പിന്തുടർന്ന അന്യഗ്രഹപേടകം: ദമ്പതികളെ തട്ടിയെടുത്ത വിചിത്രജീവികൾ;ദുരൂഹമായ ‘ഹിൽ’ സംഭവം
ദീർഘനാളായി യുഎസിൽ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ പുകയുകയാണ്. അമേരിക്കൻ പൊതുബോധത്തിന്റെ ഭാഗമാണ് നിഗൂഢ സിദ്ധാന്തങ്ങൾ The Betty and Barney Hill Case, Conspiracy Theories, Alien Abduction, Jennifer Lawrence, Area 51, Diego Maradona, Alien, Mystery, MM Premium Story, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ദീർഘനാളായി യുഎസിൽ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ പുകയുകയാണ്. അമേരിക്കൻ പൊതുബോധത്തിന്റെ ഭാഗമാണ് നിഗൂഢ സിദ്ധാന്തങ്ങൾ The Betty and Barney Hill Case, Conspiracy Theories, Alien Abduction, Jennifer Lawrence, Area 51, Diego Maradona, Alien, Mystery, MM Premium Story, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ദീർഘനാളായി യുഎസിൽ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ പുകയുകയാണ്. അമേരിക്കൻ പൊതുബോധത്തിന്റെ ഭാഗമാണ് നിഗൂഢ സിദ്ധാന്തങ്ങൾ The Betty and Barney Hill Case, Conspiracy Theories, Alien Abduction, Jennifer Lawrence, Area 51, Diego Maradona, Alien, Mystery, MM Premium Story, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ദീർഘനാളായി യുഎസിൽ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ പുകയുകയാണ്. അമേരിക്കൻ പൊതുബോധത്തിന്റെ ഭാഗമാണ് നിഗൂഢ സിദ്ധാന്തങ്ങൾ അഥവാ കോൺസ്പിറസി തിയറീസ്. ആ സിദ്ധാന്തങ്ങളിൽ അന്യഗ്രഹജീവികൾക്കും അവരുടെ വാഹനങ്ങൾക്കുമെല്ലാം വലിയ സ്ഥാനമുണ്ട്. ഈ സ്വാധീനം അവരുടെ സിനിമകളിലും സാഹിത്യത്തിലും പോലും കാണാം. അടുത്തിടെ അമേരിക്കൻ അധികൃതർ 1500 ൽ അധികം പേജുകളുള്ള ഒരു യുഎഫ്ഒ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതിനും മുൻപ് പെന്റഗണിന്റെ അതീവ രഹസ്യ അന്വേഷണ പദ്ധതിയായ അഡ്വാൻസ്‌ഡ് എയ്റോസ്പേസ് ത്രെട്ട് ഐഡന്റിഫിക്കേഷൻ പ്രോഗ്രാമിന്റെ ഡയറക്ടറായ ലൂയി എലിസോണ്ടോ അന്യഗ്രഹജീവി വാഹനങ്ങൾ ഉൾപ്പെട്ട അനേകം വിഡിയോകൾ പുറത്തുവിട്ടിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു.
1947ലെ റോസ്‌വെൽ സംഭവത്തോടെയാണ് അന്യഗ്രഹജീവികൾ ഭൂമിയിൽ വരുന്നുണ്ടെന്ന ചിന്തയും പ്രചാരണവും അമേരിക്കൻ സമൂഹത്തിൽ ശക്തമായത്. അമേരിക്കയിലെ റോസ്‌വെൽ എന്ന സ്ഥലത്ത് കണ്ടെത്തിയ അപൂർവ പേടകത്തിന്റെ അവശിഷ്ടങ്ങൾ അന്യഗ്രഹജീവികളുടേതാണെന്ന് വാർത്ത പരന്നു. യുഎസിലെ ഏരിയ 51 എന്ന എയർഫോഴ്സ് നിയന്ത്രിത മേഖല അന്യഗ്രഹജീവികളെ പാർപ്പിച്ചിരിക്കുന്ന ഇടമാണെന്നും താമസിയാതെ അഭ്യൂഹങ്ങളായി.
