കെ.വി.തോമസിനെക്കൊണ്ട് സിപിഎമ്മിനുണ്ട് ചില ലക്ഷ്യങ്ങൾ; എന്താകും പുതിയ ‘റോൾ’?
ആളുടെ ആവശ്യം കണ്ടറിഞ്ഞു പ്രവർത്തിക്കും. അതു തോമസ് മാഷിന്റെ ഒരു പ്രത്യേകതയാണ്. അതുകൊണ്ടു പേരുദോഷവുമുണ്ടായിട്ടുണ്ട്. അതിലും വലിയ സൗഹൃദങ്ങളുമുണ്ടായി. മാഷ് തന്നെ പറഞ്ഞതുപോലെ ‘തിരുത തോമാ’ എന്ന ആക്ഷേപ വാക്ക് അങ്ങനെയുണ്ടായതാണ്. കോൺഗ്രസിലെ സർവാധികാര്യക്കാരിയായ കെ. കരുണാകരനെ കെ.വി.തോമസ് സ്വാധീനിച്ചത്... K V Thomas
ആളുടെ ആവശ്യം കണ്ടറിഞ്ഞു പ്രവർത്തിക്കും. അതു തോമസ് മാഷിന്റെ ഒരു പ്രത്യേകതയാണ്. അതുകൊണ്ടു പേരുദോഷവുമുണ്ടായിട്ടുണ്ട്. അതിലും വലിയ സൗഹൃദങ്ങളുമുണ്ടായി. മാഷ് തന്നെ പറഞ്ഞതുപോലെ ‘തിരുത തോമാ’ എന്ന ആക്ഷേപ വാക്ക് അങ്ങനെയുണ്ടായതാണ്. കോൺഗ്രസിലെ സർവാധികാര്യക്കാരിയായ കെ. കരുണാകരനെ കെ.വി.തോമസ് സ്വാധീനിച്ചത്... K V Thomas
ആളുടെ ആവശ്യം കണ്ടറിഞ്ഞു പ്രവർത്തിക്കും. അതു തോമസ് മാഷിന്റെ ഒരു പ്രത്യേകതയാണ്. അതുകൊണ്ടു പേരുദോഷവുമുണ്ടായിട്ടുണ്ട്. അതിലും വലിയ സൗഹൃദങ്ങളുമുണ്ടായി. മാഷ് തന്നെ പറഞ്ഞതുപോലെ ‘തിരുത തോമാ’ എന്ന ആക്ഷേപ വാക്ക് അങ്ങനെയുണ്ടായതാണ്. കോൺഗ്രസിലെ സർവാധികാര്യക്കാരിയായ കെ. കരുണാകരനെ കെ.വി.തോമസ് സ്വാധീനിച്ചത്... K V Thomas
കൊച്ചി∙ വിലക്കു ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ എത്തുന്ന കോൺഗ്രസ് പാർട്ടി നേതാവ് കെ.വി.തോമസിനു സിപിഎമ്മിലെ റോൾ എന്താവും? തോമസ് പാർട്ടിക്കു പുറത്താണെന്നത് ഏറെക്കുറെ ഉറപ്പാണ്. അതിനാൽ തോമസിനെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്. അതുകൊണ്ടാണ് തോമസ് മാഷിന്റെ സിപിഎം റോൾ എന്താവുമെന്ന ചോദ്യം ഉയരുന്നത്.
അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സ്ഥാനാർഥിത്വം, തൃക്കാക്കരയിൽ ഉടൻ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി, വി.എസ്. ഒഴിഞ്ഞ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ എന്നിങ്ങനെ പറഞ്ഞുകേൾക്കുന്ന ഒട്ടേറെ സ്ഥാനങ്ങളുണ്ട്. ഒരു കാര്യം ഉറപ്പാണ്, രസതന്ത്രം പഠിപ്പിച്ച, രാഷ്ട്രീയത്തിലെ നയതന്ത്രം നന്നായി പയറ്റിയ തോമസിനെക്കൊണ്ട് സിപിഎമ്മിന് ചില ലക്ഷ്യങ്ങളുണ്ട്. കോൺഗ്രസിനെ അടിക്കാൻ ഒരു വടി മാത്രമല്ല സിപിഎമ്മിനു കെ.വി.തോമസ്.
