‘പിണറായിയെന്ന വഴികാട്ടി’; അമിത് ഷായോട് സ്റ്റാലിൻ പറയുന്നു: ‘ജയിക്കുമെന്ന് കരുതേണ്ട’
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ കടുത്തഭാഷയിൽ വിമർശിക്കുന്ന വ്യക്തിയാണ് സ്റ്റാലിൻ. ബിജെപിക്ക് എതിരെ പ്രതിപക്ഷസഖ്യം ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസോ മമത ബാനർജിയോ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നതിനേക്കാൾ സിപിഎമ്മിന് ഇഷ്ടം സ്റ്റാലിൻ നയിക്കുന്നതാണ്. പാർട്ടി കോൺഗ്രസിലേക്കുള്ള ക്ഷണവും സ്റ്റാലിനോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ്. തമിഴ്നാട് മോഡൽ സഖ്യമാണ് ബിജെപിക്ക് എതിരെ ദേശീയ തലത്തിൽ...
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ കടുത്തഭാഷയിൽ വിമർശിക്കുന്ന വ്യക്തിയാണ് സ്റ്റാലിൻ. ബിജെപിക്ക് എതിരെ പ്രതിപക്ഷസഖ്യം ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസോ മമത ബാനർജിയോ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നതിനേക്കാൾ സിപിഎമ്മിന് ഇഷ്ടം സ്റ്റാലിൻ നയിക്കുന്നതാണ്. പാർട്ടി കോൺഗ്രസിലേക്കുള്ള ക്ഷണവും സ്റ്റാലിനോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ്. തമിഴ്നാട് മോഡൽ സഖ്യമാണ് ബിജെപിക്ക് എതിരെ ദേശീയ തലത്തിൽ...
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ കടുത്തഭാഷയിൽ വിമർശിക്കുന്ന വ്യക്തിയാണ് സ്റ്റാലിൻ. ബിജെപിക്ക് എതിരെ പ്രതിപക്ഷസഖ്യം ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസോ മമത ബാനർജിയോ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നതിനേക്കാൾ സിപിഎമ്മിന് ഇഷ്ടം സ്റ്റാലിൻ നയിക്കുന്നതാണ്. പാർട്ടി കോൺഗ്രസിലേക്കുള്ള ക്ഷണവും സ്റ്റാലിനോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ്. തമിഴ്നാട് മോഡൽ സഖ്യമാണ് ബിജെപിക്ക് എതിരെ ദേശീയ തലത്തിൽ...
റഷ്യൻ വിപ്ലവത്തിനു മുൻപ്, സാർ ചക്രവർത്തിയുടെ സൈന്യം കമ്യൂണിസ്റ്റുകാരെ പീഡിപ്പിച്ചിരുന്ന കാലത്തെ കഥയാണ്. പീഡനത്തിനു മുൻപ് ജോസഫ് സ്റ്റാലിൻ ഒരു പുൽക്കൊടി തന്റെ പല്ലുകൾക്കിടയിൽ വച്ചു. കൊടിയ പീഡനത്തിനു ശേഷവും പുൽക്കൊടിക്ക് ഒരു പോറലുമേറ്റില്ലത്രേ. സ്റ്റാലിന്റെ കരുത്ത് തെളിയിക്കുന്നതാണ് ഈ കഥ. ഒരു വിഭാഗം കമ്യൂണിസ്റ്റുകാർക്ക് ഇപ്പോഴും ഇഷ്ടമാണ് കരുത്തനായ സ്റ്റാലിനെ. ഭരണാധികാരിയായിരിക്കെ, പൊളിറ്റ് ബ്യൂറോയിലെ എല്ലാവരെയും കാലപുരിക്കയച്ചയാളാണ് സ്റ്റാലിൻ. അദ്ദേഹത്തിന്റെ ക്രൂരതകൾ ക്രൂഷ്ചേവ് ആണ് ലോകത്തെ അറിയിച്ചത്.
