ഡിസൈനർ ചെരിപ്പുകളുടെ വൻ ശേഖരം തന്നെ ഇമൽഡയ്ക്ക് ഉണ്ടായിരുന്നു. അധികാരം നഷ്ടപ്പെട്ട് ഹവായിയിലേക്ക് രക്ഷപ്പെടുമ്പോൾ 1000 ജോടി ചെരിപ്പുകളും 800 പഴ്സുകളും ഉപേക്ഷിച്ചാണ് അവർ പോയത്. 25 കാരറ്റിന്റെ അപൂർവ പിങ്ക് ഡയമണ്ട്, പിന്നീട് അമേരിക്കൻ കസ്റ്റംസ് പിടിച്ചെടുത്ത 2.1 കോടി ഡോളർ വിലയുള്ള രത്നങ്ങൾ പതിപ്പിച്ച ചെറുകിരീടം എന്നിവയും സ്വർണത്തിന്റെ വലിയൊരു ശേഖരവുമടക്കം അവർ പെട്ടികളിലാക്കി കൂടെക്കൊണ്ടുപോയിരുന്നു.

ഡിസൈനർ ചെരിപ്പുകളുടെ വൻ ശേഖരം തന്നെ ഇമൽഡയ്ക്ക് ഉണ്ടായിരുന്നു. അധികാരം നഷ്ടപ്പെട്ട് ഹവായിയിലേക്ക് രക്ഷപ്പെടുമ്പോൾ 1000 ജോടി ചെരിപ്പുകളും 800 പഴ്സുകളും ഉപേക്ഷിച്ചാണ് അവർ പോയത്. 25 കാരറ്റിന്റെ അപൂർവ പിങ്ക് ഡയമണ്ട്, പിന്നീട് അമേരിക്കൻ കസ്റ്റംസ് പിടിച്ചെടുത്ത 2.1 കോടി ഡോളർ വിലയുള്ള രത്നങ്ങൾ പതിപ്പിച്ച ചെറുകിരീടം എന്നിവയും സ്വർണത്തിന്റെ വലിയൊരു ശേഖരവുമടക്കം അവർ പെട്ടികളിലാക്കി കൂടെക്കൊണ്ടുപോയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസൈനർ ചെരിപ്പുകളുടെ വൻ ശേഖരം തന്നെ ഇമൽഡയ്ക്ക് ഉണ്ടായിരുന്നു. അധികാരം നഷ്ടപ്പെട്ട് ഹവായിയിലേക്ക് രക്ഷപ്പെടുമ്പോൾ 1000 ജോടി ചെരിപ്പുകളും 800 പഴ്സുകളും ഉപേക്ഷിച്ചാണ് അവർ പോയത്. 25 കാരറ്റിന്റെ അപൂർവ പിങ്ക് ഡയമണ്ട്, പിന്നീട് അമേരിക്കൻ കസ്റ്റംസ് പിടിച്ചെടുത്ത 2.1 കോടി ഡോളർ വിലയുള്ള രത്നങ്ങൾ പതിപ്പിച്ച ചെറുകിരീടം എന്നിവയും സ്വർണത്തിന്റെ വലിയൊരു ശേഖരവുമടക്കം അവർ പെട്ടികളിലാക്കി കൂടെക്കൊണ്ടുപോയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1986: അതിരാവിലെ ഫിലിപ്പീന്‍സ് വിട്ട് യുഎസ് നിയന്ത്രണത്തിലുള്ള ഹവായിയിലേക്ക് പറക്കുമ്പോൾ ഫെർഡിനാൻഡ് ഇ. മർക്കോസും കുടുംബവും എല്ലാം മുൻകൂട്ടി കണ്ടിരുന്നു. പട്ടാള നിയമം നടപ്പാക്കി 21 വർഷം രാജ്യം ഭരിച്ച ശേഷം അധികാരത്തിൽ നിന്നിറങ്ങുന്നത് അതേ സൈന്യം എതിരാവുകയും ജനം കൂട്ടത്തോടെ തെരുവിലിറങ്ങുകയും ചെയ്തപ്പോഴാണ്. അന്ന് ഹവായിലെ ഹിക്കാം എയർഫോഴ്സ് ബേസിൽ ഇറങ്ങിയ ഇവരുടെ വിമാനത്തിനൊപ്പം രണ്ട് സി–141 ചരക്ക് വിമാനങ്ങളും ഉണ്ടായിരുന്നു. ആ വിമാനങ്ങളിലുണ്ടായിരുന്ന സാധനങ്ങളുടെ പട്ടിക അമേരിക്കൻ കസ്റ്റംസ് അധികൃതർ രേഖപ്പെടുത്തിയത് 23 പേജിലാണ്. 23 തടിപ്പെട്ടികൾ, 12 സ്യൂട്ട്കേസുകൾ, ബാഗുകൾ, മറ്റ് പെട്ടികൾ എന്നിവയൊക്കെയാണ് ഇതിൽ ഉണ്ടായിരുന്നത്. 67 റാക്കുകളിൽ കൊള്ളാവുന്ന തുണികൾ, 413 സ്വർണാഭരണങ്ങൾ, ആനക്കൊമ്പിൽ തീർത്ത ദൈവരൂപം, ‘എന്റെ പ്രിയപ്പെട്ട ഭർത്താവിന് നമ്മുടെ 24–ാം വിവാഹ വാർഷികത്തിനുള്ള സമ്മാനമെന്ന് കൊത്തി വച്ചിട്ടുള്ള സ്വർണശേഖരം, 2.7 കോടി മൂല്യം വരുന്ന പുതുതായി അച്ചടിച്ച ഫിലിപ്പീൻ പെസോ നോട്ടുകൾ, എല്ലാം ചേർത്ത് കോടിക്കണക്കിനു ഡോളറിന്റെ സാധനങ്ങൾ. എന്നാൽ മർക്കോസും ഭാര്യ ഇമെൽഡയും കുടുംബവും രാജ്യം കൊള്ളയടിച്ചുണ്ടാക്കിയ സ്വത്തുക്കൾ ഇതിന്റെ എത്രയോ മടങ്ങായിരുന്നു. ഒടുവിൽ സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ഒരു അന്വേഷണം കണ്ടെത്തിയത്, കുറഞ്ഞത് 1000 കോടി ഡോളർ സമ്പാദ്യമെങ്കിലും മർക്കോസ് കുടുംബം അഴിമതിയിലൂടെ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. ഈ പണം തിരികെ പിടിക്കുന്നതിന് നിയമിക്കപ്പെട്ട ഫിലിപ്പീൻസ് പ്രസിഡൻഷ്യൽ കമ്മിഷൻ ഓൺ ഗുഡ് ഗവേണൻസ് വർഷങ്ങൾക്ക് ശേഷം ഇന്നും കോടികൾ ചെലവിട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. മർക്കോസിന്റെ മകൻ ‘ബോങ്ബോങ്’ എന്നറിയപ്പെടുന്ന ഫെർഡിനാന്‍ഡ് മർക്കോസ് ജൂനിയർ ഇന്ന്, മേയ് 9നു, നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. വിവിധ അഭിപ്രായ വോട്ടെടുപ്പുകളിൽ മർക്കോസ് ജൂനിയറാണ് മുന്നിൽ. എന്തുകൊണ്ടാണ് ആ ഏകാധിപതിയെ ഇന്നും ഫിലിപ്പീൻസ് മറക്കാത്തത്? അയാളുടെ മകനെ പിന്തുണയ്ക്കുന്നത്? നാടിനെ കൊള്ളയടിച്ചിട്ടും ഇന്നും ഒപ്പം നിൽക്കുന്നത്?

