‘മണി’ ഇല്ലാതെ മണിച്ചൻ: നിർണായകമായി ആ ചോദ്യം; പുറത്തിറങ്ങാന് ഒരൊറ്റ മാർഗം മാത്രം?

18 വർഷത്തെ ജയിൽ വാസം വേണോ, 30.5 ലക്ഷം രൂപ പിഴയടയ്ക്കണോ എന്നു തീരുമാനിക്കേണ്ടിവന്നാൽ പിഴയടയ്ക്കാനേ എല്ലാവരും ആഗ്രഹിക്കൂ. 65 വയസ്സായ മണിച്ചന്റെ ആഗ്രഹവും അതു തന്നെയാണ്. കാരണം 18 വർഷം കൂടി കിടക്കേണ്ടിവന്നാൽ 83 വയസ്സു കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയൂ. എന്നാൽ 30 ലക്ഷം പോയിട്ട്, 30,000 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് ഈ പഴയ മദ്യരാജാവെന്ന് അടുപ്പക്കാർ പറയുന്നു. മണിച്ചന് പുറത്തിറങ്ങാൻ സാധിക്കുമോ?
18 വർഷത്തെ ജയിൽ വാസം വേണോ, 30.5 ലക്ഷം രൂപ പിഴയടയ്ക്കണോ എന്നു തീരുമാനിക്കേണ്ടിവന്നാൽ പിഴയടയ്ക്കാനേ എല്ലാവരും ആഗ്രഹിക്കൂ. 65 വയസ്സായ മണിച്ചന്റെ ആഗ്രഹവും അതു തന്നെയാണ്. കാരണം 18 വർഷം കൂടി കിടക്കേണ്ടിവന്നാൽ 83 വയസ്സു കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയൂ. എന്നാൽ 30 ലക്ഷം പോയിട്ട്, 30,000 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് ഈ പഴയ മദ്യരാജാവെന്ന് അടുപ്പക്കാർ പറയുന്നു. മണിച്ചന് പുറത്തിറങ്ങാൻ സാധിക്കുമോ?
18 വർഷത്തെ ജയിൽ വാസം വേണോ, 30.5 ലക്ഷം രൂപ പിഴയടയ്ക്കണോ എന്നു തീരുമാനിക്കേണ്ടിവന്നാൽ പിഴയടയ്ക്കാനേ എല്ലാവരും ആഗ്രഹിക്കൂ. 65 വയസ്സായ മണിച്ചന്റെ ആഗ്രഹവും അതു തന്നെയാണ്. കാരണം 18 വർഷം കൂടി കിടക്കേണ്ടിവന്നാൽ 83 വയസ്സു കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയൂ. എന്നാൽ 30 ലക്ഷം പോയിട്ട്, 30,000 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് ഈ പഴയ മദ്യരാജാവെന്ന് അടുപ്പക്കാർ പറയുന്നു. മണിച്ചന് പുറത്തിറങ്ങാൻ സാധിക്കുമോ?
വിട്ടയയ്ക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടിട്ടും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസ് പ്രതി മണിച്ചൻ. 22 വർഷമായുള്ള ജയിൽ വാസം അവസാനിപ്പിക്കാനാണു സർക്കാർ തീരുമാനമെടുത്തതെങ്കിലും വിചാരണ സമയത്തു കോടതി വിധിച്ച പിഴയടയ്ക്കാതെ മണിച്ചനു പുറത്തിറങ്ങാനാകില്ല. 30.45 ലക്ഷം രൂപയാണു മണിച്ചൻ പിഴയടയ്ക്കേണ്ടത്. അതിനു കഴിഞ്ഞില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടതു 18 വർഷം കൂടി! 18 വർഷത്തെ ജയിൽ വാസം വേണോ, 30.5 ലക്ഷം രൂപ പിഴയടയ്ക്കണോ എന്നു തീരുമാനിക്കേണ്ടിവന്നാൽ പിഴയടയ്ക്കാനേ എല്ലാവരും ആഗ്രഹിക്കൂ. 65 വയസ്സായ മണിച്ചന്റെ ആഗ്രഹവും അതു തന്നെയാണ്. കാരണം 18 വർഷം കൂടി കിടക്കേണ്ടിവന്നാൽ 83 വയസ്സു കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയൂ. ജയിലിലെ ഇളവുകൾ കിഴിച്ചാലും 80 വയസു വരെയെങ്കിലും കിടക്കേണ്ടിവരും. എന്നാൽ 30 ലക്ഷം പോയിട്ട്, 30,000 രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് ഈ പഴയ മദ്യരാജാവെന്ന് അടുപ്പക്കാർ പറയുന്നു. 31 പേർ കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയെ പണം നൽകി സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയുമില്ല. ഒരുകാലത്ത് മദ്യരാജാവായി വിലസിയ മണിച്ചന്റെ ബിസിനസുകളും ഒന്നൊന്നായി പൊട്ടിയ അവസ്ഥയിലാണ്. പിഴ നൽകാതെ മണിച്ചന് ജയിൽ മോചനം സാധ്യമാവുമോ? കേരളത്തിൽ സമാനമായ മറ്റു കേസുകളിൽ സംഭവിച്ചത് എന്താണ്?
