ചൈനീസ് സെർവറിൽ ഇന്ത്യൻ സുരക്ഷാ രഹസ്യം? ഇടപെട്ട് ‘റോ’; മൊറീഷ്യസിൽ ‘രാഷ്ട്രീയ സൂനാമി’
2019ൽ, നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പ്രവാസി ഭാരതീയ ദിവസ് കൺവൻഷന്‍ സംഘടിപ്പിച്ചപ്പോൾ മുഖ്യാതിഥി മൊറീഷ്യസ് പ്രധാനമന്ത്രിയായിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്ന് 2000 കിലോമീറ്ററോളം തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി സ്ഥിതി ചെയ്യുന്ന മൊറീഷ്യസിൽ എന്താണ് ഇന്ത്യയുടെ റോൾ? ഇന്ത്യൻ ചാരസംഘടനയായ ‘റോ’യ്ക്ക് ഇടപെടാൻ തക്ക വിധം എന്തു പ്രശ്നമാണ് അവിടെ ഇപ്പോഴുണ്ടായിരിക്കുന്നത്?
2019ൽ, നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പ്രവാസി ഭാരതീയ ദിവസ് കൺവൻഷന്‍ സംഘടിപ്പിച്ചപ്പോൾ മുഖ്യാതിഥി മൊറീഷ്യസ് പ്രധാനമന്ത്രിയായിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്ന് 2000 കിലോമീറ്ററോളം തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി സ്ഥിതി ചെയ്യുന്ന മൊറീഷ്യസിൽ എന്താണ് ഇന്ത്യയുടെ റോൾ? ഇന്ത്യൻ ചാരസംഘടനയായ ‘റോ’യ്ക്ക് ഇടപെടാൻ തക്ക വിധം എന്തു പ്രശ്നമാണ് അവിടെ ഇപ്പോഴുണ്ടായിരിക്കുന്നത്?
2019ൽ, നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പ്രവാസി ഭാരതീയ ദിവസ് കൺവൻഷന്‍ സംഘടിപ്പിച്ചപ്പോൾ മുഖ്യാതിഥി മൊറീഷ്യസ് പ്രധാനമന്ത്രിയായിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്ന് 2000 കിലോമീറ്ററോളം തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി സ്ഥിതി ചെയ്യുന്ന മൊറീഷ്യസിൽ എന്താണ് ഇന്ത്യയുടെ റോൾ? ഇന്ത്യൻ ചാരസംഘടനയായ ‘റോ’യ്ക്ക് ഇടപെടാൻ തക്ക വിധം എന്തു പ്രശ്നമാണ് അവിടെ ഇപ്പോഴുണ്ടായിരിക്കുന്നത്?
വിനോദസഞ്ചാരത്തിനു പേരുകേട്ട ചെറിയൊരു ദ്വീപുരാഷ്ട്രമായ മൊറീഷ്യസിന്റെ രാഷ്ട്രീയവൃത്തങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം ഇന്ത്യയാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയുടെ അത്രപോലും ജനസംഖ്യയില്ല മൊറീഷ്യസിൽ. എന്നിട്ടും, ഇക്കഴിഞ്ഞ ജൂൺ മുതൽ അവിടെ നടമാടുന്ന രാഷ്ട്രീയ കൊടുങ്കാറ്റിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണ്. ഈ ചെറുരാജ്യത്തിന്റെ രാഷ്ട്രീയത്തിൽ ഇന്ത്യയുടെ ഇടപെടൽ എന്തുകൊണ്ടാണു വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നത്? ജൂണിൽ മൊറീഷ്യസ് ടെലികോം (എംടി) സിഇഒ ഷെറി സിങ് രാജിവച്ചതോടു കൂടിയാണ് വിവാദങ്ങളുടെ തുടക്കം. പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗതിന്റെ അടുത്ത അനുയായിയും സർക്കാരിനോട് അടുത്ത ബന്ധമുള്ളയാളുമായിരുന്ന സിങ് രാജി വിവരം അറിയിച്ച് ജീവനക്കാർക്ക് എഴുതിയ കത്തിലെ ഒരു വാചകം ഇങ്ങനെ– ‘എന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്. അങ്ങനെ മുന്നോട്ടു പോകാൻ ഞാൻ ഒരുക്കവുമല്ല’. പിന്നീട്, മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ജുഗ്നൗതിനെതിരെയും സിങ് ആരോപണങ്ങൾ ഉന്നയിച്ചു. കടലിന്നടിയിലെ ഒരു കേബിളാണ് ഈ പ്രശ്നങ്ങളെല്ലാം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കു പോലും ഭീഷണിയാകുന്ന വിധം ചൈനയുടെ ഇടപെടലും ഈ കേബിളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇടപെടേണ്ടി വന്നത്? എന്തായാലും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്ന് 2000 കിലോമീറ്ററോളം തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി സ്ഥിതി ചെയ്യുന്ന മൊറീഷ്യസിൽ എന്താണ് ഇന്ത്യയുടെ റോൾ? ഇന്ത്യൻ ചാരസംഘടനയായ ‘റോ’യ്ക്ക് ഇടപെടാൻ തക്ക വിധം എന്തു പ്രശ്നമാണ് അവിടെയുണ്ടായിരിക്കുന്നത്?
∙ കേബിളിൽ കുരുങ്ങിയ രാജി!
ദക്ഷിണാഫ്രിക്കയെയും മൊറീഷ്യസിനെയും ഫ്രാൻസിനു കീഴിലുള്ള റീയൂണിയൻ ദ്വീപിനെയും ഇന്ത്യയെയും മലേഷ്യയെയും ബന്ധിപ്പിക്കുന്ന 13,500 കിലോമീറ്റർ നീളമുള്ള സേഫ് (സൗത്ത് ആഫ്രിക്ക ഫാർ ഈസ്റ്റ്– SAFE) എന്ന സബ്മറൈൻ ഫൈബർ ഒപ്റ്റിക് കേബിളിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചാണ് രാജി വയ്ക്കും മുൻപ് ഷെറി സിങ് ആരോപണം ഉന്നയിച്ചത്. മൊറീഷ്യസിന്റെ ഭാഗമായിരിക്കുന്ന ബയ്ഡു ജക്കോടെറ്റ് എന്ന മേഖലയിലാണ് ‘സേഫ്’ കേബിൾ ആ രാജ്യത്തെ ആഗോള ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നത്. (ഇന്ത്യയിൽ കൊച്ചിയിലാണ് ഈ കേബിൾ ലാൻഡ് ചെയ്യുന്നത്.) ഇവിടെനിന്നാണ് മൊറീഷ്യസിലേക്ക് ഇന്റർനെറ്റ് കണക്‌ഷൻ പോകുന്നത്. ബയ്ഡു ജക്കോടെറ്റ് ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആർക്കും പ്രവേശനമില്ലാത്ത പ്രദേശം ആണ്. സബ്മറൈൻ കേബിളിനെ ഡേറ്റ ഹൈവേ എന്നാണു വിളിക്കുന്നത്. ‘ഡേറ്റ ഈസ് ദ് ന്യൂ ഗോൾഡ്’ എന്ന നയം വച്ചുനോക്കിയാൽ ഈ ഡേറ്റ എന്നത് ധാരാളം രഹസ്യങ്ങളുടെ ഒരു ലോകമാണ്. രഹസ്യാന്വേഷകർക്ക് ഏറെ മൂല്യമുള്ള സമ്പാദ്യമാണിന്ന് ഡേറ്റ. ആ ഡേറ്റയിലേക്കുള്ള ‘നുഴഞ്ഞുകയറ്റ’മാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
∙ വാവെയ് വഴി ചൈന ലക്ഷ്യമിട്ടതെന്ത്?
