‘‘അവരെന്തിനാണ് തന്നോട് ബാറ്ററി വാങ്ങാൻ പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് ‘അറിവ്’ എന്നോടു പറഞ്ഞു. എന്നാൽ ‍ഞാനാക്കാര്യം മൊഴിയിൽ രേഖപ്പെടുത്തിയില്ല. കേസന്വേഷണം പുരോഗമിക്കുകയായിരുന്നു, അതുകൊണ്ടു തന്നെ ആ പ്രത്യേക വാക്യം ഞാൻ രേഖപ്പെടുത്തിയില്ല. AG Perarivalan, Rajiv Gandhi assassination case, AG Perarivalan release,

‘‘അവരെന്തിനാണ് തന്നോട് ബാറ്ററി വാങ്ങാൻ പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് ‘അറിവ്’ എന്നോടു പറഞ്ഞു. എന്നാൽ ‍ഞാനാക്കാര്യം മൊഴിയിൽ രേഖപ്പെടുത്തിയില്ല. കേസന്വേഷണം പുരോഗമിക്കുകയായിരുന്നു, അതുകൊണ്ടു തന്നെ ആ പ്രത്യേക വാക്യം ഞാൻ രേഖപ്പെടുത്തിയില്ല. AG Perarivalan, Rajiv Gandhi assassination case, AG Perarivalan release,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘അവരെന്തിനാണ് തന്നോട് ബാറ്ററി വാങ്ങാൻ പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് ‘അറിവ്’ എന്നോടു പറഞ്ഞു. എന്നാൽ ‍ഞാനാക്കാര്യം മൊഴിയിൽ രേഖപ്പെടുത്തിയില്ല. കേസന്വേഷണം പുരോഗമിക്കുകയായിരുന്നു, അതുകൊണ്ടു തന്നെ ആ പ്രത്യേക വാക്യം ഞാൻ രേഖപ്പെടുത്തിയില്ല. AG Perarivalan, Rajiv Gandhi assassination case, AG Perarivalan release,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1991 ജൂൺ 11; ചില കാര്യങ്ങൾ ചോദിച്ച ശേഷം അടുത്ത ദിവസം വിട്ടയച്ചേക്കാമെന്ന ഉറപ്പിൽ കവിയും സ്കൂൾ അധ്യാപകനുമായ കുയിൽദാസനും അർപ്പുതമ്മാളും പൊലീസിന് കൈമാറിയതാണ് അന്ന് 19 വയസു മാത്രം പ്രായമുണ്ടായിരുന്ന ‘അറിവ്’ എന്നു വിളിക്കുന്ന ജി.ഇ പേരറിവാളൻ എന്ന മകനെ. ആ ‘അടുത്ത ദിവസം’ ആകാൻ നീണ്ട 31 വർഷം വേണ്ടി വന്നു എന്നു മാത്രം, അതും 2022 മേയ് 18 ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം പേരറിവാളനെ മോചിപ്പിച്ചപ്പോൾ. അന്ന് പേരറിവാളൻ എന്ന അറിവിനെ കൂട്ടിക്കൊണ്ടു പോയ പൊലീസ് ആ 19കാരനെ വിട്ടയിച്ചില്ല, മകനെ കാണാൻ മാതാപിതാക്കളെ അനുവദിച്ചുമില്ല. അടുത്ത 59 ദിവസവും പേരറിവാളൻ എവിടെയെന്നു പോലും മാതാപിതാക്കൾക്കറിയില്ലായിരുന്നു. മകൻ പൊലീസ് കസ്റ്റഡിയിലാണെന്ന് എല്ലാവരും അറിയുമല്ലോ എന്നോർത്ത് ഹേബിയസ് കോർപസ് ഹർജി നൽകാൻ പോലും അവർ ഭയപ്പെട്ടു. മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ പ്രശ്നങ്ങളൊന്നും കൂടാതെ മോചിതനാകുമെന്നുമുള്ള ഉറപ്പിലായിരുന്നു ആ കാത്തിരിപ്പെന്ന് പേരറിവാളന്റെ അമ്മയെക്കുറിച്ചുള്ള പുസ്തകമെഴുതിയ പൂങ്കുഴലി പറയുന്നു. മകന്റെ വിധി അറിഞ്ഞതോടെ ആരംഭിച്ച പോരാട്ടം 31 വർഷം കഴിയുമ്പോൾ സുപ്രീം കോടതി വിധിയുടെ രൂപത്തിൽ ആ കാത്തിരിപ്പിന് അവസാനമിട്ടു. അതിനിടയിൽ ഒന്നിനും തളർത്താനാവാത്ത ഒരമ്മയുടെ നീതിക്കായുള്ള പോരാട്ടമുണ്ട്, മൂന്ന് പതിറ്റാണ്ട് ജയിലറയിൽ ഹോമിച്ചിട്ടും ജീവിതം തിരികെ പിടിക്കുന്ന ഒരൻപതുകാരന്റെ ആത്മവിശ്വാസമുണ്ട്, നീതിക്കായി പൊരുതുന്ന അനേകം മനുഷ്യരുടെ പോരാട്ടത്തിന്റെ ചരിത്രവും.

