‘‘തെറ്റുകാരെന്നു കണ്ടെത്തിയിട്ടും നടപടിയിൽ ഉദാസീനത’’; അന്ന് കോടിയേരി പറഞ്ഞത്
‘സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ എറണാകുളത്തെ പാർട്ടിക്കു കഴിയുന്നില്ല. ലാഘവത്തോടെയാണു പാർട്ടി സംഘടനയെ കാണുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ ശിക്ഷ ലഘുവാണ്. അതു സംസ്ഥാന കമ്മിറ്റി തിരുത്തുന്നു’..... | Thrikkakara by-election | CPM | ernakulam | CPM election defeat | Manorama Online
‘സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ എറണാകുളത്തെ പാർട്ടിക്കു കഴിയുന്നില്ല. ലാഘവത്തോടെയാണു പാർട്ടി സംഘടനയെ കാണുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ ശിക്ഷ ലഘുവാണ്. അതു സംസ്ഥാന കമ്മിറ്റി തിരുത്തുന്നു’..... | Thrikkakara by-election | CPM | ernakulam | CPM election defeat | Manorama Online
‘സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ എറണാകുളത്തെ പാർട്ടിക്കു കഴിയുന്നില്ല. ലാഘവത്തോടെയാണു പാർട്ടി സംഘടനയെ കാണുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ ശിക്ഷ ലഘുവാണ്. അതു സംസ്ഥാന കമ്മിറ്റി തിരുത്തുന്നു’..... | Thrikkakara by-election | CPM | ernakulam | CPM election defeat | Manorama Online
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി സംഘടനാതലത്തിലും രാഷ്ട്രീയപരമായും പരിശോധിക്കാൻ സിപിഎം തയാറെടുക്കുകയാണ്. തിരഞ്ഞെടുപ്പുകളിലെ തോൽവി സംബന്ധിച്ച് ഇതിനു മുൻപും സിപിഎം പരിശോധന നടത്തിയിട്ടുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടിയും എടുത്തിട്ടുണ്ട്. 99 സീറ്റുമായി അധികാരത്തിലെത്തിയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകളും പാർട്ടി ഇഴകീറി പരിശോധിച്ചിരുന്നു. അതിലും നടപടിയുണ്ടായി. തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത ജില്ലകളുടെ കൂട്ടത്തിലാണ് സിപിഎം എറണാകുളം ജില്ലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടനയിലെ പുഴുക്കുത്താണ് മുന്നേറാൻ കഴിയാത്തതിന്റെ കാരണങ്ങളിൽ ഒന്നെന്ന നിഗമനത്തിൽ സംസ്ഥാന സമിതി കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്തു തന്നെ എത്തിയിരുന്നു. 2015 മുതലുള്ള തിരഞ്ഞെടുപ്പു പരാജയങ്ങളുടെ പേരിൽ പരിശോധന നടന്നു. അച്ചടക്ക നടപടിയുമുണ്ടായി. മറ്റു ജില്ലകളിലും ഇത്തരം പരിശോധനകൾ നടക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ച വിലയിരുത്തി സിപിഎം എന്തെല്ലാം തിരുത്തൽ നടപടികളായിരുന്നു കൈക്കൊണ്ടതെന്ന അന്വേഷണമാണ്, സിപിഎം തൃക്കാക്കരയുടെ പരിശോധനയുടെ വക്കിൽ നിൽക്കുമ്പോൾ ഇവിടെ നടത്തുന്നത്.
