'രാഹുലിനെ വേട്ടയാടുന്ന ഇഡി മുഖ്യമന്ത്രിയെ വിട്ടു; നാഗ്പൂരിന്റെ 'ഗുഡ് ലിസ്റ്റിൽ' ആരെല്ലാം?'
‘‘എകെജിയൊക്കെ ഉയർന്നു വന്നതു പോലെത്തന്നെയാണോ പുതിയ നേതാക്കൾ ഉയർന്നു വരുന്നതെന്ന ചോദ്യം കമ്യൂണിസ്റ്റുകൾ സ്വയം ചോദിക്കണം. അവരൊന്നും പാർട്ടികൊണ്ടു വരുമാനം ഉണ്ടാക്കിയിട്ടില്ല. അവരുടെയൊന്നും മക്കൾ സുരക്ഷിത സ്ഥാനങ്ങളിലെത്താൻ ഈ പദവി ഉപയോഗിച്ചിട്ടില്ല.നേതാക്കളുടെ മക്കളെ സ്വാധീനിക്കുന്നത് അധികാരത്തെ സ്വാധീനിക്കുന്നതിനാണെന്ന് മനസ്സിലാക്കിയിരുന്നതുകൊണ്ടാണ് അവരൊന്നും അതിനു തയാറാകാത്തത്...’’– ഡോ.ആസാദ് പറയുന്നു
‘‘എകെജിയൊക്കെ ഉയർന്നു വന്നതു പോലെത്തന്നെയാണോ പുതിയ നേതാക്കൾ ഉയർന്നു വരുന്നതെന്ന ചോദ്യം കമ്യൂണിസ്റ്റുകൾ സ്വയം ചോദിക്കണം. അവരൊന്നും പാർട്ടികൊണ്ടു വരുമാനം ഉണ്ടാക്കിയിട്ടില്ല. അവരുടെയൊന്നും മക്കൾ സുരക്ഷിത സ്ഥാനങ്ങളിലെത്താൻ ഈ പദവി ഉപയോഗിച്ചിട്ടില്ല.നേതാക്കളുടെ മക്കളെ സ്വാധീനിക്കുന്നത് അധികാരത്തെ സ്വാധീനിക്കുന്നതിനാണെന്ന് മനസ്സിലാക്കിയിരുന്നതുകൊണ്ടാണ് അവരൊന്നും അതിനു തയാറാകാത്തത്...’’– ഡോ.ആസാദ് പറയുന്നു
‘‘എകെജിയൊക്കെ ഉയർന്നു വന്നതു പോലെത്തന്നെയാണോ പുതിയ നേതാക്കൾ ഉയർന്നു വരുന്നതെന്ന ചോദ്യം കമ്യൂണിസ്റ്റുകൾ സ്വയം ചോദിക്കണം. അവരൊന്നും പാർട്ടികൊണ്ടു വരുമാനം ഉണ്ടാക്കിയിട്ടില്ല. അവരുടെയൊന്നും മക്കൾ സുരക്ഷിത സ്ഥാനങ്ങളിലെത്താൻ ഈ പദവി ഉപയോഗിച്ചിട്ടില്ല.നേതാക്കളുടെ മക്കളെ സ്വാധീനിക്കുന്നത് അധികാരത്തെ സ്വാധീനിക്കുന്നതിനാണെന്ന് മനസ്സിലാക്കിയിരുന്നതുകൊണ്ടാണ് അവരൊന്നും അതിനു തയാറാകാത്തത്...’’– ഡോ.ആസാദ് പറയുന്നു
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരളത്തിൽ വീണ്ടും ഉയരുകയാണ്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ശക്തമായ വിമർശനങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. കോൺഗ്രസ് സംഘപരിവാറുമായി കൂട്ടു ചേരുകയാണെന്ന വിമർശനവുമായാണ് എൽഡിഎഫും സിപിഎമ്മും ഈ നീക്കങ്ങളെ പ്രതിരോധിക്കുന്നത്. സത്യത്തിൽ സംഘപരിവാറിനു വിധേയപ്പെടുന്നത് ആരാണ്? കോൺഗ്രസ് ഏറ്റവും സജീവമായ സംസ്ഥാനങ്ങളില്‍ കോൺഗ്രസാണ് അധികാരത്തിലേക്കു തിരിച്ചു വരാൻ സാധ്യതയുള്ള പാർട്ടി. അതിനു തടയിടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നു പറയുന്നു എഴുത്തുകാരനും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ. ആസാദ്. സംഘപരിവാറിനു കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് സിപിഎമ്മും എൽഡിഎഫും ചെയ്യുന്നത്. ‘സാംസ്കാരിക കേരളം മുഖ്യമന്ത്രിക്കൊപ്പം’ എന്ന അവകാശവാദങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പമാണ് എല്ലാ കാലവും സാംസ്കാരിക പ്രവർത്തകർ നിന്നിരുന്നത്. എന്നാൽ സാംസ്കാരിക കേരളം മുഖ്യമന്ത്രിക്കൊപ്പമെന്നു പറയുമ്പോൾ അതിന്റെ അർഥം ഇവിടെ മറ്റു ശബ്ദങ്ങൾക്ക് ഇടം ഇല്ലെന്നാണെന്നും ആസാദ് വ്യക്തമാക്കുന്നു. എന്തുകൊണ്ട് കേരളത്തിലെ എൽഡിഎഫ് സർക്കാർ, കേന്ദ്രം ഭരിക്കുന്ന ബിജെപിക്കു സ്വീകാര്യമാകുന്നുവെന്ന ചോദ്യവും പ്രസക്തമാണ്. അതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് കോർപറേറ്റ് വികസനത്തിന്റെ അജണ്ട നടപ്പിലാക്കുന്ന ഒരു സംസ്ഥാനമാണു കേരളമെന്നതാണ്. എകെജിയൊക്കെ ഉയർന്നു വന്നതു