∙ മദ്യരാജാവ് ഇന്നു പരമദരിദ്രൻ
2000 ഒക്ടോബറിൽ 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ വിഷമദ്യദുരന്തം സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിലെ ഒന്നാം നമ്പർ അബ്കാരിയാകുമായിരുന്നു മണിച്ചൻ. അന്നേ മദ്യ രാജാവ് എന്നായിരുന്നു വിളിപ്പേര്. രാഷ്ട്രീയ നേതാക്കളിലും ഉന്നത ഉദ്യോഗസ്ഥരിലുമെല്ലാം സ്വാധീനം. തെക്കൻ ജില്ലകളിലെ സ്പിരിറ്റ് വിതരണം മണിച്ചനും സഹോദരങ്ങളും ചേർന്നാണു കയ്യടക്കിയിരുന്നത്. എന്നാൽ മണിച്ചനിൽനിന്നു സ്പിരിറ്റ് വാങ്ങിയ കല്ലുവാതുക്കൽ സ്വദേശി ഹയറുന്നീസ വിറ്റ മദ്യം കുടിച്ചവർ കൂട്ടത്തോടെ മരിച്ചതോടെ മണിച്ചന്റെ സാമ്രാജ്യം തകർന്നു.
കേസിൽ ഏഴാം പ്രതിയായി ജയിലിലായി. കാറും വീടുകളും ഗോഡൗണുകളുമടക്കം കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ടായിരുന്ന മണിച്ചൻ കേസ് നടത്തിപ്പൊളിഞ്ഞു. പണം കൊടുക്കാനുണ്ടായിരുന്നവരൊക്കെ കൈവിട്ടു. ഇന്നു സ്വന്തമായൊരു വീട് പോലുമില്ലാത്ത ‘രാജാവ്’ ആണു മണിച്ചൻ. പ്രതാപകാലത്തു ചിറയിൻകീഴ് കൂന്തള്ളൂരിൽ വച്ച ഇരുനില വീട് ഇപ്പോൾ കാടുപിടിച്ചു കിടക്കുന്നു. ഇതു ജപ്തിയിലാണെന്നാണു വിവരം. തൊട്ടടുത്ത് ഭാര്യാ സഹോദരിയുടെ വീട്ടിലാണു മണിച്ചന്റെ കുടുംബം താമസിക്കുന്നത്.
∙ കഞ്ഞിവിറ്റു തുടങ്ങി, കള്ളു വിറ്റ് വളർന്നു
ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കു മുൻപിൽ കഞ്ഞിവിറ്റാണു മണിച്ചനും കുടുംബവും ആദ്യം കഴിഞ്ഞിരുന്നത്. ആശുപത്രിയിലെത്തുന്നവരായിരുന്നു ഉപഭോക്താക്കൾ. കഞ്ഞിക്കച്ചവടത്തിൽനിന്നു കള്ളു കച്ചവടത്തിലേക്കു തിരിഞ്ഞു. ശാർക്കരയിലെ കള്ള് ഷാപ്പ് ലേലത്തിൽ പിടിച്ച് അബ്കാരിയായ മണിച്ചൻ പിന്നെ 2000 വരെ തിരഞ്ഞുനോക്കിയിട്ടില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു വളർച്ച. എന്നാൽ കേസിൽ പ്രതിയായി ജയിലിലായതോടെ അതേ വേഗത്തിൽ നിലംപൊത്തി.
