കിട്ടിയത് ‘പൊന്നുംവില’; ഭൂമി ഏറ്റെടുക്കലിലെ ‘മലപ്പുറം മാതൃക’ സൂപ്പർ ഹിറ്റായതെങ്ങനെ?
2 വർഷം മുൻപ്,ദേശീയപാത വഴി മലപ്പുറം ജില്ലയിലൂടെ കടന്നു പോയാൽ ഒരു പ്രതിഷേധ റാലിയോ, യോഗമോ തീർച്ചയായും കണ്ണിൽപ്പെടുമായിരുന്നു. എന്‍എച്ച് 66 വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കലിനെതിരെ അത്ര രൂക്ഷമായിരുന്നു പ്രതിഷേധം. എന്നാല്‍ വർഷങ്ങള്‍ക്കിപ്പുറം ജില്ലയിൽ ‘സീൻ’ വേറെയാണ്. സംസ്ഥാനത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമിയേറ്റെടുക്കൽ പ്രക്രിയ ആദ്യമായി പൂർത്തിയാക്കിയ ജില്ലയെന്ന ബഹുമതി മലപ്പുറം ജില്ലയ്ക്കാണിന്ന്
2 വർഷം മുൻപ്,ദേശീയപാത വഴി മലപ്പുറം ജില്ലയിലൂടെ കടന്നു പോയാൽ ഒരു പ്രതിഷേധ റാലിയോ, യോഗമോ തീർച്ചയായും കണ്ണിൽപ്പെടുമായിരുന്നു. എന്‍എച്ച് 66 വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കലിനെതിരെ അത്ര രൂക്ഷമായിരുന്നു പ്രതിഷേധം. എന്നാല്‍ വർഷങ്ങള്‍ക്കിപ്പുറം ജില്ലയിൽ ‘സീൻ’ വേറെയാണ്. സംസ്ഥാനത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമിയേറ്റെടുക്കൽ പ്രക്രിയ ആദ്യമായി പൂർത്തിയാക്കിയ ജില്ലയെന്ന ബഹുമതി മലപ്പുറം ജില്ലയ്ക്കാണിന്ന്
2 വർഷം മുൻപ്,ദേശീയപാത വഴി മലപ്പുറം ജില്ലയിലൂടെ കടന്നു പോയാൽ ഒരു പ്രതിഷേധ റാലിയോ, യോഗമോ തീർച്ചയായും കണ്ണിൽപ്പെടുമായിരുന്നു. എന്‍എച്ച് 66 വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കലിനെതിരെ അത്ര രൂക്ഷമായിരുന്നു പ്രതിഷേധം. എന്നാല്‍ വർഷങ്ങള്‍ക്കിപ്പുറം ജില്ലയിൽ ‘സീൻ’ വേറെയാണ്. സംസ്ഥാനത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമിയേറ്റെടുക്കൽ പ്രക്രിയ ആദ്യമായി പൂർത്തിയാക്കിയ ജില്ലയെന്ന ബഹുമതി മലപ്പുറം ജില്ലയ്ക്കാണിന്ന്
രണ്ടു വർഷം മുൻപ്, ദേശീയ പാത വഴി മലപ്പുറം ജില്ലയിലൂടെ കടന്നു പോയാൽ ഒരു പ്രതിഷേധമോ, റാലിയോ, യോഗമോ തീർച്ചയായും കണ്ണിൽപ്പെടുമായിരുന്നു. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കലിനെതിരെ അത്ര രൂക്ഷമായിരുന്നു ജില്ലയിലെ പ്രതിഷേധം. ഭൂമിയേറ്റെടുക്കലിനു 2018ൽ 3എ വിജ്ഞാപനം ഇറങ്ങിതിനു പിന്നാലെ ജില്ലയിൽ പ്രതിഷേധങ്ങൾ തുടങ്ങി. വർഷങ്ങള്‍ക്കിപ്പുറം ജില്ലയിൽ ‘സീൻ’ വേറെയാണ്. സാക്ഷരതയിലും ഇ സാക്ഷരതയിലുമെല്ലാം സംസ്ഥാനത്തിനു വഴി കാട്ടിയ മലപ്പുറം മാതൃക ദേശീയ പാതയ്ക്കു ഭൂമിയേറ്റെടുക്കലിലും