പ്രിയപ്പെട്ടവനോട് അന്ന് ഉമ പറഞ്ഞു: സോറി, ഒളിച്ചോട്ടത്തിനില്ല; പി.ടിയുടെ ഹൃദയത്തിന്റെ ഉടമ
എറണാകുളത്തെ പ്രമുഖ വ്യാപാരിയായ ഷേണായിയുടെ കുടുംബത്തിൽനിന്നുള്ള കോടീശ്വരന്റെ മകളാണ് ഉമയെന്ന കള്ളക്കഥ എതിരാളികൾ പ്രചരിപ്പിച്ചിരുന്നു. പി.ടി പണത്തിനായി ഒരു പെൺകുട്ടിയെ പ്രേമിച്ചു കല്യാണം കഴിച്ചുവെന്നായിരുന്നു എതിരാളികളുടെ അക്കാലത്തെ പ്രചാരണം. തിരഞ്ഞെടുപ്പു കാലത്തും എതിരാളികൾ പി.ടിക്കെതിരെ ഇതു പ്രയോഗിച്ചു. എന്നാൽ സാധാരണ കുടുംബത്തിൽപ്പെട്ട, സൈനികനായ എസ്. ഹരിഹര അയ്യരുടെ മകളാണ് ഉമ...
എറണാകുളത്തെ പ്രമുഖ വ്യാപാരിയായ ഷേണായിയുടെ കുടുംബത്തിൽനിന്നുള്ള കോടീശ്വരന്റെ മകളാണ് ഉമയെന്ന കള്ളക്കഥ എതിരാളികൾ പ്രചരിപ്പിച്ചിരുന്നു. പി.ടി പണത്തിനായി ഒരു പെൺകുട്ടിയെ പ്രേമിച്ചു കല്യാണം കഴിച്ചുവെന്നായിരുന്നു എതിരാളികളുടെ അക്കാലത്തെ പ്രചാരണം. തിരഞ്ഞെടുപ്പു കാലത്തും എതിരാളികൾ പി.ടിക്കെതിരെ ഇതു പ്രയോഗിച്ചു. എന്നാൽ സാധാരണ കുടുംബത്തിൽപ്പെട്ട, സൈനികനായ എസ്. ഹരിഹര അയ്യരുടെ മകളാണ് ഉമ...
എറണാകുളത്തെ പ്രമുഖ വ്യാപാരിയായ ഷേണായിയുടെ കുടുംബത്തിൽനിന്നുള്ള കോടീശ്വരന്റെ മകളാണ് ഉമയെന്ന കള്ളക്കഥ എതിരാളികൾ പ്രചരിപ്പിച്ചിരുന്നു. പി.ടി പണത്തിനായി ഒരു പെൺകുട്ടിയെ പ്രേമിച്ചു കല്യാണം കഴിച്ചുവെന്നായിരുന്നു എതിരാളികളുടെ അക്കാലത്തെ പ്രചാരണം. തിരഞ്ഞെടുപ്പു കാലത്തും എതിരാളികൾ പി.ടിക്കെതിരെ ഇതു പ്രയോഗിച്ചു. എന്നാൽ സാധാരണ കുടുംബത്തിൽപ്പെട്ട, സൈനികനായ എസ്. ഹരിഹര അയ്യരുടെ മകളാണ് ഉമ...