പോലെത്തന്നെയാണോ പുതിയ നേതാക്കൾ ഉയർന്നു വരുന്നതെന്ന ചോദ്യം കമ്യൂണിസ്റ്റുകൾ സ്വയം ചോദിക്കണം. ജനങ്ങളുടെ പൊതുവിചാരണ നേരിട്ട് തുറന്ന പുസ്തകങ്ങളായി ജീവിച്ച നേതാക്കന്മാരായിരുന്നു അവരൊക്കെ. അവരൊന്നും പൊതു പ്രവർത്തനവും പാർട്ടിയുംകൊണ്ടു വരുമാനം ഉണ്ടാക്കിയിട്ടില്ല. അവരുടെയൊന്നും മക്കൾ സുരക്ഷിത സ്ഥാനങ്ങളിലെത്താൻ ഈ പദവി ഉപയോഗിച്ചിട്ടുമില്ല–ആസാദ് പറയുന്നു. കേരളത്തിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് മനോരമ ഓൺലൈൻ സംവാദ പരമ്പരയായ ‘ദി ഇൻസൈഡറി’നോട് സംവദിക്കുകയാണ് എഴുത്തുകാരനും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ. ആസാദ്.
∙ നാഗ്പൂരിന്റെ ‘നല്ല കുട്ടികൾ’
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ നിയമസഭയിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. അതിൽ ഉന്നയിച്ച ഒരു ആരോപണത്തിനു പോലും കൃത്യമായി മറുപടി പറയാൻ സർക്കാരിനു കഴിഞ്ഞില്ല. വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ സംഘപരിവാറിനൊപ്പമാണെന്ന ആക്ഷേപമാണ് മറുവാദമായി ആകെ ഉയർത്തിയത്. ഇത്തരം ഒരു ആരോപണത്തിലൂടെ കോൺഗ്രസിനെ താഴ്ത്തികെട്ടാൻ ശ്രമിക്കുമ്പോൾ സംഘപരിവാരത്തെ വിശുദ്ധപ്പെടുത്തുകയാണ്. സംഘപരിവാറും കോൺഗ്രസും ഒരേ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയെന്നു പറയുമ്പോൾ സംഘപരിവാരം യഥാർഥ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുകയാണെന്നാണ് അർഥം.
സത്യത്തിൽ സംഘപരിവാറിനു വിധേയപ്പെടുന്നത് സർക്കാരാണ്. ഇഡി രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന സമയത്ത് മുഖ്യമന്ത്രിയെ വെറുതെ വിടുകയാണ്. ഡോളർ കടത്തിയെന്ന ഒരു ആരോപണം നില നിൽക്കുന്നുണ്ട്. അത് ആര് ഉന്നയിച്ചുവെന്നതല്ല. ഇക്കാര്യത്തിൽ ഒരു ചോദ്യം ചെയ്യലിന് ഇഡി തയാറായില്ലെന്നതാണു ശരി. നാഗ്പൂരിന്റെ ‘ഗുഡ് ലിസ്റ്റിൽ’ ഉള്ളത് ആരൊക്കെയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അതിനു പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനം കോൺഗ്രസ് മുക്ത ഭാരതമെന്ന രാഷ്ട്രീയ അജണ്ടയാണ്. ആ മുദ്രാവാക്യത്തിനു പിന്നിൽ കോൺഗ്രസിനു നശിപ്പിക്കുക മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ജനാധിപത്യ പ്രസ്ഥാനത്തെ നശിപ്പിക്കുക കൂടിയാണു ലക്ഷ്യം. അതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ കാരണമുണ്ട്.
കോൺഗ്രസ് മൃദു ഹിന്ദുത്വത്തെ ആശ്ലേഷിച്ച പാർട്ടിയാണ്. സംഘപരിവാരത്തിന്റെ തീവ്ര ഹിന്ദുത്വത്തേക്കാൾ ഭൂരിപക്ഷ സമുദായത്തിലുള്ളവർക്ക് സ്വീകാര്യം കോൺഗ്രസിന്റെ ഈ നയമാണ്. ഇത് ആർഎസ്എസിന്റെ വളർച്ചയ്ക്കു പ്രതികൂലമായ ഘടകമാണ്. മറ്റൊന്ന് ദേശീയ കാഴ്ചപ്പാടാണ്. തീവ്ര ഹിന്ദുത്വ ദേശീയതയും ഇന്ത്യൻ ദേശീയതയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ആദ്യം ഉറക്കെ പറഞ്ഞ വ്യക്തി ജവാഹർലാൽ നെഹ്റുവാണ്. ഗാന്ധിജിക്കൊപ്പം അതിനെ അദ്ദേഹം രാഷ്ട്രീയമായി നിർവചിക്കുകയായിരുന്നു. ഹിന്ദുത്വ ദേശീയത നേരിടുന്ന ഒരു വലിയ വിപത്ത് മതേതരദേശീയതയുടെ പക്ഷത്തു നിൽക്കുന്ന കോൺഗ്രസാണ്. അതിനെ തകർത്താൽ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമുൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകർക്കുയെന്നതു നിസ്സാരമാണ്.