∙ എറണാകുളത്തോട് അവിശ്വാസം
എറണാകുളം ജില്ലാ നേതൃത്വത്തോട് അവിശ്വാസമായിരുന്നു സിപിഎം സംസ്ഥാന സമിതിക്ക്. തിരഞ്ഞെടുപ്പു സമയത്തു തന്നെ ഉഴപ്പി. പിന്നീട്, കാരണം കണ്ടുപിടിച്ചു നടപടിയെടുക്കാൻ പറഞ്ഞപ്പോഴും ഉരുണ്ടു കളിച്ചുവെന്നായിരുന്നു നിരീക്ഷണം. കേരളത്തിലാകെ ഉണ്ടായ ഇടതുപക്ഷ മുന്നേറ്റത്തിനൊപ്പം എന്തുകൊണ്ട് എറണാകുളത്തിന് മുന്നേറാൻ കഴിയുന്നില്ല എന്ന ചോദ്യമാണു സംസ്ഥാന നേതൃത്വം അന്ന് ഉയർത്തിയത്. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ജയിച്ചത് അഞ്ചിൽ മാത്രം. സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറ, നേരത്തേ ജയിച്ചിട്ടുള്ള പെരുമ്പാവൂർ എന്നിവ ഉറപ്പായും ജയിക്കുമെന്നാണു ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും കരുതിയിരുന്നത്. പിറവത്തു ജയിക്കുമെന്നു കരുതിയില്ലെങ്കിലും കാൽലക്ഷം വോട്ടിന്റെ തോൽവി വിചാരിച്ചിരുന്നില്ല. എറണാകുളത്തും തൃക്കാക്കരയിലും പാർട്ടി തീരുമാനിച്ച സ്വതന്ത്ര സ്ഥാനാർഥികളെ അംഗീകരിക്കാൻ ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റികൾ തയാറായില്ലെന്നും നേതൃത്വം കണ്ടെത്തിയിരുന്നു. അന്ന് തൃക്കാക്കരയിലാണ് പാർട്ടിക്കാരുടെ എതിർപ്പു കൂടുതൽ പ്രകടമായതെന്നും വിലയിരുത്തിയിരുന്നു.
തിരഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽ വൻ വിജയം നേടിയെങ്കിലും തോറ്റതും വോട്ടു കുറഞ്ഞതുമെല്ലാം ഗൗരവത്തോടെ കണ്ടു തിരുത്തൽ നടപടികളിലേക്കു നീങ്ങുകയായിരുന്നു സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പു വീഴ്ചകളുടെ പേരിൽ സിപിഎമ്മിൽ 2 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 14 പേർക്കെതിരെയാണ് അന്ന് നടപടിയെടുത്തത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ.മണിശങ്കർ, എൻ.സി.മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എൻ.സുന്ദരൻ, വി.പി.ശശീന്ദ്രൻ, പി.കെ.സോമൻ എന്നിവരെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തു. കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഷാജു ജേക്കബിനെ പാർട്ടിയിൽ നിന്നു പുറത്താക്കി.
വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി.വിൻസന്റ്, പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി.എം.സലിം, ഏരിയ കമ്മിറ്റി അംഗങ്ങളായ മുൻ എംഎൽഎ സാജു പോൾ, ആർ.എം.രാമചന്ദ്രൻ, എം.ഐ.ബീരാസ് എന്നിവർക്കും ഒരു വർഷം സസ്പൻഷനുണ്ടായിരുന്നു. മറ്റൊരു ഏരിയ കമ്മിറ്റി അംഗം സി.ബി.എ.ജബ്ബാറിനെ ബ്രാഞ്ചിലേക്കു തരം താഴ്ത്തി. കൂത്താട്ടുകുളത്തെ പാർട്ടി അംഗങ്ങളായ അരുൺ സത്യൻ, അരുൺ വി.മോഹൻ എന്നിവരെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യാനും തീരുമാനമുണ്ടായി. സിപിഎം എറണാകുളം ജില്ലാ ഘടകം നേരിട്ട ഏറ്റവും വലിയ നടപടികളിൽ ഒന്നായിരുന്നു അത്. മറ്റെല്ലാ ജില്ലകളിലും മുന്നേറാൻ കഴിഞ്ഞിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എറണാകുളത്തു മാത്രം പാർട്ടിക്കു മുന്നേറ്റമുണ്ടാക്കാനാകാത്തതു സംസ്ഥാന നേതൃത്വം ഏറെ ഗൗരവത്തോടെയാണു കണ്ടിരുന്നത്. ജില്ലയിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച രണ്ടു കമ്മിറ്റികളും കുറ്റക്കാരെന്നു കണ്ടെത്തിയവർക്കെതിരെ നടപടി നിർദേശിക്കുകയും നടപടിയെടുക്കാതെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളുണ്ടായപ്പോൾ സംസ്ഥാന നേതൃത്വം ഇടപെടുന്ന നിലയുമുണ്ടായി.
