ആ ചുമരെഴുത്ത് മായ്ക്കാൻ നിർദേശിച്ചപ്പോഴേ സിപിഎം തോറ്റോ? ജനമനസ്സിൽ പതിഞ്ഞത് ഉമ
സൗമ്യമായ ചിരിയോടെ, ഒരു കുടുംബാംഗത്തെപ്പോലെയാണ് ഉമ വോട്ടർമാർക്കു മുന്നിലെത്തിയത്. വിശേഷങ്ങൾ തിരക്കി വീടു വീടാന്തരം കയറിയിറങ്ങിയ അവർ ഒരിടത്തും രാഷ്ട്രീയ പ്രയോഗങ്ങൾ നടത്തിയില്ല. ആരെയും ആക്ഷേപിച്ചില്ല. സിഐടിയു ഓഫിസിൽ കയറിയപ്പോൾ ഉമ പറഞ്ഞതിങ്ങനെ: അറിയാലോ ഞാൻ മത്സരിക്കുന്ന കാര്യം? സഹായിക്കണം. എനിക്കറിയാം, എനിക്കു വോട്ടു ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകും. സാരമില്ല, നിങ്ങളുടെ വീട്ടുകാരോടു പറയാമല്ലോ!
സൗമ്യമായ ചിരിയോടെ, ഒരു കുടുംബാംഗത്തെപ്പോലെയാണ് ഉമ വോട്ടർമാർക്കു മുന്നിലെത്തിയത്. വിശേഷങ്ങൾ തിരക്കി വീടു വീടാന്തരം കയറിയിറങ്ങിയ അവർ ഒരിടത്തും രാഷ്ട്രീയ പ്രയോഗങ്ങൾ നടത്തിയില്ല. ആരെയും ആക്ഷേപിച്ചില്ല. സിഐടിയു ഓഫിസിൽ കയറിയപ്പോൾ ഉമ പറഞ്ഞതിങ്ങനെ: അറിയാലോ ഞാൻ മത്സരിക്കുന്ന കാര്യം? സഹായിക്കണം. എനിക്കറിയാം, എനിക്കു വോട്ടു ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകും. സാരമില്ല, നിങ്ങളുടെ വീട്ടുകാരോടു പറയാമല്ലോ!
സൗമ്യമായ ചിരിയോടെ, ഒരു കുടുംബാംഗത്തെപ്പോലെയാണ് ഉമ വോട്ടർമാർക്കു മുന്നിലെത്തിയത്. വിശേഷങ്ങൾ തിരക്കി വീടു വീടാന്തരം കയറിയിറങ്ങിയ അവർ ഒരിടത്തും രാഷ്ട്രീയ പ്രയോഗങ്ങൾ നടത്തിയില്ല. ആരെയും ആക്ഷേപിച്ചില്ല. സിഐടിയു ഓഫിസിൽ കയറിയപ്പോൾ ഉമ പറഞ്ഞതിങ്ങനെ: അറിയാലോ ഞാൻ മത്സരിക്കുന്ന കാര്യം? സഹായിക്കണം. എനിക്കറിയാം, എനിക്കു വോട്ടു ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകും. സാരമില്ല, നിങ്ങളുടെ വീട്ടുകാരോടു പറയാമല്ലോ!
കൊച്ചി ∙ മേയ് 3നു വൈകിട്ടു സ്ഥാനാർഥിത്വ പ്രഖ്യാപനം. ജൂൺ 3ന് എംഎൽഎ! ഉമ തോമസ് എന്ന വീട്ടമ്മയിൽ നിന്ന്, പ്രഫഷനൽ എന്ന നിലയിൽ നിന്ന്, മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയിലേയ്ക്ക്, നിയമസഭാംഗത്വത്തിലേക്ക് എത്താൻ വേണ്ടി വന്നതു കൃത്യം ഒരു മാസം! അതിനിടെ, ഉമയ്ക്കു നേരിടേണ്ടി വന്നതു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാർ നയിച്ച അതിതീവ്രമായ പ്രചാരണ യുദ്ധത്തെ.. അവയെല്ലാം മറികടന്നു വിജയക്കര പറ്റാൻ ഉമയ്ക്കു കരുത്തായത് ഒന്നല്ല, ഒട്ടേറെ ഘടകങ്ങൾ.
