കോവിഡ് വീണ്ടും കൂടുമ്പോള് ഇനി ഏത് വാക്സീന് സ്വീകരിക്കണം; അറിയാം വാക്സീനുകളെ
കൊച്ചി ∙ കോവിഡ് വന്നതോടെയാണു വാക്സീനും സജീവ ചർച്ചയായത്. കോവിഡിനു മുൻപും പല രോഗങ്ങൾക്കും വാക്സീൻ ഇവിടെയുണ്ടായിരുന്നു. കുട്ടികൾക്ക് ഒട്ടേറെ വാക്സീനുകൾ കൃത്യമായ ഇടവേളകളിൽ നൽകാറുമുണ്ട്. പക്ഷേ, പ്രായം ചെന്നവർക്ക് ഉൾപ്പെടെ വ്യാപകമായ തോതിലുള്ള സാർവത്രിക വാക്സീൻ വിതരണം സമീപകാലത്ത് ആദ്യമായിട്ടായിരുന്നു.
കൊച്ചി ∙ കോവിഡ് വന്നതോടെയാണു വാക്സീനും സജീവ ചർച്ചയായത്. കോവിഡിനു മുൻപും പല രോഗങ്ങൾക്കും വാക്സീൻ ഇവിടെയുണ്ടായിരുന്നു. കുട്ടികൾക്ക് ഒട്ടേറെ വാക്സീനുകൾ കൃത്യമായ ഇടവേളകളിൽ നൽകാറുമുണ്ട്. പക്ഷേ, പ്രായം ചെന്നവർക്ക് ഉൾപ്പെടെ വ്യാപകമായ തോതിലുള്ള സാർവത്രിക വാക്സീൻ വിതരണം സമീപകാലത്ത് ആദ്യമായിട്ടായിരുന്നു.
കൊച്ചി ∙ കോവിഡ് വന്നതോടെയാണു വാക്സീനും സജീവ ചർച്ചയായത്. കോവിഡിനു മുൻപും പല രോഗങ്ങൾക്കും വാക്സീൻ ഇവിടെയുണ്ടായിരുന്നു. കുട്ടികൾക്ക് ഒട്ടേറെ വാക്സീനുകൾ കൃത്യമായ ഇടവേളകളിൽ നൽകാറുമുണ്ട്. പക്ഷേ, പ്രായം ചെന്നവർക്ക് ഉൾപ്പെടെ വ്യാപകമായ തോതിലുള്ള സാർവത്രിക വാക്സീൻ വിതരണം സമീപകാലത്ത് ആദ്യമായിട്ടായിരുന്നു.
കൊച്ചി ∙ കോവിഡ് വന്നതോടെയാണു വാക്സീനും സജീവ ചർച്ചയായത്. കോവിഡിനു മുൻപും പല രോഗങ്ങൾക്കും വാക്സീൻ ഇവിടെയുണ്ടായിരുന്നു. കുട്ടികൾക്ക് ഒട്ടേറെ വാക്സീനുകൾ കൃത്യമായ ഇടവേളകളിൽ നൽകാറുമുണ്ട്. പക്ഷേ, പ്രായം ചെന്നവർക്ക് ഉൾപ്പെടെ വ്യാപകമായ തോതിലുള്ള സാർവത്രിക വാക്സീൻ വിതരണം സമീപകാലത്ത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ വാക്സീനെന്നാൽ ഇപ്പോൾ കോവിഡ് വാക്സീനായി. ലോകമെമ്പാടുമുള്ള മരുന്ന് ഉൽപാദന ശാലകളിൽ ഇപ്പോഴും കോവിഡ് വാക്സീന്റെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പുതിയ വാക്സീനുകൾ കമ്പനികൾ പുറത്തിറക്കുന്നുമുണ്ട്. ഈ വൈറസ് ഇനി എല്ലാക്കാലവും നമുക്കൊപ്പമുണ്ടാകുമെന്ന ചിന്തയാണു പുതിയ വാക്സീൻ പരീക്ഷണങ്ങളിലേക്കു ഫാർമസ്യൂട്ടിക്കൽ കമ്പനികളെ നയിക്കുന്നത്. കോവിഡ് രണ്ടാം തരംഗം വ്യാപകമായപ്പോഴാണു വാക്സീനു വേണ്ടി നാട്ടുകാർ തിക്കും തിരക്കും കൂട്ടിയത്. എന്നാൽ വൈറസിനോട് ആദ്യമുണ്ടായിരുന്ന ഭയം മാറിയതോടെ ഇപ്പോൾ ആളുകൾക്കു വാക്സീനോടുള്ള താൽപര്യവും കുറഞ്ഞു. എങ്കിലും ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഉയരുമ്പോൾ കോവിഡ് കരുതൽ വാക്സീൻ എടുക്കാനുള്ളവരുടെ തിരക്കു കൂടുമെന്നാണു പ്രതീക്ഷിക്കുന്നത്.
കോവിഡ് വാക്സീൻ നാലു തരത്തിൽ
ലോകത്ത് ഇതിനു മുൻപും പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റൊരു പകർച്ചവ്യാധിയെയും നേരിടാൻ ഉണ്ടായിട്ടില്ലാത്ത വിധത്തിൽ പ്രതിരോധ വാക്സീനുകൾ ഇപ്പോൾ വികസിപ്പിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ അതിവേഗത്തിലുള്ള പുരോഗതിയും പുതിയ സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകളും ഇതിനു കാരണമാണ്. പ്രധാനമായും 4 തരത്തിലുള്ള കോവിഡ് വാക്സീനുകളാണു വികസിപ്പിച്ചിട്ടുള്ളതും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇരിക്കുന്നതും.
1. വൈറസ് വാക്സീൻ
പേരു പോലെ തന്നെ ഈ വാക്സീനിൽ യഥാർഥ വൈറസിനെത്തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ശക്തി കുറഞ്ഞതോ നിർജീവമാക്കിയതോ ആണെന്നു മാത്രം. ഈ വാക്സീൻ 2 രീതിയിൽ നിർമിക്കാം.
