സ്വതന്ത്ര സ്ഥാനാർഥി വി.വി.ഗിരിയെ പിന്തുണയ്ക്കാനായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം. എന്നാൽ ഇക്കാര്യം അവർ പൊതുജന മധ്യത്തിൽ പ്രഖ്യാപിച്ചിരുന്നില്ല. പകരം തന്റെ സ്വാധീനവലയത്തിലുള്ള എംപിമാരോടുൾപ്പെടെ ഗിരിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം കോൺഗ്രസ് നേതൃത്വവും അറിഞ്ഞു. അന്ന് കോൺഗ്രസ് പ്രസിഡന്റായിരുന്ന എസ്. നിജലിംഗപ്പ, ഇന്ദിരയോട് പരസ്യമായി റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിക്കാൻ..

സ്വതന്ത്ര സ്ഥാനാർഥി വി.വി.ഗിരിയെ പിന്തുണയ്ക്കാനായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം. എന്നാൽ ഇക്കാര്യം അവർ പൊതുജന മധ്യത്തിൽ പ്രഖ്യാപിച്ചിരുന്നില്ല. പകരം തന്റെ സ്വാധീനവലയത്തിലുള്ള എംപിമാരോടുൾപ്പെടെ ഗിരിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം കോൺഗ്രസ് നേതൃത്വവും അറിഞ്ഞു. അന്ന് കോൺഗ്രസ് പ്രസിഡന്റായിരുന്ന എസ്. നിജലിംഗപ്പ, ഇന്ദിരയോട് പരസ്യമായി റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിക്കാൻ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്ര സ്ഥാനാർഥി വി.വി.ഗിരിയെ പിന്തുണയ്ക്കാനായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം. എന്നാൽ ഇക്കാര്യം അവർ പൊതുജന മധ്യത്തിൽ പ്രഖ്യാപിച്ചിരുന്നില്ല. പകരം തന്റെ സ്വാധീനവലയത്തിലുള്ള എംപിമാരോടുൾപ്പെടെ ഗിരിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം കോൺഗ്രസ് നേതൃത്വവും അറിഞ്ഞു. അന്ന് കോൺഗ്രസ് പ്രസിഡന്റായിരുന്ന എസ്. നിജലിംഗപ്പ, ഇന്ദിരയോട് പരസ്യമായി റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിക്കാൻ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദ്രൗപതി മുർമുവോ യശ്വന്ത് സിൻഹയോ? ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരായിരിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരം അധികം വൈകില്ല. ജൂലൈ 18നാണ് വോട്ടെടുപ്പ്. വിജയി ആരാണെന്നത് ഏറെക്കുറെ ഉറപ്പായും കഴിഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപേ ഇത്തരത്തിൽ ജയം പ്രഖ്യാപിക്കാൻ സാധിക്കുന്നുവെന്നതാണ് ഇത്തവണയും രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. 1967, 1969 ഒഴികെയുള്ള തിരഞ്ഞെടുപ്പുകളിലും ഇങ്ങനെയായിരുന്നു കാര്യങ്ങൾ. കുറഞ്ഞ ഭൂരിപക്ഷത്തിനാണ് 1967ലും 1969 ലും വിജയിയെ നിര്‍ണയിച്ചത്–യഥാക്രമം 1,07,273 ഉം 14,650 ഉം മൂല്യവോട്ടു ഭൂരിപക്ഷത്തിന്റെ ബലത്തിലായിരുന്നു അന്നത്തെ ജയങ്ങൾ. ഈ തിരഞ്ഞെടുപ്പുകളില്‍ ഒട്ടേറെ അമ്പരപ്പുകളും കൗതുകങ്ങളും രാഷ്ട്രീയ വിവാദങ്ങളും കണ്ടിട്ടുമുണ്ട്. ഇന്ത്യയുടെ പ്രഥമപൗരനാണ് രാഷ്ട്രപതി. ജനപ്രതിനിധികളാണ് തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രപതിയെ കണ്ടെത്തുന്നത്. അഞ്ച് വർഷമാണു രാഷ്ട്രപതിയുടെ കാലാവധി. തിരഞ്ഞെടുപ്പിന്റെ ചുമതല തിരഞ്ഞെടുപ്പു കമ്മിഷനാണ്. ഇതുവരെ 15 തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. 14 പേർ രാഷ്ട്രപതിമാരായി അധികാരമേറ്റു. രണ്ട് ഉപരാഷ്ട്രപതിമാരും ഒരിക്കൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസും രാഷ്ട്രപതിയുടെ താൽക്കാലിക ചുമതല വഹിച്ചിട്ടുണ്ട്. 1950 ജനുവരി 24 ന് ഭരണഘടനാ നിർമാണ സഭ ഐകകണ്ഠ്യേന ഇടക്കാല രാഷ്ട്രപതിയായി ഡോ. രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തിരുന്നതിനാൽ ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26 മുതൽ അദ്ദേഹം തന്നെയായിരുന്നു രാഷ്ട്രത്തലവൻ. ഇന്ത്യൻ ഭരണഘടനയുസരിച്ചുള്ള പ്രഥമ രാഷ്ട്രപതി തിരഞ്ഞെടുപ്പ് 1952 മേയ് രണ്ടിനാണു നടന്നത്. കോൺഗ്രസ് പിന്തുണച്ച രാജേന്ദ്രപ്രസാദ് അന്ന് 5,07,400 മൂല്യവോട്ടുകൾ നേടി വിജയിക്കുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പ് 1957 ലായിരുന്നു. അന്ന് സാധുവായ വോട്ടുകളിൽ ഏറ്റവും ഉയർന്ന ശതമാനം (99.24) നേടിയാണ് അദ്ദേഹം വിജയിച്ചത്. രാഷ്‌ട്രപതിസ്‌ഥാനം ഏറ്റവും കൂടുതൽ കാലം വഹിച്ചതും ഡോ.രാജേന്ദ്ര പ്രസാദാണ്– 1950 ജനുവരി 26 മുതൽ 1962 മേയ് 13 വരെ, 12 വർഷവും മൂന്നര മാസവും. എന്നാൽ രാഷ്ട്രീയ വിവാദം രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ അടിമുടി വിറപ്പിച്ച ഒരു വർഷമുണ്ട്– 1969. ആ തിരഞ്ഞെടുപ്പിനിപ്പുറം സംഭവിച്ചത് കോൺഗ്രസ് പാർട്ടിയുടെ പിളർപ്പായിരുന്നു. ഇന്ദിര ഗാന്ധിയുടെ ഇടപെടലിലൂടെയും ശ്രദ്ധേയമായി ആ തിരഞ്ഞെടുപ്പ്. എന്താണ് ആ കഥ?

