കാത്തിരിക്കുന്നത് ‘നരകം’? അഭയാർഥികളെ 'കാശുകൊടുത്ത് കയറ്റി അയയ്ക്കുമോ' യുകെ?
അഭയാർഥികളെ പണത്തിനു വേണ്ടി ഏറ്റെടുക്കുന്ന റുവാണ്ടയെ സുരക്ഷിത രാജ്യമായാണ് ബ്രിട്ടൻ വിശേഷിപ്പിക്കുന്നതെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണു മുൻ അനുഭവങ്ങൾ തെളിയിക്കുന്നത്. റുവാണ്ടയിലെ ക്യാംപുകളിൽ അഭയാർഥികൾക്കു നരകയാതന നേരിടേണ്ടിവന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014ൽ ഇസ്രയേലുമായി ഉണ്ടാക്കിയ രഹസ്യക്കരാർ പ്രകാരം റുവാണ്ടയിലെത്തിയ അഭയാർഥികളിലൊരു സംഘം... Rwanda . UK Immigration . Israel
അഭയാർഥികളെ പണത്തിനു വേണ്ടി ഏറ്റെടുക്കുന്ന റുവാണ്ടയെ സുരക്ഷിത രാജ്യമായാണ് ബ്രിട്ടൻ വിശേഷിപ്പിക്കുന്നതെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണു മുൻ അനുഭവങ്ങൾ തെളിയിക്കുന്നത്. റുവാണ്ടയിലെ ക്യാംപുകളിൽ അഭയാർഥികൾക്കു നരകയാതന നേരിടേണ്ടിവന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014ൽ ഇസ്രയേലുമായി ഉണ്ടാക്കിയ രഹസ്യക്കരാർ പ്രകാരം റുവാണ്ടയിലെത്തിയ അഭയാർഥികളിലൊരു സംഘം... Rwanda . UK Immigration . Israel
അഭയാർഥികളെ പണത്തിനു വേണ്ടി ഏറ്റെടുക്കുന്ന റുവാണ്ടയെ സുരക്ഷിത രാജ്യമായാണ് ബ്രിട്ടൻ വിശേഷിപ്പിക്കുന്നതെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണു മുൻ അനുഭവങ്ങൾ തെളിയിക്കുന്നത്. റുവാണ്ടയിലെ ക്യാംപുകളിൽ അഭയാർഥികൾക്കു നരകയാതന നേരിടേണ്ടിവന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014ൽ ഇസ്രയേലുമായി ഉണ്ടാക്കിയ രഹസ്യക്കരാർ പ്രകാരം റുവാണ്ടയിലെത്തിയ അഭയാർഥികളിലൊരു സംഘം... Rwanda . UK Immigration . Israel
വീട്ടിൽ വന്നുകയറിയ പൂച്ചക്കുഞ്ഞിനെ ചാക്കിലാക്കി വണ്ടിയിൽ കിലോമീറ്ററുകൾക്കപ്പുറത്തു കൊണ്ടുപോയി രഹസ്യമായി ഉപേക്ഷിക്കുന്നവരുണ്ട്. ആ നാട്ടിൻപുറത്തുകാരന്റെ മനസ്സാണിപ്പോൾ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും. രാജ്യത്തേക്കു നുഴഞ്ഞുകയറുന്നവരെ ‘ഔട്ട്സോഴ്സ്’ ചെയ്തു കുടിയേറ്റപ്രശ്നം പരിഹരിക്കാനാണ് ആലോചന. അനധികൃത കുടിയേറ്റക്കാരെ 6500ലേറെ കിലോമീറ്റർ അകലെ, മധ്യ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്കു വിമാനത്തിൽ കയറ്റി അയയ്ക്കും. അവരെ കയ്യേൽക്കുന്നതിന് യുകെ പണം നൽകും.
മനുഷ്യക്കടത്തിൽനിന്ന് എണ്ണമറ്റ ജീവനുകളെ രക്ഷിക്കുന്നതാണു പദ്ധതിയെന്ന് ബോറിസ് ഊറ്റംകൊള്ളുമ്പോൾ മനുഷ്യത്വരഹിതമായി പദ്ധതിയെന്നാണ് പ്രതിപക്ഷ വാദം. ഒരു ഉൽപന്നം പോലെ മനുഷ്യനെ മറ്റൊരു രാജ്യത്തേക്കു കൈമാറുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു മദ്യപാർട്ടി നടത്തിയതിന് പിഴ അടയ്ക്കേണ്ടിവന്ന ജോൺസൺ, സംഭവത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ അടവായും പദ്ധതിയെ കാണുന്നവരുണ്ട്. എന്തായാലും എതിർപ്പുകളെയെല്ലാം മറികടന്നു പദ്ധതിയുമായി മുന്നോട്ടു നീങ്ങുകയാണു യുകെ സർക്കാർ.