കോൺഗ്രസിൽനിന്നു പണ്ടുകാലത്തും അടുത്ത കാലത്തും സിപിഎമ്മിൽ ആളെത്തിയിട്ടുണ്ട്. അവരെല്ലാം മാഷുടെ അത്ര പ്രായമുള്ളവരായിരുന്നില്ല. കെ. വി. തോമസ് പക്ഷേ, മുതിർന്ന നേതാവാണ്. അതിനാൽ പാർട്ടിയിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനു പരിധിയുണ്ട്. സീനിയർ സിറ്റിസൺ ആയതിനാൽ ആ നിലയ്ക്കുള്ള പരിഗണനയും നൽകേണ്ടതുണ്ട്. സിപിഎമ്മിനു കെ. വി. തോമസ് ഒരു പാലമാവാനാണു സാധ്യത. പാർട്ടിക്കു നേരിട്ട് ഇടപെടാൻ കഴിയാത്ത ലത്തീൻ സമുദായത്തിലേക്കു തോമസ് മാഷ് വഴിയൊരു പാലം.
മുൻപ് മുസ്‌ലിം വോട്ടർമാരുമായി നേരിട്ട് ഇടപെടാൻ വിഷമിച്ച കാലത്ത് ഇതുപോലൊരു പാലമിട്ടായിരുന്നു സിപിഎമ്മിന്റെ ‘ഒാപറേഷൻ’. ഡിസിസി പ്രസിഡന്റായിരുന്ന ടി.കെ. ഹംസ സിപിഎം നേതാവായി. കെ.ടി. ജലീൽ ഉൾപ്പെടെയുള്ളവർ പാർട്ടി അംഗമായില്ലെങ്കിലും പാർട്ടിക്കും മുസ്‌ലിം വിഭാഗത്തിനുമിടയിലെ ഇടനിലക്കാരായി. പിന്നീട്, ആ ചുവടു പിൻപറ്റി ഒട്ടേറെ നേതാക്കൾ പാർട്ടി അനുഭാവികളായി വന്നു. സിപിഎമ്മിന് അതുകൊണ്ടു തിരഞ്ഞെടുപ്പു വിജയങ്ങളുണ്ടായി. സമുദായവുമായി കൂടുതൽ എളുപ്പത്തിൽ ഇടപെടാൻ കഴിഞ്ഞു. മുസ്‌ലിംകളുടെ കുത്തക അവകാശപ്പെട്ടിരുന്ന മുസ്‌ലിം ലീഗ് ഇല്ലാതെതന്നെ ഇപ്പോൾ സിപിഎമ്മിന് മുസ്‌ലിം സമൂഹവുമായി ഇടപെടാൻ കഴിയുന്നു.
പാലം പണിയുന്ന സിപിഎം
തീര പ്രദേശത്തു പ്രബലമായ ലത്തീൻ സമുദായവുമായി നേരിട്ട് ഇടപെടാനുള്ള ഇടനിലക്കാരനായിട്ടായിരിക്കും കെ. വി. തോമസിന്റെ സേവനം സിപിഎം ഉപയോഗപ്പെടുത്തുക. ലത്തീൻ സമുദായത്തിൽനിന്നു സിപിഎമ്മിനു നേതാക്കളുണ്ടല്ലോ, പുതിയൊരാൾ?
അതു ശരിയാണ്. മന്ത്രിമാരായും എംഎൽഎമാരായും പാർട്ടി നേതാക്കളായും ലത്തീൻ സമുദായത്തിൽനിന്നു സിപിഎമ്മിനു നേതാക്കളുണ്ട്. പക്ഷേ, അവരാരും സമുദായ ഐഡന്റിറ്റിയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നതു പാർട്ടി ഘടനയുടെ പ്രശ്നമാവാം. ‘സ്വന്തം’ എന്ന് അവരെയാരെയും സമുദായവും തിരിച്ചറിയുന്നില്ല. അങ്ങനെ തിരിച്ചറിയപ്പെടണമെങ്കിൽ അതിനു ചില ഘടകങ്ങളൊക്കെ വേണം. അതെല്ലാം കെ.വി.തോമസിനുണ്ടെന്നാണു സിപിഎം കണ്ടുപിടിച്ചിരിക്കുന്നത്.