ഇന്ദിര ഗാന്ധി. 1966ലെ ചിത്രം: STF / AFP

∙ ഇന്ദിരയുടെ ഇടപെടൽ

ADVERTISEMENT

ഒന്നാം റൗണ്ടിൽ വിജയിയെ നിർണയിക്കാൻ കഴിയാതിരുന്നതിനാൽ തുടർവോട്ടെണ്ണൽ വേണ്ടിവന്ന ഏക രാഷ്‌ട്രപതി തിരഞ്ഞെടുപ്പാണ് 1969 ലേത്. ഡോ. സക്കീർ ഹുസൈന്റെ അകാല നിര്യാണമാണ് (1969 മേയ് 3ന്) ചരിത്രം സൃഷ്ടിച്ച ആ തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിച്ചത്. ഇത്രയധികം ജനശ്രദ്ധ ആകർഷിച്ച മറ്റൊരു തിരഞ്ഞെടുപ്പും ഇല്ലെന്നു പറയാം. രാജ്യസഭയുടെയും ലോക്‌സഭയുടെയും അധ്യക്ഷന്മാർ രാജിവച്ച് മത്സര രംഗത്തിറങ്ങുകയായിരുന്നു അന്ന്. തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തോടെ (14,650 മൂല്യ വോട്ട്) വരാഹഗിരി വെങ്കട ഗിരി (വി.വി.ഗിരി), നീലം സഞ്‌ജീവ റെഡ്‌ഡിയെ പരാജയപ്പെടുത്തുകയും ചെയ്തു.

നീലം സഞ്ജീവ റെഡ്ഡിയുടെ ചിത്രത്തിനു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ചിത്രം: PIB