1. രോഗകാരിയായ വൈറസിന്റെ ദുർബലപ്പെടുത്തിയ രൂപം ഉപയോഗിച്ച്
വൈറസിനെ ദുർബലപ്പെടുത്തിയാലും വളരാനും പെറ്റു പെരുകാനും കഴിയും. എന്നാൽ, രോഗമുണ്ടാക്കുകയില്ല.
∙ ഗുണങ്ങൾ: തെളിയിക്കപ്പെട്ട സാങ്കേതികവിദ്യ, ശക്തമായ പ്രതിരോധം സൃഷ്ടിക്കും, നിർമിക്കാൻ താരതമ്യേന എളുപ്പം.
∙ ദോഷങ്ങൾ: രോഗപ്രതിരോധ ശേഷി കുറഞ്ഞയാളുകൾക്ക് അനുയോജ്യമല്ല, ഉയർന്ന താപനിലയിൽ വാക്സീൻ ഉപയോഗശൂന്യമാകും, സൂക്ഷിക്കാൻ മെച്ചപ്പെട്ട ശീതീകൃത സംഭരണികൾ വേണം. ചില സാഹചര്യങ്ങൾ രോഗത്തിനു കാരണമാകാം.
∙ വാക്സീന്റെ പ്രവർത്തനം: വാക്സീൻ കുത്തിവയ്ക്കുമ്പോൾ ഇതിലടങ്ങിയ വൈറസ് കോശങ്ങളെ ബാധിക്കുകയും പലതായി പെരുകുകയും ചെയ്യും. ചിലപ്പോൾ ചെറിയ രോഗലക്ഷണങ്ങളുണ്ടാകാം. അതിനാലാണു രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും ഗർഭിണികൾക്കും ഈ വൈറസ് അനുയോജ്യമല്ലെന്നു പറയുന്നത്. അപൂർവം സാഹചര്യങ്ങളിൽ മാത്രം രോഗം കൂടുതൽ ഗുരുതരമാകാം.
2. വൈറസിന്റെ നിർജീവമാക്കിയ രൂപം ഉപയോഗിച്ച്.
വൈറസിലെ ജനിതക ഘടകങ്ങളെ രാസപ്രക്രിയ വഴി നശിപ്പിച്ച ശേഷം വാക്സീനിൽ ഉപയോഗിക്കും. വളരാൻ കഴിയില്ലെങ്കിലും കോശങ്ങളിൽ പ്രതിരോധ ശക്തി സൃഷ്ടിക്കാൻ കഴിയും.
∙ ഗുണങ്ങൾ: അംഗീകരിക്കപ്പെട്ട സാങ്കേതികവിദ്യ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും അനുയോജ്യം, ജീവനില്ലാത്ത വൈറസായതിനാൽ അസുഖമുണ്ടാകില്ല, നിർമിക്കാൻ താരതമ്യേന എളുപ്പം.
∙ദോഷങ്ങൾ: സൃഷ്ടിക്കുന്ന പ്രതിരോധ ശേഷി കുറവായതിനാൽ ബൂസ്റ്റർ ഡോസ് ആവശ്യമായി വന്നേക്കും.
∙ വാക്സീന്റെ പ്രവർത്തനം: നിർജീവമായ വൈറസാണ് ഉപയോഗിക്കുന്നത് എന്നതിനാൽ കോശങ്ങളെ നേരിട്ടു ബാധിക്കില്ല. എന്നാൽ വൈറസിലെ പ്രോട്ടീൻ ഘടകങ്ങൾ വാക്സീനിൽ ഉള്ളതിനാൽ പ്രതിരോധ ശേഷിയെ ഉണർത്തും.
2. ന്യൂക്ലിക് ആസിഡ് വാക്സീൻ
വൈറസിലെ ജനിതക ഘടകമായ ഡിഎൻഎയോ ആർഎൻഎയോ ഉപയോഗിച്ചു വികസിപ്പിക്കുന്ന വാക്സീനാണിത്. ഈ വാക്സീൻ കുത്തിവയ്ക്കുമ്പോൾ ഈ ജനിതക ഘടകത്തിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചു കോശങ്ങൾ പ്രോട്ടീൻ ഉൽപാദിപ്പിക്കും. ഇതു രോഗാണുവാണെന്നു തെറ്റിദ്ധരിച്ചു ശരീരം ആന്റിബോഡി ഉൽപാദിപ്പിക്കുകയും അതുവഴി പ്രതിരോധ ശേഷി ലഭിക്കുകയും ചെയ്യും.
∙ ഗുണങ്ങൾ: ബി സെല്ലുകളിലും ടി സെല്ലുകളിലും രോഗ പ്രതിരോധ പ്രതികരണം സൃഷ്ടിക്കാൻ കഴിയും, ജീവനുള്ള വൈറസ് ഇല്ലാത്തതിനാൽ രോഗം ഉണ്ടാകുമെന്ന പേടി വേണ്ട, നിർമാണം താരതമ്യേന എളുപ്പമാണ്, വൈറസിനു ജനിതക വ്യതിയാനമുണ്ടാകുമ്പോൾ അതിന് അനുസരിച്ചു വാക്സീനിലും മാറ്റം വരുത്താനാകും.
∙ ദോഷങ്ങൾ: ആർഎൻഎ വാക്സീനുകൾക്കു ശീതീകൃത സംഭരണി ആവശ്യമായി വരും, കരുതൽ ഡോസും നൽകേണ്ടതായി വരും.
