പി.ടി.തോമസ് അന്നേ ചോദിച്ചു ‘മെന്ററെ’പ്പറ്റി; വിവാദങ്ങളിൽ വീണ്ടും വീണയുടെ വിലാസം
'എന്റെ മെന്ററെ പോലെ ഞാൻ കാണുന്നയാളാണ് ജെയ്ക് ബാലകുമാർ എന്നാണു വീണ കമ്പനി വെബ്സൈറ്റിൽ കുറിച്ചത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടായിരുന്നു ജെയ്ക്. ഈ കുറിപ്പിനു തൊട്ടു പിന്നാലെ ആ വെബ്സൈറ്റ് ഡൗണായി. പിന്നീട് സൈറ്റ് അപ് ആയപ്പോൾ ജെയ്ക്കിനെക്കുറിച്ചുള്ള പരാമർശം സൈറ്റിൽനിന്നു നീക്കിയിരുന്നു. എന്താണ് അവിടെ മറച്ചത്?'.. Veena Vijayan
'എന്റെ മെന്ററെ പോലെ ഞാൻ കാണുന്നയാളാണ് ജെയ്ക് ബാലകുമാർ എന്നാണു വീണ കമ്പനി വെബ്സൈറ്റിൽ കുറിച്ചത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടായിരുന്നു ജെയ്ക്. ഈ കുറിപ്പിനു തൊട്ടു പിന്നാലെ ആ വെബ്സൈറ്റ് ഡൗണായി. പിന്നീട് സൈറ്റ് അപ് ആയപ്പോൾ ജെയ്ക്കിനെക്കുറിച്ചുള്ള പരാമർശം സൈറ്റിൽനിന്നു നീക്കിയിരുന്നു. എന്താണ് അവിടെ മറച്ചത്?'.. Veena Vijayan
'എന്റെ മെന്ററെ പോലെ ഞാൻ കാണുന്നയാളാണ് ജെയ്ക് ബാലകുമാർ എന്നാണു വീണ കമ്പനി വെബ്സൈറ്റിൽ കുറിച്ചത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടായിരുന്നു ജെയ്ക്. ഈ കുറിപ്പിനു തൊട്ടു പിന്നാലെ ആ വെബ്സൈറ്റ് ഡൗണായി. പിന്നീട് സൈറ്റ് അപ് ആയപ്പോൾ ജെയ്ക്കിനെക്കുറിച്ചുള്ള പരാമർശം സൈറ്റിൽനിന്നു നീക്കിയിരുന്നു. എന്താണ് അവിടെ മറച്ചത്?'.. Veena Vijayan
കഴിഞ്ഞ ദിവസം നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളെ വികാരവിക്ഷോഭത്തോടെ അദ്ദേഹം നിഷേധിച്ചിരുന്നു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലകുമാർ തന്റെ മെന്ററാണെന്ന് വീണ തന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്റെ വെബ്സൈറ്റിൽ കുറിക്കുകയും പിന്നീട് അത് നീക്കുകയും ചെയ്തെന്നു കുഴൽനാടൻ സഭയിൽ ആരോപിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ സമ്മർദ്ദം ചെലുത്തിയാണെന്ന ആരോപണം നിലനിൽക്കെ കുഴൽനാടന്റെ വാക്കുകൾ മുഖ്യമന്ത്രിക്കു താങ്ങാനായില്ല. മാത്യുവിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും അസംബന്ധമാണെന്നും ആരോപണ വിധേയനായ ആൾ മെന്ററാണെന്നു മകൾ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. വീണയുടെ കമ്പനിയുടെ വെബ്സൈറ്റിലെ പോസ്റ്റ് ശരിയാണെന്നു തെളിയിക്കാൻ മാത്യു കുഴൽനാടൻ മാധ്യമങ്ങൾക്കു മുൻപാകെ വിവിധ രേഖകളുമായി എത്തിയതോടെ വിഷയം വൻ ചർച്ചയാവുകയാണ്. എന്താണ് ഈ വിവാദത്തിന്റെ നാൾവഴി? എന്തുകൊണ്ടാണിതു വീണ്ടും ചർച്ചകളിൽ നിറഞ്ഞത്? എന്താണ് ഭരണ–പ്രതിപക്ഷങ്ങളുടെ വാദങ്ങൾ?
