കളിപ്പാട്ടത്തിൽനിന്ന് കൈവിടാത്ത കുഞ്ഞു വരെ മണ്ണിനടിയിൽ: കൂട്ടക്കുരുതികളുടെ ഇറാഖ്
പതിറ്റാണ്ടുകളായി ഇറാഖിന്റെ മണ്ണ് ചുവപ്പണിയുന്നു. നാലു പതിറ്റാണ്ടിലേറെ നീണ്ട രക്തരൂഷിത സംഘട്ടനങ്ങളിലും പ്രക്ഷോഭങ്ങളിലും ദുരിതമനുഭവിച്ച രാജ്യത്തെ അനേകം സ്ഥലങ്ങളില്‍ ഒന്നാണ് നജഫിനു സമീപം കുഴിമാടം കണ്ടെത്തിയ സ്ഥലവും. പക്ഷേ അതിനും മുൻപേതന്നെ രാജ്യത്ത് കൂട്ടക്കുഴിമാടങ്ങൾ കുപ്രസിദ്ധിയാർജിച്ചു തുടങ്ങിയിരുന്നു | Iraq Mass Graves | Saddam Hussein | Mass Graves Iraq | Islamic State | Manorama Online
പതിറ്റാണ്ടുകളായി ഇറാഖിന്റെ മണ്ണ് ചുവപ്പണിയുന്നു. നാലു പതിറ്റാണ്ടിലേറെ നീണ്ട രക്തരൂഷിത സംഘട്ടനങ്ങളിലും പ്രക്ഷോഭങ്ങളിലും ദുരിതമനുഭവിച്ച രാജ്യത്തെ അനേകം സ്ഥലങ്ങളില്‍ ഒന്നാണ് നജഫിനു സമീപം കുഴിമാടം കണ്ടെത്തിയ സ്ഥലവും. പക്ഷേ അതിനും മുൻപേതന്നെ രാജ്യത്ത് കൂട്ടക്കുഴിമാടങ്ങൾ കുപ്രസിദ്ധിയാർജിച്ചു തുടങ്ങിയിരുന്നു | Iraq Mass Graves | Saddam Hussein | Mass Graves Iraq | Islamic State | Manorama Online
പതിറ്റാണ്ടുകളായി ഇറാഖിന്റെ മണ്ണ് ചുവപ്പണിയുന്നു. നാലു പതിറ്റാണ്ടിലേറെ നീണ്ട രക്തരൂഷിത സംഘട്ടനങ്ങളിലും പ്രക്ഷോഭങ്ങളിലും ദുരിതമനുഭവിച്ച രാജ്യത്തെ അനേകം സ്ഥലങ്ങളില്‍ ഒന്നാണ് നജഫിനു സമീപം കുഴിമാടം കണ്ടെത്തിയ സ്ഥലവും. പക്ഷേ അതിനും മുൻപേതന്നെ രാജ്യത്ത് കൂട്ടക്കുഴിമാടങ്ങൾ കുപ്രസിദ്ധിയാർജിച്ചു തുടങ്ങിയിരുന്നു | Iraq Mass Graves | Saddam Hussein | Mass Graves Iraq | Islamic State | Manorama Online
2022 മേയ്: ഇറാഖിലെ നജഫിനു സമീപം കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിലം കുഴിക്കുകയായിരുന്നു ഒരു കൂട്ടം തൊഴിലാളികള്‍. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനു തെക്ക് 160 കിലോമീറ്റർ മാറിയാണ് നജഫ്. പത്തു ലക്ഷത്തോളം പേർ താമസിക്കുന്ന നഗരം. അതിനാൽത്തന്നെ കെട്ടിട നിർമാണങ്ങളും തകൃതി. എന്നാൽ കുഴിയെടുക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം എന്തിലോ തട്ടി. പരിശോധിച്ചു നോക്കിയപ്പോൾ ഒരു തലയോട്ടി. പിന്നാലെ ഒരു അസ്ഥികൂടം. കുഴിയുടെ ആഴം വലുതാകും തോറും കിട്ടുന്ന അസ്ഥികൂടങ്ങളുടെ എണ്ണവും കൂടി. തലയോട്ടികള്‍, കൈ കാലുകളുടെ എല്ലിന്‍ കഷ്ണങ്ങള്‍, നെഞ്ചിന്‍ കൂട് തുടങ്ങി അസ്ഥികളുടെ കൂമ്പാരം. സമീപ പ്രദേശങ്ങളില്‍ കുഴിച്ചപ്പോഴും അസ്ഥികള്‍ മാത്രം. വിവരമറിഞ്ഞ് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കണ്ടെടുത്ത