3. വൈറൽ വെക്ടർ വാക്സീൻ
യഥാർഥ വൈറസിന്റെ സാന്നിധ്യം തീരെയില്ലാത്ത വാക്സീനാണിത്. വൈറസിന്റെ രൂപമാറ്റം വരുത്തിയ വെക്ടർ ഘടകമാണ് ഇതിൽ ഉപയോഗിക്കുന്നത്. ഈ ഘടകം കോശങ്ങൾക്ക് ആന്റിജൻ ഉൽപാദിപ്പിക്കാനുള്ള പ്രേരണ നൽകുന്നു. അതിനെ പ്രതിരോധിക്കാനായി ശരീരം ആന്റിബോഡി ഉൽപാദിപ്പിക്കുന്നു. യഥാർഥത്തിൽ അണുബാധയുണ്ടാകുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളെ അനുകരിക്കുകയാണ് ഈ വാക്സീൻ െചയ്യുന്നത്.
∙ ഗുണങ്ങൾ: മെച്ചപ്പെട്ട സാങ്കേതികവിദ്യ, ശക്തമായ രോഗ പ്രതിരോധ ശേഷി.
∙ ദോഷങ്ങൾ: നേരത്തേ വൈറസ് ബാധിതനായിട്ടുണ്ടെങ്കിൽ ഈ വാക്സീന്റെ ഫലം കുറവായിരിക്കും, വാക്സീൻ നിർമാണം സങ്കീർണമാണ്.
4. സബ് യൂണിറ്റ് വാക്സീൻ
രോഗകാരിയായ വൈറസിലെ ചെറു യൂണിറ്റുകളെയാണു വാക്സീനിൽ ഉപയോഗിക്കുന്നത്. ഇതിനു രോഗമുണ്ടാക്കാനാകില്ല. എന്നാൽ, രോഗാണുവിന് എതിരെ ശരീര കോശങ്ങളിൽ പ്രതിരോധം സൃഷ്ടിക്കാൻ കഴിയും. വൈറസിന്റെ പുറംതോടിലുള്ള പ്രോട്ടീൻ സബ് യൂണിറ്റുകളാണു പ്രധാനമായും വാക്സീനിൽ ഉപയോഗിക്കുന്നത്.
∙ ഗുണങ്ങൾ: മെച്ചപ്പെട്ട സാങ്കേതികവിദ്യ, ജീവനുള്ള വൈറസ് ഇല്ലാത്തതിനാൽ രോഗമുണ്ടാക്കില്ല, രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്കും അനുയോജ്യം.
∙ ദോഷങ്ങൾ: സങ്കീർണമായ നിർമാണ പ്രക്രിയ.
ലോകത്ത് ഇപ്പോൾ ലഭ്യമായ കോവിഡ് വാക്സീനുകൾ: 38
ലോകാരോഗ്യ സംഘടന അനുമതി നൽകിയത്: 11
ഇന്ത്യയിൽ അനുമതിയുള്ള വാക്സീനുകൾ: 9
ഇന്ത്യയിൽ അനുമതിയുള്ളവ
1. കോവാക്സിൻ
∙ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച വാക്സീൻ.
∙ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്ന് ഭാരത് ബയോടെക്കാണു വികസിപ്പിച്ചത്.
∙ 14 രാജ്യങ്ങളിൽ അനുമതിയുണ്ട്. ലോകാരോഗ്യ സംഘടനയുടെയും അനുമതിയുണ്ട്.
∙ കുട്ടികളിൽ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി.
∙ നിർജീവമാക്കിയ വൈറസ് ഉപയോഗിക്കുന്ന പരമ്പരാഗത രീതിയിലാണു വാക്സീൻ നിർമാണം.
∙ ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തത് 32.91 കോടി കോവാക്സിൻ.
2. കോവിഷീൽഡ്
∙ ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് ആസ്ട്രസെനക വികസിപ്പിച്ച വാക്സീൻ.
∙ ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഉൽപാദകർ.
∙ വൈറൽ വെക്ടർ വാക്സീനാണ്. ചിമ്പാൻസികളിലെ അഡിനോവൈറസിൽ കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീൻ സംയോജിപ്പിച്ചാണ് ഈ വാക്സീൻ വികസിപ്പിച്ചിട്ടുള്ളത്.
∙ ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തത് 157.28 കോടി കോവിഷീൽഡ് വാക്സീൻ.
∙ 49 രാജ്യങ്ങളിൽ വാക്സീൻ ഉപയോഗിക്കാൻ അനുമതി.
3. കോർബെവാക്സ്
∙ പ്രോട്ടീൻ സബ് യൂണിറ്റ് വാക്സീനാണ്.
∙ ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ സെന്റർ ഫോർ വാക്സീൻ ഡവലപ്മെന്റ്, ഹൂസ്റ്റണിലെ ബെയ്‌ലർ കോളജ് ഓഫ് മെഡിസിൻ, കലിഫോർണിയയിലെ ഡൈനാവാക്സ് ടെക്നോളജീസ് എന്നിവർ ചേർന്നു വികസിപ്പിച്ച വാക്സീൻ.
∙ ഇന്ത്യയിൽ നിർമിക്കുന്നത് ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ്.
∙ ഇന്ത്യയിലും ബോട്സ്വാനയിലും മാത്രം ഉപയോഗിക്കാൻ അനുമതി.
∙ ഇന്ത്യയിൽ 12–14 പ്രായ പരിധിയിലുള്ള കുട്ടികൾക്കു നൽകുന്ന വാക്സീൻ.
∙ രാജ്യത്ത് ഇതുവരെ നൽകിയത് 5.78 കോടി വാക്സീൻ.
4. സ്പുട്നിക് വി
∙ മോസ്കോയിലെ ഗാമലേയ നാഷനൽ സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചത്.
∙ വൈറൽ വെക്ടർ വാക്സീനാണ്.
∙ 2 അഡിനോ വൈറസുകളിൽ കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീനെ സന്നിവേശിപ്പിച്ചാണ് പ്രവർത്തനം.
∙ ഇന്ത്യയിൽ വിതരണം ചെയ്തത് 12.24 ലക്ഷം വാക്സീനുകൾ.
∙ 74 രാജ്യങ്ങളിൽ അനുമതിയുണ്ട്.