മർക്കോസ് ജൂനിയറും ഡുടേർടെയുടെ മകളും

ADVERTISEMENT

മർക്കോസ് ജൂനിയർക്കൊപ്പം വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നത്, നിലവിലെ പ്രസിഡന്റും കർക്കശക്കാരനുമെന്നറിയപ്പെടുന്ന റോഡ്രിഗോ ഡുടേർടെയുടെ മകൾ സാറാ ഡുടേർടെ കാർപിയോയാണ്. അതുകൊണ്ടു തന്നെ മയക്കുമരുന്നിനെതിരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘കുരിശുയുദ്ധം’ പോലുള്ള വിവാദ നടപടികൾ പുതിയ സർക്കാരും തുടരാനാണ് സാധ്യത. അധികാരത്തിലേറിയതു മുതൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ആളുകളെ കൊന്നൊടുക്കുക എന്നതായിരുന്നു ഡുടേർടെയുടെ നയം. 2019 തുടക്കം വരെ 5100 പേരെ ഇത്തരത്തിൽ കൊന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ ഇത് 12,000 മുതൽ 20,000 വരെയാകാമെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. 

മർക്കോസ് ജൂനിയർ. ചിത്രം: AFP

ദവാഒയിൽ മേയറായിരുന്ന കാലത്ത് ഡുടേർട നടത്തിയ നടപടികളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കും അദ്ദേഹത്തെ എത്തിക്കുന്നത്. ഡുടേർട ദവാഒ ഭരിക്കുന്ന കാലത്ത് ഫിലിപ്പീൻസിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ മനുഷ്യാവകാശങ്ങളെ തരിമ്പും മാനിക്കാതെ നടത്തിയ കൂട്ടക്കൊലകളും വിവിധ രീതികളിലുള്ള ലഹരി വിരുദ്ധ അടിച്ചമർത്തലുകളുമായിരുന്നു ഇതിൽ പ്രധാനം. ക്രിമിനലുകളെയും തെരുവ് കുട്ടികളെയും കൊലപ്പെടുത്തുന്നതിന് ഡുടേർടയുടെ പ്രത്യേക ‘മരണസ്ക്വാഡ്’ തന്നെ പ്രവർത്തിച്ചിരുന്നു എന്ന ആരോപണമുണ്ടായിരുന്നു. പ്രസിഡന്റ് പദവിയിലും ഇതേ നയങ്ങൾ തന്നെയാണ് പിന്തുടർന്നത്. അതേ സമയം ഡുടേർടയുടെ ഈ പരിപാടികൾക്ക് ഭൂരിപക്ഷം വരുന്ന ഫിലിപ്പിനോകളുടെ പിന്തുണയുണ്ടെന്നാണ് വിവിധ സർവേകൾ തെളിയിച്ചത്.

