‘ജപ്പാൻ ഈസ് ബാക്ക്’; ചൈനയ്ക്കെതിരെ യുഎസ്- ഇന്ത്യ ചേരി: അതികായൻ അബെയെ ‘വീഴ്ത്തിയതാര്’?
യുഎസിലേതു പോലെ കുട്ടികൾ കയ്യിൽ തോക്കുമായി പിറന്നുവീഴുന്ന ഇടമേയല്ല ജപ്പാൻ. മുറിവുകൾ ഉണ്ടാക്കുന്നതിലല്ല, ഉള്ള മുറിവുകൾ തുന്നിക്കെട്ടുന്നതാണ് ആ രാജ്യത്തിന്റെ പതിവ്. പൊട്ടിപ്പോകുന്ന ഒരു പാത്രം പോലും സ്വർണത്തരി ചേർത്ത പശ കൊണ്ട് shinzo abe, abe shinzo, japan latest news,
യുഎസിലേതു പോലെ കുട്ടികൾ കയ്യിൽ തോക്കുമായി പിറന്നുവീഴുന്ന ഇടമേയല്ല ജപ്പാൻ. മുറിവുകൾ ഉണ്ടാക്കുന്നതിലല്ല, ഉള്ള മുറിവുകൾ തുന്നിക്കെട്ടുന്നതാണ് ആ രാജ്യത്തിന്റെ പതിവ്. പൊട്ടിപ്പോകുന്ന ഒരു പാത്രം പോലും സ്വർണത്തരി ചേർത്ത പശ കൊണ്ട് shinzo abe, abe shinzo, japan latest news,
യുഎസിലേതു പോലെ കുട്ടികൾ കയ്യിൽ തോക്കുമായി പിറന്നുവീഴുന്ന ഇടമേയല്ല ജപ്പാൻ. മുറിവുകൾ ഉണ്ടാക്കുന്നതിലല്ല, ഉള്ള മുറിവുകൾ തുന്നിക്കെട്ടുന്നതാണ് ആ രാജ്യത്തിന്റെ പതിവ്. പൊട്ടിപ്പോകുന്ന ഒരു പാത്രം പോലും സ്വർണത്തരി ചേർത്ത പശ കൊണ്ട് shinzo abe, abe shinzo, japan latest news,
‘അക്രമം എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ല. എല്ലാ മുറിവുകളും ചോര ചീറ്റണമെന്നില്ല’ പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനും ഒരുനാൾ നൊബേൽ പുരസ്കാരം ഉറപ്പായും സ്വന്തമാക്കുമെന്ന് ലോകമെങ്ങുമുള്ള ആരാധകർ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്ന ഹാരുകി മുറാക്കാമി ‘1Q84’ എന്ന പുസ്തകത്തിൽ ഒരിടത്ത് എഴുതിയ വരികളാണ് ഇത്. എന്നാൽ ജപ്പാനിലെ നരാ നഗരത്തിൽ തെരുവോര യോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ വെടിയേറ്റു വീണ ഷിൻസോ അബെയുടേതു പോലെ ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞ പട്ടാപ്പകൽ കൊലപാതകം ചരിത്രത്തിൽ കുറവായിരിക്കും.
അക്രമി അബെയുടെ പ്രസംഗം കേട്ടുനിൽക്കുന്നതും പിന്നിൽ നിന്നു വെടിയുതിർക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. അബെ ധരിച്ചിരുന്ന നീല സ്യൂട്ടിനകത്തെ വെളുത്ത ഷർട്ടിൽ കുതിർന്ന ചോര ജപ്പാന്റെ മനസ്സിനെ നാളുകളോളം അസ്വസ്ഥമാക്കാൻ പോന്നതാണ്. കാരണം തെറ്റ്‌സുയ യമഗാമിയെന്ന അക്രമി തിരഞ്ഞെടുത്ത തോക്കിന്റെ വഴി ജപ്പാന് അത്ര പരിചിതമല്ല. 1958ലെ നിയമമനുസരിച്ച് അവിടെ തോക്ക് കൈവശം വയ്ക്കാൻ പാടുള്ളതല്ല.