എല്ലിന്‍ കഷ്ണങ്ങള്‍ ലാബുകളിലേക്ക് അയച്ചു. അങ്ങനെയാണ് അവയ്ക്കു വർഷങ്ങളുടെ പഴക്കമുണ്ടെന്നും അതൊരു കൂട്ടക്കുഴിമാടമാണെന്നും അധികൃതർ തിരിച്ചറിഞ്ഞത്. ഇറാഖിൽ പല കാലങ്ങളിലായി കാണാതായവരുടെ എണ്ണം ഏറെയാണ്. കൂട്ടക്കുഴിമാടം കണ്ടെത്തിയ സാഹചര്യത്തിൽ, കാണാതായവരുടെ ബന്ധുക്കളുടെ രക്തസാംപിളുകള്‍ അധികൃതർ ശേഖരിച്ചു. കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുണ്ടോയെന്ന് എല്ലാവരും ആകുലപ്പെട്ടു. അവരുടെ അസ്ഥിയെങ്കിലും കണ്ടെത്തിയെന്ന ആശ്വാസത്തിൽ ജനം ലബോറട്ടറികളില്‍ തിക്കിതിരക്കുകയാണിന്നും. പ്രതിദിനം മുപ്പതോളം കുടുംബങ്ങളാണ് മണ്ണില്‍ മറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ അസ്ഥി തേടി ലാബിൽ എത്തുന്നത്. ഇറാഖില്‍ ഇത്തരത്തിൽ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തുന്നത് പുതുമയല്ല എന്നതാണു സത്യം. പക്ഷേ എങ്ങനെ ഇത്രയേറെ കൂട്ടക്കുഴിമാടങ്ങൾ ഇറാഖിലുണ്ടായി? ആരാണ് ഇവരെയെല്ലാം കൊന്നൊടുക്കിയത്?
പതിറ്റാണ്ടുകളായി ഇറാഖിന്റെ മണ്ണ് ചുവപ്പണിയുന്നു. നാലു പതിറ്റാണ്ടിലേറെ നീണ്ട രക്തരൂഷിത സംഘട്ടനങ്ങളിലും പ്രക്ഷോഭങ്ങളിലും ദുരിതമനുഭവിച്ച രാജ്യത്തെ അനേകം സ്ഥലങ്ങളില്‍ ഒന്നാണ് നജഫിനു സമീപം കുഴിമാടം കണ്ടെത്തിയ സ്ഥലവും. പക്ഷേ അതിനും മുൻപേതന്നെ രാജ്യത്ത് കൂട്ടക്കുഴിമാടങ്ങൾ കുപ്രസിദ്ധിയാർജിച്ചു തുടങ്ങിയിരുന്നു. 1980 മുതല്‍ 1988 വരെ ഇറാനുമായി യുദ്ധത്തിലായിരുന്നു ഇറാഖ്. സദ്ദാം ഹുസൈന്റെ ഭരണകാലമായിരുന്നു അത്. പിന്നാലെ 1991ൽ കുവൈത്തിനെ ചൊല്ലിയുള്ള ഗള്‍ഫ് യുദ്ധം. 2003ൽ യുഎസിന്റെ നേതൃത്വത്തിലുള്ള അധിനിവേശം. ഇതിനെല്ലാം ഒപ്പമാണ് രാജ്യത്തിനകത്തുതന്നെ വര്‍ഷങ്ങളായി തുടരുന്ന വിഭാഗീയതയുടെ പേരിലുള്ള രക്തച്ചൊരിച്ചില്‍. ലോകം കണ്ട ഏറ്റവും ക്രൂരതയാർന്ന ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റും (ഐഎസ്) ഇറാഖിലൂടെ തേരോട്ടം നടത്തി. 2017 വരെ നടമാടിയ ഐഎസ് ഭീകര ‘ഭരണ’ത്തിലും എത്ര പേർ കൊല്ലപ്പെട്ടുവെന്നത് ഇന്നും അജ്ഞാതം. എന്നാൽ പല രഹസ്യങ്ങളും മണ്ണിനടിയിൽ ഇന്നും ഉറങ്ങുകയാണ്. നാലു പതിറ്റാണ്ടിലേറെ നീണ്ട സംഘർഷം ഇറാഖിന് വലിയ കുപ്രസിദ്ധിയും ചാർത്തിക്കൊടുത്തിരിക്കുന്നു–ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ കാണാതാകുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖെന്ന് പറഞ്ഞത് ഇന്റര്‍നാഷനല്‍ റെഡ് ക്രോസ് കമ്മിറ്റിയാണ്. പല കാലങ്ങളിലായി കാണാതായ ജനലക്ഷങ്ങളുടെ അസ്ഥികളാണോ ഈ കുഴിമാടങ്ങളില്‍...?