എന്നാൽ തന്റെ ഭരണ കാലാവധിയുടെ അവസാന കാലമായപ്പോഴേക്കും ആളുകളെ കൊെന്നാടുക്കിയതു കൊണ്ടു മാത്രം മയക്കുമരുന്ന് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാകില്ല എന്ന് തനിക്ക് മനസ്സിലാകുന്നു എന്ന് ഡുടേർട പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റിന്റെ മകൾ സാറെ ഡുടേർടയെ കളത്തിലിറക്കിയതു മൂലം മർക്കോസ് ജൂനിയർക്ക് ഈ വിഭാഗത്തിന്റെ കൂടി പിന്തുണ ലഭിക്കുമെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ കോവിഡ് പ്രതിസന്ധി അങ്ങേയറ്റം മോശമായ രീതിയിൽ കൈകാര്യം ചെയ്ത ഡുടേർടയുടെ നടപടി രാജ്യത്തിന്റെ സമ്പദ്വ്യ‌വസ്ഥയെ താറുമാറാക്കി എന്നും ആരോപണങ്ങളുണ്ട്.

‘സുവർണകാലം’ പുനഃസൃഷ്ടിക്കൽ

ADVERTISEMENT

കൂടുതൽ തൊഴിലുകൾ, വിലക്കയറ്റം പിടിച്ചു നിർത്തൽ, കാർഷിക, അടിസ്ഥാന വികസന മേഖലകളിൽ കൂടുതൽ നിക്ഷേപം തുടങ്ങിയവയാണ് മർക്കോസ് ജൂനിയറുടെ വാഗ്ദാനങ്ങൾ. എന്നാൽ മർക്കോസ് കുടുംബത്തിന്റെ പ്രതിച്ഛായ പുതുക്കിപ്പണിയാൻ കഴിഞ്ഞ ഒരു ദശകമായി നടക്കുന്ന പിആർ പണികളുടെ ബാക്കിപത്രമെന്നോണമാണ് മർക്കോസ് ജൂനിയറുടെ പ്രസിഡന്റ് പദവിയിലേക്കുള്ള പോരാട്ടവും കണക്കാക്കപ്പെടുന്നത്. തന്റെ പിതാവിന്റെ ഭരണകാലം ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ സുവര്‍‍ണകാലമായിരുന്നു എന്നും അതിലേക്ക് ‘വീണ്ടും ഉയരുക’ എന്നതാണ് താൻ ലക്ഷ്യം വയ്ക്കുന്നത് എന്നുമാണ് മർക്കോസ് ജൂനിയർ പറയുന്നത്. 

മർക്കോസ് സീനിയർ, മകൻ മർക്കോസ് ജൂനിയർ, ഭാര്യ ഇമെൽഡ മർക്കോസ് എന്നിവർ പൊതുചടങ്ങിൽ പങ്കെടുക്കുന്നു. 1985ലെ ചിത്രം: AFP

അടുത്തിടെ സിഎൻഎൻ ഫിലിപ്പീൻസുമായി നടത്തിയ ഒരു അഭിമുഖത്തിൽ മർക്കോസ് ജൂനിയർ തന്റെ പിതാവിനെ വിശേഷിപ്പിച്ചത് ‘പൊളിറ്റിക്കൽ ജീനിയസ്’എന്നാണ്. മാതാവും നാലു തവണ എംപിയും ഫിലിപ്പീൻസ് രാഷ്ട്രീയത്തിലെ മറ്റൊരു വിവാദമുഖവുമായ ഇമെൽഡ മർക്കോസിനെ വിശേഷിപ്പിച്ചത് ‘സുപ്രീം പൊളിറ്റീഷ്യന്‍’ എന്നും. റോഡുകളും പാലങ്ങളും ആശുപത്രികളുമടങ്ങുന്ന അടിസ്ഥാന മേഖല വികസിച്ച ഉന്നതിയുടെ കാലമായിരുന്നു മർക്കോസ് സീനിയറുടേത് എന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇപ്പറഞ്ഞതൊക്കെ വെറും മിഥ്യകളാണെന്നും അഴിമതിയുടെ കൂത്തരങ്ങായിരുന്നു ഈ പദ്ധതിയെന്നുമാണ് വിമർശകർ പറയുന്നത്. അതിനൊപ്പമായിരുന്നു വൻതോതിൽ വിദേശവായ്പയെടുത്തതും കടം പെരുകിയതും. എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഉള്‍പ്പെടെയുള്ള ഏകാധിപത്യ ഭരണവും മർക്കോസ് സീനിയറുടെ സംഭാവനയാണ്.

സോഷ്യൽ മീഡിയയാണ് മർക്കോസ് ജൂനിയറിനെ പ്രസി‍ഡന്റ് പദവിയിലേക്ക് സാധ്യത കൽപ്പിക്കുന്ന വിധത്തിൽ മാറ്റിയെടുത്തുതെന്ന വാദവുമുണ്ട്. മർക്കോസ് സീനിയറിന്റെ ഭരണകാലത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ചുള്ള കഥകളാൽ സംപുഷ്ടമാണ് യുട്യൂബ് എന്നാണ് നിരീക്ഷകർ പറയുന്നത്. മർക്കോസിന്റെ കാലത്തെ പീഡനങ്ങൾ പോലും ന്യായീകരിക്കപ്പെടുകയും ‘നല്ല ഭരണ’ത്തിനായി ആവശ്യമുള്ള കാര്യങ്ങളായി അതൊക്കെ വാഴ്ത്തപ്പെടുകയും ചെയ്യുന്ന വിഡിയോകളാണ് യുട്യൂബിലൂടെയും ടിക്ടോക്കിലൂടെയും മറ്റും പുറത്തു വരുന്നത്.  