ജോസ് കെ. മാണി മുന്നണി വിട്ടതും ഉമ്മൻചാണ്ടി രാഷ്ട്രീയത്തിൽ ഏതാണ്ടു നിശബ്ദനായതും ക്രിസ്തീയ സമുദായങ്ങളിൽ യുഡിഎഫിനോടു പൊതുവെ ഒരു നിസംഗതയുണ്ടാക്കിയിട്ടുണ്ട്. സമുദായ നേതാക്കൾക്കു നേരിട്ട് ‘അഡ്രസ്’ ചെയ്യാൻ യുഡിഎഫിൽ ആരുമില്ലെന്ന ചില സൂചനകൾ സമുദായ നേതൃത്വം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണു കെ. വി. തോമസിന്റെ കണ്ണൂർ യാത്രയെ കാണേണ്ടത്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ, എറണാകുളം ജില്ലകളിലെ തീര മേഖലകളിൽ ലത്തീൻ സമുദായത്തിന്റെ സ്വാധീനം വലുതാണ്. ഇവിടെയെല്ലാം തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനു നേട്ടം ഉണ്ടായിട്ടുണ്ട്.
എറണാകുളത്ത് യുഡിഎഫ് സ്ഥിരമായി നേട്ടമുണ്ടാക്കുന്ന ജില്ലയാണെങ്കിലും അതിന്റെ തീരമേഖലയിൽ വരുന്ന കൊച്ചിയും വൈപ്പിനും കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം ആണു ജയിച്ചത്. എങ്കിലും ലത്തീൻ സമുദായത്തെ സ്ഥിരമായി ഉറപ്പിച്ചു നിർത്താൻ തക്ക ബന്ധം ഉണ്ടായിട്ടില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും, കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ നേട്ടം ഉണ്ടായിട്ടില്ല. ഇൗ വിടവ് നികത്താൻ കെ. വി. തോമസിനു കഴിയും. അതിനു കഴിയുന്ന പല ഗുണവിശേഷങ്ങളും കെ.വി.തോമസിൽ ഉണ്ട്.
ഇത്രയുമൊക്കെ ഉണ്ടോ?
ഇത്രയുമൊക്കെ ഉണ്ടോ എന്ന ചോദ്യം സ്വാഭാവികം.
തിരുവനന്തപുരത്ത് ശശി തരൂരൂം ഒ. രാജഗോപാലും മത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ രാജഗോപാലാണു മുന്നിൽ. എറണാകുളത്ത് കെ.വി.തോമസും മത്സരിക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യം മുതൽ തോമസ് വൻ ലീഡിലാണ്. തിരുവനന്തപുരത്ത് രാജഗോപാൽ മുന്നിൽ. രാജ്യമെങ്ങും ബിജെപി തരംഗം ആഞ്ഞടിക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും തിരുവനന്തപുരം സീറ്റ് ബിജെപിക്ക് പ്രവചിച്ചു. പക്ഷേ, കെ.വി.തോമസ് മാത്രം അതിനു തയാറായിരുന്നില്ല.
അവസാന നിമിഷം എണ്ണുന്ന ചില ബൂത്തുകളിൽ അദ്ദേഹത്തിനൊരു കണക്കുണ്ടായിരുന്നു. വെറുതെയുള്ള കണക്കല്ല, മാഷ് കൂടി അധ്വാനിച്ച് ഉണ്ടാക്കിയ ചില നീക്കുപോക്കുകളിലുള്ള വിശ്വാസമായിരുന്നു. ആ വിശ്വാസം ചതിച്ചില്ല, അവസാന ലാപ്പിൽ ശശി തരൂർ ജയിച്ചു. തിരുവനന്തപുരത്തിന്റെ തീര മേഖലകളാണ് അന്ന് തരൂരിനെ തുണച്ചത്. എറണാകുളത്തു സ്ഥാനാർഥിയായിരിക്കുമ്പോഴും തിരുവനന്തപുരത്തിന്റെ കാര്യത്തിൽ കെ.വി.തോമസ് ചില ഇടപെടലുകൾ നടത്തിയിരുന്നു.