∙ അന്ന് കോടിയേരി പറഞ്ഞത് ഇങ്ങനെ
‘‘തെറ്റുകാരെന്നു കണ്ടെത്തിയിട്ടും നടപടിയിൽ ഉദാസീനത കാണിച്ചു. ജില്ലാ കമ്മിറ്റിയുടെ നടപടി വളരെ ലഘുവായിപ്പോയി, തെറ്റുകാർക്കു തലോടൽ പോലെയായി’. നിയമസഭാ തിരഞ്ഞെടുപ്പു വീഴ്ചകളുടെ പേരിൽ ജില്ലാ കമ്മിറ്റിയെടുത്ത ശിക്ഷാ നടപടി കുറഞ്ഞുപോയ കാര്യം അന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ്. ജില്ലാ കമ്മിറ്റി തലോടി രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാൽ പാർട്ടി കർശന നടപടിയെടുക്കുകയാണെന്നും ഇനി ചർച്ച ആവശ്യമില്ലെന്നു കൂടി കോടിയേരിക്ക് അന്നു പറയേണ്ടി വന്നു. ‘സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ എറണാകുളത്തെ പാർട്ടിക്കു കഴിയുന്നില്ല. ലാഘവത്തോടെയാണു പാർട്ടി സംഘടനയെ കാണുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ ശിക്ഷ ലഘുവാണ്. അതു സംസ്ഥാന കമ്മിറ്റി തിരുത്തുന്നു’- കോടിയേരി അന്ന് യോഗത്തിൽ വിശദീകരിച്ചു.
∙ പെരുമ്പാവൂരിൽ പരാതി നൽകിയത് സ്ഥാനാർഥി
കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് മത്സരിച്ച പെരുമ്പാവൂരിൽ പ്രവർത്തനത്തിൽ വീഴ്ചവരുത്തിയെന്നു സ്ഥാനാർഥി തന്നെ നൽകിയ പരാതിയാണ് അന്ന് കൂട്ട നടപടിയിലെത്തിച്ചത്. 51 ലക്ഷം രൂപ പാർട്ടി നേതാക്കൾ വാങ്ങിയെന്നതായിരുന്നു പരാതിയിൽ പ്രധാനം. ഉറപ്പായും ജയിക്കുമെന്നു പാർട്ടി കണക്കുകൂട്ടിയ മണ്ഡലമായിരുന്നു അത്. പണം വാങ്ങിയതായി ആരോപണ വിധേയർ സമ്മതിച്ചു. 5 പേർ പണം തിരിച്ചുകൊടുക്കാമെന്ന് അറിയിച്ചു. ചെറുകിട സംഘടനകൾക്കു നൽകാനും മറ്റുമായാണു പലരും പണം സ്വീകരിച്ചത്. അങ്ങനെയുണ്ടെങ്കിൽ സ്ഥാനാർഥിയെക്കൊണ്ടോ അവരുടെ പാർട്ടിയെക്കൊണ്ടോ നേരിട്ടു കൊടുപ്പിച്ചാൽ മതിയായിരുന്നുവെന്നും പാർട്ടി നേതാക്കൾ നേരിട്ടു പണം വാങ്ങേണ്ടിയിരുന്നില്ല എന്നുമായിരുന്നു അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്.
