തൊഴിൽ ഘടന പൊളിച്ചെഴുതുന്ന ഗിഗ് ഇക്കോണമി; സാധ്യതകളോ അനന്തം!
ഒരു മുതലാളിയുടെ നിയന്ത്രണത്തിൽ തൊഴിലാളികൾ ജോലിചെയ്യുന്ന പരമ്പരാഗത രീതിയിൽനിന്നു ചുവടുമാറി ഈ രണ്ടു വിഭാഗങ്ങളും ഒരിക്കലും കണ്ടുമുട്ടാത്ത Gig Economy, Gig Economy Prospects in India, Gig Economy Crisis, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ഒരു മുതലാളിയുടെ നിയന്ത്രണത്തിൽ തൊഴിലാളികൾ ജോലിചെയ്യുന്ന പരമ്പരാഗത രീതിയിൽനിന്നു ചുവടുമാറി ഈ രണ്ടു വിഭാഗങ്ങളും ഒരിക്കലും കണ്ടുമുട്ടാത്ത Gig Economy, Gig Economy Prospects in India, Gig Economy Crisis, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ഒരു മുതലാളിയുടെ നിയന്ത്രണത്തിൽ തൊഴിലാളികൾ ജോലിചെയ്യുന്ന പരമ്പരാഗത രീതിയിൽനിന്നു ചുവടുമാറി ഈ രണ്ടു വിഭാഗങ്ങളും ഒരിക്കലും കണ്ടുമുട്ടാത്ത Gig Economy, Gig Economy Prospects in India, Gig Economy Crisis, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
മലപ്പുറം∙ സാങ്കേതിക വിദ്യകളുടെ ദ്രുതഗതിയിലുള്ള വ്യാപനത്തോടെ ഉയർന്നുവന്ന പുതിയ തൊഴിൽ മേഖലയെയാണ് ഗിഗ് സമ്പദ് വ്യവസ്ഥ (Gig Economy). ലോകത്ത് നിലനിൽക്കുന്ന തൊഴിൽ ഘടനയിലും സേവന-വേതന വ്യവസ്ഥകളിവും വരും വർഷങ്ങളിൽ സമൂലമാറ്റം വരുത്താൻ തന്നെ പ്രാപ്തിയുള്ളതാണ് ഗിഗ് സമ്പദ്‌വ്യവസ്ഥ എന്നു പൊതുവേ കരുതപ്പെടുന്നു. ഒരു മുതലാളിയുടെ നിയന്ത്രണത്തിൽ തൊഴിലാളികൾ ജോലിചെയ്യുന്ന പരമ്പരാഗത രീതിയിൽനിന്നു ചുവടുമാറി ഈ രണ്ടു വിഭാഗങ്ങളും ഒരിക്കലും കണ്ടുമുട്ടാത്ത അദൃശ്യ മാർഗത്തിലൂടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നതാണ് ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന പ്രത്യേകത. സാധാരണയായി തൊഴിലാളി ബന്ധത്തിൽ നിലനില്ക്കുന്ന ഊഷ്മളതയോ, സഹോദര്യമോ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി പോലും ഇത്തരം സമ്പ്രദായത്തിൽ നിലവിലില്ല എന്നതും ശ്രദ്ധേയമാണ്.
∙ ആരാണ് ഗിഗ് തൊഴിലാളി
ഹ്രസ്വകാല കരാറുകളുടെ അടിസ്ഥാനത്തിൽ തൊഴിൽ ലഭ്യമാകുന്ന പുതുതലമുറ തൊഴിൽ വിപണിയെ ‘ഗിഗ് ഇക്കോണമി’ എന്ന് ചുരുക്കിപ്പറയാം. ഗിഗ് വിഭാഗത്തിൽപ്പെട്ട തൊഴിലാളികളെ പൊതുവെ രണ്ടായി തരം തിരിക്കാം. സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിച്ച് ജോലി ചെയ്യുന്ന വിദഗ്‌ധ തൊഴിലാളികളും (skilled workers) സാങ്കേതികവിദ്യയിൽ പരിജ്ഞാനമില്ലാതെ അവിദഗ്ധ തൊഴിലാളികളും (unskilled workers). പരമ്പരാഗത തൊഴിലിടങ്ങൾ കായികാധ്വാനത്തിന് പ്രാമുഖ്യം നൽകിയപ്പോൾ ആധുനിക കാലത്ത് തൊഴിൽ കമ്പോളത്തിൽ നിന്ന് ഏറ്റവുമധികം ആവശ്യം ഉയരുന്നത് നൈപുണികൾക്കാണ് (skills).