‘ക്രൂഷ്ചേവ് നുണ പറഞ്ഞു’ എന്ന പേരിൽ അമേരിക്കൻ പ്രഫസർ ഗ്രോവർ ഫർ അടുത്തിടെ പുറത്തിറക്കിയ പുസ്തകം സ്ഥാപിക്കുന്നത് സ്റ്റാലിന്റെ ക്രൂരതകൾ കെട്ടുകഥകൾ ആണെന്നാണ്. ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാലിനെ വിശുദ്ധനാക്കാനും ഒരു വിഭാഗം രംഗത്തുണ്ട്. അപ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ കുഴിമാടങ്ങൾ പറയുന്ന കഥയോ?
‘എനിക്കു പറ്റിയ അബദ്ധം’ എന്നാണ് സ്റ്റാലിനെ പിൻഗാമിയാക്കിയതിനെപ്പറ്റി രോഗക്കിടക്കയിൽ വച്ച് ലെനിൻ പരിതപിച്ചത് എന്നാണ് ചരിത്രം. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു പിന്നാലെ, രഹസ്യാന്വേഷണ വിഭാഗം കെജിബി എല്ലാ രേഖകളും നശിപ്പിച്ചിരുന്നു. അപ്പോൾ പ്രഫ. ഗ്രോവറിന് എവിടെനിന്നു കിട്ടി ഈ തെളിവുകൾ? കഥയിൽ ചോദ്യമില്ല. ജോസഫ് സ്റ്റാലിനിൽനിന്ന് എം.കെ. സ്റ്റാലിനിലേക്ക് ഒരുപാട് ദൂരമുണ്ട്. പേരിലെ സാമ്യം കഴിഞ്ഞാൽ ഭരണാധികാരി എന്ന നിലയിലുള്ള കരുത്തിലാണ് സാമ്യം. പിന്നീടുള്ളതു കമ്യൂണിസ്റ്റുകാരോടുള്ള സ്നേഹം. രാജ്യത്തെ മറ്റു നേതാക്കളിൽനിന്ന് സ്റ്റാലിൻ വ്യത്യസ്തനായി നിൽക്കുന്നു.
∙ കമ്യൂണിസ്റ്റുകാരോട് ഇഷ്ടം
‘ഇടതുസാരി’ കക്ഷികളോട് തനിക്ക് ബഹുമാനമാണെന്ന് പറഞ്ഞത് എം. കരുണാനിധിയാണ്. കമ്യൂണിസ്റ്റുകാരോടുള്ള അദ്ദേഹത്തിന്റെ ബഹുമാനമാണ് പുത്രന് സ്റ്റാലിൻ എന്ന പേര് നൽകിയത്. കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നേതാക്കളുടെ ചിത്രങ്ങളിൽ ജോസഫ് സ്റ്റാലിനും ഉണ്ടായിരുന്നു. പക്ഷേ സമ്മേളനത്തിൽ ശ്രദ്ധേയനായത് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ (69) എന്ന കരുത്തനായ മുഖ്യമന്ത്രി തന്നെ ആയിരുന്നു. കരുണാനിധിയെപ്പോലെ തന്നെ സ്റ്റാലിനും ഇടതുപാർട്ടികളോട് ഇഷ്ടമാണ്.
