തുറന്നെഴുതി പിരപ്പൻകോട്, പച്ചക്കളളമെന്ന് കോലിയക്കോട്; ഗ്രൂപ്പ് ഓർമയിൽ സിപിഎം
അവർ നിർമിച്ച അരക്കില്ലത്തിൽനിന്ന് വാമനപുരം മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങൾ എന്നെ രക്ഷപ്പെടുത്തി. പക്ഷേ, മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ അവർ ചതി ക്കുഴിയിൽ വീഴ്ത്തി. koliakode krishnan nair, pirappancode murali, cpm, politics, thiruvananthapuram
അവർ നിർമിച്ച അരക്കില്ലത്തിൽനിന്ന് വാമനപുരം മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങൾ എന്നെ രക്ഷപ്പെടുത്തി. പക്ഷേ, മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ അവർ ചതി ക്കുഴിയിൽ വീഴ്ത്തി. koliakode krishnan nair, pirappancode murali, cpm, politics, thiruvananthapuram
അവർ നിർമിച്ച അരക്കില്ലത്തിൽനിന്ന് വാമനപുരം മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങൾ എന്നെ രക്ഷപ്പെടുത്തി. പക്ഷേ, മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ അവർ ചതി ക്കുഴിയിൽ വീഴ്ത്തി. koliakode krishnan nair, pirappancode murali, cpm, politics, thiruvananthapuram
തിരുവനന്തപുരം ∙ ആരോപണ പ്രത്യാരോപണങ്ങളുമായി രണ്ടു മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെ തലസ്ഥാനത്തെ സിപിഎമ്മിനുള്ളിൽ നിറയുന്നത് പഴയ ഗ്രൂപ്പ് ഓർമകൾ. കടുത്ത വിഎസ് അനുകൂലി കൂടിയായ പിരപ്പൻകോട് മുരളിയുടെ ആത്മകഥയാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്. ആത്മകഥയിലെ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോലിയക്കോട് കൃഷ്ണൻ നായരാണ് പിരപ്പൻകോട് മുരളിക്കെതിരെ രംഗത്തെത്തിയത്. ജില്ലയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള കുടിപ്പക പുറത്തുവന്നതു പാർട്ടിയിൽ വലിയ ചലനങ്ങൾക്കും കാരണമായി.
∙ വിവാദമുയർത്തിയ വെളിപ്പെടുത്തലുകൾ
‘‘കോലിയക്കോട് കൃഷ്ണൻ നായരും ആലിയാട്ടു മാധവൻപിള്ളയും വെഞ്ഞാറമ്മൂട് ഏരിയാ കമ്മിറ്റിയും ഒന്നടങ്കം ശ്രമിച്ചിട്ടും അവർ നിർമിച്ച അരക്കില്ലത്തിൽനിന്ന് വാമനപുരം മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങൾ എന്നെ രക്ഷപ്പെടുത്തി. പക്ഷേ, മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ അവർ ചതിക്കുഴിയിൽ വീഴ്ത്തി. അത് എനിക്കും കേരള ജനതയ്ക്കും വലിയ ആഘാതമായി.’’ – ‘എന്റെ കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ' എന്ന പേരിൽ ‘പ്രസാധകൻ’ മാസികയിൽ പ്രസിദ്ധീകരിച്ചു വരുന്ന ആത്മകഥാ കുറിപ്പിലെ ‘കുതികാൽ വെട്ടികളും കമ്യൂണിസ്റ്റുകാരും എന്റെ സ്ഥാനാർഥിത്വവും’ എന്ന അധ്യായത്തിലാണ് പിരപ്പൻകോട് മുരളി ഇങ്ങനെ തുറന്നെഴുതിയത്.
1996 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥി നിർണയം മുതൽ പ്രചാരണത്തിൽ വരെ തന്നെ തോൽപ്പിക്കാനും പാർട്ടി വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കാനും കോലിയക്കോട് കൃഷ്ണൻ നായർ ശ്രമിച്ചെന്നാണ് പിരപ്പൻകോട് മുരളിയുടെ ആരോപണം. "സുശീലാ ഗോപാലന്റെ പേരായിരുന്നു വാമനപുരം മണ്ഡലത്തിലേക്ക് സിപിഎം സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ ബഹുമാന്യയായ സുശീല ഗോപാലൻ മണ്ഡലത്തിലേക്ക് പരിഗണിക്കാവുന്ന ആളല്ലെന്നായിരുന്നു തന്റെ അഭിപ്രായം എന്നും അത് പാർട്ടി വേദിയിൽ പറഞ്ഞു. ഗീനാ കുമാരിയുടെ പേരാണ് പകരം പറഞ്ഞെതെങ്കിലും അവര്‍ക്ക് മത്സരിക്കാനുള്ള പ്രായമായിട്ടില്ലെന്ന് മനസിലായത് പിന്നീടാണ്. കല്ലറ രമേശൻ നായരുടെ പേര് പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും ആനത്തലവട്ടം ആനന്ദനും കടകംപള്ളി സുരേന്ദ്രനും ചേര്‍ന്നാണ് തന്റെ പേര് നിര്‍ദ്ദേശിച്ചത്’’ – ആത്മകഥാ കുറിപ്പിന്റെ പുതിയ ലക്കത്തിൽ പിരപ്പൻകോട് മുരളി തുറന്നെഴുതിയതിങ്ങനെ.