അന്യഗ്രഹജീവികൾ തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും ഉപദ്രവിച്ചെന്നുമൊക്കെ പലരും അവകാശവാദങ്ങളുമായി എത്തി. ഏലിയൻ അബ്ഡക്‌ഷൻ എന്ന സാഹിത്യ, സിനിമാ ജോണറിനു തന്നെ ഈ അന്യഗ്രഹജീവി കിഡ്നാപ്പിങ് തുടക്കമിട്ടു.1896 ൽ കലിഫോർണിയ ഡെയ്‌ലി മെയിൽ എന്ന പത്രത്തിൽ, തന്നെയും കൂട്ടുകാരനെയും പിടികൂടാൻ അന്യഗ്രഹജീവികൾ ശ്രമിച്ചെന്ന് കേണൽ എച്ച്.ജി.ഷാ എന്നയാൾ പറഞ്ഞതാണ് ഇക്കൂട്ടത്തിലെ ആദ്യ സംഭവം. പിന്നീട് ഇത്തരത്തിൽ ശ്രദ്ധേയമായ കേസ് ബ്രസീലിലി അന്റോണിയോ വില ബോസുമായി ബന്ധപ്പെട്ടതായിരുന്നു. ഈ കേസുകളൊക്കെ കുറച്ചുകാലം ചർച്ച ചെയ്യപ്പെട്ടു. എന്നാൽ അന്യഗ്രഹജീവികളുടെ കിഡ്നാപ്പിങ്ങുമായി ബന്ധപ്പെട്ട് വ്യാപകശ്രദ്ധ നേടിയ ആദ്യത്തെ കേസ് 1961ലെ ബെറ്റി –ബാർണി ഹിൽ സംഭവമാണ്.
∙ഒന്നര വർഷം വൈകിയ മധുവിധു
1960. ഒരുപാട് പ്രശ്നങ്ങൾക്കു ശേഷമാണ് ബെറ്റിയും ബാർണി ഹില്ലും വിവാഹിതരായത്. ബെറ്റി വെളുത്ത വർഗക്കാരിയായിരുന്നു. ബാർണി ആഫ്രിക്കൻ അമേരിക്കൻ വംശജനും. വർണ വംശീയത യുഎസിൽ ശക്തമായിരുന്ന കാലത്ത് അവരുടെ വിവാഹം ബന്ധുക്കൾക്കിടയിൽ അൽപം അസ്വാരസ്യങ്ങളൊക്കെ സൃഷ്ടിച്ചിരുന്നു. ബെറ്റി ഒരു സാമൂഹിക പ്രവർത്തകയായിരുന്നു. യുഎസിലെ ന്യൂഹാംഷറിൽ കുട്ടികളുടെ ആരോഗ്യ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് അവർ ഏർപ്പെട്ടിരുന്നത്. ബാർണി ഒരു തപാൽ വകുപ്പ് ജീവനക്കാരനായി പോർട്സ്മൗത്തിൽത്തന്നെ നിന്നു. കഠിനാധ്വാനിയായ ബാർണി തന്റെ ജോലിയുടെ ഭാഗമായി ദിവസവും അറുപതിലധികം കിലോമീറ്റർ വണ്ടിയോടിക്കുകയും നൈറ്റ് ഷിഫ്റ്റുകളിൽ പണിയെടുക്കുകയും ചെയ്തിരുന്നു.
1961ലെ ഒരു സെപ്റ്റംബറായിരുന്നു അത്. തെളിഞ്ഞ കാലാവസ്ഥ. മനോഹരമായ ഒരു പകൽ. വിവാഹിതരായിട്ട് ഒന്നരവർഷം പിന്നിട്ടെങ്കിലും ഒരു മധുവിധു യാത്ര ഇതുവരെ ബെറ്റിക്കും ബാർണിക്കും ലഭിച്ചിരുന്നില്ല. അതിനായി അവർ തിരഞ്ഞടുത്തത് കാനഡയായിരുന്നു. കാനഡയിലെ മോൺട്രിയൽ സന്ദർശിച്ച ശേഷം നയാഗ്ര വെള്ളച്ചാട്ടവും കണ്ട് അവർ മധുവിധു ദിനങ്ങൾ പിന്നിട്ടു. പിന്നീട് തിരിച്ചുവരാനുള്ള ഒരുക്കമായി. കാനഡ–യുഎസ് അതിർത്തി പിന്നിട്ട് അതിർത്തി സംസ്ഥാനമായ വെർമോണ്ടിൽനിന്ന് അത്താഴം കഴിച്ച ശേഷം അവർ ന്യൂഹാംഷറിലെ തങ്ങളുടെ വീട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ആ യാത്രയിലാണ് പിന്നീടുള്ള ‘യുഎഫ്ഒ ചരിത്ര’ത്തിലെ തന്നെ നാഴികക്കല്ലായ ആ സംഭവം നടന്നത്.
