന്നാണ്. അതോടെ, ബഡായുടെ എതിരാളിക്കൂട്ടത്തിലേക്ക് അഭയം തേടിച്ചെന്ന കുഞ്ഞി പിന്നെ അവരുടെ ആളായി, ചാരനായി, വർഷങ്ങൾക്കിപ്പുറം ബഡായെ കൊന്നുകൊണ്ടുക്കൊടുത്ത ‘വിശ്വസ്തനായി’. ആ കൊലയിലേക്ക് അങ്ങനെ ഒറ്റയടിക്ക് എത്താനാകില്ല, കഥകൾ പലതുണ്ട് അതിനിടയ്ക്ക് കുടിച്ചിറക്കാൻ.
കേസുകൾ; അടിയന്തരാവസ്ഥാ സമയത്ത് 11 അറസ്റ്റുകൾ
ചെറുകിട ബിസിനസുകാരുടെ ‘സംരക്ഷണം’, കുടിയൊഴിപ്പിക്കൽ, കള്ളച്ചാരായം വിൽക്കൽ, കരിഞ്ചന്തയിലെ ടിക്കറ്റ്– ഇത്തരം പരിപാടികൾ അനുയായികൾക്കു വീതിച്ചു കൊടുത്ത് ബഡായും ഛോട്ടായും സുപാരിക്കൊലകളിലും കള്ളക്കടത്തിലും കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. സുപാരിയെന്നാൽ കൊലപ്പണമെന്ന് അധോലോക അർഥം. വെറ്റിലയിൽ സുപാരി (അടയ്ക്ക) കൊത്തിയരിഞ്ഞിട്ട് അതിലാണു ദാദമാർക്കും ഗുണ്ടകൾക്കും ആവശ്യക്കാർ കാശ് വച്ച് ‘ദക്ഷിണ’ കൊടുക്കുക; എതിരാളിയെ കൊല്ലാൻ അല്ലെങ്കിൽ കൊല്ലാതെ കൊല്ലാൻ.
ബോംബെയിൽനിന്ന് 2 വർഷം രാജനെ നാടുകടത്തിയപ്പോൾ അധോലോകത്തിന്റെ റിമോട്ട് കൺട്രോളുമായി അയാൾ പുണെയിലാണു താമസിച്ചത്. മടങ്ങിയെത്തിയ ഉടൻ തലശ്ശേരിക്കാരൻ ഹോട്ടലുടമയെ കൊലപ്പെടുത്തി. അതാണു ബഡായുടെ പേരിലുള്ള ആദ്യ കൊലക്കേസ്. ഇടംകയ്യിൽ കത്തിപിടിച്ച് എതിരാളിയുടെ നെഞ്ചിൽ കൃത്യമായി കൊള്ളിച്ചു വീഴ്ത്തുന്നതായിരുന്നു വലിയ രാജന്റെ ട്രേഡ് മാർക്കെന്നു പൊലീസ് പറയുന്നു. ഒരിക്കൽ പൊലീസ് സ്റ്റേഷനു തൊട്ടുമുന്നിലിട്ട് ഒരു പൊലീസുകാരന്റെ നെഞ്ചിൽ 13 കുത്തു കുത്തിയ സംഭവവും അവർ ഓർമിക്കുന്നു.
പർദയിട്ട് പെണ്ണായി ഗലികളിലൂടെ നടന്ന് ശത്രുക്കളുടെ തൊട്ടടുത്തെത്തി കുത്തുന്ന തന്ത്രവുമുണ്ടായിരുന്നു ബഡായ്ക്ക്. കേസുകൾ പലതുണ്ടെങ്കിലും എഫ്ഐആർ എഴുതിയത് 6 കൊലക്കേസുകളിൽ മാത്രം. അതിലെല്ലാം ജാമ്യവും കിട്ടി. അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തര സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായത് 11 തവണയാണ്. ദേശസുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തതു 2 തവണയും. ഓരോ വട്ടവും ജയിലിലേക്കു പോയ രാജനെ തിരിച്ചു കൊണ്ടുവന്നത് ചെറിയ രാജനും കൂട്ടരും മാത്രമായിരുന്നില്ല, പല ഗ്യാങ്ങുകളും അപ്പോഴേക്കും ബഡായുടെ സുപാരിയുടെ ആവശ്യക്കാരായിരുന്നു.