∙ പി.ടി.തോമസ് രണ്ടു വർഷം മുൻപേ പറഞ്ഞു
2020 ഏപ്രിലിൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, കോൺഗ്രസ് നേതാവായിരുന്ന പി.ടി.തോമസാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. വീണ ഡയറക്ടറായ ബെംഗളൂരുവിലെ എക്സാലോജിക് സൊല്യൂഷൻസിനു സ്പ്രിൻക്ലറുമായി ബന്ധമുണ്ടോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നായിരുന്നു തോമസിന്റെ ആവശ്യം. അന്ന് ഡേറ്റ സൂക്ഷിക്കലുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി സ്പ്രിൻക്ലർ വിവാദത്തിലായിരിക്കുന്ന സമയം കൂടിയായിരുന്നു. സ്വർണക്കടത്ത് വിവാദം കത്തി നിൽക്കെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഉൾപ്പെടെയുള്ളവർ എക്സാലോജിക് സൊല്യൂഷന്റെ വെബ്സൈറ്റിൽ ജെയ്ക് മെന്ററാണെന്നു രേഖപ്പെടുത്തിയതു സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.
∙ പി.ടി.തോമസിന്റെ ആരോപണങ്ങൾ
‘സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെ, വീണ ഡയറക്ടറായ കമ്പനിയുടെ വെബ് അക്കൗണ്ട് സസ്പെൻഡ് ചെയ്ത നിലയിലാണ്. 2014 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. വിവാദം ഉയർന്നതോടെ അക്കൗണ്ട് പെട്ടന്ന് സസ്പെൻഡ് ചെയ്തത് ദുരൂഹത വർധിപ്പിക്കുന്നു. 2020 വരെയുള്ള ജിഎസ്ടി പോലും എക്സാലോജിക് അടച്ചിട്ടുണ്ട്. എല്ലാ അക്കൗണ്ടുകളും സമർപ്പിക്കപ്പെട്ടതായാണു രേഖകൾ. ഇത്രയും പ്രധാന കമ്പനിയുടെ വെബ് അക്കൗണ്ട് പെട്ടെന്ന് സസ്പെൻഡ് ചെയ്യുക സാധാരണ സാധ്യമല്ല. ‘സ്പ്രിൻക്ലർ ഇന്ത്യ’യുടെ വിവരങ്ങളും മറച്ചു വച്ചിരിക്കുന്നു. സ്പ്രിൻക്ലറും എക്സാലോജിക്കും തമ്മിൽ ബന്ധമുണ്ടോയന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ വിദേശ കമ്പനിക്ക് എന്തു വിലയ്ക്കാണ് വിറ്റതെന്നു സംബന്ധിച്ച് സർക്കാർ മറുപടി നൽകണം. ആലുവയിലെ പ്രമുഖ കമ്പനിയിൽനിന്ന് വലിയൊരു തുക വീണയുടെ കമ്പനിയിലേക്ക് എത്തിയിരുന്നു. അദാനി നമ്മുടെ റേഷൻകടയുടെ മാനേജരാകുന്നതു പോലെയാണ് പിഡബ്ല്യുസി എന്ന രാജ്യാന്തര കൺസൽട്ടിങ് കമ്പനിയുടെ ഡയറക്ടർ ജെയ്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്ററായി പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി എന്തു കൊണ്ടാണ് ഇതിന്മേൽ അന്വഷണത്തിന് ഉത്തരവിടാത്തത്?’– പി.ടി.തോമസ് ഉന്നയിച്ച ചോദ്യങ്ങൾ ഇതൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങൾ നിയമസഭയിലും ചർച്ചയായി. ‘മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ താൻ ഉന്നയിച്ച ആരോപണം ഒന്നുകിൽ അന്വേഷിക്കണം അല്ലെങ്കിൽ തനിക്കെതിരെ കേസെടുക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. പക്ഷേ ഭരണപക്ഷം അനങ്ങിയില്ല.
∙ ‘മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ...’
