ചതി, ദാരിദ്ര്യം.. ദേഹം വില്ക്കേണ്ടി വന്നവരുടെ ചുവന്ന തെരുവ്, വിഐപി 'വൈറ്റ് ലൈൻ'
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചതിയിലൂടെയും ഭീഷണിപ്പെടുത്തിയും കടത്തിക്കൊണ്ടുവരുന്ന ഒട്ടനേകം പെൺകുട്ടികളും സ്ത്രീകളുമാണ് കാമാത്തിപുരയുടെ ഇടുങ്ങിയ മുറികളിൽ ജീവിതം തള്ളി നീക്കുന്നത്. ബംഗ്ലദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കടത്തിക്കൊണ്ടു വന്നവരും ഇത്തരം വേശ്യാലയങ്ങളിൽ കഴിയുന്നു. ഒരിക്കൽ അകപ്പെട്ടു കഴിഞ്ഞാൽ പുറംലോകം കാണാൻ പോലും കഴിയാതെ ബന്ദിയാക്കപ്പെടുന്നതിനാൽ..
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചതിയിലൂടെയും ഭീഷണിപ്പെടുത്തിയും കടത്തിക്കൊണ്ടുവരുന്ന ഒട്ടനേകം പെൺകുട്ടികളും സ്ത്രീകളുമാണ് കാമാത്തിപുരയുടെ ഇടുങ്ങിയ മുറികളിൽ ജീവിതം തള്ളി നീക്കുന്നത്. ബംഗ്ലദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കടത്തിക്കൊണ്ടു വന്നവരും ഇത്തരം വേശ്യാലയങ്ങളിൽ കഴിയുന്നു. ഒരിക്കൽ അകപ്പെട്ടു കഴിഞ്ഞാൽ പുറംലോകം കാണാൻ പോലും കഴിയാതെ ബന്ദിയാക്കപ്പെടുന്നതിനാൽ..
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചതിയിലൂടെയും ഭീഷണിപ്പെടുത്തിയും കടത്തിക്കൊണ്ടുവരുന്ന ഒട്ടനേകം പെൺകുട്ടികളും സ്ത്രീകളുമാണ് കാമാത്തിപുരയുടെ ഇടുങ്ങിയ മുറികളിൽ ജീവിതം തള്ളി നീക്കുന്നത്. ബംഗ്ലദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കടത്തിക്കൊണ്ടു വന്നവരും ഇത്തരം വേശ്യാലയങ്ങളിൽ കഴിയുന്നു. ഒരിക്കൽ അകപ്പെട്ടു കഴിഞ്ഞാൽ പുറംലോകം കാണാൻ പോലും കഴിയാതെ ബന്ദിയാക്കപ്പെടുന്നതിനാൽ..
മഹാരാഷ്ട്രയിലെ കാമാത്തിപുര, കൊൽക്കത്തയിലെ സോനാഗച്ചി - ഇന്നും ഈ സ്ഥലങ്ങളുടെ പേരു കേൾക്കുമ്പോൾ ആളുകളുടെ നെറ്റി ചുളിയും. ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവെന്ന കുപ്രസിദ്ധി നേടിയ സോനാഗച്ചി. രണ്ടാമത്തെ വലിയ ചുവന്ന തെരുവെന്ന് അറിയപ്പെടുന്ന കാമാത്തിപുര. ബോംബെ കഥകളിലെ അധോലോകത്തിന്റെയും ലഹരി മാഫിയയുടെയുമൊക്കെ വിഹാരകേന്ദ്രങ്ങളായും കാമാത്തിപുര ജനങ്ങളിൽ ഭീതി നിറച്ചു. എന്നാൽ അടുത്തിടെ കാമാത്തിപുരയും അവിടെയുള്ള ജീവിതങ്ങളും വാർത്തകളിലും സാമൂഹമാധ്യമങ്ങളിലും വീണ്ടും ചർച്ചയായി. സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുബായ് കത്തിയവാഡി’ എന്ന ബോളിവുഡ് സിനിമ കാമാത്തിപുരയെ വീണ്ടും ‘ലൈംലൈറ്റിൽ’ കൊണ്ടു നിർത്തുകയായിരുന്നു. സിനിമയിൽ മാഫിയ ക്വീൻ ആയി വേഷമിട്ട ആലിയ ഭട്ടിന്റെ കഥാപാത്രവും യഥാർഥ ഗംഗുബായ്‌യുടെ ചരിത്രവും ബോംബെ ഹൈക്കോടതി വരെ എത്തി. കഴിഞ്ഞ ഫെബ്രുവരി 22ന് കാമാത്തിപുരയിലുള്ള അൻപത്തിയഞ്ചോളം സ്ത്രീകൾ ബോംബെ ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തു. സിനിമയിൽ നിന്നു കാമാത്തിപുരയുടെ പേരു മാറ്റണം. സിനിമ കാമാത്തിപുരയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ളതാണെന്നുമായിരുന്നു ഹർജി. എന്നാൽ ഹർജിയെല്ലാം കോടതി തള്ളുകയായിരുന്നു. സിനിമയിൽ പറയുന്നതു പോലെത്തന്നെയാണോ കാമാത്തിപുരയിലെ ജീവിതം? അവിടത്തെ മനുഷ്യരുടെ ജീവിതം എങ്ങനെയാണ്? എന്താണ് കാമാത്തിപുരയുടെ ചരിത്രം?
