ആരെയാണ് മോദിക്ക് ഉറച്ച വിശ്വാസം? വരുന്നത് വിശ്വസ്തനോ പ്രധാനമന്ത്രിക്കു തലവേദനയോ?
നെഹ്റുവുമായി ഒട്ടേറെക്കാര്യങ്ങളിൽ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. 1969ലാകട്ടെ, നീലം സഞ്ജീവ് റെഡ്ഢി രാഷ്ട്രപതിയാകുന്നതു തടയാനായി സ്വന്തം പാർട്ടിയെ പിളർത്തുന്ന നിലയിലേക്കു വരെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പോയി. പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് രാഷ്ട്രപതി സെയിൽ സിങ്ങുമായി കടുത്ത ഭിന്നതകളുണ്ടായിരുന്നു. ശങ്കർ ദയാൽ ശർമ. പ്രധാനമന്ത്രി പി.വി. നരസിംഹറാവുവുമായി..
നെഹ്റുവുമായി ഒട്ടേറെക്കാര്യങ്ങളിൽ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. 1969ലാകട്ടെ, നീലം സഞ്ജീവ് റെഡ്ഢി രാഷ്ട്രപതിയാകുന്നതു തടയാനായി സ്വന്തം പാർട്ടിയെ പിളർത്തുന്ന നിലയിലേക്കു വരെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പോയി. പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് രാഷ്ട്രപതി സെയിൽ സിങ്ങുമായി കടുത്ത ഭിന്നതകളുണ്ടായിരുന്നു. ശങ്കർ ദയാൽ ശർമ. പ്രധാനമന്ത്രി പി.വി. നരസിംഹറാവുവുമായി..
നെഹ്റുവുമായി ഒട്ടേറെക്കാര്യങ്ങളിൽ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. 1969ലാകട്ടെ, നീലം സഞ്ജീവ് റെഡ്ഢി രാഷ്ട്രപതിയാകുന്നതു തടയാനായി സ്വന്തം പാർട്ടിയെ പിളർത്തുന്ന നിലയിലേക്കു വരെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പോയി. പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് രാഷ്ട്രപതി സെയിൽ സിങ്ങുമായി കടുത്ത ഭിന്നതകളുണ്ടായിരുന്നു. ശങ്കർ ദയാൽ ശർമ. പ്രധാനമന്ത്രി പി.വി. നരസിംഹറാവുവുമായി..
ജൂലൈ 24നു രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുകയാണ്. പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് തിരഞ്ഞെടുപ്പു കമ്മിഷനും പ്രവേശിച്ചു കഴിഞ്ഞു. 16–ാമതു രാഷ്ട്രപതിയെ തീരുമാനിക്കാൻ ജൂലൈ 18നാണു തിരഞ്ഞെടുപ്പ്. എംപിമാരും എംഎൽഎമാരും അടക്കം 4809 ഇലക്ടർമാർ അടങ്ങിയ ഇലക്ടറൽ കോളജ് ആണ് ഇത്തവണ വോട്ട് ചെയ്യുക. പാർലമെന്റിന്റെ ഇരുസഭകളിലെയും (ലോക്‌സഭ, രാജ്യസഭ) തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ട്. പക്ഷേ നോമിനേറ്റ് ചെയ്യപ്പെട്ട സഭാംഗങ്ങൾക്ക് വോട്ടില്ല. ലെജിസ്ലേറ്റിവ് കൗൺസിൽ അംഗങ്ങളും ഇലക്ടറർ കോളജിന്റെ ഭാഗമല്ല (ഇന്ത്യയിലെ ആകെയുള്ള 28 സംസ്ഥാനങ്ങളിൽ ആറിടത്താണ് ലെജിസ്ലേറ്റിവ് അസംബ്ലിക്കൊപ്പം ലെജിസ്ലേറ്റിവ് കൗണ്‍സിൽ ഉള്ളത്–ആന്ധ്ര പ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നിവയാണ് ആ സംസ്ഥാനങ്ങൾ). ഇത്തവണ ആരായിരിക്കും രാഷ്ട്രപതി? ഭരണകക്ഷിക്ക് എളുപ്പത്തിൽ ഒരാളെ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നിരിക്കെ എന്തുകൊണ്ടാണ് മറുവശത്ത് പ്രതിപക്ഷം ഒരു പൊതു സ്ഥാനാർഥിക്കായി ചർച്ച ശക്തമാക്കുന്നത്? പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിശ്വസ്തനായ ഒരാളെ രാഷ്ട്രപതി സ്ഥാനത്തേക്കു കണ്ടെത്താനാകുമോ? രാഷ്ട്രപതി തിരഞ്ഞെടുപ്പു സംബന്ധിച്ചു ചരിത്രം നമുക്കു നൽകുന്ന സൂചനകൾ എന്തെല്ലാമാണ്? കേന്ദ്ര സർക്കാരും പ്രതിപക്ഷവും ഇനി ഏറ്റുമുട്ടാനിരിക്കുന്ന ‘രാഷ്ട്രപതി രാഷ്ട്രീയ വേദി’യിൽ എന്തായിരിക്കും സംഭവിക്കുക?
