സ്വന്തമായി വ്യോമസേനയുള്ള എൽടിടിഇ; പുലിപ്പകയിൽ ഇന്ത്യയുടെ നെഞ്ചിലേറ്റ മുറിവ്
ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ വീണ ഇന്ത്യ–ശ്രീലങ്ക സമാധാനക്കരാറിന് ഇന്നലെ 35 വർഷമായി. തമിഴ് വംശജരും സിംഹളരും തമ്മിലുണ്ടായിരുന്ന വംശീയപ്രശ്നങ്ങളിലും കലാപങ്ങളിലും തകർന്നുപോയ ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് രാജീവ് ഗാന്ധി..Sri Lanka, LTTE, Rajiv Gandhi
ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ വീണ ഇന്ത്യ–ശ്രീലങ്ക സമാധാനക്കരാറിന് ഇന്നലെ 35 വർഷമായി. തമിഴ് വംശജരും സിംഹളരും തമ്മിലുണ്ടായിരുന്ന വംശീയപ്രശ്നങ്ങളിലും കലാപങ്ങളിലും തകർന്നുപോയ ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് രാജീവ് ഗാന്ധി..Sri Lanka, LTTE, Rajiv Gandhi
ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ വീണ ഇന്ത്യ–ശ്രീലങ്ക സമാധാനക്കരാറിന് ഇന്നലെ 35 വർഷമായി. തമിഴ് വംശജരും സിംഹളരും തമ്മിലുണ്ടായിരുന്ന വംശീയപ്രശ്നങ്ങളിലും കലാപങ്ങളിലും തകർന്നുപോയ ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് രാജീവ് ഗാന്ധി..Sri Lanka, LTTE, Rajiv Gandhi
ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ വീണ ഇന്ത്യ–ശ്രീലങ്ക സമാധാനക്കരാറിന് ഇന്നലെ 35 വർഷമായി. തമിഴ് വംശജരും സിംഹളരും തമ്മിലുണ്ടായിരുന്ന വംശീയപ്രശ്നങ്ങളിലും കലാപങ്ങളിലും തകർന്നുപോയ ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് രാജീവ് ഗാന്ധി ഇന്ത്യൻ സമാധാന സേനയെ അയച്ചത്. പക്ഷേ സമാധാനം നഷ്ടമായത് ഇന്ത്യയ്ക്കാണ്. പുലികളുടെ പകയിൽ ഇന്ത്യയ്ക്കു നഷ്ടമായത് ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയെയാണ്. എൽടിടിഇ ആസൂത്രണം ചെയ്ത ചാവേർ സ്ഫോടനത്തിലാണ് 1991 മേയ് 21ന് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. പാളിപ്പോയ സമാധാനക്കരാർ ഇന്ത്യയ്ക്കു സമ്മാനിച്ചത് തീരാനഷ്ടങ്ങൾ മാത്രം.
ഒന്നാം ഭാഗം: ക്ഷോഭമടങ്ങാതെ ലങ്ക; ‘അരി വില’ ഹർത്താൽ, കുടുംബവാഴ്ച
രണ്ടാം ഭാഗം: ബന്ദാരനായകെയെ വെടിവച്ചിട്ട ബുദ്ധസന്യാസി; ലങ്കയിൽ ‘സിംഹള മാത്രം’ എന്ന ദുർഭൂതം
മൂന്നാം ഭാഗം: ലങ്ക പിടിക്കാൻ മാർക്സിസം, ലെനിനിസം!
നാലാം ഭാഗം: ചോരവീണു കറുത്ത ആ ജൂലൈ; കൊളംബോ നടുങ്ങിയ ദിനങ്ങൾ, പുലികളുടെ കടന്നുവരവ്
∙ നാഥനില്ലാത്ത മരതകദ്വീപ് പരമ്പര തുടരുന്നു...
ബ്ലാക്ക് ജൂലൈ കലാപം എൽടിടിഇയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കളമൊരുക്കി. സിംഹളർക്കെതിരെയും സൈന്യത്തിനെതിരെയുമുള്ള നിരന്തര ആക്രമണങ്ങളിലൂടെ തമിഴ് വംശജർക്കിടയിൽ വീരപരിവേഷം നേടാൻ പ്രഭാകരനു കഴിഞ്ഞു. ധാരാളം തമിഴ് ചെറുപ്പക്കാർ എൽടിടിഇയിൽ ചേർന്നു. കടൽപുലികൾ (Sea Tigers) എന്ന നാവിക സേനയും സ്കൈ ടൈഗേഴ്സ് എന്ന വ്യോമസേനയും കരിമ്പുലികൾ എന്ന ചാവേർ സേനയും ഉണ്ടായിരുന്ന എൽടിടിഇ, സ്വന്തമായി വ്യോമസേന ഉണ്ടായിരുന്ന ലോകത്തിലെ ഏക തീവ്രവാദി സംഘടനയായി. എൽടിടിഇയുടെ അധികാരമേഖലയിൽ പൊലീസ്, കോടതി, ബാങ്ക് തുടങ്ങിയവയും ഉണ്ടായിരുന്നു.