എന്നും പി.ടിയുടെ നിഴലായിരുന്നു ഉമ; ഇനി പി.ടി. തോമസിന്റെ പിൻഗാമി. മഹാരാജാസിലെ പഴയ കെഎസ്‌യുക്കാരിയിൽനിന്ന് എംഎൽഎ പദവിയിൽ എത്തിയ ഉമ പിന്നിട്ട വഴികൾ പലതാണ്. പിടിയുടെ ഭാര്യ എന്ന പദവിയാകട്ടെ, പരിഗണനയ്ക്കൊപ്പം പല വെല്ലുവിളികളും ഉമയ്ക്കു നൽകി. പി.ടി. രാഷ്ട്രീയത്തിൽ പോയപ്പോൾ കുടുംബം ഉമയുടെ ചുമലിലായി. അന്നു മുതൽ വിവാദങ്ങൾ ഉമയേയും വെറുതെ വിട്ടിരുന്നില്ല. രാഷ്ട്രീയത്തിലേക്ക് കുറുക്കുവഴി കയറി വന്ന ആളല്ല ഉമ. കോളജുകാലം മുതലേ കെഎസ്‌യുക്കാരി. എറണാകുളം മഹാരാജാസ് കോളജിലെ രാഷ്ട്രീയക്കളരിയിൽ നിന്നായിരുന്നു ബാലപാഠം. തൃക്കാക്കരയിൽ വൻ വിജയം നേടിയ ഉമ പണ്ട് മഹാരാജാസ് കോളജിലും എസ്എഫ്ഐ കുത്തക തകർത്തിരുന്നു. പി.ടിയുടെ മരണത്തോടെ മണ്ഡലം കാക്കാൻ കോൺഗ്രസ് പാർട്ടിയുടെ ഒറ്റക്കെട്ടായുള്ള കണ്ടെത്തൽ. ഇപ്പോൾ വൻ ഭൂരിപക്ഷത്തോടെ വിജയം. ഉമയുടെ യാത്ര തുടരുകയാണ്. പി.ടിയുടെ വഴിയിലൂടെ. ഈ യാത്രയിൽ ഉമയുടെ ധൈര്യമാകട്ടെ പി.ടിയെപ്പറ്റിയുള്ള ഓർമകളും. പി.ടിയുടെയും ഇപ്പോൾ തൃക്കാക്കരയുടെയും പ്രിയപ്പെട്ടതായി മാറിയ ഉമയുടെ അറിയപ്പെടാത്ത ജീവിതത്തിലൂടെ ഒരു യാത്ര...
∙ എസ്എഫ്ഐ കുത്തക തകർത്ത് തുടക്കം
1980-85 കാലഘട്ടത്തിൽ ഉമ എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്നു. അന്നു മഹാരാജാസിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കായിരുന്നു മുൻതൂക്കം. എന്നാൽ കെഎസ്‌യു പാനലിൽ വനിതാ പ്രതിനിധിയായി മത്സരിച്ച ഉമ കന്നിയങ്കത്തിൽത്തന്നെ വിജയിച്ചു. പിന്നീട് വൈസ് ചെയർപഴ്സൺ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ കോളജിൽ കെഎസ്‌യുവിന്റെ ഹീറോയായി ഉമ മാറി. പി.ടി. തോമസ് ആയിരുന്നു അക്കാലത്തെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പി.ടി മഹാരാജാസിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഉമ സ്റ്റേജിൽ പാട്ടുപാടിക്കൊണ്ടിരിക്കുമ്പോഴാണ് ഇരുവരും തമ്മിൽ ആദ്യമായി കാണുന്നത്.
∙ ‘സോറി, ഒളിച്ചോട്ടത്തിനില്ല’
കോളജ് വിദ്യാഭ്യാസ കാലത്ത് പി.ടിയോടുള്ള അടുപ്പവും ആരാധനയുമാണ് സമുദായത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചുള്ള വിവാഹത്തിലേക്കു വഴിതെളിച്ചത്. തന്റെ ഇഷ്ടം ഉമയോട് തുറന്നു പറഞ്ഞ പി.ടിക്ക് സ്വന്തം കുടുംബത്തിന്റെ പിന്തുണ കിട്ടിയെങ്കിലും ഉമയുടെ വീട്ടിൽനിന്നും ബന്ധുക്കളിൽനിന്നും ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നു. ഇതെല്ലാം മറികടന്നായിരുന്നു 1988ൽ വിവാഹം. ഒളിച്ചോട്ടത്തിന് ഒരുക്കമല്ലെന്നും വീട്ടിൽ വന്ന് വിളിച്ചിറക്കി കൊണ്ടുപോകണം എന്നുമായിരുന്നു ഉമയുടെ ആവശ്യം. പുലർച്ചെ വീട്ടിലെത്തി ഉമയെ വിളിച്ചിറക്കി ഇരുവരും നേരെ പോയത് കോൺഗ്രസ് നേതാവ് വയലാർ രവിയുടെ വീട്ടിലേക്ക്. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ വിവാഹം നടന്നു. അതിനു ശേഷം ഇരുവരും വാടക വീടെടുത്ത് പാലാരിവട്ടത്ത് താമസമാക്കി.