ഒരു ഗിഗ് തൊഴിലാളി (Gig Worker) തങ്ങളുടെ കഴിവും സമയവും ഒരു പ്ലാറ്റ്‌ഫോം വിപണി വഴി വിൽക്കുന്നതിലൂടെ ഗിഗ് സമ്പദ് വ്യവസ്ഥയുടെ ഭാഗമാകുന്നു. ഗിഗ് പ്ലാറ്റ്‌ഫോം സമ്പദ് വ്യവസ്ഥ താരതമ്യേന പുതിയതും ഉയർന്നു വരുന്നതുമായ അനന്തമായ സാധ്യതകളുള്ള മേഖലയാണ്. ഇവിടെ സേവനദാതാക്കളായും ഉപഭോക്താക്കളുമായും തമ്മിൽ ബന്ധിപ്പിക്കുകയും നെടുംതൂണായി പ്രവർത്തിക്കുന്നതും വിവര സാങ്കേതിക വിദ്യ-ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന അച്ചുതണ്ടാണ്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, കച്ചവടം, മാധ്യമങ്ങൾ, വിവിധതരത്തിലുള്ള സാമ്പത്തിക വിനിമയങ്ങൾ എല്ലാം ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി കൂടി ചേർന്ന് പ്രവർത്തിക്കുന്നതിനെയാണ് പ്ലാറ്റ്‌ഫോം സമ്പദ് വ്യവസ്ഥ എന്ന് വിളിക്കുന്നത്.
ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തി സമ്പദ് വ്യവസ്ഥയിലെ വിവിധ സാമ്പത്തിക പ്രവർത്തനങ്ങളെ ഏകോപിച്ചു കൊണ്ട് സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കാൻ തക്ക രീതിയിലേക്ക് മാറാൻ ഇപ്പോൾ തന്നെ പ്ലാറ്റ്‌ഫോം സമ്പദ് വ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാലഘട്ടങ്ങളിലും ലോക്ക് ഡൗൺ സമയത്തും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പ്ലാറ്റ്‌ഫോം അധിഷ്ഠിത ഇ-കൊമേഴ്സിനെ ആശ്രയിക്കുകയുണ്ടായി. മഹാമാരി ഒഴിഞ്ഞു നിൽക്കുന്ന കാലഘട്ടത്തിലും ഈ പ്രവണതയ്ക്ക് മാറ്റാം വരാൻ സാധ്യതയില്ല.
∙ ഗിഗ് വ്യവസ്ഥയിൽ തൊഴിൽ ചൂഷണം കൂടുമോ
നൂതന പ്രവണതകളും സേവന വ്യവസ്ഥകളും പുതിയ സാങ്കേതിക വിദ്യയിലേക്കു സന്നിവേശിപ്പിച്ചു കൊണ്ട് ബിസിനസ് വ്യാപിപ്പിക്കുക എന്ന കച്ചവടതന്ത്രമാണ് ഗിഗ് സമ്പദ് വ്യവസ്ഥ വിഭാവനം ചെയ്യുന്നത്. ഇന്റർനെറ്റിന്റെ ലഭ്യത, സ്മാർട്ട് ഫോണുകളുടെ വർധിച്ചു വരുന്ന ഉപയോഗം, ഡിജിറ്റൽ പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ചുള്ള തൊഴിലവസരങ്ങൾ എന്നിവയിലൂടെ ഇന്ത്യയിൽ ഗ്രാമ-നഗര ഭേദമേന്യ ഈ രംഗത്ത് എപ്പോൾ തന്നെ വളരെയധികം മാറ്റങ്ങൾ ദൃശ്യമാണ്.
ഗതാഗതം, റീട്ടെയിൽ, ഭക്ഷണ വിതരണം, ഹോം കെയർ തുടങ്ങി വൈവിധ്യമായ മേഖലകളിൽ ഗിഗ് സമ്പദ് വ്യവസ്ഥ നിലയുറപ്പിച്ചു കഴിഞ്ഞു. വരും വർഷങ്ങളിൽ ഇതിന്റെ പ്രവർത്തനമേഖല കൂടുതൽ രംഗത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾ. മത്സാരാധിഷ്ഠിതമായ ഇന്നത്തെ ലോകത്ത് ബഹുരാഷ്ട്ര കമ്പനികളുടെ പാത പിന്തുടർന്ന് പ്രാദേശിക കച്ചവടക്കാരും ഈ രീതിയിൽ സേവനം നൽകാൻ തയാറാകുന്നു എന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തിൽ വ്യത്യസ്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങൾ നൽകുന്നതോടൊപ്പം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുകയാണ് യഥാർത്ഥത്തിൽ ഗിഗ് സമ്പദ് വ്യവസ്ഥ ചെയ്യുന്നത്. ഔപചാരിക മേഖലയിലെപ്പോലെ തൊഴിൽ സുരക്ഷിതത്വമോ, സേവന-വേതന വ്യവസ്ഥകളോ ബാധകമല്ലാത്ത ഇത്തരം തൊഴിലിടങ്ങൾ ചൂഷണത്തിന്റെ കേന്ദ്രങ്ങൾ ആയിരിക്കുമെന്ന് വ്യത്യസ്തകോണുകളിൽ നിന്ന് ഇപ്പോൾ തന്നെ ആക്ഷേപം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
∙ നാളെയുടെ സമ്പദ് വ്യവസ്ഥ
സാങ്കേതിക വിദ്യ ഒട്ടും ആവശ്യമില്ലാത്തതോ അല്ലെങ്കിൽ പരിമിതമായ സാങ്കേതിക ജ്ഞാനം ആവശ്യമുള്ളതോ ആയ പരമ്പരാഗത തൊഴിലുകളിൽ നിന്നു മാറി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുതലമുറയ്ക്ക് യോജ്യമായ സമയത്തും സാഹചര്യത്തിലും ജോലി ചെയ്യാനുള്ള സാഹചര്യം ഗിഗ് സമ്പദ്‌വ്യവസ്ഥ ഒരുക്കുന്നു എന്നതാണ് വാസ്തവം. ഇത് ലോകത്താകമാനം ഒരു പുതിയ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്ന തലത്തിലേക്ക് വളരാൻ ഗിഗ്-പ്ലാറ്റ്‌ഫോം സമ്പദ് വ്യവസ്ഥയ്ക്ക് കഴിഞ്ഞതായി മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
2021-ൽ പുറത്തുവന്ന വേൾഡ് എപ്ലോയ്മെന്റ് ആന്റ് സോഷ്യൽ ഔട്ട്ലുക്ക് ഈ വിഷയത്തിലെ സാധ്യതകളിലേക്കും വെല്ലുവിളികളിലേക്കും വെളിച്ചം വീശുന്നു. ഈ റിപ്പോർട്ട് പ്രകാരം ഡിജിറ്റൽ തൊഴിൽ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം കഴിഞ്ഞ ദശകത്തിനുള്ളിൽ അഞ്ചിരട്ടിയായി വളർന്നു. കോവിഡ് മഹാമാരിക്കാലം മറ്റെല്ലാ മേഖലകളെയും തളർത്തിയപ്പോൾ ഗിഗ് സമ്പദ്വ്യവസ്ഥ കൂടുതൽ കരുത്താർജിക്കുകയാണുണ്ടായത്.
∙ ഇന്ത്യയിലുള്ളത് 77 ലക്ഷം ഗിഗ് തൊഴിലാളികൾ
നീതി ആയോഗ് 2022 ജൂൺ 27ന് പ്രസിദ്ധീകരിച്ച ‘ഇന്ത്യയുടെ ബൂമിങ് ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം ഇക്കോണമി' (India's booming Gig and platform economy) എന്ന പഠന റിപ്പോർട്ട് ഇന്ത്യയിൽ വളർന്നു വരുന്ന ഗിഗ്-പ്ലാറ്റ്‌ഫോം സമ്പദ് വ്യവസ്ഥയുടെ നേർസാക്ഷ്യമാണ്. ഈ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടും ശുപാർശകളും അവതരിപ്പിക്കുന്ന ആദ്യത്തെ കാൽവയ്പു കൂടിയാണ് ഈ പഠനറിപ്പോർട്ട്. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ ഏകദേശം 77 ലക്ഷത്തോളം ഗിഗ് തൊഴിലാളികളുണ്ടെന്ന് അനുമാനിക്കുന്നു.