അതു മാഷിന്റെ ഒരു പ്രത്യേകതയാണ്. ആളുടെ ആവശ്യം കണ്ടറിഞ്ഞു പ്രവർത്തിക്കും. അതുകൊണ്ടു പേരുദോഷമുണ്ടായിട്ടുണ്ട്. അതിലും വലിയ സൗഹൃദങ്ങളുമുണ്ടായി. മാഷ് തന്നെ പറഞ്ഞതുപോലെ ‘തിരുത തോമാ’ എന്ന ആക്ഷേപ വാക്ക് അങ്ങനെയുണ്ടായതാണ്. കോൺഗ്രസിലെ സർവാധികാര്യക്കാരിയായ കെ. കരുണാകരനെ കെ.വി.തോമസ് സ്വാധീനിച്ചത്, രുചികരമായ തിരുത സ്ഥിരമായി നൽകിയാണെന്ന കഥയാണ് ഇൗ ആക്ഷേപത്തിന്റെ അടിസ്ഥാനം. ഇതേ കഥ ഹൈക്കമാൻഡിലേക്കും നീട്ടിവച്ചവരുണ്ട്. കഥയെന്തായാലും ഇൗ രണ്ടിടത്തും കെ.വി.തോമസിനു പതിവിൽ കവിഞ്ഞ സ്വാധീനമുണ്ടായിരുന്നു.
നയതന്ത്രത്തിന്റെ രസതന്ത്രം
രസതന്ത്രം അധ്യാപകനായിരുന്ന കെ.വി.തോമസിന്റെ രാഷ്ട്രീയ നയതന്ത്രമാണ് അദ്ദേഹത്തെ കണ്ണൂരിലേക്കു നയിക്കുന്നത്. കോൺഗ്രസിൽ നിൽക്കുമ്പോഴും അദ്ദേഹത്തിനു പാർട്ടിക്കു പുറത്തും വിശാലമായ സൗഹൃദങ്ങളുണ്ടായിരുന്നു. പങ്കുവയ്ക്കുന്നതിനു പുറമെ സ്വന്തം നാട്ടിലും വീട്ടിലും ക്ഷണിച്ചുവരുത്തി സൽക്കരിക്കുകയെന്നതും അദ്ദേഹത്തിന്റെ രീതിയാണ്. പത്രസമ്മേളനത്തിൽ അത് അദ്ദേഹം തുറന്നു പറഞ്ഞു– ‘ഞങ്ങളുടേത് ഷെയറിങ് കമ്യൂണിറ്റിയാണ്’.
കെ.വി. തോമസിലൂടെയാണ് അദ്ദേഹത്തിന്റെ ജന്മഗ്രാമം കുമ്പളങ്ങി പ്രശസ്തമാകുന്നത്. കുമ്പളങ്ങിയെ ലോകശ്രദ്ധയിലാക്കാൻ, സംസ്ഥാന ടൂറിസം മന്ത്രിയായപ്പോൾ തോമസ് അത്യധ്വാനം ചെയ്തു. അതു പോരെന്നു തോന്നിയിട്ടാവും കുമ്പളങ്ങിയെക്കുറിച്ചും കുമ്പളങ്ങിക്കാരെക്കുറിച്ചും പുസ്തകങ്ങൾ എഴുതിക്കൂട്ടി. മന്ത്രിയായും എംപിയായും എംഎൽഎയായും കെ.വി.തോമസ് കുമ്പളങ്ങിയൂടെ കൂടെ ‘മെംബറാ’യി പ്രവർത്തിച്ചു.
കുമ്പളങ്ങിയിൽ അദ്ദേഹം പണിയ റിസോർട്ടിൽ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചവർ കോൺഗ്രസ് നേതാക്കളേക്കാൾ കൂടുതൽ മറ്റു പാർട്ടിയിലുള്ളവരാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും കുടുംബവും... ഇൗ ആതിഥ്യത്തിനു തോമസിനു വിമർശനമേറ്റില്ലെങ്കിലും കോൺഗ്രസ് നേതാവിന്റെ ആതിഥ്യം സ്വീകരിച്ചതിനു സിപിഎമ്മിൽ ആക്ഷേപമുണ്ടായി.
