'സിപിഎം കൊള്ളക്കാരെയും ന്യായീകരിക്കുന്ന പാർട്ടി; തൃക്കാക്കരയിലെന്താ ഡോക്ടർ അല്ലേ?'
ഡോക്ടറായതു കൊണ്ട് ഒരാൾ നല്ല സ്ഥാനാർഥിയോ മോശം സ്ഥാനാർഥിയോ ആകില്ല. ഡോക്ടർമാരിൽ മോശക്കാരുണ്ട്, നല്ലവരുമുണ്ട്. ഡോക്ടർ എന്നത് സ്ഥാനാർഥി ആകാനുള്ള യോഗ്യതയുമല്ല, അയോഗ്യതയുമല്ല. ഡോക്ടർ ആയതുകൊണ്ട് സ്ഥാനാർഥിയാക്കില്ല എന്നു പറയുന്നതും ശരിയല്ല, അത് ഏതു പാർട്ടിയായാലും. ഏതു തരം ഡോക്ടർ ആണ് എന്നതാണ് മുഖ്യം... Dr.SS Lal
ഡോക്ടറായതു കൊണ്ട് ഒരാൾ നല്ല സ്ഥാനാർഥിയോ മോശം സ്ഥാനാർഥിയോ ആകില്ല. ഡോക്ടർമാരിൽ മോശക്കാരുണ്ട്, നല്ലവരുമുണ്ട്. ഡോക്ടർ എന്നത് സ്ഥാനാർഥി ആകാനുള്ള യോഗ്യതയുമല്ല, അയോഗ്യതയുമല്ല. ഡോക്ടർ ആയതുകൊണ്ട് സ്ഥാനാർഥിയാക്കില്ല എന്നു പറയുന്നതും ശരിയല്ല, അത് ഏതു പാർട്ടിയായാലും. ഏതു തരം ഡോക്ടർ ആണ് എന്നതാണ് മുഖ്യം... Dr.SS Lal
ഡോക്ടറായതു കൊണ്ട് ഒരാൾ നല്ല സ്ഥാനാർഥിയോ മോശം സ്ഥാനാർഥിയോ ആകില്ല. ഡോക്ടർമാരിൽ മോശക്കാരുണ്ട്, നല്ലവരുമുണ്ട്. ഡോക്ടർ എന്നത് സ്ഥാനാർഥി ആകാനുള്ള യോഗ്യതയുമല്ല, അയോഗ്യതയുമല്ല. ഡോക്ടർ ആയതുകൊണ്ട് സ്ഥാനാർഥിയാക്കില്ല എന്നു പറയുന്നതും ശരിയല്ല, അത് ഏതു പാർട്ടിയായാലും. ഏതു തരം ഡോക്ടർ ആണ് എന്നതാണ് മുഖ്യം... Dr.SS Lal
തിരുവനന്തപുരം∙ കഴക്കൂട്ടത്തും തൃക്കാക്കരയിലും മത്സരിക്കുന്നത് ഒരേ സിപിഎം തന്നെയാണല്ലോ അല്ലേ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡോ.എസ്.എസ്.ലാലിന്റേതാണ് ചോദ്യം. യുഎന്നിൽ പ്രവർത്തിച്ച അനുഭവപരിചയവുമായി കഴക്കൂട്ടത്ത് മത്സരിക്കാനിറങ്ങിയ ലാലിനെതിരെ നിരവധി ആരോപണങ്ങളാണ് രാഷ്ട്രീയ എതിരാളികൾ ഉയർത്തിയത്. ഡോക്ടർക്ക് എന്താണ് തിരഞ്ഞെടുപ്പിൽ കാര്യം, കെട്ടിയിറക്കിയ സ്ഥാനാർഥി തുടങ്ങിയ ആരോപണങ്ങളാണ് അന്ന് സിപിഎം ഉയർത്തിയത്. തൃക്കാക്കരയിൽ പാർട്ടി അംഗമല്ലാത്ത ഡോക്ടറെ സിപിഎം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുമ്പോൾ ഡോ.എസ്.എസ്.ലാലിനു ചോദിക്കാൻ ചില ചോദ്യങ്ങളുണ്ട്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം സിപിഎമ്മിനെ തിരിഞ്ഞുകൊത്തുകയാണെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഡോ.എസ്.എസ്. ലാൽ മനോരമ ഓണ്‍ലൈനിനോടു മനസ്സു തുറക്കുന്നു...
∙ കഴക്കൂട്ടത്ത് സ്ഥാനാർഥിയായപ്പോൾ ആരോപണങ്ങളുടെ പെരുമഴയാണ് എതിരാളികളിൽനിന്ന് ഉണ്ടായത്. എന്തുകൊണ്ടായിരുന്നു ആക്രമണം?
കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർഥിയായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഞാൻ രാഷ്ട്രീയക്കാരനല്ലെന്നാണ് സിപിഎം പറഞ്ഞത്. തിരുവനന്തപുരത്ത് രണ്ട് കോളജുകളിൽ ചെയർമാനായിരുന്നു ഞാൻ. യൂണിവേഴ്സിറ്റി കോളജിൽ കഴിഞ്ഞ 50 വർഷത്തിനിടയിലുള്ള ആദ്യ കെഎസ്‌യു ചെയർമാനാണ്. യൂണിവേഴ്സിറ്റി സെനറ്റ് മെംബറായിരുന്നു. വിദ്യാർഥി സമരങ്ങൾ നയിച്ച ആളാണ്. ഐഎംഎയുടെ ഏറ്റവും പ്രായം കുറഞ്ഞ തിരുവനന്തപുരത്തെ സെക്രട്ടറിയായിരുന്നു–29–ാം വയസ്സിൽ. ഐഎംഎയുടെ സംസ്ഥാന നേതാവായിരുന്നു. ഇവിടെ ജോലി ചെയ്യാൻ സമ്മതിക്കാത്തതിനാലാണ് ജോലി തേടി യുഎന്നിലേക്കു പോയത്.
വിദ്യാർഥി സംഘടനാ കാലത്തെ വൈരാഗ്യം മുൻ ആരോഗ്യമന്ത്രി എ.സി.ഷൺമുഖദാസ് എന്നോട് സ്വീകരിച്ചു. സർക്കാർ സർവീസില്‍നിന്ന് എന്നെ സസ്പെൻഡ് ചെയ്യാൻ ആരോഗ്യവകുപ്പിലെ അഡീഷനൽ ഡയറക്ടറെ ഏൽപ്പിച്ചു. ആരോഗ്യമന്ത്രിയുമായി നിരവധി കേസുകളുണ്ടായിരുന്നു. ഹൈക്കോടതി ഇടപെട്ടാണ് ജോലിയിൽ തുടരാൻ കഴിഞ്ഞത്. എന്നെ നിരവധി തവണ സ്ഥലംമാറ്റി. ആരോഗ്യവകുപ്പിലെ ജീവനക്കാരായിരുന്ന അമ്മയെയും അച്ഛനെയും സ്ഥലംമാറ്റി. എന്നെ നീചമായി ആക്രമിച്ചു. എന്നിട്ടും എനിക്കു രാഷ്ട്രീയം ഇല്ലെന്നാണ് സിപിഎം പറഞ്ഞത്. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കുറഞ്ഞത് 50% സിപിഎം സ്ഥാനാർഥികളേക്കാൾ രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണ് ഞാൻ.
14–ാം വയസ്സിലാണ് ഞാൻ കെഎസ്‌യുവിൽ ചേർന്നത്. ഇന്ത്യയുടെ പുറത്തു നിൽക്കുമ്പോഴും ഇവിടുത്തെ കാര്യങ്ങളിൽ ഇടപെടുന്നയാളായിരുന്നു. ആഗോള രാഷ്ട്രീയത്തിലും പരിചയം ഉണ്ടായിരുന്നു. എറണാകുളത്തെ സിപിഎം സ്ഥാനാർഥി പറയുന്നത്, പഠിക്കുമ്പോൾ ഇടതു മനോഭാവം ഉണ്ടായിരുന്നു എന്നാണ്. എനിക്കു പഠിക്കുമ്പോഴേ രാഷ്ട്രീയം ഉണ്ടായിരുന്നു. ആ എന്നെയാണ് രാഷ്ട്രീയ പരിചയം ഇല്ലെന്നു പറഞ്ഞ് സിപിഎം ആക്ഷേപിച്ചത്. എന്റെ രാഷ്ട്രീയം തന്നെയായിരുന്നു തിരഞ്ഞെടുപ്പുകാലത്തെ വ്യക്തിപരമായ ആക്രമണങ്ങൾക്കു പിന്നിൽ.
∙ തൃക്കാക്കരയിലെ സിപിഎം സ്ഥാനാർഥി സഭയുടെ സ്ഥാനാർഥിയാണെന്ന അവകാശവാദവും എതിർവാദവുമെല്ലാം തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുകയാണ്?