∙ ബിസിനസുകൾ പൊട്ടി
പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കു നല്ല നടപ്പിന്റെ പേരിലാണ് ഏതാനും വർഷം മുൻപു മണിച്ചനെ മാറ്റിയത്. പരോൾ കൃത്യമായി ലഭിച്ചിരുന്ന ഈ സമയത്ത് മണിച്ചൻ നാട്ടിൽ ചപ്പാത്തി വിൽപനയും ചെറിയ നിലയ്ക്കു കാറ്ററിങ് സർവീസും തുടങ്ങിയെങ്കിലും വിജയിച്ചില്ല. കോവിഡ് സമയത്തു സുപ്രീംകോടതി വിധി പ്രകാരം ലഭിച്ച രണ്ടു വർഷത്തിലേറെ നീണ്ട പരോൾ കാലയളവിൽ വീണ്ടും ബിസിനസിൽ കൈവച്ചു. ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപം ശീതീകരണ സംവിധാനത്തോടെയുള്ള മത്സ്യവിൽപനയാണു തുടങ്ങിയത്. ഇതും അടച്ചു പൂട്ടി. ഇതേ കെട്ടിടത്തിൽ ജ്യൂസ് വിൽപന ഉൾപ്പെടെയായി പഴക്കടയും തുടങ്ങി. വലിയ ലാഭമൊന്നുമില്ല. മണിച്ചൻ തിരികെ ജയിലിലായശേഷം ബന്ധുവാണിപ്പോൾ ഇതിന്റെ നടത്തിപ്പ്.
മണിച്ചന്റെ സഹോദരങ്ങളായ മണികണ്ഠനും വിനോദ്കുമാറും കല്ലുവാതുക്കൽ കേസിൽ കൂട്ടുപ്രതികളായി ജയിലിലായിരുന്നു. ഇവർ 2018ൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം ജയിൽ മോചിതരായി. പുറത്തിറങ്ങിയതിനു ശേഷം ഇരുവരും പല ബിസിനസുകളും തുടങ്ങി. ബേക്കറിയും സ്റ്റേഷനറി കടയുമാണു മണികണ്ഠൻ തുടങ്ങിയത്. രണ്ടും അടച്ചു പൂട്ടി. വിനോദ് തുടങ്ങിയ തട്ടുകടയും പൂട്ടിപ്പോയി. സഹോദരങ്ങളാരും മണിച്ചനെ പിഴത്തുക നൽകി സഹായിക്കാവുന്ന സാമ്പത്തിക സ്ഥിതിയിലല്ല. രണ്ടു മക്കളാണു മണിച്ചന്. മകൻ ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. ഏതാനും വർഷം മുൻപു ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തി. മണിച്ചന്റെ ജയിൽ മോചനത്തിനു വേണ്ടി കേസ് നടത്തിയതു ഭാര്യ ഉഷ ചന്ദ്രനാണ്. കേസ് നടത്തിപ്പിനു നല്ലൊരു തുക ചെലവായി. ഉഷയ്ക്കും സ്വന്തമായി വരുമാനമില്ല.
∙ നിസ്സംഗനായി മണിച്ചൻ
ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവരടങ്ങിയ ഉപസമിതിയുടെ ശുപാർശ പ്രകാരമാണു മണിച്ചൻ ഉൾപ്പെടെ 33 പേരെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ജയിൽ ഉപദേശകസമിതി അപേക്ഷ പരിഗണിക്കാത്തതിനാൽ ദീർഘകാലമായി ജയിലിൽ കഴിയുന്ന 184 പേരുടെ പട്ടികയിൽനിന്നാണു മണിച്ചൻ ഉൾപ്പെടെയുള്ളവരെ തിരഞ്ഞെടുത്തത്. മണിച്ചന്റെ ഭാര്യ ഉഷ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ മൂന്നു മാസത്തിനകം തീരുമാനമെടുക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചതും കാര്യങ്ങൾ എളുപ്പമാക്കി.
സൂക്ഷ്മപരിശോധനയ്ക്കായി ഒരുവട്ടം തിരിച്ചയച്ചശേഷം സർക്കാർ ഫയലിൽ ഗവർണർ ഒപ്പിട്ടതു കഴിഞ്ഞ 13നാണ്. ജയിൽ മോചിതനാക്കാൻ തീരുമാനിച്ചുവെന്ന വിവരം അറിഞ്ഞപ്പോൾ നിസംഗതയോടെയാണു മണിച്ചൻ ജയിൽ ഉദ്യോഗസ്ഥരോടും സഹതടവുകാരോടും പ്രതികരിച്ചത്. ആ നിസംഗത ഇപ്പോഴും തുടരുകയാണ്. കാരണം സർക്കാർ തീരുമാനിച്ചാലും പുറത്തിറങ്ങണമെങ്കിൽ 30.5 ലക്ഷം രൂപ അടച്ചേ മതിയാകൂവെന്നു മണിച്ചനറിയാം. അതു താനോ, തന്റെ കുടുംബാംഗങ്ങളോ വിചാരിച്ചാൽ നടക്കുകയില്ലെന്നും.
∙ പുറത്തിറങ്ങാൻ ഒരേയൊരു വഴി?
