പ്രതിച്ഛായയ്ക്കു മങ്ങലേൽക്കുന്ന ഒരു നടപടിക്കും മോദി തയാറാവില്ലെന്നു ബിജെപി നേതാക്കൾ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ എവിടെയും മോദി പ്രതികരിച്ചതായും അറിവില്ല... Lakhimpurkheri Case, BJP, Ajay Mishra, Ashish Mishra, UP BJP, Narendra Modi, Amit Shah, Farmers Protest, BJP Against Farmers

പ്രതിച്ഛായയ്ക്കു മങ്ങലേൽക്കുന്ന ഒരു നടപടിക്കും മോദി തയാറാവില്ലെന്നു ബിജെപി നേതാക്കൾ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ എവിടെയും മോദി പ്രതികരിച്ചതായും അറിവില്ല... Lakhimpurkheri Case, BJP, Ajay Mishra, Ashish Mishra, UP BJP, Narendra Modi, Amit Shah, Farmers Protest, BJP Against Farmers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിച്ഛായയ്ക്കു മങ്ങലേൽക്കുന്ന ഒരു നടപടിക്കും മോദി തയാറാവില്ലെന്നു ബിജെപി നേതാക്കൾ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ എവിടെയും മോദി പ്രതികരിച്ചതായും അറിവില്ല... Lakhimpurkheri Case, BJP, Ajay Mishra, Ashish Mishra, UP BJP, Narendra Modi, Amit Shah, Farmers Protest, BJP Against Farmers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ‘ഡെമോക്ലസിന്റെ വാൾ’ പോലെ ബിജെപിക്കു മേൽ തൂങ്ങി നിൽക്കുകയാണ് ലഖിംപുർഖേരി കേസ്. കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് അലഹാബാദ് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതോടെ മന്ത്രി അധികാരത്തിൽ തുടരുന്നതു സംബന്ധിച്ച ചർച്ചകൾ സജീവമാവുകയാണ്.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തിയതും ആശിഷിന് ഹൈക്കോടതി ജാമ്യം നൽകിയതും ബിജെപിക്കു വലിയ ആശ്വാസമായിരുന്നു. 2021 ഒക്ടോബറിലുണ്ടായ ലഖിംപുർ ഖേരി സംഭവത്തിനുശേഷവും അജയ് മിശ്ര പാർട്ടിവേദികളിൽ സജീവമായിരുന്നു. ലോക്സഭയിൽ ക്രിമിനൽ നടപടി ഭേദഗതി ബിൽ ആദ്യം അവതരിപ്പിച്ചതും അജയ് മിശ്രയായിരുന്നു.

ADVERTISEMENT

അത്ര ചെറിയ മീനല്ല ഈ വിഷയം

അമിത് ഷായുടെ വകുപ്പിലെ സഹമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുമോ കൈവിടുമോ എന്ന വിഷയം ബിജെപിക്ക് അവഗണിക്കാവുന്നതല്ല. തന്റെ മകന് സംഭവത്തിൽ പങ്കില്ലെന്നും പങ്കുണ്ടെന്നു തെളിഞ്ഞാൽ രാജിവയ്ക്കുമെന്നുമായിരുന്നു സംഭവം നടന്നതിന്റെ അടുത്ത ദിവസവും പിന്നീടു ചാനൽ ചർച്ചകളിലുമൊക്കെ അജയ് മിശ്ര പറഞ്ഞിരുന്നത്. ഖലിസ്ഥാൻ തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്നാണ് ജനറൽ സെക്രട്ടറി വൈ. സത്യകുമാർ അടക്കമുള്ള ചില നേതാക്കൾ പറഞ്ഞത്.‌‌ പാർലമെന്റിൽ ഈ സംഭവത്തെച്ചൊല്ലി പ്രതിപക്ഷം വലിയ ബഹളമുണ്ടാക്കിയിരുന്നു. സമരം ചെയ്ത കർഷകരുടെ മുഖ്യ ആവശ്യങ്ങളിലൊന്നും അജയ് മിശ്രയെ സ്ഥാനത്തുനിന്നു നീക്കണമെന്നതായിരുന്നു. ഇപ്പോഴും കർഷക നേതാക്കളും പ്രതിപക്ഷവും പറഞ്ഞു കൊണ്ടിരിക്കുന്ന വിഷയവുമാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo - PIB)

