‘ഹലോ,ശിവൻകുട്ടിയാണ്,ആരാ വിളിക്കുന്നത്?’; ഫോൺ വിളിച്ചെത്തുന്ന രാഷ്ട്രീയ വിവാദങ്ങൾ
‘നൂറുവട്ടം ആലോചിച്ചിട്ടേ ഒരു മന്ത്രിയെ വിളിക്കാറുള്ളൂ. വി.ശിവൻകുട്ടി ഒറ്റ ബെല്ലിൽ ഫോൺ എടുക്കും. എല്ലാവരും അങ്ങനെയല്ല. വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല ഫോൺ വിളിക്കുന്നത്. ഫോൺ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരികെ വിളിക്കുന്ന മന്ത്രിമാരും കുറവാണ്. എനിക്ക് അടുപ്പമുള്ള ഒരു മന്ത്രി വിളിച്ചാൽ ഫോൺ എടുക്കില്ല’ അന്ന് ഈ ആരോപണ മുന നീണ്ടത് മന്ത്രി വീണാ ജോർജിനെതിരെ ആയിരുന്നു. പ്രതിഭ ഉദ്ദേശിച്ച മന്ത്രി പക്ഷേ..Veena
‘നൂറുവട്ടം ആലോചിച്ചിട്ടേ ഒരു മന്ത്രിയെ വിളിക്കാറുള്ളൂ. വി.ശിവൻകുട്ടി ഒറ്റ ബെല്ലിൽ ഫോൺ എടുക്കും. എല്ലാവരും അങ്ങനെയല്ല. വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല ഫോൺ വിളിക്കുന്നത്. ഫോൺ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരികെ വിളിക്കുന്ന മന്ത്രിമാരും കുറവാണ്. എനിക്ക് അടുപ്പമുള്ള ഒരു മന്ത്രി വിളിച്ചാൽ ഫോൺ എടുക്കില്ല’ അന്ന് ഈ ആരോപണ മുന നീണ്ടത് മന്ത്രി വീണാ ജോർജിനെതിരെ ആയിരുന്നു. പ്രതിഭ ഉദ്ദേശിച്ച മന്ത്രി പക്ഷേ..Veena
‘നൂറുവട്ടം ആലോചിച്ചിട്ടേ ഒരു മന്ത്രിയെ വിളിക്കാറുള്ളൂ. വി.ശിവൻകുട്ടി ഒറ്റ ബെല്ലിൽ ഫോൺ എടുക്കും. എല്ലാവരും അങ്ങനെയല്ല. വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല ഫോൺ വിളിക്കുന്നത്. ഫോൺ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരികെ വിളിക്കുന്ന മന്ത്രിമാരും കുറവാണ്. എനിക്ക് അടുപ്പമുള്ള ഒരു മന്ത്രി വിളിച്ചാൽ ഫോൺ എടുക്കില്ല’ അന്ന് ഈ ആരോപണ മുന നീണ്ടത് മന്ത്രി വീണാ ജോർജിനെതിരെ ആയിരുന്നു. പ്രതിഭ ഉദ്ദേശിച്ച മന്ത്രി പക്ഷേ..Veena
വിളിച്ചാൽ ഫോൺ എടുക്കാത്ത മന്ത്രി എന്ന വീണാ ജോർജിനെക്കുറിച്ചുള്ള ചിറ്റയം ഗോപകുമാറിന്റെ ആരോപണം എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള വാക്‌പോരിലേക്ക് എത്തിയിരിക്കുകയാണിപ്പോൾ. സ്വന്തം പാർട്ടിയിൽനിന്നും ഘടകകക്ഷികളിൽ നിന്നും വീണാ ജോർജിനെതിരെ ആരോപണമുയർന്നപ്പോൾ ആദ്യമായി പ്രതിരോധിച്ച് രംഗത്തെത്തിയത് ഒരു ബിജെപി നേതാവായിരുന്നു– സന്ദീപ് വാരിയർ! ഒരു വർഷം മുൻപ്. ഒരു സർവകക്ഷി വിഷയമായി ഇതിനോടകം ഫോൺ വിളി മാറിക്കഴിഞ്ഞു. ഒരു ഫോണിനെ ചുറ്റിപ്പറ്റി എന്തെല്ലാം കഥകളുണ്ടെന്നു ചോദിച്ചാൽ, ഒന്നാം പിണറായി മന്ത്രിസഭയിലെ രണ്ടാമത്തെ രാജി പോലും ഫോൺ വിളിയെച്ചൊല്ലിയുണ്ടായ പ്രശ്നമായിരുന്നു എന്നു പറയാം – മന്ത്രി എ.കെ.ശശീന്ദ്രനാണ് അന്ന് ഹണിട്രാപ്പിൽ പെട്ടു രാജിവയ്ക്കേണ്ടി വന്നത്.