‘പിങ്ക് വിപ്ലവം’ നടത്താൻ ലെനി റോബ്രെഡോയ്ക്കാകുമോ?

ADVERTISEMENT

മനുഷ്യാവകാശ, സാമൂഹിക പ്രവർത്തക, അഭിഭാഷക, സാമ്പത്തിക വിദഗ്ധ, മൂന്നു പെൺകുട്ടികളുടെ അമ്മ തുടങ്ങിയവയൊക്കെയാണ് ലെനി റോബ്രെഡോ. മർക്കോസ് ജൂനിയറുടെ പ്രധാന എതിരാളി. മന്ത്രിയായിരുന്ന ഭർത്താവ് വിമാനപകടത്തിൽ മരിച്ചതോടെ രാഷ്ട്രീയത്തിലിറങ്ങിയ റോബ്രെഡോയെ രാജ്യത്തെ ജനാധിപത്യ ശബ്ദമായാണ് വിശേഷിപ്പിക്കാറ്. അതായത് മർക്കോസ് സീനിയറെ അധികാരത്തിൽ നിന്നിറക്കിയ 1986–ലെ വിപ്ലവത്തിന്റെ നിറം മഞ്ഞയായിരുന്നെങ്കില്‍ ഇന്ന് മര്‍ക്കോസ് ജൂനിയർ അധികാരത്തിലെത്താതിരിക്കാൻ ഫിലിപ്പീൻസിലെ ലിബറൽ സമൂഹം ഒന്നടങ്കം അണിനിരന്നിരിക്കുന്നത് റോബ്രെഡോയുടെ പിന്നിലാണ്. അവർ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും തൊപ്പികളും ധരിച്ച് മറ്റൊരു വിപ്ലവം നടത്താനുള്ള ശ്രമത്തിലാണ്. അവരുടെ വാഗ്ദാനങ്ങളാകട്ടെ, ഭരണത്തിൽ കൂടുതൽ സുതാര്യത കൊണ്ടു വരിക, വിദ്യാഭ്യാസ മേഖല പരിഷ്കരിക്കുക, ഡോക്ടർമാരുടെ സൗജന്യ സേവനം തുടങ്ങിയവയാണ്. ഇവരുടെ നേതൃത്വത്തിൽ ഒരു മുന്നേറ്റം അടിത്തട്ട് മുതൽ നടക്കുന്നുണ്ടെങ്കിലും മർക്കോസ് ജൂനിയർ തന്നെയാണ് അഭിപ്രായ സർവേകളിൽ മുന്നിൽ.

ലെനി റോബ്രെഡോ. ചിത്രം: CHAIDEER MAHYUDDIN / AFP

ഏറെക്കാലമായുള്ള എതിരാളികളാണ് റോബ്രെഡോയും മർക്കോസ് ജൂനിയറും. 2016–ലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റോബ്രെഡോ മർക്കോസ് ജൂനിയറെ തോൽപ്പിച്ചിരുന്നു. നിലവിലെ പ്രസി‍ഡന്റ് ഡുടെർടെയുടെ മന്ത്രിസഭയിൽ അംഗമായിരുന്നെങ്കിലും മന്ത്രിസഭാ യോഗങ്ങളിലേക്ക് ക്ഷണിക്കാതിരുന്നതോടെ രാജിവച്ച് പുറത്തു വന്ന് പ്രസിഡന്റിന്റെ കടുത്ത വിമർശകയായി അവർ മാറി. അതോടൊപ്പം മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഡുടെര്‍ടെ കൊണ്ടുവന്ന ‘കൊലപ്പെടുത്തി ഇല്ലാതാക്കൽ’ നയത്തിനെതിരെയും അവർ രംഗത്തു വന്നിരുന്നു. തുടർന്ന് പ്രസിഡന്റിന്റെ മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏൽപ്പിച്ചെങ്കിലും 18 ദിവസത്തിനുള്ളിൽ അവരെ പുറത്താക്കി. റോബ്രെഡോ വിജയിച്ചാൽ ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രസിഡന്റായിരിക്കും അവർ. അഭിഭാഷകനും സെനറ്ററുമായ ഫ്രാൻസിസ് പാങ്കിലിനാനാണ് റോബ്രെഡോയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഫിലിപ്പീന്‍സിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും വ്യത്യസ്തമായാണ് തിരഞ്ഞെടുക്കുന്നത്. 

മാന്നി പക്വിയാവോ

മുൻ ബോക്സിങ് താരമാണ് 43–കാരനായ മാന്നിയാണ് പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന മറ്റൊരാൾ. അഴിമതിക്കാരെ ജയിലിൽ അടയ്ക്കുമെന്നതാണ് പ്രധാന വാഗ്ദാനം.‍ ഡുടെർടെയുടെ ചൈനീസ് ആഭിമുഖ്യത്തിനും എതിരാണ് മാന്നി. ആരോഗ്യമേഖല നന്നാക്കിയെടുക്കുക, സാമ്പത്തിക രംഗം മെച്ചെപ്പെടുത്തുക, പാവപ്പെട്ടവർക്ക് വീട് അനുവദിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ള മാന്നി അഭിപ്രായ സർവെകളിൽ മൂന്നാം സ്ഥാനത്താണ്. 