പാർട്ടിക്കൂറിന് അതീതമായി മനസ്സാക്ഷിയനുസരിച്ച് വോട്ടു ചെയ്യാനുള്ള അവകാശത്തിനുവേണ്ടി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വാദിച്ചതായിരുന്നു ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധാർഹമാക്കിയ പ്രധാന ഘടകം. കോൺഗ്രസിന്റെ നെടുനായകത്വം വഹിച്ചിരുന്ന പ്രധാനമന്ത്രി, കോൺഗ്രസ് സ്ഥാനാർഥിക്കെതിരായിത്തന്നെ ഒരായുധമായി ഈ വാദമുന്നയിച്ചു എന്നതായിരുന്നു പ്രധാനം. അതിന്റെ ഫലമായി കോൺഗസ് സ്ഥാനാർത്ഥി സഞ്‌ജീവ റെഡ്‌ഡി പരാജയപ്പെട്ടു. സ്വതന്ത്ര സ്ഥാനാർഥി വി.വി. ഗിരി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് ഇന്ദിര ഗാന്ധി അന്നങ്ങനെ ഒരു നീക്കം നടത്തിയത്. ആ കഥയിങ്ങനെ:

∙ റെഡ്ഡിയിൽനിന്ന് വി.വി.ഗിരിയിലേക്ക്

1969 ജൂലൈ 12ന് ബാംഗളൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡ് അന്നു ലോക്സഭാ സ്പീക്കര്‍ ആയിരുന്ന നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാർഥിയായി നിര്‍ദേശിച്ചു. ബോര്‍ഡിൽ നാലു പേര്‍ റെഡ്ഡിയെ അനുകൂലിച്ചപ്പോള്‍ 2 പേര്‍ എതിര്‍ത്തു. റെഡ്ഡിയുടെ സ്ഥാനാർഥിത്വത്തെ ഇന്ദിരാഗാന്ധിയും എതിര്‍ത്തു. അങ്ങനെ ബോര്‍ഡ് തീരുമാനത്തിന്‍റെ ഔപചാരിക പ്രഖ്യാപനം മാറ്റിവച്ചു. ഇന്ദിരാഗാന്ധി ജഗ്ജീവൻറാമിന്‍റെ പേരാണ് നിര്‍ദേശിച്ചത്. ഏഴംഗ ബോര്‍ഡില്‍ ഭൂരിപക്ഷത്തിനും അതു സ്വീകാര്യമായില്ല. ഇന്ദിരാഗാന്ധിയെ പിന്താങ്ങിയത് ഫക്രുദ്ദീന്‍ അലി അഹമ്മദ് മാത്രമായിരുന്നു. ബോർഡിലുണ്ടായിരുന്ന ജഗ്ജീവൻറാം വോട്ടിങ്ങില്‍ നിന്നു മാറിനിന്നു.

വി.വി.ഗിരിയുടെ ചിത്രവുമായി പുറത്തിറങ്ങിയ സ്റ്റാംപ് (ഇടത്), വി.വി.ഗിരി (വലത്)
ADVERTISEMENT

അന്ന് ആക്ടിങ് പ്രസിഡന്‍റ് ആയിരുന്ന വി.വി. ഗിരിയെ പ്രസിഡന്‍റ് ആക്കുന്നതിന് ഇന്ദിരാഗാന്ധി നേരത്തേ അനുകൂലമായിരുന്നു. പക്ഷേ ബോര്‍ഡ് ചര്‍ച്ചകളില്‍ ഗിരിയുടെ പേര് ഇന്ദിരാഗാന്ധി ഉന്നയിച്ചില്ല. ഒരുപക്ഷേ തന്‍റെ അടുത്ത സഹപ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം ആ ആശയം ഉപേക്ഷിച്ചതാവാം. ജൂലൈ 13ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് എസ്. നിജലിംഗപ്പ പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനം ഔപചാരികമായി പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്കകം വി.വി. ഗിരി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചു.

ആക്ടിങ് പ്രസിഡന്‍റായിരുന്ന വി.വി. ഗിരി രാജിവച്ചതോടെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് മുഹമ്മദ് ഹിദായത്തുള്ള 1969 ജൂലൈ 20ന് ആക്ടിങ് പ്രസിഡന്‍റ് ആയി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സുപ്രീം കോടതിയിലെ സീനിയർ ജഡ്ജി ജസ്റ്റിസ് ജെ.സി. ഷാ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ ജെ.സി. ഷാ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി. ആക്ടിങ് പ്രസിഡന്‍റും ആക്ടിങ് ചീഫ് ജസ്റ്റിസും അധികാരസ്ഥാനത്തിരിക്കുകയും ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞുകിടക്കുകയും ചെയ്ത ഒരു സ്ഥിതി വിശേഷം രാജ്യത്ത് ഏകസംഭവമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റെഡ്ഡി ലോക്സഭാ സ്പീക്കർ സ്ഥാനവും രാജിവച്ചിരുന്നു.