∙ അരയും തലയും മുറുക്കി അവർ...
2017ൽ നടന്ന കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റാം നാഥ് കോവിന്ദ് പ്രതിപക്ഷ സ്ഥാനാർഥിയായ മീരാകുമാറിനെയാണു തോൽപിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിവിധ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷകക്ഷികൾ ഒരു പൊതുസ്ഥാനാർഥിയെ കണ്ടെത്താനും ശ്രമം തുടരുന്നു. ബിജെപിക്കു വേണ്ടി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങുമാണു ചർച്ചകൾ നയിക്കുന്നത്.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിലവിൽ ബിജെപിയോ ബിജെപി സഖ്യമോ ഭരിക്കുന്നു. അംഗബലം കണക്കിലെടുക്കുമ്പോൾ എൻഡിഎ സ്ഥാനാർഥിക്കു സുഗമമായി വിജയിക്കാം. എങ്കിലും ഘടകകക്ഷികളുടെയും വിവിധ പ്രാദേശിക കക്ഷികളുടെയും പിന്തുണ ഇക്കാര്യത്തിൽ ഉറപ്പാക്കേണ്ടതുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയും മറ്റു പ്രതിപക്ഷകക്ഷി നേതാക്കളും രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ ബിജെപി വിരുദ്ധ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള അവസരമായിട്ടാണു കാണുന്നത്. ഇതിന്റെ ഭാഗമായാണു മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ യോഗം ഡൽഹിയിൽ വിളിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം 22 നേതാക്കളെയാണു മമത യോഗത്തിലേക്കു ക്ഷണിച്ചത്. വിഭജനത്തിന്റെ ശക്തികൾ രാജ്യത്തു പിടിമുറുക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി സംബന്ധിച്ച ആലോചനകൾക്ക് ഒരുമിച്ചു ചേരാമെന്നാണു മമതയുടെ പ്രസ്താവന. സമാനമനസ്കരുമായുള്ള ചർച്ചകൾക്കു കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെയും രംഗത്തിറങ്ങി.
അതേസമയം, എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ആരായിരിക്കുമെന്നതിന് ഒരു സൂചനയുമില്ല. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ മുതൽ ഒട്ടേറേ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. രാഷ്ട്രപതി ഭവനിലേക്കു പോകാൻ താൽപര്യമുള്ള ചില നേതാക്കൾ സ്വന്തം നിലയിലും രംഗത്തിറങ്ങിക്കഴിഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കണമെന്ന് ജനതാദൾ യുണൈറ്റഡ് (ജെഡിയു) ആവശ്യപ്പെട്ടത് ഉദാഹരണം. ജെഡിയു കൂടി ഭാഗമായ എൻഡിഎ അന്തിമ തീരുമാനം പ്രഖ്യാപിക്കും വരെ സസ്പെൻസ് നീളും.