∙ തൃക്കാക്കരയെ കുറിച്ചുള്ള അന്നത്തെ വിലയിരുത്തൽ
വിജയസാധ്യതയുള്ള മണ്ഡലമല്ലായിരുന്നെങ്കിലും പാർട്ടി നേതാക്കളുടെ പാർലമെന്ററി മോഹമാണു തൃക്കാക്കരയിലുണ്ടായതെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രവർത്തനത്തെ കുറിച്ചുള്ള വിലയിരുത്തൽ. അതിന്റെ പേരിൽ ചിലർക്കെതിരെ നടപടിയുമുണ്ടായി. സ്ഥാനാർഥി നൽകിയ പണം വേണ്ട രീതിയിൽ വിനിയോഗിച്ചില്ലെന്നും അന്ന് പരാതിയുണ്ടായിരുന്നു. പിറവത്തു കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ തന്നെ സിപിഎം നേതാക്കൾ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പിൽ സ്ഥാനാർഥിയെ വിമർശിച്ചു പോസ്റ്റിട്ടു. പിറവം സീറ്റിൽ മത്സരിക്കാൻ കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ശ്രമിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി നേരിട്ടെത്തി ഏരിയ കമ്മിറ്റി വിളിച്ചുകൂട്ടി ഷാജു ജേക്കബിനു കർശന താക്കീത് നൽകിയിരുന്നു. ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കാനായിരുന്നു ആദ്യ തീരുമാനം. നടപടി ലഘുവായെന്ന് അന്നുതന്നെ വിമർശനമുയരുകയും ചെയ്തു. ഉറപ്പായും ജയിക്കുമെന്നു പാർട്ടി കണക്കുകൂട്ടിയ തൃപ്പുണിത്തുറയിലെ പരാജയത്തിന്റെ പേരിലാണു മുതിർന്ന നേതാവ് സി.എൻ.സുന്ദരനെതിരെ നടപടിയുണ്ടായത്. പാർട്ടി സ്വാധീന മേഖലയായ എരൂരിൽ എം.സ്വരാജിനു വോട്ടുകുറഞ്ഞതു നേതൃത്വത്തിന്റെ ശ്രദ്ധയില്ലായ്മ മൂലമാണെന്നായിരുന്നു പാർട്ടി കമ്മിഷന്റെ കണ്ടെത്തൽ.
∙ നടപടി നേരിട്ടവരിൽ ജി.സുധാകരനും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തെ ഗുരുതര വീഴ്ചകളുടെ പേരിൽ നടപടി നേരിട്ടവരിൽ മുതിർന്ന നേതാവും മുൻമന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ജി.സുധാകരനും ഉൾപ്പെടും. അദ്ദേഹത്തെ പാർട്ടി പരസ്യമായി ശാസിക്കുകയായിരുന്നു. സുധാകരന്റെ പിൻഗാമിയായി അമ്പലപ്പുഴയിൽ സ്ഥാനാർഥിയായ എച്ച്.സലാമിന്റെ വിജയത്തിനു വേണ്ടി ശ്രമിച്ചില്ലെന്നും പ്രചാരണ രംഗത്ത് അലംഭാവം കാട്ടിയെന്നുമുള്ള അന്വേഷണ കമ്മിഷൻ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴയിലെ അതികായനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നടപടി. എളമരം കരീമും കെ.ജെ.തോമസും ഉൾപ്പെട്ട അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് സുധാകരനെതിരെയുള്ള ഗുരുതരമായ കുറ്റപത്രമായിരുന്നു. സലാമിനെതിരായ വർഗീയ പ്രചാരണങ്ങളെ തടയാൻ വേണ്ടവിധം ശ്രമിച്ചില്ല, ഫണ്ട് പിരിവിന് മുന്നിട്ടിറങ്ങിയില്ല തുടങ്ങി 22 കുറ്റങ്ങളാണ് അതിലുണ്ടായിരുന്നത്.
