പിങ്ക് സൺഗ്ലാസ് ധരിച്ച്, ആഭരണങ്ങൾ വാരിച്ചുറ്റി, സിൽക്ക് സാരി ധരിച്ച്, പെർഫ്യൂം ഗന്ധം പരത്തി നടക്കുന്ന ആ വനിതയെ എല്ലാവരും നോക്കിയിരുന്നത് കൗതുകത്തോടെയായിരുന്നു. തനിക്കു നേരെ വരുന്ന കണ്ണുകളോട്, അത് ആണിന്റെയാണെങ്കിലും പെണ്ണിന്റെയാണെങ്കിലും റുക്സാനയ്ക്ക് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ– ‘‘എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്റെ ആഭരണങ്ങൾ. എന്റെ യഥാർഥ വ്യക്തിത്വം മറച്ച് ഞാൻ എന്തിനു ജീവിക്കണം?’’.. Rukhsana

പിങ്ക് സൺഗ്ലാസ് ധരിച്ച്, ആഭരണങ്ങൾ വാരിച്ചുറ്റി, സിൽക്ക് സാരി ധരിച്ച്, പെർഫ്യൂം ഗന്ധം പരത്തി നടക്കുന്ന ആ വനിതയെ എല്ലാവരും നോക്കിയിരുന്നത് കൗതുകത്തോടെയായിരുന്നു. തനിക്കു നേരെ വരുന്ന കണ്ണുകളോട്, അത് ആണിന്റെയാണെങ്കിലും പെണ്ണിന്റെയാണെങ്കിലും റുക്സാനയ്ക്ക് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ– ‘‘എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്റെ ആഭരണങ്ങൾ. എന്റെ യഥാർഥ വ്യക്തിത്വം മറച്ച് ഞാൻ എന്തിനു ജീവിക്കണം?’’.. Rukhsana

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിങ്ക് സൺഗ്ലാസ് ധരിച്ച്, ആഭരണങ്ങൾ വാരിച്ചുറ്റി, സിൽക്ക് സാരി ധരിച്ച്, പെർഫ്യൂം ഗന്ധം പരത്തി നടക്കുന്ന ആ വനിതയെ എല്ലാവരും നോക്കിയിരുന്നത് കൗതുകത്തോടെയായിരുന്നു. തനിക്കു നേരെ വരുന്ന കണ്ണുകളോട്, അത് ആണിന്റെയാണെങ്കിലും പെണ്ണിന്റെയാണെങ്കിലും റുക്സാനയ്ക്ക് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ– ‘‘എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്റെ ആഭരണങ്ങൾ. എന്റെ യഥാർഥ വ്യക്തിത്വം മറച്ച് ഞാൻ എന്തിനു ജീവിക്കണം?’’.. Rukhsana

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോൾ സഞ്ജയ് ഗാന്ധി റുക്സാന സുൽത്താന എന്ന മാദക സുന്ദരിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു’’– നിയമസഭയിലായിരുന്നു മന്ത്രി വി.എൻ.വാസവന്റെ ഈ പ്രസ്താവന. സഭാ സമ്മേളനത്തിനിടെ കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. സഞ്ജയ് ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ആ വാക്കുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്നായിരുന്നു ഡപ്യൂട്ടി സ്പീക്കറുടെ മറുപടി. അതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. പ്രതിപക്ഷത്തോടൊപ്പം ആ പേരും സഭയ്ക്കു പുറത്തെത്തി, റുക്‌സാന സുൽത്താന! ആരാണിവർ? എന്താണിവർക്ക് ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുമായുള്ള ബന്ധം? വാസവന്റെ വിവാദ പ്രസ്താവനയ്ക്കു പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ? അടിയന്തരാവസ്ഥക്കാലം ഓർമയിൽ ഇന്നും ഇരുളായി നിൽക്കുന്നവർക്ക് മറക്കാനാകില്ല റുക്സാനയെന്ന പേര്. പക്ഷേ പുതു തലമുറയിലെ വലിയൊരു വിഭാഗം പരസ്പരം ചോദിച്ചു. ആരാണീ റുക്സാന? അക്കാലത്തുണ്ടായിരുന്ന ഹിന്ദി നടിയാണോയെന്നു വരെ സമൂഹമാധ്യമങ്ങളിൽ ചോദ്യമുയർന്നു. പക്ഷേ റുക്സാന നടിയായിരുന്നില്ല, മറിച്ച് ഒരു നടിയുടെ ബന്ധുവായിരുന്നു. 1940കളിലും ’50കളിലും ബോളിവുഡിലെ നിറസാന്നിധ്യമായിരുന്ന നടി ബീഗം പാരായുടെ സഹോദരീ പുത്രി (2007ൽ സഞ്ജയ് ലീല ബൻസാലിയുടെ ‘സാവരിയ’ ചിത്രത്തിൽ നായിക സോനംകപൂറിന്റെ മുത്തശ്ശിയായി അഭിനയിച്ച കഥാപാത്രമാണ് ബീഗം. അതായിരുന്നു അവരുടെ അവസാന ചിത്രവും). നടിയായിരുന്നില്ലെങ്കിലും സുന്ദരിയായിരുന്നു സുൽത്താന. ആ സൗന്ദര്യം, ഇന്ദിരയുടെ തണലിൽ രാഷ്ട്രീയ രംഗത്ത് ഉയർന്നുവന്നുകൊണ്ടിരുന്ന സഞ്ജയ് ഗാന്ധിയുടെ അടുപ്പക്കാരിയും വിശ്വസ്തയുമായി മാറാൻ അവർക്ക് തുണയായി. ആ കഥയാണ് ഇനി...

