സുധാകരന്റെ ഭീഷണി സെമിനാറിന് പോവില്ലെന്ന് അറിയിച്ച ശേഷം; ‘ഭീഷ്മ പർവം’ ഒരു സിനിമ, എന്തിന് ഗൗനിക്കണം
എനിക്ക് അറിയില്ല. മോദി ഒരു മോശം പ്രധാനമന്ത്രിയാണ്, പക്ഷേ നല്ല മാനേജർ ആണെന്നാണ് ഞാൻ അവിടെ പറഞ്ഞത്. തെറ്റായ തീരുമാനങ്ങളെടുത്തിട്ട് അതു ശരിയാക്കി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതിയെക്കുറിച്ചാണ് പറഞ്ഞത്....KV Thomas, KV Thomas News, KV Thomas Interview, KV Thomas CPM, KV Thomas Congress
എനിക്ക് അറിയില്ല. മോദി ഒരു മോശം പ്രധാനമന്ത്രിയാണ്, പക്ഷേ നല്ല മാനേജർ ആണെന്നാണ് ഞാൻ അവിടെ പറഞ്ഞത്. തെറ്റായ തീരുമാനങ്ങളെടുത്തിട്ട് അതു ശരിയാക്കി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതിയെക്കുറിച്ചാണ് പറഞ്ഞത്....KV Thomas, KV Thomas News, KV Thomas Interview, KV Thomas CPM, KV Thomas Congress
എനിക്ക് അറിയില്ല. മോദി ഒരു മോശം പ്രധാനമന്ത്രിയാണ്, പക്ഷേ നല്ല മാനേജർ ആണെന്നാണ് ഞാൻ അവിടെ പറഞ്ഞത്. തെറ്റായ തീരുമാനങ്ങളെടുത്തിട്ട് അതു ശരിയാക്കി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതിയെക്കുറിച്ചാണ് പറഞ്ഞത്....KV Thomas, KV Thomas News, KV Thomas Interview, KV Thomas CPM, KV Thomas Congress
എഐസിസിയുടെയും കെപിസിസിയുടെയും വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെ കേരള രാഷ്ട്രീയത്തിൽ വിവാദ പുരുഷനായിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.വി.തോമസ്. കോൺഗ്രസിൽ നിന്ന് ലഭിക്കാവുന്നതെല്ലാം നേടിയ ശേഷം പാർട്ടിയെ തള്ളിപ്പറഞ്ഞ് സിപിഎമ്മിനൊപ്പം പോകാൻ ഒരുങ്ങുകയാണെന്ന വലിയ ആക്ഷേപം അദ്ദേഹം നേരിടുന്നു. നാളെ ചേരുന്ന കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിയിലേക്ക് ആ സമിതിയിൽ അംഗമായ തോമസിനെ ക്ഷണിക്കാതെ കോൺഗ്രസ് സ്വരം കടുപ്പിക്കുകയാണ്. തോമസിനെതിരെ ഉള്ള കെപിസിസിയുടെ പരാതി എഐസിസിയുടെ അച്ചടക്ക സമിതിയുടെ പരിഗണനയിലുമാണ്.
എന്താണ് തോമസിന്റെ ലക്ഷ്യം? അദ്ദേഹം കോൺഗ്രസ് വിടുമോ? സിപിഎമ്മിന്റെ ഭാഗമാകുമോ? സർക്കാർ പദവി അദ്ദേഹത്തെ കാത്തിരിക്കുന്നോ? ഒരു പിടി ചോദ്യങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ പേരിൽ പൊതു സമൂഹത്തിലും വിമർശനങ്ങൾ അദ്ദേഹം കേൾക്കുന്നു.ഇതിനെല്ലാം കെ.വി.തോമസിനു മറുപടി ഉണ്ടോ? ‘ക്രോസ് ഫയറിൽ’ ആ ചോദ്യങ്ങളോട് തോമസ് പ്രതികരിക്കുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് കെ.വി.തോമസ് സംസാരിക്കുന്നു.
∙അധികാരം, പദവികൾ എന്നിവയിൽ നിന്ന് ഇനി മാറി നിൽക്കാം എന്നു വിചാരിക്കുന്ന അത്രയേറെ പദവികളും അംഗീകാരവും ലഭിച്ചിട്ടുള്ള നേതാവല്ലേ കെ.വി.തോമസ്?
തീർച്ചയായും എനിക്ക് ധാരാളം പദവികളും ജനങ്ങളുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്
∙അഞ്ചുതവണ എംപി, കേന്ദ്രമന്ത്രി, രണ്ടു തവണ എംഎൽഎ, സംസ്ഥാന മന്ത്രി, പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ. ഇതെല്ലാം നൽകിയത് കോൺഗ്രസല്ലേ?
കോൺഗ്രസും ജനങ്ങളും.രണ്ടു കൂട്ടരും ചേർന്നു നൽകിയതാണ്.
∙ജനങ്ങൾ തിരഞ്ഞെടുത്തതാണെന്നു താങ്കൾ പറയുമ്പോഴും പാർട്ടി ടിക്കറ്റ് നൽകിയില്ലെങ്കിൽ അതു ലഭിക്കുമായിരുന്നോ?
സ്വാഭാവികമായും അങ്ങനെ തന്നെയാണ്. പക്ഷേ പാർട്ടിയിലേക്ക് വെറുതെ ഓടിച്ചാടി വന്ന ആളല്ല ഞാൻ. തട്ടു പൊട്ടിച്ചുവന്നയാളുമല്ല. 24–ാമത്തെ വയസ്സിൽ കുമ്പളങ്ങി ഏഴാം വാർഡ് കോൺഗ്രസ് പ്രസിഡന്റായാണ് പ്രവർത്തനം ആരംഭിച്ചത്. ഐഎൻടിയുസി കൊച്ചി താലൂക്ക് സെക്രട്ടറിയും സി.എം.സ്റ്റീഫന്റെ ഓഫിസ് സെക്രട്ടറിയുമായി. പിന്നീട് ഡിസിസി ഭാരവാഹിയും ഡിസിസി പ്രസിഡന്റുമായി. പടിപടിയായാണ് കോൺഗ്രസിൽ ഉയർന്നു വന്നത്. കെ. മുഹമ്മദാലിയുമായി നേരിട്ടു മത്സരിച്ചാണ് ഡിസിസി പ്രസിഡന്റാകുന്നത്. വി.എം.സുധീരനുമായി മത്സരിച്ചാണ് കെപിസിസി ട്രഷറർ ആകുന്നത്.