5. കോവോവാക്സ്
∙ നോവവാക്സും കൊയിലിഷൻ ഫോർ എപ്പിഡമിക് പ്രിപ്പയേഡ്നെസ് ഇന്നൊവേഷൻസും (സിഇപിഐ) ചേർന്നു വികസിപ്പിച്ച വാക്സീൻ
∙ ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഉത്പാദകർ.
∙ പ്രോട്ടീൻ സബ് യൂണിറ്റ് വാക്സീൻ.
∙ ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽ അനുമതി.
∙ ലോകാരോഗ്യ സംഘടനയും അടിയന്തരാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
6. സൈക്കോവ് ഡി
∙ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച് അസിസ്റ്റൻസ് കൗൺസിലിന്റെ സഹകരണത്തോടെ കാഡില ഹെൽത്ത് കെയർ വികസിപ്പിച്ച വാക്സീൻ.
∙ ഡിഎൻഎ വാക്സീൻ.
∙ ലോകത്തു തന്നെ ആദ്യമായി വികസിപ്പിച്ച ഡിഎൻഎ വാക്സീനാണ്.
∙ സൂചിയില്ലാത്ത ജെറ്റ് ഇൻജെക്ടർ ഉപയോഗിച്ചാണു വാക്സീൻ നൽകുന്നത്.
∙ ഇന്ത്യയിൽ അനുമതിയുണ്ടെങ്കിലും വ്യാപകമായി കുത്തിവച്ചിട്ടില്ല.
7. സ്പുട്നിക് ലൈറ്റ്
∙ മോസ്കോയിലെ ഗാമലേയ നാഷനൽ സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച വൈറൽ വെക്ടർ വാക്സീൻ.
∙ സ്പുട്നിക് വി വാക്സീന്റെ ആദ്യ ഡോസാണ് സ്പുട്നിക് ലൈറ്റിൽ ഉള്ളത്.
∙ കോവിഡ് വ്യാപകമായി പടർന്നു പിടിക്കുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കാൻ നല്ലത്.
∙ സ്പുട്നിക് വി വാക്സീന്റെ ബൂസ്റ്റർ ഡോസായും ഇത് ഉപയോഗിക്കാം.
8. ജാൻസെൻ
∙ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച വൈറൽ വെക്ടർ വാക്സീൻ.
∙ ഇന്ത്യയിൽ ഉൽപാദനമില്ല.
∙ ഇറക്കുമതിക്ക് അനുമതിയുണ്ടെങ്കിലും രാജ്യത്തു കാര്യമായി ഉപയോഗിച്ചിട്ടില്ല.
∙ 111 രാജ്യങ്ങളിൽ അനുമതി.
9. സ്പൈക്‌വാക്സ്
∙ യുഎസ് കമ്പനിയായ മൊഡേണ വികസിപ്പിച്ച വാക്സീൻ
∙ ഇന്ത്യയിൽ അനുമതിയുണ്ടെങ്കിലും ഇറക്കുമതി ധാരണയാകാത്തതിനാൽ ലഭ്യമായി തുടങ്ങിയിട്ടില്ല.
∙ 86 രാജ്യങ്ങളിൽ വാക്സീന് അനുമതിയുണ്ട്.
∙ ആർഎൻഎ വാക്സീനാണ്.
കരുതൽ ഡോസ് മാറിയെടുക്കാമോ?
ലോകം മുഴുവൻ നിറഞ്ഞ് കോവിഡ് വാക്സീൻ
മനുഷ്യരിൽ കുത്തിവയ്ക്കാൻ അനുമതി ലഭിച്ചത് 38 കോവിഡ് വാക്സീനുകൾക്കാണെങ്കിലും ലോകം മുഴുവൻ ഇപ്പോഴും കോവിഡ് വാക്സീൻ പരീക്ഷണങ്ങൾ തുടരുകയാണ്. 203 വാക്സീനുകളാണു പരീക്ഷണ ഘട്ടത്തിലുള്ളത്. 76 രാജ്യങ്ങളിലായി 734 വാക്സീൻ ട്രയലുകളാണു നടക്കുന്നത്.
∙ അനുമതി ലഭിച്ചത്: 38
∙ ഒന്നാം ഘട്ട പരീക്ഷണത്തിൽ: 52
∙ രണ്ടാം ഘട്ട പരീക്ഷണത്തിൽ: 71
∙ മൂന്നാം ഘട്ട പരീക്ഷണത്തിൽ: 80
∙ പരീക്ഷണം നിർത്തിയത്: 9
ഇന്ത്യയിലെ വാക്സീൻ പരീക്ഷണങ്ങൾ
∙ പരീക്ഷണം നടത്തുന്നത് 16 വാക്സീനുകൾ
∙ നടക്കുന്നത് 35 വാക്സീൻ പരീക്ഷണങ്ങൾ
∙ ഒന്നാം ഘട്ടം: 7, രണ്ടാം ഘട്ടം: 14, മൂന്നാം ഘട്ടം: 14
ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലുള്ളവ (ക്ലിനിക്കൽ ട്രയൽ നടക്കുന്നത്)
∙ നോവവാക്സ് നുവാക്സോവിഡ്: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സിന്റെ യഥാർഥ രൂപമാണു നുവാക്സോവിഡ്.
∙ കോർബെവാക്സ്: ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന വാക്സീൻ.
∙ കോവോവാക്സ്: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന നോവവാക്സ് വാക്സീൻ.
∙ എകെഎസ് 452: യുഎസിലെ ആക്സ്റ്റൺ ബയോ സയൻസസ് വികസിപ്പിച്ചെടുത്ത വാക്സീൻ. നെതർലൻഡ്സിലെ ഗ്രോണിംഗൻ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററാണു ക്ലിനിക്കൽ ട്രയൽ നടത്തുന്നത്. പരീക്ഷണം മൂന്നാം ഘട്ടത്തിൽ.
∙ സൈക്കോവ് ഡി: കാഡില ഹെൽത്ത് കെയർ ഉൽപാദിപ്പിക്കുന്ന വാക്സീൻ.
