ചൈനയെ ഞെട്ടിക്കും ഇന്ത്യയുടെ ഈ നീക്കം; ഭൂമിക്കടിയിലൂടെ വരും 'തുരങ്ക ത്രിമൂർത്തികൾ'
ബ്രഹ്മപുത്രയിലെ ഈ ‘തുരങ്കത്രിമൂർത്തി’കളുടെ ദൗത്യം എന്താണ്? നദിയുടെ അടിയിലൂടെ ഇന്ത്യ തുരങ്ക ഭീമന്മാരെ നിർമിക്കുമ്പോൾ ലോകം എന്തിനാണ് ഉറ്റു നോക്കുന്നത്? അതിർത്തിയിൽ പാലവും റോഡും പണിയുന്ന ചൈനയ്ക്കുള്ള മറുപടിയാണോ ഈ തുരങ്കങ്ങൾ? സമുദ്രം പോലെ പരന്നു കിടക്കുന്ന ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെ നിർമിക്കുന്ന ആ തുരങ്കം സൈനിക രംഗത്തു വലിയ മാറ്റങ്ങൾക്കു വഴിവെട്ടും... India, China, BrahmaPutra, Tawang
ബ്രഹ്മപുത്രയിലെ ഈ ‘തുരങ്കത്രിമൂർത്തി’കളുടെ ദൗത്യം എന്താണ്? നദിയുടെ അടിയിലൂടെ ഇന്ത്യ തുരങ്ക ഭീമന്മാരെ നിർമിക്കുമ്പോൾ ലോകം എന്തിനാണ് ഉറ്റു നോക്കുന്നത്? അതിർത്തിയിൽ പാലവും റോഡും പണിയുന്ന ചൈനയ്ക്കുള്ള മറുപടിയാണോ ഈ തുരങ്കങ്ങൾ? സമുദ്രം പോലെ പരന്നു കിടക്കുന്ന ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെ നിർമിക്കുന്ന ആ തുരങ്കം സൈനിക രംഗത്തു വലിയ മാറ്റങ്ങൾക്കു വഴിവെട്ടും... India, China, BrahmaPutra, Tawang
ബ്രഹ്മപുത്രയിലെ ഈ ‘തുരങ്കത്രിമൂർത്തി’കളുടെ ദൗത്യം എന്താണ്? നദിയുടെ അടിയിലൂടെ ഇന്ത്യ തുരങ്ക ഭീമന്മാരെ നിർമിക്കുമ്പോൾ ലോകം എന്തിനാണ് ഉറ്റു നോക്കുന്നത്? അതിർത്തിയിൽ പാലവും റോഡും പണിയുന്ന ചൈനയ്ക്കുള്ള മറുപടിയാണോ ഈ തുരങ്കങ്ങൾ? സമുദ്രം പോലെ പരന്നു കിടക്കുന്ന ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെ നിർമിക്കുന്ന ആ തുരങ്കം സൈനിക രംഗത്തു വലിയ മാറ്റങ്ങൾക്കു വഴിവെട്ടും... India, China, BrahmaPutra, Tawang
ബ്രഹ്മപുത്രയിലെ ഈ ‘തുരങ്കത്രിമൂർത്തി’കളുടെ ദൗത്യം എന്താണ്? നദിയുടെ അടിയിലൂടെ ഇന്ത്യ തുരങ്ക ഭീമന്മാരെ നിർമിക്കുമ്പോൾ ലോകം എന്തിനാണ് ഉറ്റു നോക്കുന്നത്? അതിർത്തിയിൽ പാലവും റോഡും പണിയുന്ന ചൈനയ്ക്കുള്ള മറുപടിയാണോ ഈ തുരങ്കങ്ങൾ? സമുദ്രം പോലെ പരന്നു കിടക്കുന്ന ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെ നിർമിക്കുന്ന ആ തുരങ്കം സൈനിക രംഗത്തു വലിയ മാറ്റങ്ങൾക്കു വഴിവെട്ടും. ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റോഡ്- റെയിൽ തുരങ്കങ്ങളാണിത്. അസമിലെ തേസ്പൂരിന് സമീപം ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടിലൂടെ 9.8 കിലോമീറ്റർ ദൈർഘ്യത്തിലുള്ള തുരങ്കം അസമും അരുണാചൽ പ്രദേശും തമ്മിലുള്ള ദൂരം കുറയ്ക്കും. ഏഴായിരം കോടി രൂപ ചെലവു വരുന്ന തുരങ്കം രണ്ടര വർഷം കൊണ്ടു പൂർത്തിയാകുമെന്നാണ് കരുതുന്നത്. സൈനിക നീക്കങ്ങൾക്ക് ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള തുരങ്കത്തിന്റെ നിർമാണം വൈകാതെ ആരംഭിക്കും. ഭൂമിക്കടിയിൽ ഒളിഞ്ഞുകിടക്കുന്ന ഈ തുരങ്ക ഭീമന്മാരുടെ ചുമതലകൾ പലതാണ്.