∙ ‘ഇത് എന്റെ അമ്മയുടെ പോരാട്ടത്തിന്റെ ഫലം’

ADVERTISEMENT

അമ്മയുടെ 31 വര്‍ഷം നീണ്ട പോരാട്ടത്തിന്റെ ഫലമാണ് തന്റെ മോചനമെന്ന് പേരറിവാളൻ പ്രതികരിച്ചത്. തമിഴ്നാട്ടിലെ ജോലാർപേട്ടയിലെ വീട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസിൽ ഒപ്പം സത്യമുണ്ടായിരുന്നു എന്നതു െകാണ്ടാണ് ഇത്രകാലവും പൊരുതാൻ തനിക്കും അമ്മ അർപ്പുതമ്മാളിനും ശക്തി കിട്ടിയതെന്നും പേരറിവാളൻ പറഞ്ഞു.

അർപ്പുതമ്മാൾ.

‘‘ഇക്കണ്ടകാലമെല്ലാം അമ്മ ഒരുപാട് അപമാനവും അധിക്ഷേപവും വേദനയും അനുഭവിച്ചു. എന്നിട്ടും 31 കൊല്ലവും നീതിക്കു വേണ്ടി അവർ പോരാടി. ഈ വിധി അമ്മയുടെ വിജയമാണ്’’, – പേരറിവാളൻ പ്രതികരിച്ചതിങ്ങനെ. ഇന്ന് തമിഴ്നാട്ടിലെങ്ങും ‘അറിവമ്മ’ (അറിവിന്റെ അമ്മ) എന്നറിയപ്പെടുന്ന അർപ്പുതമ്മാളിന് 75 വയസായി. പേരറിവാളൻ തടവിൽ കിടന്ന ഈ വർഷങ്ങളത്രയും ഒരാഴ്ച പോലും മുടക്കം കൂടാതെ അർപ്പുതമ്മാൾ മകനെ കാണാൻ ജയിലിൽ പോയിരുന്നു. ആ അമ്മയും മകനും പരസ്പരം കരുത്തും താങ്ങുമായി.

പേരറിവാളൻ പരോൾ കിട്ടിയ ശേഷം അർപ്പുതമ്മാളിനൊപ്പം.

∙ സുപ്രീം കോടതി പറഞ്ഞത്

ഭരണഘടനയുടെ 142–ാം അനുച്ഛേദം അനുസരിച്ചാണ് പേരറിവാളന്റെ മോചനത്തിന് ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, ബി.ആർ. ഗവായി എന്നിവരുടെ ബഞ്ച് ഉത്തരവിട്ടത്. 2018 സെപ്റ്റംബറിൽ തമിഴ്നാട് സർക്കാർ പേരറിവാളനടക്കം രാജീവ് ഗാന്ധി വധക്കേസിലെ ഏഴുപേരുടേയും മോചനക്കാര്യത്തിൽ ഭരണഘടനയുടെ 161–ാം അനുച്ഛേദപ്രകാരം ഗവർണർക്ക് ശുപാർശ നൽകിയിരുന്നു. ഇതനുസരിച്ച് ഗവർണറുടെ ഭാഗത്തു നിന്ന് തീരുമാനമുണ്ടാകാൻ കാലതാമസമുണ്ടായാൽ കോടതിക്ക് ഇടപെടാൻ അധികാരം നൽകുന്നതാണ് 142–ാം വകുപ്പ്. തുടർന്നാണ് ഇക്കാര്യം മുന്‍നിർത്തി സുപ്രീം കോടതി വിധി പറഞ്ഞത്.