2015-16 കാലഘട്ടത്തിലാണ് ചൈന മൊറീഷ്യസിലേക്കു ശ്രദ്ധ ചെലുത്തുന്നത്. 2015ലാണ് ഷെറി സിങ് മൊറീഷ്യസ് ടെലികോമിന്റെ മേധാവിയാകുന്നതും. വാവെയ് കമ്പനിയെ മുൻനിർത്തി സബ്മറൈൻ കേബിൾ ലാൻഡിങ് സ്റ്റേഷനായ ബയ്ഡു ജക്കോടെറ്റിൽനിന്ന് മൊറീഷ്യസിന്റെ തലസ്ഥാനമായ പോർട്ട് ലൂയിസിലേക്ക് കേബിൾ നിർമിക്കാമെന്നതായിരുന്നു ചൈനയുടെ വാഗ്ദാനം. അങ്ങനെ കേബിൾ നിർമിച്ചു. ‘സേഫു’മായി ബന്ധിപ്പിച്ചു. ഇവിടെയാണ് ഇന്ത്യയ്ക്കും മറ്റുരാജ്യങ്ങൾക്കും ആശങ്ക. ഈ സമയത്തുതന്നെ ഇത്തരം സബ്മറൈൻ കേബിൾ ശൃംഖലകൾ ചൈന ലോകത്തു പല സ്ഥലങ്ങളിലും നിർമിച്ചിരുന്നു. യൂറോപ്പ് വഴി ആഫ്രിക്കയുമായി ചൈനയ്ക്കു ബന്ധപ്പെടാവുന്ന പീസ് (PEACE) കേബിൾ ശൃംഖലയും ഇതിലൊന്നാണ്. യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ചൈനയുടെ സബ്മറൈൻ കേബിൾ ചാരവൃത്തിയെക്കുറിച്ച് ആശങ്കപ്പെടുന്നതും ഇതിനു പിന്നാലെയാണ്.
പാശ്ചാത്യ ലോകവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു മൊറീഷ്യസ് ആ സമയം. അതുകൊണ്ടുതന്നെ ചൈനയുടെ വാഗ്ദാനം തള്ളിക്കളയാൻ പ്രത്യേകം കാരണം ഒന്നും അവർ കണ്ടില്ല. പതിവുപോലെ പണമൊഴുക്കിയാണ് മൊറീഷ്യസിലേക്കും ചൈന എത്തിയത്. ആദ്യം കേബിൾ നിർമിച്ചു. പിന്നാലെ ഫെയ്സ് റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ ഉൾക്കൊള്ളുന്ന 4000 ക്യാമറകൾ സ്ഥാപിക്കാനുള്ള കരാറും ചൈന നേടിയെടുത്തു. ചൈനയിലും ഹോങ്കോങ്ങിലും ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ആളുകളുടെ മുഖം തിരിച്ചറിയുകയും രാജ്യത്തിന്റെ ട്രാഫിക് പാറ്റേൺ മനസ്സിലാക്കുകയും മറ്റും ചെയ്യുന്ന ഈ സംവിധാനത്തിന്റെ ഡേറ്റ ശേഖരിക്കപ്പെടുന്നത് ചൈനീസ് സെർവറുകളിലാണ്. ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നായ മൊറീഷ്യസിന് എന്തിനായിരുന്നു ഈ ക്യാമറകൾ എന്ന ചോദ്യം ഉയർന്നെങ്കിലും ‘സുരക്ഷിത നഗരങ്ങൾ’ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു ചൈനീസ് വിശദീകരണം. ഫ്രാൻസ്, ജർമനി, പാക്കിസ്ഥാൻ, തജിക്കിസ്ഥാൻ, മെക്സിക്കോ തുടങ്ങിയ 52 രാജ്യങ്ങളിലായി 73 നഗരങ്ങളെ ഈ പദ്ധതിയിൽപ്പെടുത്തി ചൈന ക്യാമറാ വലയത്തിൽ ആക്കിയിട്ടുണ്ട്.
