‘മികച്ച പെണ്ണും സ്ത്രീധനവും കിട്ടും; ഇഷ്ടമുള്ളത് കൊടുത്തോയെന്ന ചോക്കലേറ്റ്’
![mrudula-devi-1 mrudula-devi-1](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/5/23/mrudula-devi-1.jpg?w=575&h=299)
വിവാഹസമ്മാനം, വീട്ടുകാരുടെ ഇഷ്ടത്തോടെ നൽകുന്നത്, അവൾക്കായി ഞങ്ങൾ കരുതിയത് തുടങ്ങി വിവിധ ടാഗുകളിലാണ് ഇന്നു സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും. ‘നിങ്ങളുടെ കുട്ടിക്കു നിങ്ങൾ ഇഷ്ടമുള്ളതു കൊടുത്തോ...ഞങ്ങൾക്ക് ഒന്നും വേണ്ട’ തുടങ്ങിയ രീതിയിൽ ‘കളർഫുൾ ചോക്കലേറ്റ്’ ആയാണു സ്ത്രീധന വിപണനം നടക്കുന്നത്... Dowry, Vismaya Case, Mrudula Devi
വിവാഹസമ്മാനം, വീട്ടുകാരുടെ ഇഷ്ടത്തോടെ നൽകുന്നത്, അവൾക്കായി ഞങ്ങൾ കരുതിയത് തുടങ്ങി വിവിധ ടാഗുകളിലാണ് ഇന്നു സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും. ‘നിങ്ങളുടെ കുട്ടിക്കു നിങ്ങൾ ഇഷ്ടമുള്ളതു കൊടുത്തോ...ഞങ്ങൾക്ക് ഒന്നും വേണ്ട’ തുടങ്ങിയ രീതിയിൽ ‘കളർഫുൾ ചോക്കലേറ്റ്’ ആയാണു സ്ത്രീധന വിപണനം നടക്കുന്നത്... Dowry, Vismaya Case, Mrudula Devi
വിവാഹസമ്മാനം, വീട്ടുകാരുടെ ഇഷ്ടത്തോടെ നൽകുന്നത്, അവൾക്കായി ഞങ്ങൾ കരുതിയത് തുടങ്ങി വിവിധ ടാഗുകളിലാണ് ഇന്നു സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും. ‘നിങ്ങളുടെ കുട്ടിക്കു നിങ്ങൾ ഇഷ്ടമുള്ളതു കൊടുത്തോ...ഞങ്ങൾക്ക് ഒന്നും വേണ്ട’ തുടങ്ങിയ രീതിയിൽ ‘കളർഫുൾ ചോക്കലേറ്റ്’ ആയാണു സ്ത്രീധന വിപണനം നടക്കുന്നത്... Dowry, Vismaya Case, Mrudula Devi
‘വിസ്മയ കേസിന്റെ വിധി വരുന്നതിന്റെ തലേന്നു സുഹൃത്തായ പെൺകുട്ടി ഫോണിൽ വിളിച്ചു. ഭർതൃവീട്ടുകാർ ഭർത്താവിന്റെ പിന്തുണയോടെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു എന്നു പറഞ്ഞ് അവൾ കരയുകയായിരുന്നു. കൊടുത്ത സ്ത്രീധനം കുറഞ്ഞുപോയെന്നും വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ലെന്നും പറഞ്ഞായിരുന്നു പീഡനം. തന്റെ മകന് ഇതിലും മികച്ച പെണ്ണിനെയും കൂടുതൽ സ്ത്രീധനവും നേടാനുള്ള യോഗ്യതയുണ്ടായിരുന്നു എന്നുള്ള കുത്തുവാക്കുകളും. കുഞ്ഞിനെ ഓർത്തുമാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന് ആ കുട്ടി പറഞ്ഞപ്പോൾ ആശ്വാസവാക്കുകൾ ഒന്നുംതന്നെ മനസ്സിൽ തെളിഞ്ഞില്ല. ഒരുതരം മരവിപ്പു മാത്രം.
സ്ത്രീധനത്തിന്റെ പേരിൽ പെണ്ണിനെ ക്രൂശിക്കുന്നവർക്കുള്ള വലിയ മറുപടിയായാണ് വിസ്മയക്കേസിലെ പ്രതി കിരൺ കുറ്റക്കാരനാണെന്ന വിധിയെ നോക്കിക്കാണുന്നത്’. ദലിത് ഫെമിനിസ്റ്റും ആക്ടിവിസ്റ്റും പാഠഭേദം മാസികയുടെ എഡിറ്ററുമായ എസ്. മൃദുലാദേവി പറയുന്നു. ഇനിയും കിരൺമാർ സമൂഹത്തിൽ ഉടലെടുക്കാതിരിക്കാൻ ഈ വിധി സഹായകമാകുമെന്നുള്ള പ്രതീക്ഷയാണുള്ളതെന്ന് അവർ മനോരമയോട് പറഞ്ഞു.