എന്തു കുറ്റം ചെയ്താലും പുറത്തിറക്കാൻ ആളുണ്ടെന്നു വന്നതോടെ ചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള മലയാളികളും കാലിയ വീരസ്വാമി ആന്റണിയെപ്പോലെയുള്ള തമിഴ്നാട്ടുകാരും പല ഗ്യാങ്ങുകളുടെ ഭാഗമായി. ദാവൂദ് ഇബ്രാഹിമും ഹാജി മസ്താനും കരിംലാലയും തെരുവുകളിലെ ഏറ്റുമുട്ടൽ നിർത്തിവച്ച് ‘സമാധാനക്കരാർ’ ഒപ്പിട്ടത് അക്കാലത്താണ്. ബോംബെയെ അവർ പകുത്തെടുത്തു ഭരിച്ചു. അവർക്കിടയിൽ അവഗണിക്കാനാകാത്ത സുപാരി നേതാവും റിക്ഷാത്തൊഴിലാളികളുടെ നേതാവും ആയി വലിയ രാജനും.
വെടിയേറ്റു വീണ് ഷബീർ ഇബ്രാഹിം; സുപാരിയുമായി ദാവൂദ് നേരിട്ട്
സംഗതി വെടിനിർത്തലൊക്കെ ആണെങ്കിലും പഠാൻ സംഘവും ദാവൂദ് കൂട്ടാളികളുമായുള്ള പോര് എപ്പോഴും കനത്തുനിന്നു. ദാവൂദിന്റെ പിൻബലത്തിൽ ഒരു പത്രപ്രവർത്തകൻ കരിംലാലയ്ക്കെതിരെ നിർത്താതെ എഴുതിത്തുടങ്ങി. പത്രപ്രവർത്തകനെ ശരിപ്പെടുത്തിയെങ്കിലും കരിംലാലയുടെ വലംകൈ അമീർസാദയ്ക്കു കലിയടങ്ങിയില്ല. ദാവൂദിനെ തീർക്കാൻ നോക്കിയിട്ടു നടക്കാതായതോടെ അയാളുടെ സഹോദരൻ ഷബീർ ഇബ്രാഹിം കസ്കറുടെ പിന്നാലെയായി സാദ.
ഷബീറിന് ഇഷ്ടപ്പെട്ട മുജ്റ നൃത്തക്കാരി ചിത്രയിലേക്ക് മറ്റൊരു നർത്തകിയായ നന്ദ വഴി അടുപ്പിക്കുകയായിരുന്നു ആദ്യതന്ത്രം. ചിത്രയ്ക്കൊപ്പം കറങ്ങാനായി ഷബീർ ദാവൂദ് കോട്ട വിട്ടു പുറത്തുവരുമെന്ന് അവർക്ക് ഉറപ്പായിരുന്നു. നൃത്തപരിപാടി കഴിഞ്ഞ ഒരു ദിവസം നന്ദയെ അവരുടെ വീട്ടിലാക്കി ഷബീറും ചിത്രയും കാറിൽ മടങ്ങാനൊരുങ്ങിയപ്പോൾ നന്ദയാണ് അൽപനേരം കൂടി സംസാരിച്ചിരിക്കാൻ നിർബന്ധിച്ചത്. ആ സമയം കൊണ്ട് സാദയുടെ കൂട്ടാളികൾ ഷബീറിന്റെ കാറിൽനിന്നു പെട്രോൾ ഊറ്റി.
നന്ദയുടെ വീട്ടിൽ നിന്നു ഷബീറും ചിത്രയും മടങ്ങി അൽപനേരമായപ്പോൾ കാർ നിന്നു. പെട്രോളടിക്കാനായി പമ്പിൽ കാത്തുനിൽക്കുന്നതിനിടെ മറുവശത്തു നിർത്തിയിട്ടിരുന്ന അലങ്കരിച്ച കല്യാണ വണ്ടി പാഞ്ഞുവന്ന് വട്ടം നിർത്തി. ചാടിയിറങ്ങിയ അമീർസാദയും സംഘവും ഷബീറിനെ തുരുതുരാ വെടിവച്ചു വീഴ്ത്തി. ആ കൊലയിൽ അധോലോകത്തിലെ സമാധാനക്കരാറും പൊട്ടിത്തെറിച്ചു. പിന്നീടിങ്ങോട്ട് ദാവൂദ് കൂട്ടാളികളും പഠാൻ സംഘവും പലവട്ടം ഏറ്റുമുട്ടി.