എന്നാൽ മിശ്രയുടെ കാര്യത്തിൽ നടപടിയൊന്നും വേണ്ടെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ തീരുമാനം. പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തീകരിക്കുന്നതുവരെ കാത്തിരിക്കുമെന്നായിരുന്നു നേതാക്കൾ പറഞ്ഞിരുന്നത്. കുറ്റപത്രം നൽകിയപ്പോൾ ആഭ്യന്തര സഹമന്ത്രിയോടു രാജിവയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി നേതൃത്വം ഈ വിഷയത്തിൽ ഇന്നുവരെ പ്രതികരിച്ചിട്ടില്ല. പ്രതിച്ഛായയ്ക്കു മങ്ങലേൽക്കുന്ന ഒരു നടപടിക്കും മോദി തയാറാവില്ലെന്നു ബിജെപി നേതാക്കൾ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ എവിടെയും മോദി പ്രതികരിച്ചതായും അറിവില്ല. സാധാരണ ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ ഇത്തരം വിഷയങ്ങളിൽ മോദി അഭിപ്രായം പറയാറുണ്ടായിരുന്നു.

ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയയുടെ മകൻ ഭോപാലിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവമുണ്ടായപ്പോൾ ഇത്തരക്കാരെ വച്ചു പൊറുപ്പിക്കരുതെന്ന് മോദി പറഞ്ഞിരുന്നു. ബിജെപി എംപി പ്രജ്ഞ ഠാക്കൂർ ഗോഡ്സേ അനുകൂല പരാമർശം നടത്തിയപ്പോഴും മോദി പ്രതികരിച്ചു. പിന്നീട് കാര്യമായ നടപടിയൊന്നുമുണ്ടായില്ലെങ്കിലും ഇത്തരം വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് അതൃപ്തിയുണ്ടെന്നത് ബിജെപി നേതൃത്വത്തിനു വ്യക്തമായിരുന്നു.

ADVERTISEMENT

കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ നിഘാസാനിൽനിന്ന് ആശിഷ് മിശ്ര സ്ഥാനാർഥിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു. അദ്ദേഹത്തിനു വേണ്ടി ചുവരെഴുത്തും ആരംഭിച്ചിരുന്നു. കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം നടന്ന പ്രദേശം നിഘാസാനിലാണ്.

ലഖിംപുർഖേരി സംഭവത്തിൽ പ്രതിഷേധിച്ച് അമൃത്സറിലെ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രം പതിച്ച കോലം ഉപയോഗിച്ച് പ്രകടനം നടത്തുന്നു. 2021 ഒക്ടോബർ 5ലെ ചിത്രം. (Photo by NARINDER NANU / AFP)

സംഭവം നടക്കുമ്പോൾ ആശിഷ് സ്ഥലത്തുനിന്ന് നാലു കിലോമീറ്റർ അകലെയായിരുന്നുവെന്നും അതിലേക്കു മകന്റെ പേരു വലിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയാണെന്നുമായിരുന്നു അജയ് മിശ്ര ആവർത്തിച്ചു പറഞ്ഞിരുന്നത്. ആശിഷ് ജനക്കൂട്ടത്തിനു നേരേ തോക്കു ചൂണ്ടുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ടെന്നു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ‘അവന്റെ കയ്യിൽ തോക്കുണ്ടെങ്കിൽ അതിനു ലൈസൻസ് ഉണ്ടായിരിക്കും’ എന്നായിരുന്നു മറുപടി. താനോ മകനോ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. അക്രമസംഭവങ്ങൾക്കു പിന്നിൽ ‘ഖലിസ്ഥാൻ’ കൈയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് മിശ്രയോട് അടുത്തവർക്കും പരാതിയുണ്ടായിരുന്നു.

സംഭവത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് കർഷകരെക്കുറിച്ചു പ്രകോപനപരമായ പരാമർശങ്ങൾ അജയ് മിശ്ര നടത്തിയിരുന്നു. സമരക്കാർക്കു നേർവഴി ബോധ്യപ്പെടുന്നില്ലെങ്കിൽ താൻ കാണിച്ചു തരാമെന്നും മറ്റും മിശ്ര പറയുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. തുടർന്നാണ് മിശ്രയുടെ ഗ്രാമത്തിൽ യുപി ഉപമുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെത്തുന്നവരെ കരിങ്കൊടി കാണിക്കാൻ കർഷകർ തടിച്ചു കൂടിയത്.

