‘ശ്രീറാം കലക്ടറായത് അട്ടിമറി, മുഖ്യമന്ത്രിയുടെ ഉറപ്പിന് എന്തുപറ്റി?; ആ ഫോൺ ആരെടുത്തു?’
ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. സംഭവത്തിൽ ബഷീറിന്റെ കുടുംബത്തിനു പറയാനുള്ളതെന്താണ്? കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ ഉറപ്പ് എങ്ങനെ അട്ടിമറിക്കപ്പെട്ടു? കേസാകെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇതും?.. KM Basheer
ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. സംഭവത്തിൽ ബഷീറിന്റെ കുടുംബത്തിനു പറയാനുള്ളതെന്താണ്? കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ ഉറപ്പ് എങ്ങനെ അട്ടിമറിക്കപ്പെട്ടു? കേസാകെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇതും?.. KM Basheer
ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. സംഭവത്തിൽ ബഷീറിന്റെ കുടുംബത്തിനു പറയാനുള്ളതെന്താണ്? കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ ഉറപ്പ് എങ്ങനെ അട്ടിമറിക്കപ്പെട്ടു? കേസാകെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇതും?.. KM Basheer
‘ബഷീർ മരിച്ചതിനു ശേഷം കുടുംബം ഒന്നിച്ച് മുഖ്യമന്ത്രിയെ പോയിക്കണ്ടിരുന്നു. പ്രതിയെ ഒരിക്കലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നിട്ടെന്താണുണ്ടായത്?’ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ കുടുംബത്തിന്റേതാണ് ഈ ചോദ്യം. ഇതു മാത്രമല്ല ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങളും ഈ കുടുംബത്തിനുണ്ട്. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. കോൺഗ്രസും മുസ്‌ലിം ലീഗുമുൾപ്പെടെ യുഡിഎഫിലെ കക്ഷികളും കാന്തപുരം എ.പി .അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിലുള്ള കേരള മുസ്‌ലിം ജമാഅത്തും നടപടിക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. സംഭവത്തിൽ ബഷീറിന്റെ കുടുംബത്തിനു പറയാനുള്ളതെന്താണ്? കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ ഉറപ്പ് എങ്ങനെ അട്ടിമറിക്കപ്പെട്ടു? കേസാകെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇതും? കെ.എം. ബഷീറിന്റെ സഹോദരൻ കെ.അബ്ദുറഹ്മാനും കെ.എം.ബഷീർ ഫൗണ്ടേഷൻ ഭാരവാഹികളായ മുഹമ്മദ് ബുഖാരി, ഡോ. സലീം ബാബു, കെ.ഉമ്മർ, കെ.അൻസാരി, പി. സത്താർ എന്നിവരും സംസാരിക്കുന്നു...
∙ ശ്രീറാം വെങ്കിട്ടരാമന് കലക്ടർ നിയമനം നൽകുന്നതിനെ എതിർക്കുന്നതിനു കാരണം എന്താണ്?
തുടക്കം മുതൽ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടന്നത്. ശ്രീരാമിനു കലക്ടർ പദവി നൽകിയതും അതിന്റെ ഭാഗമാണ്. കേസ് അന്വേഷിക്കാനല്ല, അട്ടിമറിക്കാനാണ് ശ്രമം നടന്നത്. രാത്രി ഒന്നരയ്ക്ക് അപകടം നടന്ന് 5 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയ പൊലീസ്, വണ്ടിയിലുണ്ടായിരുന്ന സുഹൃത്തിനെ മാറ്റുകയാണ് ചെയ്തത്. രാവിലെ 7.15നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ബഷീറിന്റെ ഫോണും കണ്ടെടുത്തില്ല. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണു ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതെന്നു കുടുംബം സംശയിക്കുന്നു. കേസ് അട്ടിമറിക്കാൻ സർക്കാരും കൂട്ടു നിൽക്കുകയാണ്. കുടുംബത്തിനു നീതി വേണം. ബഷീറിന്റെ മരണത്തിനു കാരണക്കാരായ എല്ലാവർക്കുമെതിരെ കർശന നടപടി വേണം.
∙ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടോ?
ഉണ്ട്. കഴിഞ്ഞ ദിവസം കേസിന്റെ സ്ഥിതി അറിയാൻ റിപ്പോർട്ട് എടുത്തിരുന്നു. ആകെ നൂറോളം സാക്ഷികളാണുള്ളത്. അതിൽ ഇരുപത്തിയഞ്ചോളം പേർ ശ്രീറാം മദ്യപിച്ചതായി പറഞ്ഞിരുന്നു. എന്നാൽ റിപ്പോർട്ടിൽ ഇപ്പോൾ പറയുന്നത് ശ്രീറാം മദ്യപിച്ചിട്ടില്ലെന്നാണെന്നാണ്. ഇതിനിടെയാണ് അയാളെ ആലപ്പുഴ കലക്ടറാക്കിയ വിവരം അറിയുന്നത്. ഇതും അട്ടിമറിയുടെ ഭാഗമാണ്– അബ്ദുറഹ്മാൻ പറയുന്നു.