ജപ്പാനിൽ ഒരാൾക്കു തോക്ക് സ്വന്തമായി കൈവശം വയ്ക്കണമെങ്കിൽ അതിന് കുറഞ്ഞത് 13 ഘട്ടങ്ങളെങ്കിലും പിന്നിടണം. ഷൂട്ടിങ് ക്ലബിൽ അംഗമായി ചേരുന്നതു മുതൽ എഴുത്തു പരീക്ഷയും കുടുംബാംഗങ്ങളുമായുള്ള അഭിമുഖവും മാനസികനില പരിശോധിക്കലും വ്യക്തിചരിത്രം പരിശോധിക്കലും എല്ലാം അടങ്ങുന്ന വിശദമായ പ്രക്രിയയാണ് അത്. അധികമാരും അതിനു മെനക്കെടില്ലെന്ന് ഉറപ്പ്. മുൻ നാവിക സേനാംഗമായിരുന്നിട്ടും യമഗാമി, അബെയെ വെടിവയ്ക്കാനുപയോഗിച്ച തോക്ക് സ്വയം നിർമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ആക്രമിക്കുന്ന പതിവ് ജപ്പാനിൽ കേട്ടുകേൾവി പോലുമില്ലാത്തതിനാൽ അബെയ്ക്കു സുരക്ഷയൊരുക്കുന്നതിൽ അലംഭാവം ഉണ്ടായിക്കാണാമെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. പല നിരയായി ചുറ്റിനും ഒരുക്കുന്ന സുരക്ഷാ ക്രമീകരണം ഇല്ലായിരുന്നെന്നാണ് പുറകിൽ നിന്നുള്ള വെടിവയ്പിൽ നിന്നു മനസ്സിലാകുന്നതെന്നും അവർ നിരീക്ഷിക്കുന്നു.
ഏബ്രഹാം ലിങ്കന്റെയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും പ്രസിഡന്റ് കെന്നഡിയുടെയും ജീവൻ പൊലിയുന്നതു കണ്ട യുഎസിനെയും ഗാന്ധിജിയുടെയും ഇന്ദിരാഗാന്ധിയുടെയും നടുക്കുന്ന അന്ത്യം കണ്ട ഇന്ത്യയെയും ലിയാക്കത്ത് അലി ഖാനും ബേനസീറും അടക്കമുള്ളവരുടെ ചോരവീണ പാക്കിസ്ഥാനെയും പോലെ ജപ്പാന്റെ രാഷ്ട്രീയചരിത്രത്തിലും തോക്ക് ഇടപെട്ടിരിക്കുന്നു. അക്രമത്തിനു വളവും വെള്ളവും നൽകാത്ത, അത് അംഗീകരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാത്ത സമൂഹമായതു കൊണ്ടുതന്നെ യമഗാമി ഉതിർത്ത 2 വെടിയുണ്ടകൾ ആ നാടിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമാണ്.
∙ മുറിവുണക്കുന്ന കല..
യുഎസിലേതു പോലെ കുട്ടികൾ കയ്യിൽ തോക്കുമായി പിറന്നുവീഴുന്ന ഇടമേയല്ല ജപ്പാൻ. മുറിവുകൾ ഉണ്ടാക്കുന്നതിലല്ല, ഉള്ള മുറിവുകൾ തുന്നിക്കെട്ടുന്നതാണ് ആ രാജ്യത്തിന്റെ പതിവ്. പൊട്ടിപ്പോകുന്ന ഒരു പാത്രം പോലും സ്വർണത്തരി ചേർത്ത പശ കൊണ്ട് ചേർത്തൊട്ടിക്കുന്നവരാണ് ജപ്പാൻകാർ.