രാജ്യത്തെ തൊഴിൽ സേനയുടെ സംഖ്യ വലുതാണെന്നതിനാൽ ഇപ്പോൾ ആകെ തൊഴിലാളികളിൽ ഗിഗ് തൊഴിലാളികളുടെ ശതമാനം തുലോം കുറവായിരിക്കും. എന്നാൽ, ഇത് അടുത്ത ദശാബ്ദകാലത്തിനുള്ളിൽ (2029-30) ഗിഗ് തൊഴിലാളികളുടെ എണ്ണം 2.35 കോടിയായി മാറുമെന്നാണു പ്രതീക്ഷിക്കുന്നത്. ഗിഗ് തൊഴിലാളികളെ പ്ലാറ്റ്‌ഫോം, നോൺ-പ്ലാറ്റ്‌ഫോം എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കി ജോലി ചെയ്യുന്നവരെയാണ് പ്ലാറ്റ്‌ഫോം തൊഴിലാളികൾ എന്ന പേരിലും അതേ സമയം സാധാരണയായി പാർട്ട് ടൈം അല്ലെങ്കിൽ മുഴുവൻ സമയവും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരെ നോൺ-പ്ലാറ്റ്‌ഫോം തൊഴിലാളികളായും അറിയപ്പെടുന്നു. പൂർണമായും അസംഘടിത തൊഴിൽ മേഖലയിലായതിനാൽ ഗിഗ് തൊഴിലാളികൾക്ക് ഇവരുടെ സൗകര്യത്തിനനുസരിച്ച് വഴങ്ങുന്ന സമയക്രമമാണ് ജോലിക്കായി നിശ്ചയിച്ചിരിക്കുന്നത്.
∙ കൂടുതൽപേരും ചില്ലറ വ്യാപാര മേഖലയിൽ
നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം ഗിഗ് തൊഴിലാളികളുടെ എണ്ണം പരിശോധിച്ചാൽ ഏകദേശം 26.6 ലക്ഷം പേർ ചില്ലറ വ്യാപാരത്തിലും വിൽപനയിലും, 13 ലക്ഷം പേർ ഗതാഗത മേഖലയിലും, 6.2 ലക്ഷം പേർ നിർമ്മാണ മേഖലയിലും, 6.3 ലക്ഷം പേർ ധനകാര്യ-ഇൻഷൂറൻസ് മേഖലയിൽ ജോലി ചെയ്യുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഗിഗ് ജോലികളിൽ ഏർപ്പെടുന്നവരിൽ 47 ശതമാനത്തോളം ഇടത്തരം വൈദഗ്ധ്യമുള്ള തൊഴിലുകളിലും ഏകദേശം 31 ശതമാനം കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലുകളിലും, ബാക്കി വരുന്ന 22 ശതമാനം ഉയർന്ന വൈദഗ്ധ്യത്തിലും ജോലി നോക്കുന്നു. ചുരുക്കത്തിൽ, ഗിഗ് തൊഴിലാളികളിൽ മൂന്നിൽ രണ്ടു പേർക്കെങ്കിലും ഏതെങ്കിലും തൊഴിൽ മേഖലയിൽ വൈദഗ്ധ്യം ഉള്ളതായി മനസ്സിലാക്കാം. തീരെ വൈദഗ്ധ്യം കുറവുള്ള 33 ശതമാനം തൊഴിലാളികളെയും ഈ മേഖല ഉൾകൊള്ളുന്നു എന്നതും ആശ്വാസകരമാണ്.