അതിനിടെ, ദാവൂദ് ഇബ്രാഹിം നേരിട്ട് ബഡാ രാജനെ കണ്ടു– ഷബീറിനെ കൊന്ന അമീർസാദയെ തട്ടണം. അതായിരുന്നു ആവശ്യം. 50,000 രൂപയായിരുന്നു സുപാരി. വെറ്റിലയിൽ വാക്ക് അടിച്ചുറപ്പിച്ച ബഡാ പക്ഷേ, ഒരു കാര്യം കൂടി ആവശ്യപ്പെട്ടു– തോക്കുകൾ വേണം. എത്രവേണമെങ്കിലും എത്തിച്ചു നൽകാമെന്ന് ദാവൂദ് തിരിച്ചും വാക്കുകൊടുത്തു. ഉടമ്പടിപ്രകാരം രാജൻ രംഗത്തിറക്കിയ ഡേവിഡ് പർദേശി എന്ന ‘പുതുമുഖക്കൊലയാളി’, വിചാരണക്കോടതി വളപ്പിൽ അമീർസാദയെ കൊന്നുവീഴ്ത്തി.
കോടതിയിൽ രാജന്റെ നെഞ്ചിലേക്ക് ‘എസ്.എസ്.പിള്ള’യുടെ വെടി
വർഷം 1983. ബഡാ രാജനു പ്രായം 32. മുപ്പത്തിമൂന്നിലേക്കു രാജനെ കടത്തില്ലെന്ന് പകച്ചോര കൊണ്ട് ഉള്ളിലെഴുതിയിരുന്നു സാദയുടെ കൂട്ടാളികൾ. അതറിഞ്ഞുകൊണ്ടാകണം അമീർസാദ കൊലക്കേസിൽ രാജൻ പൊലീസിനു പിടികൊടുത്തു. ജയിലിൽ കുറച്ചുകാലം സുരക്ഷിതനാകാമെന്നു കരുതിക്കാണണം. പിന്നിൽ ദാവൂദുള്ള ബഡായെ കൊല്ലാൻ എളുപ്പമല്ലെന്ന് സാദാ സംഘത്തിനും അറിയാമായിരുന്നു. ഒടുവിൽ അവർ ദൗത്യമേൽപിച്ചത് ബഡായുടെ പഴയ ദോസ്തും പിന്നെ കൊടിയ ശത്രുവുമായ അബ്ദുല്ലക്കുഞ്ഞിയെ.
തന്റെ കൂട്ടത്തിലെ ആരെയും കൊലയ്ക്കു കൊടുക്കാനാകില്ലെന്നു തീർത്തു പറഞ്ഞ കുഞ്ഞി, പകരം ഒരാളെ കണ്ടെത്തി. ഇരുപത്തിനാലുകാരൻ ചന്ദ്രശേഖർ സഫലികയെന്ന റിക്ഷാ ഡ്രൈവർ. പെങ്ങളുടെ കല്യാണത്തിനു കാശില്ലാതെ കഷ്ടത്തിലായിരുന്ന സഫലികയ്ക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു. അഡ്വാൻസായി 1000 രൂപ സുപാരിയും കൊടുത്തു. 15 ദിവസത്തെ തോക്ക് പരിശീലനമായിരുന്നു പിന്നീട്. വെടിവയ്ക്കാൻ പഠിപ്പിച്ചത് മറ്റൊരു ദാദയായിരുന്ന രമേഷ് പൂജാരി.
അങ്ങനെ സെപ്റ്റംബർ 21ന് (മുപ്പത് എന്നും ചില രേഖകളിൽ) രാജനെ കോടതിയിലെത്തിച്ച ദിവസം സഫലികയും അവിടെയെത്തി. നേവി യൂണിഫോം അണിഞ്ഞു വേഷം മാറി കോടതിവളപ്പിൽ കയറിയ സഫലികയുടെ നെഞ്ചിലെ നെയിംബോർഡിലുള്ള പേര് ഇങ്ങനെയായിരുന്നു എസ്.എസ്.പിള്ള. കനത്ത പൊലീസ് വലയത്തിൽ ബഡാ രാജൻ കോടതിയിൽനിന്നു പുറത്തിറങ്ങിയ ഉടൻ സഫലിക തൊട്ടടുത്തുനിന്നു കാഞ്ചി വലിച്ചു. രണ്ടു വെടിയുണ്ടകളിൽ രാജന്റെ ശ്വാസം നിലച്ചു.