ഫ്രാൻസിസ്കോ ‘ഇസ്കോ മൊറീനോ’ ഡൊമാഗോസോ

മുൻ ചലച്ചിത്ര താരവും മനില മേയറുമാണ് 47–കാരനായ ഡൊമാഗോസോ. ദക്ഷിണ ചൈന കടലിൽ ചൈന നടത്തുന്ന ‘കടന്നുകയറ്റ’ത്തെ തീവ്രമായി എതിർക്കുന്നു. വീട്, തൊഴിൽ, ആരോഗ്യം, അടിസ്ഥാന വികസനം എന്നിവയാണ് അജണ്ടകൾ.

പാൻഫിലോ ലാക്സൺ

73-കാരനായ മുൻ പോലീസ് ചീഫും സെനറ്റുമായ ലാക്സൺ 2004 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇത്തവണ അഭിപ്രായ വോട്ടെടുപ്പുകളിൽ ഏറ്റവും പുറകിലുമാണ്. 

ഫിലിപ്പീൻസ് മറക്കാനാഗ്രഹിക്കുന്ന രണ്ടു പതിറ്റാണ്ടുകൾ

മർക്കോസ് സീനിയറിന്റെ ഭരണകാലത്ത് ഔദ്യോഗികമായി ഒൻപതു വർഷമാണ് പട്ടാള നിയമം ഏർപ്പെടുത്തിയിരുന്നതെങ്കിലും അത് കടലാസിൽ മാത്രമായിരുന്നു. മർക്കോസ് അധികാരഭൃഷ്ടനായി രാജ്യം വിടുന്ന 1986 വരെ പട്ടാള നിയമം തന്നെയായിരുന്നു പ്രാബല്യത്തിൽ. 1965 ൽ പ്രസിഡന്റായി അധികാരത്തിൽ വന്നെങ്കിലും രണ്ടു തവണയിൽ കൂടുതൽ ഈ പദവി വഹിക്കാൻ പാടില്ലെന്ന നിയമം ഉള്ളതിനാൽ 1972ലാണ് മർക്കോസ് രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിക്കുന്നത്. പിന്നീട് അടിച്ചമർത്തലുകളുടെ കാലമായിരുന്നു. 1981ൽ പട്ടാള നിയമം പിൻവലിച്ചുകൊണ്ട് ഉത്തരവ് വന്നെങ്കിലും അത് കടലാസിൽ മാത്രമായിരുന്നു. ചുരുക്കത്തിൽ മർക്കോസ് അധികാരത്തിലുണ്ടായിരുന്ന 21 വർഷം ഫിലിപ്പീൻസ് കടന്നുപോയത് സ്വേച്ഛാധിപത്യത്തിലൂടെയായിരുന്നു എന്നു പറയാം. 

മർക്കോസ് സീനിയർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുക്കുന്നു. ഭാര്യ ഇമെൽഡ മർക്കോസ് സമീപം. 1986 ലെ ചിത്രം: AFP

സർക്കാരിനെ വിമർശിക്കുന്നവരൊക്കെ തുറുങ്കിലടയ്ക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത ഭരണകാലമായിരുന്നു അത്. മർക്കോസിന്റെ ഭരണവും പട്ടാള നിയമവും തിരിച്ചു വരുന്നതിനെതിരെ പോരാടുന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ സിഎൻഎന്നിനോട് പറയുന്നത് തങ്ങളും കൂടെയുള്ളവരുമൊക്കെ നേരിട്ട ക്രൂരതകളാണ്. തന്നെ വിവസ്ത്രനാക്കിയ ശേഷം ലിംഗത്തിലൂടെ തടിക്കഷ്ണം കയറ്റി എന്നാണ് കാംപെയ്ൻ എഗനസ്റ്റ് ദി റിട്ടേൺ ഓഫ് ദി മർക്കോസസ് ആൻഡ് മാർഷ്യൽ ലോ എന്ന സംഘടനയുടെ കോ–കൺവീനർ ബോണിഫെഷ്യോ ഇലാഗൻ പറയുന്നത്. സർക്കാരിന്റെ വിമർശകരായിരുന്ന അദ്ദേഹത്തിന്റെ സഹോദരിയെയും കൂടെ ഒൻപതു പേരെയും സൈന്യത്തിന്റെ പ്രത്യേക ഇന്റലിജൻസ് യൂണിറ്റ് പിടിച്ചുകൊണ്ടു പോയത് 1970കളുടെ മധ്യത്തിലാണ്. ഇന്നുവരെ സഹോദരിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇപ്പോൾ 70 വയസുള്ള ഇലാഗൻ പറയുന്നു.