ആരോപണങ്ങളെല്ലാം സംസ്ഥാന കമ്മിറ്റി യോഗത്തിൽ സുധാകരൻ നിഷേധിച്ചെങ്കിലും ആലപ്പുഴയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളാരും അദ്ദേഹത്തെ അനുകൂലിച്ചില്ല. സുധാകരന്റെ പാർട്ടി പാരമ്പര്യവും ജനകീയ പ്രതിഛായയും സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചാണ് നടപടി ലഘൂകരിച്ചത്. സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ഘട്ടത്തിൽ ആ തീരുമാനം അംഗീകരിക്കാൻ കഴിയാഞ്ഞതു മൂലം ഉണ്ടായ വീഴ്ച എന്ന ഗണത്തിൽപ്പെടുത്തിയാണ് പരസ്യ ശാസന നൽകിയത്.
∙ പെരിന്തൽമണ്ണയിലും പൊന്നാനിയിലും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ അലംഭാവം കാട്ടിയതിന് പെരിന്തൽമണ്ണയിൽ 5 പേർക്കും പൊന്നാനിയിൽ 11 പേർക്കും എതിരെ സിപിഎം നടപടിയെടുത്തിരുന്നു. ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷനുകൾ നൽകിയ റിപ്പോർട്ട് പ്രകാരമായിരുന്നു നടപടി. പെരിന്തൽമണ്ണ മുൻ നഗരസഭാധ്യക്ഷനും ഏരിയ കമ്മിറ്റി അംഗവുമായ എം.മുഹമ്മദ് സലീം, നഗരസഭാ സ്ഥിരസമിതി അധ്യക്ഷനും ഏരിയ കമ്മിറ്റി അംഗവുമായ കെ.ഉണ്ണിക്കൃഷ്‌ണൻ, ഏരിയ കമ്മിറ്റി അംഗം ടി.കെ.സുൽഫിക്കർ അലി, നഗരസഭാ സ്ഥിരസമിതി അധ്യക്ഷനും പെരിന്തൽമണ്ണ സൗത്ത് എൽസി അംഗവുമായ എം.മുഹമ്മദ് ഹനീഫ, ഫയർ സ്‌റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി എം.ഹമീദ് എന്നിവരിൽ നിന്നായിരുന്നു പാർട്ടി വിശദീകരണം തേടിയത്.
എൽഡിഎഫ് പിന്തുണയോടെ പെരിന്തൽമണ്ണ മണ്ഡലത്തിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം.മുസ്‌തഫ, യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരത്തോട് 38 വോട്ടുകൾക്കാണു പരാജയപ്പെട്ടിരുന്നത്. ഇതേത്തുടർന്ന് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ വോട്ടുചോർച്ചയ്ക്കു പിന്നിൽ ആസൂത്രിത ശ്രമമുണ്ടായതായി കണ്ടെത്തിയിരുന്നു. സിപിഎം സംസ്ഥാന നേതൃത്വം മുസ്‌ലിം ലീഗ് മുൻ നേതാവും മലപ്പുറം മുൻ നഗരസഭാധ്യക്ഷനുമായിരുന്ന കെ.പി.എം.മുസ്‌തഫയെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചതാണ് അന്ന് എതിർപ്പിനിടയാക്കിയത്.
പൊന്നാനി മണ്ഡലത്തിൽ സ്ഥാനാർഥി നിർണയ ഘട്ടത്തിലുണ്ടായ പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.സിദ്ദീഖ് ഉൾപ്പെടെ 11 പേർക്കാണ് പാർട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകി നടപടിയെടുത്തിരുന്നത്. സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച പി.നന്ദകുമാറിനു പകരം ടി.എം.സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊന്നാനിയിലെ പ്രതിഷേധ പ്രകടനങ്ങൾ. ഈ പ്രതിഷേധങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു.
∙ കൊല്ലത്തുമുണ്ടായി നടപടി
കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ തോൽവി അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം ഈ രണ്ടു മണ്ഡലങ്ങളിലും നടപടിയുണ്ടായി. രണ്ടിടത്തും വിജയം പ്രതീക്ഷിച്ചിരുന്നതാണ്. സിറ്റിങ് സീറ്റായ കുണ്ടറയിൽ മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയായിരുന്നു തോറ്റത്. കരുനാഗപ്പള്ളിയിൽ പരാജയപ്പെട്ടതു സിപിഐ ആണെങ്കിലും സിപിഎമ്മിനു കൂടി അപമാനകരമായ വൻ തോൽവിയാണു സംഭവിച്ചതെന്നായിരുന്നു ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടത്.