∙ ജലന്ധറിൽനിന്ന് ഡൽഹിയിലേക്ക്...

ADVERTISEMENT

സെറീന സുൽത്താനയുടെയും മോഹൻ ബിംബറ്റിന്റെയും മകളായി പഞ്ചാബിലെ ജലന്ധറിലായിരുന്നു റുക്സാനയുടെ ജനനം. മീനു ബിംബറ്റ് എന്നായിരുന്നു ആദ്യകാല പേര്. സിഖ് വംശജനായ ശിവിന്ദർ സിങ് വിർക്കിനെ വിവാഹം ചെയ്തു. ഇന്ത്യൻ ആർമിയിൽ ജനറലായിരുന്ന വിർക്കിനെ തന്റെ കോളജ് പഠനകാലത്താണ് റുക്സാന പരിചയപ്പെട്ടതും പിന്നീട് വിവാഹിതരായതും. പിന്നീട് പ്രശസ്ത നടിയായിത്തീർന്ന അമൃത സിങ് ആണ് ഈ ദമ്പതിമാരുടെ മകൾ. റുക്സാനയുടെയും വിർക്കിന്റെയും വിവാഹ ജീവിതം അധിക നാൾ നീണ്ടു നിന്നില്ല. വിവാഹമോചനം നേടി ഡൽഹിയിലെത്തിയ റുക്സാന അവിടെ ജീവിതം ആരംഭിച്ചു.

ബീഗം പാരാ (‘ലൈഫ്’ മാഗസിൻ പ്രസിദ്ധീകരിച്ച ഫോട്ടോ/wikimedia Commons)

അതിനിടെ 1975 ജൂൺ 25ന് ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. സഞ്ജയ് ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമാകുന്നതും ഇക്കാലത്തായിരുന്നു. വിശ്വസ്തരിൽനിന്നുൾപ്പെടെ കനത്ത തിരിച്ചടിയേറ്റ അവസ്ഥയിലിരിക്കെയായിരുന്നു ഇന്ദിരയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം. പക്ഷേ സഞ്ജയ് ഗാന്ധിയെ ഇന്ദിര പൂർണമായും വിശ്വസിച്ചു. അങ്ങനെ ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടില്ലാത്ത സഞ്ജയ് ഗാന്ധിയായിരുന്നു അടിയന്തരാവസ്ഥാക്കാലത്ത് കേന്ദ്ര സർക്കാരിന്റെ പല നിർണായക തീരുമാനങ്ങളും എടുത്തിരുന്നത്.

∙ പ്രധാനമന്ത്രിയുടെ ഓഫിസോ വീടോ..!