∙ അല്ല, ഷേണായിയുടെ മകളല്ല
എറണാകുളത്തെ പ്രമുഖ വ്യാപാരിയായ ഷേണായിയുടെ കുടുംബത്തിൽനിന്നുള്ള കോടീശ്വരന്റെ മകളാണ് ഉമയെന്ന കള്ളക്കഥ എതിരാളികൾ പ്രചരിപ്പിച്ചിരുന്നു. പി.ടി പണത്തിനായി ഒരു പെൺകുട്ടിയെ പ്രേമിച്ചു കല്യാണം കഴിച്ചുവെന്നായിരുന്നു എതിരാളികളുടെ അക്കാലത്തെ പ്രചാരണം. തിരഞ്ഞെടുപ്പു കാലത്തും എതിരാളികൾ പി.ടിക്കെതിരെ ഇതു പ്രയോഗിച്ചു. എന്നാൽ സാധാരണ കുടുംബത്തിൽപ്പെട്ട, സൈനികനായ എസ്. ഹരിഹര അയ്യരുടെ മകളാണ് ഉമ.
∙ ‘ജോലി വിട്ടൊരു കളിയില്ല’
കുടുംബം പുലർത്താൻ ഹൈക്കോടതിയിൽ പി.ടി. അഭിഭാഷകനായി പ്രാക്ടിസ് ആരംഭിക്കണമെന്നത് വിവാഹ സമയത്ത് ഇരുവരും ചേർന്നെടുത്ത തീരുമാനമായിരുന്നു. ഇതിനുള്ള നീക്കം തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും സംഘടനാ പ്രവർത്തന രംഗത്തു നിന്ന് മാറി നിൽക്കുക എന്നത് പി.ടിക്ക് അപ്രാപ്യമാണെന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായി. മറ്റു വരുമാന മാർഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത സാഹചര്യം മുന്നിൽ കണ്ട് കുടുംബത്തിന്റെ സാമ്പത്തിക പ്രാരാബ്ധങ്ങൾക്ക് പരിഹാരം കാണാൻ തന്നാലാവുന്നത് ചെയ്തേ മതിയാവൂ എന്ന തിരിച്ചറിവിലാണ് സ്വകാര്യ സ്ഥാപനത്തിൽ ഉമ ജോലിക്കു പ്രവേശിച്ചത്. പി.ടിയുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്.
പിന്നീട് എംഎൽഎ, എം.പി എന്നീ സ്ഥാനങ്ങളിൽ പി.ടി പ്രവർത്തിച്ചെങ്കിലും സാമ്പത്തിക പരാധീനതകൾക്ക് കുറവുണ്ടായില്ല. സാമ്പത്തിക പ്രശ്നങ്ങൾ കുടുംബ ജീവിതത്തെ ബാധിക്കരുതെന്ന ഉമയുടെ നിശ്ചയ ദാർഢ്യമാണ് ഒരു ജോലി വേണം എന്നതിലേക്ക് എത്തിനിന്നത്. ‘വിശ്വ വിജ്ഞാന കോശം’ എന്ന സ്ഥാപനത്തിൽ ഒരു വർഷം ജോലി ചെയ്ത ഉമ പിന്നീട് എവി കമ്പനിയിൽ 20 വർഷം ജോലി നോക്കി. തുടർന്നിപ്പോൾ ആസ്റ്റർ മെഡിസിറ്റിയിൽ ജോലി ചെയ്യുന്നു.
∙ ഡിസിസി പ്രസിഡന്റിന്റെ കാർ ഉടമസ്ഥ ഉമ!
2007ൽ പി.ടി.തോമസ് ഇടുക്കി ഡിസിസി അധ്യക്ഷനായി എത്തുമ്പോൾ എറണാകുളം റജിസ്‌ട്രേഷനിലുള്ള വാഹനത്തിലായിരുന്നു യാത്ര. സ്വന്തമായി വാഹനമില്ലാതിരുന്നതിനാൽ പുതിയ കാർ വാങ്ങുകയായിരുന്നു പി.ടി. സാലറി സർട്ടിഫിക്കറ്റില്ലാതെ വായ്‌പ കിട്ടില്ലെന്ന് മനസിലായതോടെ ഉമയുടെ പേരിലായിരുന്നു കാർ വാങ്ങിയത്. ഇതോടെ ഡിസിസിക്ക് സ്വന്തമായി വാഹനമുണ്ടായി. 2 വർഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയപ്പോഴാണ് വായ്പ തുക അടച്ച് വാഹനത്തിന്റെ റജിസ്റ്റേഡ് ഉടമസ്ഥ സ്ഥാനത്തുനിന്ന് ഉമ ഒഴിവായത്.