കുണ്ടറയിലെ തോൽവിക്ക് അവിടെ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.എസ്.പ്രസന്നകുമാറിനെ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. ഏരിയ സെക്രട്ടറി എസ്.എൽ.സജികുമാറിനെയും ജില്ലാ കമ്മിറ്റി അംഗം ആർ.സന്തോഷിനെയും താക്കീതു ചെയ്തു. കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ.വസന്തനെ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. ഏരിയ സെക്രട്ടറിയെ താക്കീതു ചെയ്തു.
∙ കൽപറ്റയിലുമുണ്ടായി വീഴ്ച
കൽപറ്റയിൽ എം.വി.ശ്രേയാംസ്കുമാറിന്റെ തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്നു കണ്ടെത്തിയ നേതാക്കൾക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. കൽപറ്റ ഏരിയ സെക്രട്ടറി എം.മധുവിനു താക്കീതു നൽകാനും കൽപറ്റ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.അബു, കൽപറ്റ ഏരിയ കമ്മിറ്റിയംഗം പി.സാജിത എന്നിവരെ ചുമതലകളിൽനിന്ന് ഒഴിവാക്കാനുമായിരുന്നു തീരുമാനം. മുൻ എംഎൽഎ സി.കെ.ശശീന്ദ്രനു ശ്രദ്ധക്കുറവുണ്ടായതായും വിലയിരുത്തിയിരുന്നു.
∙ തലസ്ഥാനത്തും തിരുത്തി
അരുവിക്കരയിലെ പ്രവർത്തനത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധുവിനെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. ആദ്യം അരുവിക്കരയിലെ സ്ഥാനാർഥിയായി മധുവിനെയാണു ജില്ലാ നേതൃത്വം ശുപാർശ ചെയ്തത്. സംസ്ഥാന കമ്മിറ്റി അതു വെട്ടി ജി.സ്റ്റീഫനെ സ്ഥാനാർഥിയാക്കി. ഈ മാറ്റം ഉൾക്കൊള്ളാൻ കഴിയാതെ മധു പ്രവർത്തനങ്ങളോടു മുഖം തിരിച്ചു നിന്നുവെന്നായിരുന്നു കമ്മിഷൻ കണ്ടെത്തിയത്.
∙ കുറ്റ്യാടിയിൽ കൂട്ടനടപടി
നിയമസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിനു നൽകിയതിനെതിരെ പരസ്യപ്രകടനം നടത്തിയതിന് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി.കുഞ്ഞമ്മദ്‌കുട്ടി ഉൾപ്പെടെ 36 പേർക്കെതിരെ നടപടിയെടുക്കേണ്ടി വന്നു. കെ.പി.കുഞ്ഞമ്മദ്കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കി. കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന ടി.കെ.മോഹൻദാസ്, കെ.പി.ചന്ദ്രി, കുന്നുമ്മൽ കൃഷ്ണൻ എന്നിവർക്കെതിരെ നടപടിയെടുത്തു. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു. കുറ്റ്യാടി, വളയം ലോക്കൽ കമ്മിറ്റി അംഗങ്ങളായ 32 പേർക്കെതിരെ നടപടിയെടുത്തു. തിരുവമ്പാടി സീറ്റ് നിഷേധിച്ചതിനെത്തുടർന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയ സിപിഎം ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോണിനെ ബ്രാഞ്ചിലേക്കു തരം താഴ്ത്തി. കുറ്റ്യാടി, തിരുവമ്പാടി സീറ്റുകളിൽ സിപിഎം സ്ഥാനാർഥികൾ തന്നെയായിരുന്നു ജയിച്ചത്.
English Summary: CPM action against Leaders on Election defeat