യുപിയിൽ ബ്രാഹ്മണ സമുദായത്തെ ചേർത്തു നിർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് അജയ് മിശ്രയ്ക്കെതിരെ നടപടിയെടുക്കുന്നത് വലിയ തലവേദനയുണ്ടാക്കും. പൂർവാഞ്ചലിൽ ശക്തമായ ബ്രാഹ്മണ മുഖം ബിജെപിക്ക് വേറെയില്ല. ഈ വിഷയത്തിൽ കരുതലോടെ നീങ്ങാൻ നേതൃത്വം തീരുമാനിച്ചതും ഇതുകൂടി കണക്കിലെടുത്തായിരുന്നു. ആദ്യഘട്ടത്തിനു ശേഷം പാർട്ടി നേതാക്കൾ ലഖിംപുർ ഖേരിയെക്കുറിച്ചു പ്രതികരിക്കുന്നതു വിലക്കി. എങ്കിലും ആഭ്യന്തര വകുപ്പിന്റെ വിവിധ പരിപാടികളിൽ ഉദ്ഘാടകനായും പ്രധാനമന്ത്രിയുടെ യുപിയിലെ പരിപാടികളിൽ വേദികളിൽ നിറസാന്നിധ്യമായുമൊക്കെ അജയ്മിശ്രയെ നിലനിർത്തി നേതൃത്വം നിലപാടു വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ പാർട്ടി അവഗണിക്കുകയായിരുന്നു.

ADVERTISEMENT

കുടുംബ രാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്ന ബിജെപിക്ക് ഇനിയും അജയ് മിശ്രയെ സംരക്ഷിച്ചു നിർത്താൻ എന്തു ന്യായങ്ങളാവും ഉന്നയിക്കേണ്ടി വരികയെന്ന് രഹസ്യമായെങ്കിലും ചില നേതാക്കൾ ചോദിക്കുന്നു. ഉന്നാവ് പീഡനക്കേസിൽ പ്രതിയായ മുൻ എംഎൽഎ കുൽദീപ് സെൻഗാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നതിന്റെ ചീത്തപ്പേര് മാറ്റിയെടുക്കാൻ ബിജെപി ഇപ്പോഴും ശ്രമിക്കുകയാണ്.

ജനുവരിയിൽ കുറ്റപത്രം; ഫെബ്രുവരിയിൽ ജാമ്യം

ലഖിംപുർഖേരി കൊലപാതകം ആസൂത്രിതമാണെന്നും ആശിഷ് മിശ്രയുടെ പങ്കു വ്യക്തമാണെന്നുമാണ് ജനുവരി ആദ്യം സമർപ്പിച്ച 5000 പേജുള്ള കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്. അജയ് മിശ്രയുടെ ബന്ധുവായ വീരേന്ദർ ശുക്ലയെ തെളിവുകൾ നശിപ്പിച്ചതിനു പ്രതിയാക്കി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. ഇദ്ദേഹമടക്കം 14 പേരാണ് കേസിലെ പ്രതികൾ.

കഴിഞ്ഞ ഒക്ടോബർ മൂന്നിനായിരുന്നു 4 കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവമുണ്ടായത്. ടികുനിയ പൊലീസാണ് കേസെടുത്തത്. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞ് തിരിച്ചു പോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ 3 വാഹനങ്ങൾ കർഷകരുടെ മേൽ കയറ്റുകയായിരുന്നു. ക്ഷുഭിതരായ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ 3 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ഈ കേസിൽ 6 കർഷകരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

ലഖിംപുർഖേരി സംഭവത്തിൽ അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്തയിൽ ഇടതുവിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽനിന്ന്. 2021 ഒക്ടോബർ 4ലെ ചിത്രം. (Photo by DIBYANGSHU SARKAR / AFP)

ആലോചിച്ചുറപ്പിച്ച നരഹത്യയാണ് 2021 ഒക്ടോബർ മൂന്നിന് ലഖിംപുർ ഖേരിയിൽ നടന്നതെന്നാണ് പ്രത്യേകാന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ വിദ്യാറാം ദിവാകർ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. പ്രതികൾ ഇതിനായി ഗൂഢാലോചന നടത്തി. ആലോചിച്ചുറപ്പിച്ച നരഹത്യ, ഗൂഢാലോചന, വധശ്രമം, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താൻ രണ്ടാഴ്ചമുൻപ് സിജെഎം കോടതി അനുമതി നൽകിയിരുന്നു. ഈ കുറ്റങ്ങളും പ്രതികൾക്കുമേൽ ചുമത്തിയിട്ടുണ്ട്.