∙ ജെംകോവാക്– 19: പുണെ കേന്ദ്രമായ ജെന്നോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് വികസിപ്പിച്ച വാക്സീൻ. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആർഎൻഎ വാക്സീൻ.
∙ ബിബിവി154: ഭാരത് ബയോടെക് വികസിപ്പിച്ച, മൂക്കിലൂടെ നൽകുന്ന വാക്സീൻ. പരീക്ഷണം മൂന്നാം ഘട്ടത്തിൽ.
∙ സ്പുട്നിക് വി: മോസ്കോയിലെ ഗാമലേയ നാഷനൽ സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്സീൻ.
∙ സ്പുട്നിക് ലൈറ്റ്: സ്പുട്നിക് വിയുടെ ആദ്യ ഡോസാണിത്.
∙ കോവിഷീൽഡ്: സീറം ഇൻസ്റ്റിറ്റ്യൂട്ട് വിപണിയിലെത്തിച്ച, ഇന്ത്യയിൽ ആദ്യമായി അനുമതി ലഭിച്ച കോവിഡ് വാക്സീൻ.
∙ കൊവാക്സിൻ: രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീൻ. ഭാരത് ബയോടെക്കാണ് ഉൽപാദകർ.
∙ വാക്സ്‌സെവ്റിയ: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്നു വികസിപ്പിച്ച കോവിഷീൽഡ് വാക്സീന്റെ മറ്റൊരു ബ്രാൻഡ് നാമം.
∙ ബീകോവ്2ബി, ബീകോവ്2 സി, ബീകോവ്2 ഡി: ബെയ്‌ലർ കോളജ് ഓഫ് മെഡിസിനുമായി ചേർന്നു ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ് ലഭ്യമാക്കിയ വാക്സീൻ.
∙ എച്ച്ജിസിഒ19: പുണെ കേന്ദ്രമായ ജെന്നോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് വികസിപ്പിച്ച വാക്സീൻ.
ലോകത്ത് അനുമതി ലഭിച്ച കോവിഡ് വാക്സീനുകൾ
1. സിഫിവാക്സ്
∙ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജിയുമായി ചേർന്ന് അൻഹൂയി സിഫി ലോങ്കോം ബയോഫാർമസ്യൂട്ടിക്കൽ വികസിപ്പിച്ച വാക്സീൻ.
∙ പ്രോട്ടീസ് സബ് യൂണിറ്റുകളാണു വാക്സീനിൽ ഉപയോഗിച്ചിട്ടുള്ളത്.
∙ ഓരോ മാസത്തിന്റെ ഇടവേളകളിൽ 3 ഡോസ് കുത്തിവയ്ക്കണം.
∙ 4 രാജ്യങ്ങളിൽ അനുമതി.
2. നൂറ വാക്സീൻ
∙ ഇറാനിലെ ബാക്കിയത്തല്ല യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് വികസിപ്പിച്ചത്.
∙ പ്രോട്ടീൻ സബ് യൂണിറ്റ് വാക്സീൻ.
∙ ഇറാനിൽ മാത്രം അനുമതി.
3. കോൺഫിഡെഷ്യ
∙ ചൈനയിലെ മിലിട്ടറി മെഡിക്കൽ സയൻസസ് അക്കാദമിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുമായി സഹകരിച്ചു കാൻസിനോ ബയോളജിക്സ് വികസിപ്പിച്ചത്.
∙ വൈറൽ വെക്ടർ വാക്സീൻ വിഭാഗത്തിൽ പെടുന്നത്.
∙ 10 രാജ്യങ്ങളിൽ അനുമതി.
4. അബ്ദല
∙ ക്യൂബയിലെ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി വികസിപ്പിച്ചത്.
∙ കൊറോണ വൈറസിലെ സ്പൈക് പ്രോട്ടീനിന്റെ സബ് യൂണിറ്റാണു വാക്സീനിൽ ഉപയോഗിച്ചിട്ടുള്ളത്.
∙ 6 രാജ്യങ്ങളിൽ അനുമതി.
5. കോവിവാക്
∙ റഷ്യയിലെ ഷുമാകോവ് ഫെഡറൽ സയന്റിഫിക് സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് ഓഫ് ഇമ്യൂൺ ആൻഡ് ബയോളജിക്കൽ പ്രോഡക്ട്സ് ആണ് ഈ വാക്സീൻ വികസിപ്പിച്ചത്.
∙ നിർജീവമാക്കിയ കൊറോണ വൈറസിനെയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.
∙ 3 രാജ്യങ്ങളിൽ അനുമതി
6. ഗാം– കോവിഡ്– വാക്
∙ റഷ്യയിൽ വികസിപ്പിച്ച സ്പുട്നിക് വാക്സിന്റെ തന്നെ മറ്റൊരു ബ്രാൻഡ് പേര്.
7. തുർകോവാക്
∙ തുർക്കിയിലെ ഏർഷിയാസ് സർവകലാശാലയും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു വികസിപ്പിച്ച വാക്സീൻ.
∙ നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചിരിക്കുന്നു.
∙ തുർക്കിയിൽ മാത്രം അനുമതി.
8. സോബെറാന 2
∙ ക്യൂബയിലെ ഫിൻലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാക്സീൻ വികസിപ്പിച്ചത്.
∙ പ്രോട്ടീൻ സബ് യൂണിറ്റ് വാക്സീൻ.
∙ 4 രാജ്യങ്ങളിൽ അനുമതി.
9. സോബെറാന പ്ലസ്
∙ ക്യൂബയിലെ ഫിൻലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാക്സീൻ വികസിപ്പിച്ചത്.
∙ സോബെറാന 2വിനു ശേഷം കരുതൽ ഡോസായി നൽകുന്നു.
∙ ക്യൂബയിൽ മാത്രം അനുമതി.