എൽടിടിഇയുടെ ആക്രമണങ്ങളിൽ ഭൂരിഭാഗവും നടത്തിയത് പുരുഷൻന്മാരും സ്ത്രീകളുമടങ്ങുന്ന ചാവേറുകളാണ്. ഒളിവു ജീവിതത്തിനിടയിൽ പ്രഭാകരൻ 1984ൽ വിവാഹം കഴിച്ചു. മൂന്നു കുട്ടികളുടെ പിതാവുമായി. ഭാര്യ മതിവദനി, മക്കൾ ചാൾസ് ആന്റണി, ദ്വാരക, ബാലചന്ദ്രൻ. പ്രഭാകരൻ വിവാഹിതനാകുന്നതുവരെ എൽടിടിഇ കേഡർമാർക്ക് വിവാഹം കഴിക്കുവാൻ അനുമതി ഉണ്ടായിരുന്നില്ല. പ്രഭാകരന്റെ വിവാഹത്തോടെയാണ് ആ നിയമം മാറിയത്.
∙ മറ്റു സംഘടനകളെ വേട്ടയാടിയ പുലികൾ
മറ്റു തമിഴ് തീവ്രവാദി സംഘടനകളെ പ്രഭാകരൻ അസഹിഷ്ണതയോടെയാണ് കണ്ടിരുന്നത്. എൽടിടിഇ കഴിഞ്ഞാൽ ഏറ്റവും വലിയ തീവ്രവാദ സംഘടനയായിരുന്ന ടെലോയ്ക്ക് തമിഴർക്കിടയിൽ അത്യാവശ്യം വേരോട്ടമുണ്ടായിരുന്നു. വിദേശത്തുള്ള തമിഴർ ഏറ്റവുമധികം സംഭാവന നൽകിയിരുന്നതും ടെലോയ്ക്കായിരുന്നു. ടെലോയെ ഉന്മൂലനം ചെയ്യാൻ തീരുമാനിച്ച പ്രഭാകരൻ നിരന്തരം ആക്രമണം തുടങ്ങി. നൂറുകണക്കിന് ടെലോ കേഡർമാർ ഷെല്ലാക്രമണങ്ങളിലും വെടിവയ്പ്പിലും മരിച്ചു വീണു. അവശേഷിച്ചവർ ഓടിയൊളിച്ചു. രക്ഷപ്പെട്ടവരിൽ പലരും മറ്റ് തമിഴ് തീവ്രവാദ സംഘടനകളിൽ അഭയം പ്രാപിച്ചു. ടെലോയുടെ പ്രധാന നേതാവ് ശ്രീശബരത്നം എൽടിടിഇ നേതാവ് സദാശിവം കൃഷ്ണകുമാർ എന്ന കിട്ടുവിന്റെ വെടിയേറ്റ് മരിച്ചു.
ഈഴം പീപ്പിൾ ലിബറേഷൻ ഫ്രണ്ട് (EPRLF), ഈഴം റവല്യൂഷണറി ഓർഗനൈസേഷൻ ഓഫ് സ്റ്റുഡന്റസ് (EROS), പീപ്പിൾസ് ലിബറേഷൻ ഓർഗനൈസേഷൻ ഓഫ് തമിഴ് ഈഴം (PLOT) തുടങ്ങി മുപ്പതോളം വലുതും ചെറുതുമായ തമിഴ് വിമോചന സംഘടനകൾ ശ്രീലങ്കയിലുണ്ടായിരുന്നു. ഇവയിൽ പലതും പ്രഭാകരന്റെ ഭീഷണികൾക്ക് വഴങ്ങി എൽടിടിഇയിൽ ചേരുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്തു.
ജാഫ്ന മേഖലയിൽ പ്രഭാകരൻ പൂർണമായും പിടിമുറുക്കിയതോടെ 1987-ൽ ജയവർധനെ സർക്കാർ ജാഫ്നയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തി. മേഖലയിൽ കടുത്ത ഭക്ഷ്യക്ഷാമവും ഇന്ധനക്ഷാമവും മരുന്നു ക്ഷാമവും നേരിട്ടതോടെ ഇന്ത്യ ഇടപെട്ടു. എന്നാൽ ജയവർധനെ സർക്കാർ ഇന്ത്യയുടെ നിർദേശങ്ങൾ തള്ളിക്കളഞ്ഞു. അതോടെ തമിഴരുടെ ജീവൻ സംരക്ഷിക്കുവാൻ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങി.