കാമാത്തികളുടെ സ്വന്തം ഗലി
കാമാത്തിപുരയെന്നാൽ ലൈംഗികത്തൊഴിലാളികളും ഇടുങ്ങിയ വഴികളും നിറഞ്ഞ തെരുവുകളാകും ഒരു പക്ഷേ ആളുകളുടെ മനസ്സിൽ വരുന്ന ചിത്രം. എന്നാൽ കാമാത്തിപുരയെന്ന തെരുവിന്റെ ചരിത്രം ചികഞ്ഞാൽ മറ്റൊരു കഥയാണ് തെളിഞ്ഞു വരിക. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് കഷ്ടിച്ച് 2 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന കാമാത്തിപുര 1795നു ശേഷമാണ് ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായി രൂപാന്തരം പ്രാപിക്കുന്നത്. അന്നത്തെ ബോംബെ നഗരത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി എത്തിച്ച തൊഴിലാളികളിൽ കൂടുതൽപേരും രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നായിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെ അന്ന് താമസിപ്പിച്ചിരുന്നത് കാമാത്തിപുരയിലായിരുന്നു. അങ്ങനെ അതു വരെ ലാൽ ബസാർ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്ത് ജോലിക്കായെത്തുന്ന ‘കാമാത്തികൾ’ താമസമാക്കിയതോടെ പുതിയ പേരും ചാർത്തപ്പെട്ടു. ക്രമേണ വ്യാപാര സ്ഥാപനങ്ങളും ആളുകളും കൂടിയതോടെ തെരുവും വളർന്നു.
എന്നാൽ 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയും സ്ത്രീകളെയും തെരുവിലേക്കു കടത്തി കൊണ്ടുവരാൻ തുടങ്ങിയതോടെ കാമാത്തിപുരയുടെ ചിത്രവും മാറിത്തുടങ്ങി. അതോടൊപ്പം സാമൂഹികപരമായ വേർതിരിവുകളും ഉരുത്തിരിഞ്ഞു വന്നു. മുംബൈയിലെ ഇന്നത്തെ ശുക്ലാജി സ്ട്രീറ്റ് ബ്രിട്ടിഷ് ഭരണകാലത്ത് വിദേശ സ്ത്രീകളായ ലൈംഗികത്തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന പ്രദേശമായിരുന്നു. പ്രതാപികളും പണക്കാരായവരും മാത്രം വരുന്ന ഈ തെരുവ് ‘വൈറ്റ് ലൈൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിഐപി ഏരിയയായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് ചതിയിൽപ്പെട്ടും ദാരിദ്യം കൊണ്ടും എത്തിപ്പെടുന്ന ഇവർക്ക് ശിഷ്ടജീവിതം കാമാത്തിപുരയിൽ കഴിച്ചു കൂട്ടേണ്ടി വരുന്നു.
ചതിയും പണവും വാഴുന്ന തെരുവുകൾ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചതിയിലൂടെയും ഭീഷണിപ്പെടുത്തിയും കടത്തിക്കൊണ്ടുവരുന്ന ഒട്ടനേകം പെൺകുട്ടികളും സ്ത്രീകളുമാണ് കാമാത്തിപുരയുടെ ഇടുങ്ങിയ മുറികളിൽ ജീവിതം തള്ളി നീക്കുന്നത്. ബംഗ്ലദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കടത്തിക്കൊണ്ടു വന്നവരും ഇത്തരം വേശ്യാലയങ്ങളിൽ കഴിയുന്നു. ഒരിക്കൽ അകപ്പെട്ടു കഴിഞ്ഞാൽ പുറംലോകം കാണാൻ പോലും കഴിയാതെ ബന്ദിയാക്കപ്പെടുന്നതിനാൽ പലരും പതിയെ സാഹചര്യവുമായി വഴങ്ങിപ്പോകുന്നു. ദാരിദ്ര്യവും ഉറ്റവർ പോലുമില്ലാത്ത പ്രതീക്ഷയറ്റ ജീവിതവും ഇവരെ മരണം വരെ കാമാത്തിപുരയിൽ തളച്ചിടുന്നു. ഇവരിൽ പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾ വരെ ഉൾപ്പെടുന്നു.