‘അവരൊരിക്കലും മനുഷ്യാവകാശങ്ങള്‍ പരിഗണിച്ചില്ല. ഞങ്ങളുടെ ജീവിതത്തിനും മരണത്തിനുമൊക്കെ അധികാരികൾ തങ്ങളാണ് എന്ന വിധത്തിലാണ് സൈന്യം പെരുമാറിയത്. കാരണം അവരെ പിന്തുണയ്ക്കുന്നത് പ്രസി‍ഡന്റ് നേരിട്ടാണ്’- മർക്കോസ് സീനിയറുടെ കാലത്ത് ക്രൂരതകൾ നേരിട്ടവർ പറയുന്നു. മർക്കോസിന്റെ ഭരണകാലത്ത് 3257 എക്സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങൾ, 35,000 പീഡനങ്ങൾ, 77 പേരെ കാണാതാകൽ, 70,000 പേരെ തടവിലാക്കൽ തുടങ്ങിയവയാണ് വിവിധ സംഘടനകൾ കണക്കാക്കിയിട്ടുള്ളത്.

ഇമെൽഡ മർക്കോസ് എന്ന ആഡംബരങ്ങളുടെ രാജ്‍ഞി

തന്റെ 23–ാം വയസിൽ തന്നെ മർക്കോസ് ജൂനിയർ പൊതുപ്രവർത്തനം ആരംഭിച്ചിരുന്നു. രാജ്യത്തെ വടക്കൻ പ്രവിശ്യകളിലൊന്നിന്റെ ഗവർണറായാണ് 1980 ൽ അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. 1986ലാണ് ജനരോഷം ആളിക്കത്തിയതിനെത്തുടര്‍ന്ന് മർക്കോസിനും കുടുംബത്തിനും ഹവായിയിലേക്ക് രക്ഷപെടേണ്ടി വന്നത്. അന്ന് 29 വയസായിരുന്നു മർക്കോസ് ജൂനിയറിന്. ഹവായിയിലെത്തി മൂന്നു വർഷം കഴിഞ്ഞപ്പോൾ മർക്കോസ് സീനിയർ അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ കുടുംബം 1991 ൽ ഫിലിപ്പീൻസിലേക്ക് തിരിച്ചെത്തി. അവർ‌ ധനികരും ശക്തരായ രാഷ്ട്രീയക്കാരുമായി. കുടുംബക്കാരൊക്കെ എപ്പോഴും അധികാരത്തിലുണ്ടെന്ന് ഉറപ്പു വരുത്തി. 

ഇമെൽഡ മർക്കോസ്. ചിത്രം: AFP

അഴിമതിയുടെ കൂത്തരങ്ങായിരുന്നു മർക്കോസ് സീനിയറിന്റെ ഭരണകാലം. രാജ്യം കടക്കെണിയിൽ നട്ടം തിരിയുകയും ജനങ്ങൾ പട്ടിണി കിടക്കുകയും ചെയ്തപ്പോഴും അങ്ങേയറ്റം ആഡംബരം നിറഞ്ഞ ജീവിതവും വിദേശത്തു വാങ്ങിക്കൂട്ടിയ ആസ്തികളുമൊക്കെയായി ഏറെ വിവാദപരമായിരുന്നു മര്‍ക്കോസ് സീനിയറുടെ ഭരണകാലം. മർക്കോസ് സീനിയറുടെ ഭാര്യയും രാജ്യത്തെ പ്രഥമ വനിതയുമായിരുന്ന ഇമൽഡ മർക്കോസിന്റെ ജീവിതം അവിശ്വസനീയ കഥകളാൽ സമ്പന്നമാണ്. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു അവരെന്നായിരുന്നു അക്കാലത്തെ റിപ്പോർട്ടുകൾ. ഡിസൈനർ ചെരിപ്പുകളുടെ വൻ ശേഖരം തന്നെ ഇമൽഡയ്ക്കുണ്ടായിരുന്നു. അധികാരം നഷ്ടപ്പെട്ട് ഹവായിയിലേക്ക് രക്ഷപ്പെടുമ്പോൾ 1000 ജോടി ചെരിപ്പുകളും 800 പഴ്സുകളും ഉപേക്ഷിച്ചാണ് അവർ പോയത്. 

25 കാരറ്റിന്റെ അപൂർവ പിങ്ക് ഡയമണ്ട്, പിന്നീട് അമേരിക്കൻ കസ്റ്റംസ് പിടിച്ചെടുത്ത 2.1 കോടി ഡോളർ വിലയുള്ള രത്നങ്ങൾ പതിപ്പിച്ച ചെറുകിരീടം എന്നിവയും സ്വർണത്തിന്റെ വലിയൊരു ശേഖരവുമടക്കം അവർ പെട്ടികളിലാക്കി കൂടെക്കൊണ്ടുപോയിരുന്നു. മർക്കോസ് കുടുംബം അധികാരത്തിൽ നിന്ന് താഴെപ്പോയിട്ട് 40 വർഷത്തോളമായെങ്കിലും ഇവർ വിദേശത്തേക്ക് കടത്തിയ കോടികൾ തിരികെ പിടിക്കാൻ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഫിലിപ്പീൻസ് സർക്കാർ. ഇവരുടെ കുടുംബവും അനുയ‌ായികളും ചേർന്ന് അനധികൃതമായി തട്ടിയെടുത്ത സമ്പത്ത് പിടിച്ചെടുക്കുന്നതിന് നിയോഗിക്കപ്പെട്ട പ്രസിഡൻഷ്യൽ കമ്മീഷൻ ഓൺ ഗുഡ് ഗവേണൻസ് (പിസിജിജി) കണക്കാക്കിയിരിക്കുന്നത് ഇവർ രാജ്യത്തു നിന്നും 1000 കോടി ഡോളറിലധികമാണ് തട്ടിയെടുത്തിരിക്കുന്നത് എന്നാണ്. ഇതുവരെ 300 കോടി ഡോളറിന്റെ സമ്പത്ത് തിരികെപ്പിടിച്ചു. നിരവധി കേസുകൾ ഇതൊക്കെ ബന്ധപ്പെട്ട് നടക്കുന്നു. എന്നാൽ വ്യക്തിഗത കാര്യങ്ങൾക്കായി രാജ്യത്തിന്റെ സമ്പത്ത് ഉപയോഗിച്ചിട്ടില്ല എന്നാണ് ഇവർ അവകാശപ്പെടുന്നത്. 