∙ കുപ്രസിദ്ധ കൂട്ടക്കുഴിമാടങ്ങൾ
2003ല്‍ സദ്ദാം ഹുസൈന്റെ ഭരണത്തെ അട്ടിമറിച്ച് യുഎസ് നേതൃത്വം ഇറാഖിനുമേല്‍ അധിനിവേശം സ്ഥാപിച്ചതിനു ശേഷമാണ് ഇറാഖിലെ കൂട്ടക്കുഴിമാടങ്ങള്‍ ‘കുപ്രസിദ്ധ’മായത്. സദ്ദാം ഹുസൈന്റെ ഭരണകാലത്തെ അക്രമസംഭവങ്ങളിലൂടെ മാത്രം രാജ്യത്ത് 263 കൂട്ടക്കുഴിമാടങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് നിരീക്ഷകർ പറയുന്നു. അവയിലെല്ലാം കൂടി മൂന്നു ലക്ഷം പേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടേക്കാം. ഭരണകൂടത്തെ എതിര്‍ത്തതിന്റെ പേരിൽ, 1983നും 1991നും ഇടയില്‍, കൊല്ലപ്പെട്ട ഷിയ മുസ്‌ലിംകളുടെയും കുര്‍ദ് വംശജരുടെയും അവശിഷ്ടങ്ങളാണ് കുഴിമാടങ്ങളില്‍ കൂടുതലുമെന്നും വിദഗ്ധർ പറയുന്നു.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും കുഴിമാടങ്ങളുണ്ടെന്നാണ് കണക്ക്. ആറു മൃതദേഹങ്ങള്‍ മുതല്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ വരെ അടങ്ങുന്ന കുഴിമാടങ്ങള്‍ ഇറാഖില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയെയാണ് കൂട്ടക്കുഴിമാടങ്ങളെന്നു വിശേഷിപ്പിക്കുന്നതും. അതില്‍ ഇറാഖിലെ ജനങ്ങളും കുവൈത്തികളും സൗദി സ്വദേശികളും ഉള്‍പ്പെടെയുള്ള വിദേശ പൗരന്മാരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വധശിക്ഷയുടെയും യുദ്ധങ്ങളുടെയും ഫലമായി ഒരു ദശലക്ഷത്തിലധികം ഇറാഖികളെ രാജ്യത്തുനിന്ന് കാണാതായതായും റിപ്പോർട്ടുകളുണ്ട്. അവരില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഈ കൂട്ടക്കുഴിമാടങ്ങളിലുണ്ടെന്നാണു കരുതപ്പെടുന്നത്.
