മഹിന്ദ രാജപക്സെയെ പുറത്താക്കിയേക്കും; ദേശീയ സർക്കാർ രൂപീകരിക്കുമെന്ന് ഗോട്ടബയ
Mail This Article
കൊളംബോ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെ പുറത്താക്കിയേക്കും.സർവകക്ഷി ദേശീയ സർക്കാരിനു തയാറാണെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അറിയിച്ചതിനു പിന്നാലെയാണ് രാജി നീക്കം. സർക്കാരിനെ പിന്തുണയ്ക്കുന്ന 11 പാർട്ടികളുടെ യോഗത്തിലാണ് പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ പ്രഖ്യാപനം.
ദേശീയ സർക്കാർ ചർച്ചകൾക്കായി ചേർന്ന യോഗത്തിൽ പങ്കെടുക്കാൻ പാർലമെന്റിൽ പ്രതിനിധികളുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ക്ഷണമുണ്ടായിരുന്നു. അതിരൂക്ഷമായ വിലക്കയറ്റത്താൽ പൊറുതിമുട്ടിയ ജനം പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജിക്കായി പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിൽ രണ്ടാഴ്ചയായി സമരം തുടരുകയാണ്. സമരത്തെ പിന്തുണച്ച് എല്ലാ തൊഴിലാളി സംഘടനകളും ഇന്നു മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരുന്നു.
അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായി തുടരുന്നു. മരുന്ന് ഇറക്കുമതി ചെയ്യാനാവാത്തതിനാൽ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി. രാജ്യാന്തര കടം തിരിച്ചടവു മുടങ്ങിയ ശ്രീലങ്ക രാജ്യാന്തര നാണ്യ നിധിയിൽനിന്നു വായ്പയ്ക്കായി ശ്രമിക്കുകയാണ്.
English Summary: Sri Lanka president Gotabaya Rajapaksa agrees to remove brother Mahinda as PM