ആശിഷ് മിശ്ര, അങ്കിത് ദാസ്, നന്ദൻസിങ് ബിഷ്ഠ്, സത്യത്രിപാഠി, ലത്തീഫ് കാല, ശേഖർ ഭാരതി, സുമീത് ജയ്സ്വാൾ, ആശിഷ് പാണ്ഡെ, ലവ്കുശ്, ശിശുപാൽ, ഉല്ലാസ് കുമാർ ത്രിവേദി(മോഹിത് ത്രിവേദി), റിങ്കുറാണ, ധർമേന്ദ്ര കുമാർ ബഞ്ജാര എന്നിവരെയാണ് നേരത്തേ അറസ്റ്റു ചെയ്തത്. 14–ാമതു പേരു ചേർത്ത വീരേന്ദർ ശുക്ലയെ അറസ്റ്റു ചെയ്തിട്ടില്ല. തെളിവു നശിപ്പിക്കാനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതിനാണ് ഇയാളെ പ്രതിയാക്കിയത്. കർഷകർക്കു മേൽ ഓടിച്ചു കയറ്റിയ വെളുത്ത സ്കോർപിയോ ഇയാളുടേതാണെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടേതാണെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചിരുന്നത്.

ആശിഷ് മിശ്ര സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നും അനധികൃതമായി ആയുധം കൈവശം വച്ചിരുന്നുവെന്നും എസ്ഐടി പറയുന്നു. ഡിഐജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രത്യേകാന്വേഷണ സംഘത്തെ പിന്നീട് സുപ്രീംകോടതി ഇടപെട്ട് പുനഃസംഘടിപ്പിച്ചിരുന്നു. തലവനായി ഇന്റലിജൻസ് എഡിജി എസ്.ബി. ഷിരാദ്കറിനെയും ഐജിമാരായ പ്രീതീന്ദർസിങ്, പത്മജ ചൗഹാൻ എന്നിവരെയും കോടതി സംഘത്തിൽ ഉൾപ്പെടുത്തി. പഞ്ചാബ്–ഹരിയാന ഹൈക്കോടതി റിട്ട. ജഡ്ജ് രാകേഷ് ജെയിനിനെ അന്വേഷണ മേൽനോട്ടത്തിനും നിയോഗിച്ചു. യുപി സർക്കാരിനെ കോടതി നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. 208 സാക്ഷികളുടെ പേരും കുറ്റപത്രത്തിലുണ്ട്.

അതിനു ശേഷമാണ് അലഹാബാദ് ഹൈക്കോടതി ഫെബ്രുവരി 10ന് ആശിഷിനു ജാമ്യം നൽകിയത്. സംഭവത്തിൽ കർഷകർക്കു വെടിയേറ്റു എന്നു പറയുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിയിക്കപ്പെട്ടില്ലെന്നും മറ്റുമായിരുന്നു ഹൈക്കോടതി ജാമ്യം നൽകുമ്പോൾ പരാമർശിച്ചിരുന്നത്.

സുപ്രീംകോടതിയുടെ നിശിത വിമർശനം

ഹൈക്കോടതി ആശിഷിനു ജാമ്യം നൽകിയതിനെതിരെ കർഷകരാണ് സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിക്കുമ്പോൾത്തന്നെ ജാമ്യം നൽകിയ നടപടികളെയും യുപി സർക്കാരിനെയും സുപ്രീംകോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. കേസിന്റെ വിചാരണപോലും നടക്കുന്നതിനു മുൻപ് ഇത്തരം വിഷയങ്ങൾ പരിഗണിച്ചതിന്റെ സാധുതയെയും ചോദ്യം ചെയ്തു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്കു പറയാനുള്ളത് ഹൈക്കോടതി കേട്ടില്ലെന്നതിൽ നിരാശ പ്രകടിപ്പിച്ച കോടതി, തങ്ങളുടെ നിർദേശപ്രകാരം നിയോഗിക്കപ്പെട്ട പ്രത്യേകാന്വേഷണ സംഘം നൽകിയ കുറ്റപത്രത്തിലെ പരാമർശങ്ങൾ പരിഗണിക്കപ്പെടാത്തതിനെക്കുറിച്ചും ചോദിച്ചിരുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രിയുടെ മകനു ജാമ്യം നൽകാൻ ഹൈക്കോടതി അനാവശ്യ തിടുക്കം കാണിച്ചുവെന്നും സുപ്രീം കോടതി പറഞ്ഞു.

വിവാദ കൃഷി നിയമങ്ങൾ പിൻവലിച്ചതോടെ ബിജെപിക്കുണ്ടായ ആശ്വാസം സുപ്രീംകോടതി വിധിയോടെ വീണ്ടും അസ്വസ്ഥതയ്ക്കു വഴിമാറുകയാണ്.

English Summary: Why didn't BJP take action against Ajay Mishra and what is behind Narendra Modi's silence on the issue?