മകളുടെ ഐടി കമ്പനിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഏപ്രിലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെ: ‘അത്തരത്തിലുള്ള എന്തെങ്കിലും പറഞ്ഞാൽ അതിനു മറുപടി പറഞ്ഞു നടക്കാൻ സമയമില്ല. എനിക്ക് ആശങ്കയില്ല. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ. ആ ധൈര്യം തന്നെയാണ് ഇതേവരെ ജീവിതത്തിലുണ്ടായിട്ടുള്ളത്. ആരോപണം ഉന്നയിച്ചവർ തെളിവു കൊണ്ടുവരട്ടെ’.
∙ വീണ്ടും വന്നെത്തിയ വിവാദം
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന്റെ ചർച്ചയ്ക്കിടെയാണ് വീണയ്ക്കെതിരെ മാത്യു കുഴൽനാടൻ ഗുരുതര ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയത്? പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനി വഴിയാണ് സ്വപ്നയ്ക്ക് ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ സെക്രട്ടേറിയറ്റിൽ ജോലി നൽകിയത്. ഇനി മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് പറയാം. അവരെക്കുറിച്ച് എനിക്ക് ബഹുമാനമാണ്. അവരൊരു കമ്പനി തുടങ്ങി വലിയ നിലയിലായവരാണ്. ആ കമ്പനിയുടെ പേരാണ് എക്സാലോജിക് സൊല്യൂഷൻസ്. ആ കമ്പനിയുടെ വെബ്സൈറ്റിൽ ചില കാര്യങ്ങൾ അവർ പറഞ്ഞിരുന്നു.
എന്റെ മെന്ററെ പോലെ ഞാൻ കാണുന്നയാളാണ് ജെയ്ക് ബാലകുമാർ എന്നാണു വീണ കമ്പനി വെബ്സൈറ്റിൽ കുറിച്ചത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടായിരുന്നു ജെയ്ക്. ഈ കുറിപ്പിനു തൊട്ടു പിന്നാലെ ആ വെബ്സൈറ്റ് ഡൗണായി. പിന്നീട് സൈറ്റ് അപ് ആയപ്പോൾ ജെയ്ക്കിനെക്കുറിച്ചുള്ള പരമാർശം സൈറ്റിൽനിന്നു നീക്കിയിരുന്നു. എന്താണ് അവിടെ മറച്ചത്? പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനി വഴിയാണ് സ്വപ്ന എത്തിയതെന്ന കാര്യം നിഷേധിക്കാനാകുമോ? ആ കമ്പനിയുടെ ഡയറക്ടർ ജെയ്ക്കിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മകൾ കുറിച്ചത് നിഷേധിക്കാനാകുമോ? പിഡബ്ല്യുസി വഴിയാണ് സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയത് എന്നതു കൊണ്ടാണ് മെന്റർ പരാമർശം മാറ്റിയത്. സ്വർണക്കടത്തിനെക്കുറിച്ച് ആദ്യം അന്വേഷണം വന്നപ്പോൾ തന്റെ ഓഫിസിന് ഇതിൽ പങ്കില്ല എന്നല്ലേ മുഖ്യമന്ത്രി പറഞ്ഞത്? സ്വപ്ന സുരേഷിനെ അറിയില്ലെന്നും പറഞ്ഞു. അതെല്ലാം അസത്യമായിരുന്നുവെന്നു തെളിഞ്ഞു...’
∙ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി; മകളെപ്പറ്റിപ്പറഞ്ഞാൽ...
മകൾക്കെതിരെ നിയമസഭയിൽ ആരോപണം ഉന്നയിച്ചതിനു പിന്നാലെ മാത്യു കുഴൽനാടനോട്, മുഖ്യമന്ത്രി പിണറായി വിജയൻ പൊട്ടിത്തെറിക്കുകയായിരുന്നു: ‘മകളെപ്പറ്റി പറഞ്ഞാൽ ഞാൻ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ? വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കാൻ വേണ്ടി ചിലർ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴൽനാടന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. അതിനു വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താണ് നിങ്ങൾ വിചാരിച്ചത്? മകളെപ്പറ്റി പറഞ്ഞാൽ ഞാൻ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ?
പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകൾ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്? എന്തും പറയാമെന്നാണോ? അതൊക്കെ മനസ്സിൽ വച്ചാൽ മതി...ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങൾ വിളിച്ചു പറയാനാണോ ഈ സഭാ വേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങൾ പറയണം. ഞങ്ങളുടെ ഭാഗത്തു തെറ്റുകളുണ്ടെങ്കിൽ അതു പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ അധിക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്കാരം? മറ്റു കൂടുതൽ കാര്യങ്ങളിലേക്കു കടക്കുന്നില്ല...’
∙ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ
പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്റെ വെബ്സൈറ്റിൽ നൽകിയിരുന്ന പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്രത്യക്ഷമായതിനു തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് മാത്യു കുഴൽനാടൻ രംഗത്തുവന്നത്. കെപിസിസി ഓഫിസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് തെളിവുകളെന്ന പേരിൽ രേഖകൾ പുറത്തു വിട്ടത്. വെബ് ആർക്കൈവ്സിൽ നിന്നുള്ള വിവരങ്ങൾ മാത്യു പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. എക്സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദർശിപ്പിച്ചത്.
ജെയ്ക്കും വീണയും ഒരുമിച്ചുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്തു വിട്ടതെന്നും മാത്യു പറയുന്നു. 2020 മേയ് 20 വരെ വീണയുടെ കമ്പനി വെബ്സൈറ്റിൽ ജെയ്ക് ബാലകുമാറിന്റെ ചിത്രവും അദ്ദേഹം കമ്പനിയുടെ മെന്റർ ആണെന്ന വിവരവും ഉണ്ടായിരുന്നതായി മാത്യു പറഞ്ഞു. പിന്നീട് സൈറ്റ് നോക്കാൻ കഴിയാതെയായി. ജൂൺ 20ന് സൈറ്റ് വീണ്ടും ലഭിച്ചു തുടങ്ങിയപ്പോൾ ജെയ്ക്കിന്റെ പേര് ഉണ്ടായിരുന്നില്ല. സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിക്കാൻ മുൻകൈ എടുത്തത് മുഖ്യമന്ത്രിയുടെ മകളാണെന്നു പറയുന്നില്ല. ജെയ്ക് എക്സാലോജിക്കിന്റെ മെന്ററല്ലെന്നു നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി, താൻ പുറത്തു വിട്ട ചിത്രങ്ങൾ നിഷേധിക്കാൻ തയാറുണ്ടോയെന്നും, താൻ പറഞ്ഞ വിവരങ്ങൾ തെറ്റാണെങ്കിൽ കേസെടുക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
ലഭ്യമായ രേഖകൾ പ്രകാരം എക്സാലോജിക്കിന്റെ ഒരേയൊരു ഉടമ മുഖ്യമന്ത്രിയുടെ മകൾ വീണയാണ്. കമ്പനി നോമിനി മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയനും. കമ്പനിയുടെ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടറാണ് വീണ. കമ്പനി വെബ്സൈറ്റിൽ കൺസൽട്ടന്റുമാരായി മൂന്നു പേരെ നിയമിച്ചിരുന്നു. അതിൽ ഒരാൾ ജെയ്ക്കായിരുന്നു. ജെയ്ക്കുമായുള്ള ബന്ധം വളരെ വ്യക്തിപരമാണെന്നും അദ്ദേഹം മെന്ററാണെന്നുമാണ് സൈറ്റിൽ വീണ കുറിച്ചത്. ഈ വിവരങ്ങളെല്ലാം ഒരു മാസം കഴിഞ്ഞപ്പോൾ എന്തിനു മാറ്റി എന്നു മാത്രമേ ചോദിക്കുന്നുള്ളൂവെന്നും മാത്യു പറഞ്ഞു.
107 തവണ വെബ്സൈറ്റിൽ അപ്ഡേഷൻ നടത്തിയിട്ടുണ്ട്. കോഴിയെ കട്ടവന്റെ തലയിൽ പൂട കാണും എന്നു പറയുന്നതു പോലെയാണു നിയമസഭയിൽ ആരോപണം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്. സഭയിലെ മുഖ്യമന്ത്രിയുടെ പരാമർശവും ശൈലിയും ആ പദവിക്കു യോജിച്ചതാണോയെന്നു ജനം വിലയിരുത്തട്ടെ. സഭയിൽ പറഞ്ഞതിനെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അസംബന്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞല്ലോ? ഇതു തെളിയിക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. സ്വപ്നയ്ക്കു നിയമനം നൽകിയത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സാണ്. പല കരാറുകളും സർക്കാർ സുതാര്യതയില്ലാതെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനു നൽകി. സ്വപ്നയുടെ ശമ്പളം പിഡബ്ല്യുസിയിൽ നിന്നു തിരിച്ചു പിടിക്കാത്തത് നിയമസഭയിൽ ഉന്നയിക്കുമെന്നും മാത്യു പറഞ്ഞു.