ചൈനയുടെ എക്സ്പോർട്ട് – ഇംപോർട്ട് ബാങ്കിൽനിന്ന് (എക്സിം ബാങ്ക്) 35 കോടി യുഎസ് ഡോളർ ഇറക്കിയായിരുന്നു ഈ ക്യാമറകൾ വച്ചത്. വികസിത രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് ഉൾപ്പെടെയായി, ചൈനീസ് സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്നതാണ് എക്സിം ബാങ്ക്. ചൈനീസ് സേവനങ്ങളും ഉൽപന്നങ്ങളും മറ്റു രാജ്യങ്ങളിൽ വിറ്റഴിക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ പ്രത്യക്ഷത്തിൽ തന്നെയുള്ള ലക്ഷ്യം. എന്നാൽ മൊറീഷ്യയിൽ ക്യാമറ വയ്ക്കാനുള്ള കരാറിനായി ടെൻഡർ വിളിക്കുക പോലും ചെയ്തിരുന്നില്ല. ‘സുരക്ഷിത നഗരങ്ങൾ’ പദ്ധതിയിൽ നിരവധി ഗുരുതര നിയമലംഘനങ്ങൾ ഉണ്ടെന്ന് മൊറീഷ്യസിന്റെ നാഷനൽ ഓഡിറ്റ് ഓഫിസ് ചൂണ്ടിക്കാട്ടുകയും ഉണ്ടായി. പ്രത്യേക രേഖകൾ ഇല്ലാതെയാണ് രണ്ടരക്കോടി യുഎസ് ഡോളർ പദ്ധതിയുടെ പേരിൽ ചെലവഴിച്ചതെന്നും ഓഡിറ്റർമാർ കണ്ടെത്തിയിട്ടുണ്ട്.
∙ എന്തുകൊണ്ട് ഇന്ത്യയ്ക്ക് ആശങ്ക?
സേഫ് കേബിളുമായി മൊറീഷ്യസിൽനിന്നുള്ള വാവെയ്‌യുടെ കേബിൾ ബന്ധിക്കപ്പെട്ടപ്പോൾ, ചൈനയ്ക്ക് ആ നെറ്റ്‌വർക്ക് പോകുന്ന എല്ലാ വിവരങ്ങളിലേക്കും നേരിട്ടുള്ള പ്രവേശനമാണ് ലഭിച്ചത്. ഈ നീക്കത്തെത്തുടർന്ന് ഇന്ത്യയും വിഷയത്തിൽ ഇടപെട്ടു. ഏപ്രിലിൽ മൊറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തിൽ അന്വേഷണം നടത്താനായി ഇന്ത്യൻ സംഘത്തെ അയയ്ക്കാനും തീരുമാനമായി. ‘റോ’യിൽനിന്നോ എന്‍ടിആർഒയിൽ (നാഷനൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ) നിന്നോ ആണ് വിദഗ്ധ സംഘം മൊറീഷ്യസിലെ ബയ്ഡു ജക്കോടെറ്റിൽ എത്തിയത്. പരിശോധനയ്ക്ക് എത്തിയ സംഘത്തിനും ഈ ഡേറ്റ ശേഖരിക്കാനാകും.
ഇതിനു പിന്നാലെയാണ് ഷെറി സിങ്ങിന്റെ രാജി വരുന്നത്. ബയ്ഡു ജക്കോടെറ്റിലെത്തിയ ഇന്ത്യൻ വിദഗ്ധ സംഘത്തിന് സ്വന്തം ഉപകരണങ്ങൾ സ്ഥാപിക്കാൻ അനുവാദം നൽകണമെന്ന ആവശ്യം അംഗീകരിക്കാൻ തനിക്കാകില്ലെന്ന് രാജിവച്ചതിനു പിന്നാലെ മൊറീഷ്യൻ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖ പരമ്പരകളിൽ ഷെറി സിങ് പറഞ്ഞു. ഈ കേബിളുകളിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കാനാണ് മൊറീഷ്യസ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും ഷെറി ആരോപിച്ചു. ഇതു മൊറീഷ്യസിൽ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി. പ്രതിപക്ഷം അതേറ്റുപിടിച്ചു. അവർ പ്രധാനമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ജുഗ്നൗത് രാജ്യദ്രോഹമാണ് നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ ഇന്ത്യയുടെ ഇടപെടലിനെക്കുറിച്ചു പ്രതിപക്ഷം മൗനം പാലിച്ചു. അതിനിടെ മൊറീഷ്യസ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ ജുഗ്നൗത് ഇന്ത്യയുടെ പേരെടുത്തു പറഞ്ഞതോടെ വിവാദത്തിനു മറ്റൊരുതലം കൂടി വന്നു. ‘സുരക്ഷാ പ്രശ്നം വന്നതിനാൽ അതു രാജ്യത്തിനു പരിശോധിച്ചേ മതിയാകുകയുള്ളൂ. അതിനാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുകയായിരുന്നു’ – ഇതായിരുന്നു ജുഗ്നൗത് പറഞ്ഞത്. എന്നാൽ ഈ പ്രസ്താവന മുഖവിലയ്ക്കെടുക്കാൻ പ്രതിപക്ഷം തയാറായില്ല.