സഞ്ജയ് ഗാന്ധി കോൺഗ്രസിൽ ശക്തനായതോടെ പ്രധാനമന്ത്രിയുടെ ഓഫിസിനു സമാന്തരമായി പ്രവർത്തിക്കുന്ന ഒരു സംഘം പാർട്ടിയിൽ രൂപപ്പെട്ടു. ചെറുതാണെങ്കിലും അതീവ സ്വാധീന ശേഷിയുള്ളതായിരുന്നു ആ സംഘം. രാഷ്ട്രീയവുമായി ബന്ധമുള്ളതും യാതൊരു ബന്ധമില്ലാത്തവരുടേതുമായ ഒരു കോക്കസ്. പ്രധാനമന്ത്രി ഇന്ദിരഗാന്ധിക്കു പോലും അറിവില്ലായിരുന്നു മകൻ തന്റെ പേരിൽ നടത്തുന്ന നീക്കങ്ങളെന്നാണു പറയപ്പെടുന്നത്. അതിൽ സുപ്രധാനമായത്, ഇന്ദിരഗാന്ധിയുടെ വസതിയിൽ സഞ്ജയ് ഗാന്ധിയുടെ മുറിയിൽ ഒരു പ്രത്യേക ഫോൺലൈൻ വന്നുവെന്നതായിരുന്നു. അതിലൂടെയായിരുന്നു ഇന്ദിരയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ആർ.കെ.ധവാൻ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ഡൽഹി പൊലീസ് കമ്മിഷണറെയും ലഫ്. ഗവർണറെയുമെല്ലാം നിരന്തരം വിളിച്ചിരുന്നത്. കോൺഗ്രസിലെയും സർക്കാരിലെയും നേതാക്കള്‍ക്കും ഉദ്യോഗസ്ഥർക്കുമെല്ലാം ആ ഫോണിൽനിന്ന് കോളുകൾ പാഞ്ഞു. എല്ലാം സഞ്ജയ് ഗാന്ധിക്കു വേണ്ടിയോ അദ്ദേഹം പറഞ്ഞിട്ടോ ആയിരുന്നു.

സഞ്ജയ് ഗാന്ധി (ചിത്രം: AFP)
ADVERTISEMENT

പ്രധാനമന്ത്രിയുടെ ഓഫിസിനു പകരം പ്രധാനമന്ത്രിയുടെ വീട്ടിൽനിന്ന് തീരുമാനങ്ങളെടുക്കപ്പെട്ട കാലം എന്നാണ് രാഷ്ട്രീയ ചരിത്രകാരന്മാർ ഇതിനെ വിശേഷിപ്പിക്കുന്നത്. ആർ.കെ.ധവാനെപ്പോലുള്ള കൂടുതൽ ‘സുഹൃത്തുക്കളെ’ ഈ സമയത്താണ് സഞ്ജയ് ഗാന്ധി കണ്ടെത്തുന്നത്. ഹരിയാനയിൽനിന്ന് ബൻസി ലാൽ, മധ്യപ്രദേശിൽനിന്ന് വിദ്യ ചരൺ ശുക്ല, അംബിക സോണി എന്നിവർക്കൊപ്പം ഇക്കാലത്തുതന്നെയാണ് സഞ്ജയ്‌യുടെ സൗഹൃദവലയത്തിലേക്കുള്ള റുക്സാനയുടെ വരവ്. അംബികയും റുക്സാനയും പിൽക്കാലത്ത് പരസ്പരം കണ്ടാൽ തല്ലുമെന്ന മട്ടിലേക്ക് കാര്യങ്ങളെത്തിയിരുന്നു. ബൻസി ലാലാകട്ടെ ഏതു പ്രവർത്തനത്തിനും ഒപ്പം നിൽക്കുംവിധം സഞ്ജയ് ഗാന്ധിയുടെ ഏറെ അടുപ്പക്കാരനും. അംബികയും റുക്സാനയും ഒഴികെ ‘സഞ്ജയ് സംഘ’ത്തിലെ മറ്റുള്ളവരെല്ലാം ഒരുമിച്ചുനിന്നായിരുന്നു പ്രവർത്തനം, അവർക്കെല്ലാം സ്വന്തം ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നു മാത്രം. റുക്സാനയ്ക്കുൾപ്പെടെ...!

∙ റുക്സാനയും വന്ധ്യംകരണവും!

ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ റുക്സാനയ്ക്ക് ഒരു ബൊട്ടീക് ഉണ്ടായിരുന്നു. അവിടെ വച്ചുതന്നെ കമ്മിഷൻ വ്യവസ്ഥയിൽ അവർ വൻകിട വജ്രാഭരണങ്ങളുടെ ചില്ലറ വിൽപനയും നടത്തിപ്പോന്നു. ആയിടെയാണ് സഞ്ജയ് ഗാന്ധിയുമായി ഇവർ കൂടിക്കാഴ്ച നടത്തുന്നത്. ആ അവസരം അവർ ശരിക്കും മുതലെടുത്തു. സഞ്ജയ്‌യുടെ നേതൃത്വപാടവം തന്നെ ഏറെ ആകർഷിച്ചെന്നു പറഞ്ഞ അവർ, പാർട്ടിക്കു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കാൻ തയാറാണെന്നും വ്യക്തമാക്കി. അവരത‌ു പക്ഷേ വെറുതെ പറഞ്ഞതായിരുന്നില്ല.

ഇന്ദിര ഗാന്ധി (ചിത്രം: AFP)

അടിയന്തരാവസ്ഥാക്കാലത്ത് രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഇന്ദിര ഇരുപതിന പദ്ധതിയൊരുക്കിയിരുന്നു. ഇതോടൊപ്പം സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പദ്ധതി കൂടി ചേർത്തു. സാക്ഷരത, കുടുംബാസൂത്രണം, മരങ്ങൾ വച്ചുപിടിപ്പിക്കൽ തുടങ്ങിയവയായിരുന്നു പദ്ധതിയുടെ ഭാഗമായിരുന്നത്. അതിൽത്തന്നെ സഞ്ജയ്ക്ക് ഏറെ ‘പ്രിയപ്പെട്ടത്’ കുടുംബാസൂത്രണമായിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിനായി കുടുംബാസൂത്രണം നടത്തുകയെന്നതായിരുന്നു സഞ്ജയ് ഗാന്ധിയുടെ ആശയം. രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കു പ്രധാന കാരണം താങ്ങാനാവാത്ത ജനസംഖ്യയാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. എന്നാൽ ഇതിന്റെ ഭാഗമായി അദ്ദേഹം മുന്നോട്ടുവച്ച നടപടികൾ പലതും ജനത്തിന് ഒറ്റയടിക്ക് ദഹിക്കുന്നതായിരുന്നില്ല. ജനസംഖ്യ നിയന്ത്രിച്ച് രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാമെന്നും തനിക്ക് രാഷ്ട്രീയത്തിൽ നേതൃസ്ഥാനത്തേക്ക് എത്താമെന്നുമായിരുന്നു സഞ്ജയിന്റെ കണക്കുകൂട്ടൽ.

ADVERTISEMENT

ജനസംഖ്യാ നിയന്ത്രണത്തിന് അദ്ദേഹം കണ്ടെത്തിയ പ്രധാന മാർഗം പുരുഷ വന്ധ്യംകരണം തന്നെയായിരുന്നു. കുടുംബാസൂത്രണത്തിന്റെ കാര്യത്തിൽ ഡൽഹി ഇന്ത്യയ്ക്ക് മാതൃകയാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അതിനിടെയായിരുന്നു ഇക്കാര്യത്തിൽ ഹരിയാനയുടെ മുന്നേറ്റം. പക്ഷേ ഹരിയാനയെയും കടന്ന് ഡൽഹിയിൽ വന്ധ്യംകരണം നടത്തിയവരുടെ എണ്ണം കൂട്ടേണ്ടത് അതോടെ സഞ്ജയ്‌യുടെ വിശ്വസ്തരുടെ ചുമതലയായി. സാമൂഹിക പ്രവർത്തക വിദ്യാബെൻ ഷായ്ക്കും റുക്സാനയ്ക്കുമായിരുന്നു ഇതിന്റെ ചുമതല. ഡൽഹിയിൽ മൂന്നു ലക്ഷം പേരെയെങ്കിലും വന്ധ്യംകരിക്കുമെന്ന് റുക്സാന ഉറപ്പു നൽകി. അതിനു വേണ്ടിയുള്ള ശ്രമത്തിനിടെ, വന്ധ്യംകരണം നടത്തിയെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഒരു നിർണായകരേഖയാക്കി മാറ്റി. സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയ്ക്കു പോലും ഈ സർട്ടിഫിക്കറ്റ് വേണമെന്ന അവസ്ഥയായി.