∙ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി
2020-21 വർഷത്തെ സാമ്പത്തിക സർവേയിൽ ഗിഗ്-പ്ലാറ്റ് ഫോം വളർച്ചയ്ക്കു കാരണമാകുമെന്നും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് വെളിപ്പെടുത്തിയിരുന്നു. കോവിഡ് മഹാമാരി കാലവും ഇ-കോമേഴ്സ് മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതായി മാറി. അതിവേഗം വളരുന്ന ഗിഗ് തൊഴിലാളികൾ ആഗോളതലത്തിൽ ഒരു പുതിയ സാമ്പത്തിക വിപ്ലവത്തിന് തുടക്കമിടുന്നതായി ഈ റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. യുവജനങ്ങളുടെ തൊഴിൽ ശക്തി, തൊഴിലുകളുടെ വൈദഗ്‌ധ്യം, ഇംഗ്ലിഷ് ഭാഷയിലുള്ള പരിജ്ഞാനവും, മൊബൈൽ/ടാബുകൾ ഉപയോഗിക്കാനുള്ള ശേഷി, ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്, ദ്രുതഗതിയിലുള്ള നഗരവത്ക്കരണം എന്നിവ ഗിഗ് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകുമെന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
∙ ലിംഗസമത്വം പരിഗണിക്കാതെ വളരുന്ന ഗിഗ് ഇക്കോണമി
മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ തൊഴിലാളി പങ്കാളിത്ത നിരക്ക് വളരെ കുറഞ്ഞതാണ്. ഉദാഹരണത്തിന്, നമ്മുടെ അയൽരാജ്യമായ ചൈനയിൽ തൊഴിലാളി പങ്കാളിത്ത നിരക്ക് നിലവിൽ 68 ശതമാനമാകുമ്പോൾ ഇന്ത്യയുടേത് 45 ശതമാനം മാത്രം. രാജ്യത്ത് സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും തൊഴിൽ പങ്കാളിത്തം തീർത്തും കുറവാണ്. ഇതിൽ തന്നെ, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞു വരുന്നതിൽ തൊഴിൽ മേഖലയിലെ വിദഗ്ധർ ഇപ്പോൾ തന്നെ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റഷന്റെ ഡേറ്റ പ്രകാരം രാജ്യത്തെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 16 ശതമാനത്തിനും 23 ശതമാനത്തിനും ഇടയിലാണ്. ഗിഗ് ഇക്കോണമി നിരവധി തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നുണ്ടെങ്കിൽ കൂടി സ്ത്രീകളുടെ കുറഞ്ഞ തൊഴിൽ പങ്കാളിത്ത നിരക്കുകളും ജോലിയിലെ വെല്ലുവിളികളും ഈ മേഖല അവർക്ക് തീർത്തും അപ്രാപ്യമാക്കും എന്നു വേണം കരുതാൻ. മെട്രോ നഗരങ്ങളിൽ പോലും ഗതാഗത മേഖലകളിലും ഭക്ഷണ വിതരണ ശൃംഖലകളിലും സ്ത്രീ പങ്കാളിത്തം നന്നേ കുറവാണ്.
സുരക്ഷയുടേതടക്കമുള്ള വിഷയങ്ങൾ സ്ത്രീകളെ രാത്രി സമയങ്ങളിൽഉൾപ്പെടെ വേണ്ടിവരുന്ന ഇത്തരം ജോലികളിൽ നിന്ന് പിന്തിരിപ്പിക്കും. രാത്രികാല ജോലികളിൽ ഏർപ്പെട്ടാൽ സ്ത്രീകൾ വീട്ടു ജോലിയും കൂടി നോക്കേണ്ടിവരുന്ന സാഹചര്യം പലപ്പോഴും ഉണ്ടായേക്കാം. ചുരുക്കിപ്പറഞ്ഞാൽ, ഗിഗ് ഇക്കോണമിക്ക് വേതനത്തിൽ ലിംഗ സമത്വമുണ്ടെങ്കിലും പ്രാതിനിധ്യത്തിൽ ഈ സമത്വം പ്രയോഗികമാവില്ല. കൂടാതെ രാജ്യത്തെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ കാര്യമായ സംഭാവനയൊന്നും ഗിഗ് സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകാനാവില്ല.