മുൻപും, ഇപ്പോഴും തമിഴ്നാട്ടിൽ കമ്യൂണിസ്റ്റുകാർ അടിസ്ഥാന വർഗത്തോടൊപ്പമാണ് നിൽക്കുന്നത്. അധികാരത്തിലെത്താത്ത തമിഴ്നാട്ടിൽ ഇടതുരാഷ്ട്രീയം ജീർണിച്ചില്ലെന്ന വിലയിരുത്തലുണ്ട്. തമിഴ്നാട്ടിൽ അതിഗംഭീര നേതാക്കളാണ് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉണ്ടായിരുന്നത്. ‘തീക്കതിർ’ എന്ന ‘ദേശാഭിമാനി’ക്കും നല്ല പ്രാധാന്യമാണ് തമിഴ് രാഷ്ട്രീയത്തിലുള്ളത്. കഴിഞ്ഞ ജൂലൈയിലാണ് 100 വയസ്സ് തികഞ്ഞ സിപിഎം നേതാവ് ശങ്കരയ്യയെ സ്റ്റാലിൻ സർക്കാർ ആദരിച്ചത്. ആർ. നല്ലകണ്ണ്, ഡി. പാണ്ഡ്യൻ തുടങ്ങിയ സിപിഐ നേതാക്കളും സംസ്ഥാനത്ത് ഏറെ ബഹുമാനിക്കപ്പെടുന്നവരാണ്. ഡിഎംകെയും കമ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ചില താരതമ്യങ്ങൾ ഉണ്ട്. കേഡർ സ്വഭാവവും മതനിരപേക്ഷ സ്വഭാവവും ഇരുപാർട്ടികളും പങ്കുവയ്ക്കുന്നു. ശക്തമായ ട്രേഡ് യൂണിയനും ഡിഎംകെയ്ക്ക് ഉണ്ട്.
∙ ഇഷ്ടം, പിണറായിയോടും
സിപിഎമ്മിന്റെ ദേശീയ സാന്നിധ്യം കേരളത്തിലും തമിഴ്നാട്ടിലും ആയി ഒതുങ്ങിയ കാലമാണിത്. സിപിഎമ്മിന് ആകെയുള്ള 3 എംപിമാരിൽ രണ്ടുപേരും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. സിപിഐക്ക് ആകെയുള്ള രണ്ടുപേരും ഇവിടെനിന്നു തന്നെ. കോൺഗ്രസും മുസ്‌ലിം ലീഗും അടങ്ങുന്ന മുന്നണിയിൽ നിന്നാണ് ഇരുപാർട്ടികളും മത്സരിച്ചതെങ്കിലും ഡിഎംകെയാണ് കരുത്തായത്. നിയമസഭയിലും ഇരുപാർട്ടികൾക്കും അർഹിക്കുന്ന പരിഗണന സ്റ്റാലിൻ നൽകി. പാർട്ടി കോൺഗ്രസിന് എത്തിയ സ്റ്റാലിൻ സിപിഎം അണികൾക്കിടയിൽ ആവേശമായതിന് അതുമൊരു കാരണമായി.
മുഖ്യമന്ത്രി പിണറായി വിജയനെ ‘ഉരുക്കുമനുഷ്യൻ’ എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ കടുത്തഭാഷയിൽ വിമർശിക്കുന്ന വ്യക്തിയാണ് സ്റ്റാലിൻ. ബിജെപിക്ക് എതിരെ പ്രതിപക്ഷസഖ്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസോ മമത ബാനർജിയോ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നതിനേക്കാൾ സിപിഎമ്മിന് ഇഷ്ടം സ്റ്റാലിൻ നയിക്കുന്നതാണ്. പാർട്ടി കോൺഗ്രസിലേക്കുള്ള ക്ഷണവും ദേശീയ നേതാവ് എന്ന നിലയിൽ സ്റ്റാലിനോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ്. പിണറായി വഴികാട്ടിയാണെന്നും സ്റ്റാലിൻ കണ്ണൂരിൽ പറഞ്ഞു. തമിഴ്നാട് മോഡൽ സഖ്യമാണ് ബിജെപിക്ക് എതിരെ ദേശീയ തലത്തിൽ ഉരുത്തിരിയേണ്ടത് എന്ന വാദമാണ് സ്റ്റാലിൻ മുന്നോട്ടുവയ്ക്കുന്നത്.