∙ കൊന്നു കുഴിച്ചുമൂടപ്പെട്ടവർ
ഇന്നുവരെ ഇറാഖില്‍ കണ്ടെത്തിയ കുഴിമാടങ്ങളില്‍ ഭൂരിഭാഗവും സദ്ദാം ഹുസൈന്റെ ഭരണ കാലത്തു നടത്തിയ അതിക്രമങ്ങള്‍ക്ക് ഇരയായവരുടെ അസ്ഥികൂടങ്ങളാണെന്നാണ് യുഎസ് പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെടെ പറയുന്നത്. ഭരണകൂടത്തിന്റെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരും വംശഹത്യയ്ക്ക് വിധേയരായവരും അതില്‍പ്പെടുന്നു. സ്ത്രീകളും യുവാക്കളും കളിപ്പാട്ടങ്ങളില്‍ മുറുകെ പിടിച്ചിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും വരെ മണ്ണിനടിയിലുണ്ട്. 1979 മുതല്‍ 2003 വരെയുള്ള സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇറാഖില്‍ ‘കൂട്ടക്കുഴിച്ചുമൂടലുകള്‍ക്ക്’ ഇടയാക്കിയ പ്രധാന സംഭവങ്ങള്‍ പലതുമുണ്ട്.
1982 ജൂലൈ എട്ടിന് ഇറാഖിലെ ദുജൈൽ നഗരത്തിൽ സന്ദർശനത്തിനെത്തിയതായിരുന്നു സദ്ദാം ഹുസൈൻ. ഇറാൻ–ഇറാഖ് യുദ്ധം തുടരുന്ന സമയമാണ്. ദുജൈലിൽനിന്ന് ബാഗ്ദാദിലേക്കു പോകാനായി തയാറെടുത്ത സദ്ദാമിന്റെ വാഹനവ്യൂഹത്തെ ഒരു ഡസനോളം പേർ വളഞ്ഞ് വെടിവച്ചു. സദ്ദാമിന്റെ അംഗരക്ഷകരില്‍ ചിലർ കൊല്ലപ്പെട്ടു. സദ്ദാം തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അന്നു വെടിവച്ചവരിൽ പലരെയും പിടികൂടിയെങ്കിലും അതിന്റെ പേരിൽ വൻ നരനായാട്ടാണ് ഇറാഖിൽ നടന്നത്. ഷിയാ വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു ആരോപണം. ആക്രമണത്തിന്റെ പേരില്‍ പല കുടുംബങ്ങളെയും ‘റവല്യൂഷനറി കോടതി’ രൂപീകരിച്ച് വധശിക്ഷയ്ക്കു വിധിച്ചു. യുവാക്കളും യുവതികളും കുട്ടികളും ഉൾപ്പെടെ അന്നു തടവിലാക്കപ്പെടുകയോ വധശിക്ഷയ്ക്കു വിധേയരാവുകയോ ചെയ്തു. ആയിരക്കണക്കിന് ‘പ്രത്യേക’ കോടതികളാണ് അന്നു വിചാരണയ്ക്കും വധശിക്ഷ വിധിക്കാനും വേണ്ടി രൂപീകരിച്ചത്. ഇത്തരത്തിൽ മരണമടഞ്ഞവരെയെല്ലാം കൂട്ടിക്കുഴിമാടങ്ങളിൽ അടക്കിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
1982ല്‍ ഷിയ നേതാവ് ആയത്തുല്ല മുഹമ്മദ് ബാകിര്‍ അല്‍ സദർ കൊല്ലപ്പെട്ടതിനു പിന്നാലെ, ഷിയാ പ്രസ്ഥാനങ്ങൾക്കു നേരെ ആക്രമണത്തിന് സദ്ദാം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായി. ആ വര്‍ഷം പതിനായിരക്കണക്കിന് ഇറാഖി യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയുമാണ് വധശിക്ഷയ്ക്കു വിധിച്ചത്. വടക്കൻ ഇറാഖിൽ ‘ഇറാഖി കുർദിസ്ഥാൻ’ എന്നറിയപ്പെട്ട മേഖലയിൽ ജീവിച്ചിരുന്ന ബര്‍സാനി ഗോത്രത്തില്‍പ്പെട്ട കുര്‍ദിഷ് പൗരന്മാരെ സദ്ദാമിന്റെ പട്ടാളം കൂട്ടമായി കൊലപ്പെടുത്തിയ സംഭവവുമുണ്ട്. കുർദിഷ് വിമതരെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു അത്. എന്നാൽ ഇതിന്റെ പേരിൽ ഒരു ലക്ഷത്തിലേറെ കുർദുകളെയും കുടുംബാംഗങ്ങളെയും കൊന്നൊടുക്കിയെന്നാണ് റിപ്പോർട്ടുകൾ. 1986 മുതൽ കുർദിഷ് ഗ്രാമങ്ങൾക്കു നേരെ വ്യോമസേന നടത്തിയ രാസ ആക്രമണത്തിലും ആയിരങ്ങൾ കൊല്ലപ്പെട്ടു.