∙ തൊഴിൽ സുരക്ഷിതത്വം മരീചിക മാത്രമാകും
പ്ലാറ്റ്‌ഫോം ഉടമയും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധം നേരിട്ട് അല്ലാത്തതിനാൽ മറ്റു തൊഴിൽ മേഖലയിൽ ലഭിക്കുന്ന ജോലി പരിരക്ഷയോ അവകാശങ്ങളോ ഗിഗ് തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഈ പ്രവണത ഇപ്പോൾ തന്നെ ഒരു പുതിയ തൊഴിൽ സംസ്കാരമായി മാറി എന്ന് നിസ്സംശയം പറയാം. സ്വിഗ്ഗി, ഓല, ഊബർ, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോം അധിഷ്ഠിത സ്ഥാപനങ്ങളിലെ ജീവനക്കാർ കുറഞ്ഞ വേതനത്തെക്കുറിച്ചും തൊഴിൽ പങ്കാളിത്തത്തിലെ ലിംഗ അസമത്വത്തെക്കുറിച്ചും നിരവധി ആശങ്കകൾ ഇപ്പോൾ തന്നെ പങ്കുവെച്ചിട്ടുണ്ട്.
തൊഴിൽ സുരക്ഷിതത്വം എന്നത് ഒരു ഗിഗ് തൊഴിലാളിയെ സംബന്ധിച്ചിടത്തോളം മരീചികയാണ്. ഗിഗ്-പ്ലാറ്റ്‌ഫോം സമ്പദ് വ്യവസ്ഥയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെങ്കിലും കുറഞ്ഞ വേതനവും തൊഴിൽ സുരക്ഷിതത്വമില്ലായ്മയും ഈ മേഖലയെ അനാകർഷണീയമാക്കുന്ന ഘടകങ്ങളാണ്. നിലവിലുള്ള ഇന്ത്യയിലെ സംഘടിത തൊഴിൽ മേഖലയ്ക്കും അവിടുത്തെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിനു പോലും വെല്ലുവിളികൾ ഉയരുന്ന തലത്തിലേക്ക് ഗിഗ് സമ്പദ് വ്യവസ്ഥ വളർന്നാൽപ്പോലും ആശ്ചര്യപ്പെടാനില്ല.
∙ ഇന്റർനെറ്റ് കണക്ടിവിറ്റിയും ഗ്രാമീണ മേഖലയും
കോവിഡിന്റെ വ്യാപനം മൂലം രാജ്യം വിപണികൾ പൂർണമായും അടച്ചിടലിലേക്ക് നീങ്ങിയപ്പോൾ തന്നെ നമ്മൾ ഓൺലൈൻ വിപണികളുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിയതാണ്. കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ട അനേകം യുവാക്കൾക്ക് ഗിഗ് ഇക്കോണമി ഒരു കൈത്താങ്ങായി പ്രവർത്തിച്ചിരിക്കണം. ഇന്റർനെറ്റ് അധിഷ്ഠിതമായ ഡിജിറ്റൽ സാങ്കേതിക വിദ്യയ്ക്ക് ഊന്നൽ നൽകിയതിനാൽ ഇന്റർനെറ്റിന്റെ ലഭ്യത ഈ മേഖലയുടെ വികാസത്തിന് അത്യന്താപേക്ഷിതമാണ്. ഇന്റർനെറ്റിന്റെ കണക്റ്റിവിറ്റി സംബന്ധിച്ച വിഷയങ്ങളാണ് രാജ്യത്തെ ഗ്രാമീണ മേഖലയിലേക്ക് കൂടി ഗിഗ്-പ്ലാറ്റ്‌ഫോമിന്റെ പ്രയാണത്തിന് വിഘാതമായി നിൽകുന്നത്.
കൂടാതെ ഗിഗ് - പ്ലാറ്റ്‌ഫോം വിപണിയിലേക്ക് പ്രവേശിക്കണമെങ്കിൽ കുറഞ്ഞ സാങ്കേതിക പരിജ്ഞാനം വേണമെന്നുള്ളതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ, നിലവിൽ യുവാക്കളാണ് ഈ മേഖലയിൽ കൂടുതൽ ജോലി നോക്കുന്നത്. വരും വർഷങ്ങളിൽ രാജ്യത്തുണ്ടാകാൻ സാധ്യതയുള്ള സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ മാറ്റങ്ങൾ ഗ്രാമീണ മേഖലകൾ കൂടി ഗിഗ് സമ്പദ് വ്യവസ്ഥ കയ്യടക്കുമെന്ന് പ്രത്യാശിക്കാം. ഇത് രാജ്യത്തെ ഡെമോഗ്രാഫിക് ഡിവിഡന്റിന്റെ ഗുണഫലങ്ങൾ ബഹുരാഷ്ട്ര കമ്പനികൾ എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന വിഷയവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.
