മരക്കട്ടയിൽ ഇറച്ചി പോലെ വെട്ടി കഷ്ണമാക്കി; രഹസ്യ ഒറ്റമൂലിയും കൊലയിലെ നിഗൂഢതയും
ഒറ്റമൂലിയുടെ രഹസ്യക്കൂട്ട് ലഭിക്കില്ലെന്നായതോടെ പ്രതികളുടെ ക്ഷമ നശിച്ചു. 2020 ഒക്ടോബറിലെ രാത്രിയിൽ അതു രക്തം മരവിപ്പിക്കുന്ന ക്രൂരതയായി മാറി. ആ രാത്രി പീഡനം എല്ലാ അതിരുകളും ലംഘിച്ചു. ഷാബാ ഷരീഫിന്റെ മുഖത്തേക്കു സാനിറ്റൈസർ ഒഴിച്ചു. കയ്യും കാലും കെട്ടിയിട്ട് ഉരുട്ടൽ മുറ പരീക്ഷിച്ചു. വലിയ മരക്കഷ്ണങ്ങൾ കൊണ്ട് അടിച്ചു. മർദനം താങ്ങാനാകാതെ ഷാബാ മരിച്ചു വീണു. ഇതോടെ, മൃതദേഹം ഒഴിവാക്കാനുള്ള...
ഒറ്റമൂലിയുടെ രഹസ്യക്കൂട്ട് ലഭിക്കില്ലെന്നായതോടെ പ്രതികളുടെ ക്ഷമ നശിച്ചു. 2020 ഒക്ടോബറിലെ രാത്രിയിൽ അതു രക്തം മരവിപ്പിക്കുന്ന ക്രൂരതയായി മാറി. ആ രാത്രി പീഡനം എല്ലാ അതിരുകളും ലംഘിച്ചു. ഷാബാ ഷരീഫിന്റെ മുഖത്തേക്കു സാനിറ്റൈസർ ഒഴിച്ചു. കയ്യും കാലും കെട്ടിയിട്ട് ഉരുട്ടൽ മുറ പരീക്ഷിച്ചു. വലിയ മരക്കഷ്ണങ്ങൾ കൊണ്ട് അടിച്ചു. മർദനം താങ്ങാനാകാതെ ഷാബാ മരിച്ചു വീണു. ഇതോടെ, മൃതദേഹം ഒഴിവാക്കാനുള്ള...
ഒറ്റമൂലിയുടെ രഹസ്യക്കൂട്ട് ലഭിക്കില്ലെന്നായതോടെ പ്രതികളുടെ ക്ഷമ നശിച്ചു. 2020 ഒക്ടോബറിലെ രാത്രിയിൽ അതു രക്തം മരവിപ്പിക്കുന്ന ക്രൂരതയായി മാറി. ആ രാത്രി പീഡനം എല്ലാ അതിരുകളും ലംഘിച്ചു. ഷാബാ ഷരീഫിന്റെ മുഖത്തേക്കു സാനിറ്റൈസർ ഒഴിച്ചു. കയ്യും കാലും കെട്ടിയിട്ട് ഉരുട്ടൽ മുറ പരീക്ഷിച്ചു. വലിയ മരക്കഷ്ണങ്ങൾ കൊണ്ട് അടിച്ചു. മർദനം താങ്ങാനാകാതെ ഷാബാ മരിച്ചു വീണു. ഇതോടെ, മൃതദേഹം ഒഴിവാക്കാനുള്ള...