ഇത്രയും വലിയ തുക പിഴയടയ്ക്കാൻ വിധിക്കപ്പെട്ട കേസുകളും, അതിന്റെ പേരിൽ ജയിൽ മോചനം സാധിക്കാത്ത കേസുകളും കേരളത്തിലെ ജയിൽ ചരിത്രത്തിൽ കുറവാണ്. അബ്കാരി കേസ് ആയതിനാലും, മരിച്ചവരുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകേണ്ടിവന്നതിനാലുമാണു വലിയ തുക കോടതി പിഴ വിധിച്ചത്. കല്ലുവാതുക്കൽ കേസിലെ കൂട്ടുപ്രതി ഹയറുന്നീസയ്ക്ക് ഏഴു ലക്ഷം രൂപ പിഴയിട്ടിരുന്നു. മകളുടെ സഹായം കൊണ്ടാണു പിഴത്തുക അടച്ചത്. അബ്കാരി കേസ് ഒഴിച്ചു നിർത്തിയാൽ പരമാവധി ഒന്നര ലക്ഷം രൂപ വരെ പിഴയുള്ള കേസുകളിൽ മോചനം വൈകിയ സംഭവങ്ങൾ മാത്രമേ ജയിൽ അധികൃതരുടെ ഓർമയിലുള്ളൂ.
മോഷണക്കേസുകൾക്കും മറ്റും പിടിയിലാകുന്ന തടവുകാർ ശിക്ഷായിളവ് കിട്ടിയാലും പിഴയടയ്ക്കാതെ ജയിലിൽ തുടരാൻ താൽപര്യപ്പെടാറുണ്ട്. മോഷണക്കേസിൽ അടയ്ക്കേണ്ട പിഴത്തുക ചെറുതായതിനാൽ, ഇത് അടച്ചില്ലെങ്കിൽ അനുഭവിക്കേണ്ട ശിക്ഷാകാലാവധിയും ചെറുതാണ്. പിഴ അടച്ചുതീർക്കാൻ നിൽക്കാതെ, അത്രയും ദിവസത്തെ ജയിൽ ശിക്ഷ കൂടി അനുഭവിച്ചു പുറത്തിറങ്ങുകയാണു മോഷ്ടാക്കളുടെ രീതി. എന്നാൽ മണിച്ചന്റെ കാര്യത്തിൽ, സർക്കാർ ശിക്ഷ റദ്ദാക്കി മോചനത്തിനു തീരുമാനമെടുത്തിട്ടും പിഴയടയ്ക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം കൂടുതൽ നിയമപരിശോധനകളിലേക്കു നീങ്ങിയേക്കാം.
പിഴയും ശിക്ഷയുടെ ഭാഗമല്ലേ എന്ന സംശയമാണു നിയമവിദഗ്ധരിൽ ചിലർ ഉന്നയിക്കുന്നത്. ആ നിലയ്ക്കു ശിക്ഷ റദ്ദാക്കിയാൽ പിഴയും റദ്ദാകേണ്ടതല്ലേ എന്നതാണു ചോദ്യം. 30 ലക്ഷം രൂപ പിഴത്തുക അടച്ചില്ലെങ്കിൽ 18 വർഷമാണു മണിച്ചൻ അനുഭവിക്കേണ്ട ജയിൽ വാസം. മണിച്ചനെ ജയിലിൽനിന്നു പുറത്തുവിടാൻ തീരുമാനിച്ചു എന്നതിന്റെ അർഥം, ഭാവിയിലേക്കുള്ള ജയിൽവാസം അനുഭവിക്കേണ്ട എന്നാണ്. ആ നിലയ്ക്ക് പിഴയോ, പിഴയുടെ പേരിലുള്ള ജയിൽ വാസമോ മണിച്ചൻ അനുഭവിക്കേണ്ടതുണ്ടോ എന്നതാണു സംശയം. ഈ വാദവുമായി മണിച്ചന്റെ ബന്ധുക്കൾ വീണ്ടും കോടതിയെ സമീപിച്ചേക്കും. മണിച്ചന്റെ സഹോദരൻമാരും കൂട്ടുപ്രതികളുമായ മണികണ്ഠൻ, വിനോദ്കുമാർ എന്നിവർക്കു സുപ്രീംകോടതി നിർദേശപ്രകാരം സർക്കാർ ജയിൽമോചനം നൽകിയപ്പോഴും പിഴത്തുക പ്രശ്നമായി വന്നിരുന്നു. കോടതിയെ സമീപിച്ചാണ് ഇവർ പിഴ ഒഴിവാക്കി പുറത്തിറങ്ങിയത്. ഇതേ മാർഗം തന്നെ മണിച്ചനും തേടേണ്ടിവരും.
English Summary: Kalluvathukkal Hooch Tragedy Kingpin Manichan to be freed from jail but there is a Twist!