‘സാമ്പത്തിക വികസന പങ്കാളിത്തം’ എന്ന പേരിൽ 12 കോടി പൗണ്ട് (ഏകദേശം 1200 കോടി രൂപ) റുവാണ്ടയ്ക്കു നൽകാൻ കരാറായിക്കഴിഞ്ഞു. യുകെ ആഭ്യന്തരമന്ത്രി പ്രീതി പട്ടേലും റുവാണ്ട വിദേശകാര്യമന്ത്രി വിൻസന്റ് ബിറൂട്ടയും കഴിഞ്ഞ ദിവസം ഒപ്പുവച്ച കരാർ പ്രകാരം അഭയാർഥികളെ അയച്ചു തുടങ്ങുമ്പോൾ കൂടുതൽ പണം നൽകും. ഈ വർഷം മുതൽ അനധികൃതമായി രാജ്യത്തു കടന്നവരെ ആഫ്രിക്കയിൽ പുനരധിവസിപ്പിക്കുമെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. ഞങ്ങളുടെ അനുകമ്പ കണക്കില്ലാത്തതാണെങ്കിലും സഹായിക്കാനുള്ള ശേഷിയിൽ കുറവുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇസ്രയേൽ പണ്ടേ തുടങ്ങി; ഡെൻമാർക്ക് ആലോചിച്ചു
റുവാണ്ടയിലേക്ക് ഇതാദ്യമായല്ല അഭയാർഥികളെ കയറ്റി അയക്കുന്നത്. ഇസ്രയേൽ റുവാണ്ടയുമായി ഉണ്ടാക്കിയ കരാർ പ്രകാരം 2014 മുതൽ 2017 വരെ ആയിരക്കണക്കിന് ആഫ്രിക്കക്കാരെയാണ് റുവാണ്ടയിലേക്കു മാറ്റിയത്. ഡെന്മാർക്കും അഭയാർഥി പുനരധിവാസത്തിനായി റുവാണ്ടയെ സമീപിച്ചിരുന്നു. ചർച്ചകൾ ഒട്ടേറെ നടന്നെങ്കിലും പദ്ധതിക്ക് അന്തിമ രൂപത്തിലായിട്ടില്ല. അഭയാർഥികളെ രാജ്യത്തുനിന്നു വേർപെടുത്തി താമസിപ്പിക്കുന്ന സംവിധാനം ആദ്യം തുടങ്ങിയത് ഓസ്ട്രേലിയയാണ്. അനധികൃത കുടിയേറ്റക്കാരെ പസിഫിക്കിലെതന്നെ മറ്റൊരു ദ്വീപിലാണ് ഓസ്ട്രേലിയ താമസിപ്പിക്കുന്നത്. ഇതിനെതിരെ ആദ്യം മുതൽതന്നെ വിമർശനം ഉയർന്നെങ്കിലും ഓസ്ട്രേലിയ അയഞ്ഞിട്ടില്ല.
അഭയാർഥികളെ കയ്യേൽക്കാൻ കെനിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളെ യുകെ നേരത്തേ സമീപിച്ചിരുന്നു. എന്നാൽ നിലവിൽ 8 ലക്ഷത്തോളം അഭയാർഥികളെ വിവിധ ക്യാംപുകളിലായി താമസിപ്പിച്ചിട്ടുള്ള കെനിയ അതിനു തയാറായില്ല. യുകെ വാഗ്ദാനം ചെയ്ത തുക കുറവാണ് എന്നതും മറ്റൊരു കാരണമായി. മധ്യ ആഫ്രിക്കയിലെ ചെറിയ രാജ്യമായ റുവാണ്ടയിൽ ഒന്നേകാൽക്കോടി ജനങ്ങളാണുള്ളത്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാഷ്ട്രീയ സ്ഥിരതയും സുരക്ഷിതത്വവുമുള്ള രാജ്യമാണിത്.