റുക്‌സാന സുൽത്താന

വന്ധ്യംകരണത്തിനു ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥതലത്തിൽ ഒരു സമിതിക്കു പോലും സർക്കാർ രൂപം നൽകിയിരുന്നു. അതിലെ അംഗങ്ങള്‍ക്കെല്ലാം നൽകിയിരുന്ന നിർദേശം, റുക്സാനയ്ക്കൊപ്പം പ്രവർത്തിക്കണമെന്നായിരുന്നു. റുക്സാനയാകട്ടെ സഞ്ജയ് ഗാന്ധിക്കു മുന്നിൽ കഴിവു തെളിയിക്കാനുള്ള അവസരമായി ഇതിനെ കണ്ടു. അക്കാലത്ത് 84,000 രൂപയാണ് റുക്സാനയ്ക്കു വേണ്ടി ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിൽനിന്ന് അനൗദ്യോഗികമായി വകയിരുത്തിയത്. ഡൽഹിയിലെ നിശ്ചിത മേഖലകളിലെ എണ്ണായിരത്തോളം പുരുഷന്മാരെ വന്ധ്യംകരണം ചെയ്യാൻ ‘പ്രോത്സാഹിപ്പിക്കുന്നതിന്’ വേണ്ടിയായിരുന്നു ആ തുക! വളഞ്ഞ വഴിയിലൂടെയാണെങ്കിലും ഒട്ടേറെ പേരുടെ വന്ധ്യംകരണ പ്രക്രിയ റുക്സാന സാധിച്ചെടുത്തു. വിവാഹിതരാകാത്ത യുവാക്കളെ വരെ വന്ധ്യംകരണത്തിന് വിധേയരാക്കിയെന്ന് അക്കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു (എം.മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ എന്ന നോവലിൽ ഈ വന്ധ്യംകരണ കാലം ഫിക്‌ഷനലായി വരച്ചിടുന്നുണ്ട്)

∙ സഞ്ജയ് ഗാന്ധിയുടെ ‘പ്രൈവറ്റ് സെക്രട്ടറി’

ഓൾഡ് ഡൽഹി മേഖല കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലായിരുന്നു റുക്സാന സജീവമായിരുന്ന‌ത്. സഞ്ജയ് തന്നെയായിരുന്നു ആ മേഖലയുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ അവരെ ഏൽപിച്ചിരുന്നതും. പ്രത്യേക അപ്പോയ്മെന്റെടുത്ത് തന്നെ ആദ്യമായി കാണാൻ വന്നപ്പോഴും സഞ്ജയ് ഉറപ്പിച്ചിരുന്നു, ഓൾഡ് ഡൽഹി പ്രദേശത്തെ ‘അപരിചിത’ ലോകത്തേക്കുള്ള താക്കോലായിരുന്നു റുക്സാനയെന്നത്. ‘ജനങ്ങളെ സേവിക്കണമെങ്കിൽ അവിടേക്കു പോകൂ’ എന്നായിരുന്നു സഞ്ജയ് അവരോട് അന്നു പറഞ്ഞതു തന്നെ.

ഓൾഡ് ഡൽഹിയിലെ തെരുവുകളിലൊന്നിലെ കാഴ്ച. ഫയൽ 2002ലെ ചിത്രം: PRAKASH SINGH / AFP

പിങ്ക് സൺഗ്ലാസും ധരിച്ച്, ആഭരണങ്ങൾ വാരിച്ചുറ്റി, സിൽക്ക് സാരിയും ധരിച്ച്, പെർഫ്യൂം ഗന്ധം പരത്തി നടക്കുന്ന ആ വനിതയെ എല്ലാവരും നോക്കിയിരുന്നത് കൗതുകത്തോടെയായിരുന്നു. തനിക്കു നേരെ വരുന്ന കണ്ണുകളോട്, അത് ആണിന്റെയാണെങ്കിലും പെണ്ണിന്റെയാണെങ്കിലും റുക്സാനയ്ക്ക് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ– ‘‘എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്റെ ആഭരണങ്ങൾ. എന്റെ യഥാർഥ വ്യക്തിത്വം മറച്ച് ഞാൻ എന്തിനു ജീവിക്കണം?’’. ചേരികളിലൂടെ യാത്ര ചെയ്യുമ്പോഴും പെർഫ്യൂം പുരട്ടിയ തൂവാലയും മണപ്പിച്ചായിരുന്നു റുക്സാന നടന്നിരുന്നത്. വൈകാതെ തന്നെ ഓൾഡ് ഡൽഹി മേഖലയിൽ സഞ്ജയ്‌യുടെ മുഖമായി റുക്സാന മാറി. അവർക്കിടയിൽ താൻ രാവിലെ മുതൽ വൈകിട്ടു വരെ നടത്തിയിരുന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഓരോ ദിവസവും റുക്സാന നേരിട്ട് സഞ്ജയിനു കൈമാറാനും തുടങ്ങി.