∙ ഉമയെന്ന സൗമ്യ മുഖം
പ്രചാരണ വഴികളിൽ സൗമ്യവും ദീപ്തവുമായ സാന്നിധ്യമായിരുന്നു ഉമ. അസാധാരണമാം വിധം അനായാസമാണ് അവർ ഓരോ വോട്ടറെയും തന്നിലേക്കു ചേർത്തു നിർത്തിയത്. ഏതു പ്രായത്തിലുമുള്ള വോട്ടർമാരെയും ആകർഷിക്കാൻ അവർക്ക് എളുപ്പത്തിൽ സാധിച്ചു. സൗമ്യമായ ചിരിയോടെ, ഒരു കുടുംബാംഗത്തെപ്പോലെയാണ് ഉമ വോട്ടർമാർക്കു മുന്നിലെത്തിയത്. വിശേഷങ്ങൾ തിരക്കി, പിന്തുണ തേടി വീടു വീടാന്തരം കയറിയിറങ്ങിയ അവർ ഒരിടത്തും രാഷ്ട്രീയ പ്രയോഗങ്ങൾ നടത്തിയില്ല. ആരെയും ആക്ഷേപിച്ചില്ല, ആരോടും സൗമ്യത വിട്ട് ഒരു വാക്കു പോലും പറഞ്ഞില്ല, നിറചിരിയിൽ സ്നേഹവും സൗഹൃദവും പങ്കിടുക മാത്രമായിരുന്നു ഉമ ചെയ്തത്. പലപ്പോഴും വോട്ടു ചെയ്യണമെന്നു പോലും പറഞ്ഞില്ല! എന്നെ ഓർക്കണേ, മറക്കല്ലേ, കൂടെ നിൽക്കണേ... എന്നൊക്കെയായിരുന്നു ഉമയുടെ അഭ്യർഥന.
വോട്ടു ചോദിച്ചു നീങ്ങിയ വഴിയിൽ ആരെയും അകറ്റി നിർത്തിയില്ല. സിഐടിയു, സിപിഎം ഓഫിസുകളുടെ സമീപത്തു കൂടി പോയാൽ അവിടെയും കയറും. സിഐടിയു ഓഫിസുകളിലൊന്നിൽ കയറിയപ്പോൾ ഉമ പറഞ്ഞതിങ്ങനെ: അറിയാലോ, ഞാൻ മത്സരിക്കുന്ന കാര്യം? സഹായിക്കണം. എനിക്കറിയാം, എനിക്കു വോട്ടു ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകും. സാരമില്ല, നിങ്ങളുടെ വീട്ടുകാരോടു പറയാമല്ലോ! പ്രചാരണരംഗത്ത് ഉമ പുതുമുഖമായിരുന്നില്ല. പി.ടിയുടെ തിരഞ്ഞെടുപ്പു പോരുകൾ അടുത്തുനിന്നു കണ്ട, അനുഭവിച്ച പരിചയവും അവർക്കു ഗുണം ചെയ്തു.