∙ തൊഴിലാളികൾ നേരിടുന്ന പ്രശ്നം എങ്ങനെ പരിഹരിക്കാം
ഗിഗ് സമ്പദ് വ്യവസ്ഥയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് ഇതിനെ മികവുള്ളതാക്കാൻ നീതി ആയോഗിന്റെ റിപ്പോർട്ടിൽ ചില നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ കോഡ് വഴി പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ലിംഗ തുല്യതയ്ക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന (Inclusive) പദ്ധതികൾ ആവിഷ്കരിക്കുക എന്ന ആശയമാണ് ആദ്യത്തേത്. കൂടാതെ, സ്ഥാപനങ്ങൾ തൊഴിലാളികൾക്കായി സ്കിൽ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സ്കിൽ പാസ്പോർട്ടുകൾ നൽകുന്നത് തൊഴിലാളികൾക്ക് കരിയർ വളർച്ചക്ക് ഗുണകരമാകും. സ്ത്രീകളും അംഗവൈകല്യം ബാധിച്ചവരും നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് നികുതി ഇളവുകളായോ അല്ലെങ്കിൽ സ്റ്റാർട്ട് അപ്പ് ഗ്രാന്റുകൾ പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങളായോ സഹായം നൽകണമെന്നു കൂടി
റിപ്പോർട്ട് നിർദേശിക്കുന്നു.ഈ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഡെലിവറി സമയങ്ങളിൽ ഡ്രൈവർ, ഡെലിവറി തൊഴിലാളികൾ എന്നിവർക്ക് ഇൻഷൂറൻസ് പരിരക്ഷ നല്കുന്നത് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിൽ ഇന്തോനേഷ്യ പിന്തുടരുന്ന മാതൃക ശ്ലാഘനീയമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു. തൊഴിലാളികൾക്കായി യുകെ ഗവൺമെന്റ് സ്വീകരിച്ചു പോകുന്ന വാർദ്ധക്യ/വിരമിക്കൽ പദ്ധതികളും ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുകൂലമാണെന്നും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്.
∙ നിയമനിർമാണ സാധ്യതകൾ
തൊഴിലുടമ-തൊഴിലാളി ബന്ധമോ കരാറോ സാധ്യമല്ലാത്തതിനാൽ ഗിഗ് തൊഴിലാളികൾക്ക് തൊഴിൽ ദാതാക്കളോട് വിധേയത്വമില്ല. അതിനാൽ അവർ തിരഞ്ഞെടുക്കാനാകുന്ന ജോലിയുടെയും, നീക്കിവയ്ക്കുന്ന സമയത്തിന്റെയും കാര്യത്തിൽ കൂടുതൽ വഴക്കമുണ്ട് (flexibility). ചടുലത, ചെലവ്, പ്രവേശനക്ഷമത എന്നിവയാണ് ബിസിനസുകാർ ഗിഗ് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ. നേരെ മറിച്ച്, രൂക്ഷമാകുന്ന തൊഴിലില്ലായ്മ, പ്രവർത്തനത്തിൽ സ്വാതന്ത്ര്യം, സ്വയംഭരണം, സംരംഭകത്വ മനോഭാവം എന്നിവയാണ് പ്രൊഫഷണലുകളെ ഗിഗ് സമ്പദ് വ്യവസ്ഥയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ. ഏത് വലിപ്പത്തിലുള്ള വ്യവസായങ്ങൾക്കും ഇപ്പോൾ ഗിഗ് തൊഴിലാളികളുടെ ആവശ്യകതയുണ്ട്.