ADVERTISEMENT

ഗവർണർ എല്ലാക്കാര്യങ്ങളും പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഉചിതമെന്ന നിഗമനത്തിൽ എത്തിച്ചേർന്നുവെന്നും കേസ് പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ തന്നെ 30 വര്‍ഷം തടവു ജീവിതം അനുഭവിച്ചു കഴിഞ്ഞെന്നും ഗവർണർ തന്റെ തീരുമാനം അറിയിക്കണമെന്നും പേരറിവാളനും കോടതിയെ അറിയിച്ചു. തുടർന്ന് മാർച്ച് ഒൻപതിന് സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിക്കുകയായിരുന്നു.

സുപ്രീം കോടതി

2018–ൽ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയതാണ് ഗവർണർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന്. പിന്നാലെ അന്നത്തെ എഐഎഡിഎംകെ സർക്കാർ രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയയ്ക്കാനുള്ള ശുപാർശ ഗവർണർക്ക് നൽകി. എന്നാൽ ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയി. 2020ൽ മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തിൽ ഗവർണറെ രൂക്ഷമായി വിമർശിച്ചു. ‘‘ഭരണഘടനാ സ്ഥാപനങ്ങൾ (ഗവർണര്‍) സമയത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ കോടതികൾ ഇടപെടാൻ നിർബന്ധിതരായിത്തീരും’’ – കോടതി അന്നു പറഞ്ഞതിങ്ങനെ.

2021 ജനുവരിയിൽ സുപ്രീം കോടതിയും ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ നിർബന്ധിതരാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വൈകാതെ തീരുമാനം എടുക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഗവർണറുടെ ഓഫീസ് ചെയ്തത് അടുത്ത മാസം ഫയൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു. ഗവർണറുടെ നടപടി സുപ്രീം കോടതി തന്നെയും ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി.

അർപ്പുതമ്മാൾ, പേരറിവാളൻ. – ഫയൽ ചിത്രം.

ഇതിനിടെ ഡിഎംകെ സർക്കാർ 2021 മേയ് 19–ന് പേരറിവാളന് പരോൾ അനുവദിക്കുകയും ‘ആരോഗ്യപരമായ കാര്യങ്ങളാൽ’ പരോൾ നീട്ടുകയും ചെയ്തു. ഒടുവില്‍ ഇക്കഴിഞ്ഞ മാർച്ച് ഒൻപതിനാണ് സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചത്. പിന്നാലെ മോചന വിധിയും.

ADVERTISEMENT

∙ എല്ലാം മാറ്റി മറിച്ച 1991

1991 മേയ് 21. അന്നു രാത്രിയാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഫോടനത്തിൽ പൊട്ടിച്ചിതറുന്നത്. അദ്ദേഹത്തെ പുഷ്പഹാരം അണിയിക്കാൻ കാത്തുനിന്നവർക്കിടയിൽ എൽടിടിഇയുടെ ചാവേറായ തനു എന്ന തേന്മൊഴി രാജരത്നവും ഉണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ കാൽതൊട്ട് വന്ദിക്കാനെന്ന മട്ടിൽ കുനിഞ്ഞ തനു വയറ്റിൽ ഉറപ്പിച്ചിരുന്ന ബെൽറ്റ് ബോംബിൽ വിരലമർത്തി. രാജീവ് ഗാന്ധി ഉൾപ്പെടെ 16 പേർ അന്നു കൊല്ലപ്പെട്ടു. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകനായ ശിവരശൻ, കൂട്ടാളി ശുഭ എന്നിവരുൾപ്പെടെ അഞ്ചുപേർ മൂന്നു മാസത്തിനുള്ളിൽ ബെംഗളുരുവിൽ പിടിയിലാകുമെന്ന ഘട്ടത്തിൽ ആത്മഹത്യ ചെയ്തു.

1991 മേയ് 21 ന് ശ്രീപെരുംപുത്തൂരിൽ രാജീവ് ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിയുടെ വേദിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച ഫ്രീലാൻസ് ഫൊട്ടോഗ്രഫർ ഹരി ബാബു എടുത്ത ഫോട്ടോ. ചാവേറായ തനുവാണ് ഇതിൽ മാലയുമായി കാത്തുനിൽക്കുന്ന യുവതി. സമീപം ലത കണ്ണനും മകൾ കോകിലയും. രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ ശിവരാസനെയും ഈ ഫോട്ടോയിൽ കാണാം.