∙പടിപടിയായി വന്നു എന്നെല്ലാം പറയുമ്പോഴും കെ.കരുണാകരന്റെ വാത്സല്യമല്ലേ താങ്കളെ ഈ പദവികളിലേക്കെല്ലാം കൈപിടിച്ച് ഉയർത്തിയത്?
ആദ്യം എന്നെ സഹായിച്ചത് ടി.എച്ച്. മുസ്തഫയാണ്. പിന്നീട് സി.എം.സ്റ്റീഫന്റെ പ്രോത്സാഹനങ്ങൾ ലഭിച്ചു. അതിനു ശേഷമാണ് ‘ലീഡറു’മായി ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എക്കാലത്തും ഉണ്ടായി.
∙ 36–ാം വയസ്സിൽ ആദ്യമായി താങ്കൾ എംപിയായി. ഇപ്പോൾ അതിന് ഇരട്ടിയിൽ കൂടുതൽ പ്രായമായി. ആദ്യം എംപി ആയ പ്രായത്തിൽ ഉള്ളവർക്കായി മാറിക്കൊടുക്കണം എന്ന വാദത്തിൽ തെറ്റു പറയാൻ കഴിയുമോ?
ഒരു തെറ്റുമില്ല. പക്ഷേ ഞാൻ മാത്രമാണോ ആ വിഭാഗത്തിൽ പെടുന്നത്? എന്നേക്കാൾ പ്രായമുള്ള ആളുകളും എന്നേക്കാൾ കൂടുതൽ തിരഞ്ഞെടുപ്പിൽ ജയിച്ചവരും ഇപ്പോഴും അതു പോലെ തുടരുന്നില്ലേ. എനിക്കു മാത്രം മാനദണ്ഡം വച്ചാൽ മതിയോ? 2019 ൽ ലോക്സഭാ സീറ്റ് നിഷേധിക്കുമ്പോൾ അന്നു കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് എത്രയാണ് പ്രായം! ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റിന്റെ വയസ്സോ! അന്ന് ഇന്ത്യയിലെ 42 കോൺഗ്രസ് സിറ്റിങ് എംപിമാരിൽ സീറ്റ് നിഷേധിച്ചത് എനിക്കു മാത്രമാണ്. മാറ്റണമെങ്കിൽ തന്നെ ടെലിവിഷനിലൂടെയാണോ ആ തീരുമാനം ഞാൻ അറിയേണ്ടത്! ഗൂഢാലോചന നടത്തി മാറ്റിയില്ലേ. എന്നിട്ടും ആ തിരഞ്ഞെടുപ്പിൽ ഒരു എതിർപ്രചാരണത്തിനും പോയില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സോണിയ ഗാന്ധി തന്നെ ഇടപെട്ടു. തോൽക്കുന്ന അഞ്ചു സീറ്റ് ചൂണ്ടിക്കാട്ടി അതിൽ ഒരെണ്ണം തരാൻ കെപിസിസിയോട് ഞാൻ അഭ്യർഥിച്ചു. ആ ആവശ്യം നിരാകരിച്ചപ്പോഴും പാർട്ടിക്കൊപ്പം നിന്നു. പകരം നൽകിയ കെപിസിസി വർക്കിങ് പ്രസിഡന്റ് പദവിയിൽ നിന്നു നാലാം മാസം പുറത്താക്കി. അതിനിടയിൽ അരൂർ ഉപതിരഞ്ഞെടുപ്പിൽ ഞാനും പി.ടി..തോമസും ഒരുമിച്ചു പ്രവർത്തിച്ച് കോൺഗ്രസിനായി ആ സീറ്റ് തിരിച്ചു പിടിച്ചു. ഈ പാർട്ടിക്ക് എതിരെ എന്നാണ് ഞാൻ നിന്നത്? പ്രവർത്തിച്ചത്?
∙ ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ട താങ്കൾ എന്തു പ്രതീക്ഷയിലാണ് അടുത്തയിടെ രാജ്യസഭാ സീറ്റിന് ആഗ്രഹിച്ചതും അതിനായി ശ്രമിച്ചതും? കിട്ടാനിടയില്ല എന്ന സാമാന്യ യുക്തി ഉണ്ടായിരുന്നില്ലേ?
ഞാൻ പരിശ്രമിച്ചില്ലല്ലോ. എന്റെ ഒരു പുസ്തകപ്രകാശനത്തിനായി തിരുവനന്തപുരത്ത് വന്ന സമയത്തു പത്രക്കാർ ചോദിച്ചപ്പോൾ പാർലമെന്ററി രംഗത്തേയ്ക്ക് ഞാനില്ല എന്നാണ് പറഞ്ഞത്. വ്യക്തമായി അങ്ങനെ പറഞ്ഞിട്ടും തിരിച്ചുള്ള പ്രചാരണം നടന്നു.
∙ പക്ഷേ താങ്കൾ ഡൽഹിയിൽ പോകുകയും സോണിയ ഗാന്ധിയെ കാണാൻ ശ്രമിക്കുകയും ചെയ്തത് രാജ്യസഭാ സീറ്റിനു വേണ്ടിയല്ലേ?
അതു നേരത്തേ നിശ്ചയിച്ച യാത്രയാണ്. പത്തു ദിവസത്തേയ്ക്കാണ് ഞാൻ ഡൽഹിയിൽ പോയത്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കൊച്ചിയിൽ എത്തിയപ്പോൾ എന്നോട് ഡൽഹിയിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടിരുന്നു. വേറെ ചില ചർച്ചകളും ഉണ്ടായി. ചില കാര്യങ്ങളിൽ എന്റെ കുറ്റം കൊണ്ടല്ല, അവരുടെ കുഴപ്പം കൊണ്ടു താമസിച്ചു. അങ്ങനെ അവിടെ കുറച്ചു ദിവസം നിൽക്കേണ്ടി വന്നു. സ്ഥാനാർഥിയാകാനായി വന്നതല്ലെന്ന് അപ്പോഴും ഞാൻ പറഞ്ഞിരുന്നു.