ശത്രുരാജ്യത്തിന്റെ രഹസ്യങ്ങളറിയാൻ ശാസ്ത്രഞ്ജരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന രംഗങ്ങൾ പല ഹോളിവുഡ് സിനിമകളിലും കണ്ടിട്ടുണ്ട്. ഇവിടെയിതാ, ഒരു പച്ച മരുന്നിന്റെ രഹസ്യക്കൂട്ടറിയാൻ നാട്ടു വൈദ്യനെ തട്ടിക്കൊണ്ടു വന്നു ചങ്ങലക്കിട്ടു തടവിൽ പാർപ്പിച്ചിരിക്കുന്നു. രഹസ്യം നാവിൽ നിന്നു ചോരുന്നില്ലെന്നായപ്പോൾ കൊന്നു വെട്ടിനുറുക്കി തുണ്ടം തുണ്ടമാക്കി പുഴയിലെറിഞ്ഞു. ഇതു ഹോളിവുഡിലോ ബോളിവുഡിലോ മോളിവുഡിലോ സൂപ്പർ ഹിറ്റായ സിനിമാ തിരക്കഥയിലോ അല്ല. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അരങ്ങേറിയ സംഭവ കഥയാണ്. നിലമ്പൂർ മുതൽ മുതൽ മൈസുരു വരെയും വയനാട് മുതൽ തിരുവനന്തപുരം വരെയും നീളുന്ന ഈ കുറ്റകൃത്യത്തിന്റെ തിരക്കഥ ഏതു ഹോളിവുഡ് സിനിയെയും വെല്ലും. രക്തം മരവിപ്പിക്കുന്ന കുറ്റകൃത്യത്തിന്റെ പിന്നാമ്പുറങ്ങളിലേക്കൊരു ഫ്ലാഷ് ബാക്ക്…
∙ രാജീവ് നഗർ, മൈസുരു
ശസ്ത്രക്രിയ കൂടാതെ മൂലക്കുരു ഭേദമാക്കാമെന്ന ബോർഡുകൾ മൈസുരു പട്ടണത്തിൽ പലയിടത്തും കാണാം. ബോർഡുകൾ മാത്രമല്ല, ഈ ചികിത്സ നടത്തുന്ന ഒട്ടേറെ നാട്ടുവൈദ്യന്മാരും നഗരത്തിലുണ്ട്. അവരിലൊരാളാണു രാജീവ് നഗർ സ്വദേശി ഷാബാ ഷരീഫ് (60). പാരമ്പര്യ വൈദ്യ കുടുംബത്തിലാണു ഷാബാ ഷരീഫ് ജനിച്ചത്. മൂലക്കുരു രോഗികൾക്ക് ഇയാൾ നൽകുന്ന ഒറ്റമൂലിയുടെ കൂട്ട് ഇയാൾക്കു മാത്രമറിയുന്ന രഹസ്യമായിരുന്നു.
∙ നിലമ്പൂർ, മൂക്കട്ട...
മലപ്പുറം ജില്ലയിലെ നിലമ്പൂർ മൂക്കട്ട കൈപ്പകഞ്ചേരി സ്വദേശി ഷൈബിൻ നാട്ടിൽ അത്ര അറിയപ്പെടുന്നയാളല്ല. ഏറെക്കാലം പ്രവാസിയായിരുന്ന ഷൈബിനു നാട്ടുകാരുമായി വലിയ ബന്ധമില്ല. ഗ്രാമപ്രദേശമായ മുക്കട്ടയിൽ കൂറ്റൻ ഇരുനില വീട്ടിലാണു താമസം. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ശേഷം വയനാട്ടിലും കർണാടകയിലുമായിരുന്നു ഇയാളുടെ ഇടപാടുകൾ. പരിപാടികൾ എന്തെല്ലായിരുന്നുവെന്നു പൊലീസ് അന്വേഷിച്ചുവരികയാണ്. ഷരീഫിന്റെ പച്ച മരുന്നിനെക്കുറിച്ച് കേട്ടറിഞ്ഞ ഷൈബിനൊരു മോഹം. ഇയാളെ കേരളത്തിലെത്തിച്ച് രഹസ്യക്കൂട്ട് മനസ്സിലാക്കി മരുന്നു നിർമിച്ചു കച്ചവടം ചെയ്താൽ വൻ ലാഭം നേടാമല്ലോ? മനസ്സിൽ തോന്നിയ ആ മോഹത്തിൽ നിന്നാണു ചോരപുരണ്ട സംഭവ പരമ്പരകളുടെ തുടക്കം.
∙ തണുപ്പുള്ള സായാഹ്നം, മൈസുരുവിലെ ലോഡ്ജ് മുറി...
2019 ഓഗസ്റ്റ് മാസത്തിലെ തണുപ്പുള്ള വൈകുന്നേരം. മൈസുരുവിലെ ഷാബാ ഷരീഫിനെത്തേടി ബൈക്കിൽ രണ്ടു പേരെത്തി. മൈസുരുവിലെ ലോഡ്ജിൽ താമസിക്കുന്ന വയോധികനായ രോഗിയെ ചികിത്സിക്കാനെത്തണമെന്നായിരുന്നു ആവശ്യം. സംശയിക്കാതെ ഷാബാ ബൈക്കിൽ കയറി. വഴിയിൽ കാത്തുനിൽക്കുകയായിരുന്ന ഷൈബിന്റെ കാറിലേക്കു പിന്നീട് ഇയാളെ മാറ്റി. ആ വാഹനം നിർത്തിയതു നിലമ്പൂർ മുക്കടയിലെ ഷൈബിന്റെ രണ്ടു നില ബംഗ്ലാവിനു മുന്നിൽ. പിന്നീട് ഒന്നേകാൽ വർഷം ഷരീഫിനെ കൊല്ലാകൊല ചെയ്തു. ഷൈബിന്റെ സുഹൃത്തുക്കളായ വയനാട് ബത്തേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, തങ്ങളകത്ത് നൗഷാദ് എന്നിവരുൾപ്പെടെ ഏഴോളം പേർ ഷൈബിന്റെ ക്രൂരതയ്ക്കു കൂട്ടായി ഒപ്പമുണ്ടായിരുന്നു.