തുരങ്കങ്ങൾ മൂന്ന്
രാജ്യാതിർത്തികൾക്കു കുറുകെ ഒഴുകുന്ന നദിയായ ബ്രഹ്മപുത്രയെ മെരുക്കാനുള്ള രാജ്യത്തിന്റെ ശ്രമം കൂടിയാണ് പുതിയ തുരങ്കം. നിലവിൽ അഞ്ച് പാലങ്ങൾ മാത്രമാണ് ബ്രഹ്മപുത്രയ്ക്കു കുറുകെയുള്ളത്. മഹാസമുദ്രം പോലെ കരകാണാതെ നിൽക്കുന്ന ബ്രഹ്മപുത്രയുടെ കൂറുകെയുള്ള സഞ്ചാരം എപ്പോഴും വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. അഞ്ചര കിലോമീറ്ററാണ് ബ്രഹ്മപുത്രയുടെ ശരാശരി വീതി. പലപ്പോഴും കരകാണാത്ത അത്ര വീതി നദിക്കുണ്ടാകും. തേസ്പൂരിനു സമീപം നിലവിലുള്ള കോലിയ ബൊമോറ പാലത്തിനു സമീപം നദിയുടെ അടിത്തട്ടിലൂടെയാണ് പുതിയ തുരങ്കം നിർമിക്കുന്നത്. ബോർഡർ റോഡ് ഓർഗനൈസേഷന്റെ സാങ്കേതിക സഹായത്തോടെ മൂന്നു തുരങ്കങ്ങൾ നിർമിക്കാനാണു തീരുമാനം. ഒരു തുരങ്കം റോഡ് ഗതാഗതത്തിനും ഒരെണ്ണം റയിൽ ഗതാഗതത്തിനും ഒന്ന് അവശ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കും. മൂന്നു തുരങ്കങ്ങളും തമ്മിൽ പലയിടങ്ങളിലായി ബന്ധിപ്പിക്കും. ജകലബന്ധ റെയിൽവേ സ്റ്റേഷനെയും ദലിയാബീൽ റെയിൽവേ സ്റ്റേഷനെയും ഇതു ബന്ധിപ്പിക്കും. അരുണാചൽപ്രദേശിനോടു ചേർന്നുള്ള ചൈന അതിർത്തിയിലേക്കുള്ള ഇന്ത്യയുടെ തന്ത്രപ്രധാന സൈനിക നീക്കങ്ങളുടെ മാർഗം കൂടിയായിരിക്കും ഈ മൾട്ടി ട്രാൻസ്പോർട്ട് ടണലുകൾ.