ഓൾഡ് ഡൽഹി മേഖലയിലെ റുക്സാനയുടെ ഈ സ്വാധീനമായിരുന്നു സഞ്ജയ് ഗാന്ധിക്ക് ആവശ്യം. അക്കാലത്ത് കോൺഗ്രസ് നേതാക്കന്മാരിൽ പലർക്കും സഞ്ജയിനെ നേരിട്ടുകാണാൻ പോലും അനുമതി ഇല്ലായിരുന്നു. നേതാക്കൾ അദ്ദേഹവുമായി ബന്ധപ്പെടാൻ പലപ്പോഴും റുക്‌സാനയെയാണ് ആശ്രയിച്ചത്.

ഓൾഡ് ഡൽഹിയിലെ തെരുവുകളിലൊന്നിലെ ദാബയിൽ പാവപ്പെട്ടവർക്കായി ഭക്ഷണം നൽകുന്നു. ഫയൽ ചിത്രം: DOUGLAS E. CURRAN / AFP

പൊതുവേ രാഷ്ട്രീയനേതാക്കളെ അടുപ്പിക്കാത്ത മേഖലകളിലാണ് അന്ന് റുക്സാന കടന്നു കയറിയത്. അതെങ്ങനെയെന്നത് ഇപ്പോഴും അജ്ഞാതം. സഞ്ജയ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണു താനെന്നു പറഞ്ഞാണ് ഇവർ അവിടേക്കു കയറിപ്പറ്റിയതെന്നു കരുതുന്നവരുണ്ട്. വൈകാതെ തന്നെ അവർ അവിടെ യോഗങ്ങൾ വിളിച്ചു ചേർത്തു, പണം പിരിച്ചു, ക്യാംപുകൾ സംഘടിപ്പിച്ചു... എല്ലായ്പ്പോഴും പൊലീസ് എസ്കോർട്ടുമുണ്ടായിരുന്നു റുക്സാനയ്ക്ക്. ഒരു സാധാരണ വനിതയ്ക്ക് പൊലീസ് കാവൽ നിൽക്കില്ലല്ലോ എന്ന തോന്നലും പ്രദേശവാസികളിൽ ഉണ്ടായിരുന്നിരിക്കാം. ചിലരെങ്കിലും അവരെ ‘കോൾ ഗേൾ’ എന്നും ‘കള്ളക്കടത്തുകാരി’ എന്നും അധിക്ഷേപിച്ചിരുന്നു. എന്താണ് കുടുംബാസൂത്രണത്തിന്റെ പ്രസക്തി എന്നു പോലും അറിയാത്തവിധത്തിലുള്ള, വെറും പൊങ്ങച്ചക്കാരിയായിരുന്നു റുക്സാനയെന്ന് വിമർശിക്കുന്നവരും ഏറെ.

∙ ‘ഐസ്ക്രീം ബഡീസ്’

കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് റുക്സാനയോട് കനത്ത എതിർപ്പായിരുന്നു. സഞ്ജയ്ക്ക് കീഴിൽ ഓൾഡ് ഡൽഹി പ്രദേശത്ത് അവർ ഒരു നേതാവായി വളരുകയാണോ എന്നു പോലും പലരും സംശയിച്ചു. ‘സഞ്ജയിനോട് ദേഷ്യമുള്ള ഒട്ടേറെ പേർ പാർട്ടിയിലുണ്ടായിരുന്നു. കാരണം, അദ്ദേഹം അഴിമതി അനുവദിച്ചിരുന്നില്ല. നല്ല ബുദ്ധിമാനുമായിരുന്നു. സ്വാഭാവികമായും അദ്ദേഹത്തോടുള്ള ദേഷ്യം എനിക്കു നേരെയും തിരിഞ്ഞു’–പിന്നീട് ഒരു അഭിമുഖത്തിൽ റുക്സാന പറഞ്ഞിട്ടുണ്ട്.