∙ അഴഗിരി ഒഴിഞ്ഞു, കരുത്തു നേടി സ്റ്റാലിൻ
മധുരയിൽ വിഡിയോ ഗെയിം കളിച്ച് നേരംകൊല്ലുന്ന ഒരു രാഷ്ട്രീയ നേതാവുണ്ട്– അഴഗിരി. മുൻ കേന്ദ്രമന്ത്രിയും ഡിഎംകെയുടെ മധുര മേഖലയുടെ തലവനും ആയിരുന്നു അഴഗിരി. എം. കരുണാനിധിക്ക് എന്നും തലവേദനയായിരുന്നു അദ്ദേഹം. സ്റ്റാലിൻ പ്രതാപിയായി വളരുമ്പോൾ അനുജനെ കൊച്ചാക്കുന്ന പ്രസ്താവനകളാണ് അഴഗിരി പുറത്തുവിട്ടിരുന്നത്. ‘സ്റ്റാലിൻ ഒരിക്കലും തമിഴ്നാട് മുഖ്യമന്ത്രിയാവില്ല’ എന്ന അഴഗിരിയുടെ അഭിമുഖം പ്രശസ്തമാണ്. അഴിമതിയുടെ പേരിലും അഴഗിരി വാർത്തകളിൽ നിറഞ്ഞു. 2014ൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്തായി.
അതേസമയം, കരുണാനിധിയുടെ വിയോഗസമയത്ത് വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയിൽ പൂർണ പിന്തുണ സ്റ്റാലിൻ ഉറപ്പിച്ചു. അടുത്തിടെ പാർട്ടിയിലേക്ക് മടങ്ങിവരാൻ ശ്രമങ്ങൾ നടത്തിവരികയാണ് അഴഗിരി. പക്ഷേ അതിനു സാധ്യത കുറവാണ്. അതേസമയം മകനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിനോട് അണിയറയിൽ ഒരുങ്ങാനാണ് സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുള്ളത്. പാർട്ടിയിലെ കരുത്ത് ചോരില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് സ്റ്റാലിൻ മികച്ച ഭരണം എന്ന ഘട്ടത്തിലേക്കു കടക്കുന്നത്.
∙ ഹിന്ദിയെ എതിർക്കും, ബിജെപിയെയും
അറിഞ്ഞോ അറിയാതെയോ സ്റ്റാലിന് രാഷ്ട്രീയ അവസരമാണ് അമിത് ഷാ നൽകിയത്. ഒരു ദേശം, ഒരു ഭാഷ എന്ന മുദ്രാവാക്യത്തോടെ അമിത് ഷാ നടപ്പാക്കുന്ന ഹിന്ദി പ്രചാരണത്തിന് ശക്തമായ എതിർപ്പാണ് സ്റ്റാലിൻ സർക്കാരും ഡിഎംകെയും ഉയർത്തുന്നത്. ദ്രാവിഡ ബോധം ഏറെക്കാലത്തിനു ശേഷം ഉയിർത്തെഴുന്നേൽക്കുകയാണ്. ഹിന്ദി വിരുദ്ധ പ്രക്ഷോഭമാണ് ആദ്യകാലങ്ങളിൽ ഡിഎംകെയ്ക്ക് ചുവടുറപ്പിക്കാൻ അവസരം നൽകിയത്. ‘താങ്കൾ ആ തെറ്റ് ആവർത്തിക്കുകയാണ്, ജയിക്കുമെന്ന് കരുതേണ്ട’ എന്നാണ് അമിത് ഷായ്ക്ക് സ്റ്റാലിൻ മറുപടി നൽകിയത്.