ചൈനാ അതിർത്തിയും ബ്രഹ്മപുത്രയിലെ പാലങ്ങളും
അരുണാചൽ പ്രദേശിലെ തവാങ്ങിനടുത്തായി ചൈന സൈനിക സന്നാഹങ്ങളൊരുക്കുന്നതിനെ ജാഗ്രതയോടെയാണ് ഇന്ത്യ കാണുന്നത്. സൈനികനീക്കങ്ങളിൽ ഇന്ത്യയ്ക്ക് എന്നും വെല്ലുവിളിയായി നിൽക്കുന്നതു ദുർഘടമായ കിഴക്കൻ ഹിമാലയം മാത്രമല്ല, ബ്രഹ്മപുത്ര നദികൂടിയാണ്. ചൈന അവകാശപ്പെടുന്ന ഇന്ത്യയുടെ പ്രദേശമാണ് ബുദ്ധ വിഹാരങ്ങളുടെ കേന്ദ്രമായ, മഞ്ഞിൽ കുളിച്ചുനിൽക്കുന്ന തവാങ്. 1962 ലെ യുദ്ധത്തിൽ ചൈന തവാങ് പിടിച്ചടക്കിയിരുന്നെങ്കിലും പിന്നീടു പിൻമാറുകയായിരുന്നു.
തവാങ് ഉൾപ്പെടെയുള്ള ചൈന അതിർത്തി പ്രദേശങ്ങളിലേക്കുള്ള റോഡ്- റെയിൽ കണക്ടിവിറ്റിക്കായുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ സമീപകാലത്തായി വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ-റോഡ് തുരങ്കം ഇതിന്റെ ഭാഗമാണ്. നിലവിൽ തവാങ്ങിലേക്കു റോഡ് തുരങ്കങ്ങൾ നിർമിക്കുന്നുണ്ട്. ഭൂപൻഹസാരിക സേതുവെന്ന് അറിയപ്പെടുന്ന ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള ദോല-സദിയ പാലം അഞ്ചു വർഷം മുൻപാണു തുറന്നത്. 9.15 കിലോമീറ്റർ നീളമുള്ള പാലം ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നദീ പാലം കൂടിയാണ്. ടാങ്കുകൾ ഉൾപ്പെടെയുള്ള ഭാരമേറിയ സൈനിക വാഹനങ്ങളെക്കൂടി വഹിക്കാനായി ഡിസൈൻ ചെയ്തതാണ് ദോല-സദിയ പാലം. ഗുവാഹത്തി നഗരത്തിലുള്ള സൊറായ്ഘട്ട് പാലം, തേസ്പൂരിലെ കോലിയ ബൊമോറ പാലം, ബോഗിബീൽ പാലം, നരനാരായൺ സേതു, ദോല-സദിയ പാലം എന്നിവയാണ് ബ്രഹ്മപുത്രയ്ക്കു കുറുകയുള്ള അഞ്ചു പാലങ്ങൾ.
മഹാബാഹു ബ്രഹ്മപുത്ര
ഭൂപൻ ഹസാരികയുടെ ഗാനത്തിലെന്നപോലെ നീണ്ട കൈകാലുകളുള്ള മഹാനദിയാണ് ബ്രഹ്മപുത്ര. കൈലാസത്തിൽ നിന്നാരംഭിച്ച് ടിബറ്റ് വഴി അരുണാചൽ പ്രദേശിലെത്തി, അസമിനു കുറുകെ ഒഴുകി ബംഗ്ലദേശിലെത്തി ബംഗാൾ ഉൾക്കടലിൽ അവസാനിക്കുന്ന നദി അസമിന്റെ ദുഖവും സന്തോഷവുമാണ്. ബ്രഹ്മപുത്രയുടെ പോഷകനദികൾ പോലും ഭീമാകാരങ്ങളാണ്. ബ്രഹ്മപുത്ര നദിയിലെ വർഷം തോറുമുള്ള വെള്ളപ്പൊക്കം ആയിരക്കണക്കിന് ഗ്രാമങ്ങളെയാണു തുടച്ചുനീക്കിയത്. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മാജുലിയുടെ മൂന്നിൽ രണ്ടു ഭാഗം ബ്രഹ്മപുത്ര തുടച്ചുനീക്കി.
