ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ പരിശോധനാ റിപ്പോർട്ട് എവിടെ?; സിബിഐയോട് കോടതി
Mail This Article
തിരുവനന്തപുരം∙ വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ അപകടമരണക്കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് റിപ്പോർട്ട് സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്നു സിജെഎം കോടതി. സിബിഐയുടെ വിശദീകരണം കേൾക്കാനായി കേസ് ജൂലൈ അഞ്ചിലേക്കു മാറ്റി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ കുടുംബവും കലാഭവൻ സോബിയും സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി വിധി പറയാൻ ഇരിക്കവെയാണ് കോടതി മൊബൈൽ ഫോണിന്റെ പരിശോധനാ വിവരങ്ങൾ ആരാഞ്ഞത്.
പരിശോധനാ റിപ്പോർട്ടു സമർപ്പിക്കാത്തത് സിബിഐയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണോ എന്ന് കോടതി ആരാഞ്ഞു. കേസ് അന്വേഷിച്ചപ്പോൾ തെളിവുകൾ കണ്ടെത്താൻ മൊബൈൽ ഫോണിലെ വിവരങ്ങളുടെ ആവശ്യം ഇല്ലായിരുന്നെന്നു സിബിഐ കോടതിക്കു മറുപടി നൽകി. എന്നാൽ, ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ജഡ്ജി ആർ.രേഖയുടേതാണ് ഉത്തരവ്.
നിർണായക തെളിവുകൾക്കുമേൽ സിബിഐ കണ്ണടച്ചതായി ഹർജിക്കാർ കോടതിയിൽ പറഞ്ഞിരുന്നു. നിർണായക സാക്ഷികളെ ബോധപൂർവം ഒഴിവാക്കി. സിബിഐ നടത്തിയ നുണപരിശോധന നിയമപരമല്ല. നുണ പരിശോധനാഫലം തെളിവായി സ്വീകരിക്കാൻ പാടില്ലെന്നു സുപ്രീം കോടതി വിധിയുള്ളതായും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ സാധ്യമായ എല്ലാ രീതികളും അന്വേഷിച്ചാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് സിബിഐ നിലപാട്.
കേസിലെ ഏക പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് സിബിഐ കണ്ടെത്തൽ. 2019 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപമാണ് അപകടം നടന്നത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരുക്കേറ്റിരുന്നു. മകൾ അപകട സ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
English Summary: Violinist Balabhaskar's accidental death case; Court judgement over further inquiry petition