2003 മേയില്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ തെക്കന്‍ ഇറാഖിലെ അബുല്‍ ഖാസിബില്‍ 40 മൃതദേഹങ്ങള്‍ അടങ്ങിയ കുഴിമാടം കണ്ടെത്തി. 1991ൽ സദ്ദാം ഭരണകൂടത്തിനെതിരെയുള്ള ഷിയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ആ കുഴിമാടത്തിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു. കുവൈത്തിനെ ചൊല്ലിയുള്ള ഗള്‍ഫ് യുദ്ധത്തിൽ സദ്ദാമിന്റെ സേന പിടിച്ചുകൊണ്ടുപോയ കുവൈത്തികളുടേതെന്നു സംശയിക്കുന്ന മൃതദേഹങ്ങള്‍ അടങ്ങിയ കുഴിമാടവും 2019ല്‍ ഇറാഖിലെ മുത്തന്നയില്‍ കണ്ടെത്തിയിരുന്നു.
∙ ‘ഞെട്ടലുകൾ’ പുറത്തുവിട്ട് യുഎസ്
2003ല്‍ സദ്ദാം ഹുസൈന്റെ ഭരണത്തെ അട്ടിമറിച്ച് യുഎസ് സൈന്യം ഇറാഖിലേക്കു കടന്നതിനു പിന്നാലെയാണ് കൂട്ടക്കുഴിമാടങ്ങളുടെ കണക്കുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് യുഎസിനെതിരെ ലോകവ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സമയം കൂടിയായിരുന്നു അത്. ആ വിമർശനങ്ങളെ പ്രതിരോധിക്കാനും കൂട്ടക്കുഴിമാടങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടതിലൂടെ യുഎസിനു സാധിച്ചു. സദ്ദാം സ്വന്തം ജനങ്ങളോടു ചെയ്ത ക്രൂരത എന്നു വിശേഷിപ്പിച്ചായിരുന്നു യുഎസിന്റെ റിപ്പോർട്ടുകൾ. കൂട്ടക്കുഴിമാടങ്ങളുടെ കണക്കെടുക്കാന്‍ യുഎസ് സെനറ്റ് കമ്മിറ്റിയെയും നിയോഗിച്ചു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ അന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ലോകത്തെ ഞെട്ടിച്ച വിവരങ്ങളായിരുന്നു. കമ്മിറ്റിയുടെ കണ്ടെത്തലില്‍ ചിലത് ഇങ്ങനെ:
സദ്ദാമിന്റെ റിപ്പബ്ലിക്കന്‍ ഗാര്‍ഡുകള്‍ ക്രൂരമായി അടിച്ചമര്‍ത്തിയ 1991ലെ ജനകീയ പ്രക്ഷോഭത്തിന്റെ ഇരകളായ 60,000 ഷിയകളുടേതെന്ന് കരുതുന്ന കൂട്ടക്കുഴിമാടം ബാഗ്ദാദിന്റെ തെക്കു ഭാഗത്തു കണ്ടെത്തി. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ 18 ഇടങ്ങളിൽ കൂട്ടക്കുഴിമാടം ഉണ്ടെന്നു കണ്ടെത്തി. അതിൽ രണ്ടെണ്ണം പരിശോധിച്ചപ്പോൾതന്നെ ഓരോന്നിലും 28, 10 വീതം മുതിർന്ന മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. തെക്കൻ ഇറാഖിലെ മഹാവിലില്‍ കണ്ടെത്തിയത് 3115 മൃതദേഹങ്ങളാണ്. അന്നു കണ്ടെത്തിയ വലിയ കൂട്ടക്കുഴിമാടങ്ങളില്‍ ഒന്നായിരുന്നു മഹാവീലിലേത്. യുകെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും നിർണായക വിവരങ്ങളുമായി രംഗത്തെത്തിയിരുന്നു. നാലു ലക്ഷത്തോളം പേരുടെ ശരീര അവശിഷ്ടങ്ങൾ കൂട്ടക്കുഴിമാടങ്ങളിൽ കണ്ടെത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗർഭസ്ഥ ശിശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം 2004ൽ ബിബിസിയാണു പുറത്തു വിട്ടത്. പിഞ്ചു കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം സദ്ദാമിന്റെ കാലത്തെയാണെന്നും തെളിഞ്ഞു.