ബിസിനസ് ഭീമന്മാർക്ക് കോർപ്പറേറ്റ് റിയൽ എസ്റ്റേറ്റ് ചെലവുകൾ കുറയ്ക്കുവാനും, പ്രകടനം മോശമായ ജോലിക്കാരെ ഒഴിവാക്കാനും ഗിഗ് തൊഴിലാളികളുടെ വരവോടെ അരങ്ങൊരുങ്ങി എന്ന് വേണം അനുമാനിക്കാൻ. ഗിഗ് തൊഴിലാളികൾ ജോലി സുരക്ഷയെക്കുറിച്ചും സാമൂഹിക സുരക്ഷയെക്കുറിച്ചും ഏറെ ആശങ്കാകുലരാണെന്നു പറയേണ്ടതില്ലല്ലോ. ഗിഗ്-പ്ലാറ്റ് ഫോം സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയാൽ മാത്രമേ ഈ രംഗത്ത് ജോലി നോക്കുന്നവരുടെ ജീവിത നിലവാരവും, സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്താൻ സാധിക്കൂ.
2020-ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സോഷ്യൽ സെക്യൂരിറ്റി കോഡ് (Code on Social Security) ഈ രംഗത്ത് സമഗ്രമായ തൊഴിൽ പരിഷ്കാരങ്ങൾക്ക് നാന്ദി കുറിക്കുമെന്ന് പൊതുവേ കരുതപ്പെടുന്നത്. ഈ നിയമം ഗിഗ് തൊഴിലാളികളെ നിർവചിക്കുന്നത് 'ജോലി ചെയ്യുന്ന അല്ലെങ്കിൽ ഒരു തൊഴിൽ ക്രമീകരണത്തിൽ പങ്കെടുക്കുകയും പരമ്പരാഗത തൊഴിലുടമ-തൊഴിലാളി ബന്ധത്തിന് പുറത്തുള്ള അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന വ്യക്തി' എന്ന രീതിയിലാണ്. ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ജോലി വർഗീകരണത്തെ അംഗീകരിക്കുകയും എല്ലാ തൊഴിലാളികൾക്കും സാമൂഹിക സംരക്ഷണം നൽകുകയും ചെയ്യണമെന്ന് ഈ നിയമം വാദിക്കുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ പുറത്തുവന്ന നീതി ആയോഗ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് .
∙ ഗിഗ് തൊഴിലാളികളുടെ വിവരങ്ങൾ നൽകാം
കേന്ദ്ര സർക്കാരിന്റെ തൊഴിൽ മന്ത്രാലയം ആരംഭിച്ച ഇ-ശ്രാം പോർട്ടലിൽ അനൗപചാരിക മേഖലയിലെ എല്ലാ തൊഴിലാളികളുടെയും വിവരങ്ങൾ ശേഖരിക്കുന്നു. ഈ പോർട്ടലിന് ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികളെക്കുറിച്ച് അവരുടെ തൊഴിൽ വൈദഗ്ധ്യം ഉൾപ്പെടെയുള്ള എല്ലാവിവരങ്ങളും നൽകാം. ഈ വിവരങ്ങൾ ഭാവിയിൽ പുതിയ സാമൂഹിക സുരക്ഷാ പദ്ധതികൾ ആവിഷ്കരിക്കുകയാണെങ്കിൽ അത് ഗിഗ്-പ്ലാറ്റ്‌ഫോം സമ്പദ് വ്യവസ്ഥയിലെ തൊഴിലാളികൾക്ക് ഉപകാരപ്രദമാകും.
എല്ലാ ഗിഗ്-പ്ലാറ്റ് ഫോം തൊഴിലാളികൾക്കും പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന എന്നിവയ്ക്ക് കീഴിൽ നിർബന്ധിത പരിരക്ഷ നൽകുന്നത് കൂടി പരിഗണിക്കാവുന്നതാണ്. ഇത് തൊഴിലുടമ കമ്പനികൾ വഴി സുഗമമാക്കുകയും ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യണം. അങ്ങനെ ചെയ്താൽ ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, തൊഴിലാളി സൗഹൃദമാകുകയും ചെയ്യും. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്ത് നിലവിലുള്ള തൊഴിലില്ലായ്മയെ നേരിടാനും സുസ്ഥിര വികസന മാതൃകയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവന നൽകുവാൻ ഗിഗ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കാകുമെന്ന് പ്രത്യാശിക്കാം.
(ഡോ. കെ.പി. വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രഫസറും, ഡോ.ജെ. രത്നകുമാർ ഡൽഹി സ്പീക്കേഴ്സ് റിസർച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസർച്ച് ഫെല്ലോയുമാണ്)
English Summary: Challanges and Future prospects of gig economy in India