വിസ്മയയുടെ മരണം നടന്ന് ഒരുവർഷത്തിനുള്ളിൽതന്നെ കേസിന്റെ വിധി വന്നിരിക്കുന്നു. കാലതാമസം വരാതെയുള്ള വിധിയെ എങ്ങനെ നോക്കിക്കാണുന്നു?
ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങൾ പിന്തുടർന്ന കേസാണിത്. ഇതിൽനിന്ന് ഒഴിഞ്ഞുമാറാനോ മാറിനിൽക്കാനോ ആവാത്തവിധം ഭരണസംവിധാനം ഒപ്പംനിന്നു പിന്തുണയ്ക്കാൻ നിർബന്ധിതരായി എന്നതും വാസ്തവമാണ്. അടിത്തട്ടു മുതൽ സമൂഹത്തിന്റെ പ്രതിഷേധവും ഇടപെടലും മാധ്യമങ്ങളുടെ പിന്തുണയും കേസിൽ ഉണ്ടായിരുന്നു. ഈ വിധി ജനങ്ങളുടെ വിധിയെന്നു പറയാനാണു കൂടുതൽ ഇഷ്ടം. ജനങ്ങൾ പ്രെഷർ ഗ്രൂപ്പായി നിന്നാൽ ശ്രദ്ധേയമായ മാറ്റം സമൂഹത്തിൽ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ജനാധിപത്യം വ്യക്തി കേന്ദ്രീകൃതമാകാതെ സമൂഹത്തെ കേന്ദ്രീകരിച്ചാകുമ്പോൾ കൂടുതൽ ശക്തമാകുന്നു.
കിരൺ കുമാറിനു നൽകിയ ശിക്ഷയെ എങ്ങനെ വിലയിരുത്തുന്നു?
മാതൃകാപരമായ ശിക്ഷ എന്നു തന്നെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ജീവപര്യന്തം കിട്ടുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എങ്കിലും 10 വർഷം തടവും 12 ലക്ഷം പിഴയും എന്നത് അർഹിക്കുന്ന ശിക്ഷതന്നെയാണ്. കിരണിനൊപ്പം അയാളുടെ വീട്ടുകാരും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. അവരും കൂട്ടുപ്രതികൾ തന്നെയാണ്. വിസ്മയയുടെ വീട്ടുകാർക്കും ആശ്വാസകരമായ വിധിയാണെന്നാണു കരുതുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പാഠമായി ഈ വിധിയും ശിക്ഷയും കാലാകാലം സമൂഹത്തിന്റെ മുൻപിലുണ്ടാകണം എന്നാണ് ആഗ്രഹം.
വിസ്മയയ്ക്കു ശേഷവും ഒട്ടേറെ സ്ത്രീധനപീഡന ആത്മഹത്യകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് റിസ്വാന എന്ന പെൺകുട്ടിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഗാർഹിക, സ്ത്രീധന പീഡനങ്ങൾ അന്ത്യമില്ലാതെ തുടരുന്നതു സമൂഹത്തിന്റെയും വ്യവസ്ഥിതിയുടെയും ഭരണകൂടത്തിന്റെയും പരാജയമല്ലേ?
ജീവിതത്തിൽ മുന്നോട്ടുപോകാൻ മറ്റു വഴികൾ ഇല്ലെന്നു തോന്നുന്ന നിമിഷത്തിൽ തിരഞ്ഞെടുക്കുന്ന വഴിയാണ് ആത്മഹത്യ. ഇതു സമൂഹത്തിന്റെ പതനമാണ്. വ്യവസ്ഥിതികൾ വില്ലനാവുകയാണ്. ചിന്താഗതികൾ മാറ്റമില്ലാതെ ആവർത്തിക്കപ്പെടുന്നു. ഭരണകൂടത്തിനും നിസ്സഹായരായി നിൽക്കാനേ സാധിക്കുന്നുള്ളൂ. നിയമം നോക്കുകുത്തിയാകുന്നു. തിരിച്ചുകയറിച്ചെല്ലാൻ ആലയമില്ലെന്ന് സ്ത്രീ കരുതുന്നിടത്ത് അവൾ ഒറ്റപ്പെടുകയാണ്. ഈ ചിന്താഗതി ഉണ്ടാക്കിവയ്ക്കുന്നതാകട്ടെ അവളുടെതന്നെ വീട്ടുകാരും. ഭർത്താവിന്റെ വീട്ടിൽ പരമാവധി സഹിച്ചുനിൽക്കണമെന്ന് മകളെ ഉപദേശിക്കുമ്പോൾ അവളുടെ മൗലികാവകാശങ്ങൾ ഹനിക്കപ്പെടുന്നത് എന്തുകൊണ്ടു മാതാപിതാക്കൾ തിരിച്ചറിയുന്നില്ല. ഫാദേഴ്സ് ഡേയിൽ സ്വന്തം അച്ഛന് ആശംസ നേർന്നതിനുപോലും വിസ്മയയ്ക്കു പീഡനം നേരിടേണ്ടിവന്നു എന്നു പറയുന്നത് എത്രയോ ഹൃദയഭേദകമാണ്.