മൂന്നിരട്ടിയായി അഭയാർഥി പ്രവാഹം
യുകെയിലേക്ക് ഫ്രാൻസിൽനിന്ന് ഇംഗ്ലിഷ് ചാനൽ കടന്നു വരുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയായി. 2020ൽ 8500 പേർ അനധികൃതമായി എത്തിയപ്പോൾ 2021ലത് 28,000 ആയി ചെറിയ ബോട്ടുകളിൽ അഭയാർഥികളെ കുത്തിനിറച്ച് അതിസാഹസികമായാണ് ഇവരുടെ യാത്ര. ഇതിനിടെ ബോട്ട് മറിഞ്ഞു കൊല്ലപ്പെടുന്നവരും ഒട്ടേറെ. കഴിഞ്ഞ നവംബറിൽ ബോട്ടുമറിഞ്ഞ് 27 അഭയാർഥികളാണു മരിച്ചത്.
അനധികൃതമായി രാജ്യത്തേക്കു പ്രവേശിക്കുന്നവരെ കണ്ടെത്തി അവരെ ഹോട്ടലിൽ താമസിപ്പിക്കാനും മറ്റുമായി ദിവസം 50 ലക്ഷം പൗണ്ട് (50 കോടി രൂപ) എങ്കിലും ചെലവു വരുന്നതായാണു കണക്ക്. ഒരു വർഷത്തെ ചെലവ് 180 കോടി പൗണ്ട്. റുവാണ്ടയിലേക്ക് അഭയാർഥികളെ മാറ്റിയാൽ ചെലവു ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് ബോറിസ് ജോൺസൺ സർക്കാരിന്റെ നിലപാട്. എന്നാൽ ഇതുകൊണ്ട് ബ്രിട്ടനിലേക്കുള്ള അഭയാർഥി പ്രവാഹത്തിനു കുറവുണ്ടാകില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. കിലോമീറ്റർ അകലെ ഉപേക്ഷിക്കുന്ന പൂച്ചകൾ അതുകൊണ്ടുവിട്ടയാൾ വീട്ടിൽ തിരിച്ചെത്തുംമുൻപേ വീടണയും പോലെ റുവാണ്ടയിലെ അഭയാർഥി ക്യാംപുകളിൽനിന്നു രക്ഷപ്പെട്ട് വീണ്ടും എത്താനുള്ള സാധ്യതയും അവർ കാണുന്നു.
ബോട്ടിൽ ബ്രിട്ടനിൽ; വിമാനത്തിൽ കിഗാലിയിൽ
രാജ്യത്ത് അനധികൃതമായി എത്തുന്ന പുരുഷന്മാരുടെ വിവരങ്ങൾ റുവാണ്ടൻ അധികൃതർക്കു നൽകുകയാണു യുകെ ചെയ്യുക. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് അവർക്കു ബോധ്യപ്പെട്ടാൽ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിലേക്ക് അയയ്ക്കാൻ അനുമതി നൽകും. അഭയാർഥികളുടെ അപേക്ഷ റുവാണ്ടൻ സർക്കാരാണു തുടർന്നു പരിശോധിക്കുക. അപേക്ഷകൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ റുവാണ്ടയിൽ കഴിയാൻ അനുമതി നൽകും. റുവാണ്ടയിൽ താമസിക്കാൻ താൽപര്യമില്ലെന്നു പറയുന്നവരെ അവർക്ക് പൗരത്വമുള്ള നാട്ടിലേക്കു മടക്കി അയക്കും.
ആഭ്യന്തരയുദ്ധം, വംശീയപീഡനം ഉൾപ്പെടെയുള്ള കാരണങ്ങളാൽ അഭയാർഥികളാകുന്നവർക്കു രാജ്യാന്തര നിയമപ്രകാരം അഭയം നൽകാൻ യുകെയ്ക്ക് ബാധ്യതയുണ്ട്. അത്തരക്കാരുടെ അപേക്ഷ പരിഗണിക്കും മുൻപ് റുവാണ്ടയിലേക്ക് അയക്കുന്നതോടെ ബ്രിട്ടിഷ് മണ്ണിൽ അഭയാർഥികൾക്ക് അഭയം കിട്ടാത്ത സ്ഥിതിയുണ്ടാകും. ഇതോടെ ഇറാഖ്, എറിട്രിയ, ഇത്യോപ്യ, സുഡാൻ, സിറിയ ഉൾപ്പെടെ ആഭ്യന്തര യുദ്ധങ്ങൾ നടക്കുന്ന രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളെ നേരിട്ട് റുവാണ്ടയിലേക്ക് അയച്ചേക്കും.