മേയ് 22–ന് രൂപീകരിക്കപ്പെട്ട സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നിരവധി പേരെ അറസ്റ്റ് ചെയ്തു. വൈകാതെ സിബിഐ കേസ് ഏറ്റെടുത്തു. ജൂണ്‍ 11–ന് പേരറിവാളൻ അറസ്റ്റിലായി. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരും ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായി. രണ്ട് 9 വോൾട്ട് ‘ഗോൾഡൻ പവർ’ ബാറ്ററി വാങ്ങിച്ചു എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ എൽടിടിഇയുടെ വനിതാ ചാവേർ തനുവിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന ബോംബിൽ ഉപയോഗിച്ചത് ഈ ബാറ്ററിയാണ് എന്നായിരുന്നു കേസ്. അന്ന് 19 വയസായിരുന്നു പേരറിവാളന്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയിരുന്നു പേരറിവാളൻ. ചെന്നൈയിലായിരുന്നു ജീവിതം.

രാജീവ് ഗാന്ധി, നളിനി, പേരറിവാളൻ.

പേരറിവാളൻ ഉൾപ്പെടെ 41 പേർക്കെതിരെ ടെററിസം ആൻഡ് ഡിസ്റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഥവ ടാഡ നിയമത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ കുറ്റം ചുമത്തി. 1998–ൽ ടാഡ വിചാരണ കോടതി പേരറിവാളനെയും 25 പേരെയും വധശിക്ഷയ്ക്ക് വിധിച്ചു. അടുത്ത വര്‍ഷം സുപ്രീം കോടതി 19 പേരെ വെറുതെ വിട്ടു. പിന്നീട് ഏഴു പേർ മാത്രമായി പിന്നീട് കേസിലെ പ്രതികൾ – മുരുകൻ, ശാന്തൻ, പേരറിവാളൻ, നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവർ.

1999–ല്‍ ജസ്റ്റിസ് കെ.ടി തോമസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് മുരുകൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ ശരിവച്ചു. നളിനിയുടെ കാര്യത്തിൽ 2000–ത്തിൽ തമിഴ്നാട് ഗവർണർ വധശിക്ഷ ഒഴിവാക്കി. കോൺഗ്രസ് പ്രസിഡന്റു കൂടിയായ സോണിയാ ഗാന്ധിയുടെയും തമിഴ്നാട് സർക്കാരിന്റെയും അപേക്ഷയെ തുടർന്നായിരുന്നു ഇത്.

ഏതു നിമിഷവും തൂക്കിലേറ്റപ്പെടുമെന്ന ഭീതിയിലായിരുന്നു 1999 മുതൽ ബാക്കിയുള്ളവരുടെ ജീവിതം. ഒടുവിൽ ഇവരുടെ ദയാഹർജിയിൽ തീരുമാനമെടുക്കാതായിട്ട് 11 വർഷമായെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി 2014–ൽ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഇതിലേക്ക് നയിച്ച ചില കാര്യങ്ങൾ കൂടിയുണ്ട്. അതിൽ അന്തരിച്ച മുൻ സുപ്രീം കോടതി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർക്കും പങ്കുണ്ട്.

∙ ജസ്റ്റിസ് കൃഷ്ണയ്യരും ത്യാഗരാജന്റെ തുറന്നു പറച്ചിലും

പേരറിവാളനുമായി എന്നും അടുപ്പം പുലർത്തിയിരുന്നു ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പീപ്പിൾസ് മൂവ്മെന്റ് എഗനസ്റ്റ് ഡെത്ത് പെനാൽറ്റി (PMADP) എന്ന സന്നദ്ധ സംഘടനയുടെതായി ഒരു ഡോക്യുമെന്ററി 2013–ൽ പുറത്തിറങ്ങി.

രാജീവ് ഗാന്ധിയുടെ സംസ്കാര വേളയിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ.

സിബിഐയുടെ കേരള ബ്രാഞ്ചിൽ എസ്പി ആയിരുന്ന വി. ത്യാഗരാജൻ ഐപിഎസിന്റെ വെളിപ്പെടുത്തലായിരുന്നു അതിൽ ഉണ്ടായിരുന്നത്. ‌1991–ൽ കുറ്റാരോപിതരുടെ മൊഴി രേഖപ്പെടുത്താൻ ചുമതല ത്യാഗരാജനായിരുന്നു. പേരറിവാളന്റെ കുറ്റസമ്മത മൊഴി പദാനുപദം അല്ലെങ്കിൽ ‌യഥാർഥത്തിലുള്ളതു പോലെ രേഖപ്പെടുത്തുന്നതിൽ സിബിഐ പരാജയപ്പെട്ടു എന്നായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തലിന്റെ ഉള്ളടക്കം.