∙ ആകാശത്തെ നിഗൂഢവെളിച്ചം
രാത്രിയിലുള്ള ആ മടക്കയാത്രയിലാണ് ആകാശത്ത് പൊടുന്നനെയൊരു പ്രകാശബിന്ദു പ്രത്യക്ഷപ്പെട്ടതായി ബെറ്റിയും ബാർണിയും ശ്രദ്ധിച്ചത്. രണ്ടാം ലോകയുദ്ധത്തിൽ സൈനികനായിരുന്ന ബാർണി ഹില്ലിന് അതു കണ്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഏതെങ്കിലും വിമാനമോ ഉപഗ്രഹമോ ആകും അതെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. എന്നാൽ ആ പ്രകാശം കൂടുതൽ അടുത്തെത്തുന്നതായി ദമ്പതികൾക്ക് അനുഭവപ്പെട്ടു; തങ്ങളെ പിന്തുടരുന്നതു പോലെ.
ഭയന്നുപോയ ബെറ്റി തന്റെ ബൈനോക്കുലറെടുത്ത് പ്രകാശത്തെ നോക്കി. അത് വിമാനമോ ഉപഗ്രഹമോ അല്ലെന്നും തളിക രൂപമുള്ള പേടകമാണെന്നും ബാർണിയോടു പറഞ്ഞു. എന്നാൽ തികഞ്ഞ പ്രായോഗികവാദിയായ ബാർണി ഇത്തരം കാര്യങ്ങളിൽ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം വണ്ടിയോടിക്കുന്നത് തുടർന്നു. ലിങ്കൺ എന്ന സ്ഥലത്തെത്തയതോടെ ദമ്പതികൾ കാർ നിർത്തി. തങ്ങളുടെ വാഹനത്തിനു മുകളിൽ നൂറടിപ്പൊക്കത്തിൽ ഹുങ്കാരശബ്ദത്തോടെ ഒരു പറക്കും തളിക നിൽക്കുന്നതിന്റെ ഭീതിദമായ ദൃശ്യം കണ്ട് അവർ ഭയചകിതരായി.
കാറിൽ സൂക്ഷിച്ചിരുന്ന കൈത്തോക്കുമായി ബാർണി വെളിയിലേക്കിറങ്ങി. പറക്കും തളികയ്ക്കുള്ളിൽ കടുംനീലനിറമുള്ള സ്യൂട്ടുകളണിഞ്ഞ് അന്യഗ്രഹജീവികൾ നിൽക്കുന്നത് ബാർണിക്കു കാണാമായിരുന്നു. തോക്ക് താഴെയിടാൻ അവർ ആംഗ്യവിക്ഷേപം കൊണ്ട് ബാർണിയോട് ആവശ്യപ്പെട്ടു. എന്നാൽ തളികയ്ക്കു നേരേ വെടിയുതിർക്കാനാണ് ബാർണി ഒരുങ്ങിയത്. പക്ഷേ ബാർണിയുടെ കൈ മരവിച്ചുപോയിരുന്നു. അഭൗമമായ ശബ്ദങ്ങൾ തങ്ങളുടെ ചെവിയിൽ മുഴങ്ങുന്നത് താമസിയാതെ ബെറ്റിയും ബാർണിയും അറിഞ്ഞു. അവർ അബോധാവസ്ഥയിലേക്കു വഴുതി വീണു.