ഭക്ഷ്യവസ്തുക്കളുമായി ശ്രീലങ്കൻ സമുദ്രാതിർത്തിയിലെത്തിയ ഇന്ത്യൻ കപ്പലുകളെ ശ്രീലങ്ക ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. അതോടെ ഇന്ത്യ നിലപാടു കടുപ്പിച്ചു. ഇന്ത്യൻ വിമാനങ്ങൾ ജാഫ്നയിൽ ഭക്ഷണപ്പൊതികൾ എയർസ്ട്രിപ് ചെയ്യുമെന്നും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. മിറാഷ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ഭക്ഷണവുമായി ഇന്ത്യൻ വിമാനങ്ങൾ ജാഫ്നയിൽ ഭക്ഷണം, മരുന്ന് തുടങ്ങിയവ എയർ ലിഫ്റ്റ് ചെയ്തു. ഇതിനെ ശ്രീലങ്ക ശക്തമായ ഭാഷയിൽ വിമർശിച്ചുവെങ്കിലും സൈനിക പ്രതിരോധത്തിനു മുതിർന്നില്ല.
∙ ഇടപെടാൻ ഇന്ത്യ
ബ്ലാക്ക് ജൂലൈ വംശഹത്യയ്ക്കും ഇന്ത്യൻ വിദേശകാര്യമന്ത്രി പി.വി. നരസിംഹറാവുവിന്റെ ശ്രീലങ്കൻ സന്ദർശനത്തിനു ശേഷവും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രീലങ്കൻ വിഷയത്തിൽ സമാധാനപരമായ പരിഹാരത്തിന് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ആ ചർച്ചകൾ സമ്പൂർണ പരാജയങ്ങൾ ആയിരുന്നു. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ സംസ്കാര ചടങ്ങുകൾക്കെത്തിയ ജയവർധനയുമായി നടത്തിയ ഹ്രസ്വമായ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ രാജീവ് ഗാന്ധി ശ്രീലങ്കൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരത്തിന് ചർച്ച തുടങ്ങണമെന്ന് നിർദേശിച്ചു.
സമാധാന ചർച്ചയ്ക്ക് പ്രഭാകരൻ സമ്മതിച്ചതോടെ ഇന്ത്യയുടെ മധ്യസ്ഥതയിൽ ശ്രീലങ്കയുടെയും തമിഴ്സംഘടനകളുടെയും നേതാക്കൾ ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിൽ 1985 ജൂലൈയിൽ രണ്ടു പ്രാവശ്യം ചർച്ചകൾ നടത്തി. തമിഴ് ഭാഷയ്ക്ക് ദേശീയ ഭാഷാപദവി നൽകുക, ശ്രീലങ്കയെ തമിഴരുടെ ജന്മഭൂമിയായി അംഗീകരിക്കുക, തമിഴ് ഭൂരിപക്ഷ മേഖലകളിൽ സ്വയംഭരണ പ്രവിശ്യകൾ രൂപീകരിക്കുക, സുരക്ഷാ സേനയിൽ തമിഴർക്ക് അർഹമായ പ്രാതിനിധ്യം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ തമിഴ് സംഘടനകൾ ഈ ചർച്ചകളിൽ മുന്നോട്ടുവച്ചു. എന്നാൽ സിംഹള ജനതയും ബുദ്ധമത പുരോഹിതരും എതിർക്കും എന്നു പറഞ്ഞ് ഈ ആവശ്യങ്ങളെ ലങ്കൻ സർക്കാർ നിരാകരിച്ചു.
തിംഫു ചർച്ചകളുടെ പരാജയം ശ്രീലങ്കയെ കൂടുതൽ സംഘർഷഭരിതമാക്കി. പ്രകോപിതരായ എൽടിടിഇ ആക്രമണങ്ങളുടെ മൂർച്ച കൂട്ടി. ശ്രീലങ്കയാകട്ടെ വളരെ അടുപ്പമുള്ള പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുടെ സഹായത്തോടെ കൂടുതൽ ആയുധങ്ങൾ സംഭരിക്കുകയും പ്രത്യാക്രമണങ്ങൾ ശക്തമാക്കുകയും ചെയ്തു. തീവ്രവാദികളെ നേരിടുന്നതിലുപരിയായി തമിഴ് വംശജരെ ഉന്മൂലനം ചെയ്യുവാൻ ശ്രീലങ്ക മുന്നിട്ടിറങ്ങിയതോടെ, വേണ്ടിവന്നാൽ ഇന്ത്യ നേരിട്ടിടപെടുമെന്ന് രാജീവ് ഗാന്ധി ജയവർധനെ സർക്കാരിന് മുന്നറിയിപ്പ് നൽകി.