10. കോവിഫെൻസ്
∙ കാനഡയിലെ മെഡിക്കാജോ, ഗ്ലാക്സോ സ്മിത്ക്ലൈൻ എന്നീ കമ്പനികൾ ചേർന്നു വികസിപ്പിച്ച വാക്സീൻ.
∙ സസ്യത്തിൽ നിന്നുള്ള പ്രോട്ടീനുകൾ ഉപയോഗിച്ചാണു വാക്സീൻ നിർമിക്കുന്നത്.
∙ കാനഡയിൽ മാത്രം അനുമതി.
11. എംവിസി– കോവ് 1901
∙ തായ്‌വാനിലെ മെഡിജെൻ വാക്സീൻ ബയോളജിക്സ് കോർപറേഷൻ, യുഎസ് കമ്പനിയായ ഡൈനാവാക്സ് ടെക്നോളജീസ്, യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്നിവർ ചേർന്നു വികസിപ്പിച്ച വാക്സീൻ.
∙ പ്രോട്ടീൻ സബ് യൂണിറ്റുകൾ ഉപയോഗിച്ചിരിക്കുന്നു.
∙ 3 രാജ്യങ്ങളിൽ അനുമതി.
12. സാർസ് കോവ്– 2 വാക്സീൻ
∙ ചൈനയിലെ നാഷനൽ വാക്സീൻ ആൻഡ് സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സീൻ.
∙ പ്രോട്ടീൻ സബ് യൂണിറ്റ് വാക്സീൻ.
∙ യുഎഇയിൽ മാത്രം അനുമതി.
13. നുവാക്സോവിഡ്
∙ നോവവാക്സും കൊയിലിഷൻ ഫോർ എപ്പിഡമിക് പ്രിപ്പയേഡ്നെസ് ഇന്നൊവേഷൻസും (സിഇപിഐ) ചേർന്നു വികസിപ്പിച്ച വാക്സീൻ.
∙ 37 രാജ്യങ്ങളിൽ അനുമതി.
∙ ഇന്ത്യയിൽ കോവോവാക്സ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഉൽപാദനം.
14. ഫക്രവാക്
∙ ഇറാനിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായ ഓർഗനൈസേഷൻ ഓഫ് ഡിഫെൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് വികസിപ്പിച്ച വാക്സീൻ.
∙ കൊല്ലപ്പെട്ട ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദേയുടെ പേരാണു വാക്സീനു നൽകിയത്.
∙ നിർജീവമാക്കിയ വൈറസാണ് ഉപയോഗിച്ചിട്ടുള്ളത്.
∙ ഇറാനിൽ മാത്രം അനുമതി.
15. വാക്സ്‌സെവ്റിയ
∙ ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്നു വികസിപ്പിച്ച വാക്സീൻ.
∙ കോവിഷീൽഡിനു സമാനം.
∙ 140 രാജ്യങ്ങളിൽ അനുമതി.
16. കോമിർനാറ്റി
∙ യുഎസ് കമ്പനിയായ ഫൈസറുമായി സഹകരിച്ചു ജർമൻ ബയോടെക്നോളജി കമ്പനിയായ ബയോൺടെക് വികസിപ്പിച്ച വാക്സീൻ.
∙ 146 രാജ്യങ്ങളിൽ അനുമതി.
∙ ആർഎൻഎ വാക്സീൻ.
∙ ലോകാരോഗ്യ സംഘടന ആദ്യമായി അംഗീകരിച്ച കോവിഡ് വാക്സീൻ.
17. റാസി– കോവ്– പാർസ്
∙ ഇറാനിലെ റാസി വാക്സീൻ ആൻഡ് സീറം റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സീൻ.
∙ പ്രോട്ടീൻ സബ് യൂണിറ്റ് വാക്സീൻ.
∙ മൂന്നു ഡോസുകൾ വേണം. മൂന്നാമത്തെ ഡോസ് നൽകുന്നതു മൂക്കിലൂടെ.
∙ ഇറാനിൽ മാത്രം അനുമതി.
18. ക്വാസ്‌വാക്
∙ കസഖിസ്ഥാനിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സേഫ്റ്റി പ്രോബ്ലംസ് വികസിപ്പിച്ച വാക്സീൻ.
∙ നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചിരിക്കുന്നു.
∙ 2 രാജ്യങ്ങളിൽ അനുമതി.
19. കെകോൺവാക്
∙ അസ്ട്രസെനകയുടെ ചൈനീസ് പങ്കാളിയായ ഷെൻസെൻ കാങ്തായ് ബയോളജിക്കൽ പ്രോഡക്ട്സ് വികസിപ്പിച്ചത്.
∙ നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചിരിക്കുന്നു.
∙ 2 രാജ്യങ്ങളിൽ അനുമതി.
20. കോവ്‌ഇറാൻ ബറേകാത്ത്
∙ ഇറാനിലെ ഷിഫ ഫാർമെഡ് ഇൻഡസ്ട്രിയൽ കമ്പനി വികസിപ്പിച്ച വാക്സീൻ.
∙ നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചിരിക്കുന്നു.
∙ ഇറാനിൽ മാത്രം അനുമതി.
21. കൊറോണവാക്
∙ ചൈനീസ് ബയോടെക്നോളജി കമ്പനിയായ സിനോവാക് വികസിപ്പിച്ച വാക്സീൻ.
∙ നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചു നിർമാണം.
∙ 56 രാജ്യങ്ങളിൽ അനുമതി
22. താക്– 019
∙ നുവാക്സോവിഡ് വാക്സീന്റെ ജപ്പാൻ പതിപ്പ്.
∙ ജപ്പാനിലെ തകേദ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണു നിർമാണം.
∙ ജപ്പാനിൽ മാത്രം അനുമതി.
23. താക്– 919
∙ മൊഡേണ കോവിഡ് വാക്സീന്റെ ജപ്പാൻ പതിപ്പ്.
∙ ജപ്പാനിലെ തകേദ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണു നിർമാണം.