∙ പക്ഷേ സോണിയയെ താങ്കൾക്കു കാണാൻ അപ്പോൾ കഴിഞ്ഞില്ല. ആ നിലപാട് താങ്കൾ പ്രതീക്ഷിച്ചതല്ലല്ലോ?
അത് വിഷമമൊന്നും ഉണ്ടാക്കിയില്ല. ഇടയ്ക്ക് കാണാൻ സാധിക്കാറുണ്ട്, ഇടയ്ക്കു പറ്റാതെയും വരാറുണ്ട്. ഫോണിൽ സംസാരിക്കാറുണ്ട്. എനിക്കു പ്രയാസം ഉണ്ടാക്കിയത് രാഹുൽഗാന്ധിയുടെ നിലപാടാണ്. മൂന്നു വർഷത്തിലേറെയായി അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും അതിന് ആഗ്രഹം ഉണ്ടെന്നും കെ.സി.വേണുഗോപാലിനെ കണ്ടു പറഞ്ഞിരുന്നു. ശ്രമിക്കാമെന്ന് കെ,സി പറഞ്ഞെന്നു മാത്രമല്ല, അത് അദ്ദേഹം രാഹുലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നുവെന്നും ഞാൻ മനസ്സിലാക്കി.
∙ രാഹുൽഗാന്ധിക്ക് താങ്കളോടുള്ള ഇഷ്ടക്കേടിനു കാരണം എന്താണ്?
എനിക്കു മാത്രമല്ല, കാണാൻ പോലും സാധിക്കുന്നില്ലെന്ന പ്രയാസം ഒരുപാട് സീനിയർ നേതാക്കന്മാർക്കുണ്ട്. അദ്ദേഹത്തിന് എന്റെ മകന്റെ പ്രായമല്ലേ ഉള്ളൂ. ഒന്നു കണ്ടു സംസാരിക്കുക എന്നതെല്ലാം ഞങ്ങളെ പോലുള്ളവരുടെ ആഗ്രഹമല്ലേ.
∙കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചു നടത്തിയെന്നു വിമർശനം നേരിട്ട താങ്കളുടെ പ്രസംഗമാണോ രാഹുൽഗാന്ധിയുടെ അനിഷ്ടത്തിനു കാരണം?
എനിക്ക് അറിയില്ല. മോദി ഒരു മോശം പ്രധാനമന്ത്രിയാണ്, പക്ഷേ നല്ല മാനേജർ ആണെന്നാണ് ഞാൻ അവിടെ പറഞ്ഞത്. തെറ്റായ തീരുമാനങ്ങളെടുത്തിട്ട് അതു ശരിയാക്കി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതിയെക്കുറിച്ചാണ് പറഞ്ഞത്. അത് മാനേജ്മെന്റ് അസോസിയേഷന്റെ ഒരു പരിപാടിയായിരുന്നു.പക്ഷേ മോദിയെ ഞാൻ പുകഴ്ത്തിയെന്നാണ് വാർത്ത വന്നത്. അക്കാര്യം വിശദീകരിച്ചു സോണിയയ്ക്കും രാഹുലിനും ഞാൻ കത്ത് നൽകി. നോട്ട് നിരോധിച്ചപ്പോൾ പ്രധാനമന്ത്രിയെ പിഎസിക്കു മുന്നിൽ വിളിച്ചു വരുത്തുമെന്നു പറയാനുള്ള ധൈര്യം കാണിച്ചയാളാണ് ഞാൻ എന്നതു മറക്കരുത്.
∙മോദി സ്തുതി എന്ന പേരിൽ കോൺഗ്രസിൽനിന്നു തന്നെ പരാതി പോയല്ലോ? താങ്കൾക്ക് എറണാകുളം ജില്ലയിലെ നേതാക്കൾ എതിരാണോ?
2004 ൽ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഞാൻ ‘ലീഡറെ’ കൈവിടുന്നത്. കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം അദ്ദേഹം അനുസരിക്കാൻ തയാറായില്ല. എന്നെ ഞാനാക്കിയ ലീഡറോടു മറിച്ചു പറയേണ്ടി വന്നത് വളരെ വേദനാജനകമായിരുന്നു. അതോടെ ഞാൻ ഗ്രൂപ്പ് നിർത്തി. ഇനി ഗ്രൂപ്പില്ല എന്ന എന്റെ ഉറച്ച തീരുമാനം അറിയുന്ന ചില സുഹൃത്തുക്കൾ അന്നു മുതൽ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു. ഇപ്പോൾ ഞാൻ ‘എ’യിലോ ‘ഐ’ യിലോ ആയിരുന്നെങ്കിൽ ഈ ബുദ്ധിമുട്ട് വരില്ലായിരുന്നു.
∙ രാഷ്ട്രീയത്തിൽ ഓരോ ഘട്ടത്തിലും ഓരോ നേതാക്കൾക്ക് പ്രാധാന്യം ലഭിക്കുന്നതും പിന്നീട് ഇല്ലാതാകുന്നതും സ്വാഭാവികമല്ലേ? അത് ഒരു അനിവാര്യതയായി കാണാനല്ലേ താങ്കളെ പോലുള്ളവർ ശ്രമിക്കേണ്ടത്?
അതെല്ലാം ഞാൻ അംഗീകരിക്കുന്നു. പക്ഷേ എന്തിനാണ് ഒരാളെ മാത്രം വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്. എന്നോടു മാത്രം എന്തിനാണ് വൈരാഗ്യം?.
∙ ഇടതുപക്ഷത്തേയ്ക്കുള്ള താങ്കളുടെ ചാഞ്ചാട്ടത്തിന് കാരണം അധികാരത്തോടുള്ള ആർത്തിയാണെന്ന വിമർശനം ശക്തമാണ്. ഈ വിമർശനമൊന്നും കാണുന്നും കേൾക്കുന്നുമില്ലേ?