സ്വന്തം കുടുംബത്തിന്റെ തട്ടിപ്പ് 

കുടുംബാധിപത്യവും വരേണ്യവർഗാധിപത്യവും രാഷ്ട്രീയാധികാരം കയ്യാളുന്ന രാജ്യം കൂടിയാണ് ഫിലിപ്പീൻസ്. അതുകൊണ്ടു തന്നെ 1986 ലെ ‘ജനാധികാര വിപ്ലവം’ കാര്യമായ മാറ്റമൊന്നും ഫിലിപ്പീൻസ് സമൂഹത്തിലുണ്ടാക്കിയിട്ടില്ല എന്നാണ് നിരീക്ഷകർ പറയുന്നത്. മർക്കോസിന്റേതു പോലെ വലിയൊരു കുപ്രസിദ്ധ കുടുംബം അല്ലെങ്കിൽ ലിബറലുകളായ ഒരു കൂട്ടം വരേണ്യർ– ഇവരാണ് എല്ലായ്പ്പോഴും ഫിലിപ്പീന്‍സിന്റെ അധികാരം നിയന്ത്രിക്കുന്നത്. ഇത്തവണയും ഇക്കാര്യത്തിന് മാറ്റമില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

ഫിലിപ്പീൻസ് തിരഞ്ഞെടുപ്പ് റാലിയിൽ മർക്കോസ് ജൂനിയറിന് അഭിവാദ്യമർപ്പിക്കുന്ന ജനക്കൂട്ടം.ചിത്രം: JAM STA ROSA / AFP

ഫിലിപ്പീൻസുകാരെ ഒരുമിപ്പിക്കുകയും രാജ്യത്തിന്റെ കെട്ടുറപ്പ് നിലനിർത്തുകയും ചെയ്യുന്നതിനൊപ്പം വികസനം കൊണ്ടുവരിക എന്നതാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പിന്തുണ മർക്കോസ് ജൂനിയറിനാണ് താനും. എന്താണ് മർക്കോസ് ജൂനിയറിൽ നിന്ന് പ്രതീക്ഷിക്കുക എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ നിർണായകമാക്കുന്നത്. കാരണം മർക്കോസ് സീനിയറിന്റെ ഭരണമുണ്ടാക്കിയ മുറിവുകൾ ഏറ്റുവാങ്ങിയ വലിയൊരു കൂട്ടം ജനങ്ങൾ അവിടെയുണ്ട്. ഈ അതിക്രമങ്ങളെക്കുറിച്ചൊക്കെ അന്വേഷിക്കുന്ന വിവിധ ഏജൻസികളും സമിതികളുമൊക്കെ പുതിയ പ്രസിഡന്റിന്റെ കീഴിലാണ് വരിക. മർക്കോസ് ജ‌ൂനിയർ വിജയിച്ചാൽ ഇതിന്റെയൊക്കെ ഭാവി എന്താകുമെന്ന ആശങ്കയും നിലവിലുണ്ട്. തന്റെ കുടുംബത്തിന്റെ തട്ടിപ്പുകളെക്കുറിച്ചന്വേഷിക്കാൻ നിയോഗിച്ച സമിതി കൂടുതൽ ‘ശക്തമാക്കു’മെന്നാണ് മർക്കോസ് ജൂനിയർ പറയുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മാതൃക കാട്ടുമെന്നും പിസിജിജിയുടെ അന്വേഷണ പരിധിയിൽ തന്റെ കുടുംബം മാത്രമല്ല, മറ്റുള്ളവരെയും ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. 

ഇമെൽഡ മർക്കോസിന് ഇപ്പോൾ 92 വയസായി. രാജ്യത്തു നിന്ന് തട്ടിയെടുത്ത സ്വത്ത് താൻ മനില ഗവർണറായിരുന്നപ്പോൾ രൂപീകരിച്ച സ്വിസ് ഫൗണ്ടേഷനിൽ നിക്ഷേപിച്ച കേസിൽ അവർ കുറ്റക്കാരിയാണെന്ന് 2018ൽ കോടതി വിധിച്ചിരുന്നു. എന്നാൽ ഇമെൽഡ ജയിലിൽ പോവുകയോ സുപ്രീം കോടതിയിലുള്ള അപ്പീലിൽ തീരുമാനമുണ്ടാവുകയോ ചെയ്തിട്ടില്ല. 