കൊലപാതകിയെ പൊലീസ് പിടിച്ചെങ്കിലും അയാൾ കസ്റ്റഡിയിൽനിന്നു കടന്നുകളഞ്ഞു. പൊലീസ് അനുമതിയോടെയാണു രാജനെ കൊന്നതെന്ന് ഇതിനിടെ അമ്മ അച്ചുക്കുട്ടിയമ്മ പരാതിപ്പെട്ടിരുന്നു. ബഡാ രാജന്റെ ഭാര്യയായ മഹാരാഷ്ട്ര സ്വദേശിനിക്കും 2 പെൺമക്കൾക്കുമൊപ്പമായിരുന്നു അച്ചുക്കുട്ടിയമ്മയുടെയും ഭർത്താവിന്റെയും താമസം.
സഫാലികയെയും കുഞ്ഞിയെയും വീഴ്ത്തി ഛോട്ടാ രാജൻ
വലിയ രാജന്റെ ചോരയ്ക്കു പകരം ചോദിക്കാൻ സകലശക്തിയോടെ ചെറിയ രാജൻ രംഗത്തിറങ്ങി. സഫലികയെ അബ്ദുല്ലക്കുഞ്ഞി സംരക്ഷിക്കാനിടയുള്ള കേന്ദ്രങ്ങളെല്ലാം വളഞ്ഞു. ഇതോടെ, കുഞ്ഞി സഫലികയെ കൈവിട്ടു. പിന്നീട് നേവി വേഷത്തിൽ പലയിടങ്ങളിൽ കഴിയുകയായിരുന്നു ഇയാൾ. ഒളിത്താവളത്തിന്റെ വിവരം അറിഞ്ഞ ഛോട്ടാരാജൻ പൊലീസിലെ പരിചയക്കാരെ വിവരമറിയിച്ചു. പിടികൂടാനെത്തിയപ്പോൾ തോക്കെടുത്ത സഫലികയെ പൊലീസ് സംഘം വെടിവച്ചു കൊല്ലുകയും ചെയ്തു.
അബ്ദുല്ലക്കുഞ്ഞിയെ ഇതിനിടെ ഛോട്ടാരാജൻ കൊല്ലാൻ ശ്രമിച്ചെങ്കിലും പാളിപ്പോയിരുന്നു. ഛോട്ടായുടെ പിടിയിൽനിന്നു തന്നെ ആർക്കും രക്ഷിക്കാനാകില്ലെന്നു ഭയന്ന കുഞ്ഞിയാകട്ടെ പൊലീസിൽ കീഴടങ്ങി– ജയിലിൽ അടയ്ക്കണം. പുറത്തിറക്കരുത്– അതായിരുന്നു അയാളുടെ ഏക ആവശ്യം. കസ്റ്റഡിയിലുള്ള കുഞ്ഞിയുമായി പോയ പൊലീസ് ജീപ്പിനെ പിന്തുടർന്ന് ഛോട്ടാ രാജൻ സംഘം വെടിവച്ചു. വെടിയേറ്റ് ജെ.ജെ.ആശുപത്രിയിൽ കുഞ്ഞി ചികിത്സയിലായിരുന്നപ്പോൾ അവിടെയും ദാവൂദ് – ഛോട്ടാ സംഘങ്ങളെത്തി വെടിവയ്പ് നടത്തി. ഒരു പാവം സാധാരണക്കാരൻ ആ വെടിവയ്പിൽ മരിച്ചുവീഴുകയും ചെയ്തു. ഒടുവിൽ 1985ൽ കുഞ്ഞിക്ക് ഇഷ്ടപ്പെട്ട വോളിബോൾ മാച്ചിനിടെ ഛോട്ടാ രാജൻ പക തീർക്കുക തന്നെ ചെയ്തു. വോളിബോൾ കളിക്കാരുടെ വേഷത്തിലെത്തിയ ഛോട്ടായുടെ സഹായികൾ കുഞ്ഞിയുടെ നെറ്റിയിൽ തന്നെ വെടിയുതിർത്തു.