അനാവശ്യമായി എന്നെ മറ്റൊരു പെയിന്റ് അടിക്കുകയാണ്. എന്റെ വ്യക്തിബന്ധങ്ങളെ തെറ്റായി ചിത്രീകരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പ്രഗത്ഭ പത്രപ്രവർത്തകനായ ടി.വി.ആർ. ഷേണായി എന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം ആർഎസ്എസിന്റെയും ബിജെപിയുടെയും ഉറ്റബന്ധുവാണ്. എന്നു വച്ച് ഞാൻ ബിജെപിയിലേക്കു പോയോ? സീതാറാം യച്ചൂരിയും എം.എ.ബേബിയും എന്റെ അടുത്ത സ്നേഹിതരാണ്. ഡൽഹിയിലും കൊച്ചിയിലും എനിക്കൊപ്പം താമസിക്കുന്നവർ. ഈ സൗഹൃദങ്ങളെ മറ്റു തരത്തിൽ അവതരിപ്പിക്കുന്നത് ബോധപൂർവമാണ്. അതു ചെയ്യുന്നവർ എനിക്ക് അധികാരത്തോടുള്ള ആർത്തിയാണെന്ന് പറയും. എഴു തവണ തിരഞ്ഞെടുപ്പിൽ ജയിച്ചത് എന്റെ കുറ്റവും ചിലരെല്ലാം തോൽക്കുന്നത് അവരുടെ നേട്ടവുമാണോ.
∙ പല തരത്തിൽ പ്രയാസപ്പെട്ടും പ്രതിഷേധിച്ചും നിന്ന താങ്കൾ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് സെമിനാറിലേക്കുളള ക്ഷണം യഥാർഥത്തിൽ അവസരമാക്കുകയല്ലേ ചെയ്തത്?
ഒട്ടും ശരിയല്ല. ഞാൻ ഡൽഹിയിൽ ഉള്ള സമയത്താണ് എന്നെയും ശശി തരൂരിനെയും പാർട്ടി കോൺഗ്രസ് സെമിനാറിനു വിളിക്കുമെന്ന് യച്ചൂരി അറിയിച്ചത്. അന്നു തന്നെ മാർഗനിർദേശം നൽകണമെന്ന് അഭ്യർഥിച്ച് സോണിയ ഗാന്ധിക്ക് കത്തു നൽകി. കേരളത്തിലെ എംപിമാരുടെ പ്രതിഷേധത്തെ തുടർന്നു തരൂർ പങ്കെടുക്കേണ്ടെന്നു സോണിയ നിർദേശിച്ചതായി പത്രങ്ങളിലൂടെ വായിച്ചു. അപ്പോൾ താരിഖ് അൻവർ കൊച്ചിയിൽ ഉണ്ട്. എന്റെ കാര്യത്തിൽ എന്താണ് തീരുമാനമെന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ഡൽഹിയിൽ എത്തിയിട്ട് മറുപടി നൽകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിറ്റേന്നു തന്നെ കെ.സി.വേണുഗോപാൽ വിളിച്ചു. തരൂരിനോട് പോകേണ്ടെന്നു പറഞ്ഞു, മാഷും ഒഴിവാകുന്നതാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. ഞാൻ അത് അംഗീകരിച്ചു. ശരിയെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഉടനെ തന്നെ താരിഖ് അൻവറെ അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനോടും ഫോണിലൂടെ വിവരം അറിയിച്ചു. എന്നെ വിളിച്ച സിപിഎം നേതാക്കളോടും പറഞ്ഞു. ഇക്കാര്യങ്ങൾ എല്ലാം പത്രങ്ങളും ചാനലുകളും വന്നതാണ്.എന്നിട്ടും പിറ്റേന്നു മുതൽ എനിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ‘പോയാൽ പാർട്ടിക്കു പുറത്ത്’ എന്നായിരുന്നു ഭീഷണി.
∙ സെമിനാറിൽ പങ്കെടുക്കുന്നില്ലെന്നു കെ.സുധാകരനെ അറിയിച്ച ശേഷമാണ് പുറത്താക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയത് എന്നാണോ താങ്കൾ പറയുന്നത്?
അതെ. സുധാകരൻ അതു നിഷേധിക്കുമായിരിക്കും. ഞാൻ പറഞ്ഞില്ലെന്നു പറയുമായിരിക്കും. പക്ഷേ അന്നത്തെ വാർത്തകൾ അതിനു തെളിവാണ്. അദ്ദേഹത്തിന് എന്നോട് വ്യക്തിവിരോധം ഉണ്ടെന്നു പറയില്ല. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്തുകൊണ്ടു അങ്ങനെ അദ്ദേഹം പറഞ്ഞത് എന്നറിയില്ല. ഒരു പക്ഷേ കണ്ണൂർ വികാരം കൊണ്ട് കടത്തിപ്പറഞ്ഞതായിരിക്കും. ഞാൻ താരിഖ് അൻവറെ ഇക്കാര്യം അറിയിച്ചത് അദ്ദേഹം ഓർമിക്കുന്നുണ്ടല്ലോ. ‘മുക്കുവക്കുടിയിൽ നിന്നു വന്നയാളുടെ സ്വത്ത് എത്ര’ എന്നു വരെ സുധാകരൻ ചോദിച്ചതോടെ കാര്യങ്ങളുടെ പോക്ക് എനിക്ക് ബോധ്യമായി. ഒരു തീരുമാനം എടുക്കാൻ ഞാൻ നിർബന്ധിതനാകുകയായിരുന്നു.
∙ കോൺഗ്രസിൽ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തല, ശശി തരൂർ, കെ.വി.തോമസ് എന്നിവരെയാണ് പാർട്ടി കോൺഗ്രസ് സെമിനാറിന് സിപിഎം ക്ഷണിച്ചത്. ഈ നേതാക്കളെ തിരഞ്ഞുപിടിച്ചതിൽ തന്നെ സിപിഎമ്മിന്റെ ദുരുദ്ദേശ്യം വ്യക്തമല്ലേ? കോൺഗ്രസിന്റെ സാന്നിധ്യമാണ് വേണ്ടതെങ്കിൽ ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ച് ഒരു പ്രതിനിധിയെ വിട്ടു തരണമെന്നല്ലേ സിപിഎം ആവശ്യപ്പെടേണ്ടത്? അവരുടെ രാഷ്ട്രീയ താൽപര്യത്തിന് താങ്കളെ ഉപയോഗിക്കുകയായിരുന്നുവെന്നു പറഞ്ഞാൽ?