സെൻ ബുദ്ധിസത്തിന്റെ അഗാധമായ ധാര ഇടമുറിയാതെ തുടരുന്ന ജപ്പാനിൽ തോക്കുസംസ്കാരത്തിന് അത്ര വേരോട്ടമില്ല. ഏറ്റവും സമാധാനപൂർണമായ രാജ്യങ്ങളിലൊന്നാണ് അത്. എന്നാൽ അതിവൈകാരികതയുടെ മറ്റൊരു തലവുമുണ്ട്. ആത്മഹത്യകളുടെ എണ്ണത്തിൽ ജപ്പാൻ പിന്നിലല്ല. അത്തരമൊരു വൈകാരികതയുടെ പ്രഖ്യാപനം മാത്രമായിരുന്നോ യമഗാമിയുടെ ചെയ്തി? അതോ എന്തെങ്കിലും ഗൂഢാലോചന ഇതിനു പിന്നിലുണ്ടോ? വരുംദിനങ്ങൾക്കേ അതിന് ഉത്തരം നൽകാനാകൂ.
∙ അബെയെന്ന അതികായൻ..
ആധുനിക ജപ്പാന്റെ ചരിത്രത്തിൽ ഇത്രകാലം അതിശക്തമായ സ്വാധീനം ചെലുത്തിയ മറ്റൊരു നേതാവില്ല. ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രി പദവി വഹിച്ചത് അദ്ദേഹമാണ്. അപ്രതീക്ഷിതത്വം മരണത്തിലെന്ന പോലെ അബെയുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ഇടപെട്ടിരുന്നു. വലിയ രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിലാണ് അബെ ജനിച്ചത്. മുത്തച്ഛനും അമ്മാവനും പ്രധാനമന്ത്രി പദവി വഹിച്ചവരാണ്. അച്ഛനാകട്ടെ വിദേശകാര്യ മന്ത്രിയും. ഉരുക്കുനിർമാണ ശാലയിൽ പ്രവർത്തിക്കുന്നതിനിടെയാണ് അബെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. അധികാരത്തിന്റെ പടവുകൾ ഒന്നായി കയറിയ അബെ ഒരുനാൾ പ്രധാനമന്ത്രിയാകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. 2006ൽ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ അതിദീർഘമായ ഒരു ഭാവിയുണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ തൊട്ടടുത്ത വർഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൂലം അദ്ദേഹം അധികാരമൊഴിഞ്ഞപ്പോൾ അബെ അസ്തമിച്ചെന്നുതന്നെ സുഹൃത്തുക്കളും എതിരാളികളും കരുതി.
അഴിമതി വിവാദങ്ങളും തിരഞ്ഞെടുപ്പു പരാജയങ്ങളും ആ തീരുമാനത്തെ ബലപ്പെടുത്തിയിരുന്നിരിക്കണം. ജീവിതം തന്നെ ചോദ്യചിഹ്നമായിരുന്നിടത്തു നിന്ന് ഒരു വിസ്മയം പോലെ വർഷങ്ങൾക്കു ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചുവന്നു. 2012ൽ അധികാരമേറ്റ ശേഷം മൂന്നുവട്ടം ആ സ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അജയ്യനായി തുടരുമ്പോൾ രോഗം ഒരിക്കൽക്കൂടി പിടിമുറുക്കി. 2020ൽ അദ്ദേഹം വീണ്ടും പടിയിറങ്ങി. ഫുമിയോ കിഷിദയാണ് ഇപ്പോൾ പ്രധാനമന്ത്രിയെങ്കിലും കടിഞ്ഞാൺ അബെയുടെ കയ്യിലായിരുന്നു.
∙ വെറുത്തും പുണർന്നും…
സ്നേഹദ്വേഷങ്ങളോടെ ജപ്പാൻ ചേർത്തുപിടിച്ച നേതാവാണ് ഷിൻസോ അബെ (അബെ ഷിൻസോ എന്നു കേൾക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം). സ്നേഹത്തെപ്പോലെ വെറുപ്പും സമ്പാദിച്ച ഭരണാധികാരി. ഛിന്നഭിന്നമായ പ്രതിപക്ഷം അദ്ദേഹത്തിനു പലപ്പോഴും കാര്യങ്ങൾ അനായാസമാക്കി. ഉന്നത ഉദ്യോഗങ്ങളിൽ ഇഷ്ടക്കാരെ നിയമിച്ചും മാധ്യമങ്ങളെ കർശനമായി കൈകാര്യം ചെയ്തും മുന്നേറിയ അബെയ്ക്ക് ഒരുകാര്യത്തിൽ മാത്രം കാര്യമായി ഒന്നും ചെയ്യാനായില്ല. ഭരണഘടന തിരുത്തിയെഴുതുകയെന്ന ലക്ഷ്യം സഫലമാകാതെയാണ് അദ്ദേഹം മടങ്ങുന്നത്.