‘‘അവരെന്തിനാണ് തന്നോട് ബാറ്ററി വാങ്ങാൻ പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് ‘അറിവ്’ എന്നോടു പറഞ്ഞു. എന്നാൽ ‍ഞാനാക്കാര്യം മൊഴിയിൽ രേഖപ്പെടുത്തിയില്ല. കേസന്വേഷണം പുരോഗമിക്കുകയായിരുന്നു, അതുകൊണ്ടു തന്നെ ആ പ്രത്യേക വാക്യം ഞാൻ രേഖപ്പെടുത്തിയില്ല. നിയമപരമായി പറയുകയാണെങ്കിൽ മൊഴി അങ്ങനെ തന്നെ രേഖപ്പെടുത്തണം എന്നാണ്. എന്നാൽ നമ്മൾ പലപ്പോഴും അങ്ങനെ ചെയ്യാറില്ല’’, – ത്യാഗരാജൻ പറ​ഞ്ഞു.

ശ്രീപെരുംപുത്തൂരിലെ സ്മാരകം.

രാജീവ് ഗാന്ധിയെ വധിക്കുന്നതിനു മുമ്പ് ശിവരശൻ എൽടിടിഇ ആസ്ഥാനത്തേക്ക് പൊട്ടു അമ്മന് അയച്ച വയർലെസ് സന്ദേശത്തിലും പറയുന്നത് കൊലപ്പെടുത്തുന്ന കാര്യം ആരുമായും പങ്കുവച്ചിട്ടില്ല, മൂന്നു പേർക്ക്– ശിവരശൻ, തനു, ശുഭ– മാത്രമേ അത് അറിയൂ എന്നാണ്. അത് കൃത്യമായ തെളിവുള്ള കാര്യമാണ് എന്നും അദ്ദേഹം പറയുന്നു.

‘‘അതുകൊണ്ടു തന്നെ അവിടെയൊരു കൊലപാതകം നടക്കാൻ പോകുന്ന കാര്യം പേരറിവാളന് അറിവുണ്ടായിരുന്നില്ല. അങ്ങനെയാകുമ്പോൾ കൊലപാതകത്തിന് നമുക്കെങ്ങനെയാണ് ഒരാളെ ഉൾപ്പെടുത്താനാകുക? അത് ലോജിക്കില്ലാത്ത കാര്യവും തെളിവുകൾക്ക് എതിരുമാണ്. അതുകൊണ്ടു തന്നെ കടുത്ത ശിക്ഷ നൽകിയിട്ടുണ്ടെങ്കിൽ ഏത് വിധത്തിൽ നോക്കിയാലും നീതി നിഷേധം തന്നെയാണ് നടന്നിട്ടുള്ളത് എന്നു പറയാം’’.

രാജീവ് ഗാന്ധിയുടെ വിയോഗം സംബന്ധിച്ച് മലയാള മനോരമയിൽ വന്ന റിപ്പോർട്ട്.

2017–ൽ ത്യാഗരാജൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇങ്ങനെ പറഞ്ഞു– ‘‘ആ ബാറ്ററികൾ വാങ്ങുമ്പോൾ അതെന്തിനു വേണ്ടിയാണെന്ന കാര്യത്തിൽ പേരറിവാളന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന മൊഴിയില്ലാതെ ആ കുറ്റസമ്മതം നിലനിൽക്കില്ല. അതിനാൽ ഞാൻ മൊഴിയിലെ ഒരു ഭാഗം മാറ്റി എന്റേതായ രീതിയിൽ എഴുതിച്ചേർക്കുകയായിരുന്നു’’.