കരുത്തുള്ള നേതാവ് എന്ന പ്രതീതിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്റ്റാലിന് ഉള്ളത്. സ്റ്റാലിൻ സംസ്ഥാന രാഷ്ട്രീയത്തിലും കനിമൊഴി ദേശീയ രാഷ്ട്രീയത്തിലും ദ്രാവിഡ, ബിജെപി വിരുദ്ധ രാഷ്ട്രീയം പ്രസക്തമാക്കുന്നു. ദ്രാവിഡ രാഷ്ട്രീയത്തിൽ സാമൂഹിക നീതി, മതസൗഹാർദം എന്നിവ അടിസ്ഥാന ശിലകളാണ്. ചെന്നൈ മേയർ എന്ന പ്രധാന പദവി മുൻപ് വഹിച്ചിരുന്നത് സ്റ്റാലിൻ ആയിരുന്നു. ഇത്തവണ ദലിത് വനിതയായ പ്രിയയെ ആണ് നിയോഗിച്ചത്. ആ പദവി നോട്ടമിട്ടിരുന്ന ഉന്നതരെ തള്ളാനും തന്റെ കൈപ്പിടിയിൽ ചെന്നൈയുടെ ഭരണം ഒതുക്കാനുമാണ് അങ്ങനെ ചെയ്തതെന്ന് എതിരാളികൾ ആരോപിക്കുന്നുണ്ട്. എങ്കിലും 334 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ദലിത് മേയർ ഉണ്ടായതെന്നത് വ്യത്യസ്ത രാഷ്ട്രീയമാണ്. ഇതിനു പുറമേ ബ്രാഹ്മണരല്ലാത്ത പൂജാരിമാരെ നിയമിക്കുക കൂടി ചെയ്തതോടെ സ്റ്റാലിന്റെ രാഷ്ട്രീയം പിന്നെയും ചർച്ചയായി.
∙ ഭരണരംഗത്ത് മികവ്
സാമ്പത്തിക വിദഗ്ധൻ പളനിവേൽ ത്യാഗരാജനെ ധനകാര്യമന്ത്രിയായി നിയമിച്ചുകൊണ്ടാണ് അധികാരമേറ്റയുടൻ സ്റ്റാലിൻ ഞെട്ടിച്ചത്. തമിഴ്നാടിന്റെ സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന സൂചനയാണ് സ്റ്റാലിൻ നൽകിയത്. കോവിഡ് കാലഘട്ടത്തിൽ തമിഴ്നാടിന്റെ സാമ്പത്തിക രംഗം കുഴപ്പമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ത്യാഗരാജന് കഴിഞ്ഞു. ഭരണത്തിലെത്തി രണ്ടു മാസത്തിനുള്ളിൽ ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടി സ്റ്റാലിൻ യോഗം വിളിച്ചു. മൂന്നാം മാസത്തിൽ സാമ്പത്തിക രംഗത്തെപ്പറ്റി ധവളപത്രം പുറത്തിറക്കി. 2030ൽ സംസ്ഥാനത്തെ ഒരു ട്രില്യൻ ഡോളർ സാമ്പത്തിക ശക്തിയായി മാറ്റുമെന്ന് പ്രഖ്യാപിച്ചു.
ജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ സേവനം എത്തിക്കുക എന്ന ഒറ്റ മുദ്രാവാക്യവുമായാണ് സ്റ്റാലിൻ ഭരണം തുടങ്ങിയത്. അതിൽ വിജയിക്കുന്നതായാണ് അനുഭവം. അതിന്റെ നേട്ടം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് ഉണ്ടായി. കോൺഗ്രസിനും ഇടതുകക്ഷികൾക്കും ആ വിജയത്തിൽ പങ്കാളിത്തവുമുണ്ടായി. ഡൽഹിയിൽ ആംആദ്മി സർക്കാർ ആശുപത്രി, സ്കൂൾ മേഖലകളിൽ തിളക്കമാർന്ന നേട്ടമാണ് ഉണ്ടാക്കിയത്. അവിടെ പോയി മൊഹല്ല ക്ലിനിക്കുകളുടെയും സ്കൂളുകളുടെയും പ്രവർത്തനം കണ്ടുപഠിക്കാൻ സ്റ്റാലിൻ സമയം കണ്ടെത്തി. ഉന്നത നിലവാരം പുലർത്തുന്ന ഡൽഹി മോഡൽ തമിഴ്നാട്ടിൽ പകർത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
∙ മെച്ചപ്പെട്ട സാമ്പത്തിക രംഗം
കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ ഐടി കമ്പനിയായ ‘ഐഡിയാസ് 2 ഐടി’ ഉടമസ്ഥൻ തന്റെ ജീവനക്കാർക്ക് 12 ലക്ഷത്തോളം രൂപ വിലവരുന്ന 100 കാറുകൾ സമ്മാനിച്ചത്. തമിഴ്നാടിന്റെ വളർച്ചയുടെ സൂചനയായി ആ സംഭവത്തെ കാണാം. വ്യവസായ പുരോഗതിയുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് തമിഴ്നാട്. ആയിരക്കണക്കിന് വ്യവസായങ്ങളാണ് സംസ്ഥാനത്തെ സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്തുന്നത്. കുഗ്രാമങ്ങളിൽ പോലും വ്യവസായ വിപ്ലവം ആണ് അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ ജിഡിപിയുടെ 34 ശതമാനവും വ്യവസായങ്ങളിൽ നിന്നാണ്. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനവും തമിഴ്നാട് നേടിക്കഴിഞ്ഞു.