തുടർന്ന് ജയവർധനെ സർക്കാർ ഇന്ത്യയുമായി ചർച്ചകൾക്ക് തയാറായി. സ്വയംഭരണ സംസ്ഥാനം, തമിഴ് ഭാഷയ്ക്ക് തുല്യപദവി തുടങ്ങി തമിഴരുടെ പ്രധാന ആവശ്യങ്ങളെല്ലാം ശ്രീലങ്കയ്ക്ക് അംഗീകരിക്കേണ്ടി വന്നു. കരാർ പ്രാബല്യത്തിൽ വന്നാലുടൻ തമിഴ് തീവ്രവാദികൾ ആയുധംവച്ച് കീഴടങ്ങണം. പകരം ശ്രീലങ്കൻ സേന ബാരക്കുകളിലേക്ക് പിൻവാങ്ങും. തീവ്രവാദികളെ നിരായുധരാക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ സൈന്യത്തിനായിരിക്കും. അതിനായി ഇന്ത്യൻ സമാധാന സേനയ്ക്ക് ശ്രീലങ്കയിൽ പ്രവേശിക്കുവാനുള്ള അനുമതി ശ്രീലങ്കൻ സർക്കാർ നൽകും.
∙ തള്ളി പ്രഭാകരൻ, സമാധാനത്തിനായി ഇന്ത്യ
കരാറിന്റെ കരട് തയാറായതോടെ രാജീവ് ഗാന്ധി ഇന്ത്യയിലെ തമിഴ് പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തിയ ശേഷം പ്രഭാകരനെ ഡൽഹിയിലേക്കു ക്ഷണിച്ചു. എൽടിടിഇ ഒഴികെയുള്ള സംഘടനകൾ അധികാരവികേന്ദ്രീകരണത്തിലൂന്നിയ സ്വയംഭരണ സംസ്ഥാനം എന്ന ആശയത്തിൽ തൃപ്തരായിരുന്നു. സ്വതന്ത്ര തമിഴ് ഈഴമല്ലാതെ ഒന്നിലും താൻ തൃപ്തനല്ലെന്നും തമിഴരെ നിരായുധരാക്കുന്നത് ആത്മഹത്യാപരമാണെന്നും പറഞ്ഞ പ്രഭാകരൻ കരാറിനെ തള്ളി. ഇന്ത്യൻ സൈന്യം ശ്രീലങ്കയിൽ പ്രവേശിക്കുന്നതിലും പ്രഭാകരന് വിയോജിപ്പുണ്ടായിരുന്നു. അതോടെ പ്രഭാകരനെ ഡൽഹിയിൽ നിർത്തിയശേഷം രാജീവ് ഗാന്ധി കരാർ ഒപ്പിടാൻ കൊളംബോയ്ക്ക് തിരിച്ചു.
ഇന്ത്യ –ശ്രീലങ്ക കരാർ നടപ്പിലാക്കേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമാണ് എന്ന തിരിച്ചറിവ് രാജീവ് ഗാന്ധിക്കുണ്ടായിരുന്നു. തമിഴരും സിംഹളരും സൗഹൃദത്തോടെ ജീവിക്കുന്ന ശ്രീലങ്ക ഇന്ത്യയുടെ നല്ല അയൽക്കാരാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ശ്രീലങ്കയുടെ യുദ്ധതന്ത്രപരമായ പ്രാധാന്യവും യുഎസ്, പാക്കിസ്ഥാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ശ്രീലങ്കൻ സർക്കാരിനെ പിന്തുണയ്ക്കുന്നതും രഹസ്യമായും പരസ്യമായും ആയുധങ്ങൾ നൽകുന്നതും ആശങ്കയോടെയാണ് ഇന്ത്യ കണ്ടിരുന്നത്. അക്കാലത്ത് ഇന്ത്യ യുഎസും ഇസ്രയേലുമായി ഊഷ്മള ബന്ധത്തിലായിരുന്നില്ല. പാക്കിസ്ഥാൻ ശ്രീലങ്കയെ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നതിലും ഇന്ത്യൻ സർക്കാരിന് ഉത്കണ്ഠയുണ്ടായിരുന്നു. ഏതെങ്കിലും ഒരു രാജ്യത്തിന് ശ്രീലങ്കയിൽ നാവികതാവളം അനുവദിച്ചാലുള്ള സുരക്ഷാ ഭീഷണിയും ഇന്ത്യയ്ക്ക് അറിയാമായിരുന്നു.