സ്വന്തമായി നയം ഉണ്ടെന്നു പണ്ടു സിപിഎമ്മിനു ജനങ്ങളെ വിശ്വസിപ്പിക്കാനെങ്കിലും പറ്റിയിരുന്നു. ഇപ്പോൾ അങ്ങനെ ഒന്നില്ല. അവർക്കു കാപട്യം മാത്രമേ ഉള്ളൂ. ജാതികളെയും മതങ്ങളെയും കൂടെ നിർത്തി പരമാവധി സീറ്റുകൾ വാങ്ങുക എന്നതാണ് ലക്ഷ്യം. ഇതെല്ലാം പണ്ട് കോൺഗ്രസിനെതിരെ ആരോപിച്ചിരുന്ന കാര്യമാണ്. കോൺഗ്രസ് അങ്ങനെ ചെയ്യാത്തപ്പോൾ പോലും. ഇപ്പോൾ സിപിഎം ജാതിയും മതവും പറയുന്നു. എതിരാളിയെ തോൽപിക്കാൻ എന്തു ഹീനമായ കാര്യവും സിപിഎം ചെയ്യും.
എനിക്കു ജാതിയും മതവും ഇല്ല. ഞാൻ ജനിച്ച ജാതിയിൽ ഉള്ള ആളല്ല എന്നു സ്ഥാപിക്കാൻ സിപിഎം തിരഞ്ഞെടുപ്പു കാലത്ത് പ്രചാരണം നടത്തി. എനിക്കു പറയാൻ കഴിയുമോ ഇന്ന ജാതിയാണെന്ന്? ഇയാൾ ഇറക്കുമതിയാണ് ജനങ്ങളുമായി ബന്ധമില്ല എന്നായിരുന്നു പ്രചാരണം. ജനങ്ങളുമായി ബന്ധമുണ്ടാകാൻ സ്ഥിരമായി നാട്ടിൽ വേണമെന്നില്ല. സിപിഎം അവരുടെ എതിർ സ്ഥാനാർഥിയെ എങ്ങനെയും ആക്ഷേപിക്കും. അവർ കൊള്ളക്കാരെ നിർത്തിയാലും പരമാവധി ന്യായീകരിക്കുകയും ചെയ്യും.
∙ വിദേശത്തുനിന്നെത്തിയ ഡോക്ടറായതിന്റെ പേരിൽ ലാലിനെ കഴക്കൂട്ടത്ത് എതിർത്ത സിപിഎം അവസാനം എത്തിച്ചേർന്നത് ഡോക്ടറിലാണ്?
ഡോക്ടറായതു കൊണ്ട് ഒരാൾ നല്ല സ്ഥാനാർഥിയോ മോശം സ്ഥാനാർഥിയോ ആകില്ല. ഡോക്ടർമാരിൽ മോശക്കാരുണ്ട്, നല്ലവരുമുണ്ട്. ഡോക്ടർ എന്നത് സ്ഥാനാർഥി ആകാനുള്ള യോഗ്യതയുമല്ല, അയോഗ്യതയുമല്ല. ഡോക്ടർ ആയതുകൊണ്ട് സ്ഥാനാർഥിയാക്കില്ല എന്നു പറയുന്നതും ശരിയല്ല, അത് ഏതു പാർട്ടിയായാലും. ഏതു തരം ഡോക്ടർ ആണ് എന്നതാണ് മുഖ്യം. ഞാൻ കൈക്കൂലി വാങ്ങാത്ത ഡോക്ടറാണ്. സർക്കാർ മേഖലയിലാണ് പ്രവർത്തിച്ചത്. എന്നെ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് കൊണ്ടാണ് യുഎന്നിലേക്കു പോയത്.
സിപിഎം സ്ഥാനാർഥിയെ വ്യക്തിപരമായി അറിയില്ല. ഡോക്ടർമാരിൽ എല്ലാ സൗകര്യങ്ങളും ത്യജിച്ച് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവരുണ്ട്. സാമ്പത്തികം കൂടി ലക്ഷ്യമാക്കി സ്വകാര്യ മേഖലയിൽ പോകുന്നവരുമുണ്ട്. പാവപ്പെട്ടവർക്കു വേണ്ടി മാത്രം ജോലി ചെയ്യുന്ന ഡോക്ടർ എന്നു പറയുന്നത് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവരായിരിക്കും. അല്ലെങ്കിൽ, ചെറിയ ക്ലിനിക്കിൽ സാധാരണക്കാരെ ചെറിയ ഫീസിൽ നോക്കുന്നവരായിരിക്കും. അതിനർഥം സ്വകാര്യ മേഖല വേണ്ടെന്നല്ല. പണം കൊടുക്കാൻ കഴിയുന്നവർക്കും സർക്കാർ ആശുപത്രികളിൽ സൗകര്യം ഇല്ലാത്തവർക്കും അവിടേയ്ക്കു പോകാൻ കഴിയും. അതും ചികിൽസയാണ്, സേവനമാണ്, അല്ലാതെ ത്യാഗമല്ല. അതിനെ ത്യാഗമായി അവതരിപ്പിക്കാൻ കഴിയില്ല. സർക്കാർ ഡോക്ടർമാരാണ് ത്യാഗം ചെയ്യുന്നത്. അതുപോലെ ഐഎംഎ രാഷ്ട്രീയ സംഘടനയുമല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരും അതിലുണ്ട്.