ആവർത്തിക്കുകയാണ്. സംസ്ഥാനത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമിയേറ്റെടുക്കൽ പ്രക്രിയ ആദ്യമായി പൂർത്തിയാക്കിയ ജില്ലയെന്ന അപൂർവ ബഹുമതി മലപ്പുറം ജില്ലയ്ക്കാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആസ്ഥാന മന്ദിരം മുതൽ കാലിക്കറ്റ് സർവകലാശാലയുടെ പ്രധാന പ്രവേശന കവാടം വരെ ദേശീയ പാതാ വികസനത്തിനായി പൊളിച്ചു മാറ്റി. കടുത്ത എതിർപ്പിൽനിന്നു സംസ്ഥാനത്തിനു മാതൃയാകുന്ന രീതിയിലേക്കു മലപ്പുറത്തെ ദേശീയ പാതാ ഭുമിയേറ്റെടുക്കൽ മാറിയതെങ്ങനെയാണ്? മെച്ചപ്പെട്ട നഷ്ടപരിഹാരം, നഷ്ടപരിഹാരത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ ബോധവത്കരണം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഇതിന് ഉത്തരമായുണ്ട്. ഡപ്യൂട്ടി കലക്ടർ ഡോ.ജെ.അരുണാണു മലപ്പുറത്തെ ഭൂമിയേറ്റെടുക്കലിനു നേതൃത്വം നൽകിയത്. ഭൂമിയേറ്റെടുക്കൽ ഏറ്റവും മന്ദഗതിയിലുള്ള എറണാകുളത്ത് നടപടികൾ വേഗത്തിലാക്കാനായി സർക്കാർ നിയോഗിച്ചത് ഡോ.അരുണിനെയാണ്– ഭൂമിയേറ്റെടുക്കലിലെ ‘മലപ്പുറം മാതൃക’യ്ക്കുള്ള ഔദ്യോഗിക അംഗീകാരം. മലപ്പുറത്തെ ആ മാതൃകാ ഭൂമിയേറ്റെടുക്കലിന്റെ കഥയാണിനി...
∙ 76 കിലോ മീറ്റർ മലപ്പുറം ജില്ലയിലൂടെ..
എടപ്പള്ളി– മംഗളുരു ദേശീയ പാത 66ന്റെ 76 കിലോമീറ്റർ ദൂരമാണു മലപ്പുറം ജില്ലയിലൂടെ കടന്നു പോകുന്നത്. ജില്ലാ അതിർത്തികളായ ഇടിമുഴുക്കൽ മുതൽ കാപ്പിരിക്കാട് വരെയാണു വികസനത്തിനായി ഭൂമിയേറ്റെടുത്തത്. നിർമാണം പൂർത്തിയാകുമ്പോൾ 45 മീറ്റർ വീതിയുള്ള ആറുവരിപ്പാതയായി ദേശീയ പാത മാറും. പാതയ്ക്കിരുവശവും 7.5 മീറ്റർ വീതം വീതിയിൽ സർവീസ് റോഡുമുണ്ടാകും. ദേശീയ പാതയ്ക്കു സമാന്തരമായി എല്ലായിടത്തും ഈ സർവീസ് റോഡുണ്ടാകും.സമാന്തരമായി സഞ്ചരിക്കുന്ന സർവീസ് റോഡുകളിൽനിന്നേ എൻഎച്ചിലേക്കു പ്രവേശിക്കാനാകൂ. ഇതിനായി നിശ്ചിത ദൂരം ഇടവിട്ട് സർവീസ് റോഡുകളിൽനിന്ന് എൻഎച്ചിലേക്ക് പ്രവേശവഴികളുണ്ടാകും.
∙ ഏറ്റെടുത്തതു 203.41 ഹെക്ടർ
ജില്ലയിലെ 24 വില്ലേജുകളിൽ നിന്നായി 203.41 ഹെക്ടർ ഭൂമിയാണു ദേശീയ പാതയ്ക്കായി ഏറ്റെടുത്തത്. ഇതിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും വീടുകളും വയലുകളും പറമ്പുകളുമെല്ലാം ഉൾപ്പെടും. ഇതിൽ 165.29 ഹെക്ടർ സ്വകാര്യ വ്യക്തികളുടേതും 38.11 ഹെക്ടർ സർക്കാർ ഭൂമിയുമാണ്. 10,800 ഉടമകളിൽനിന്നായാണു ഭൂമിയേറ്റെടുത്തത്.
∙ സ്ഥലമേറ്റെടുക്കൽ സാധ്യമാക്കിയതെങ്ങനെ?