വീസയില്ലാതെ രാജ്യത്ത് എത്തുന്ന ആരെയും കുറ്റവാളികളായി കാണുന്ന തരത്തിൽ നിയമഭേദഗതി പാർലമെന്റ് പാസാക്കിയെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അഭയാർഥികളായ പുരുഷന്മാരെ മാത്രമേ ആഫ്രിക്കയിലേക്ക് അയക്കൂ എന്നാണു പ്രഖ്യാപനമെങ്കിലും ഇക്കാര്യത്തിൽ ഉറപ്പില്ല.
വെള്ളക്കാർ വന്നോട്ടെ, കറുത്തവർക്ക് റുവാണ്ട
അഭയാർഥികളെ വംശീയമായി വേർതിരിച്ചു നാടുകടത്തുന്നുവെന്ന ആരോപണവും മനുഷ്യാവകാശ സംഘടനകൾ ഉന്നയിക്കുന്നു. കറുത്തവർഗക്കാരെയും തവിട്ടുനിറക്കാരെയും മാത്രം റുവാണ്ടയിലേക്ക് അയക്കുകയും വെളുത്തവരെ നിലനിർത്തുകയും ചെയ്യുന്നതാണ് പദ്ധതിയെന്നാണ് ആരോപണം. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അഭയാർഥികളായ 55,000 പേർക്ക് യുകെ വീസ അനുവദിച്ചു. 16,400 പേർ ബ്രിട്ടനിൽ എത്തുകയും ചെയ്തു. യുക്രെയ്ൻ അഭയാർഥികളെ സ്വാഗതം ചെയ്യാൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്ന ബ്രിട്ടന്റെ അഭ്യർഥനയുമുണ്ടായി. ആഫ്രിക്കൻ, ഏഷ്യൻ അഭയാർഥികളോട് ഈ സഹാനുഭൂതി കാണിക്കാൻ ബ്രിട്ടൻ തയാറാകുന്നില്ലെന്നും അവർ ആരോപിക്കുന്നു.
അഭയാർഥികളെ പണത്തിനു വേണ്ടി ഏറ്റെടുക്കുന്ന റുവാണ്ടയെ സുരക്ഷിത രാജ്യമായാണ് ബ്രിട്ടൻ വിശേഷിപ്പിക്കുന്നതെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണു മുൻ അനുഭവങ്ങൾ തെളിയിക്കുന്നത്. റുവാണ്ടയിലെ ക്യാംപുകളിൽ അഭയാർഥികൾക്കു നരകയാതന നേരിടേണ്ടിവന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014ൽ ഇസ്രയേലുമായി ഉണ്ടാക്കിയ രഹസ്യക്കരാർ പ്രകാരം റുവാണ്ടയിലെത്തിയ അഭയാർഥികളിലൊരു സംഘം അവിടെ നിന്നു രക്ഷപ്പെട്ടു യൂറോപ്പിലെത്തിയിരുന്നു.
കണ്ണീർ ഓർമയായി ഐലാൻ കുർദി
യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ ‘ലോഞ്ച് പാഡായി’ അറിയപ്പെടുന്നത് ആഫ്രിക്കൻ രാജ്യമായ ലിബിയ ആണ്. മധ്യപൂർവേഷ്യയിൽനിന്നുള്ള അഭയാർഥികൾക്കും ഈജിപ്ത് വഴി ലിബിയയിലേക്ക് എത്താനാകും. 2011ൽ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയതിനു ശേഷമുള്ള രാഷ്ട്രീയ അനിശ്ചിതത്വം ലിബിയയെ കുടിയേറ്റ മാഫിയയുടെ വളക്കൂറുള്ള മണ്ണാക്കി മാറ്റി. ലിബിയയിലെ ബെൻഗാസിയിൽനിന്ന് മെഡിറ്ററേനിയൻ കടൽ കടന്ന് ഗ്രീസിലേക്കും അവിടെനിന്നു യൂറോപ്പിന്റെ മറ്റു ഭാഗത്തേക്കും എന്നതായിരുന്നു ആദ്യരീതി.