കോൺഗ്രസ് ഏറ്റവും സജീവമായ സംസ്ഥാനങ്ങളില്‍ കോൺഗ്രസാണ് അധികാരത്തിലേക്കു തിരിച്ചു വരാൻ സാധ്യതയുള്ള പാർട്ടി. അതിനു തടയിടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. കോൺഗ്രസ് സംഘപരിവാറിനോടൊപ്പമാണെന്ന സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും ആരോപണം സമകാലിക സന്ദര്‍ഭത്തിൽ വലിയ ഫലിതമാണ്. സംഘ പരിവാറിനത് കാര്യങ്ങൾ എളുപ്പമാക്കുകയാണ്.
∙ ബിജെപിയുമായുള്ള പാലങ്ങൾ
എന്തുകൊണ്ട് കേരളത്തിലെ എൽഡിഎഫ് സർക്കാർ, കേന്ദ്രം ഭരിക്കുന്ന ബിജെപിക്കു സ്വീകാര്യമാകുന്നുവെന്ന ചോദ്യവും പ്രസക്തമാണ്. അതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് കോർപറേറ്റ് വികസനത്തിന്റെ അജണ്ട നടപ്പിലാക്കുന്ന ഒരു സംസ്ഥാനമാണു കേരളമെന്നതാണ്. ജിഎസ്ടി നടപ്പിലാക്കാന്‍ തുടങ്ങുമ്പോൾ അതിനു പിന്തുണ കൊടുത്തിട്ടുണ്ട് കേരളം. സ്വകാര്യവൽക്കരണത്തിനെതിരെ സംസാരിക്കുന്ന സിപിഎമ്മിന്റെ ഭരണമാണ് കേരളത്തിലെ ദേശീയ പാതകൾ സ്വകാര്യവൽക്കരിക്കുന്നത്. സിൽവർലൈൻ പദ്ധതിയുടെ 74 ശതമാനവും സ്വകാര്യവൽക്കരണമാണ്. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, ഗ്യാസ് പൈപ്പ്‌ലൈൻ, ദേശീയപാത എന്നിവയുടെ കരാർ നൽകിയിരിക്കുന്നത് അദാനിക്കാണ്. കടന്നുവരുന്ന കോര്‍പറേറ്റുകളെല്ലാം കേന്ദ്ര സർക്കാരിനും പ്രിയപ്പെട്ടവരാണ്. ഇരുകൂട്ടരും ആദരിക്കുന്നത് ഒരേ കോർപറേറ്റ് മൂർത്തികളെത്തന്നെ. ഇവരൊക്കെ ചേർന്നു തീർത്തിരിക്കുന്ന ഒരു പാലമുണ്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍. അതിന്റെ പ്രകടനമാണ് കേരളത്തിൽ നടക്കുന്ന മാവോയിസ്റ്റ് വേട്ടകൾ, വ്യാജ ഏറ്റുമുട്ടല്‍ കൊലകൾ, യുഎപിഎ ചുമത്തൽ എന്നിവയിൽ പ്രതിഫലിക്കുന്നത്.
യുഎപിഎയുടെ ഭേദഗതിവരുത്തിയ നിയമപ്രകാരം ആദ്യത്തെ അറസ്റ്റ് നടത്തുന്നത് കേരളത്തിലാണ്. യുഎപിഎ ഒഴിവാക്കിക്കൊടുത്ത കോടതിവിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച അനുഭവമുണ്ട്. മുന്നാക്കക്കാർക്കുള്ള പത്തു ശതമാനം സംവരണമാണ് മറ്റൊന്ന്. ഇങ്ങനെ നോക്കിയാൽ പട്ടിക നീളും. അമിത്ഷായുടെ പൊലീസാണ് കേരളം ഭരിക്കുന്നത്. അതിനുവേണ്ടിയാണ് പൊലീസ് നിയമത്തിൽ ഭേഗദതി കൊണ്ടുവരാൻ ശ്രമിച്ചത്. അങ്ങനെ കേന്ദ്രത്തിനു പ്രിയപ്പെട്ട സംസ്ഥാനമായി മാറാൻ ശ്രമിക്കുകയാണ്. അടുത്തകാലത്ത് രാമചന്ദ്രഗുഹ എഴുതിയ ലേഖനത്തിൽ ‘ഒരു കേന്ദ്ര മോദിയും ഏഴു സംസ്ഥാന മോദിമാരും’ എന്ന ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുപോലെയാണ് കാര്യങ്ങൾ.