∙ അടുപ്പമുള്ള മന്ത്രി; വിളിച്ചാൽ ഫോണെടുക്കില്ല
‘നൂറുവട്ടം ആലോചിച്ചിട്ടേ ഒരു മന്ത്രിയെ വിളിക്കാറുള്ളൂ. വി.ശിവൻകുട്ടി ഒറ്റ ബെല്ലിൽ ഫോൺ എടുക്കും. എല്ലാവരും അങ്ങനെയല്ല. വ്യക്തിപരമായ കാര്യങ്ങൾ പറയാനല്ല ഫോൺ വിളിക്കുന്നത്. ഫോൺ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരികെ വിളിക്കുന്ന മന്ത്രിമാരും കുറവാണ്. എനിക്ക് അടുപ്പമുള്ള ഒരു മന്ത്രി വിളിച്ചാൽ ഫോൺ എടുക്കില്ല–’ 2021 സെപ്റ്റംബറിൽ കായംകുളത്തു ശലഭോദ്യാനം പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ വച്ച് മന്ത്രി വി.ശിവൻകുട്ടിയെ വേദിയിലിരുത്തി യു.പ്രതിഭ എംഎൽഎ ഉയർത്തിയ ആരോപണം വലിയ ചർച്ചയായിരുന്നു. പേര് ഉള്ളിൽ വച്ച് പ്രതിഭ എംഎൽഎ ആരെയാണ് കുത്തി നോവിച്ചതെന്നു മാത്രം പരസ്യമാക്കിയില്ല.
പക്ഷേ, ആരോപണങ്ങളുടെ മുനയെല്ലാം നീണ്ടത് മന്ത്രി വീണാ ജോർജിനെതിരെ ആയിരുന്നു. വീണാ ജോർജ് ആണ് പ്രതിഭ ഉദ്ദേശിച്ച മന്ത്രിയെന്ന ആരോപണമുയർന്നപ്പോഴും രണ്ടു പേർ മാത്രം പരസ്യമായി പ്രതികരിച്ചില്ല – ഒന്ന് ആരോപണമുന്നയിച്ച യു.പ്രതിഭ. രണ്ട്, സംശയമുനയിലായ വീണാ ജോർജ്.
എന്നാൽ, പിന്നീട് സിപിഎം നടത്തിയ അന്വേഷണത്തിൽ വീണാ ജോർജ് അല്ല ആ മന്ത്രി എന്നു കണ്ടെത്തിയതായാണു വിവരം. ഇക്കാര്യം വീണാ ജോർജും യു.പ്രതിഭയും തമ്മിൽ തുറന്നു പറഞ്ഞിട്ടുണ്ടെന്നും സൂചനയുണ്ട്. നിലവിൽ മന്ത്രിയായ ഘടകകക്ഷി നേതാവിനെയാണ് പ്രതിഭ ഉദ്ദേശിച്ചതെന്നും സിപിഎം സ്ഥിരീകരിച്ചു. എന്നാൽ, പത്തനംതിട്ടയിൽ കഴിഞ്ഞ സിപിഎം സമ്മേളനങ്ങളിൽ ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റിയിൽ വരെ വീണാ ജോർജ് ഫോൺ എടുക്കുന്നില്ലെന്ന പരാതികൾ ഉയർന്നിരുന്നു. അതിനു രൂക്ഷമായ ഭാഷയിലാണ് ജില്ലാ സെക്രട്ടറി മറുപടി നൽകിയത്.