നേരത്തെ ജി.കാർത്തികേയനും രമേശ് ചെന്നിത്തലയ്ക്കും ഇതുപോലെ സിപിഎമ്മിന്റെ ക്ഷണം കിട്ടുകയും സെമിനാറുകളിൽ അവർ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടല്ലോ. കെപിസിസി അവരെ നിശ്ചയിച്ച് അയയ്ക്കുക ആയിരുന്നില്ലല്ലോ. ഇത്തവണ എന്നെ വിളിച്ചപ്പോൾ തന്നെ പാർട്ടിയെ അറിയിക്കുകയും അനുവാദം ചോദിക്കുകയുമല്ലേ ചെയ്തത്. അല്ലാതെ ഒളിച്ചോടി പോയതല്ലല്ലോ.
∙സിപിഎമ്മിന്റെ നേതാക്കളുമായി നിരന്തരമായ ബന്ധം താങ്കൾ പുലർത്തിയിരുന്നു. അതിന്റെ ഭാഗമായി വന്നതല്ലേ ഈ ക്ഷണം? അതു കൊണ്ടു തന്നെ ഇതെല്ലാം ഒരു തിരക്കഥയുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാക്കൾ കരുതിയതിൽ തെറ്റുണ്ടോ?
എനിക്ക് രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധമാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എനിക്ക് നല്ല അടുപ്പം ഉണ്ട്. ഞാൻ കേരളത്തിൽ ഫിഷറീസ് മന്ത്രിയായിരുന്നപ്പോൾ ആയിരക്കണക്കിന് സ്ത്രീകളാണ് ഗുജറത്തിൽ മത്സ്യത്തൊഴിലാളികളായി പോയത്. മോദിയായിരുന്നു അന്നു മുഖ്യമന്ത്രി. അന്നു മുതൽ ഉള്ള ബന്ധമാണ്. രാഷ്ട്രീയവും വികസനവും രണ്ടായി കാണണമെന്ന് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എ.കെ.ആന്റണി എപ്പോഴും പറയാറുള്ളതല്ലേ.
∙ സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഉടലെടുത്തപ്പോൾ എന്തുകൊണ്ടാണ് എ.കെ.ആന്റണിയുടെ ഉപദേശം തേടാതിരുന്നത്?
ചില കാര്യങ്ങളിൽ അദ്ദേഹത്തെ വിളിക്കാതിരിക്കുന്നതാണ് ബുദ്ധി. എല്ലാ കാര്യങ്ങളിലും ആന്റണി അഭിപ്രായം പറയില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഞാൻ മാനിക്കുന്നു. അദ്ദേഹം പറയുന്നതേ ചെയ്യൂ. ചെയ്യാൻ കഴിയുന്നതേ പറയൂ. ബ്രഹ്മോസ് പദ്ധതി ഉദ്ഘാടനം ചെയ്യുന്ന സന്ദർഭത്തിൽ മുൻ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാൻ എന്റെ നിഘണ്ടുവിൽ വാക്കുകൾ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എ.കെ.ആന്റണി എടുത്ത നിലപാടുകളും തീരുമാനങ്ങളും കേരളത്തിന്റെ പുരോഗതിയെ കാര്യമായി സഹായിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് നീതി ലഭിച്ചതായി തോന്നുന്നില്ല. എല്ലാവരും എതിർത്തിട്ടും ചാരായ നിരോധനം നടപ്പാക്കിയത് അദ്ദേഹമല്ലേ. അധ്യാപകർക്കു നേരിട്ടു ശമ്പളം നൽകുന്ന കാര്യത്തിൽ ആന്റണി എടുത്ത സമീപനം ചെറുതാണോ? .
∙ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ‘പോകേണ്ടതില്ല’ എന്നു പറഞ്ഞാൽ അത് എഐസിസിയുടെ തീരുമാനമാണല്ലോ. അത് അനുസരിക്കാൻ എഐസിസി അംഗമായ താങ്കൾക്കു ബാധ്യതയില്ലേ?
സമ്മതിച്ചല്ലോ. പോകുന്നില്ലെന്നു ഞാൻ അവരെ അറിയിച്ചതല്ലേ. പക്ഷേ പിറ്റേദിവസം മുതൽ ഭീഷണിപ്പെടുത്തി ഗൺപോയിന്റിൽ നിർത്തിയത് ആരാണ്? എഐസിസിയുടെ തീരുമാനം ശരിയോ തെറ്റോ എന്നത് മറ്റൊരു പ്രശ്നം. ദേശീയതലത്തിൽ ബിജെപിക്കെതിരെ നിലപാട് എടുക്കുമ്പോൾ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മാറ്റി നിർത്താൻ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ ശത്രുത ഒരു പുതിയ സംഭവം അല്ല. ഈ അഭിപ്രായം ഉണ്ടായിട്ടും കെ.സി.വേണുഗോപാൽ പറഞ്ഞപ്പോൾ അത് അംഗീകരിക്കുകയാണ് ഞാൻ ചെയ്തത്. പക്ഷേ തുടർച്ചയായി മാനസികമായി എന്നെ തകർക്കാനാണ് ചിലർ ശ്രമിച്ചത്. ഈ സോഷ്യൽ മീഡിയ ആക്രമണം അവസാനിപ്പിക്കണമെന്ന് സുധാകരനോട് പല തവണ അഭ്യർഥിച്ചതാണ്
∙സോഷ്യൽ മീഡിയയിൽ കെപിസിസി പ്രസിഡന്റിന്റെ അറിവോടെ ആക്രമണം നടക്കുന്നുവെന്നാണോ?