∙ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ധർമസങ്കടങ്ങൾ
തീവ്ര വലതു പക്ഷത്തിലേക്ക് അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടിയായി കേരളത്തിലെ സിപിഎം മാറുകയാണ്. ഇതിനിടയിൽ ഏറ്റവും സമ്മർദത്തിലായിരിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. രാജ്യത്ത് കേരളത്തിനു പുറത്തു മറ്റുള്ള സംസ്ഥാനങ്ങളിലൊക്കെ അൽപമെങ്കിലും സമരോത്സുകമായ നേതൃത്വമാണ് സിപിഎമ്മിന്റേത്. ജാതി വിരുദ്ധ സമരങ്ങളിലും ജന്മിത്വ വിരുദ്ധ സമരങ്ങളിലും നാം അതു കാണുന്നുണ്ട്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർഷക സമരം സംഘടിപ്പിക്കുന്നതിൽ വളരെ മുന്നോട്ടു പോകാൻ അവർക്കു കഴിഞ്ഞു. ഹിമാചൽ പ്രദേശിലും കശ്മീരിലുമൊക്ക വളരെ വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞു. എന്നാൽ അവിടുത്തെ സഖാക്കൾ നേരിടുന്ന ഒരു ചോദ്യമുണ്ട്. ഇതേ നയങ്ങൾതന്നെയല്ലേ കേരളത്തിലെ നിങ്ങളുടെ സർക്കാർ നടപ്പിലാക്കുന്നത്? ഈ ചോദ്യം പ്രതിരോധത്തിലാക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെ ജനകീയ മുന്നേറ്റങ്ങളെയാണെന്നതു മറക്കരുത്.
ഇന്ത്യയിലെ ബിജെപി ഇതര സർക്കാരുകളിൽ ഒന്നാണ് കേരളത്തിലേത്. ഇതു കേന്ദ്ര നേതൃത്വത്തിനെ സംബന്ധിച്ചിടത്തോളം വലിയ പരിമിതിയാണ്. ഇതു തകരാതെയും ചോരാതെയും സൂക്ഷിക്കുകയെന്നത് കേന്ദ്ര നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തൽക്കാലം നിശബ്ദത പാലിക്കുക മാത്രമാണ് അവർക്കു മുന്നിലുള്ള വഴി. അതു മനസ്സിലാക്കിയാണ് കേരളത്തിലെ നേതൃത്വത്തിന്റെ നീക്കങ്ങൾ. രാജ്യസഭാ തിരഞ്ഞെടുപ്പ് ഒരു ഉദാഹരണം. ദേശീയതലത്തിൽ പ്രവര്‍ത്തിക്കുന്ന പൊളിറ്റ് ബ്യൂറോയിലെയോ കേന്ദ്ര കമ്മിറ്റിയിലെയോ നേതാക്കള്‍ രാജ്യസഭയിൽ വേണമെന്ന് പാർട്ടിക്കു തോന്നേണ്ടതല്ലേ? പ്രകാശ്കാരാട്ടിനെയോ ബൃന്ദ കാരാട്ടിനെയോ വിജു കൃഷ്ണനെയോ പോലെയുള്ള നേതാക്കൾ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിപക്ഷനിരയ്ക്ക് നേതൃത്വം നൽകാനും ഊർജം പകരാനും ഏകോപിപ്പിക്കാനും അവിടെ അനിവാര്യമായി ഉണ്ടാകണമെന്ന് ഈ ഫാഷിസ്റ്റു കാലത്ത് സിപിഎം ആഗ്രഹിക്കേണ്ടതല്ലേ? അതിന് അവസരം ഒരുക്കേണ്ട സംസ്ഥാനമല്ലേ കേരളം? അതിനു പകരം ആരെയൊക്കെയാണ് അവിടേക്കു നിയോഗിച്ചിരിക്കുന്നത്? ബിജെപിയുമായി ഇടനില ചർച്ചയ്ക്ക് സഹായിക്കുന്ന ചിലരൊക്കെ കടന്നു കൂടിയിട്ടില്ലേ? ദേശീയ രാഷ്ട്രീയ താൽപര്യങ്ങളല്ല, കേരളത്തിലെ നേതൃത്വത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കാണ് ഇവിടെ മുൻതൂക്കം.
∙ മറിച്ചൊന്നും പറയാത്തവർക്കു സ്വാഗതം!
ഈ രീതിയിൽ മുന്നോട്ടു പോകുന്ന കേരളത്തിലെ പാർട്ടിയെ തിരുത്തേണ്ടത് ആരാണ്? ഇവിടെത്തന്നെയുള്ള ആയിരക്കണക്കിന് പാർട്ടി അനുഭാവികൾക്കും വിശ്വാസികൾക്കുമാണ് ആ ഉത്തരവാദിത്തം. അവരിലുള്ള വിശ്വാസം കേന്ദ്ര നേതൃത്വം ഒരിക്കലും തള്ളിക്കളയുമെന്നു തോന്നുന്നില്ല. വി.എസ്. അച്യുതാനന്ദന്റെ കാലം വരെ കേരളത്തിലെ പാർട്ടിയുടെ ഇത്തരം ശൈലികൾക്കെതിരായ ഒരു സ്വരം ഇവിടുത്തെ നേതൃത്വത്തിൽ നിന്നുതന്നെ ഉയർന്നിരുന്നു. ആ ഘട്ടത്തിലൊക്കെ അതു കേന്ദ്ര നേതൃത്വം ചർച്ചയും ചെയ്തു. ഇപ്പോൾ അത്തരം എതിർസ്വരം നേതൃനിരയിൽ നിന്നുണ്ടാകുന്നില്ല.