∙ പിണറായിയും സ്റ്റാലിനും
‘ഡിഎംകെ എപ്പോഴും കളിക്കുന്ന പാർട്ടിയാണ്’ എന്നു പറഞ്ഞത് സ്റ്റാലിൻ തന്നെയാണ്. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഞാൻ കരുതുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തിന്റെ സംയോജനമാണ് ദേശീയ രാഷ്ട്രീയം. ദേശീയ രാഷ്ട്രീയത്തിൽ എക്കാലവും ഞങ്ങളുടെ പ്രാധാന്യം ഉണ്ടായിരുന്നു– സ്റ്റാലിൻ നയം വ്യക്തമാക്കിയത് ഇങ്ങനെയാണ്. പാർലമെന്റിലെ മൂന്നാമത്തെ കക്ഷിയാണ് ഡിഎംകെ. കോൺഗ്രസിനൊപ്പം തന്നെ ഇടതുപക്ഷവുമായും കൈകോർക്കണം എന്ന് സ്റ്റാലിൻ എപ്പോഴും പറയുന്നുണ്ട്. കേരളം പോലെ ബിജെപിക്ക് ബാലികേറാമലയാണ് തമിഴ്നാടും. അക്കാര്യത്തിൽ കേരളവും തമിഴ്നാടും സമാനതകൾ പങ്കുവയ്ക്കുന്നു.
ബിജെപിക്ക് വെല്ലുവിളിയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി താരതമ്യം ചെയ്താൽ പക്വതയുള്ള രാഷ്ട്രീയമാണ് സ്റ്റാലിൻ കളിക്കുന്നത്. മമതയുടെ സ്ഥിരതയില്ലായ്മ പലപ്പോഴും പ്രശ്നമാണ്. ഇടതുപക്ഷം മനസ്സില്ലാ മനസ്സോടെയാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ മമതയെ അംഗീകരിക്കാം എന്ന് സമ്മതിച്ചത്. മമതയുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റാലിൻ ഇടതുപക്ഷത്തിന് ഏറെ പ്രിയങ്കരനാണ്.
ഇച്ഛാശക്തിയുള്ള ഭരണാധികാരിയായാണ് ഇടതുപക്ഷത്തെ അണികൾ പിണറായി വിജയനെ വിലയിരുത്തുന്നത്. സ്റ്റാലിനുമായി അക്കാര്യത്തിൽ പിണറായിയെ അവർ താരതമ്യം ചെയ്യുന്നു. എന്നാൽ കേരളത്തിൽ തമിഴ്നാടിനെപ്പോലെ വ്യവസായ വിപ്ലവത്തിന് മണ്ണൊരുക്കാൻ പിണറായിക്കും ഇടതു സർക്കാരിനും കഴിയുമോ? വ്യവസായം ചെയ്യുക എന്നത് ഒരു സംസ്കാരം കൂടിയാണെന്ന് പറയുന്നവരുണ്ട്. ആ സംസ്കാരത്തിന്റെ വേരറുത്തത് ഇടതുപക്ഷ പാർട്ടികൾ ആണ്. അതിനാൽ സ്റ്റാലിനൊപ്പം സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കാൻ പിണറായി വിജയന് കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
English Summary: MK Stalin to be Pinarayi's Trump Card against BJP? An Analysis