ഗിരിയെ പിന്തുണയ്ക്കാനായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം. എന്നാൽ ഇക്കാര്യം അവർ പൊതുജന മധ്യത്തിൽ പ്രഖ്യാപിച്ചിരുന്നില്ല. പകരം തന്റെ സ്വാധീനവലയത്തിലുള്ള എംപിമാരോടുൾപ്പെടെ ഗിരിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം കോൺഗ്രസ് നേതൃത്വവും അറിഞ്ഞു. അന്ന് കോൺഗ്രസ് പ്രസിഡന്റായിരുന്ന എസ്. നിജലിംഗപ്പ, ഇന്ദിരയോട് പരസ്യമായി റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. പകരം തിരഞ്ഞെടുപ്പിനു നാലു ദിവസം മുൻപ് കോൺഗ്രസ് എംഎൽഎമാർക്കും എംപിമാർക്കുമായി ഇന്ദിര ഒരു സന്ദേശം നൽകി– മനസ്സാക്ഷി വോട്ട് ചെയ്യുക! അമ്പരപ്പിക്കുന്നതായിരുന്നു ആ നീക്കം. അതു ഫലം കാണുകയും ചെയ്തു. സ്വന്തം സ്ഥാനാർഥിയായ റെഡ്ഡിയെ ഉപേക്ഷിച്ച് പല കോൺഗ്രസ് എംഎൽഎമാരും എംപിമാരും സ്വതന്ത്രനായ വി.വി.ഗിരിയിലേക്കു ചാഞ്ഞു.

1969 ഓഗസ്റ്റ് 16ന് രാഷ്ട്രപതി വോട്ടെടുപ്പും 20ന് വോട്ടെണ്ണലും നടന്നു. ആകെ 15 സ്ഥാനാർഥികൾ മത്സരിച്ചു. ഗിരി – 4,01,515, റെഡ്ഡി– 3,13,548, സി.ഡി. ദേശ്മുഖ്– 1,12,769 എന്നിങ്ങനെയായിരുന്നു ഒന്നാം മുൻഗണനാ വോട്ട്. അന്നുണ്ടായിരുന്ന സ്വതന്ത്ര പാർട്ടിയും (സി.രാജഗോപാലാചാരി സ്ഥാപിച്ചത്) ജനസംഘവും ദേശ്മുഖിനെയായിരുന്നു പിന്തുണച്ചിരുന്നത്. വിജയിക്കാൻ ആവശ്യമായ ക്വോട്ട (4,18,169 വോട്ട്) പക്ഷേ ആർക്കും ലഭിച്ചില്ല. മറ്റ് 7 സ്ഥാനാർഥികൾക്കും കൂടി ആകെ ലഭിച്ചത് 8505 വോട്ടു മാത്രം. അഞ്ചു പേർക്ക് ഒറ്റ വോട്ടും കിട്ടിയില്ല.

ADVERTISEMENT

രണ്ടു പേർ അവശേഷിക്കുന്നതു വരെ സ്ഥാനാർഥികൾ ഓരോരുത്തരെയായി ഒഴിവാക്കി വോട്ടുകൾ കൈമാറ്റം ചെയ്തപ്പോൾ ഗിരി– 4,20,077, റെഡ്ഡി – 4,05,427 എന്ന നിലയിലെത്തി. സാധുവായ വോട്ടുകളുടെ പകുതിയിലധികം നേടിയ വി.വി. ഗിരി വിജയിച്ചു. കോൺഗ്രസ് എംപിമാരിൽ 40 ശതമാനവും എംഎൽഎമാരിൽ 20 ശതമാനവും കൂറുമാറി ഗിരിക്കു വോട്ടുചെയ്തു. പിഎസ്പി, ബികെഡി അംഗങ്ങളുടെ രണ്ടാം വോട്ടു കൂടിയായപ്പോൾ ഗിരിയുടെ വിജയം കുറിക്കപ്പെട്ടു. ഓഗസ്റ്റ് 24നു സത്യപ്രതിജ്ഞ. ഓഗസ്റ്റ് 30നു നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തന്നെ ജി.എസ്. പാഠക് വിജയിക്കുകയും ചെയ്തു.