സെക്രട്ടേറിയറ്റിലേക്കു പോലും തിരഞ്ഞെടുത്തിരിക്കുന്നത് എതിർസ്വരം ഉയർത്തുകയില്ലെന്ന് ഉറപ്പുള്ളവരെയാണ്. ഓരോ ജില്ലയിലും പാർട്ടിക്കു വേണ്ടി ദീർഘകാലം പ്രവർത്തിച്ച വലിയൊരു വിഭാഗം നേതാക്കളുണ്ട്. അവരെയൊക്കെ തഴഞ്ഞിട്ടാണ് പുതിയ നേതാക്കളെ ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നത്. 90നു ശേഷമുള്ള ഈ നേതാക്കളെ ഉയർത്തിക്കൊണ്ടു വരുന്നത് അവരുടെ പക്വതയോ പാരമ്പര്യമോ ഒന്നും കണക്കിലെടുത്തിട്ടല്ല, മറിച്ച് സ്തുതിപാഠകരും വിധേയരുമായി പ്രവർത്തിക്കുമെന്ന ഉറപ്പിന്റെ മാത്രം അടിസ്ഥാനത്തിലാണ്.
∙ സാംസ്കാരിക ലോകത്തെ ഭരിക്കുന്നത് നിന്ദയും സ്തുതിയും
ഇപ്പോൾ സ്തുതിയും നിന്ദയുമല്ലാതെ മറ്റൊന്നും നമ്മളെ ഭരിക്കുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ കൊളോണിയൽ ഭരണത്തിലെ കലുഷിതമായ ഘട്ടത്തിൽപോലും നമ്മുടെ ബുദ്ധി ജീവികൾ പുതിയ ഒരു ലോകത്തെക്കുറിച്ചാണു ചിന്തിച്ചത്. അതിനു വേണ്ടി പൊരുതേണ്ടതുണ്ടെന്നാണു കരുതിയിരുന്നത്. കലയും സാഹിത്യവും ജീവിതവുമൊക്കെ അങ്ങനെ പോരാട്ടമായി മാറണമെന്നാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഇതേ കാലത്ത് അവർ പറഞ്ഞിരുന്നത്. പക്ഷേ, പുതിയ നൂറ്റാണ്ടിലെത്തുമ്പോൾ അതിൽനിന്നു മുഴുവൻ പുറകോട്ടു പോയി.
ടി.കെ. രാമകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ ജർമനി സന്ദർശിക്കാൻ ക്ഷണം ലഭിച്ചു. അവിടേക്ക് പ്രഫ. എം.എൻ വിജയനെക്കൂടി കൊണ്ടുപോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ അദ്ദേഹം അതു നിരാകരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒരു നിരാകരണത്തിനുള്ള കരുത്തില്ലായ്മയാണ് നമ്മുടെ സാംസ്കാരിക ലോകത്തെ ദുർബലരാക്കുന്നത്. സാംസ്കാരിക ലോകം ജനങ്ങൾക്കൊപ്പമെന്നു പറയാനുള്ള ധൈര്യം ഇല്ലാതെ പോകുന്നതും അതുകൊണ്ടുതന്നെ.
∙ സാംസ്കാരിക കേരളം ആർക്കൊപ്പം?
ഭരണകൂടവും ജനങ്ങളും തമ്മിലുള്ള പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പമാണ് എല്ലാ കാലവും സാംസ്കാരിക പ്രവർത്തകർ നിന്നിരുന്നത്. ഇപ്പോൾ പറയുന്നത് സാംസ്കാരിക കേരളം മുഖ്യമന്ത്രിക്കൊപ്പമെന്നാണ്. അതിന്റെ അർഥം ഇവിടെ മറ്റു ശബ്ദങ്ങൾക്ക് ഇടം ഇല്ലെന്നാണ്. ഭരണ വർഗത്തിന്റെ അധീശത്വത്തോടൊപ്പം നിൽക്കുന്ന സമീപനമാണിത്. സൗവർണ പ്രതിപക്ഷമാണ് കവികളും എഴുത്തുകാരുമെന്ന് വൈലോപ്പിള്ളിയും മറ്റും പറഞ്ഞിട്ടുണ്ട്. ആ വാദങ്ങളെ പൂർണമായി തകർക്കുകയാണിന്ന്. അങ്ങനെ ഒരു വിമർശനാത്മക പക്ഷമല്ല എഴുത്തുകാരുടേതെന്നും, വേണ്ടതു വിധേയത്വമാണെന്നും സ്ഥാപിക്കുകയാണ്.
