ADVERTISEMENT

കണ്ണൂർ ∙ ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കോടതി നോട്ടിസ്. അടുത്ത മാസം 12ന് ഹാജരാകാൻ കണ്ണൂർ മുൻസിഫ് കോടതി സതീശന് നിർദേശം നൽകി. മന്ത്രി സജി ചെറിയാന്റെ രാജിക്കു കാരണമായ ഭരണഘടനാ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ തുടർച്ചയായാണ് കോടതി നിർദേശം.

ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ പ്രസംഗവുമായി ഗോൾവാൾക്കറിനെ താരതമ്യപ്പെടുത്തിയെന്നാണ് പരാതി. ആർഎസ്എസിന്റെ പ്രാന്ത സംഘ ചാലക് കെ.കെ.ബാലറാമാണ് കേസ് ഫയൽ ചെയ്തത്. ഭരണഘടനയെക്കുറിച്ച് ഗോൾവാൾക്കർ പറഞ്ഞതുതന്നെയാണു സജി ചെറിയാനും പറഞ്ഞതെന്ന സതീശന്റെ പ്രസ്താവനയ്ക്കെതിരെ ആർഎസ്എസ് വക്കീൽ നോട്ടിസ് അയച്ചിരുന്നു.

ആർഎസ്എസിന്റെ വക്കീൽ നോട്ടിസ് വിചിത്രമെന്ന് പറഞ്ഞ സതീശൻ, അതിനെ അർഹിച്ച അവജ്ഞയോടെ തള്ളുന്നുവെന്നും പ്രതികരിച്ചിരുന്നു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും വാക്കുകൾ പിൻവലിക്കാൻ തയാറല്ലെന്നും വ്യക്തമാക്കിയതോടെ, സതീശൻ മുൻപ് ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പുതിയ വിവാദത്തിനു തിരികൊളുത്തി.

2013ൽ തൃശൂരിൽ ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പുസ്തക പ്രകാശനച്ചടങ്ങിൽ സതീശൻ പങ്കെടുക്കുന്ന ചിത്രങ്ങൾ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദനാണ് പുറത്തുവിട്ടത്. എന്നാൽ സ്വാമി വിവേകാനന്ദന്റെ ജൻമവാർഷികത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങ് ആയതിനാലും സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെട്ടതിനാലുമാണു അതിൽ പങ്കെടുത്തതെന്നായിരുന്നു സതീശന്റെ വിശദീകരണം.

നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ അടുത്ത നടപടി ആലോചിച്ചു തീരുമാനിക്കുമെന്നു ആർഎസ്എസ് കേരള പ്രാന്തകാര്യവാഹ് പി.ഇ.ഇൗശ്വരൻ പ്രതികരിച്ചു. സജി ചെറിയാൻ ഭരണഘടനയെ ആക്ഷേപിച്ചതിൽ ആർഎസ്എസിനെ വലിച്ചിഴയ്ക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Kannur Munsiff's Court Notice To V.D.Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com