∙ കുടുംബത്തിന്റെ വികാരം അറിയിക്കാനായി മുഖ്യമന്ത്രിയെയോ സർക്കാർ പ്രതിനിധികളെയോ കാണുന്നുണ്ടോ?
സംഭവത്തിനു ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. അന്ന് പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പ് നൽകിയതായിരുന്നു. എന്നാൽ, ഇപ്പോൾ ശ്രീരാമിനെ കലക്ടറാക്കിയ നടപടി കണ്ടപ്പോൾ നിരാശയുണ്ട്. ഇനിയും ഇതുമായി ബന്ധപ്പെട്ടു പ്രതിഷേധമറിയിക്കാൻ പോകണോയെന്നാണ് ആലോചന. എന്തായാലും, കുടുംബത്തിലെ എല്ലാ അംഗങ്ങളുമായും കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
∙ സർക്കാർ തീരുമാനത്തിനെതിരെ എങ്ങനെ പ്രതികരിക്കാനാണ് ആലോചന?
ബഷീറിന്റെ മരണശേഷം കുടുംബാംഗങ്ങളും ഉറ്റസുഹൃത്തുക്കളും ചേർന്നാണ് കെ.എം. ബഷീർ ഫൗണ്ടേഷൻ ആരംഭിച്ചത്. ശ്രീരാമിനെ വീണ്ടും കലക്ടർ സ്ഥാനത്തിരുത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോകണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി സംഘടന മുന്നോട്ടുപോകും. കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയെ മജിസ്ട്രേട്ട് അധികാരമുള്ള കലക്ടർ പദവിയിൽ നിയമിച്ചാൽ കേസ് അട്ടിമറിക്കുമെന്നാണ് ഫൗണ്ടേഷൻ നിലപാട്. പദവിക്ക് നിരക്കാത്ത തരത്തിൽ കേസ് അട്ടിമറിക്കാൻ ശ്രീറാം നടത്തിയ കാര്യങ്ങൾ ഇതിനകം ബോധ്യപ്പെട്ടതാണ്.
∙ ബഷീറിന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
ബഷീറിന്റെ മരണശേഷം ഭാര്യ ജസീലയ്ക്ക് 2019ൽ മലയാള സർവകലാശാലയിൽ ജോലി നൽകിയിരുന്നു. രണ്ടു മക്കളാണുള്ളത്. മൂത്തയാൾ മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. രണ്ടാമത്തെയാൾക്ക് നാലു വയസ്സാണു പ്രായം. ബഷീര്‍ മരിക്കുമ്പോള്‍ വീട് നിർമിച്ച ബാധ്യതകൾ തീര്‍ന്നിരുന്നില്ല. വിവിധ തലങ്ങളിൽനിന്നു ലഭിച്ച സഹായം കൊണ്ട് ഇത് തീർത്തു.
∙ അന്വേഷണവുമായി ബന്ധപ്പെട്ടു കുടുംബത്തിനു പരാതികളുണ്ടോ?
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നില്ലെന്ന രീതിയിലുള്ള റിപ്പോർട്ടിനെക്കുറിച്ച് പറഞ്ഞല്ലോ. ബഷീർ ഉപയോഗിച്ചിരുന്ന സ്മാർട്ട് ഫോൺ ഇതുവരെ കണ്ടെത്താത്തതും അട്ടിമറിയുടെ ഭാഗമാണെന്നു സംശയിക്കുന്നു.
∙ ശക്തരായ ഉദ്യോഗസ്ഥ ലോബിക്കെതിരെയാണ് നീങ്ങുന്നത് ഇതിൽ ഭയമുണ്ടോ?
ഐഎഎസ് ലോബിയാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സർക്കാർ ഇതിനു കൂട്ടു നിൽക്കുകയും ചെയ്യുന്നു. കോടതിയിൽ വിശ്വാസമുണ്ട്. പിന്നെന്തിനാണ് ഉദ്യോഗസ്ഥ ലോബിയെ ഭയപ്പെടുന്നത്.
∙ ഓഗസ്റ്റ് 3ന് സംഭവിച്ചത്...