∙ ഇനി പോരാട്ടം രാഷ്ട്രപതിയുടെ പേരിൽ
1997 മുതൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രീതി രണ്ടു സ്ഥാനാർഥികൾ മാത്രം മത്സരിക്കുന്നതാണ്– ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഓരോ ആൾ വീതം. സ്ഥാനാർഥിയാകാൻ കുറഞ്ഞത് 50 എംപിമാരുടെ പിന്തുണ വേണമെന്ന ചട്ടം നടപ്പിലായതോടെയാണ് ഈ മാറ്റം വന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതീകാത്മക സ്ഥാനമുണ്ട്. അത് നിലവിലെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര മേധാവിത്വത്തെയും രാഷ്ട്രീയ ഏറ്റുമുട്ടലുകളെയും പ്രതിഫലിപ്പിക്കുന്നു. ഭരണകക്ഷിക്കു വിശ്വാസമുള്ള ആൾ മാത്രമേ ആ പദവിയിലേക്കു വരൂ എന്നതിനാൽ അത് മുഖ്യമായ രാഷ്ട്രീയ സന്ദേശങ്ങളെയും സമൂഹത്തിനു നൽകുന്നു. അങ്ങനെ നോക്കിയാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പാണ് കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അടുത്തവേദി. ഇവിടെ വിജയപ്രതീക്ഷയേക്കാൾ രാഷ്ട്രീയ പ്രതീകാത്മകതയാണു പ്രതിപക്ഷത്തെ നയിക്കുന്നത്.
∙ ഗിരിയെ ‘ജയിപ്പിച്ച’ ഇന്ദിര ഗാന്ധി
രാഷ്ട്രപതി തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഭരണകക്ഷിയുടെ സ്ഥാനാർഥി തന്നെ വിജയം നേടാറുണ്ടെങ്കിലും അപൂർവം വേളകളിൽ അവിടെ അപ്രതീക്ഷിതമായ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറാറുണ്ട്. 1969 ഓഗസ്റ്റിൽ നടന്ന അഞ്ചാമതു രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഉദാഹരണം. സക്കീർ ഹുസൈന്റെ അകാലമരണത്തോടെയാണ് ഇടക്കാല രാഷ്ട്രപതി തിരഞ്ഞെടുപ്പു വേണ്ടിവന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയ രാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു അത്. സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പിന്തുണച്ചില്ല. ഉപരാഷ്ട്രപതിയായിരുന്ന വി.വി. ഗിരി ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ നീലം സഞ്ജീവ റെഡ്ഢിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു.
1967കളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയസംഘർഷങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതായിരുന്നു മനഃസാക്ഷി വോട്ടിന് ആഹ്വാനമുയർന്ന ഈ സന്ദർഭം. 163 കോണ്‍ഗ്രസ് എംപിമാർ ഗിരിക്ക് വോട്ടു ചെയ്തു. ഇലക്ടറൽ കോളജിൽ 17 ൽ 11 സംസ്ഥാനവും ഗിരിയെയാണു പിന്തുണച്ചത്. അതിൽ 12 എണ്ണത്തിലും കോൺഗ്രസായിരുന്നു ഭരണം. 1966 മുതൽ ഇന്ദിരഗാന്ധി സ്വീകരിച്ച ഇടതു നയങ്ങൾക്ക് അംഗീകാരമായി കമ്യൂണിസ്റ്റുപാർട്ടികളും ഗിരിയെ പിന്തുണച്ചു. രണ്ടാം പ്രിഫറൻസ് വോട്ട് ജനസംഘത്തിന്റെ സ്ഥാനാർഥി സി.ഡി ദേശ്മുഖിനു ചെയ്യാനായിരുന്നു കോൺഗ്രസിലെ ഇന്ദിര വിരുദ്ധ സിൻഡിക്കേറ്റ് നിർദേശിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് ഇടതു–വലത് പോരാട്ടമായി ധ്രൂവീകരിക്കപ്പെട്ടു. വി.വി. ഗിരിയുടെ ജയം ഇന്ദിരയുടെ രാഷ്ട്രീയ മേധാവിത്വം ഉറപ്പിച്ചു. (1969ൽ തോറ്റ നീലം സഞ്ജീവ റെഡ്ഢി 1977ൽ ജനതാ പാർട്ടി അധികാരത്തിലെത്തിയപ്പോൾ രാഷ്ട്രപതിയായി. അന്ന് അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.)