പ്രഭാകരൻ ഒരു ഏകാധിപതിയെപോലെ പ്രവർത്തിക്കുന്നതിൽ ഇന്ത്യക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഇന്ത്യൻ പരിശീലനവും ആയുധങ്ങളും ലഭിക്കുമ്പോഴും തന്റെ പല പദ്ധതികളും പ്രഭാകരൻ രഹസ്യമായി നടപ്പിലാക്കുമായിരുന്നു. സ്വതന്ത്ര തമിഴ് ഈഴ സ്ഥാപനത്തിനുശേഷം തമിഴ്നാടുമായി ബന്ധിപ്പിച്ചുകൊണ്ട് വിശാല തമിഴ് ഈഴമാണ് പ്രഭാകരന്റെ ലക്ഷ്യമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെയും ഇന്ത്യൻ സർക്കാർ വിശ്വാസത്തിലെടുത്തിരുന്നു. 1987 ജൂലൈ 29ന്, പ്രഭാകരന്റെ എതിർപ്പുകൾ നിലനിൽക്കെത്തന്നെ രാജീവ് ഗാന്ധിയും ജയവർധനെയും ഇന്ത്യ - ശ്രീലങ്ക കരാറിൽ ഒപ്പിട്ടു. ഈ കരാറിനോട് സിംഹള ഭൂരിപക്ഷത്തിനും കടുത്ത എതിർപ്പുകൾ ഉണ്ടായിരുന്നു. തമിഴർക്ക് നൽകുന്ന അവകാശങ്ങളെ അവർ അസഹ്ഷ്ണുതയോടെയാണ് കണ്ടത്. ഇന്ത്യൻ സേന ശ്രീലങ്കയിൽ ഇറങ്ങുന്നതിനോടും സിംഹളർക്ക് രോഷമുണ്ടായിരുന്നു. ഇന്ത്യ ശ്രീലങ്കയിൽ അധിനിവേശം നടത്തുന്നു എന്ന പ്രചാരണവുമുണ്ടായി.
ജൂലൈ 30ന് കൊളംബോയിൽ ശ്രീലങ്കൻ നാവിക സേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതിനിടെ വിജിതമുനി രോഹന ഡിസിൽവ എന്ന സൈനികൻ രാജീവിനെ തോക്കിന്റെ പാത്തികൊണ്ട് അടിക്കാൻ ശ്രമിച്ചു. രാജീവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടുവെങ്കിലും ഈ വധശ്രമം ഇന്ത്യയെയും ലോകരാജ്യങ്ങളെയും ഞെട്ടിച്ചു. ഇന്ത്യ - ശ്രീലങ്ക കരാറിനോടുള്ള എതിർപ്പായിരുന്നു വിജിതയെ ആക്രമണത്തിനു പ്രേരിപ്പിച്ചത്.
∙ പോയത് സമാധാനത്തിന്, കാത്തിരുന്നത് യുദ്ധം
കരാറനുസരിച്ച് തമിഴ് തീവ്രവാദ സംഘടനകളെ നിരായുധീകരിക്കാൻ ലങ്കയിലെത്തിയ ഇന്ത്യൻ സമാധാന സേനയ്ക്ക് എൽടിടിഇ വെല്ലുവിളിയായി. അവരുടെ ആയുധ ശേഷിയും പ്രഹരശേഷിയും ഇന്ത്യ നൽകിയ പരിശീലനത്തിനുമപ്പുറമായിരുന്നു. എൽടിടിഇ കീഴടങ്ങാൻ തയാറല്ലെന്നു പ്രഖ്യാപിച്ചതോടെ ഇന്ത്യൻ സമാധാന സേനയ്ക്ക് ബലം പ്രയോഗിക്കേണ്ടിവന്നു. അത് ഫലത്തിൽ ഇന്ത്യയും എൽടിടിഇയും തമ്മിലുള്ള യുദ്ധമായി. ശ്രീലങ്കൻ സേന തൽക്കാലം കാഴ്ചക്കാരുടെ റോളിലേക്കു മാറി.
എൽടിടിഇയുടെ അധീനതയിൽനിന്നു ജാഫ്ന പിടിച്ചെടുക്കുവാൻ ഇറങ്ങിത്തിരിച്ച ഇന്ത്യൻ സമാധാനസേനയെ കാത്തിരുന്നത് മൈനുകളും ചാവേറുകളുമായിരുന്നു. 1987 ഒക്ടോബർ 9ന് പുലികളുമായി ഇന്ത്യൻ സമാധനസേന യുദ്ധം ആരംഭിക്കുമ്പോൾ ഇന്ത്യ സൈനികർ വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. പുലികളുടെ റേഡിയോ, ടിവി നിലയങ്ങൾ ഇന്ത്യൻ സേന പിടിച്ചെടുക്കുകയും ഇരുന്നൂറിൽ പരം പുലികളെ തടവിലാക്കുകയും ചെയ്തു. എന്നാൽ പിന്നീട് പുലികളുടെ ഗറില്ലാ പോരാട്ടവീര്യം ഇന്ത്യൻ സൈന്യം നേരിട്ട് അറിയുകയായിരുന്നു.