അങ്ങനെ ഞാൻ ഇപ്പോൾ ആരോപിക്കുന്നത് ശരിയല്ല. പക്ഷേ സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ സുധാകരനുള്ള പങ്കിനെക്കുറിച്ച് വി.എം.സുധീരൻ പറഞ്ഞിട്ടുണ്ട്.
∙ ‘പുറത്താക്കും’ എന്നെല്ലാം ഉള്ള കെ.സുധാകരന്റെ ഭീഷണി അദ്ദേഹത്തിന്റെ കണ്ണൂർ ശൈലിയുടെ ഭാഗമാണെന്ന് എത്രയോ കാലമായി അടുപ്പമുള്ള താങ്കൾക്ക് അറിയാവുന്നതല്ലേ?
എന്നോട് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞാൽ അങ്ങനെ വിചാരിക്കാം, മനസ്സിലാക്കാം. ഇത് അങ്ങനെ അല്ലല്ലോ. സമൂഹത്തിനു മുന്നിൽ അല്ലേ അദ്ദേഹം പറഞ്ഞത്. ഞാൻ കണ്ണൂരുകാരനല്ലല്ലോ. കൊച്ചിയിലും ചുറ്റുപാടുമല്ലേ ജീവിക്കുന്നത്. ഞാനും സുധാകരനും തമ്മിൽ പ്രായത്തിൽ ഒരു വയസ്സിന്റെ വ്യത്യാസം അല്ലേയുള്ളൂ. കേരളത്തിലെ സീനിയറായ കോൺഗ്രസ് നേതാക്കളിൽ ഒരാൾ അല്ലേ ഞാൻ. ആ ഭാഷയാണോ അങ്ങനെ ഒരാളോടു സ്വീകരിക്കേണ്ടത്.
∙സംസ്ഥാന സമ്മേളനത്തിൽ ക്ഷണം വന്നപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണല്ലോ അതിൽ നിന്ന് ഒഴിവാകണമെന്നു താങ്കളോട് അഭ്യർഥിച്ചത്. ഇത്തവണ താങ്കളുടെ ജില്ലാക്കാരനായ പ്രതിപക്ഷനേതാവ് ഇക്കാര്യത്തിൽ ഇടപെട്ടില്ലേ?
ആരും ഇടപെട്ടില്ല. സംസ്ഥാന സമ്മേളനത്തിന് ക്ഷണം വന്നപ്പോൾ സതീശനോട് ഞാൻ അങ്ങോട്ട് പറയുകയായിരുന്നു. മാഷ് പോകേണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ ഞാൻ അംഗീകരിച്ചു. ഇത്തവണ അദ്ദേഹം എന്നോട് ഒന്നും പറഞ്ഞില്ല. സുധാകരൻ മാത്രമാണ് സംസാരിച്ചത്. പുറത്ത് രൂക്ഷമായി ഭാഷയിൽ പ്രതികരിച്ചതും അദ്ദേഹമാണ്.
∙ സെമിനാറിൽ പങ്കെടുത്ത് ‘കേന്ദ്ര സംസ്ഥാന ബന്ധം’ എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുന്നതിനു പകരം മുഖ്യമന്ത്രിയെ പുകഴ്ത്താനും കെ.റെയിലിനു പിന്തുണ പ്രഖ്യാപിക്കാനുമാണല്ലോ താങ്കൾ ശ്രമിച്ചത്?
ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു. കൂട്ടത്തിൽ വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും പറഞ്ഞു. കെ റെയിലിനെക്കുറിച്ച് രാഷ്ട്രീയകാര്യസമിതി യോഗത്തിലും എന്റെ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്, ചില സെമിനാറുകളിൽ പറഞ്ഞിട്ടുണ്ട്. കെ.കരുണാകരനെ എതിർത്തതുപോലെ പിണറായി വിജയനെ എതിർക്കരുതെന്ന് അഭിപ്രായപ്പട്ടിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തെ അന്ന് സിപിഎം എതിർത്തപ്പോൾ കരുണാകരന്റെ ദു:ഖം നേരിട്ടു മനസ്സിലാക്കിയിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ കാലത്ത് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് എന്തെല്ലാം തർക്കം ഉണ്ടായി. ഈ പദ്ധതികളെല്ലാം കേരളത്തിനു വേണ്ടതാണെന്ന് ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്നില്ലേ.
∙ പക്ഷേ ആ കണ്ണൂർ പ്രസംഗം ഇടതു ചേരിയിലേക്ക് താങ്കൾ മാറുന്നതിന്റെ വ്യക്തമായ സൂചനയായില്ലേ?
കെ–റെയിനെ അന്ധമായി എതിർക്കരുതെന്നു ഞാൻ പറഞ്ഞു, ഗെയിൽ പദ്ധതി പൂർത്തീകരിച്ചതിൽ പിണറായി വിജയന്റെ നേതൃമികവിനെ പരാമർശിച്ചു, കോവിഡ് കൈകാര്യം ചെയ്തതിൽ സർക്കാരിനെ അഭിനന്ദിച്ചു. ഇതെല്ലാം വസ്തുതയല്ലേ. ‘കേന്ദ്രസംസ്ഥാനബന്ധങ്ങളെ’കുറിച്ച് ജവഹർലാൽ നെഹ്റു മുതൽ രാഹുൽഗാന്ധി വരെ ഉള്ളവരെ ഉദ്ധരിച്ചാണ് ഞാൻ പ്രസംഗിച്ചത്.
∙‘കോൺഗ്രസ് വിടില്ല, സിപിഎമ്മിൽ ചേരില്ല’ എന്നെല്ലാം താങ്കൾ പറഞ്ഞു. അതെല്ലാം സാങ്കേതികത്വം മാത്രമല്ലേ? കേരളത്തിലെ പ്രതിപക്ഷത്തു നിന്ന് മാറി ഭരണപക്ഷത്തിന്റെ ഭാഗമാകുകയാണ് താങ്കൾ എന്നല്ലേ മനസ്സിലാക്കേണ്ടത്?