ദേശീയപാതയുടെ അലൈൻമെന്റ് സംബന്ധിച്ചും ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടും ഒട്ടേറെ പ്രതിഷേധങ്ങൾക്കാണു ജില്ല സാക്ഷ്യം വഹിച്ചത്. പൊലീസ് സംരക്ഷണത്തിൽ സർവേ നടത്തേണ്ട സ്ഥിതിവരെയുണ്ടായി. കൈവശമുണ്ടായിരുന്ന ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്നതിലുള്ള സങ്കടവും നഷ്ടപരിഹാരം കുറഞ്ഞുപോയേക്കുമെന്ന ആശങ്കയുമായിരുന്നു പ്രതിഷേധങ്ങൾ ഇത്രമാത്രം ശക്തമാകാൻ കാരണം. ഓരോ പഞ്ചായത്തിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചും കിട്ടാവുന്നതിന്റെ പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പുകൊടുത്തും നിലമെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ വിഭാഗം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു.
2018ൽ 3എ നോട്ടിഫിക്കേഷൻ ഇറങ്ങിയെങ്കിലും പ്രതിഷേധങ്ങളും കോടതിയിൽനിന്നുള്ള സ്റ്റേയും കാരണം 2020 മാർച്ചിലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾക്കു ശരിക്കും തുടക്കമായത്. പക്ഷേ, റെക്കോർഡ് വേഗത്തിൽ ത്രീ ഇ, ത്രീ ഡി, ത്രീ ജി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി. നഷ്ടപരിഹാര വിതരണവും അന്തിമഘട്ടത്തിലേക്കെത്തി. നാലു തഹസിൽദാർമാരുൾപ്പെടെ 49 സ്ഥിരം ഉദ്യോഗസ്ഥരും നൂറിലധികം താൽക്കാലിക ജീവനക്കാരും ചേർന്നാണ് ഈ ബൃഹത് സംരംഭത്തെ ലക്ഷ്യത്തിലേക്കെത്തിച്ചത്.
∙ നഷ്ടപരിഹാരം നൽകിയതു 3496 കോടി
ജില്ലയിൽ ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടു 3496.45 കോടി രൂപയാണു നഷ്ടപരിഹാരമായി നൽകുന്നത്. ഇതിൽ നല്ലൊരു പങ്കും ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട അവകാശിയെച്ചൊല്ലിയും മറ്റും നിയമപരമായ പ്രശ്നങ്ങളുള്ള ചില കേസുകളിൽ മാത്രമാണു ഇനി പണം നൽകാനുള്ളത്. നിയമ പ്രശ്നങ്ങൾ പരിഹരിച്ചാലുടൻ അതും നൽകും.
∙ നഷ്ടപരിഹാരം കൈ നിറയെ
നഷ്ടപരിഹാരം കണക്കാക്കുന്നതിലെ സുതാര്യതയും അത് ജനങ്ങളെ ബോധ്യപ്പെടുത്തിയതുമാണു ഭൂമിയേറ്റെുക്കൽ വിജയത്തിലെത്താൻ കാരണം. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലയ്ക്കു പുറമേ, അതിൽ ഉൾപ്പെട്ട വസ്തുവകകൾക്കും പ്രത്യേകം വിലയിട്ടു. കൂടാതെ സമാശ്വാസ ധനം, പുനരധിവാസ സഹായം, ഭൂമി പൂർണമായും ഏറ്റെടുക്കുന്നതുവരെയുള്ള 12% പലിശ എന്നിവ കൂടി ഉൾപ്പെട്ടപ്പോൾ നഷ്ടപരിഹാര പാക്കേജ് ആകർഷകമായി. ഗ്രാമപ്രദേശമായ എആർ നഗറിലെ ഒരു ഭൂമിക്ക് സെന്റിന് 1.90 ലക്ഷമാണ് മാർക്കറ്റ് വിലയായി കണക്കാക്കിയത്. മേൽപ്പറഞ്ഞ വിവിധ ആനുകൂല്യങ്ങൾ കൂടി ചേർന്നപ്പോൾ ലഭിച്ചതാകട്ടെ സെന്റിന് 5.17 ലക്ഷവും. കൂടാതെ സ്ഥലത്തിൽ ഉൾപ്പെട്ട മരങ്ങൾ മുറിച്ചുമാറ്റുന്നതിനും പ്രത്യേകം തുക ലഭ്യമാക്കി.