ആരു മെരുക്കും ഈ ബ്രഹ്മപുത്രയെ!
ഇന്ത്യയിലെ മിക്ക നദികളെയും മെരുക്കാൻ സാങ്കേതിക വിദ്യയ്ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും ബ്രഹ്മപുത്ര നദി ഇന്നും എൻജിനീയർമാർക്കു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ബ്രഹ്മപുത്ര, ബരാക്ക് താഴ്‍വരകളിലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇന്നും അസമിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്ത വെല്ലുവിളിയാണ്. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയ, ആയിരക്കണക്കിനു ഗ്രാമങ്ങളെ തുടച്ചുനീക്കിയ വെള്ളപ്പൊക്കത്തെ നേരിടാനാണു കേന്ദ്ര സർക്കാർ ബ്രഹ്മപുത്ര ബോർഡ് 1980ൽ സ്ഥാപിച്ചത്. സഹസ്രകോടികൾ ചെലവഴിച്ചിട്ടും, പലതരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടും, നദിയെ നിയന്ത്രിക്കാൻ മനുഷ്യനായിട്ടില്ല. ഓരോ വർഷവും വെള്ളപ്പാച്ചിലിൽ ഗതിമാറിയൊഴുകുന്ന നദി മനുഷ്യരെ മാത്രമല്ല, കസിരംഗ ഉൾപ്പെടെയുള്ള ദേശീയോദ്യാനങ്ങളെയും ജൈവസമ്പത്തിനെയും കാർന്നുതിന്നുന്നു. അതേസമയം തന്നെ എക്കലുകളും മറ്റും നിക്ഷേപിച്ച് ആയിരക്കണക്കിന് ഗ്രാമങ്ങളെ ഫലഭൂയിഷ്‌ഠമാക്കുകയും ചെയ്യുന്നു.
അസം വെള്ളപ്പൊക്കങ്ങൾ, ഇല്ലാതാകുന്ന മാജുലി ദ്വീപ്
മൺസൂൺ ആരംഭിക്കും മുൻപേ മഴക്കെടുതികൾ ബ്രഹ്മപുത്ര തീരങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. പ്രീ–മൺസൂൺ മഴയിൽ അസമിലെ ഹിൽ സ്റ്റേഷനായ ദിമഹസാവോ തകർന്നുതരിപ്പണമായി. 56 സ്ഥലങ്ങളിലാണു തീവണ്ടിപ്പാതകൾ തകർന്നത്. പാതകൾക്കു കീഴിലുള്ള മണ്ണ് ഒലിച്ചുപോയതിനാൽ പാലങ്ങൾ പോലെ തീവണ്ടിപ്പാതകൾ ഭൂമിയിൽ നിന്ന് ഉയർന്നുനിൽക്കുകയാണ്. ഹഫ് ലോങ് റെയിൽവേ സ്റ്റേഷൻ മലയിടിച്ചിലിൽ മുങ്ങി. നിർത്തിയിട്ട ട്രെയിനുകൾ മറിഞ്ഞുവീണു. വ്യോമസേനയുടെ ഹെലികോപ്റ്ററുകളിലാണ് ട്രെയിൻ യാത്രക്കാരെ രക്ഷപ്പെടുത്തിയത്. മണിപ്പൂർ, ത്രിപുര, മിസോറം സംസ്ഥാനങ്ങളിലേക്കുള്ള റെയിൽ വഴിയുള്ള ചരക്കുനീക്കം സ്തംഭിച്ചതോടെ പെട്രോൾ ഉൾപ്പെടെയുള്ളവയ്ക്കു റേഷൻ ഏർപ്പെടുത്തിയിരിക്കുകയാണ് ഈ സംസ്ഥാനങ്ങളിലെ സർക്കാരുകൾ. മൺസൂണിനു മുൻപായി ഏഴു ലക്ഷത്തോളം ജനങ്ങളെ ബാധിച്ച മഴക്കെടുതിയും വെള്ളപ്പൊക്കവും ജൂൺ -ഓഗസ്റ്റ് മാസങ്ങളിലെ വെള്ളപ്പൊക്കത്തിലൂടെ എല്ലാ പരിധികളും ലംഘിക്കുമെന്നു ജനങ്ങൾ കരുതുന്നു.