∙ അപ്രതീക്ഷിത തീരുമാനങ്ങളുടെ ബിജെപി
2002ൽ പ്രധാനമന്ത്രി എ.ബി. വാജ്പേയി രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ‘സർപ്രൈസ്’ ആയിട്ടാണു ഏറോസ്പേസ് സയന്റിസ്റ്റായ എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരു നിർദേശിച്ചത്. ബിജെപിയുടെ കൂട്ടുകക്ഷിസർക്കാരിനു ഘടകകക്ഷികളുടെ മാത്രമല്ല പ്രതിപക്ഷത്തിന്റെ പിന്തുണയും കലാമിന്റെ കാര്യത്തിൽ ലഭിച്ചു. 2012ൽ കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ പ്രണബ് മുഖർജി മത്സരിച്ചപ്പോഴും യുപിഎ ഇതര കക്ഷികളുടെ പിന്തുണ ലഭിച്ചു. 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോൾ പ്രണബിന് ബിജെപി സർക്കാരുമായി സൗഹൃദം തുടരാനും പ്രയാസമുണ്ടായില്ല.
2014നുശേഷം ബിജെപിയുടെ രീതി ആർഎസ്എസ് നയങ്ങളെ വ്യക്തമായി രേഖപ്പെടുത്തുന്ന അപ്രതീക്ഷിത തീരുമാനങ്ങളെടുക്കുന്നതാണ്. രാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ അത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാവിതാൽപര്യങ്ങൾ കൂടി കണക്കിലെടുത്താവുമെന്ന കാര്യത്തിൽ സംശയമില്ല. ദലിത് നേതാവായ റാം നാഥ് കോവിന്ദിനെയാണ് 2017ൽ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ ദലിത് സമൂഹത്തിൽ സ്വാധീനശക്തി നേടാനുള്ള ബിജെപി നീക്കം ശക്തമായ കാലത്തായിരുന്നു അത്. കെ.ആർ. നാരായണനു ശേഷം രാഷ്ട്രപതി പദവിയിലെത്തിയ ദലിത് നേതാവായിരുന്നു കോവിന്ദ്.
രാഷ്ട്രപതിയായിരുന്ന ആർ. വെങ്കിട്ടരാമൻ രാഷ്ട്രപതിയുടെ ഓഫിസിനെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലെ ‘എമർജൻസി ലാംപ്’ എന്നാണു വിളിച്ചത്. ലോക്സഭയിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ വരുന്ന സാഹചര്യത്തിലാണു പ്രധാനമായും രാഷ്ട്രപതിയുടെ തീരുമാനങ്ങൾ നിർണായകമാകുന്നത്. ആർ.വെങ്കിട്ടരാമനും ശങ്കർദയാൽ ശർമയും കെ.ആർ. നാരായണനുമെല്ലാം ഇത്തരം രാഷ്ട്രീയ അനിശ്ചിത്വ സാഹചര്യങ്ങളെ കൈകാര്യം ചെയ്തിട്ടുമുണ്ട്. എന്നാൽ സംഘ്പരിവാർ രാഷ്ട്രീയത്തിനു വ്യക്തമായ മേധാവിത്വമുള്ള ഇപ്പോഴത്തെ സ്ഥിതിയിൽ രാഷ്ട്രീയ അനിശ്ചിതത്വം ഒരു ഘടകമല്ല.
∙ വിശ്വസ്തനോ തലവേദനയോ?