∙ വീണാ ജോർജിനു വേണ്ടി സന്ദീപ് വാരിയർ
പാർട്ടിയിലും ഘടകകക്ഷികളിലും പ്രതിപക്ഷത്തുമെല്ലാം വീണാ ജോർജിനെതിരെ വിമർശനങ്ങളുയർന്നപ്പോൾ വേറിട്ടൊരു ശബ്ദമുയർന്നത് ശ്രദ്ധേയമായിരുന്നു. ബിജെപി കേന്ദ്രത്തിൽ നിന്നാണ് വീണാ ജോർജിന് പിന്തുണയുടെ ആ കരങ്ങളുയർന്നത്– സന്ദീപ് വാരിയർ. സമൂഹമാധ്യമത്തിലൂടെ സന്ദീപ് പങ്കുവച്ചത്, തിരക്കുകൾക്കിടയിലും തിരികെ വിളിച്ച് സഹായം നൽകിയ മന്ത്രിയെക്കുറിച്ചുള്ള അനുഭവമാണ്. തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഷൊർണൂരിലെ ഒരു രോഗിയുടെ ആവശ്യത്തിനു വേണ്ടി താൻ മന്ത്രിയെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും രാത്രി 12 മണിക്കു മന്ത്രി തിരികെ വിളിച്ചുവെന്നും സന്ദീപ് അന്നു പറഞ്ഞു.
∙ തിരക്കിലും ഫോൺ എടുക്കുന്ന ശിവൻകുട്ടി
മന്ത്രി വി.ശിവൻകുട്ടി വിളിച്ചാൽ ഫോൺ എടുക്കുമെന്ന യു.പ്രതിഭ എംഎൽഎയുടെ പ്രശംസ സത്യമാണോയെന്നറിയാൻ മന്ത്രിയെ നേരിട്ടു തന്നെ വിളിച്ചു. മുൻപു മന്ത്രിയെ വിളിച്ചിട്ടില്ല എന്നതിനാൽ നമ്പർ സേവ് ചെയ്തിട്ടില്ലെന്ന് ഉറപ്പ്. ഒന്നാമത്തെ ബെല്ല് അവസാനിക്കുന്നതിനു മുൻപ് ഫോണ്‍ അറ്റൻഡ് ചെയ്തു.
‘മന്ത്രിയില്ലേ?’ സാധാരണ ഗതിയിൽ മന്ത്രിമാരുടെ ഫോൺ എടുക്കുന്നത് പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന ധാരണയിൽ ചോദിച്ചു.
‘ശിവൻകുട്ടിയാണ്, ആരാ വിളിക്കുന്നത്?’
മന്ത്രി നേരിട്ടു ഫോൺ എടുത്തു സംസാരിക്കുന്നു. എങ്ങനെയാണ് തിരക്കിനിടയിൽ ഫോൺ എടുക്കുന്നത്? മന്ത്രിയോടു തന്നെ ചോദിച്ചു.