ഇവരാണ് അന്റോണിയോ ഗ്രാംഷിയെപ്പറ്റി പറയുന്നത്. ഭരണകൂടം എങ്ങനെയാണു പൊതുബോധവും പൊതുസമ്മതവും രൂപീകരിക്കുന്നത് എന്നതിനെപ്പറ്റിയാണ് ഗ്രാംഷിയെയും നോം ചോംസ്കിയെയും പോലെയുള്ള ചിന്തകർ പറഞ്ഞിട്ടുള്ളത്. അൽപം ചിന്താശേഷിയുള്ള എഴുത്തുകാരും ചിന്തകരുമൊക്കെ പറയുന്നതും അതു തന്നെ. എന്നാൽ ഭരണകൂടത്തെ പുകഴ്ത്തുകയും അതിന്റെ ഭാഗമാവുകയും ചെയ്യുമ്പോൾ അധീശത്വത്തിനു കീഴ്പ്പെടുകയാണ്. ഭരണപക്ഷ അധീശത്വത്തെ എതിർക്കുകയല്ല, പുഷ്ടിപ്പെടുത്തുകയാണു വേണ്ടതെന്ന ചിന്തയിലേക്കാണ് ഇവർ എത്തിപ്പെട്ടിരിക്കുന്നത്. സാംസ്കാരിക കേരളം ഞങ്ങളാണ്, മറ്റുള്ളവരൊക്കെ പുറത്തുള്ളവരാണ് എന്നു പറഞ്ഞുവയ്ക്കുകയാണിവർ.
∙ വിമർശിക്കുന്നവർ പടിക്കു പുറത്ത്
യു.ആർ. അനന്തമൂർത്തി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്: ‘‘നമ്മുടെ നാട്ടിൽ ഒരു പുതിയ മതം വന്നിട്ടുണ്ട്. വികസനം എന്നാണ് അതിന്റെ പേര്. രാഷ്ട്രീയവും മതപരവും സാമുദായികവുമായി വ്യത്യസ്തതയുള്ളവർ പോലും ഇവിടെ ഒന്നാണ്.’’ ജനവിരുദ്ധ കോർപറേറ്റ് വികസനത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആ വികസനത്തിനോട് ഒപ്പം നിൽക്കുന്നവർ മാത്രമല്ല, പുറത്തു നിൽക്കുന്നവരും അകലം പാലിക്കുന്നവരുമുണ്ട്. ഇത് പഴയ ചാതുർവർണ്യം പോലെയാണ്. സാധാരണക്കാരന് എത്രമാത്രം അടുത്തു വരാം എന്ന ചോദ്യം ഉയരുന്നു. അതിൽനിന്നു പുറത്തു നിർത്തപ്പെടുന്നവരുമുണ്ട്. അങ്ങനെ ഒരു അകം പുറം സൃഷ്ടിച്ചിരിക്കുകയാണ് ഈ വികസന മതം.
കോർപറേറ്റ് ഭരണ വർഗ രാഷ്ട്രീയംതന്നെയാണ് ഇന്നത്തെ പുരോഗമനം പറയുന്ന പ്രസ്ഥാനങ്ങളെപ്പോലും, സാംസ്കാരിക കേരളം മുഖ്യമന്ത്രിക്കൊപ്പം എന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. സർഗാത്മകമായി ചിന്തിക്കുന്നവരെയും പ്രതിപക്ഷ സ്വഭാവമുള്ളവരെയും പടിക്കു പുറത്തു നിർത്തുന്ന സമീപനമാണിത്. ഭീകരമായ ഒരവസ്ഥയാണിത്. എഴുത്തുകാരൻ എഴുത്തുകാരനായി മാറുന്നത് അയാൾക്കുള്ളിലെ പൊരുത്തപ്പെടായ്മകളിലൂടെയാണ്. പൊതു വ്യവഹാരങ്ങളിൽ ധാരാളം പൊരുത്തപ്പെടായ്മകളുണ്ട്. ഒരേ സമൂഹത്തിനകത്തു ജീവിക്കുന്നവർ നേരിടുന്ന പലതരം അടിച്ചമർത്തപ്പെടലുകളാണതിൽ പ്രധാനം. സാമ്പത്തികമായ അടിച്ചമർത്തലുകൾ, സാമൂഹിക നീതിക്കായി പൊരുതുന്നവർക്കിടയിലെ വൈരുദ്ധ്യങ്ങൾ, ലിംഗ നീതിയുടെ പ്രശ്നങ്ങൾ, ഇങ്ങനെ പലതരം വിവേചനങ്ങളും വേർതിരിവുകളുമുണ്ട്. ഇതിനകത്തൊക്കെ നിശബ്ദരാക്കപ്പെടുന്ന ജനതയുടെ വികാരങ്ങൾ എഴുത്തിലാണു പ്രതിഫലിക്കുക. ഈ എഴുത്തിന്റെ വൈവിധ്യത്തെ, ബഹുസ്വരതയെ നിരാകരിക്കുന്ന സമീപനമാണ് സാംസ്കാരിക കേരളം മുഖ്യമന്ത്രിക്കൊപ്പമെന്ന മുദ്രാവാക്യത്തിനകത്തുള്ളത്.