∙ ജപ്പാനിൽ മാത്രം അനുമതി.
24. വൽനേവ കോവിഡ് വാക്സീൻ
∙ ഫ്രഞ്ച് ബയോടെക്നോളജി കമ്പനിയായ വൽനേവ യുഎസ് ബയോഫാർമ കമ്പനിയായ ഡൈനവാക്സ് ടെക്നോളജീസുമായി ചേർന്നു വികസിപ്പിച്ച വാക്സീൻ.
∙ വുഹാനിൽ കോവിഡിനു കാരണമായ യഥാർഥ വൈറസിനെ നിർജീവമാക്കി ഉപയോഗിച്ചിരിക്കുന്നു.
∙ 3 രാജ്യങ്ങളിൽ അനുമതി.
25. സ്പൈകോജെൻ
∙ ഓസ്ട്രേലിയൻ ബയോടെക് കമ്പനിയായ വാക്സിൻ ഇറാനിയൻ കമ്പനിയായ സിന്നാജെന്നുമായി ചേർന്നു ലഭ്യമാക്കിയ വാക്സീൻ.
∙ പ്രോട്ടീൻ സബ് യൂണിറ്റ് വാക്സീനാണ്.
∙ ഇറാനിൽ മാത്രം അനുമതി.
26. എപ്പിവാക് കൊറോണ
∙ റഷ്യയിലെ വെക്ടർ സ്റ്റേറ്റ് റിസർച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വികസിപ്പിച്ചത്.
∙ കൊറോണ വൈറസിലെ സ്പൈക് പ്രോട്ടീനിന്റെ സബ് യൂണിറ്റുകളെ രാസപദാർഥങ്ങൾ വഴി സൃഷ്ടിച്ചെടുത്ത് ഉപയോഗിച്ചിരിക്കുന്നു.
∙ റഷ്യയിൽ മാത്രം അനുമതി.
27. സ്പൈക്‌വാക്സ്
∙ യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ്, ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് അതോറിറ്റി എന്നിവയുമായി സഹകരിച്ചു യുഎസ് കമ്പനിയായ മൊഡേണ വികസിപ്പിച്ച വാക്സീൻ.
∙ ആർഎൻഎ ടൈപ്പ് വാക്സീനാണ്.
∙ 86 രാജ്യങ്ങളിൽ അനുമതി.
28. സിനോഫാം വാക്സീൻ (വുഹാൻ)
∙ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാൻ മേഖലയിൽത്തന്നെ വികസിപ്പിച്ച വാക്സീൻ.
∙ ചൈനയിലെ സിനോഫാമിന്റെ ഭാഗമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്ട്സ് വികസിപ്പിച്ചു.
∙ നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചിരിക്കുന്നു.
∙ 91 രാജ്യങ്ങളിൽ അനുമതി.
∙ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമായി ചേർന്നു ചൈന നാഷനൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പിലെ (സിനോഫാം) ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് സിനോഫാം (ബെയ്ജിങ്) വാക്സീനും വികസിപ്പിച്ചിട്ടുണ്ട്.
29. ഇമ്പ്കാംസ് വാക്സീൻ
∙ ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ബയോളജിയും ചേർന്നു വികസിപ്പിച്ച വാക്സീൻ.
∙ നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചിരിക്കുന്നു.
∙ ചൈനയിൽ മാത്രം അനുമതി.
എപ്പോൾ വരും മൂക്കിൽ വലിക്കുന്ന വാക്സീൻ?
രാജ്യത്തെ ആദ്യ തദ്ദേശീയ വാക്സീനായ കോവാക്സിൻ വിപണിയിലെത്തിച്ച ഭാരത് ബയോടെക്കാണു മൂക്കിലൂടെ വലിക്കുന്ന വാക്സീനായ ബിബിവി 154 (വിപണിയിലെത്തുമ്പോൾ ഈ പേര് മാറും) വികസിപ്പിക്കുന്നത്. യുഎസിലെ വാഷിങ്ടൻ സർവകലാശാലയുമായി ചേർന്നാണു പദ്ധതി. മൂക്കിലൂടെയാണല്ലോ കൊറോണ വൈറസ് അകത്തെത്തുന്നതും അണുബാധയുണ്ടാക്കുന്നതും. അണുബാധ ഉണ്ടാകുന്ന ഭാഗത്തു വച്ചു തന്നെ തടയുകയെന്ന ലക്ഷ്യത്തോടെയാണു മൂക്കിൽ വലിക്കുന്ന വാക്സീൻ വികസിപ്പിക്കുന്നത്. അതുവഴി അണുബാധയും പകർച്ചയും തടയാൻ കഴിയും.
നൽകാൻ എളുപ്പമാണെന്നുള്ളതും സിറിഞ്ച് ഉപയോഗിക്കേണ്ടെന്നതും ഇതിന്റെ പ്രത്യേകതകളാണ്. വാക്സീൻ നൽകാൻ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ ആവശ്യമില്ല. കുത്തിവയ്ക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വ ഫലങ്ങൾ ഒഴിവാക്കാം. ഉൽപാദനവും വേഗത്തിൽ നടത്താം.
ഈ വാക്സീന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കുകയാണ്. ഇതിന്റെ ഫലക്ഷമത സംബന്ധിച്ച വിശദാംശങ്ങൾ നാഷനൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ ഈ മാസം വിലയിരുത്തും. കോവാക്സിൻ 2 ഡോസ് എടുത്തവർക്ക് കരുതൽ ഡോസായി മൂക്കിൽ വലിക്കുന്ന വാക്സീൻ നൽകുന്നതാണു പരിഗണനയിലുള്ളത്.