2018 വരെ സിപിഎം സംസ്ഥാന സമിതിയിൽ അംഗമായിരുന്നു പിരപ്പൻകോട് മുരളി. തൃശൂർ സമ്മേളനത്തിൽ പ്രായം പറഞ്ഞാണ് മുരളിയെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ തന്നേക്കാൾ പ്രായക്കൂടുതലുള്ള കോലിയക്കോടിനെ നിലനിര്‍ത്തിയതിൽ മുരളി അതൃപ്തനായിരുന്നു.
∙ പച്ചക്കള്ളമെന്ന് കോലിയക്കോട്
പിരപ്പൻകോട് മുരളി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നാണ് മുതിർന്ന സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായർ പ്രതികരിച്ചത്. പിരപ്പൻകോടിന് എന്തും പറയാമെന്നും എന്നാൽ തനിക്ക് അതിനു സാധിക്കില്ലെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു.
‘‘പാർട്ടിയുമായി ബന്ധമില്ലാത്തതുകൊണ്ട് എന്തൊക്കെയോ പറയുകയാണ്. 1996ലെ കാര്യങ്ങൾ ഇപ്പോൾ ഉന്നയിച്ചത് എന്തുകൊണ്ടാണെന്നും അറിയില്ല. മുരളിയെ സ്ഥാനാർഥിയാക്കരുത് എന്നു പറയാൻ താൻ ചടയൻ ഗോവിന്ദനെ പോയി കണ്ടിട്ടില്ല. അദ്ദേഹത്തെ തോൽപിക്കാനായി എ.ജി.മീനാംബികയുടെ വീട്ടിൽ യോഗം വിളിച്ചിട്ടില്ല. അവരുടെ വീട്ടിൽ പോയിട്ടുമില്ല. എല്ലാത്തിനും മറുപടി നൽകാൻ അറിയാം. എന്നാൽ പാർട്ടിയോട് ആലോചിക്കാതെ അതിനു കഴിയില്ല’’ – ആരോപണങ്ങളിൽ ഒന്നിൽ പോലും വസ്തുതയില്ലെന്നും കോലിയക്കോട് പറഞ്ഞു.
75 വയസ്സെന്ന പരിധി പിന്നിട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണു സംസ്ഥാന കമ്മിറ്റിയിൽനിന്നു കോലിയക്കോട് ഒഴിവായത്. പാർട്ടിയിൽ സജീവമായി തുടരുന്നതിനിടയിലാണു പിരപ്പൻകോടിന്റെ ആക്രമണം. നിലവിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനാണ് കോലിയക്കോട്.
∙ ചർച്ചകളിൽ നിറഞ്ഞ് തലസ്ഥാനത്തെ സിപിഎം
ജില്ലയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള കുടിപ്പക പുറത്തുവന്നതു പാർട്ടിയിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ’96 ലെ തിരഞ്ഞെടുപ്പിൽ വാമനപുരത്തു തനിക്കെതിരെ ജെഎസ്എസ് നേതാവ് സി.കെ.സീതാറാമിനെ സ്ഥാനാർഥിയാക്കിയതു വരെ കോലിയക്കോടും കൂട്ടരും ഇടപെട്ടാണെന്നാണു മുരളി ആരോപിച്ചത്. തനിക്കു താൽപര്യമില്ലാത്തയാളെ സിപിഎം സ്ഥാനാർഥി ആക്കിയപ്പോൾ തോൽപിക്കാൻ എതിർ സ്ഥാനാർഥിയെ പാർട്ടിയിലെത്തന്നെ ഒരു വിഭാഗം ഇറക്കുമതി ചെയ്തെന്ന ഗുരുതര ആക്ഷേപമാണ് പിരപ്പൻകോടിന്റേത്.
വോട്ടെണ്ണൽ ദിവസം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയെ കളത്തിൽ ഇറക്കാതെ കോലിയക്കോട് കൂട്ടിക്കൊണ്ടു പോയി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പിരപ്പൻകോട് ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന നേതൃത്വവുമായി ഉറ്റബന്ധം പുലർത്തുന്ന കോലിയക്കോട് ആ സ്വാധീനം ഉപയോഗിച്ചു തന്നെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കാൻ പരമാവധി നോക്കി.
ഫലിക്കാതെ വന്നപ്പോൾ തോൽപിക്കാൻ എല്ലാ കുതന്ത്രവും പയറ്റിയെന്നാണു പിരപ്പൻകോട് തുറന്നടിച്ചത്. വി.എസ്.അച്യുതാനന്ദന്റെ ഉറ്റ സഖാവായ പിരപ്പൻകോട് പാർട്ടിയിൽ വിഎസ് പക്ഷം ഒതുക്കപ്പെട്ടതോടെ പ്രവർത്തനരംഗത്തു നിന്ന് പിൻവലിഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാൻ തയാറായില്ല. മറുവശത്ത്, പിണറായി വിജയനുമായി ആത്മബന്ധം പുലർത്തുന്ന കോലിയക്കോട് ജില്ലയിലെ പാർട്ടിയിൽ ശക്തനുമായി. 1996ലെ തിരഞ്ഞെടുപ്പിനു ശേഷമാണ് പിരപ്പൻകോടും കോലിയക്കോടും പൂർണ അകൽച്ചയിലായത്. വിഎസ്–പിണറായി പോര് കലശലായതോടെ ഇവർ ജില്ലയിൽ ഇരുവിഭാഗങ്ങളുടെയും ശക്തരായ വക്താക്കളുമായി.
English Summary: CPM leaders in revelation row - Pirappancode Murali against Koliyakode Krishnan Nair