യുദ്ധത്തെ തള്ളിപ്പറയുന്ന ആർട്ടിക്കിൾ ഒൻപതായിരുന്നു അദ്ദേഹത്തിന്റെ കണ്ണിലെ പ്രധാന കരട്. യുഎസ് ജനറൽമാർ രണ്ടാം ലോക യുദ്ധാനന്തരം തോക്കു ചൂണ്ടി എഴുതിപ്പിച്ചതെന്നു വിമർശിക്കപ്പെട്ടിട്ടുള്ള ജപ്പാന്റെ ഭരണഘടന പൂർണമായിത്തന്നെ തിരുത്താൻ അവസരം കിട്ടുമായിരുന്നെങ്കിൽ അബെ നിശ്ചയമായും അതു ചെയ്യുമായിരുന്നു. എന്നാൽ സമാധാനകാംക്ഷികളായ ജാപ്പനീസ് സമൂഹം ആർട്ടിക്കിൾ 9 വിട്ടുകളിക്കുന്നതിനോടു വിയോജിച്ചു. അബെയെന്ന പുലി പലപ്പോഴും പതുങ്ങിയതു കുതിക്കാനായിരുന്നു. വോട്ടു ചെയ്യാനുള്ള പ്രായം താഴ്ത്തിയും പ്രചാരവേലകൾ നടത്തിയും ഇതിനോടുള്ള സാമൂഹിക മനോഭാവത്തെ മാറ്റാൻ അദ്ദേഹം ശ്രമിച്ചു.
∙ ഭൗമരാഷ്ട്രീയത്തിലെ പയറ്റുകാരൻ..
‘അബെനോമിക്സ്’ എന്നറിയപ്പെട്ട സാമ്പത്തിക പരിഷ്കാരങ്ങൾക്കും സൈനികശാക്തീകരണ നടപടികൾക്കും ആരാധകർ മാത്രമല്ല ഉണ്ടായിരുന്നത്. ഏഷ്യ–പസഫിക്കിലെ ഭൗമരാഷ്ട്രീയത്തിന്റെ സാധ്യതകളെയും പരിമിതികളെയും കൃത്യമായി കണ്ടറിഞ്ഞ് സൗഹൃദങ്ങളും സഖ്യങ്ങളും കരുപ്പിടിപ്പിച്ചു. യുഎസുമായുള്ള ബന്ധത്തിന് വലിയ ഉലച്ചിലുണ്ടാകാതെ തന്നെ തനതായ വിദേശനയം രൂപീകരിക്കാനുള്ള നട്ടെല്ല് അദ്ദേഹം കാണിച്ചു. അതിതീവ്ര ദേശീയവാദിയെന്ന വിമർശനത്തെ അബെ കാര്യമാക്കിയില്ല. യുഎസ് പക്ഷപാതികളെ പലപ്പോഴും ഇതു ചൊടിപ്പിച്ചു. അധികാരത്തിലിരുന്നപ്പോൾ ചൈനയുമായി നയതന്ത്ര സൗഹൃദം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പൊതുവേ ചൈനയോടു വലിയ താൽപര്യമുള്ള ആളായല്ല അദ്ദേഹത്തെ കണ്ടിരുന്നത്. അവരെ അകമഴിഞ്ഞ് ഒരിക്കലും വിശ്വസിച്ചില്ല. ചൈനയുടെ അധീശത്വത്തെ ചെറുക്കാൻ യുഎസ്–ജപ്പാൻ–ഇന്ത്യ–ഓസ്ട്രേലിയ കൂട്ടായ്മയ്ക്കു പിന്നിലെ ആശയം അബെയുടേതായിരുന്നു. അതാണ് ക്വാഡ് സഖ്യമായത്.