∙ ഓർമകൾ തിരിച്ചുപിടിക്കാൻ ഹിപ്നോസിസ്
പിറ്റേദിവസം പോർട്സ്മൗത്തിലെ തങ്ങളുടെ വീട്ടിൽ ബെറ്റിയും ബാർണിയും ഉറക്കമുണർന്നു. തലേരാത്രിയിലെ കാര്യങ്ങളൊന്നും അവർക്ക് കൃത്യമായി ഓർമയുണ്ടായിരുന്നില്ല. ബാർണിയുടെ ഷൂസിൽ തകരാറുകൾ ഉണ്ടായിരുന്നു. ബെറ്റിയുടെ വസ്ത്രം കീറുകയും അതിൽ പിങ്ക് നിറത്തിലുള്ള പൗഡർത്തരികൾ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.തങ്ങൾക്കെന്തോ പറ്റിയിട്ടുണ്ടെന്ന് അവർക്കറിയാമായിരുന്നു. അഭൗമമായ ഏതോ ശക്തികൾ തങ്ങളെ തട്ടിയെടുത്തെന്ന് അവർ വിശ്വസിച്ചു. ഇരുവരും പരസ്പരം സംസാരിച്ച് കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. അന്യഗ്രഹജീവികളെപ്പറ്റിയും അവരുൾപ്പെട്ട സംഭവങ്ങളെപ്പറ്റിയുമുള്ള പുസ്തകങ്ങൾ ഗ്രന്ഥശാലകളിൽനിന്നു തേടിപ്പിടിച്ച് ബെറ്റി വായിച്ചുതുടങ്ങി. തങ്ങൾ നേരിട്ട അനുഭവത്തെപ്പറ്റിയുള്ള വിവരങ്ങൾ യുഎസ് വ്യോമസേനയെ അറിയിക്കുകയും ചെയ്തു.
രണ്ട് വർഷം പിന്നിട്ടു. വിഷാദവും വിവിധ മാനസിക പ്രശ്നങ്ങളും ബെറ്റിക്കും ബാർണിക്കുമുണ്ടായിരുന്നു. ബെഞ്ചമിൻ സൈമൺ എന്ന മനശ്ശാസ്ത്രജ്ഞന്റെ സേവനം അവർ തേടിയത് ഇക്കാലയളവിലാണ്. അദ്ദേഹത്തിനു കീഴിൽ അവർ ഹിപ്നോട്ടിസത്തിനു വിധേയരായി. അന്നത്തെ സംഭവബഹുലമായ രാത്രിയിൽ ലിങ്കണിൽ വച്ച് എന്താണു സംഭവിച്ചതെന്ന് അവർ ഓർത്തെടുത്തത് അങ്ങനെയാണ്.
∙ അന്യഗ്രഹജീവികളുടെ പരിശോധന
നീലസ്യൂട്ടിട്ട ആ അന്യഗ്രഹജീവികൾ തങ്ങളെ ബഹിരാകാശപേടകത്തിനുള്ളിലേക്കു കയറ്റിയെന്ന് ബെറ്റിയും ബാർണിയും ഓർത്തെടുത്തു. മനുഷ്യരെപ്പോലെ തന്നെ ആകാരവടിവും ആകൃതിയുമുള്ള ആ ജീവികൾക്ക് ചാരനിറമായിരുന്നു. ചുണ്ടുകൾക്ക് കടുംനീല നിറവും കട്ടികൂടിയ മുടിയും അവർക്കുണ്ടായിരുന്നു.
പേടകത്തിലെത്തിയ ബെറ്റിയെയും ബാർണിയെയും ഒരു ലോഹമേശയിലേക്കു കയറ്റി ജീവികൾ പരിശോധന നടത്തി. ഇരുവരെയും നഗ്നരാക്കിയായിരുന്നു പരിശോധന. ബെറ്റിയുടെ ഒരുപിടി മുടിനാരുകൾ, നഖത്തിന്റെ കഷ്ണങ്ങൾ, തോലി ചുരണ്ടിയെടുത്ത സാംപിളുകൾ എന്നിവ അവർ സ്ഫടികപാത്രങ്ങളിലേക്കു മാറ്റി.
ബെറ്റിയുടെയും ബാർണിയുടെയും ശരീരഭാഗങ്ങളിൽ സൂചികൾ കടത്തിയും അവർ പരിശോധന നടത്തി. അന്യഗ്രഹജീവികൾ തന്നോട് ഇംഗ്ലിഷിലാണു സംസാരിച്ചതെന്ന് ബെറ്റി പറഞ്ഞു. എന്നാൽ അവരുടെ നേതാവ് മറ്റേതോ ഭാഷയാണു സംസാരിച്ചത്. നിങ്ങൾ എവിടെനിന്നാണു വരുന്നതെന്ന് ബെറ്റി ചോദിച്ചപ്പോൾ ഒരു മാപ്പ് അയാൾ ബെറ്റിയെ കാണിച്ചു.