∙ ചോര മരവിച്ച് ഒന്നേകാൽ വർഷം
മുക്കട്ടയിലെ വീട്ടിന്റെ രണ്ടാം നിലയിലെ മുറിയിലാണു വൈദ്യനെ താമസിപ്പിച്ചത്. ഷൈബിന്റെ കുടുംബം ബത്തേരിയിലെ വീട്ടിലായിരുന്നതിനാൽ മറ്റാരും ഇവിടെയില്ലായിരുന്നു. കൈ,കാലുകൾ ചങ്ങലയിൽ ബന്ധിപ്പിച്ച നിലയിലായിരുന്നു നാട്ടുവൈദ്യൻ. ആദ്യം അനുനയത്തിലും ഫലിക്കുന്നില്ലെന്നായപ്പോൾ ക്രൂരമായി തല്ലിച്ചതച്ചും ഷൈബിനും കൂട്ടാളികളും ഷാബാ ഷരീഫിൽനിന്നു രഹസ്യം ചോർത്താൻ ശ്രമം തുടങ്ങി. കോവിഡ് ഭീതിയിൽ നാടാകെ അടച്ചുപൂട്ടിക്കിടക്കുമ്പോൾ മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോർത്തിയെടുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഷൈബിനും കൂട്ടുകാരും. മർദനവും അനുനയവും പിന്നെയും മർദനവും അനുനയവുമായി ഒന്നേകാൽ വർഷം കഴിഞ്ഞു.
∙ ക്രൂരത നൃത്തമാടിയ രാത്രി
ഒറ്റമൂലിയുടെ രഹസ്യക്കൂട്ട് ലഭിക്കില്ലെന്നായതോടെ പ്രതികളുടെ ക്ഷമ നശിച്ചു. 2020 ഒക്ടോബറിലെ രാത്രിയിൽ അതു രക്തം മരവിപ്പിക്കുന്ന ക്രൂരതയായി മാറി. ആ രാത്രി പീഡനം എല്ലാ അതിരുകളും ലംഘിച്ചു. ഷാബാ ഷരീഫിന്റെ മുഖത്തേക്കു സാനിറ്റൈസർ ഒഴിച്ചു. കയ്യും കാലും കെട്ടിയിട്ട് ഉരുട്ടൽ മുറ പരീക്ഷിച്ചു. വലിയ മരക്കഷ്ണങ്ങൾ കൊണ്ട് അടിച്ചു. മർദനം താങ്ങാനാകാതെ ഷാബാ മരിച്ചു വീണു. ഇതോടെ, മൃതദേഹം ഒഴിവാക്കാനുള്ള പദ്ധതികളെക്കുറിച്ചായി പ്രതികളുടെ ആലോചന.
മരക്കട്ടയിൽ മൃതദേഹം കിടത്തി, ഇറച്ചിവെട്ടുന്ന മാതൃകയിൽ ശരീരം കഷ്ണങ്ങളാക്കി. ഇതു പ്ലാസ്റ്റിക് കവറിലാക്കി രാത്രിയുടെ മറവിൽ സംഘം പുറത്തേക്കു പുറപ്പെട്ടു. രണ്ട് ആഡംബര വാഹനങ്ങളിലായിട്ടായിരുന്നു യാത്ര. കിലോ മീറ്ററുകൾ അകലെ എടവണ്ണ സീതി ഹാജി പാലത്തിനു മുകളിൽ നിന്നു മൃതദേഹമടങ്ങിയ പ്ലാസ്റ്റിക് കവറുകൾ ചാലിയാർ പുഴയിലേക്ക് എറിഞ്ഞുവെന്നാണു പ്രതികൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. രണ്ടു വർഷം പഴക്കമുള്ള സംഭവത്തിൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതു പൊലീസിനു വെല്ലുവിളിയാകും.