അടുത്തകാലത്തായി ബീജിങ്ങിന്റെ കടുത്ത വിമർശകനായി അദ്ദേഹം മാറിയിരുന്നു. ചൈനയോടുള്ള എതിർപ്പ് കൂടുതൽ ശക്തമായി പ്രകടിപ്പിക്കാൻ തുടങ്ങിയ ശേഷമുള്ള ഈ മരണത്തിനു പിന്നിൽ ചിലരെങ്കിലും ദുരൂഹത സംശയിച്ചേക്കാം. കൊന്നതു യമഗാമിയെങ്കിലും കൊല്ലിച്ചത് ആരെന്ന ചോദ്യത്തിന് പെട്ടെന്ന് ഒരു ഉത്തരം ഉണ്ടാകാൻ ഇടയില്ല. ജപ്പാനിലെ കുറഞ്ഞത് രണ്ടു ചേരികളെയെങ്കിലും അബെ പ്രകോപിപ്പിച്ചിരുന്നു. ഒന്നു യുഎസിനോടു ചാഞ്ഞുനിൽക്കുന്നവർ, രണ്ട്, വിധേയത്വത്തിന്റെ ചീനാവലയിൽ കുടുങ്ങിയവർ.
∙ ‘ജപ്പാൻ ഈസ് ബാക്ക്’
സൈന്യത്തെ ശക്തിപ്പെടുത്താനുള്ള അബെയുടെ നീക്കത്തെയും പാരമ്പര്യവാദികൾ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഇതിനായി വൻ തുക ചെലവഴിക്കുന്നത് അവരെ പ്രകോപിപ്പിച്ചു. എന്നാൽ ചൈനയടക്കമുള്ള അയൽക്കാരെ കണ്ണടച്ചു വിശ്വസിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ‘ജപ്പാൻ ഈസ് ബാക്ക്’ എന്ന അബെയുടെ മുദ്രാവാക്യത്തിൽ സാമ്പത്തികലക്ഷ്യങ്ങൾ മാത്രമായിരുന്നില്ല, സൈനികശക്തിയും അതിൽ പ്രധാനമായിരുന്നു. ആണവോർജത്തിന്റെ കാര്യത്തിലും അദ്ദേഹം വഴിമാറി നടന്നു.
ഹിരോഷിമയുടെയും നാഗസാക്കിയുടെയും മാത്രമല്ല 2011ലെ ഫുക്കുഷിമ ദുരന്തത്തിന്റെയും ദുരന്തസ്മൃതികൾ കൊണ്ടുനടക്കുന്ന ജാപ്പനീസ് സമൂഹത്തിൽ ഈ വഴിമാറി നടത്തം വലിയ എതിർപ്പുകൾ സൃഷ്ടിച്ചു.
ഷിൻസോ അബെയുടെ അധികാരത്തിലേക്കുള്ള രണ്ടാംവരവ് ജപ്പാനെ സംബന്ധിച്ചിടത്തോളം വിധിനിർണായകമായ മുഹൂർത്തത്തിലായിരുന്നു. ഒരുകാലത്ത് വളർച്ചയുടെ വേഗം കൊണ്ടും വ്യാപ്തികൊണ്ടും ലോകത്തെ സ്തബ്ധരാക്കിയ ജാപ്പനീസ് സമ്പദ് വ്യവസ്ഥ അപ്പോഴേക്കും ആമയെപ്പോലെ ഇഴയാൻ തുടങ്ങിയിട്ടു രണ്ടു പതിറ്റാണ്ട് പിന്നിട്ടിരുന്നു.
ജാപ്പനീസ് യെന്നിന്റെ മൂല്യത്തകർച്ച വലിയ പ്രതിസന്ധിയായിരുന്നു. പണലഭ്യത കൂട്ടിയും സർക്കാരിന്റെ ധനവിനിയോഗം വർധിപ്പിച്ചുമെല്ലാം അബെ, ആമയെ ചീറ്റയാക്കാൻ ശ്രമിച്ചു. നവ ഉദാരവൽക്കരണത്തിന്റെ വഴിയേ സഞ്ചരിക്കാൻ തുടങ്ങിയ രാജ്യം സാമ്പത്തികമായ ഉടച്ചുവാർക്കലിനു തന്നെ വിധേയമായി. ലക്ഷ്യങ്ങൾ പൂർണമായും എത്തിപ്പിടിക്കാൻ ആയില്ലെങ്കിലും ‘അബെനോമിക്സ്’ ഒരു യന്ത്രം പോലെ പ്രവർത്തിച്ചു, എണ്ണയിടാത്തതിനാൽ അതു പലപ്പോഴും ഞരങ്ങുകയും മൂളുകയും ചെയ്തിരുന്നെങ്കിലും. കടം പിടിച്ചാൽ കിട്ടാത്ത വിധം കുതിക്കുന്നതിനും ജപ്പാൻ സാക്ഷിയായി.