2019 ഓഗസ്റ്റ് 3ന് പുലർച്ചെ ഒന്നരയ്ക്ക് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപത്തു നടന്ന അപകടത്തിലാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. ജോലി കഴിഞ്ഞ് തന്റെ ബൈക്കിൽ മടങ്ങവേ ശ്രീറാം ഓടിച്ച കാർ ഇടിക്കുകയായിരുന്നു. കാറിൽ വഫ എന്ന സുഹൃത്തുമുണ്ടായിരുന്നു. മദ്യ ലഹരിയിൽ അമിത വേഗത്തിൽ ശ്രീറാം ഓടിച്ച കാറിടിച്ചാണു ബഷീർ കൊല്ലപ്പെട്ടതെന്നാണു കേസ്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്നു ബഷീർ.
2020 ഫെബ്രുവരിയിൽ പൊലീസ് കുറ്റപത്രം നൽകി. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടി മുതലുകളുമാണു പൊലീസ് ഹാജരാക്കിയത്. മദ്യപിച്ച് അമിത വേഗത്തിലും അപകടകരമായും വാഹനമോടിച്ചാൽ, അപകടമുണ്ടായി യാത്രക്കാർക്കും കാൽനടക്കാർക്കും മരണം സംഭവിക്കാമെന്നും പൊതുമുതൽ നശിക്കുമെന്നും ബോധ്യമുള്ള ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. മനഃപൂർവമല്ലാത്ത നരഹത്യ, പൊതു മുതൽ നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി ശ്രീറാമിനെതിരെ ചുമത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
ശ്രീറാമിനൊപ്പം സംഭവസമയത്തു കാറിലുണ്ടായിരുന്ന രണ്ടാം പ്രതി വഫ എന്ന യുവതിക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തി. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാർ കൈമാറുകയും വേഗത്തിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തെന്നാണു കുറ്റം. 2 വർഷം വരെ ശിക്ഷ ലഭിക്കാം. 50 കിലോമീറ്റർ മാത്രം വേഗ പരിധിയുള്ള വെള്ളയമ്പലം–മ്യൂസിയം റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ അലക്ഷ്യമായും അപകടകരമായും കാർ ഓടിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
വിദേശ പഠന ശേഷം മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമനെ റവന്യു വകുപ്പിൽ സർവേ ഡയറക്ടറായി നിയമിച്ചിരുന്നു. ചുമതലയിൽ പ്രവേശിക്കുന്നതിനു മുൻപു നടത്തിയ ആഘോഷരാവിലാണ് സുഹൃത്ത് വഫയെ കാറുമായി കവടിയാറിലേക്കു ശ്രീറാം വിളിച്ചു വരുത്തിയതെന്നു കുറ്റപത്രത്തിലുണ്ട്. വഫയെ മാറ്റി ഡ്രൈവിങ് ഏറ്റെടുത്ത ശ്രീറാം, കാർ ഓടിക്കുന്നതിനിടെ പബ്ലിക് ഓഫിസിനു മുൻപിൽ നിയന്ത്രണം വിട്ടു ബഷീറിന്റെ ബൈക്കിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
എന്നാൽ കുറ്റപത്രം നൽകി ഒന്നര വർഷം കഴിഞ്ഞിട്ടും കേസിൽ വിചാരണ തുടങ്ങാതിരുന്നത് വലിയ വിവാദമായിരുന്നു. മജിസ്ട്രേട്ട് കോടതി 3 തവണ സമൻസ് അയച്ചിട്ടും തലസ്ഥാനത്തുണ്ടായിരുന്ന പ്രതികൾ ഹാജരായിരുന്നില്ല. ഒടുവിൽ കോടതി അന്ത്യശാസനം നൽകിയതോടെ കോടതിയിൽ ഹാജരായി പ്രതികൾ ജാമ്യം നേടുകയും ചെയ്തു. 10 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ കേസ് സെഷൻസ് കോടതിയിലേക്കു മാറ്റി.
അതിനിടെ കേസിൽ വിചാരണ പോലും തുടങ്ങും മുൻപേ ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. തുടർച്ചയായി സുപ്രധാന ചുമതലകളും നൽകി. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന വാർ റൂമിന്റെ ചുമതലക്കാരൻ, പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫാക്ട് ചെക് വിഭാഗത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രതിനിധി, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡി തുടങ്ങി വിവിധ തസ്തികകളിൽ നിയോഗിച്ചതിനു ശേഷമാണ് ശ്രീരാമിനെ ആലപ്പുഴ കലക്ടർ സ്ഥാനത്തേക്കു മാറ്റുന്നത്.
English Summary: Appointment of Sriram Venkitaraman as Alappuzha Collector; KM Basheer's Family Responds