ഒരു കുഴിമാടവും ഒരു സ്മാരകവും 

ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയ്ക്ക് സമീപമുള്ള ക്യൂസോൺ എന്ന നഗരത്തിൽ നൂറുകണക്കിന് മനുഷ്യരുടെ പേരുകൾ കൊത്തിയ ഒരു സ്മാരകമുണ്ട്, ബന്തായോഗ് ഇങ് മ്ങ ബയാനി (വീരന്മാരുടെ സ്മാരകം) എന്ന പേരിൽ. മർക്കോസ് സീനിയറുടെ ഭരണകാലത്ത് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തവരുടെ പേരുകളാണത്. മർക്കോസ് കുടുംബത്തോടൊപ്പം നാടുവിടുകയും ഏകാധിപത്യം അവസാനിക്കുകയും ചെയ്ത ശേഷം പട്ടാള നിയമത്തിന്റെ ഇരകൾ ചേർന്നാണ് ഇവിടെ ഈ സ്മാരകം നിർമിക്കുന്നത്. കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്തവർക്ക് പുറമെ മർക്കോസ് ഭരണകാലത്തും അതിനു ശേഷം വിവിധ ചെറുത്തു നിൽപ്പുകൾ നടത്തിയ മനുഷ്യാവകാശ പ്രവർത്തകരുടെയും അഭിഭാഷകരുടെയും മറ്റും പേരുകളും പിന്നീട് ഇവിടെ കൊത്തി വയ്ക്കുന്നുണ്ട്. 

ബന്തായോഗ് ഇങ് മ്ങ ബയാനി. കടപ്പാട്: www.bantayog.com

ഇതുപോലുള്ള മറ്റൊരിടമാണ് ലിബിങ്ങാൻ ങ് മ്ങ ബയാനി (വീരന്മാർക്കുള്ള കുഴിമാടം). മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാർക്കുള്ള സ്മാരകമായിരുന്നു ഇതെങ്കിൽ പിന്നീട് ഫിലിപ്പീന്‍സിലെ പ്രസിഡന്റുമാരും ദേശീയ ഹീറോകളും പൗരപ്രമുഖരുമൊക്കെ മരിക്കുമ്പോൾ അവരെ അടക്കം ചെയ്യുന്ന സ്ഥലമായി അത് മാറി.  മർക്കോസിന്റെ ‘സത്‍ഭരണ’ത്തെക്കുറിച്ചുള്ള കഥകൾ പ്രചരിപ്പിക്കുന്നതിനൊപ്പമായിരുന്നു അദ്ദേഹത്തെ ‘ദേശീയ ഹീറോ’ പദവിയിലേക്ക് ഉയർത്താനുള്ള പ്രചരണങ്ങളും. ഇതിന്റെ ഭാഗമായിരുന്നു അമേരിക്കൻ അധീനതയിലുള്ള ഹവായിലേക്ക് രക്ഷപെടുകയും 1989 ൽ അവിടെ വച്ച് മരിക്കുകയും ചെയ്ത മർക്കോസിന്റെ ശരീരം ഫിലിപ്പീൻസിൽ കൊണ്ടുവന്ന് അടക്കം ചെയ്യാനുള്ള ശ്രമം. ഇക്കാര്യത്തിൽ ഫിലിപ്പീൻസ് ജനത രണ്ടായി തിരി‍ഞ്ഞു. 

തങ്ങൾ ഭരിക്കുന്ന കാലത്ത് മർക്കോസിനെ ലിബിങ്ങാൻ ങ് മ്ങ ബയാനിയിൽ  അടക്കുന്നതിനെ എതിർത്തിരുന്നവരാണ് മുൻ പ്രസി‍ഡന്റുമാരായ കൊറാസോൺ അക്വീനോയും ഫിഡൽ വി റാമോസും. മറ്റൊരു പ്രസിഡന്റായിരുന്ന ജോസഫ് എസ്ട്രാഡ മർക്കോസിനെ ഫിലിപ്പീൻസിലേക്ക് കൊണ്ടുവന്ന് അടക്കം ചെയ്യുന്നതിന് അനുകൂലമായിരുന്നെങ്കിലും പിന്നീടിതിൽ നിന്ന് പിന്മാറി. എതിർപ്പു തന്നെയായിരുന്നു മറ്റൊരു പ്രസ‍ിഡന്റ് ബെനിങ്നോ അക്വീനോ മൂന്നാമനും. ഒടുവിൽ മർക്കോസിന്റെ മൃതശരീരം കൊണ്ടുവന്ന് അടക്കം െചയ്യുമെന്നും അത് മുറിവുകൾ ഉണക്കാൻ സഹായിക്കുമെന്നും പ്രചരണത്തിലടക്കം റോഡ്രിഗോ ഡുടേട്രേ വ്യക്തമാക്കിയിരുന്നു. ഒടുവിൽ സുപ്രീം കോടതിയുടെ കൂടി അനുമതിയോടെ 2016 നവംബർ 18 ന് ഒരു സ്വകാര്യ ചടങ്ങായി, എന്നാൽ എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയും, മർക്കോസിന്റെ മൃതദേഹം ലിബിങാനിൽ വീണ്ടും സംസ്കരിച്ച് ആദരിച്ചു. ഈ വിവരം പുറത്തു വന്നതോടെ രാജ്യത്ത് വലിയ തോതിൽ പ്രക്ഷോഭവും നടന്നു. അതിനു ശേഷമുള്ള തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. 

English Summary: Philippines Presidential Election today - Who is Ferdinand Marcos and why is he in news?