∙ 2022 ഏപ്രിൽ, നിലമ്പൂർ പൊലീസ് സ്റ്റേഷൻ
കുറ്റകൃത്യത്തിൽ പങ്കാളികളാകുന്നതിനു ഷൈബിൻ സുഹൃത്തുക്കൾക്കു വൻ തുക വാഗ്ദാനം ചെയ്തിരുന്നുവെന്നാണു പൊലീസ് നിഗമനം. പണം ലഭിക്കാതായതോടെ കൂട്ടുപ്രതികൾ അസ്വസ്ഥരായിട്ടുണ്ടാകണം. കഴിഞ്ഞ മാസം 24നു ഷൈബിൻ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകുന്നു. സ്വന്തം കുഴി തോണ്ടുന്ന പരാതിയായിരിക്കുമിതെന്നു അയാൾ സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടാകില്ല. തന്നെ വീട്ടിൽ ബന്ദിയാക്കി 7 ലക്ഷം രൂപ കവർന്നുവെന്നായിരുന്നു പരാതി. ഇതുപ്രകാരം ഷൈബിന്റെ സുഹൃത്തും കൊലപാതകത്തിലെ പങ്കാളിയുമായ ബത്തേരി തങ്ങളകത്ത് അഷ്റഫിനെ പൊലീസ് അറസ്റ്റു ചെയ്തു. കുടം തുറന്നുവിട്ട ഭൂതം കണക്കെ നാടകീയ സംഭവങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീട്.
∙ ഏപ്രിൽ 29, തിരുവനന്തപുരം സെക്രട്ടേറിയറ്റ്
അവിചാരിതമായി ലൊക്കേഷൻ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറി. ഷൈബിൻ വീട് ആക്രമിച്ചതിനു പരാതി നൽകിയ പ്രതികളിൽ 5 പേർ സെക്രട്ടേറിയറ്റിനു മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി. ജീവൻ അപകടത്തിലാണെന്നും ഷൈബിനു വേണ്ടി കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞു ഇവർ ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. എല്ലാ തെളിവുകളും പെൻ ഡ്രൈവിലുണ്ടെന്നു വിളിച്ചു പറഞ്ഞായിരുന്നു ശ്രമം. തിരുവനന്തപുരം പൊലീസെത്തി ഇവരെ അറസ്റ്റു ചെയ്ത് നിലമ്പൂർ പൊലീസിനു കൈമാറി.
∙ പെൻഡ്രൈവ്, ദൈവത്തിന്റെ തെളിവ്...
ഷാബായെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയിരുന്നു. ഇതാണു പിന്നീട് ദൈവം അവശേഷിപ്പിച്ച തെളിവുപോലെ കേസിൽ നിർണായക വഴിത്തിരിവായത്. ഷാബാ ഷരീഫിന്റെ കുടുംബം അദ്ദേഹത്തെ കാണായതിനു പിന്നാലെ പൊലീസിൽ പരാതി നൽകിയിരുന്നു. തുമ്പൊന്നും ലഭിക്കാത്തതിനാൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ടു വീണ്ടും പൊലീസിനെ സമീപിച്ചു. അതിനിടയിലാണ്, പെൻഡ്രൈവിലെ ദൃശ്യങ്ങളുമായി നിലമ്പൂർ പൊലീസ് മൈസുരുവിലെത്തുന്നത്. ദൃശ്യം കുടുംബാംഗങ്ങളെ കാണിച്ചപ്പോൾ അതു ഷാബാ ആണെന്നു മനസ്സിലായി. അതിവേഗം നടപടികൾ നീക്കിയ പൊലീസ് ഷൈബിനെ അറസ്റ്റു ചെയ്തു. ഷൈബിൻ, ഷിഹാബുദ്ദീൻ, നൗഷാദ് എന്നിവരെയാണു നിലവിൽ അറസ്റ്റു ചെയ്തിട്ടുള്ളത്. ഇനിയും 5 പേരെ പിടികൂടാനുണ്ട്.
∙ ഇനിയുമുണ്ടോ ട്വിസ്റ്റ്..?
ബിസിനസിനെക്കുറിച്ച് നാട്ടുകാർക്കു ധാരണയില്ലെങ്കിലും നല്ല സാമ്പത്തിക ചുറ്റുപാടുള്ളയാളാണു ഷൈബിൻ. ഷാബാ ഷരീഫിന്റെ കുടുംബം സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സ്ഥിതിയിലല്ല. നിലവിൽ ഒട്ടേറെ സംരംഭങ്ങളുണ്ടായിരിക്കെ മൂലക്കുരുവിന്റെ ഒറ്റമൂലി ബിസിനസിനു വേണ്ടി മാത്രം ഷൈബിൻ ഇത്ര റിസ്കെടുക്കുമോയെന്ന ചോദ്യം അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. അതിനാൽ, കൊലപാതകത്തിലേക്കു നയിച്ച മറ്റെന്തെങ്കിലും സംഭവങ്ങളോ ഇടപാടുകളോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
English Summary: Nilambur Murder: How Police Cracked the Case?