∙ പി.ടിയെന്ന അദൃശ്യ സ്ഥാനാർഥി
മത്സരിച്ചത് ഉമയെങ്കിലും തൃക്കാക്കരയുടെ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നതു രണ്ടക്ഷരമായിരുന്നു; പി.ടി! ആ പേര് ആരെങ്കിലും പറയാത്ത ഒരു നിമിഷം പോലും കടന്നു പോയിട്ടുണ്ടാകില്ല! അത്രയേറെ പി.ടി നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പിൽ, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഉമ മത്സരിക്കുമ്പോൾ വോട്ടൊഴുക്കിനു സാധ്യതയേറെയായിരുന്നു. മണ്ഡലത്തെ 2 വട്ടം പ്രതിനിധീകരിച്ച പി.ടിയുടെ നിഴലായി ജീവിച്ച ഉമ, അദ്ദേഹത്തിന്റെ വേർപാടിനു ശേഷം രാഷ്ട്രീയ രംഗത്തു സജീവമായതിനെ തൃക്കാക്കരയിലെ ജനം വരവേറ്റതു ഹൃദയപൂർവമായിരുന്നു. ഓരോ ശ്വാസത്തിലും പി.ടിയുടെ ഓർമകൾ ഉണർത്തിയാണു ഉമ വോട്ടുവഴികളിലൂടെ നടന്നത്; പി.ടിയുടെ കാൽപാടുകൾ പിന്തുടർന്ന്. വോട്ടർമാരോടെല്ലാം അവർ അഭ്യർഥിച്ചതു തനിക്കായി വോട്ടു ചെയ്യണമെന്നല്ല. ‘‘പി.ടിക്ക് ഒരോട്ട്. പി.ടി ബാക്കി വച്ച കാര്യങ്ങളെല്ലാം പൂർത്തിയാക്കാൻ എന്നെ സഹായിക്കണേ’’ – ഉമ ആവശ്യപ്പെട്ടത് ഇത്രമാത്രം. അതു തൃക്കാക്കര നൽകി; ഒരുപക്ഷേ, പ്രതീക്ഷിച്ചതിനും അപ്പുറം.
∙ ട്വന്റി20യുടെ പിൻമാറ്റം
ഉമയുടെ വിജയത്തിലേക്കു നയിച്ച പ്രധാന ഘടകങ്ങളിലൊന്നു ട്വന്റി20യുടെ പിൻമാറ്റം തന്നെ. 2021ൽ ട്വന്റി20 സ്ഥാനാർഥി ഡോ.ടെറി തോമസ് നേടിയത് 13,777 വോട്ടുകൾ. വിജയിച്ച പി.ടി.തോമസ് നേടിയ ഭൂരിപക്ഷം 14,329 വോട്ടുകൾ! ഇക്കുറി ട്വന്റി20 മൽസരിക്കാതിരുന്നതു തീർച്ചയായും യുഡിഎഫ് സ്ഥാനാർഥിക്കു ഗുണം ചെയ്തുവെന്നു വ്യക്തം. ട്വന്റി20 അനുഭാവികളുടെ കുറെയേറെ വോട്ടുകൾ യുഡിഎഫിനു കിട്ടിയെന്നും കരുതാം. ട്വന്റി20 ഔദ്യോഗികമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും അവരുടെ മനസ്സിലിരിപ്പ് ആർക്കും വായിച്ചെടുക്കാം എന്നതായിരുന്നു സ്ഥിതി.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം ട്വന്റി20 പ്രസിഡന്റ് സാബു എം.ജേക്കബിന്റെ വ്യവസായ സ്ഥാപനങ്ങളിൽ വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ തുടർച്ചയായ പരിശോധനകളും തുടർ സംഘർഷങ്ങളും തന്നെ കാരണം. എൽഡിഎഫിനും സർക്കാരിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സാബു രംഗത്തു വന്നിരുന്നു. കിഴക്കമ്പലത്തു പ്രഖ്യാപിച്ച പദ്ധതി അദ്ദേഹം തെലങ്കാനയിലേയ്ക്കു മാറ്റുക പോലും ചെയ്തു. സ്വാഭാവികമായും, ട്വന്റി20 വോട്ടർമാരുടെ വികാരം യുഡിഎഫിനൊപ്പം നിന്നു. ഒപ്പം, ബിജെപി അനുഭാവികളുടെ വോട്ടിലുണ്ടായ ചോർച്ചയും യുഡിഎഫിനെ സഹായിച്ചിരിക്കാൻ സാധ്യതയേറെ. മുതിർന്ന നേതാവായ എ.എൻ.രാധാകൃഷ്ണൻ മത്സരിച്ചപ്പോൾ ചുരുങ്ങിയത് 20,000 വോട്ടെങ്കിലും നേടാനാകുമെന്നായിരുന്നു ബിജെപി പ്രതീക്ഷ. അതു പാളിയെന്നു മാത്രമല്ല, ആകെ കിട്ടിയത് 12,957 വോട്ടുകൾ മാത്രം! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്.സജി നേടിയ 15,483 വോട്ടു പോലും നേടാനായില്ല, ബിജെപിക്ക്.