പ്രതീക്ഷിച്ച സമയ പരിധിക്കുള്ളിൽ മുന്നേറുവാനായില്ലെങ്കിലും നിരവധി സൈനികരുടെ ജീവത്യാഗങ്ങളിലൂടെയും കടുത്ത യുദ്ധത്തിലൂടെയും ജാഫ്ന ഏകദേശം പൂർണമായിതന്നെ ഇന്ത്യൻ സമാധാനസേന കീഴടക്കി. എന്നാൽ ഭൂരിപക്ഷം എൽടിടിഇ പോരാളികളെയും പിടികൂടാനായില്ല. യുദ്ധത്തിൽ തോൽക്കുമെന്നായപ്പോൾ സൈനികശേഷിയും ആൾശേഷിയും കൂടുതൽ നഷ്ടപ്പെടാതിരിക്കാൻ അവർ ഉൾക്കാടുകളിലേക്ക് പിൻവാങ്ങി. പിന്നീട് വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവയിൽ ഒന്നും രണ്ടും പുലികൾ മാത്രം ഇരച്ചുകയറി ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ അവിടേക്കെത്തിച്ച ശേഷം സിവിലിയന്മാരെ മറയാക്കി ഒളിയാക്രമണം നടത്തുക എന്നതായിരുന്നു പുലികൾ പുറത്തെടുത്ത തന്ത്രം.
ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും ഇന്ത്യൻ സമാധാനസേനയ്ക്ക് പുലികളെ കീഴടക്കുവാനായി അവർ ഒളിച്ചിരിക്കുന്ന വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലേക്ക് അതിക്രമിച്ച് കടക്കേണ്ടതായിവന്നു. ഇതോടെ ഇന്ത്യൻ സൈന്യം സിവിലിയന്മാരെ ആക്രമിക്കുന്നു എന്ന ആരോപണം എൽടിടിഇ അനുകൂലികൾ പ്രചരിപ്പിച്ചു. ഇന്ത്യൻ സൈനികരെ ഏറെ മാനസിക സമ്മർദ്ദത്തിലാക്കിയ ആരോപണമായിരുന്നു ഇത്. പുലികളുടെ ഈ തന്ത്രം വിജയിച്ചതോടെ തമിഴ് വംശജരിൽ ഒരു വിഭാഗം ഇന്ത്യൻ സമാധാനസേന ജാഫ്ന വിടണമെന്ന് ആവശ്യപ്പെട്ടുതുടങ്ങി. യുദ്ധത്തിൽ പരമാവധി തോറ്റുനിൽക്കുന്ന എൽടിടിഇയുടെ തന്ത്രമായിരുന്നു ശ്രീലങ്കൻ തമിഴ് വംശജരെയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ എത്തിയ ഇന്ത്യൻ സമാധാനസേനയെയും രണ്ടു ധ്രുവങ്ങളിലാക്കുക എന്നത്.
ഇന്ത്യ ശ്രീലങ്കയിൽ അധിനിവേശമാണ് നടത്തിയത് എന്ന് വിശ്വസിച്ചിരുന്ന സിംഹള ഭൂരിപക്ഷവും തമിഴ് വംശജരിൽ ഒരു വിഭാഗവും ഇന്ത്യൻ സമാധാന സേന ശ്രീലങ്ക വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്ന അവസരത്തിലാണ് 1989ൽ ജയവർധനെയെ തുടർന്ന് രണ സിംഗെ പ്രേമദാസ ശ്രീലങ്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്. ഇന്ത്യൻ സൈനിക ഇടപെടലിനെ തുടക്കം മുതലേ ശക്തമായി എതിർത്തിരുന്ന പ്രേമദാസ സേനയെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് സമ്മർദ്ദം നൽകുവാനായി ശ്രീലങ്കൻ സൈന്യത്തോട് പുലികൾക്ക് ആയുധമെത്തിച്ചു കൊടുക്കുവാനുള്ള രഹസ്യ പദ്ധതിയും അദ്ദേഹം നടപ്പിലാക്കിയതായി പറയപ്പെടുന്നു. ക്ഷണിച്ചു വരുത്തിയ ഇന്ത്യയോട് പ്രേമദാസ നടത്തിയ വഞ്ചനാപരമായ ഈ രഹസ്യ നീക്കം സത്യമായിരുന്നുവെന്ന് ശ്രീലങ്കൻ പ്രസിഡൻഷ്യൽ കമ്മിഷൻ പിൽക്കാലത്ത് നടത്തിയ അന്വേഷണത്തിൽ വ്യക്തമാവുകയും ചെയ്തു.