പടിഞ്ഞാറൻ ഇറാഖിൽ കണ്ടെത്തിയ ഒരു കൂട്ടക്കുഴിമാടത്തിലെ അസ്ഥികൂടങ്ങൾ പരിശോധിച്ചപ്പോൾ, അവരെല്ലാം കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നു കണ്ടെത്തി. അതും തൊട്ടടുത്തുനിന്ന്, പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്ത്. ഇത്തരത്തിൽ പലയിടത്തുനിന്നും കൂട്ടത്തോടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ പ്രാദേശിക എതിർപ്പുകളും ഉയര്‍ന്നു. അവശിഷ്ടം സൂക്ഷിക്കാനും ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനുമുള്ള പ്രതിസന്ധി, മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തത്, മരിച്ചവരുടെ ബന്ധുക്കളെന്ന് അവകാശപ്പെട്ടു വരുന്നവരുടെ തിരക്ക് എല്ലാം ചേർന്നപ്പോൾ ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിലെ യുഎസിന്റെ ‘ഇടപെടൽ’ പതിയെ അവസാനിച്ചു.
∙ ഐഎസ് ക്രൂരതയുടെ അവശേഷിപ്പുകൾ
യുഎസ് അധിനിവേശത്തിനു ശേഷം, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആക്രമണ കാലത്തും ഇറാഖില്‍ കൂട്ടക്കുഴിമാടങ്ങളുണ്ടായി. ഐഎസുമായി ബന്ധമുള്ള 200–ലധികം കൂട്ടക്കുഴിമാടങ്ങള്‍ ഇറാഖില്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ 33,000 പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഉണ്ടാകാമെന്നുമാണ് ഐക്യരാഷ്ട്ര സംഘടന 2018ൽ വ്യക്തമാക്കിയത്. ഐഎസ് ആധിപത്യം നിലനിന്ന മൂന്നു വര്‍ഷം യസീദികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ പതിനായിരങ്ങൾ ഇറാഖില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2017 അവസാനത്തോടെ ഇറാഖ് സൈന്യം ഐഎസിനെ പുറത്താക്കിയെങ്കിലും ഐഎസിന്റെ ഇരകള്‍ ഇപ്പോഴും ‘മിസ്സിങ്’ ആണ്. അങ്ങനെ കാണാതായവരിലേറെയും ഈ കുഴിമാടങ്ങളില്‍ ഉണ്ടെന്നാണു വിശ്വാസം. ഐഎസിന്റെ അധീനതയില്‍ ഉണ്ടായിരുന്ന പ്രദേശങ്ങളിലാണു ഭൂരിഭാഗം കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതും.
ബാഗ്ദാദിനു വടക്കുള്ള ഹവിജ നഗരത്തില്‍നിന്ന് ഐഎസിനെ പുറത്താക്കാൻ അതിശക്തമായ പോരാട്ടമാണു നടന്നത്. 2017 സെപ്റ്റംബറിൽ ഇറാഖി സേന ഹവിജയും സമീപപ്രദേശങ്ങളും വളഞ്ഞു. ഐഎസിന്റെ അവസാന ശക്തിദുർഗങ്ങളിലൊന്നായിരുന്നു അത്. ദിവസങ്ങൾ നീണ്ട ആക്രമണത്തെ ചെറുത്തുനിൽക്കാനാകാതെ ഭീകരർ നഗരം വിട്ടു. ആയിരത്തോളം ഭീകരരെ സൈന്യം പിടികൂടി. അന്ന് ഹവിജയില്‍നിന്ന് ഐഎസ് പുറത്തുപോകുമ്പോള്‍, നഗരത്തില്‍ 7000-ത്തോളം പേര്‍ മരിക്കുകയും 5000–ത്തോളം പേരെ കാണാതാവുകയും ചെയ്‌തിരുന്നുവെന്നാണു റിപ്പോർട്ട്. ഇവരെല്ലാം കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നാണു കരുതുന്നത്.