അതേസമയം, ജുഗ്നൗതിന്റെ ഉത്തരവിൽ മൊറീഷ്യസിന്റെ കേന്ദ്ര ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് സ്പെഷൽ സെൽ സംഭവം അന്വേഷിക്കുകയാണ്. ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ജിയാകട്ടെ, വിഷയത്തിനു വലിയ പ്രാധാന്യം നൽകിയുമില്ല. മൊറീഷ്യൻ പ്രധാനമന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ടല്ലോയെന്നും കൂടുതൽ വിവരങ്ങൾ തന്റെ കൈവശം ഇല്ലെന്നുമായിരുന്നു മാധ്യമങ്ങളോടുള്ള ബാഗ്ജിയുടെ നിലപാട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജുഗ്നൗതുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളും പതിവാണ്. 2019ൽ, മോദിയുടെ മണ്ഡലമായ വാരാണസിയിൽ പ്രവാസി ഭാരതീയ ദിവസ് കൺവൻഷന്‍ സംഘടിപ്പിച്ചപ്പോൾ മുഖ്യാതിഥി ജുഗ്നൗത് ആയിരുന്നു. ഇരുരാജ്യങ്ങളുടെയും സാഹോദര്യം ഊട്ടിയുറപ്പിക്കുന്ന കൂടിക്കാഴ്ചകളാണ് ജുഗ്നൗതുമായി നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുമുണ്ട്. സ്വാഭാവികമായും ‘സേഫ്’ കേബിൾ വിഷയത്തിലും ഇന്ത്യൻ സർക്കാർ പ്രവിന്ദ് ജുഗ്നൗതിന്റെ നിലപാടിനെയാണ് പിന്താങ്ങുന്നത്.
∙ ഷെറി സിങ്ങിന്റെ ‘രാഷ്ട്രീയ സൂനാമി’
ഷെറി സിങ് രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാൻ പോകുകയാണെന്നും അതിനു മുന്നോടിയായി നടത്തുന്ന പ്രസ്താവനകളാണിതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു രാഷ്ട്രീയ സൂനാമി ഉണ്ടാകുമെന്ന് ഷെറി വെളിപ്പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ പ്രവേശനത്തിനായി പ്രതിപക്ഷ കക്ഷികളുമായുള്ള ചർച്ചയിലാണ് അദ്ദേഹമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം ഷെറി സിങ് തള്ളിക്കളയുകയും ചെയ്തു. ‘പ്രധാനമന്ത്രിയാണ് കേബിളുകൾ പരിശോധിക്കാൻ അനുമതി നൽകിയത്. അതു ഞാൻ അനുസരിച്ചു. എന്നാൽ നമ്മുടെ സ്വകാര്യ ഡേറ്റയിലേക്കു മൂന്നാമതൊരാൾക്ക് പ്രവേശനം നൽകുക എന്നത് അംഗീകരിക്കാനാകില്ല. അത് ചതിയാണ്’– ഷെറി സിങ് വ്യക്തമാക്കി.