1989ൽ രാജീവ്ഗാന്ധിക്കു ശേഷം വി.പി.സിങ് അധികാരത്തിൽ വന്നതിനെ തുടർന്ന് പ്രേമദാസയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഇന്ത്യൻ സമാധാനസേനയെ ശ്രീലങ്കയിൽനിന്നു നിരുപാധികം പിൻവലിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ - ശ്രീലങ്ക കരാറും സ്തംഭനാവസ്ഥയിലായി. 32 മാസം നീണ്ടു നിന്ന യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 1200ൽപ്പരം സൈനികരെയാണ്. 3000ത്തിലധികംപേർക്ക് പരുക്കേറ്റു. സാമ്പത്തിക നഷ്ടം വേറെയും. 5000ത്തിലധികം സിവിലിയന്മാർക്കും ജീവഹാനി നേരിട്ടു. എത്ര പുലികൾ കൊല്ലപ്പെട്ടു എന്നതിന് വ്യക്തമായ കണക്കുകൾ ലഭ്യമല്ലായിരുന്നു. ശ്രീലങ്കയിൽ സമാധാനവും ഇന്ത്യയ്ക്ക് സുരക്ഷിതത്വവും എന്ന സംശുദ്ധ ലക്ഷ്യവുമായാണ് രാജീവ് ഗാന്ധി ഇന്ത്യ-ശ്രീലങ്ക കരാറിന് പച്ചക്കൊടികാട്ടിയത്. ശ്രീലങ്കൻ സിംഹളരും തമിഴരും ശത്രുക്കളായതിനൊപ്പം ഇന്ത്യ സൈനികരെ ശ്രീലങ്കയിലേക്ക് അയച്ചതിന് ഇന്ത്യൻ ജനതയിൽ നിന്നും ഒരു വിഭാഗത്തിന്റെ എതിർപ്പും അദ്ദേഹത്തിന് നേരിടേണ്ടിവന്നു.
∙ ജയവർധനെയുടെ കെണി?
ഇന്ത്യ - ശ്രീലങ്ക കരാർ സമയത്ത് ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന ജയവർധനെ ഇന്ത്യയ്ക്കൊരുക്കിയ കെണിയാണ് ഇന്ത്യ - ശ്രീലങ്കൻ കരാറെന്ന വാദവും അക്കാലത്ത് ഉയർന്നിരുന്നു. ജനത വിമുക്തി പെരുമന എന്ന തീവ്രവാദ സംഘടന ജയവർധനയുടെ ഭരണകാലത്ത് തെക്കൻ ശ്രീലങ്കയിൽ വീണ്ടും സജീവമായി. വടക്കുഭാഗത്തുള്ള എൽടിടിഇയെയും തെക്കുള്ള പെരുമന തീവ്രവാദികളെയും ഒരേസമയം നേരിടുവാനുള്ള സൈനിക ശേഷി ശ്രീലങ്കയ്ക്ക് ഇല്ലായിരുന്നു.
എൽടിടിഇ സ്വതന്ത്ര ഈഴത്തിൽ കുറഞ്ഞൊന്നിനും വഴങ്ങില്ലെന്നും ഇന്ത്യ - ശ്രീലങ്ക കരാർ പരാജയമാകുമെന്നും ജയവർധനയ്ക്ക് അറിയാമായിരുന്നു. ഇന്ത്യൻ സേന ശ്രീലങ്കയിലിറങ്ങുന്നതോടെ പുലികൾ ഇന്ത്യയ്ക്കെതിരെ തിരിയും, യുദ്ധം പുലികളും ഇന്ത്യയും തമ്മിലാകും. ഇന്ത്യയും ശ്രീലങ്കൻ തമിഴരുമായുള്ള സൗഹൃദം ഇതോടെ തകരും. ഇന്ത്യൻ സേന തമിഴ് മേഖലയിലെത്തുന്നതോടെ ശ്രീലങ്കൻ സേനയ്ക്ക് അവിടെനിന്നു പിൻവാങ്ങി പെരുമന തീവ്രവാദികളെ അടിച്ചമർത്തുവാനും കഴിയും. ഇതൊക്കെയായിരുന്നു ജയവർധനയുടെ ലക്ഷ്യമെന്ന് അന്നു ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.
ഇന്ത്യൻ സേന ശ്രീലങ്കയിൽനിന്നു പിൻവാങ്ങിയെങ്കിലും രാജീവ് ഗാന്ധിയോടുള്ള പുലിപ്പകയ്ക്ക് ശമനമൊന്നുമുണ്ടായില്ല. തന്റെ തമിഴ് ഈഴം സ്വപ്നങ്ങൾക്ക് രാജീവ് ഗാന്ധിയും ഇന്ത്യൻ സമാധാനസേനയും നൽകിയ തിരിച്ചടികൾ പൊറുക്കുവാൻ പ്രഭാകരൻ സന്നദ്ധനല്ലായിരുന്നു. തമിഴ് പുലികളെ നിരായുധരാക്കുവാൻ വേണ്ടിയുള്ള ജയവർധനെയുടെ തന്ത്രങ്ങൾക്ക് രാജീവ് ഗാന്ധി കൂട്ടുനിൽക്കുകയായിരുന്നു എന്ന് പ്രഭാകരൻ ഉറച്ചു വിശ്വസിച്ചു. 1989ലെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയിൽ രാജീവ് ഗാന്ധി എൽടിടിഇയ്ക്ക് എതിരെ നടത്തിയ പരാമർശങ്ങൾ പ്രഭാകരന്റെ പക വർധിപ്പിച്ചു. രാജീവ് ഗാന്ധി വീണ്ടും അധികാരത്തിൽ വരുകയാണെങ്കിൽ അതു തന്റെയും എൽടിടിഇയുടെയും നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന് ഭയന്ന പ്രഭാകരൻ തന്റെ ആവനാഴിയിലെ ഏറ്റവും പ്രധാന ആയുധം തന്നെ പുറത്തെടുക്കുവാൻ തീരുമാനിച്ചു. ചാവേറുകളെ ഉപയോഗിച്ച് രാജീവ് ഗാന്ധിയെ വധിക്കുക.