അതു താങ്കളുടെ കാഴ്ചപ്പാടാണ്. ഞാൻ കോൺഗ്രസുകാരനായിരിക്കുമെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്, കോൺഗ്രസ് വിട്ടു പോകില്ലെന്ന് തീർത്തു പറഞ്ഞിട്ടുണ്ട്.
∙ താങ്കൾക്ക് കാബിനറ്റ് റാങ്കോടെ സർക്കാർ പദവി വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ലേ?
ഞാൻ സ്വപ്നത്തിൽ പോലും ഇതൊന്നും ആലോചിച്ചിട്ടില്ല. ഞാൻ ബിജെപിയിൽ പോയി എന്തൊക്കെയോ ആകാൻ പോകുമെന്നു പറഞ്ഞവർ ഇപ്പോഴും ഇവിടെ ഉണ്ടല്ലോ.എന്നിട്ട് എന്തായി! എവിടെ എങ്കിലും ഞാൻ പോയോ? പക്ഷേ കേരളത്തിന്റെ വികസനം സംബന്ധിച്ച് എനിക്ക് കാഴ്ചപ്പാടുണ്ട്, അതിൽ സംഭാവന ചെയ്യാൻ ആഗ്രഹം ഉണ്ട്. നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, ഇതിൽ എല്ലാം എന്റേതായ എളിയ സംഭാവനകൾ ഉണ്ട്. എല്ലാത്തിനും അന്ന് ഞാൻ തെറി കേൾക്കുകയും ചെയ്തു.
∙എ.കെ.ആന്റണി അധ്യക്ഷനായ എഐസിസിയുടെ അച്ചടക്കസമിതിക്കു നൽകാനുള്ള മറുപടി തയാറാക്കിയോ? താങ്കളുടെ വിശദീകരണം അവർ ഉൾക്കൊള്ളുമെന്ന പ്രതീക്ഷയുണ്ടോ?
മറുപടിയുടെ കരട് തയാറാക്കി. മിനുക്കി എത്രയും വേഗം അയയ്ക്കും. ഒരു കാര്യത്തിൽ എനിക്കു സംശയമില്ല. ആന്റണി അധ്യക്ഷനായ ഒരു സമിതി നീതിയുക്തമായി മാത്രമെ തീരുമാനം എടുക്കൂ.
∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ താങ്കൾ ഇടതു മുന്നണി സ്ഥാനാർഥിയാകുമോ?
ഇത്രമാത്രം എന്നെ താങ്കൾക്കും ദ്രോഹിക്കണോ. പാർലമെന്ററി ജീവിതം അവസാനിച്ചെന്നും ഇനി മത്സരിക്കാനില്ലെന്നും എത്രയോ തവണ ഞാൻ പറഞ്ഞതാണ്. എന്റെ കുടുംബാംഗങ്ങൾക്കും ആ ആഗ്രഹം ഇല്ല. 2021 ൽ എന്റെ മകൾ സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നു എന്നായിരുന്നല്ലോ പ്രചാരണം. അവൾക്ക് ബിസിനസുണ്ട്. എന്റെ മൂന്നു മക്കളും അവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അതുമായി അവർ പോകുമ്പോഴും മറിച്ചു പ്രചാരണം നടത്തും.
∙ മകൾ രേഖ തോമസിനെ രാഷ്ട്രീയ പിൻഗാമിയാക്കണമെന്ന ആഗ്രഹം ഒട്ടുമില്ല എന്നാണോ?
ഒരു സന്ദർഭത്തിലും ഉണ്ടായിട്ടില്ല. അതാണ് ഞാൻ പറഞ്ഞത്,എന്നെ വെറുതെ വിടില്ല. ഞാൻ വേണ്ടെന്നു പറഞ്ഞാലും വേണമെന്ന് പറഞ്ഞുവെന്നാക്കും. ഇവിടെ ചില ഗ്രൂപ്പുകൾ അതിനായി തന്നെ പ്രവർത്തിക്കുന്നുണ്ട്
∙ താങ്കളെ ‘ടി.വി.ജയിംസ്’ എന്ന പേരിൽ ചിത്രീകരിക്കുന്ന ഭീഷ്മപർവം സിനിമ കണ്ടോ? അതിലെ ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രം കണ്ടപ്പോൾ വിഷമം തോന്നിയോ?
ഞാൻ കണ്ടില്ല. നമ്മൾ സിനിമ കാണുന്നത് ദുഃഖിക്കാനോ ടെൻഷൻ അടിക്കാനോ അല്ലല്ലോ. എന്റെ മൂത്തമകൻ ആ സിനിമ കണ്ടിരുന്നു. മക്കൾക്ക് സഹിക്കില്ലല്ലോ. അതു കൊണ്ട് സോഷ്യൽ മീഡിയയിൽ അയാളുടെ വികാരം പ്രകടിപ്പിച്ചു. മമ്മൂട്ടി എന്റെ വിദ്യാർഥിയാണ്. അദ്ദേഹത്തെ എനിക്കു വലിയ ഇഷ്ടമാണ്. സിനിമയിൽ പറയുന്നതൊന്നും ഞാൻ ഗൗരവത്തിൽ കാണാറില്ല. ഫ്രഞ്ച് ചാരക്കേസ് മുതൽ എത്രയോ ആക്ഷേപങ്ങൾ കേൾക്കുന്നു. തെറ്റ് ചെയ്യാത്തതു കൊണ്ടു തന്നെ ജനങ്ങളെ അഭിമുഖീകരിക്കാൻ എനിക്ക് ഒരു പ്രയാസവും ഇല്ല. 18 വർഷമായി എന്റെ നേതൃത്വത്തിലുളള വിദ്യാധൻട്രസ്റ്റ് കൊച്ചിയിൽ സേവന രംഗത്തു നടത്തുന്ന സംഭാവനകൾ എല്ലാവർക്കും അറിയാം. 23000 കുട്ടികൾക്ക് ഞാൻ ഉച്ചഭക്ഷണം കൊടുത്തുവന്നിരുന്നു. 5000 കുട്ടികൾക്ക് സ്കോളർഷിപ് കൊടുക്കുന്നു, നിർധനർക്കു വീടുകൾ വച്ചു കൊടുക്കുന്നു. ആരെങ്കിലും അനാവശ്യമായി ആക്ഷേപിച്ചതു കൊണ്ടൊന്നും കെ.വി.തോമസ് ഇല്ലാതാകില്ല, മുട്ടുമടക്കുകയുമില്ല.