‘എന്റെ ഫോണിലേക്ക് എൽപി സ്കൂൾ മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ വിളിക്കും, രക്ഷാകർത്താക്കൾ വിളിക്കും, അധ്യാപകർ വിളിക്കും. കഴിയുന്നതും ഫോൺ സ്വയം അറ്റൻഡ് ചെയ്യുകയാണ് പതിവ്. കഴിഞ്ഞ തവണ എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായപ്പോൾ ഇടതടവില്ലാതെ ഫോൺ വന്നുകൊണ്ടിരുന്നു. അപ്പോഴാണ് ഫോൺ പിഎയെ ഏൽപിച്ചത്. എപ്പോഴും ഫോൺ എടുക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം പോലെ ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ. മറ്റൊന്നിനും സമയം കിട്ടില്ല. മന്ത്രി വീണാ ജോർജിനെ എപ്പോഴും ഫോണിൽ കിട്ടാത്തതും ഈ തിരക്കു കാരണമായിരിക്കും. അല്ലാതെ മനഃപൂർവം ആരും ഫോൺ എടുക്കാതിരിക്കില്ലല്ലോ.
ആശുപത്രിയിൽ പഞ്ഞിയില്ലെങ്കിലും ആളുകൾ ആദ്യം ഫോൺ എടുത്ത് മന്ത്രിയെ വിളിക്കും. അതാണ് നമ്മുടെ ജനങ്ങളുടെ ശീലം. മന്ത്രിയെ കുറ്റം പറയാനാകില്ല. ‘ഞാൻ മേയറായിരുന്ന കാലം മുതൽ മന്ത്രിയാകുന്നതിനു മുൻപു വരെ നാട്ടിലെ പൊലീസ് കേസുകൾ വരെ ആളുകൾ എന്നെ വിളിച്ചു പറയും. ചിലപ്പോൾ സ്റ്റേഷനിലെ എസ്ഐയെ വിളിച്ചു പറയേണ്ടതാകും. എംഎല്‍എ ഒരു സ്റ്റേഷനിലെ എസ്ഐയെ വിളിക്കുന്നതു പോലെ ഒരു മന്ത്രിക്കു വിളിക്കാൻ കഴിയില്ലല്ലോ. ഇപ്പോഴും ആളുകൾ അതുപോലുള്ള പ്രശ്നങ്ങളുമായി വിളിക്കാറുണ്ട്. എന്തു ചെയ്യാൻ...’ മന്ത്രി ചിരിച്ചു.
∙ മന്ത്രിയെ വിളിച്ചാൽ കിട്ടാത്ത എംഎൽഎയെ ആർക്കു ഫോണിൽ കിട്ടും?
പേരു പറയാതെ, ഒരു മന്ത്രി വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന് ആക്ഷേപിച്ച യു.പ്രതിഭ എംഎൽഎയ്ക്കെതിെരയും സമാനമായ പരാതിയുണ്ട്. പല പ്രശ്നങ്ങളിലും എംഎൽഎയുടെ ഇടപെടൽ പ്രതീക്ഷിച്ചോ പ്രതികരണം ആവശ്യപ്പെട്ടോ ജനങ്ങളും മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും വിളിച്ചാൽ കിട്ടണമെങ്കില്‍ വലിയ പാടാണത്രേ. കായംകുളത്തെ പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗം പരസ്യമായല്ലെങ്കിലും ഈ അഭിപ്രായം പറയുന്നുണ്ട്. ഈ ആരോപണം നേരത്തെ ഉന്നയിച്ചത് നിലവിൽ സിപിഎമ്മിനൊപ്പമുള്ള ലോക് താന്ത്രിക് ജനതാദൾ മുൻ നേതാവ് ഷെയ്ക് പി.ഹാരിസ് ആണ്.
∙ ഫോൺ എടുക്കാത്ത കോൺഗ്രസുകാർ
ഭരണകക്ഷിയിൽ മാത്രമല്ല, കോൺഗ്രസിലുമുണ്ട് ഫോൺ വിരോധമുള്ള നേതാക്കൾ എന്ന് പരസ്യമായും രഹസ്യമായും ആരോപിക്കുന്നത് കോൺഗ്രസുകാർ തന്നെയാണ്. സമീപകാലത്ത് അത്തരം ആരോപണമുയർന്നത് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ. ആരോപണമുയർത്തിയതാകട്ടെ, നിലവിലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇരുവരും തമ്മിലുള്ള പരസ്യ യുദ്ധം സജീവമായിരുന്ന 2021ൽ ആണ് മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന് സുധാകരൻ ആരോപിച്ചത്. കെപിസിസി പ്രസിഡന്റിനെ കാണാൻ വലിയ പ്രയാസമാണെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് തിരിച്ചടി നൽകുകയായിരുന്നു സുധാകരൻ.
വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന പരാതി തന്നെക്കുറിച്ച് ആരും പറയാനിടയില്ല എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. വിളിച്ചാൽ ഫോൺ പോലുമെടുക്കാത്ത നേതാവാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എന്ന് ആരോപിച്ചത് ആരെന്നറിയാമോ? യൂത്ത് കോൺഗ്രസുകാർ തന്നെ. കഴിഞ്ഞ വർഷം എറണാകുളത്തു ചേർന്ന യോഗത്തിലാണ് ഷാഫി പറമ്പിലിനെതിരെ വിമർശനമുയർന്നത്. ആദ്യകാലത്ത് പി.സി.വിഷ്ണുനാഥ് എംഎൽഎയ്ക്കെതിരെയും സമാനമായ ആരോപണം പാർട്ടി നേതാക്കൾ തന്നെ ഉയർത്തിയിരുന്നു.
∙ ജലീൽ ഫോൺ എടുക്കണമെങ്കിൽ ആരു വിളിക്കണം?
‘ഭരണപരമായ കാര്യങ്ങൾക്കു ഞാൻ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്ത മന്ത്രി കെ.ടി. ജലീലാണു കള്ളക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ പല വട്ടം വിളിച്ചത്–’ ആരോപണത്തിനു രണ്ടു വർഷം പഴക്കമുണ്ട്. ആരോപിച്ചത് കെ.മുരളീധരൻ എംപിയാണ്. സ്വർണക്കടത്തു കേസ് ചൂടുപിടിച്ചു തുടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു മുരളീധരന്റെ ആരോപണം.
∙ വിളിക്കാം, അന്തസ്സു വേണം
‘അന്തസ്സുണ്ടോ?’ എന്നു കേട്ടാൽ ആരുടെ മുഖമാകും ആദ്യം മനസ്സിൽ വരിക? മുകേഷ് അല്ലാതെ മറ്റാര്! രാത്രി ഉറങ്ങുമ്പോൾ ഒരു ജനപ്രതിനിധിയെ ഫോണിൽ വിളിച്ചു ‘ശല്യപ്പെടുത്താമോ’ എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ആ ചോദ്യം. കൊല്ലം എംഎൽഎ കൂടിയായ മുകേഷ് ഒരുവട്ടം ഫോൺ വിവാദത്തിൽപ്പെട്ടു തലയൂരി നിൽക്കുമ്പോഴാണ് കഴിഞ്ഞ വർഷം വീണ്ടും ഒരു ഫോൺകോൾ എത്തിയത് – പാലക്കാട്ടു നിന്ന്. അതും വിവാദമായെങ്കിലും പാർട്ടിയുടെ സമയോചിതമായ ഇടപെടലിൽ വിവാദം അലിഞ്ഞു പോയി.