∙ ഭാഷയിലെ പുച്ഛവും അസഹിഷ്ണുതയും
അറിയപ്പെടുന്ന എഴുത്തുകാർ പോലും ഭാഷയെ മോശമായി ഉപയോഗിക്കുകയാണ്. പുച്ഛവും അസഹിഷ്ണുതയും നിറഞ്ഞു നിൽക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ. മറ്റെല്ലാറ്റിനോടും പുച്ഛം. ഞാൻ, ഞങ്ങൾ, ഞങ്ങളുടെ കൂട്ടർ അതിനു പുറത്തുള്ളവരെല്ലാം ശത്രു. ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖ’ത്തിനായി വരണമെന്ന ശ്രീനാരായണ സങ്കൽപത്തെ മുഴുവൻ നിരാകരിക്കുന്ന സമീപനമാണിത്. അപരനെ ശത്രുവായി കാണുന്നത് ഫാഷിസത്തിന്റെ സ്വാഭാവമാണ്, രാജ്യവ്യാപകമായി ഹിന്ദുത്വ ഫാഷിസ്റ്റുകൾ ഇതുതന്നെയാണു ചെയ്യുന്നത്. അതിന്റെ പകർപ്പ് ഇവിടെയും കാണാം. എതിർക്കുന്നവരെ അപരരായി മുദ്രയടിക്കുന്നു. ‘ഞാനും ഞങ്ങളും ഞങ്ങളുടെ നേതൃത്വവും വിശുദ്ധരാണ്. പുറത്തുള്ളവരെല്ലാം ശത്രുക്കളും മോശക്കാരുമാണ്.’ അവരോടുള്ള പുച്ഛം, വിവേചനം, അസഹിഷ്ണുത എന്നിവ ഭാഷയിൽ നിറഞ്ഞു നിൽക്കുന്നു. ഇങ്ങനെ ഭാഷയെ ഏറ്റവും പിന്തിരിപ്പനും ഹിംസാത്മകവുമാക്കി തീർത്തിരിക്കുന്നു. അതിൽ ഇവിടുത്തെ ഭരണപക്ഷം സൃഷ്ടിച്ച പൊതുബോധമാണ്, പുരോഗമനമെന്നു വിചാരിക്കുന്ന എഴുത്തുകാരും സാംസ്കാരിക പ്രവർത്തകും പിന്തുടരുന്നത്. നമ്മുടെ പൊതു ജീവിതത്തെ ഏറ്റവും അപകടകരമായി ബാധിച്ച ഒരു പ്രശ്നവുമാണിത്.
ഒറ്റപ്പെട്ട ആളുകളുടെ ശബ്ദം കരുത്താർജിച്ച് ഒന്നിച്ചു ചേർന്നാൽ മാത്രമേ കേരളത്തിനു ഗുണമുണ്ടാവുകയുള്ളൂ. സുകുമാർ അഴീക്കോടും പ്രഫ.എം.എൻ. വിജയനുമൊക്കെ വലിയ സ്വതന്ത്ര ധൈഷണികതയുടെ ഏറ്റവും അവസാനത്തെ കണ്ണികളായി നമുക്കുണ്ടായിരുന്നു. ഇങ്ങനെ പ്രതിക്ഷയുണ്ടായിരുന്ന ആളുകൾ കൂടി പിൻവാങ്ങിയതോടെ സത്യസന്ധമായും ആത്മാർഥമായും ശക്തമായും വിമർശനം ഉന്നയിക്കാൻ കഴിയുന്നവർ കുറഞ്ഞു. സ്വതന്ത്രമായി അഭിപ്രായം പറയുന്നവർ കുറഞ്ഞു. മാത്രമല്ല അതി നഗ്നമായി ഭരണവർഗത്തോട് ഒട്ടിനിൽക്കാനും പദവികൾക്കു പുറകെ പോകാനും ലജ്ജയില്ലാത്ത സ്ഥിതിയിലേക്കു നമ്മുടെ സാംസ്കാരിക രംഗം മാറി. രാഷട്രീയം ജീർണിക്കുമ്പോൾ ജീവിതത്തിന്റെ അടിത്തട്ടുവരെയുള്ള സാംസ്കാരിക ലോകവും ജീർണതയിലെത്തുമെന്നതിന്റെ തെളിവാണിത്.