∙ ഇന്ത്യയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവ്
പ്രഭാകരന്റെ വിശ്വസ്ത അനുയായികളിലൊരാളായ ശിവരശന്റെ നേതൃത്വത്തിൽ ഒൻപതംഗ സംഘം കടൽമാർഗം ചെന്നൈയിലെത്തി. ധനു എന്ന തേന്മൊഴി രാജരത്നമായിരുന്നു ചാവേർ. രാജീവ് ഗാന്ധി തിരഞ്ഞെടുപ്പു പര്യടനത്തിനു വരാൻ സാധ്യതയുള്ള പല സ്ഥലങ്ങളും പരിഗണിച്ച ശേഷം ശ്രീപെരുംപുത്തൂരാണ് അവർ തിരഞ്ഞെടുത്തത്. ശ്രീപെരുംപുത്തൂരിൽ ചാവേർ സ്ഫോടനം പഴുതുകളില്ലതെ നടത്തുന്നതിനായി ബോംബുപയോഗിക്കാതെ രണ്ട് ട്രയലുകൾ പ്ലാൻ ചെയ്തു. ആദ്യത്തേത് 1991 ഏപ്രിൽ 21 ന് മറീന ബീച്ചിൽവച്ചായിരുന്നു. രാജീവ് ഗാന്ധിയും ജയലളിതയും പങ്കെടുത്ത യോഗത്തിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ ട്രയൽ നടത്തുവാൻ ശിവരശനും ധനുവിനും കഴിഞ്ഞു. രണ്ടാമത്തെ ട്രയൽ മേയ് 21ന് ആയിരുന്നു. അന്ന് ഇന്ത്യൻ പ്രധാനമന്ത്രി വി.പി.സിങ്ങും കരുണാനിധിയും പങ്കെടുത്ത യോഗത്തിലാണ് ട്രയൽ നടത്തിയത്.
1991 മേയ് 21നു രാത്രി 10.10 നാണ് രാജീവ് ശ്രീപെരുംപുത്തൂരിലെ യോഗവേദിലെത്തിയത്. ആയിരക്കണക്കിന് അണികൾ കാത്തുനിന്നിരുന്ന വേദിയിൽ രാജീവ് ഗാന്ധിക്ക് സുരക്ഷ ഒരുക്കിയിരുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും 250ൽപ്പരം പൊലീസുകാരുമായിരുന്നു. അണികളുടെ പുഷ്പഹാരങ്ങൾ സ്വീകരിച്ചും ഹസ്തദാനം നൽകിയും രാജീവ് വേദിയിലേക്കു പോകുമ്പേോൾ ധനു രാജീവിനെ ചന്ദനമാല അണിയിക്കാനെന്ന മട്ടിൽ അടുത്തി. ധനുവിനെ തടയാൻ ശ്രമിച്ച വനിതാ എസ്ഐയെ രാജീവ് പിന്തിരിപ്പിച്ചു. രാജീവിന്റെ കാലിൽ തൊട്ടുതൊഴാനെന്ന പോലെ കുനിഞ്ഞ ധനു ബെൽറ്റ് ബോംബിന്റെ സ്വിച്ചമർത്തി സ്ഫോടനം നടത്തി.
പ്രധാനമന്ത്രി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും ശ്രീലങ്കയ്ക്ക് സമാധാനവും ഇന്ത്യയ്ക്ക് സുരക്ഷിതത്വവും എന്ന ആശയത്തിൽ ഉറച്ച് നിന്നതാണ് രാജീവ് ഗാന്ധിയുടെ ജീവനെടുത്തത്. ഇന്ത്യ-ശ്രീലങ്ക കരാറിൽ ഒപ്പിട്ടില്ലായിരുന്നുവെങ്കിൽ രാജീവ് വധിക്കപ്പെടില്ലായിരുന്നു എന്നാണ് രാജീവ് ഗാന്ധി വധത്തെപ്പറ്റി പഠിച്ച പല നിരീക്ഷകരുടെയും വിലയിരുത്തൽ.
(പരമ്പര തുടരും)
English Summary: Sri Lanka Economic Crisis and the History of the Island - Special Web Series-5
(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)