∙ ഫോൺ എടുക്കാത്ത ഉദ്യോഗസ്ഥർ
പല വകുപ്പുകളിലെയും ഉന്നതോദ്യോഗസ്ഥർക്കെതിരെയും ഇപ്പോൾ ‘ഫോൺ എടുക്കുന്നില്ലെന്ന’ ആരോപണമുണ്ട്. കീഴ് ജീവനക്കാർക്കു പല വിവരങ്ങളും പറയാൻ തടസ്സമുള്ളതിനാൽ മാധ്യമപ്രവർത്തകർ പോലും ഉന്നതോദ്യോഗസ്ഥരെയാണ് വിളിക്കുക. സർക്കാർ നൽകിയ മൊബൈൽ നമ്പർ ഫോലും ഉപയോഗിക്കാത്ത ഉദ്യോഗസ്ഥരുണ്ട്. മഴ പെയ്താൽ കെഎസ്ഇബി ഓഫിസിൽ ഫോൺ എടുക്കില്ലെന്ന പരാതി അടുത്ത കാലം വരെയുണ്ടായിരുന്നെങ്കിലും ഇപ്പോൾ പൊതുവേ അത്തരം പരാതികൾ കേൾക്കാറില്ല. എന്നാൽ, അടുത്ത കാലത്തുയർന്ന ഒരു പരാതി, തിരുവനന്തപുരത്ത് പരീക്ഷാ ഭവനിലേക്കു വിളിച്ചാൽ ആരും ഫോൺ എടുക്കുന്നില്ലെന്നായിരുന്നു. പരാതികൾ പെരുകിയതോടെ മന്ത്രി വി.ശിവൻകുട്ടി നേരിട്ട് പരീക്ഷ ഭവനിലേക്കു മാർച്ച് ചെയ്തു. പരാതി പെട്ടെന്നു പരിഹരിക്കാൻ നിർദേശവും നൽകി.
9 തവണ താൻ വിളിച്ചിട്ടും ഇടുക്കി ജില്ലാ പൊലീസ് മേധാവി ഫോൺ എടുത്തില്ലെന്നു പരസ്യമായി വിമർശിച്ചത് മന്ത്രിയായിരുന്ന കാലത്ത് എം.എം.മണിയാണ്. തന്റെ പഴ്സനൽ സ്റ്റാഫുമായി ബന്ധപ്പെട്ട ഒരു പ്രശ്നം പറയാൻ ഫോൺ വിളിച്ചിട്ടും അന്നത്തെ എസ്പി ഫോൺ എടുത്തില്ലെന്നും തിരികെ വിളിക്കാൻ ഗൺമാനോടു നിർദേശിച്ചിട്ടും വിളിച്ചില്ലെന്നുമായിരുന്നു മണിയുടെ ആരോപണം. ആരു വിളിച്ചാലും ഫോൺ എടുക്കുന്നയാളാണ് എം.എം.മണി.
വൈദ്യുതി മന്ത്രിയായിരിക്കുമ്പോൾ മണി ഇടുക്കിയിലെ സ്വന്തം നാട്ടിൽ രാത്രി ചുറ്റിക്കറങ്ങുന്നതിനിടയിലാണ് ഒരു ഫോൺ വന്നത് – ‘മന്ത്രീ, വീട്ടിൽ കറന്റില്ല. ഒരു മണിക്കൂറിനിടയിൽ പത്തു തവണ കറന്റ് പോയി. ഇപ്പോൾ കറന്റില്ല’ എന്നായിരുന്നു പരാതി. മന്ത്രി പറഞ്ഞു– ‘സഹോദരാ, നിങ്ങളുടെ വീട്ടിൽ 9 തവണ കറന്റ് പോയിട്ടു വന്നില്ലേ? എന്റെ വീട്ടിൽ കറന്റില്ലാഞ്ഞിട്ട് ഞാൻ മെഴുകുതിരി വാങ്ങി വീട്ടിലേക്കു പോവുകയാണ്’. ഇതുപോലുള്ള കഥകൾ മന്ത്രിയായിരുന്ന കാലത്ത് മണിക്കു വേറെയുമുണ്ട്. മറ്റൊരിക്കൽ രാത്രി ഒരാൾ ഫോൺ വിളിച്ചു– ‘ആശാനേ, എന്റെ വീട്ടിൽ കറന്റില്ല. ഭയങ്കര ചൂടാണ്. ഞാനും ഭാര്യയും കൂടി ടെറസിൽ വന്നു കിടക്കുകയാണ്. രാത്രി ഭാര്യയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ ആശാനായിരിക്കും ഉത്തരവാദി!’
English Summary: Kerala Politics and the Interesting Facts of Phone Call Controversies