∙ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: മുഹമ്മദ് റിയാസ്
മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങളോട് വീണാ വിജയൻ ഇതു വരെ പ്രതികരിച്ചിട്ടില്ല. വീണയുടെ ഭർത്താവും പൊതുമരാമത്തു മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് ആരോപണങ്ങൾ തള്ളി രംഗത്തെത്തി. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഇതെന്നും, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നതാണെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോടു പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണ് ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാനായത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ് ഇത്. കോൺഗ്രസ് തുടർ പ്രതിപക്ഷമാകാനുള്ള കാരണങ്ങളിലൊന്ന് ഇത്തരം പ്രചാരണങ്ങളാണ്. താൻ മത്സരിച്ച ബേപ്പൂരിൽ ഇത്തരം പ്രചാരണം സജീവമാക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. ചരിത്രവിജയമാണ് ബേപ്പൂരിലുണ്ടായതെന്നും റിയാസ് പറഞ്ഞു.
∙ കമ്പനി റജിസ്റ്റർ ചെയ്തത് ആരുടെ പേരിൽ?
വീണാ വിജയൻ ഐടി കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത് സിപിഎം ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ പേരിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്ന വിലാസമാണ് ഐടി കമ്പനിയുടെ റജിസ്ട്രേഷനായി റജിസ്ട്രാർക്ക് നൽകിയിരിക്കുന്നത്. ബെംഗളൂരുവിലെ നോട്ടറി ഡി.കെ.രമേശപ്പയാണ് ഇത് 2014 ഓഗസ്റ്റ് 27ന് അറ്റസ്റ്റു ചെയ്തത്. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിനു മുൻപ് താമസിച്ചിരുന്നത് എകെജി അപാർട്മെന്റിലാണ്. എകെജി അപാർട്മെന്റ്സ്, എകെജി സെന്റർ എന്നാണ് വീണയുടെ ഡ്രൈവിങ് ലൈസൻസിലെ വിലാസം. ലൈസൻസെടുക്കുന്ന സമയത്ത് താമസവും അവിടെയായിരുന്നു. അതിനാലാണ് കമ്പനി ആരംഭിച്ചപ്പോൾ ആ വിലാസം നൽകിയതെന്നാണ് വീണയുടെ വാദം.
∙ ‘സഹപ്രവർത്തകയുടെ ബന്ധു മാത്രം’
ആരോപണങ്ങൾ ഉയർന്നപ്പോൾ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വീണാ വിജയൻ വിശദീകരണം നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായിരുന്നു വീണയുടെ വിശദീകരണം. ‘എന്റെ സഹപ്രവർത്തകയുടെ ബന്ധുവാണ് ജെയ്ക് ബാലകുമാർ. കമ്പനി തുടങ്ങിയപ്പോൾ വെബ്സൈറ്റിൽ അഡ്വൈസറി ബോർഡിൽ കുറച്ച് ആളുകളെ വയ്ക്കും. അങ്ങനെയാണ് ജെയ്ക്കിനെ ഉൾപ്പെടുത്തിയത്. പിഡബ്ല്യുസിയിലെ യുഎസിലെ ഒരു വിങ്ങിലാണ് ജെയ്ക് ജോലി ചെയ്യുന്നത്. അയാൾക്ക് ഇന്ത്യയുമായി വലിയ ബന്ധമില്ല. പിഡബ്യുസിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിൽ, തന്നെ ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് ആ വ്യക്തി ആവശ്യപ്പെട്ടതിനാൽ ഒഴിവാക്കി’.
English Summary: Veena Vijayan-PwC Relation Controversy Explained; Who is Right, Pinarayi Vijayan or Mathew Kuzhalnadan?