∙ ‘ഇത് എന്റെ പി.ടിക്കു വേണ്ടി’
വെജിറ്റേറിയൻ ഭക്ഷണത്തോടാണ് ഉമയ്ക്ക് താൽപര്യം. ഇഷ്ട ഭക്ഷണം ദോശ. പി.ടിക്ക് നോൺ വെജിനോടായിരുന്നു കൂടുതൽ ഇഷ്ടം. എന്നാൽ ഇടയ്ക്കിടെ വെജിറ്റേറിയനും ഇഷ്ടപ്പെട്ടിരുന്നു. ഇതുവരെ നോൺ വെജ് കഴിച്ചിട്ടില്ലെങ്കിലും പി.ടിയോടൊപ്പമിരുന്ന് കഴിക്കുന്നതിൽ ഒരിക്കലും ബുദ്ധിമുട്ടു തോന്നിയിട്ടില്ല. പി.ടിയുടെ മരണ ശേഷം ഉമ ഭക്ഷണം കഴിക്കുമ്പോൾ ഒരു പ്ലേറ്റിൽ പി.ടിക്കു വേണ്ടിയും ഭക്ഷണം മാറ്റിവയ്ക്കും. എതിരാളികളുടെ ക്രൂരമായ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ഉമ പറഞ്ഞു–‘അത് എന്റെ പി.ടിക്ക് വേണ്ടിയാണ്. എന്റെ ഇഷ്ടം, അതിൽ കൈകടത്താൻ ആർക്കും അവകാശമില്ല’. പരിഹാസപ്പോരാളികളെല്ലാം ഇപ്പോൾ എവിടെപ്പോയോ എന്തോ!
∙ പി.ടി ഉമയ്ക്ക് ‘അപ്പ’
‘കോളജ് രാഷ്ട്രീയം മുതൽ പി.ടി.തോമസ് എനിക്കും പി.ടി ആയിരുന്നു. വിവാഹത്തിനു ശേഷവും പി.ടിയായി തുടർന്നു. മക്കൾ അപ്പ എന്ന പേര് വിളിച്ചു തുടങ്ങിയതോടെ പി.ടി എനിക്കും അപ്പയായി മാറി. എന്നാൽ ഇടയ്ക്കിടെ പി.ടി എന്നു വിളിക്കുന്നതിലും കുറവുണ്ടായില്ല’–ഉമ പറയുന്നു.
∙ പി.ടിയുടെ പാട്ടുകാരി
മഹാരാജാസ് കോളജിൽ സ്ഥാനാർഥിയായി മത്സര രംഗത്തെത്തിയപ്പോൾ പാട്ടുപാടിയാണ് ഉമ വോട്ട് അഭ്യർഥിച്ചിരുന്നത്. പി.ടി തൊടുപുഴ നിയോജക മണ്ഡലത്തിൽനിന്ന് മത്സരിച്ചപ്പോഴും ഇടുക്കി പാർലമെന്റ് സീറ്റിൽ മത്സരിച്ചപ്പോളും പാട്ടുംപാടി ഉമ ഒപ്പം നിന്നു, നിറയെ കയ്യടിയും നേടി. നല്ലൊരു നർത്തകി കൂടിയായിരുന്ന ഉമ നൃത്തം ചെയ്യുന്നതും പി.ടിക്ക് ഏറെ ഇഷ്ടമായിരുന്നു.
∙ തൃക്കാക്കരയിലും ‘പി.ടിയുടെ ലൈനിൽ’!
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായതോടെ, പിന്നാമ്പുറത്തുനിന്ന് അരങ്ങത്ത് എത്തിയ ഉമയ്ക്ക് സഭാകമ്പം എന്നത് ലവലേശം പോലും ഉണ്ടായിരുന്നില്ല. എതിർ പാർട്ടികളുടെ ഓഫിസുകളിൽ പോലും സൗമ്യമായ ചിരിയോടെ കയറിച്ചെന്ന ഉമയെ അവരും പുഞ്ചിരിയോടെ സ്വീകരിച്ചു. പക്വത വന്ന രാഷ്ടീയക്കാരിയായി കഴിഞ്ഞ ഒരു മാസം കൊണ്ട് ഉമയ്ക്ക് മാറാനായി; പി.ടിയെപ്പോലെത്തന്നെ. അതിന് ആരാണ് സഹായിച്ചതെന്നതിനും ഉമയ്ക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ– ‘മാർഗ നിർദേശം നൽകി എപ്പോഴും പി.ടി ഒപ്പമുണ്ടായിരുന്നു’
English Summary: Unknown Life Story of Uma Thomas, UDF Winner in Thrikkakara By-polls