2022 മാര്‍ച്ചില്‍, ഇറാഖിലെ വടക്കന്‍ നഗരമായ മൊസൂളിലെ കൂട്ടക്കുഴിമാടത്തില്‍ നിന്ന് 85 ഐഎസ് ഭീകരരുടെയും കുടുംബാംഗങ്ങളുടെയും അവശിഷ്ടങ്ങള്‍ പുറത്തെടുത്തിരുന്നു. ഐഎസിന്റെ മുന്‍ ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ 2016ലും 2017ലുമായി നടന്ന യുദ്ധത്തിനിടെ കൊല്ലപ്പെട്ടവരുടേതായിരുന്നു മൃതദേഹങ്ങള്‍. സിറിയന്‍ അതിര്‍ത്തിക്കു സമീപമുള്ള പ്രദേശങ്ങളിലും കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീകള്‍, കുട്ടികള്‍, വയോധികര്‍, സൈനികര്‍, പൊലീസുകാര്‍ എന്നിവരുടേത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങളാണ് ഈ കുഴിമാടങ്ങളിലുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ മൊസൂളിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഐഎസ് കൊലപ്പെടുത്തിയ നൂറിലധികം പേരുടെ അവശിഷ്ടങ്ങള്‍ അടങ്ങിയ കുഴിമാടം കണ്ടെത്തിയിരുന്നു. 2014ല്‍ ഐഎസ് വധിച്ച ബാദുഷ് ജയിലിലെ ഷിയ തടവുകാരുടേതായിരുന്നു അവശിഷ്ടങ്ങള്‍. 2017ല്‍ ഇറാഖ് സര്‍ക്കാര്‍, ജയിലുകളില്‍നിന്ന് 500ഓളം തടവുകാരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. 2022ൽ ഇതുവരെ 29 സ്ഥലങ്ങളിലെ 81 കുഴിമാടങ്ങളില്‍നിന്ന് 3000ത്തോളം ആളുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതില്‍ ഭൂരിഭാഗവും വംശീയ-മത ന്യൂനപക്ഷമായ യസീദികളുടെ മൃതദേഹങ്ങളായിരുന്നു. ഐഎസ് വംശഹത്യയ്ക്കു ശ്രമം നടത്തിയെന്നതിന്റെ തെളിവുകൂടിയായിരുന്നു ഈ അവശിഷ്ടങ്ങള്‍. പരമ്പരാഗത യസീദികളുടെ ജന്മദേശമായ സിന്‍ജാറിലെ വടക്കന്‍ ഇറാഖി പ്രവിശ്യയിലാണ് ഇവ കൂടുതലും കണ്ടെത്തിയതും.
ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങളും കൂട്ടക്കുഴിമാടങ്ങളില്‍നിന്ന് കണ്ടെത്തിയിരുന്നു. 2014 ജൂണ്‍ 11നാണ് തുര്‍ക്കിയുടെ ഉടമസ്ഥതയില്‍ മൊസൂളില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണ കമ്പനിയില്‍നിന്ന് ബാഗ്ദാദിലേക്കുള്ള യാത്രമാധ്യേ ഐഎസ് ഭീകരര്‍ 40 ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്. പഞ്ചാബ്, ബംഗാള്‍, ബിഹാര്‍, ഹിമാചല്‍ പ്രദേശ് സ്വദേശികളായിരുന്നു ഇവര്‍. അന്ന് ഭീകരരില്‍നിന്ന് രക്ഷപ്പെട്ട പഞ്ചാബ് സ്വദേശിയായ ഹര്‍ജിത് മാനിഷ് ആണ് ഭീകരർ മറ്റുള്ളവരെ വെടിവച്ചുകൊന്നതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂട്ടകുഴിമാടങ്ങളില്‍ മറവുചെയ്ത നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയുകയായിരുന്നു.