∙ ജസ്റ്റിസ് കെ.ടി തോമസിന്റെ ഇടപെടൽ

1999ൽ പേരറിവാളൻ ഉൾപ്പെടെയുള്ളവരെ വധശിക്ഷയ്ക്ക് വിധിച്ചത് ജസ്റ്റിസ് കെ.ടി. തോമസിന്റെ നേതൃത്വത്തിലുള്ള ബഞ്ചായിരുന്നു. ‘‘എനിക്ക് അദ്ദേഹത്തെ കാണാൻ തോന്നുന്നു. പേരറിവാളൻ, താങ്കൾക്ക് സമയമുണ്ടെങ്കിൽ ദയവായി എന്നെ സന്ദർശിക്കുക. ഇത്ര നീണ്ട കാലം തടവും ഒടുവൽ 50–ാം വയസിൽ മോചിതനാവുകയും ചെയ്ത ഒരാളോട് ‍ഞാന്‍ വേറെന്തു പറയും? പേരറിവാളൻ ഉടൻ വിവാഹം കഴിക്കണം. പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷത്തോടെ ജീവിക്കണം. പേരറിവാളൻ മോചിതനായതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ അദ്ദേഹത്തിന്റെ അമ്മ അർപ്പുതമ്മാളിന് നൽകുന്നു. അവരാണ് മുഴുവൻ ക്രെഡിറ്റും അർഹിക്കുന്നത്’’, ഒരു ദേശീയ മാധ്യമത്തോട് ജസ്റ്റിസ് തോമസ് പറഞ്ഞ വാക്കുകൾ.

സംസ്കാരച്ചടങ്ങിനായി 1991 മേയ് 24 ന് രാജീവ് ഗാന്ധിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഡൽഹിയിലൂടെ കടന്നുപോയപ്പോൾ. ഫയൽ ചിത്രം – STEFAN ELLIS / AFP

1999–ൽ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കുന്ന കാര്യത്തില്‍ വിരുദ്ധാഭിപ്രായമായിരുന്നു എന്ന് ജസ്റ്റിസ് തോമസ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ‘‘എവിഡന്‍സ് ആക്ട് അനുസരിച്ച് പ്രതിയുടെ കുറ്റസമ്മത മൊഴി മറ്റ് തെളിവുകൾക്ക് ഉറപ്പു നൽകാൻ മാത്രമാണ് ഉപയോഗിക്കുക. പക്ഷേ എനിക്കൊപ്പം ആ ബഞ്ചിലുണ്ടായിരുന്ന മറ്റ് രണ്ട് ജഡ്ജിമാരും ഇത് അംഗികരിച്ചില്ല. ഇത് പ്രധാന തെളിവായി തന്നെ സ്വീകരിക്കണമെന്ന് അവർ ശഠിച്ചു. ഒരു തെറ്റായ നിയമവഴി സ‍ൃഷ്ടിക്കാതിരിക്കാൻ ‍‌‍ഞാൻ ഇരുവരെയും വീട്ടിലേക്ക് ക്ഷണിച്ച് ചർച്ച ചെയ്തു. അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ടാഡയുടെ അടിസ്ഥാനത്തില്‍ നടത്തിയിട്ടുള്ള കുറ്റസമ്മത മൊഴി പ്രധാന തെളിവായി സ്വീകരിക്കണം എന്നായിരുന്നു ഭൂരിപക്ഷ തീരുമാനം. പിന്നീട് പല നിയമവിദഗ്ധരും ഈ കേസിലെ ആ ഭൂരിപക്ഷ വിധി ശരിയായതല്ലെന്ന് എന്നോടു പറഞ്ഞിട്ടുണ്ട്’’, – അദ്ദേഹം 2017–ൽ അഭിപ്രായപ്പെട്ടു.

23 വർഷം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം അവരെ തൂക്കിലേറ്റുന്നത് ഒരു കുറ്റത്തിന് രണ്ടു തവണ ശിക്ഷ അനുഭവിക്കുന്നതു പോലെയാണെന്നും ജസ്റ്റിസ് കെ.ടി.തോമസ് 2013–ൽ അഭിപ്രായപ്പെട്ടു. തൊട്ടടുത്ത വർഷമാണ് സുപ്രീം കോടതി ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നത്.

ജസ്റ്റിസ് കെ.ടി.തോമസ്.

∙ ടാഡ കോടതിയും തെളിവുകളും

ക്രൂരമായ പീഡനവും ഏകാന്തവാസവുമൊക്കെയാണ് കസ്റ്റഡിയിൽ പേരറിവാളന് ഏൽക്കേണ്ടി വന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ കുറ്റസമ്മത മൊഴി കൊടുക്കേണ്ടി വരുന്നത് പലപ്പോഴും ഇത്തരം പീഡനങ്ങളെ തുടർന്നായിരിക്കും. അതുെകാണ്ടാണ് അത് കുറ്റം ചെയ്തതായ സമ്മതമായി കണക്കാക്കരുതെന്നു പറയുന്നത്.