തുർക്കിയിൽനിന്ന് ഏജിയൻ കടൽ കടന്ന് ഗ്രീസിലേക്ക് എത്താൻ കഴിയുന്ന മാർഗവും സജീവമായിരുന്നു. 2015 സെപ്റ്റംബറിൽ മൂന്നു വയസ്സുള്ള സിറിയൻ കുഞ്ഞ് ഐലാൻ കുർദി മുങ്ങിമരിച്ചത് ഇത്തരമൊരു യാത്രയ്ക്കിടെയാണ്. തുർക്കിയിലെ ബോദ്റം തീരത്തുനിന്നു യാത്ര തിരിച്ച് അൽപം വൈകാതെതന്ന ഇവർ സഞ്ചരിച്ചിരുന്ന റബർ ബോട്ട് മറിഞ്ഞായിരുന്നു അപകടം. 8 പേർക്കു കയറാവുന്ന ബോട്ടിൽ 16 പേരുണ്ടായിരുന്നു. ഐലാന്റെ മാതാവും അഞ്ചു വയസ്സുള്ള സഹോദരനും ഉൾപ്പെടെ 5 പേരാണ് അപകടത്തിൽ മരിച്ചത്. തുർക്കി കടൽത്തീരത്തടിഞ്ഞ ഐലാന്റെ മൃതദേഹത്തിന്റെ ഫോട്ടോ അഭയാർഥിപ്രശ്നത്തിൽ ആഗോളവികാരമുണ്ടാക്കാൻ കാരണമായി.
ഗ്രീസ് വഴിയടച്ചപ്പോൾ മറ്റു വഴിയേ അഭയാർഥികൾ
യൂറോപ്യൻ രാജ്യങ്ങളുടെ സമ്മർദം നിമിത്തം ഗ്രീസ് അതിർത്തിസേന കടലിൽ പട്രോളിങ് ശക്തമാക്കുകയും അഭയാർഥികളെ തിരിച്ചയക്കുകയും ചെയ്തതോടെ ഇതുവഴിയുള്ള അഭയാർഥി പ്രവാഹം നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. തിരിച്ചയച്ചവരിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ടായി. അഭയാർഥികളെ ക്രൂരമായി നേരിടുന്നു എന്ന് ഗ്രീസ് പഴി കേൾക്കുന്നുണ്ടെങ്കിലും നിലപാടിൽ അയവുവരുത്തിയിട്ടില്ല. കിഴക്കൻ മെഡിറ്ററേനിയൻ റൂട്ട് എന്നറിയപ്പെടുന്ന ഈ മാർഗം ഏകദേശം അടഞ്ഞതോടെ കൂടുതൽ അപകടം പിടിച്ച മധ്യ, പടിഞ്ഞാറൻ മെഡിറ്ററേനിയൻ യാത്രാവഴികളാണിപ്പോൾ അഭയാർഥികൾ സ്വീകരിക്കുന്നത്.
ലിബിയയിലെ ട്രിപ്പോളിയിൽനിന്നോ ബെൻഗാസിയിൽനിന്നോ കടൽമാർഗം മാൾട്ടയിലേക്കും ഇറ്റലിയുടെ ദ്വീപുകളിലേക്കുമുള്ള അഭയാർഥികളുടെ യാത്ര സാഹസികമാണ്. മൊറോക്കയിൽനിന്ന് ജിബ്രാൾട്ടർ കടലിടുക്കു കടന്ന് സ്പെയിനിലെത്തിയും അഭയാർഥികൾ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കു കടക്കുന്നു. മധ്യേപൂർവേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമായി ദിവസേന ആയിരങ്ങളാണ് ബോട്ടിൽ കടൽ കടന്നു യൂറോപ്പിലെത്താൻ ശ്രമിക്കുന്നത്. വൻ തുക വാങ്ങി കുടിയേറ്റ മാഫിയ സംഘങ്ങളാണ് ഇതിനുള്ള സൗകര്യം ചെയ്യുന്നത്. യാതൊരു സുരക്ഷയുമില്ലാത്ത ചെറിയ ബോട്ടുകളിലെ യാത്രയിൽ തീരമണയണമെങ്കിൽ അസാധാരണ ഭാഗ്യം കൂടി വേണം. ഇങ്ങനെയെത്തുന്ന അനധികൃത കുടിയേറ്റക്കാരെ എന്തു ചെയ്യണമെന്ന ആശങ്കയിലാണ് യൂറോപ്യൻ രാജ്യങ്ങളും.
English Summary: The UK to Send Asylum Seekers to Rwanda; What Leads PM Borris Johnson to do so?