∙ ഗംഗയിൽ ആരതി, ബുള്ളറ്റ് ട്രെയിനിൽ യാത്ര..
ഒരുകാലത്ത് ഇന്ത്യയോടു മുഖംതിരിച്ചുനിൽക്കുകയും സോവിയറ്റ് യൂണിയനുമായി ഇന്ത്യ പുലർത്തിയിരുന്ന സൗഹൃദത്തെ വിമർശിക്കുകയും ചെയ്തിരുന്ന ജപ്പാൻ, ഇന്ത്യ സിടിബിടി (ആണവനിർവ്യാപന കരാർ)യിൽ ഒപ്പിടാത്തതിൽ അടക്കം രോഷാകുലരായിരുന്നു. എന്നാൽ അബെയുടെ കാലം അതെല്ലാം തിരുത്തിയെഴുതി. ഇന്ത്യയിലെ യുപിഎ ഭരണകാലത്ത് മുളച്ച്, മോദിഭരണകാലത്ത് പൂത്തുതളിർത്തു, ഇന്ത്യ–ജപ്പാൻ സൗഹൃദം. ഗംഗയിൽ ആരതിയനുഷ്ഠിച്ചതും ബുള്ളറ്റ് ട്രെയിനിൽ പ്രധാനമന്ത്രി മോദിക്കൊപ്പം യാത്ര ചെയ്തതും ക്യാമറകൾക്കു വേണ്ടി മാത്രമായിരുന്നില്ല.
മറ്റൊരിക്കൽ അദ്ദേഹം മോദിക്കു വിരുന്നൊരുക്കിയത് തന്റെ പുരാതനമായ തറവാട്ടു വീട്ടിലാണ്. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടിവരയിടൽ തന്നെയായിരുന്നു. ചൈന ഇന്ത്യയോട് ഇടയുകയും അതിർത്തിയിൽ അശാന്തി സൃഷ്ടിക്കുകയും ചെയ്തപ്പോഴൊക്കെ ജപ്പാൻ ഇന്ത്യയുടെ കൂടെ നിന്നെങ്കിൽ അതിൽ അബെയുടെ പങ്ക് വലുതാണ്. ഇന്തോ–പസഫിക്കിലെ മാറുന്ന ഭൗമരാഷ്ട്രീയത്തെ ഇതുപോലെ മനസ്സിലാക്കിയ മറ്റൊരു നേതാവിനെ ഏഷ്യ കണ്ടിട്ടില്ല.
2014ലെ തിരഞ്ഞെടുപ്പു കാലത്ത് അബെയും പാർട്ടിയും ഉയർത്തിയ മുദ്രാവാക്യം ‘മറ്റൊരു വഴിയില്ല’ എന്നതായിരുന്നു. അബെ കാട്ടിയ വഴി കൊട്ടിയടയ്ക്കാൻ തെറ്റ്‌സുയ യമഗാമിയുടെ തോക്കിൽ നിന്ന് ഉതിർന്ന വെടിയുണ്ടകൾക്കാകുമോ? അധികാരത്തിന്റെ കാണാച്ചരടുകൾ തിരശ്ശീലയ്ക്കു പിന്നിൽ നിന്നു നിയന്ത്രിച്ചിരുന്ന അതികായൻ വിടവാങ്ങുമ്പോൾ, ജപ്പാൻ അദ്ദേഹത്തിന്റെ നയങ്ങളിൽ നിന്നും വിടവാങ്ങുമോ?
English Summary: Shinzo Abe, a skillful statesman, showed the world 'Japan is back'