∙ പുറത്തെടുക്കാന്‍ കടമയേറെ
‘ഒരു കൂട്ടക്കുഴിമാടം തുറക്കുക എന്നതു ചെറിയ ജോലിയല്ല’–പറയുന്നത് ഇറാഖിൽ കൂട്ടക്കുഴിമാടങ്ങൾ പരിശോധിക്കാനായി സർക്കാർ ചുമതലപ്പെടുത്തിയ ഫൗണ്ടേഷന്റെ ചുമതലയുള്ള ഡെർഗാം ഖാമിൽ. ‘ആരുടെ മൃതദേഹ അവശിഷ്ടമാണു കണ്ടെത്തിയത് എന്നു തിരിച്ചറിയാൻ നാളുകളെടുക്കും. പലരുടെയും ബന്ധുക്കളും ഇക്കാര്യത്തിൽ അക്ഷമ പ്രകടിപ്പിക്കുന്നു. പലരും പരാതികളുമായി വരുന്നതും പതിവ്. കൂട്ടക്കുഴിമാടങ്ങളുടെ സംരക്ഷണത്തിനായി ഒരു പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചിട്ടുണ്ട് ഇറാഖിൽ. പക്ഷേ 2016 മുതൽ ഇതുവരെ ഇതിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. അവശിഷ്ടങ്ങളുടെ ജനിതക പരിശോധന നടത്താനുമുണ്ട് പ്രശ്നം. അതിനുള്ള സൗകര്യം ബാഗ്ദാദിൽ മാത്രമേയുള്ളൂ’– ഖാമിൽ പറയുന്നു. മൊസൂളിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളിലെ ശരീര അവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധന പോലും ഇഴഞ്ഞാണു നീങ്ങുന്നത്. അടുത്തകാലത്തു കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങൾ തിരിച്ചറിയാനുള്ള പരിശോധനയ്ക്ക് ബന്ധുക്കളിൽനിന്ന് ഡിഎൻഎ ശേഖരിക്കാനെങ്കിലും സാധിക്കും. പക്ഷേ പതിറ്റാണ്ടു പഴക്കമുള്ള കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തുമ്പോൾ അവരുടെ ചരിത്രം എങ്ങനെ കണ്ടെത്താനാകും?
മൊസൂളിൽ ഒരു കൂട്ടക്കുഴിമാടം ഇപ്പോഴും തുറന്നിട്ടില്ല. സൈനികരും ഡോക്ടർമാരും അധ്യാപകരും കുട്ടികളും ഉൾപ്പെടെ ഐഎസ് കൊലപ്പെടുത്തിയ നാലായിരത്തോളം പേരുടെ മൃതദേഹം അതിലുണ്ടെന്നാണു കരുതുന്നത്. പക്ഷേ ശരീര അവശിഷ്ടങ്ങൾ പുറത്തെടുക്കും മുൻപ്, മൊസൂളിൽനിന്നു മാത്രം കാണാതായവരുടെ പട്ടികയെങ്കിലും സർക്കാര്‍ ലഭ്യമാക്കണം. അല്ലെങ്കിൽ ആരും ഏറ്റെടുക്കാനോ പരിശോധിക്കാനോ ഇല്ലാതെ അവശിഷ്ടങ്ങൾ നശിക്കുകയേ ഉള്ളൂ. മരിച്ചവരുടെ കാര്യത്തിൽ പക്ഷേ സർക്കാരിന് ഇപ്പോഴും താൽപര്യമില്ലാത്ത മട്ടാണ്. മണ്ണിനടിയിലെ ആയിരക്കണക്കിന് ആത്മാക്കൾക്ക് പിന്നെ ആര് ആത്മശാന്തി പകരും? അവരുടെ ബന്ധുക്കൾക്ക് ആര് ഉത്തരം നൽകും? ആ ചോദ്യങ്ങളും മണ്ണിട്ടു മൂടപ്പെട്ടിരിക്കുകയാണ് ഇറാഖിൽ.
English Summary: From Saddam Hussein to Islamic State; How Iraq's Mass Graves are still a Nightmare for Many?