ദുരഭിമാനം വില്ലനാകുന്നുണ്ടോ?
വിദ്യാഭ്യാസവും ജോലിയും നേടിയാലും പെൺകുട്ടികളിൽ ശ്വാശ്രയബോധം ഉണ്ടാവുന്നില്ല എന്നതു നിരാശാവഹമാണ്. വിവാഹത്തിന്റെ തലേന്നാണു സ്ത്രീധനമായി കൊടുക്കുന്ന കാർ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞ് കിരൺ വിസ്മയയെ ശകാരിച്ചത്. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ വിവാഹത്തിൽനിന്നു പിന്മാറിയേനെയെന്നു കിരൺ പറഞ്ഞപ്പോൾതന്നെ വിസ്മയ വിവാഹത്തിൽനിന്നു പിന്മാറേണ്ടിയിരുന്നു. പക്ഷേ, അന്നു ശബ്ദമുയർത്താൻ അവൾ അശക്തയായിരുന്നു. വീട്ടിലുണ്ടാകാൻ പോകുന്ന അഭിമാനക്ഷതവും ഭാവിയുമോർത്താകാം അവൾ പ്രതികരിക്കാതിരുന്നത്. യാഥാർഥ്യബോധത്തിലേക്കെത്താൻ സ്ത്രീകൾക്കാകണം. വിവാഹബന്ധം വേർപെടുത്തുന്നതും സിംഗിൾ പേരന്റ് ആകുന്നതുമൊന്നും തെറ്റല്ല എന്നതു സമൂഹം ഇനിയും അംഗീകരിച്ചിട്ടില്ല. അതുതന്നെയാണ് ഏറ്റവും വലിയ വില്ലൻ.
വരുംതലമുറയുടെ ഭാവി എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഞാനൊക്കെ ജനിക്കുന്നതിനു മുന്നേ നിലവിൽ വന്നതാണു സ്ത്രീധന നിരോധന നിയമം. എന്നിട്ടും ഇന്നും സ്ത്രീകൾ ഈ വ്യവസ്ഥിതിയുടെ പേരിൽ പീഡനമേൽക്കുകയും സ്വയം മരിക്കുകയും ചെയ്യുന്നുണ്ട്. ഇതു തുടർന്നാൽ വരുംതലമുറയുടെ ഭാവിയെന്താകുമെന്നതിൽ വലിയ ആശങ്കയുണ്ട്. ഇനിയെങ്കിലും വിവാഹമെന്നതു പെണ്ണിന്റെ സ്വാതന്ത്ര്യമായി സമൂഹം കണക്കാക്കണം. രണ്ടു കുടുംബങ്ങളല്ല പെണ്ണിന്റെ പങ്കാളിയെ കണ്ടെത്തേണ്ടത്. അതിനുള്ള ചോയ്സ് അവൾക്കുതന്നെയാണ്. സ്ത്രീധനമെന്നത് ഇപ്പോൾ പരിഷ്കരിക്കപ്പെട്ടിരിക്കുകയാണ്. വിവാഹസമ്മാനം, വീട്ടുകാരുടെ ഇഷ്ടത്തോടെ നൽകുന്നത്, അവൾക്കായി ഞങ്ങൾ കരുതിയത് തുടങ്ങി വിവിധ ടാഗുകളിലാണ് ഇന്നു സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും. ‘നിങ്ങളുടെ കുട്ടിക്കു നിങ്ങൾ ഇഷ്ടമുള്ളതു കൊടുത്തോ...ഞങ്ങൾക്ക് ഒന്നും വേണ്ട’ തുടങ്ങിയ രീതിയിൽ ‘കളർഫുൾ ചോക്കലേറ്റ്’ ആയാണു സ്ത്രീധന വിപണനം നടക്കുന്നത്. വിസ്മയയ്ക്കു ശേഷവും മുൻപും എന്ന രീതിയിൽ മാറ്റത്തിന്റെ ചരിത്രമുണ്ടാകണം.
English Summary: Interview with activist Mrudula Devi