∙ ചരിത്രം നിർമിക്കുന്നത് വ്യക്തി ഒറ്റയ്ക്കല്ല
ചരിത്രത്തിൽ വ്യക്തിക്കുള്ള സ്ഥാനമെന്തെന്ന റഷ്യൻ ചിന്തകൻ ജോർജി പ്ലഖ്നോവിന്റെ ഒരു ലേഖനമുണ്ട്. പാർട്ടി ക്ലാസുകളിൽ അതു നിരന്തരമായി ചർച്ച ചെയ്തിരുന്നതാണ്. ‘ചരിത്രം നിർമിക്കുന്നത് ഒരു വ്യക്തിയും ഒറ്റയ്ക്കല്ല. പക്ഷേ വ്യക്തികൾക്ക് ഇടമുണ്ട്. ചരിത്രം നിർമിക്കുന്ന ചില വ്യക്തികൾ ഉയർന്നുവരികയും ചെയ്യും’. എന്നാൽ ദൈവങ്ങളായി വ്യക്തികളെ മാറ്റുന്നതിന് എല്ലാ കാലവും കമ്യൂണിസ്റ്റുകൾ എതിരാണ്. ബംഗാളിൽ മൂന്നര പതിറ്റാണ്ട് ഒരേ പാർട്ടി ഭരിച്ചതാണ്. ത്രിപുരയിൽ പോലും തുടർ ഭരണമുണ്ടായിട്ടുണ്ട്. അവിടെ പ്രമുഖ നേതാക്കളായ ദശരഥ ദേബോ നൃപൻ ചക്രവർത്തിയോ കൊണ്ടാടപ്പെട്ടിട്ടില്ല. ജ്യോതിബസു പോലും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമരജീവിതവും കമ്യൂണിസ്റ്റു പാര്‍ട്ടി പടുത്തുയര്‍ത്താന്‍ ചെയ്ത ത്യാഗവും മുന്‍നിര്‍ത്തിയാണ് ആദരിക്കപ്പെടുന്നത്. അല്ലാതെ അധികാരത്തിലിരിക്കെ ആള്‍ദൈവ പദവിയിലെത്തിയിട്ടല്ല. ആരെങ്കിലും സ്തുതിഗീതങ്ങൾ ആലപിച്ചിട്ടുമല്ല.
1977ൽ ജ്യോതിബസു മുഖ്യമന്ത്രിയായിക്കഴിഞ്ഞതിനു ശേഷം ബംഗാളിലെ പാർട്ടിയിലെ അംഗസംഖ്യ ഇരട്ടിയായി ഒരു വർഷംകൊണ്ട് ഉയർന്നു. അപ്പോൾ പഞ്ചാബിലെ ജലന്ധറിൽ ചേർന്ന പാർട്ടി കോൺഗ്രസ് അതു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. രാഷ്ട്രീയമായ വളർച്ചയ്ക്കപ്പുറത്ത് അധികാരത്തിന്റെ തണലിൽ വരുന്ന അധികവളർച്ചയാണ് സംഭവിച്ചതെന്നായിരുന്നു വിലയിരുത്തൽ. അതു പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു. അത്രയും സൂക്ഷ്മത പുലർത്തിയ പാർട്ടിയാണ് സിപിഎം. ഇപ്പോൾ അതു മാറി. ഒരു വ്യക്തി കൊണ്ടാടപ്പെടുന്ന സമീപനമാണു കേരളത്തിലെ പാർട്ടിയിലുള്ളത്.
എകെജിയൊക്കെ ഉയർന്നു വന്നതു പോലെത്തന്നെയാണോ പുതിയ നേതാക്കൾ ഉയർന്നു വരുന്നതെന്ന ചോദ്യം കമ്യൂണിസ്റ്റുകൾ സ്വയം ചോദിക്കണം. ജനങ്ങളുടെ പൊതുവിചാരണ നേരിട്ട് തുറന്ന പുസ്തകങ്ങളായി ജീവിച്ച നേതാക്കന്മാരായിരുന്നു അവരൊക്കെ. അവരൊന്നും പൊതു പ്രവർത്തനവും പാർട്ടിയുംകൊണ്ടു വരുമാനം ഉണ്ടാക്കിയിട്ടില്ല. അവരുടെയൊന്നും മക്കൾ സുരക്ഷിത സ്ഥാനങ്ങളിലെത്താൻ ഈ പദവി ഉപയോഗിച്ചിട്ടുമില്ല. അധികാരത്തിലിരിക്കുന്ന നേതാക്കളുടെ മക്കളെ സ്വാധീനിക്കുന്നത് അധികാരത്തെ സ്വാധീനിക്കുന്നതിനുതന്നെയാണെന്ന് മനസ്സിലാക്കിയിരുന്നതുകൊണ്ടാണ് അവരൊന്നും അതിനു തയാറാകാത്തത്.
പുതിയ കാലത്തെ നേതാക്കൾ സ്വജന പക്ഷപാതത്തിനു വിധേയരായിത്തീരുന്നു. അഴിമതിയും അക്രമവുമൊക്കെ നടത്തുന്നവർക്ക്, ഞങ്ങളുടെ കൂടെ ഇവരുമുണ്ടെന്നു പരസ്യമായി പറയാൻ കഴിയുന്നത് അതുകൊണ്ടാണ്. കള്ളക്കടത്തുകേസിലെ ഒരു പ്രതി ‘ഞങ്ങളുടെ കൂട്ടുപ്രതി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമാണെ’ന്നു പറഞ്ഞതിനു കേരളം സാക്ഷിയാകേണ്ടിവന്നു. ജനങ്ങൾ നോക്കുമ്പോൾ ഇതേ കേസിലെ മറ്റൊരു പ്രതി മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉയർന്ന ഉദ്യോഗത്തിൽ ജോലി ചെയ്യുകയാണ്. ഇത്തരം ഒരവസ്ഥയെ കേരളത്തിന് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല.
English Summary: 'The Insider' Interview with Writer, Activist, Critique Dr. Azad