മോഹൻലാലിന്റെ ഹരിയണ്ണ; രോഹിത് എന്ന സതീഷ് കാലിയ
ദാവൂദ് ഇബ്രാഹിമുമായി കൈകോർത്ത് ‘ഡി കമ്പനി’യിലെ രണ്ടാമനായി വളർന്നതാണു ഛോട്ടാ രാജൻ. പക്ഷേ, 1993ലെ മുംബൈ സ്ഫോടന പരമ്പരകളിൽ ദാവൂദിനു പങ്കുണ്ടെന്നു വ്യക്തമായതോടെ അയാളുമായി തെറ്റി. ദാവൂദിന്റെ ചില വിവരങ്ങൾ പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ ഡി –കമ്പനിയുടെ പ്രഖ്യാപിത ശത്രു. പിന്നീട് ബാങ്കോക്കിലും ഇന്തൊനീഷ്യയിലും താമസിച്ചുകൊണ്ടായിരുന്നു ഛോട്ടായുടെ മുംബൈ ഭരണം. 2011ൽ മാധ്യമപ്രവർത്തകൻ ജെ.ഡേയെ കൊലപ്പെടുത്തിയതിനു പിന്നിലും ഛോട്ടാ രാജൻ സംഘമായിരുന്നു. ഒടുവിൽ, ഇന്തൊനീഷ്യയിലെ ബാലിയിൽ അറസ്റ്റിലായ ഇയാളെ 2015ലാണ് ഇന്ത്യയ്ക്കു കൈമാറിയത്.
ഒട്ടേറെ കേസുകളിൽ വിചാരണ തുടർന്നുകൊണ്ടിരിക്കുകയാണിപ്പോൾ; അതിനൊപ്പവുമുണ്ട് മറ്റു ചില മലയാളിപ്പേരുകൾ. മിഡ് ഡേ പത്രത്തിന്റെ ക്രൈം എഡിറ്റർ ജെ.ഡേയെ വെടിവച്ചു കൊന്ന സതീഷ് കാലിയ തിരുവനന്തപുരം പൂവാർ സ്വദേശിയാണ്; ശരിക്കുള്ള പേര് രോഹിത് തങ്കപ്പൻ ജോസഫ്. തൃശൂർ ബന്ധമുള്ള പോൾസൺ ജോസഫിനെ കേസിൽ വിട്ടയച്ചിരുന്നു. തൃശൂർ കൂർക്കഞ്ചേരി സ്വദേശി മധുവാണ് ഛോട്ടാ രാജൻ സംഘത്തിലെ മറ്റൊരു മലയാളി. ഇതിനിടെ 2016ൽ സിംഗപ്പൂരിൽ നിന്ന് മറ്റൊരു മലയാളി അധോലോക കുറ്റവാളി പിടിയിലായിരുന്നു, കുമാർ പിള്ള. 17 വർഷം മുംബൈ പൊലീസിനെ വെട്ടിച്ച് സിംഗപ്പൂരിൽ കഴിയുകയായിരുന്നു.
ഭീഷ്മപർവത്തിലെ ബഡാ രാജനെക്കുറിച്ചു പറയുമ്പോൾ മോഹൻലാൽ ചിത്രം അഭിമന്യുവിനെക്കൂടി ഓർക്കണം. കേരളത്തിൽ നിന്നെത്തി, ബോംബെയുടെ ‘ഹരിയണ്ണ’ എന്ന ദാദ ആയി മാറിയ അഭിമന്യുവിലെ നായകൻ പിറന്നത് ബഡാ രാജന്റെ കഥയിൽ നിന്നാണല്ലോ; 2 കഥകൾക്കും വ്യത്യാസം ഏറെയുണ്ടെങ്കിലും. ഹിന്ദിയിലും മറ്റു ഭാഷകളിലും പിറന്ന പല സിനിമകളിലും എത്രയോ വട്ടം ബഡായുടെ കഥകൾ വന്നുപോയിട്ടുണ്ട്. പൊലീസുകാരുടെ അനുഭവക്കുറിപ്പുകളിലുമുണ്ട് ഒരുപിടി ബഡാ കഥകൾ. ഇപ്പോൾതന്നെ നോക്കൂ, ഭീഷ്മപർവത്തിലെ ബഡാ രാജൻ നമ്മെ എത്ര അധോലോക കഥകളിലേക്കാണു ‘ചാമ്പിക്കൊണ്ടു’ പോയതെന്ന്.
English Summary: How Chhota Rajan and Bada Rajan Became India's Most Wanted Gangsters?