എന്നാൽ ടാഡ നിയമത്തിലെ സെക്‌ഷൻ 15 അനുസരിച്ച് പ്രതികൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന മൊഴി തെളിവായി സ്വീകരിക്കാം എന്നാണ്. രാജീവ് ഗാന്ധി വധക്കേസിൽ തുടക്കത്തിൽ അറസ്റ്റിലായ 26 പേരിൽ 17 പേരാണ് ഈ വിധത്തിൽ കുറ്റസമ്മത മൊഴി നൽകിയത്. ഒൻപതു പേരെ വിട്ടയച്ചു. മറ്റ് 17 പേർക്കുമെതിരായ കുറ്റം ‌ചുമത്തിയത് അവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. 1995–ൽ കേന്ദ്ര സർക്കാർ ടാഡ പിൻവലിച്ചു. 1999–ൽ പേരറിവാളൻ ഉൾപ്പെടെ കേസിൽ ആദ്യം അറസ്റ്റ് ചെയ്ത 26 പേർക്കെതിരെയും ടാഡ പ്രകാരം ചുമത്തിയ കേസുകൾ സുപ്രീം കോടതി ഒഴിവാക്കി. ടാഡ ഒഴിവാക്കിയെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ നൽകിയ കുറ്റസമ്മത മൊഴി മാത്രം നിലനിന്നു എന്നതാണ് ഈ കേസിൽ ശ്രദ്ധേയം. എവിഡൻസ് ആക്ടിലെ സെക്‌ഷൻ 25 അനുസരിച്ച് പൊലീസ് കസ്റ്റഡിയിൽ പ്രതികൾ നൽകുന്ന െമാഴി കോടതിയിൽ തെളിവായി സ്വീകരിക്കാറില്ല. എന്നാൽ ടാഡ നിയമത്തിലെ സെക്‌ഷൻ 15 അനുസരിച്ച് നൽകിയ മൊഴി തെളിവായി സ്വീകരിക്കുകയും ചെയ്തു എന്നതാണ് ഇവിടെ സംഭവിച്ചത്.

രാജീവ് ഗാന്ധി.

രണ്ട് 9 വോൾട്ട് ബാറ്ററി സംബന്ധിച്ച് പേരറിവാളന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ നാലു പേരെയായിരുന്നു ടാഡ കോടതി വിസ്തരിച്ചത്. ഇതിൽ മൂന്നു പേരും ബോംബും ബാറ്ററിയും സംബന്ധിച്ച് വിദഗ്ധാഭിപ്രായം നൽകിയ ഫോറൻസിക് വിദഗ്ധരായിരുന്നു. നാലാമത്തെയാൾ പേരറിവാളന് ബാറ്ററി വിറ്റുവെന്ന് പറയുന്ന കടയിലെ ഒരു ജോലിക്കാരൻ. എന്നാൽ ഈ കടക്കാരന്റെ മൊഴിയിൽ പേരറിവാളന്റെ മോചനത്തിനായി വാദിച്ചവർ നേരത്തെ മുതൽ സംശയം ഉന്നയിച്ചിരുന്നു.

∙ ജീവന് വേണ്ടി പേരറിവാളൻ നടത്തിയ പോരാട്ടങ്ങളും എംഡിഎംഎയും

2015-ലാണ് ഭരണഘടനയുടെ 161–ാം അനുച്ഛേദ പ്രകാരം തന്നെ മോചിപ്പിക്കണമെന്ന് പേരറിവാളൻ തമിഴ്നാട് ഗവർണറോട് അപേക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമൊന്നും ഉണ്ടാകാതെ വന്നതോടെ പേരറിവാളന്റെ അമ്മ മകനു വേണ്ടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അതേ വർഷം തന്നെ രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും ഭരണഘടനയുടെ അനുച്ഛേദം 161 അനുസരിച്ച് മോചിപ്പിക്കാൻ തമിഴ്നാട് മന്ത്രിസഭ ശുപാർശ ചെയ്തു. പ്രതികൾക്ക് മാപ്പു നൽകാനോ ശിക്ഷ ഇളവു ചെയ്യാനോ ഗവർണർക്ക് അധികാരം നൽകുന്ന വകുപ്പാണിത്.