പ്രളയം ഇവിടെ ദിനചര്യ
അടുത്തിടെ നടന്ന രണ്ടു മഹാപ്രളയങ്ങളാണു കേരളത്തെ പ്രളയത്തിന്റെ ആഘാതത്തെക്കുറിച്ചു കൂടുതൽ ബോധവാൻമാരാക്കിയത്. എന്നാൽ എല്ലാ വർഷവും മഹാപ്രളയങ്ങൾ അനുഭവിക്കുകയാണ് ബ്രഹ്മപുത്ര തടങ്ങളിൽ അധിവസിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങൾ. ഒരു കാലത്ത് 1250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ബ്രഹ്മപുത്രിയിലെ മാജുലി ദ്വീപിന്റെ ഇന്നത്തെ വിസ്തൃതി കേവലം 515 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ദ്വീപിന്റെ മൂന്നിൽ രണ്ടു ഭാഗത്തോളം പുഴയെടുത്തു കഴിഞ്ഞു. അനവധി ഗ്രാമങ്ങളാണ് ഓരോ വർഷവും തുടച്ചുനീക്കപ്പെടുന്നത്. വെള്ളപ്പൊക്കം ഇതുപോലെ തുടരുകയാണെങ്കിൽ, ഹിമാലയത്തിലെ മഞ്ഞുരുക്കം തീവ്രമാകുകയാണെങ്കിൽ, 2040 കഴിയുന്നതോടെ ഒന്നരലക്ഷത്തോളം ജനങ്ങൾ പാർക്കുന്ന ദ്വീപ് പൂർണമായും അപ്രത്യക്ഷമാകുമെന്ന് വിദഗ്ധരും ചുണ്ടിക്കാട്ടുന്നു.
ഗോത്രവിഭാഗക്കാരായ മിഷിങ്ങുകളാണ് മാജുലിയിലെ പ്രധാന അന്തേവാസികൾ. നിയോ വൈഷ്ണവ സംസ്കാരത്തിന്റെ ഭാഗമായ അനവധി വൈഷ്ണവ സത്രങ്ങളാണ് ദ്വീപിലുണ്ടായിരുന്നത്. ഇവയിൽ ഭൂരിപക്ഷവും വെള്ളപ്പൊക്ക ദുരന്തങ്ങൾ കാരണം അസമിന്റെ മറ്റു ഭാഗങ്ങളിലേക്കു പറിച്ചുനട്ടു. നദിയെ ആശ്രയിച്ചു കഴിയുന്ന മിഷിങ് ഗോത്രക്കാർ മുളങ്കാലുകൾ നാട്ടിയ വീടുകളിലാണ് ഇന്നും കഴിയുന്നത്. പലയിടത്തും മുളങ്കാലുകൾക്കു പകരം കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രളയകാലത്ത് മുളങ്കാലുകളിൽ സ്ഥാപിച്ച വീടുകളാണ് അവരെ സുരക്ഷിതരാക്കി നിർത്തുന്നത്. വർഷകാലത്ത് വീടിനു താഴെ വെള്ളമായിരിക്കും. പശു ഉൾപ്പെടെയുള്ള വലിയ മൃഗങ്ങളെ ഈ കാലത്ത് അഴിച്ചുവിടുകയാണ് മിഷിങ്ങുകൾ ചെയ്യുന്നത്. ചെറിയ തുരുത്തുകളിൽ അഭയം തേടുന്ന മൃഗങ്ങൾ വെള്ളപ്പൊക്ക ശേഷം തിരികെയെത്തുന്നു.