∙‘തിരുത തോമസ്’ എന്ന വിളിയും ഈ ദിവസങ്ങളിൽ കേട്ടുകൊണ്ടിരിക്കുകയാണല്ലോ?
2001 ൽ എനിക്കു നിയമസഭാ സീറ്റ് ലഭിച്ചപ്പോൾ എന്റെ ചില ‘സുഹൃത്തുക്കൾ’ തിരുതയുമായി ജാഥ നടത്തി. ഞാൻ ഗൗനിച്ചില്ല. പിന്നീട് അതു വച്ച് സോഷ്യൽ മീഡിയയിൽ വലിയ ആക്രമണമായി. പക്ഷേ ഇത്തവണ‘ മുക്കുവൻ’ എന്നും ‘തിരുത’ എന്നും വിളിച്ച് തുടർച്ചയായി ആക്ഷേപിക്കുമ്പോൾ ഒരു സമുദായത്തിനാണ് നോവുന്നത്. ഒരു മത്സ്യത്തൊഴിലാളി എന്നു പറയുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. ഞാൻ ഇപ്പോഴും മീൻ പിടിക്കാൻ പോകാറുണ്ട്, വല വീശാനറിയാം, മീനെ വളർത്താനും അറിയാം.
∙ രാഷ്ട്രീയകാര്യസമിതി യോഗം നാളെ ചേരുകയാണ്. സമിതിയിലെ അംഗമായ താങ്കൾക്ക് ക്ഷണമുണ്ടോ?
ഇതുവരെ വിളിച്ചിട്ടില്ല. എനിക്കെതിരെ കോൺഗ്രസ് നടപടിയെടുത്തിട്ടില്ല. വിശദീകരണം ചോദിച്ചിട്ടേയുളളൂ. എങ്കിലും വിളിച്ചില്ല. സാധാരണ കത്ത് വരാറുണ്ട്, ഇന്ദിരാഭവനിൽനിന്നു ഫോണിൽ വിളിക്കാറും ഉണ്ടാകാറുണ്ട്. രണ്ടും ഉണ്ടായിട്ടില്ല.
∙ അതായത് താങ്കളുമായുള്ള ബന്ധം കോൺഗ്രസ് വിച്ഛേദിച്ചു തുടങ്ങുകയാണെന്നു കരുതാം. 40 വർഷത്തോളം നീണ്ട കോൺഗ്രസ് ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന ചിന്ത വരുന്നത് മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നില്ലേ? ഇതൊന്നും വേണ്ടെന്ന വിചാരം എപ്പോഴെങ്കിലുമെല്ലാം മനസ്സിലേക്ക് കടന്നു വന്നിട്ടില്ലേ?
ഇതിനെല്ലാം ഇടയാക്കുന്നവർ കൂടി അങ്ങനെ വിചാരിക്കേണ്ടേ? അച്ചടക്കസമിതി ഡൽഹിയിൽ കൂടിക്കൊണ്ടിരിക്കുമ്പോൾ തന്നെ എനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നവരല്ലേ ഉള്ളത്. രാഷ്ട്രീയകാര്യസമിതിക്കു വിളിക്കാത്തത് ശരിയോ തെറ്റോ എന്നു നിങ്ങൾ ആലോചിച്ച് നോക്ക്.
∙ കോൺഗ്രസിൽ നിന്നു പുറത്തു പോകേണ്ടി വന്നാൽ സജീവ രാഷ്ട്രീയത്തിൽ തുടരുമോ?
രാഷ്ട്രീയം എന്നത് കക്ഷി രാഷ്ട്രീയം മാത്രമല്ലല്ലോ. സാമൂഹിക വിഷയങ്ങൾ പ്രസക്തമല്ലേ. കുമ്പളങ്ങിയെ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവന്നതിൽ എനിക്കൊരു പങ്കില്ലേ. എന്റെ പുസ്തകങ്ങൾ എല്ലാവരും ശ്രദ്ധിക്കുന്നതല്ലേ. അത്തരം കാര്യങ്ങളിൽ നിന്ന് എന്തിനാണ് പിന്മാറുന്നത്? ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും.
∙ ആ പുസ്തകങ്ങളുടെ കൂട്ടത്തിൽ ‘സോണിയ, പ്രിയങ്കരി’ എന്ന ഗ്രന്ഥവും ഉണ്ട്. അത് എഴുതിയ താങ്കൾക്ക് എങ്ങനെ കോൺഗ്രസിനെ ഉപേക്ഷിക്കാൻ കഴിയും?
ഞാൻ ഉപേക്ഷിക്കില്ല.സോണിയാ ഗാന്ധിയും എന്നെ ഉപേക്ഷിക്കില്ല. അത് ഉറപ്പുണ്ട്. കേന്ദ്ര മന്ത്രിയായിരിക്കെ ഭക്ഷ്യസുരക്ഷാബിൽ ഏറ്റെടുക്കുമ്പോൾ അവർ അല്ലാതെ ആരും എന്റെ കൂടെ ഉണ്ടായിരുന്നില്ല. മറ്റു പാർട്ടികളുമായി എനിക്കുള്ള ബന്ധത്തെക്കുറിച്ച് ഇന്ന് ആക്ഷേപിക്കുന്നവരാണല്ലോ കൂടുതൽ. ആ ബന്ധം കൊണ്ടാണ് അന്ന് ആ മഹത്തായ ബിൽ പാർലമെന്റിന് പാസാക്കാൻ കഴിഞ്ഞത്. എനിക്ക് സോണിയയോട് എന്നും ബഹുമാനമേ ഉള്ളൂ. എന്നെ ഞാൻ ആക്കുന്നതിൽ ‘ലീഡർ’ കഴിഞ്ഞാൽ പങ്കുള്ളത് സോണിയയ്ക്കാണ്.
English Summary: Cross Fire Exclusive interview with Congress senior leader KV Thomas