തത്വചിന്തകൻ, ഏറോസ്പേസ് സയന്റിസ്റ്റ്, നയതന്ത്രജ്ഞൻ എന്നിങ്ങനെയുള്ളവരും രാഷ്ട്രപതി പദവിയിലേക്കു വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ 15 രാഷ്ട്രപതിമാരെയെടുത്താൽ അവരിലേറെപ്പേരും രാഷ്ട്രീയരംഗത്തു പരിചയസമ്പത്തുള്ളവരായിരുന്നുവെന്നു കാണാം. ഇതു സുപ്രധാനമാണ്. ഈ പദവിയിലേക്കു വേണ്ട പ്രാഥമിക യോഗ്യത പ്രധാനമന്ത്രിയുടെ വിശ്വസ്തനാവുക എന്നതു തന്നെയാണ്. ഭരണഘടനാപരമായ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ഭരണഘടനയുടെ അന്തസ്സ് പരിപാലിക്കാനുള്ള ഉത്തരവാദിത്തവും കൂടി രാഷ്ട്രപതിക്ക് ഉണ്ടാവണം. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയാണു രാഷ്ട്രപതിയുടെ ദൗത്യമെങ്കിലും ചില ഘട്ടങ്ങളിൽ സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കുന്ന രാഷ്ട്രപതിമാർ പ്രധാനമന്ത്രിമാർക്കു തലവേദനയുണ്ടാക്കിയ ചരിത്രവും ഓർമിക്കണം.
ജവാഹർലാൽ നെഹ്റുവുമായി ഒട്ടേറെക്കാര്യങ്ങളിൽ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് (പ്രസിഡന്റായിരുന്നത് 26 ജനുവരി 1950 മുതൽ 13 മേയ് 1962 വരെ) അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. 1969ലാകട്ടെ, നീലം സഞ്ജീവ് റെഡ്ഢി രാഷ്ട്രപതിയാകുന്നതു തടയാനായി സ്വന്തം പാർട്ടിയെ പിളർത്തുന്ന നിലയിലേക്ക് പ്രധാനമന്ത്രി ഇന്ദിരഗാന്ധി പോയി. പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് രാഷ്ട്രപതി സെയിൽ സിങ്ങുമായി കടുത്ത ഭിന്നതകളുണ്ടായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായിരുന്നു സെയിൽ സിങ് (25 ജൂലൈ 1982 – 25 ജൂലൈ 1987). ഇന്ത്യയുടെ ഒൻപതാമതു രാഷ്ട്രപതിയായിരുന്നു ശങ്കർ ദയാൽ ശർമ (25 ജൂലൈ 1992 – 25 ജൂലൈ 1997). പ്രധാനമന്ത്രി പി.വി. നരസിംഹറാവുവുമായി ഇദ്ദേഹം പലപ്പോഴും തർക്കത്തിലേർപ്പെട്ടിരുന്നു. ഇത്തരത്തിൽ കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങളോടു രാഷ്ട്രപതി മുഖം തിരിക്കുന്നതു പലപ്പോഴും ഭരണഘടനാ പ്രതിസന്ധിയിലേക്കാവും നയിക്കുക.
∙ അതൊരു പ്രതിപക്ഷ ഐക്യസന്ദേശമാകുമോ?
2024ൽ പൊതു തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പുതിയ രാഷ്ട്രപതിക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പിലേക്കു രാജ്യം പോകുന്നത്. സ്വാഭാവികമായും ആശയപരമായും രാഷ്ട്രീയപരവുമായും ഒരു സഹയാത്രികനെ മാത്രമല്ല വ്യക്തിപരമായി ഉറച്ച വിശ്വാസവുമുള്ള ഒരാളെയാവും പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുക. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെത്തന്നെ രാഷ്ട്രപതിയായി പരിഗണിച്ചേക്കുമെന്ന അനുമാനം ശക്തമാകുന്നതും അതുകൊണ്ടാണ്.
മറുവശത്ത് പ്രതിപക്ഷം എങ്ങനെയാവും ഒരു പൊതുസ്ഥാനാർഥിയെ കണ്ടെത്തുക എന്നതും ആകാംക്ഷയുണർത്തുന്ന ചോദ്യമാണ്. ഭിന്നാഭിപ്രായക്കാരായ പ്രാദേശികകക്ഷികൾക്കു കൂടി താൽപര്യമുള്ള ഒരു പേരാണ് അവർ തിരയുന്നത്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഇനിയും യാഥാർഥ്യമായിട്ടില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പൊതുസ്ഥാനാർഥി, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ ഐക്യസന്ദേശമായി തീരണമെന്നാണു നേതാക്കളുടെ ആഗ്രഹം.
English Summary: Who will be India's Next President? Here is the Politics of the July 18th Election