ഏറ്റെടുക്കേണ്ട ഭൂമിയുടെ മാർക്കറ്റ് വില കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. ഇതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ സമാനസ്വഭാവമുള്ള മറ്റു സ്ഥലങ്ങളുടെ ആധാരങ്ങൾ ശേഖരിച്ചു. ഇതിൽനിന്ന് ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയ ആധാരങ്ങൾ മാറ്റിവച്ചു. കൂടിയ വില രേഖപ്പെടുത്തിയ ആധാരങ്ങളുടെ പകുതിയെണ്ണമെടുക്കുകയും അവയുടെ ശരാശരിയെടുത്ത് ആ തുക മാർക്കറ്റ് വിലയായി നിശ്ചയിക്കുകയും ചെയ്തു. ഇതോടൊപ്പം മാർക്കറ്റ് വിലയുടെ അത്രയും തന്നെ തുക സമാശ്വാസധനമായും വകയിരുത്തി. ഗ്രാമപ്രദേശങ്ങൾ, നഗരപ്രദേശങ്ങൾ എന്നിങ്ങനെ വേർതിരിച്ച് അതിനു പ്രത്യേകം തുകയും ഏറ്റെടുക്കും വരെയുള്ള 12% പലിശയും കൂട്ടിച്ചേർത്തു. ഈ ആനുകൂല്യങ്ങളെല്ലാം ചേർന്നപ്പോൾ നിശ്ചയിച്ച മാർക്കറ്റ് വിലയുടെ രണ്ടരമടങ്ങു തുക നഗരപ്രദേശങ്ങളിലെ ഭൂവുടമകൾക്കും രണ്ടേമുക്കാൽ മടങ്ങ് തുക ഗ്രാമപ്രദേശങ്ങളിലെ സ്ഥലമുടമകൾക്കും ലഭ്യമായി.
∙ കെട്ടിട വില നിശ്ചയിച്ചതെങ്ങനെ?
പിഡബ്ല്യുഡി നിരക്കനുസരിച്ചാണ് കെട്ടടങ്ങൾക്ക് അടിസ്ഥാനവിലയിട്ടത്. വാണിജ്യ കെട്ടിടങ്ങൾക്ക് ചതുരശ്രമീറ്ററിന് 21,000 രൂപയും വീടുകൾക്ക് 17,920 രൂപയും കണക്കാക്കി. ഇതോടൊപ്പം വയറിങ്, പ്ലമിങ്, ടൈൽസ്, പെയിന്റ് തുടങ്ങിയ മറ്റുസൗകര്യങ്ങൾക്കും പ്രത്യേകം നിരക്കു നിശ്ചയിച്ചു. കൂടാതെ വിവിധ ആനുകൂല്യങ്ങളും കൂടി ചേർന്നപ്പോൾ പിഡബ്ല്യുഡി നിരക്കിന്റെ ഇരട്ടിത്തുക ഓരോ ചതുരശ്രമീറ്ററിനും ലഭ്യമായി. 6% സാൽവേജ് വാല്യു കുറച്ചാണ് നഷ്ടപരിഹാരം കണക്കാക്കുന്നത് എന്നതിനാൽ കെട്ടിടം പൊളിച്ചുകിട്ടുന്ന വാതിൽ, ജനൽ, കട്ടിള മറ്റ് ഉപയോഗയോഗ്യമായ സാധനങ്ങൾ എന്നിവ ഉടമസ്ഥർക്കെടുക്കാം.ഇതിനു പുറമെ, പുനരധിവാസത്തിനു പ്രത്യേക പാക്കേജും നൽകി.
∙ അടിമുടി മാറ്റം, 30 മാസത്തിനുളളിൽ പൂർണം
വളാഞ്ചേരിയിലും കോട്ടയ്ക്കലിലും പുതിയ ബൈപ്പാസുകളുൾപ്പെടെ അടിമുടി മാറ്റമാണു ദേശീയ പാതാ വികസനത്തോടെ നിലവിൽ വരുന്നത്. അപകടത്തിനു കുപ്രസിദ്ധി കേട്ട വട്ടപ്പാറ വളവ് ഇതോടെ ചരിത്രത്തിന്റെ ഭാഗമാകും. ഹൈദരാബാദ് ആസ്ഥാനമായ കെഎൻആർ കൺസ്ട്രക്‌ഷൻസിനാണ് നിർമാണച്ചുമതല. നിർമാണം തുടങ്ങി 30 മാസത്തിനകം ജോലി പൂർത്തിയാക്കണമെന്നാണു കരാർ. കഴിഞ്ഞ വർഷം നവംബറിലാണു നിർമാണം തുടങ്ങിയത്. പല ഭാഗത്തും കാൽ ഭാഗം പണി പൂർത്തിയായി. ഇതേ രീതിയിൽ പുരോഗമിച്ചാൽ നിശ്ചയിച്ച സമയപരിധിക്കു മുൻപേ നിർമാണം പൂർത്തിയാകാനാണു സാധ്യത. അങ്ങനെയെങ്കിൽ, ഭൂമിയേറ്റെടുക്കലിനു പിന്നാലെ, അതിവേഗ നിർമാണത്തിന്റെയും മലപ്പുറം മാതൃകയായി അതു മാറും.
English Summary: How National Highway 66 Land acquisition a huge hit in Malappuram?