ബോംബെ അധോലോകം ഭരിച്ചിരുന്നവരുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നും അവരുടെ ചെറിയ സാമ്രാജ്യങ്ങളുമായിരുന്നു കാമാത്തിപുര. മുംബൈ കോർപറേഷന്റെ കണക്കനുസരിച്ച് 1992ൽ അൻപതിനായിരത്തിലധികം ലൈംഗികത്തൊഴിലാളികളുണ്ടായിരുന്ന കാമാത്തിപുരയിൽ ഇന്ന് രണ്ടായിരത്തിലും താഴെയാണ് ഇവരുടെ എണ്ണം. ഒട്ടേറെ ലൈംഗികത്തൊഴിലാളികൾ മറ്റു തൊഴിലുകൾ തേടി പോയി. അനേകം പേർ കാമാത്തിപുരയിൽ നിന്നു താമസം മാറി ഫാക‌്‌ലാൻഡ് റോഡ്, താനെ, തുർബെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തങ്ങളുടെ തൊഴിലിടങ്ങൾ മാറ്റി. വേശ്യാലയങ്ങളും ഗണ്യമായി കുറഞ്ഞു. 2016ൽ ഒരു എൻജിഒ നടത്തിയ പഠനം അവ സാധൂകരിക്കുന്നു. 410 മുതൽ 464ഓളം വേശ്യാലയങ്ങളുണ്ടായിരുന്ന ഫാക്‌ലാൻഡ് റോഡിൽ ഇന്ന് 300–400 എണ്ണം എന്നതിലേക്കു ചുരുങ്ങി. അതേസമയം മറ്റു ചില സ്ഥലങ്ങളിൽ ഇവയിൽ നേരിയ വർധനവും ഉണ്ടാകുന്നു. പതിനാലോളം ലൈനുകളുള്ള കാമാത്തിപുരയിൽ ഇന്ന് മൂന്നോ നാലോ തെരുവുകളിൽ മാത്രമേ ലൈംഗികത്തൊഴിലാളികൾ ബാക്കിയുള്ളൂ.
എയ്ഡ്സിനൊപ്പം ഇടുങ്ങിയ മുറികളിൽ നീറുന്ന ജന്മങ്ങൾ
നൂറു വർഷത്തോളം പഴക്കമുള്ള വൃത്തിഹീനമായ ഇടുങ്ങിയ മുറികളിലാണ് പത്തും ഇരുപതും സ്ത്രീകളും അവരുടെ കുട്ടികളും കഴിയുന്നത്. 150–250 ചതുരശ്രയടി മാത്രമുള്ള ചെറിയ മുറിക്ക് പലർക്കും നൽകേണ്ടിവരുന്ന മാസവാടക 5000 മുതൽ 12,000 രൂപ വരെയാണ്. ലൈംഗികത്തൊഴിലാണ് ചെയ്യുന്നതെങ്കിലും പലരുടെയും കൂടെ സ്വന്തം അമ്മയും മക്കളുമൊക്കെയുണ്ട്. മക്കളുടെ പഠനച്ചെലവും കൂടെയുള്ളവരുടെ പരിചരണം, റൂം വാടക തുടങ്ങിയവയെല്ലാം ഇവരുടെ തുച്ഛമായ വരുമാനത്തിൽ നിന്നു വേണം ചെലവഴിക്കാൻ. കാമാത്തിപുരയിൽ ഒരു ദിവസം ശരാശരി 500 മുതൽ 1500 രൂപ വരെ സമ്പാദിക്കുന്നവരും അതിൽ കുറവ് സമ്പാദിക്കുന്നവരുമുണ്ട്. എയ്ഡ്സ് കൺഡ്രോൾ ഓർഗനൈസേഷന്റെ 2020ലെ കണക്കനുസരിച്ചു രാജ്യത്ത് എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതൽ മഹാഷ്ട്രയിലാണ്. 2019ൽ മാത്രം 8.54 ലക്ഷം എയ്ഡ്സ് രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വൃത്തിഹീനവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള ലൈംഗിക ബന്ധമാണ്.