∙ മൊറീഷ്യസിലെ ഇന്ത്യ
ഇന്ത്യയ്ക്കു തന്ത്രപ്രധാനമായ സ്വാധീനമാണ് മൊറീഷ്യസിനു മേലുള്ളത്. 1830– 1921 കാലത്ത് മൊറീഷ്യസിലെ കരിമ്പുതോട്ടങ്ങളിൽ പണിയെടുക്കാൻ ഇന്ത്യയിൽനിന്ന് തൊഴിലാളികളെ ബ്രിട്ടിഷുകാരായ പ്ലാന്റർമാർ കൊണ്ടുപോയിരുന്നു. ഇവരുടെ പിൻതലമുറക്കാരാണ് ഇന്നത്തെ മൊറീഷ്യൻ ജനസംഖ്യയിൽ കൂടുതലും. ആഫ്രിക്കൻ, ചൈനീസ്, ഫ്രഞ്ച് വംശജരും ഉണ്ട്. എല്ലായ്പ്പോഴും മൊറീഷ്യസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നത് (എന്‍എസ്എ) ഇന്ത്യൻ സൈന്യത്തിൽനിന്നോ ‘റോ’യിൽനിന്നോ വിരമിച്ച ഉദ്യോഗസ്ഥരാണ്. നിലവിലെ എൻഎസ്എ ‘റോ’യിൽനിന്ന് വിരമിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കുമരേശൻ ഇളങ്കോയാണ്. വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ കുമരേശനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. എന്തുകൊണ്ടാണ് ഒരു മൊറീഷ്യൻ പൗരൻ എൻഎസ്എ ആകാത്തതെന്നാണ് ചോദ്യം.
1982 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ കുമരേശൻ ഇളങ്കോ 2018ൽ റോയുടെ മേധാവിയാകാൻ സാധ്യത കൽപ്പിക്കപ്പെട്ടയാളായിരുന്നു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സ്റ്റേഷൻ കമാൻഡർ കൂടിയായിരുന്നു അദ്ദേഹം. അവിടുത്തെ മുൻ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്സെയെ പുറത്താക്കിയതിൽ ഇളങ്കോയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. 2021ലാണ് ഇളങ്കോയെ മൊറീഷ്യസിന്റെ എൻഎസ്എയായി നിയമിച്ചത്.
മൊറീഷ്യസിന്റെ ഭാഗമായ അഗാലേഗ ദ്വീപിൽ ഇന്ത്യയ്ക്കൊരു സൈനിക താവളം ഉണ്ട്. എന്നാൽ ഈ താവളത്തിനെതിരായ നിലപാടാണ് പ്രദേശവാസികൾക്ക്. മൊറീഷ്യൻ പരമാധികാരത്തെയും സംസ്കാരത്തെയും തർക്കുന്ന നിലപാടാണ് ഇതെന്നാണ് പ്രതിഷേധക്കാരുടെ വാദം. അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപിലുള്ള സൈനിക സാന്നിധ്യം ഇന്ത്യയ്ക്കു തന്ത്രപ്രാധാന്യമേറിയതാണ്. കടൽ ഗതാഗതത്തെ നിരന്തരം നിരീക്ഷിക്കാൻ ഇതുവഴി ഇന്ത്യയ്ക്കു സാധിക്കും. ഈ ദ്വീപിലേക്കും തിരിച്ചുമുള്ള വിവരങ്ങളും ‘സേഫ്’ കേബിളിൽനിന്ന് ചൈനയ്ക്കു പരിശോധിക്കാനാകുമെന്നതും ഇന്ത്യയുടെ ആശങ്കയ്ക്കു പിന്നിലുണ്ട്. ഫ്രാൻസിന്റെ കൈവശമാണ് മൊറീഷ്യസിനു സമീപം സ്ഥിതിചെയ്യുന്ന ‘റീയൂണിയൻ’ എന്ന ദ്വീപ്. ഈ ദ്വീപിനെ നാവിക, വ്യോമ കാര്യങ്ങള്‍ക്കായി ഫ്രാൻസ് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ചൈനയുടെ സാന്നിധ്യം ഫ്രാൻസിനും ഭീഷണിയാണ്.
English Summary: Mauritius Snooping Scandal and Chinese Digital Espionage: How is India's RAW involved?