ഡൽഹിയിലെ ഇന്ത്യൻ പ്രസിഡന്റ്സ് ഹൗസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദ്രനിലെ പാറക്കഷ്ണം. യുഎസ് അംബാസഡറായിരുന്ന കെന്നത്ത് കീറ്റിങ് 1969 ഡിസംബറിൽ രാഷ്ട്രപതി വി.വി.ഗിരിക്ക് സമ്മാനിച്ചതാണിത്. ചിത്രം: CHANDAN KHANNA / AFP

∙ കോൺഗ്രസിനെ പിളർത്തിയ തിരഞ്ഞെടുപ്പ്

1969 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിളർപ്പിലേക്കാണ്. നവംബർ 12 ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കോൺഗ്രസിൽനിന്നു പ്രസിഡന്റ് എസ്. നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള പ്രവർത്തക സമിതി പുറത്താക്കി. ന്യൂഡൽഹിയിലെ ജന്ദർ മന്തർ റോഡിലെ കോൺഗ്രസ് ഓഫിസിലായിരുന്നു ആ യോഗം. പിന്നാലെ, ഇന്ദിരയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നവംബർ 22നും 23നും നടന്ന എഐസിസി സമ്മേളനം പ്രസിഡന്റ് സ്ഥാനത്തുനിന്നു നിജലിംഗപ്പയെ നീക്കി സി. സുബ്രഹ്മണ്യത്തെ താൽക്കാലിക പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു.

ജവാഹർ ലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും. 1961ലെ ചിത്രം: STAFF / INTERCONTINENTALE / AFP

പുതിയ പ്രവർത്തക സമിതിയും രൂപീകരിച്ചതോടെ പാർട്ടിയിലെ പിളർപ്പ് പൂർണമായി. നിജലിംഗപ്പ വിഭാഗം സംഘടനാ കോൺഗ്രസ് അഥവാ പ്രതിപക്ഷ കോൺഗസ് എന്നും ഇന്ദിരാ വിഭാഗം ഭരണ കോൺഗ്രസ് എന്നും അറിയപ്പെട്ടു. ഇതോടെ പാർലമെന്റിൽ ഔദ്യോഗികമായി പ്രതിപക്ഷനേതാവുണ്ടായി. സംഘടനാ കോൺഗ്രസ് നേതാക്കളായ ഡോ. റാം സുഭഗ് സിങ് 1969 ഡിസംബർ 17നു ലോക്സഭയിലും ശ്യാം നന്ദൻ മിശ്ര പിറ്റേന്നു രാജ്യസഭയിലും പ്രതിപക്ഷ നേതാക്കളായി.

∙ ഇന്ദിര അന്നെതിർത്തു, പിന്നെ എതിരില്ലാതെ ജയം

ഒരിക്കൽ പരാജയപ്പെട്ട സ്ഥാനാർഥി പിന്നീട് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതും രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ചരിത്രമായിരുന്നു. 1977 ജൂലൈ 21ന് നീലം സഞ്‌ജീവ റെഡ്‌ഡിക്കായിരുന്നു ആ നേട്ടം. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതിയും അദ്ദേഹമാണ്. ആ വർഷം, ജനതാ പാർട്ടിയും കോൺഗ്രസും ഉൾപ്പെടെയുള്ള ഭരണ–പ്രതിപക്ഷ കക്ഷികൾ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. ആകെ 37 പേർ പത്രിക സമർപ്പിച്ചെങ്കിലും സൂക്ഷ്‌മ പരിശോധനയിൽ റെഡ്‌ഡി ഒഴികെ 36 പേരുടെയും പത്രിക തള്ളിപ്പോയി.

ഇന്ദിര ഗാന്ധി, നീലം സഞ്ജീവ റെഡ്ഡി. ചിത്രം: AFP/Wikipedia/Creative Commons

റെഡ്ഡി രണ്ടാമതും ലോക്‌സഭാ സ്‌പീക്കർ ആയിരുന്നപ്പോഴായിരുന്നു പുതിയ നിയോഗം. ഈ സ്‌ഥാനത്തുനിന്ന് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ ഏക വ്യക്‌തിയാണദ്ദേഹം. ആക്‌ടിങ് പ്രസിഡന്റ് ഹിദായത്തുല്ല ഒഴികെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ (64 വയസ്സ്) രാഷ്‌ട്രപതിയായതും ഇദ്ദേഹമാണ്. ഒരിക്കൽ തന്റെ രാഷ്ട്രപതി സ്ഥാനത്തിനു തടസ്സം നിന്ന ഇന്ദിരാഗാന്ധിക്ക് 1980 ജനുവരി 14ന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിന് സഞ്‌ജീവ റെഡ്‌ഡിക്ക് നിയോഗം ലഭിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്. വീണ്ടും പ്രധാനമന്ത്രിയായി ഇന്ദിര ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു അത്.

English Summary: The 1969 Presidential election: Most Controversial Election which Saw V.V. Giri Win