കാമാത്തിപുരയിലെ വേശ്യാവൃത്തിക്ക് അറുതി വരുത്താനുള്ള ശ്രമങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. പതിനാലോളം തെരുവുകളായി ചിതറിക്കിടക്കുന്ന കാമാത്തിപുര നിലവിൽ ചെറുകിട സംരംഭങ്ങളുടെയും വിവിധ നിർമാണ ശാലകളുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടായിരത്തിന്റെ തുടക്കം മുതൽ റിയൽ എസ്റ്റേറ്റ് ഭീമൻമാരുടെ ഇടപെടൽ തകൃതിയായതോടെ വേശ്യാലയങ്ങൾ പലതും നിർമാണശാലകളായി മാറി. ഒട്ടേറെ കെട്ടിടങ്ങൾ ഒരുമിച്ചു വാങ്ങി വിവിധ കമ്പനികൾക്കു വാടകയ്ക്കു നൽകുന്നതാണ് രീതി. ബാഗ് നിർമാണം, ബീഡി, കളിപ്പാട്ടങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള സംരംഭങ്ങളുടെ കേന്ദ്രങ്ങളാണ് കാമാത്തിപുരയുടെ തെരുവുകളിൽ ഇന്ന് സ്ഥാനം പിടിക്കുന്നത്. കാമാത്തിപുരയിലെ ദ്രവിച്ച കെട്ടിടങ്ങൾ പൊളിച്ചു നവീകരിച്ച് ആധുനിക കെട്ടിടങ്ങളാക്കാൻ സംസ്ഥാന സർക്കാർ പലതവണ ശ്രമം നടത്തിയതാണ്. അവിടുത്തെ താമസക്കാർക്കു തന്നെ നവീകരണത്തിനായി ഏതെങ്കിലും നിർമാണക്കമ്പനികൾക്കു നൽകാമെന്ന ഉത്തരവും നൽകിയിരുന്നെങ്കിലും ഇപ്പോഴും പൂർണമായി നടപ്പിലായിട്ടില്ല.
കോവിഡ് ഭീഷണി, കുപ്രസിദ്ധ മുദ്ര
കോവിഡ്കാലം ഏറ്റവും വലച്ച വിഭാഗങ്ങളിൽ ഒന്നായിരുന്നു ലൈംഗികത്തൊഴിലാളികളുടേത്. പലരും ഭക്ഷണം പോലും ലഭിക്കാതെ വലഞ്ഞു. വിവിധ എൻജിഒ സംഘടനകളാണ് ഇവർക്ക് അക്കാലത്ത് ആശ്രയമായത്. നിലവിൽ ‘കസ്റ്റമേഴ്സിൽ’ നിന്ന് ക്യുആർ കോഡ് വഴി ‘ഡിജിറ്റലായാണ്’ പലരും പണം വാങ്ങുന്നത്. എന്നാൽ പ്രദേശത്തെ വ്യാപാരികൾക്കും താമസക്കാർക്കും ലൈംഗികത്തൊഴിലാളികൾ പല രീതിയിൽ ഭീഷണി ഉയർത്തുന്നതായി അവർ വിലയിരുത്തുന്നു. കാമാത്തിപുരയിൽ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും കുടുംബങ്ങൾ ഉൾപ്പെടെയുള്ള താമസക്കാരുണ്ടായിട്ടും ഇന്നും ‘ചുവന്ന തെരുവ്’ എന്ന പേരിൽ അറിയപ്പെടുന്നത് മേഖലയിലെ താമസക്കാർക്ക് വലിയ പ്രയാസമുണ്ടാക്കുന്നു.
സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാനും മക്കളുടെ വിവാഹം നടക്കാനും പലപ്പോഴും സ്ഥലപ്പേര് തടസ്സമാകുന്നു. എയ്ഡ്സ് പോലുള്ള രോഗങ്ങളുടെ ഭീതിയും പ്രദേശത്തുകാരെ വലിയ രീതിയിൽ അലട്ടുന്നുണ്ട്. നഗരത്തിലെ പലഭാഗങ്ങളും വികസിക്കുമ്പോഴും കാമാത്തിപുരയിലെ പഴകിയ കെട്ടിടങ്ങളും വൃത്തിഹീനമായ തെരുവുകളും അതേപടി നിലനിൽക്കുന്നതും പ്രദേശവാസികളുടെ കാലങ്ങളായുള്ള പരാതിയാണ്.
English Summary: All about Kamathipura and its sex workers; What is the ground reality?