∙ വികസനവാദം ഗുണമായതു യുഡിഎഫിന്
സിൽവർലൈൻ പദ്ധതി ഉയർത്തിപ്പിടിച്ചാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ കളത്തിലിറങ്ങിയത്. ‘സിൽവർലൈൻ നടപ്പാക്കും, അക്കാര്യത്തിൽ സംശയം വേണ്ട’ എന്നായിരുന്നു മുഖ്യമന്ത്രി ആദ്യ കൺവൻഷനിൽ പ്രഖ്യാപിച്ചത്. വികസനം ചർച്ചയാക്കാൻ ശ്രമിച്ച എൽഡിഎഫിന്റെ സ്ഥിതി പക്ഷേ, ദുരന്തമായി. ‘ഇറാഖിലെ ബസ്രയിലേയ്ക്ക് ഇവിടെനിന്ന് ഈന്തപ്പഴം കയറ്റി അയയ്ക്കും എന്നു പറയുന്നതു പോലെയാണ് എൽഡിഎഫ് എറണാകുളത്തു വികസനം കൊണ്ടുവരുമെന്നു പറയുന്നത്’ – എന്നായിരുന്നു മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം.
കൊച്ചി രാജ്യാന്തര വിമാനത്താവളം, കൊച്ചി മെട്രോ, ഗോശ്രീ പാലങ്ങൾ, കലൂർ നെഹ്‌റു സ്റ്റേഡിയം, കടവന്ത്ര സ്റ്റേഡിയം, ഇൻഫോപാർക്ക് തുടങ്ങിയ വൻ പദ്ധതികളെല്ലാം ആരാണു നടപ്പാക്കിയത് എന്ന ചോദ്യവുമായി യുഡിഎഫ് നേതാക്കൾ കളത്തിലിറങ്ങിയതോടെ എൽഡിഎഫ് പ്രതിരോധത്തിലായി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരുകൾ നടപ്പാക്കിയ വികസന പദ്ധതികൾ ഒന്നൊന്നായി അക്കമിട്ടു നിരത്തിയ പ്രചാരണത്തോടെ എൽഡിഎഫിന്റെ വികസനവാദം പൊളിഞ്ഞു തുടങ്ങിയിരുന്നു.
∙ വിപരീത ഫലം സൃഷ്ടിച്ചു ‘മന്ത്രിപ്പട’
100 തികയ്ക്കാനുള്ള പെടാപ്പാടിൽ മുക്കിലും മൂലയിലും മന്ത്രിമാരെയും എംഎൽഎമാരെയും നിറച്ച് എൽഡിഎഫ് നടത്തിയ പ്രചാരണം തിരിച്ചടിച്ചെന്നു വേണം കരുതാൻ. സംസ്ഥാന മന്ത്രിസഭ ഭരണം മറന്ന് ആഴ്ചകളായി തൃക്കാക്കരയിൽ തമ്പടിക്കേണ്ട എന്ത് ആവശ്യമാണ് ഉള്ളതെന്ന യുഡിഎഫ് ചോദ്യം വോട്ടർമാരെയും സ്വാധീനിച്ചിരിക്കണം. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി യുഡിഎഫ് കൺവൻഷനിൽ പ്രസംഗിക്കവെ ചോദിച്ചു: ‘‘എന്തിനാണ് എൽഡിഎഫിന് 100 സീറ്റ്? ഇപ്പോഴുള്ള 99 സീറ്റു പോരേ നന്നായി ഭരിക്കാൻ? 100 തികച്ചാൽ പിണറായി വിജയന്റെ അഹങ്കാരം ഇരട്ടിക്കും. പിന്നെ, സർക്കാർ എന്തു ദ്രോഹം ചെയ്യാനും മടിക്കില്ല’’ – ആ മുന്നറിയിപ്പും വോട്ടർമാർ കേൾക്കാതെ പോയിരിക്കില്ല.
പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം എന്നു തോന്നിപ്പിക്കാൻ മന്ത്രിമാരുടെ സാന്നിധ്യം എൽഡിഎഫിനെ സഹായിച്ചെങ്കിലും അതിന്റെ പേരിൽ അവർക്കു കേൾക്കേണ്ടിവന്ന ആരോപണങ്ങൾ തിരിച്ചടിച്ചു. മന്ത്രിമാർ സ്വന്തം സമുദായാംഗങ്ങളെ കേന്ദ്രീകരിച്ചു പ്രചാരണം നടത്തുന്നുവെന്ന ആരോപണം ഉയർന്നതു ചർച്ചയായി. വർഗീയ ചേരിതിരിവിനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന യുഡിഎഫ് പ്രചാരണം ലക്ഷ്യം കണ്ടു.
∙ പേരു മായ്ച്ചതു ചുമരിൽ മാത്രം
ഒരുപക്ഷേ, മേയ് 4നു തന്നെ എൽഡിഎഫ് തോറ്റു തുടങ്ങിയിരിക്കാം! അന്നാണ് ‘എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.അരുൺകുമാറിനെ വിജയിപ്പിക്കുക’ എന്നു ചുമരിൽ എഴുതിയ വോട്ട് അഭ്യർഥനകൾ മായ്ച്ചു കളയാൻ പാർട്ടി നേതൃത്വം പ്രവർത്തകരോട് ആവശ്യപ്പെട്ടത്. പാർട്ടി സജീവമായി പരിഗണിച്ചിരുന്ന അരുൺകുമാർ തന്നെ സ്ഥാനാർഥിയാകുമെന്ന ഉറപ്പിലാണു ചിലയിടങ്ങളിൽ അദ്ദേഹത്തിനായി ചുമരെഴുത്തു വരെ ആരംഭിച്ചത്! പക്ഷേ, അരുണിനെ തള്ളിയ പാർട്ടി നേതൃത്വം സർപ്രൈസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഡോ.ജോ ജോസഫിന് എത്രത്തോളം സ്വീകാര്യത എൽഡിഎഫ് അനുഭാവികൾക്കിടയിൽ കിട്ടിക്കാണും എന്നതു വലിയ ചോദ്യം. പാർട്ടിയുമായി പ്രത്യക്ഷ ബന്ധം തീരെയില്ലാത്ത അദ്ദേഹത്തെ ഉൾക്കൊള്ളാൻ അവർക്ക് എളുപ്പമായിരുന്നില്ല.
സാമുദായിക പരിഗണനകൾ പ്രതീക്ഷിച്ചാണ് എൽഡിഎഫ് നീക്കം നടത്തിയതെങ്കിലും അതും പ്രതീക്ഷിച്ച പ്രയോജനം ചെയ്തില്ല. ഫലത്തിൽ, അരുൺകുമാറിന്റെ പേരു ചുമരിൽനിന്നു മായ്ച്ചപ്പോൾ തന്നെ എൽഡിഎഫിനു താളം പിഴച്ചു തുടങ്ങിയിരുന്നു. അവിടെയും അവസാനിക്കാതെ തുടർന്ന താളപ്പിഴകളാണു യുഡിഎഫിന്റെ, ഉമയുടെ ഭൂരിപക്ഷം 25,000 കടത്തിയതും തൃക്കാക്കരയിൽ പുതു ചരിത്രം സൃഷ്ടിച്ചതും!
English Summary: What are the Reasons for the Setback Faced by LDF at Thrikkakara?