ഹിപ്നോട്ടിസത്തിനു ശേഷം ബെറ്റി ഈ മാപ്പ് ഓർത്തെടുക്കുകയും അതു കടലാസിൽ വരയ്ക്കുകയും ചെയ്തിരുന്നു.പിൽക്കാലത്ത് മാർജോറി ഫിഷ് എന്ന വനിത ഇതെവിടെയാണെന്നു കണ്ടെത്തി. സീറ്റ റെറ്റിക്കുലി നക്ഷത്ര സംവിധാനത്തിലെ ഗ്രഹത്തിൽ നിന്നുള്ളവരാണ് അന്യഗ്രഹജീവികളെന്ന് മാർജോറി പറഞ്ഞു. ഭൂമിയിൽ നിന്നു 39.3 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നതാണു സീറ്റ റെറ്റിക്കുലി.
∙ബാക്കിപത്രം
ലോകമെമ്പാടും ബെറ്റിയും ബാർണിയും പ്രശസ്തരായി. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള മറ്റു പല അവകാശവാദങ്ങളും പൊള്ളയാണെന്നു തള്ളിയ ലോകം പക്ഷേ ബെറ്റിയുടെയും ബാർണിയുടെയും കാര്യത്തിൽ അൽപം കുഴങ്ങിനിന്നു. വളരെ ആത്മാർഥമായായിരുന്നു ഇരുവരുടെയും അവകാശവാദം. സമൂഹത്തിൽ വളരെ ബഹുമാനാർഹമായ സ്ഥാനം ലഭിച്ചവരും വംശീയയ്ക്കെതിരെ പോരാടുന്നവരും നിരവധി പുരസ്കാരങ്ങൾ ലഭിച്ചവരുമായിരുന്നു ബെറ്റി–ബാർണി ദമ്പതികൾ. അതിനാൽ തന്നെ മറ്റ് അവകാശവാദക്കാരുടേതു തള്ളിയതു പോലെ ഇവർ പറഞ്ഞതു തള്ളിക്കളയാൻ സാധ്യമായിരുന്നില്ല.
ബെറ്റിയും ബാർണിയും പറഞ്ഞത് സത്യമാണെന്നു പറഞ്ഞ കുറേയേറെ ആളുകളുണ്ടായി. പ്രശസ്തരാകാൻ വേണ്ടി ഇവർ പച്ചക്കള്ളം പറഞ്ഞതാണെന്നു വിശ്വസിച്ചവരും കുറവല്ല. ബെറ്റിക്കും ബാർണിക്കും മാനസിക പ്രശ്നങ്ങളും വിഭ്രാന്തികളുമുണ്ടായിരുന്നെന്നും ഇവർക്ക് അനുഭവപ്പെട്ട അയഥാർഥമായ ഒരു മായക്കാഴ്ചയാണു സംഭവമെന്നും പറഞ്ഞവരുമുണ്ട്. പക്ഷേ ഈ വാദത്തിനെതിരെ, ദമ്പതികളെ അനുകൂലിച്ചവർ മറുവാദമുയർത്തി. അങ്ങനെയെങ്കിൽ വസ്ത്രങ്ങളിലും ഷൂവിലുമൊക്കെ തകരാർ പറ്റിയതും പിങ്ക് പൗഡർത്തരി പറ്റിപ്പിടിച്ചതും എങ്ങനെയെന്ന് അവർ ചോദിച്ചു. ഇന്നും ഹിൽ ദമ്പതിമാരുടെ കിഡ്നാപ്പിങ് ഒരു ദുരൂഹ സമസ്യയായി നിലനിൽക്കുന്നു.
1975ൽ ഇവരുടെ അനുഭവത്തെ അടിസ്ഥാനമാക്കി യുഎഫ്ഒ ഇൻസിഡന്റ് എന്ന പേരിൽ ഒരു ഹോളിവുഡ് ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു. ജയിംസ് ഏൾ ജോൺസ് ബാർണിയായും ഓസ്കർ പുരസ്കാര ജേതാവ് എസ്റ്റെലെ പാർസൺസ് ബെറ്റിയായും ഇതിൽ വേഷമിട്ടു. ബെറ്റിയുടെയും ബാർണിയുടെയും അനുഭവം പിൽക്കാലത്ത് ഏലിയൻ സാഹിത്യം, സിനിമകൾ എന്നിവയെ ശക്തമായി സ്വാധീനിച്ചു. ഇന്നും പുറത്തിറങ്ങുന്ന പല സൈഫൈ ചിത്രങ്ങളിലും ഇതിന്റെ സ്വാധീനമുണ്ടെന്നു ഹോളിവുഡ് വിദഗ്ധർ പറയുന്നു.