സ്നേഹമുള്ളവർക്കു സമ്മാനങ്ങൾ നൽകുകയെന്നത് തോമസിന്റെ വീക്ക്നെസാണ്. ഡൽഹിയിലായാലും കൊച്ചിയിലായാലും എവിടെയായാലും. കെ. കരുണാകരന്റെ ഇഷ്ടക്കാരനായതും സോണിയ നേതാവായിരുന്നപ്പോൾ ഹൈക്കമാൻഡിൽ സ്വാധീനമുറപ്പിച്ചതും അങ്ങനെയാണെന്ന് ഒട്ടേറെ ആക്ഷേപമുയർന്നു. അടുത്തിടെയിറങ്ങിയ ഒരു സിനിമയിലും ഇങ്ങനെ വായിച്ചെടുക്കാവുന്ന സംഭാഷണങ്ങളുണ്ട്. പാർട്ടിക്കപ്പുറത്ത് വലിയ ബന്ധങ്ങൾ സൂക്ഷിക്കുന്നത് കെ.വി.തോമസിന് ഏറെ ഇഷ്ടമുള്ളകാര്യമാണ്.
എറണാകുളം മണ്ഡലത്തിൽ അജയ്യനായിരിക്കാൻ ഇൗ ബന്ധങ്ങൾ ഉപയോഗപ്പെട്ടിട്ടുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്തരം ഗോസിപ്പുകൾക്ക് മാഷ് തലകുലുക്കിയിട്ടുമുണ്ട്. കർക്കശക്കാരനും ബിജെപിയിലെ രണ്ടാം സ്ഥാനക്കാരനുമായ അമിഷ് ഷായുമായി വളരെ അടുപ്പമുണ്ട് കെ.വി.തോമസിന്. തോമസ് ബിജെപിയിൽ ചേരുന്നു എന്നു വാർത്ത പരക്കാൻ ഈ സൗഹൃദം ഇടയാക്കി. വീട്ടിൽ താമര വളർത്തി ആ ഗോസിപ്പ് തോമസ് നട്ടുനനച്ചു.
എറണാകുളം എംപിയായിരുന്ന സേവ്യർ അറയ്ക്കലിനു പകരം കെ. കരുണാകരനാണ് കെ.വി.തോമസിനെ പാർലമെന്റിലേക്ക് മത്സരിപ്പിക്കുന്നത്. പിന്നീട് 1996ൽ തോമസിന്റെ ഒരേ ഒരു പരാജയം സേവ്യർ അറയ്ക്കലിൽനിന്നു തന്നെയായി. സീറ്റു കിട്ടാതെപോയ അറയ്ക്കൽ ’96ൽ എൽഡിഎഫ് സ്ഥാനാർഥിയായി ജയിച്ചു. ഹൈക്കമാൻഡിന്റെ ആളായിരുന്നിട്ടുപോലും 2019ൽ സീറ്റ് നിഷേധിക്കപ്പെട്ട ഏക സിറ്റിങ് എംപിയായതോടെയാണു കെ.വി.തോമസ് പാർട്ടിയിൽ ഒറ്റപ്പെടുന്നത്. ഇപ്പോൾ പാർട്ടിയെ ധിക്കരിച്ചു പുറത്തേക്കുള്ള വഴി തേടുന്നു.
കരുണാകരനുമായുള്ള അടുപ്പമാണു തോമസിന്റെ പാർട്ടിയിൽ ഉയർത്തിയതെങ്കിൽ സോണിയയുമായുള്ള ഉറച്ച ബന്ധമാണു സ്ഥാനങ്ങളിൽ ഉറപ്പിച്ചത്. ഗ്രൂപ്പിന്റെ ഭാഗമായും ഗ്രൂപ്പില്ലാതെയും സർവാധികാര്യക്കാരനായിരുന്ന തോമസിനു കെപിസിസിയുടെ പുതിയ ഘടനയുണ്ടായപ്പോൾ ഇടമില്ലാതെപോയി. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങൾ.
മനസ്സറിഞ്ഞു കൊടുക്കുന്നതിന്റെ നയതന്ത്രമാണു കെ. വി. തോമസിനെ ഇത്രയും കാലം അജയ്യനാക്കിയത്. അതുവഴി രാഷ്ട്രീയത്തിനപ്പുറത്ത് അദ്ദേഹത്തിനു ബന്ധങ്ങളുണ്ടാക്കാൻ കഴിഞ്ഞു. ആ നയതന്ത്രമാണ് ഇപ്പോൾ പുതിയ മേച്ചിൽപുറങ്ങളിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതും.
English Summary: What will be K V Thomas' Role in CPM if he Left Congress?