കസിരംഗയിലെ വെള്ളപ്പൊക്കം
ലോക പൈതൃക കേന്ദ്രമായ കസിരംഗ മാത്രമല്ല ഗുവാഹത്തിക്ക് അടുത്തുള്ള പോബിത്തുറ വന്യമൃഗ സങ്കേതവും ഓരോ വർഷവും ബ്രഹ്മപുത്രയിൽ നിന്നുള്ള വെള്ളപ്പൊക്ക ദുരന്തത്തിന്റെ തീവ്രത അറിയുന്നു. ലോകപ്രശസ്തമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ ആവാസകേന്ദ്രമായ കസിരംഗയിൽ എല്ലാ വർഷവും വന്യജീവി കേന്ദ്രത്തിന്റെ 80 ശതമാനത്തിലധികം വെള്ളത്തിനടിയിലാകാറുണ്ട്. കാണ്ടാമൃഗങ്ങളും കടുവകളും ഉൾപ്പെടെ നൂറു കണക്കിന് വന്യമൃഗങ്ങളാണ് ഓരോ വർഷവും കൊല്ലപ്പെടുന്നത്. മൃഗങ്ങളെ രക്ഷിക്കുന്നതിനായി പ്രത്യേക റെസ്ക്യൂ സേനയും കസിരംഗയ്ക്കുണ്ട്. വെള്ളപ്പൊക്ക സമയത്താണ് കസിരംഗയിൽ ഏറ്റവും കൂടുതൽ കാണ്ടാമൃഗ വേട്ടയും നടക്കുന്നത്. സൈനിക- അർധ സൈനിക സുരക്ഷ കസിരംഗയ്ക്ക് ഏർപ്പെടുത്തിയതിനാൽ സമീപകാലത്തായി കാണ്ടാമൃഗ വേട്ട കുത്തനെ കുറഞ്ഞിട്ടുണ്ട്.
അണ്ടർവാട്ടർ മെട്രോ ഇന്ത്യയിൽ
ബ്രഹ്മപുത്ര നദിക്കടിയിലൂടെയുള്ള തുരങ്കം നദിക്കടിയിലൂടെ രാജ്യത്തെ ആദ്യ റോഡ്- റെയിൽ തുരങ്കമാകുമെങ്കിലും ആദ്യത്തെ അണ്ടർവാട്ടർ മെട്രോ നിർമാണം കൊൽക്കത്തയിൽ അവസാനഘട്ടത്തിലാണ്. രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ കൊൽക്കത്തയിൽ അടുത്ത വർഷം തുറക്കും. കൊൽക്കത്തയെയും ഹൗറയെയും ബന്ധിപ്പിച്ച് ഹുഗ്ലി പുഴയ്ക്കടിയിലൂടെയുള്ള 16.6 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയിൽ 520 മീറ്ററാണ് അണ്ടർവാട്ടർ ടണലിന്റെ നീളം. പുഴയുടെ അടിത്തട്ടിൽ നിന്നും 33 മീറ്റർ താഴ്ചയിലാണു തുരങ്കം. കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷനാണു നിർമാതാക്കള്‍.
കൊൽക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന ഈസ്റ്റ് വെസ്റ്റ് ഹൗറ മെട്രോയുടെ നിർമാണത്തിന്റെ 80 ശതമാനവും പൂർത്തിയായിട്ടുണ്ട്. അപകടമുണ്ടായാൽ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനായി തുരങ്കത്തിനുള്ളിൽ പ്രത്യേക നടപ്പാതകളും നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഹൂഗ്ലിപ്പുഴയ്ക്ക് അടിയിൽ മെട്രോ സ്റ്റേഷനും ഉയരുന്നുണ്ട്.
English Summary: India’s first underwater road-rail tunnels to be built across Brahmaputra