പേരറിവാളൻ, രാജീവ് ഗാന്ധി.

2020 ജൂലൈയിൽ തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ച കാര്യം മൾട്ടി ഡിസിപ്ലിനറി മോണിട്ടറിങ് ഏജൻസി (എംഡിഎംഎ) ഇക്കാര്യത്തിൽ അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും എന്നായിരുന്നു. പേരറിവാളൻ തങ്ങളുടെ അന്വേഷണ പരിധിയിൽ ഇല്ലെന്ന് ഈ അന്വേഷണ സംഘം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

രാജീവ് വധമന്വേഷിച്ച എം.സി ജയിൻ കമ്മീഷന്റെ റിപ്പോർട്ടിൽ കൊലപാതകത്തിലേക്ക് നയിച്ച വിശദമായ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് എംഡിഎംഎ ഇതന്വേഷിക്കുന്നത്. ഈ കേസിൽ ഇനിയും പിടികൂടാത്തവർ, ഇതിൽ ഉൾപ്പെട്ട ഇന്ത്യക്കാരുടെയും ശ്രീലങ്കക്കാരുടെയും പങ്ക് തുടങ്ങിയവയാണ് അന്വേഷണ പരിധിയിൽ വരിക.

എന്നാൽ ഈ എംഡിഎംഎ എന്തെങ്കിലും നിർണായക പുരോഗതി പിന്നീട് ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെന്നാണ് പുറത്തു വരുന്ന പല റിപ്പോർട്ടുകളും പറയുന്നത്. ജയിൻ കമ്മീഷൻ തുടർ അന്വേഷണം വേണ്ടതായി പറഞ്ഞ ഒന്നായിരുന്നു വിവാദ സന്യാസി ചന്ദ്രസ്വാമിയുടെ ഇടപെടലുകൾ. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസത്തെ ചന്ദ്രസ്വാമിയുടെ യാത്രാരേഖകളും ഫോൺരേഖകളുമൊക്ക അപ്രത്യക്ഷമായെന്ന് നിരീക്ഷിച്ച കമ്മീഷൻ ഇയാളുടെ കാര്യത്തിൽ അന്വേഷണം വേണമെന്ന് നിർദേശിച്ചിരുന്നു. രാജ്യാന്തര ഗൂഡാലോചന അടക്കം അന്വേഷിക്കണം എന്നായിരുന്നു നിർദേശം. 2017–ൽ ചന്ദ്രസ്വാമി അന്തരിക്കുകയും ചെയ്തു.

ആരാണ് തനു ധരിച്ചിരുന്ന ബെൽറ്റ് ബോംബ് ഉണ്ടാക്കിയതെന്ന് സംബന്ധിച്ചും വ്യക്തമായ ധാരണകൾ ഇല്ലെന്നതാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ചെന്നൈയിൽ വച്ച് ഒരു ശേഖറാണ് ബോംബ് നിർമിച്ചതെന്ന് കൊളംബോയിലുള്ള നിക്സൻ എന്നൊരാൾ സിബിഐയോട് പറഞ്ഞിരുന്നു എന്നും ഇക്കാര്യത്തിൽ പിന്നീട് അന്വേഷണം ഒന്നുമുണ്ടായില്ല എന്നും ആരോപണമുയർന്നിരുന്നു. ശ്രീലങ്കൻ പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന നിക്സനെ ചോദ്യം ചെയ്തിട്ടില്ലെന്നും കമ്മീഷൻ പറയുന്നുണ്ട്. ഇക്കാര്യങ്ങളിൽ എംഡിഎംഎ രൂപീകരിച്ച് അന്വേഷണം നടത്താനായിരുന്നു നിര്‍ദേശം. എന്നാൽ ഈ എംഡിഎംഎ അന്വേഷണം ചൂണ്ടിക്കാട്ടി പലപ്പോഴും പേരറിവാളന്റെ അപേക്ഷകളിൽ തീരുമാനമെടുക്കാതിരിക്കലാണ് സംഭവിച്ചത് എന്നു മാത്രം. ഒടുവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി തന്നെ ഇടപെട്ടതും പേരറിവാളനെ മോചിപ്പിക്കുന്നതും.

English Summary: 31 years of jail, the many turns in Perarivalan’s case