സസ്യത്തിൽ നിന്നുള്ള കനേഡിയൻ വാക്സീൻ
ഈ വർഷം ആദ്യമാണു കാനഡ കോവിഫെൻസ് കോവിഡ് വാക്സീന് അനുമതി നൽകിയത്. കോവിഫെൻസ് വാക്സീന്റെ പ്രത്യേകത അതിൽ ഉപയോഗിച്ചിരിക്കുന്ന പ്രോട്ടീൻ ഘടകങ്ങൾ സസ്യത്തിൽനിന്ന് എടുത്തതാണ് എന്നതാണ്. സസ്യത്തിൽ നിന്നുള്ള ഒരേയൊരു കോവിഡ് വാക്സീനെ ഇന്നു ലോകത്തുള്ളൂ– കോവിഫെൻസ്.
കാനഡയിലെ മെഡിക്കാജോ, ഗ്ലാക്സോ സ്മിത്ക്ലൈൻ എന്നീ കമ്പനികൾ ചേർന്നാണ് ഈ വാക്സീൻ വികസിപ്പിച്ചിട്ടുള്ളത്. കൊറോണ വൈറസിനു സമാനമായ പ്രോട്ടീൻ ഘടകങ്ങൾ സസ്യങ്ങളിൽനിന്നു വേർതിരിച്ചെടുത്താണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. തുടർന്ന് ഇതിനെ വിവിധ രാസപ്രക്രിയകളിലൂടെ വൈറസ് സമാനമായ വസ്തുക്കളാക്കി മാറ്റും. വൈറസിന്റെ ജനിതക ഘടകങ്ങളുടെ വിവരങ്ങൾ അടങ്ങിയ കോഡുകൾ ബാക്ടീരിയയിൽ സന്നിവേശിപ്പിച്ച്, ആ ബാക്ടീരിയകളെ സസ്യത്തിനുള്ളിൽ നിക്ഷേപിക്കും. തുടർന്ന് 4 ദിവസം ഈ സസ്യത്തെ നിയന്ത്രിതമായ സാഹചര്യത്തിൽ സൂക്ഷിച്ചതിനു ശേഷമാണു പ്രോട്ടീൻ വേർതിരിച്ചെടുക്കുക.
വാക്സീനുകളുടെ പരിമിതികൾ
നിലവിലുള്ള കോവിഡ് വാക്സീനുകൾക്ക് ഒരു പരിമിതിയുണ്ട്. ഒരാളിൽ വൈറസ് ബാധ തടയാൻ സാധിക്കുന്നില്ലെന്നതാണ് ആ പരിമിതി. വൈറസ് ബാധയുണ്ടായാൽ രോഗം ഗുരുതരമാകാതിരിക്കാൻ വാക്സീൻ വഴി കഴിയും. ഏറിയാൽ പത്താഴ്ച; അതിനപ്പുറത്തേക്ക് വൈറസ് ബാധ തടയാൻ നിലവിലുള്ള ഒരു വാക്സീനും കഴിയില്ല. വൈറസ് ബാധിതനായ ഒരാളുമായി ഇടപഴകിയാൽ വാക്സീൻ എടുത്തിട്ടുണ്ടെങ്കിലും കോവിഡ് ബാധയുണ്ടാകും.
പുതിയ രീതിയിലുള്ള വാക്സീനുകൾക്കായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മ്യൂക്കോസൽ വാക്സീൻ, പാൻ കൊറോണ വാക്സീൻ, ബൈവലന്റ് വാക്സീൻ തുടങ്ങി, വ്യത്യസ്ത വകഭേദങ്ങളെ നേരിടാൻ കഴിയുന്ന വാക്സീനുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ അതു ഫലം കാണുമോയെന്ന് ഇപ്പോൾ പറയാനാകില്ല. ഫലവത്തായ പുതിയ തരം വാക്സീൻ വന്നാൽ അവയ്ക്കു ഭാവിയിൽ നിർണായകമായ പങ്കുണ്ടാകും. അതല്ലാതെ നിലവിലുള്ള വാക്സീനുകൾ ഇനി എന്തു ഗുണം ചെയ്യുമെന്നുള്ളതു ചിന്തിക്കേണ്ട വിഷയമാണ്. വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ കഴിയുന്ന ഒരു വാക്സീൻ വരുമോ? കൊറോണ വൈറസിന്റെ രീതി വച്ചു നോക്കുമ്പോൾ അതിനെ പൂർണമായും തടഞ്ഞു നിർത്താൻ സാധിക്കുമെന്നു പ്രതീക്ഷിക്കാനാകില്ല.
മനുഷ്യരാശി കണ്ടിട്ടില്ലാത്ത ഒരു വൈറസിനെ നേരിടാൻ വേണ്ടി അതിനെ നമ്മുടെ ശരീരത്തിനു മുൻകൂട്ടി പരിചയപ്പെടുത്തുന്ന റോളാണു നിലവിൽ വാക്സീനുകൾ ചെയ്തത്. അതിനാൽ യഥാർഥ വൈറസ് ശരീരത്തെ ബാധിച്ചപ്പോൾ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ വാക്സീനുകൾ സഹായിച്ചു. ഒട്ടുമിക്കയാളുകൾക്കും ഇപ്പോൾ വൈറസ് ബാധ വന്നിട്ടുണ്ട്. പലരിലും 2–3 മാസം കൂടുമ്പോൾ വൈറസ് ബാധ വന്നു പോയിക്കൊണ്ടിരിക്കുന്നു
ഈ സാഹചര്യത്തിൽ നിലവിലുള്ള രീതിയിലുള്ള വാക്സീൻ തുടർന്നും കൊടുത്തതുകൊണ്ടു പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. ലോകം മുഴുവൻ സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ ശ്രമിക്കുകയാണ്. തുടർച്ചയായ വൈറസ് ബാധയെ സ്വീകരിക്കാനും നമ്മൾ ശീലിച്ചു തുടങ്ങിയിരിക്കുന്നുവെന്നതാണു വാസ്തവം..
∙ ഡോ. രാജീവ് ജയദേവൻ, കോ– ചെയർമാൻ, ദേശീയ ഐഎംഎ കോവിഡ് ദൗത്യ സംഘം.
English Summary: COVID-19 Vaccines: What You Need to Know