∙മറഡോണയെ തട്ടിക്കൊണ്ടുപോയ അന്യഗ്രഹജീവി
വിവാദങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത ജീവിതമായിരുന്നു അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടേത്.ഫുട്ബോളിൽ പ്രതിഭയറിയിച്ച കാലം മുതൽ വിവാദങ്ങൾക്ക് പലതവണ അദ്ദേഹം തിരികൊളുത്തി. 1986 ലോകകപ്പിൽ ഇംഗ്ലിഷ് പോസ്റ്റിലേക്കു പന്തു കൈകൊണ്ട് തട്ടിയിട്ടതുമുതൽ ലഹരി പരിശോധനയിൽ 1994 ലോകകപ്പിൽനിന്നു പുറത്തു പോയതുവരെ നീളുന്ന വിവാദങ്ങൾ. വിരമിച്ചതിനു ശേഷവും അദ്ദേഹത്തിന്റെ സ്വകാര്യജീവിതം എന്നും കൗതുകകരമായിരുന്നു.
ജന്മനാടായ അർജന്റീനയിൽ, അവിടത്തെ ഒരു സ്പോർട്സ് ചാനലായ ടിവൈസി സ്പോർട്സിന് അഭിമുഖം കൊടുക്കുകയായിരുന്നു മറഡോണ. അപ്പോഴാണു റിപ്പോർട്ടർ ഒരു ചോദ്യം ചോദിച്ചത്. അന്യഗ്രഹജീവികളിലും പറക്കും തളികകളിലുമൊക്കെ വിശ്വസിക്കുന്നുണ്ടോയെന്ന് ഒരു കുസൃതിച്ചോദ്യം.എന്നാൽ മറഡോണ പറഞ്ഞ ഉത്തരം റിപ്പോർട്ടറെ മാത്രമല്ല, പരിപാടി കണ്ടുനിന്ന സകലരെയും ഞെട്ടിച്ചു. അന്യഗ്രഹജീവികളിൽ വിശ്വസിക്കുന്നെന്നു മാത്രമല്ല, തന്നെ ഒരിക്കൽ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്നു കൂടി അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾ ആരാഞ്ഞ റിപ്പോർട്ടറോട് മറഡോണ സംഭവം ചുരുക്കി വിവരിച്ചു. ‘പണ്ടൊരിക്കൽ കൂട്ടുകാരുമായി ഒത്തുകൂടിയ ശേഷം തിരിച്ചുപോകുന്ന വഴി പറക്കുംതളികയിലെത്തിയ അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടു പോയി. പിന്നെ മൂന്നു ദിവസം കഴിഞ്ഞാണു തിരികെ കൊണ്ടുവിട്ടത്. ഇതിനെപ്പറ്റി ഇനി കൂടുതൽ വിവരങ്ങൾ തരാൻ പറ്റില്ല.’ അഭിമുഖവും വാർത്തയും സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നു. കാര്യം മറഡോണ വളരെ സീരിയസായി പറഞ്ഞതാണെങ്കിലും സംഭവം അദ്ദേഹത്തിന്റെ തോന്നലായിരിക്കുമെന്നാണു പലരും അഭിപ്രായപ്പെട്ടത്.
മറഡോണ മാത്രമല്ല, പല സെലിബ്രിറ്റികളും അന്യഗ്രഹജീവികളിൽ വിശ്വസിക്കുന്നുണ്ട്. പ്രശസ്ത പോപ്പ് ഗായിക മൈലി സൈറസ് ഇക്കൂട്ടത്തിൽ പെട്ടയാളാണ്. യുഎസിലെ സാൻ ബെർനാഡിനോ എന്ന പ്രദേശത്തുകൂടി വണ്ടിയോടിച്ചപ്പോൾ ഒരു പറക്കുംതളിക തന്നെ പിന്തുടർന്നെന്ന് ഒരിക്കൽ മൈലി പറഞ്ഞു. ആ പറക്കും തളികയിലിരുന്ന അന്യഗ്രഹജീവി തന്റെ നേർക്കു നോക്കിപ്പേടിപ്പിച്ചെന്നും അവർ കൂട്ടിച്ചേർത്തു. ഏതായാലും മൈലി പറഞ്ഞത് അധികമാരും വിശ്വാസത്തിലെടുത്തില്ല.