∙ കൂടുതൽ പ്രഫഷനലുകൾ രാഷ്ട്രീയത്തിലേക്കു വരണമെന്നു കരുതുന്നുണ്ടോ?
വ്യത്യസ്ത മേഖലയിലുള്ളവർ രാഷ്ട്രീയത്തിലേക്കു വന്നാൽ വ്യത്യസ്ത അറിവുകൾ കൊണ്ടുവരാൻ കഴിയും. പല രാജ്യങ്ങളിലും അങ്ങനെയാണ്. ഇവിടെ മാത്രമാണ് രാഷ്ട്രീയം തൊഴിലാക്കുന്നത്. പല രാജ്യങ്ങളിലും മറ്റു തൊഴിലുകളിലുള്ളവർ രാഷ്ട്രീയത്തിലേക്കു വന്നു പ്രവർത്തിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരെ അസംബ്ലിയിലേക്കു തിരഞ്ഞെടുത്തു വിട്ടില്ലെങ്കിൽ പ്രവർത്തനത്തിൽ എങ്ങനെ ഗുണം വരും? എല്ലാ വിഷയത്തിലും രാഷ്ട്രീയക്കാർ അഭിപ്രായം പറയുന്നുണ്ട്. രാഷ്ട്രീയക്കാർക്ക് പ്രത്യേകിച്ച് വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും എല്ലാം അറിയാമെന്ന ഭാവമാണ്. സിപിഎമ്മാണ് അങ്ങനെ എത്തിച്ചത്.
കോവിഡ്കാലത്ത് സർക്കാർ കാണിച്ച കള്ളക്കണക്കുകൾ എനിക്കു തുറന്നു കാട്ടാനായത് ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചതു കൊണ്ടാണ്. രാഷ്ട്രീയമായല്ല ഞാൻ അക്കാര്യം പറഞ്ഞത്. കേരളത്തിന്റെ മാന്യതയും സുതാര്യതയും നഷ്ടപ്പെടരുതായിരുന്നു. പിന്നെ, ആളുകളെ ചതിക്കരുതായിരുന്നു. മറച്ചുവച്ച കോവിഡ് മരണക്കണക്കുകൾ പുറത്തുവിട്ടപ്പോൾ മുൻകാല പ്രാബല്യത്തോടെ ജനം കേരളത്തിൽ മരിക്കുകയാണ്. പ്രഫഷനൽ ആയതു കൊണ്ടാണ് എനിക്കതെല്ലാം പറയാൻ കഴിഞ്ഞത്.
∙ തൃക്കാക്കരയിൽ കോൺഗ്രസിന്റെ സാധ്യത?
കേരളത്തിൽ എവിടെ യുഡിഎഫ് മത്സരിച്ചാലും ജയിക്കുമെന്ന അവസ്ഥയാണ്. തൃക്കാക്കരയിൽ ഉമ തോമസിനെ പ്രഖ്യാപിച്ചപ്പോൾ തന്നെ ആ സ്ഥാനാർഥി ജയിച്ചു കഴിഞ്ഞു. അത് സഹതാപം കൊണ്ടല്ല. പി.ടിയെ പരിചപ്പെടുമ്പോൾ ഉമ കെഎസ്‌യുക്കാരിയാണ്. പി.ടിയുടെ കുടുംബം അത്രയും പിന്തുണ കൊടുത്തതു കൊണ്ടാണ് പി.ടിയ്ക്ക് രാഷ്ട്രീയ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനായത്. ഒരാൾ വീട്ടമ്മയായി ഇരിക്കുന്നത് നിസ്സാര കാര്യമാണോ? വീട്ടമ്മയും രാഷ്ട്രീയക്കാരന്റെ ഭാര്യയുമായി ഇരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. പി.ടിയുടെ രാഷ്ട്രീയത്തിൽ ഉമ ഇടപെട്ടിട്ടില്ല.
സിപിഎം നേതാക്കളുടെ വീട്ടിലെ സ്ഥിതി അതല്ല. അവിടെ കോൺഗ്രസിനു മുന്നോട്ടുവയ്ക്കാൻ കഴിയുന്ന ഏറ്റവും നല്ല സ്ഥാനാർഥിയാണ് ഉമ. സിപിഎമ്മിന് ഒരു സ്ഥാനാർഥിയെ പാർട്ടിയിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെയുള്ള എല്ലാം നിലപാടുകളെയും കാറ്റിൽ പറത്തി അവർ ജാതിമത താൽപര്യങ്ങൾക്കു പുറകേ പോവുകയായിരുന്നു.
English Summary: Interview with 2021 Congress Kazhakkoottam UDF Contestant, Dr SS Lal