ഹോളിവുഡ് യുവനടിയായ ജെന്നിഫർ ലോറൻസിന് അന്യഗ്രഹജീവികളെ നല്ല പേടിയാണ്. അന്യഗ്രഹജീവികളുണ്ടെങ്കിൽ, അവ ഭൂമിയിലെത്തിയാൽ, മനുഷ്യരുടെ കാര്യം കഷ്ടമാകുമെന്നാണ് ജെന്നിഫറിന്റെ വിശ്വാസം. ഗ്ലാഡിയേറ്ററിലൂടെ പ്രശസ്തനായ ഹോളിവുഡ് നായകൻ റസൽ ക്രോ 2013 ൽ ഒരു വിഡിയോ ക്ലിപ് യൂട്യൂബിലേക്കിട്ടു. താൻ പകർത്തിയ പറക്കുംതളികയുടെ ചിത്രമാണെന്നാണ് ക്രോ അവകാശപ്പെട്ടത്. എന്നാൽ പ്രത്യേകതരത്തിൽ പ്രകാശം വിഡിയോയിൽ ഒരു ഘടന പോലെ തോന്നിയതു കൊണ്ട് ക്രോ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.
മറ്റൊരു പ്രശസ്ത ഗായികയായ ഡെമി ലൊവാറ്റോ പറയുന്നത് അന്യഗ്രഹജീവികൾ മാത്രമല്ല, മത്സ്യകന്യകകളും സത്യത്തിലുണ്ടെന്നാണ്. പകുതി ഉടൽ മനുഷ്യനും മറുപകുതി മത്സ്യവുമായ ഈ ജീവികൾ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടെന്നും ഇവ പ്രാചീനമായ അന്യഗ്രഹജീവികളാണെന്നുമാണ് ഡെമിയുടെ വാദം. പ്രമുഖ റസ്‌ലിങ്/സിനിമ താരം ഡ്വെയ്ൻ ജോൺസൺ (ദ് റോക്ക്), ഹോളിവുഡ് സൂപ്പർതാരങ്ങളായ ടോം ക്രൂസ്, കിയാനു റീവ്സ്, ഗായിക കാറ്റി പെറി തുടങ്ങിയവരൊക്കെ അന്യഗ്രഹജീവി സിദ്ധാന്തത്തിൽ വിശ്വസിക്കുന്നു. പ്രപഞ്ചം എത്രയോ വലുപ്പമേറിയതാണെന്നും ഇവിടെ നമ്മൾ മാത്രമാണുള്ളതെന്നു ചിന്തിക്കുന്നത് അറിവുകേടായിരിക്കുമെന്നും ഇവർ പറയുന്നു.
സെലിബ്രിറ്റികൾ മാത്രമല്ല, അന്യഗ്രഹജീവികളെ കണ്ടെന്നു പറയുന്നവരിൽ രാഷ്ട്രീയക്കാരുമുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ നല്ലൊരു ഉദാഹരണം. 1969 ൽ ഒരു പൊതുസ്ഥലത്തു നിന്നപ്പോൾ ഒരു പറക്കും തളിക തന്റെ തലയ്ക്കു മുകളിലൂടെ പറന്നുപോയതായി കാർട്ടർ അവകാശപ്പെട്ടു. അന്നു കാർട്ടർ പ്രസിഡന്റായിട്ടില്ല. താൻ പ്രസിഡന്റായാൽ പറക്കുംതളികകൾ സംബന്ധിച്ച് യുഎസ് ഗവൺമെന്റിന്റെ പക്കലുള്ള എല്ലാ രേഖകളും പരസ്യമാക്കുമെന്നും കാർട്ടർ വാഗ്ദാനം ചെയ്തു. പക്ഷേ പ്രസിഡന്റായ ശേഷം കാർട്ടർ വാക്കു പാലിക്കാൻ മിനക്കെട്ടില്ല.
English Summary: Alien Abduction Unveils Secrets From The Betty and Barney Hill Case