റുക്സാനയുമായി ചേർന്നുള്ള സഞ്ജയ് ഗാന്ധിയുടെ പ്രവർത്തനങ്ങളെപ്പറ്റി ഒരിക്കൽ ഇന്ദിരയോട് അംബിക സോണി പരാതി പറഞ്ഞതാണ്. പക്ഷേ അന്ന് അതൊന്നും ഇന്ദിര ശ്രദ്ധിച്ചില്ല. പകരം സഞ്ജയ്‌യോടു സംസാരിക്കാൻ പറഞ്ഞു. എന്നാൽ റുക്സാനയെപ്പറ്റിയുള്ള കാര്യങ്ങളൊന്നും വിശ്വസിക്കാൻ അദ്ദേഹം തയാറായില്ല. മാത്രവുമല്ല, ‘യൂത്ത് കോൺഗ്രസിന് റുക്സാനയെയാണ്, റുക്സാനയ്ക്ക് യൂത്ത് കോൺഗ്രസിനെയല്ല ആവശ്യം’ എന്ന ഒറ്റ വാചകത്തിൽ ആ സംഭാഷണം അവസാനിച്ചു.

പാർട്ടിയിലെ റുക്സാനയുടെ ഇടപെടലുകൾ പ്രവർത്തകർക്കു മാത്രമല്ല, ഇന്ദിരയ്ക്കോ സഞ്ജയ് ഗാന്ധിയുടെ ഭാര്യ മനേകയ്ക്കോ അംബിക സോണിയ്ക്കോ ഇഷ്ടപ്പെട്ടിരുന്നില്ല. വിവേകമില്ലാത്ത സ്ത്രീയെന്നായിരുന്നു റുക്സാനയെപ്പറ്റി ഇന്ദിര പറഞ്ഞിരുന്നതെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് അസംബന്ധങ്ങൾ വിളിച്ചു പറയുന്നതാണ് റുക്സാനയുടെ രീതിയെന്നായിരുന്നു മനേക പറഞ്ഞത്. എന്നാൽ സഞ്ജയ് ആകട്ടെ റുക്സാനയ്ക്ക് പാർട്ടിയിൽ ഇടപെടാനുള്ള അവസരങ്ങൾ നൽകിക്കൊണ്ടേയിരുന്നു.

അംബികാ സോണി. ചിത്രം: RAVEENDRAN / AFP

അക്കാലത്ത് അംബികാ സോണിയായിരുന്നു യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ. സഞ്ജയ് ഗാന്ധിയുമായി വേദി പങ്കിടുമ്പോഴെല്ലാം അദ്ദേഹത്തെ പ്രശംസിക്കുന്നതിൽ ഒട്ടും മടി കാട്ടിയിരുന്നില്ല അംബിക. അതിനും മേലെയായിരുന്നു റുക്സാനയുടെ ഇടപെടൽ. താനും സഞ്ജയും ‘ഐസ്ക്രീം ബഡീസ്’ ആണെന്നായിരുന്നു റുക്സാന അടുപ്പക്കാരോട് പറഞ്ഞിരുന്നത്. റുക്സാനയുമായി ചേർന്നുള്ള സഞ്ജയ് ഗാന്ധിയുടെ പ്രവർത്തനങ്ങളെപ്പറ്റി ഒരിക്കൽ ഇന്ദിരയോട് അംബിക പരാതി പറഞ്ഞതാണ്. പക്ഷേ അന്ന് അതൊന്നും ഇന്ദിര ശ്രദ്ധിച്ചില്ല. പകരം സഞ്ജയ്‌യോടു സംസാരിക്കാൻ പറഞ്ഞു. എന്നാൽ സഞ്ജയ് ഗാന്ധിയോടു സംസാരിച്ചപ്പോഴും റുക്സാനയെപ്പറ്റിയുള്ള കാര്യങ്ങളൊന്നും വിശ്വസിക്കാൻ അദ്ദേഹം തയാറായില്ല. മാത്രവുമല്ല, ‘യൂത്ത് കോൺഗ്രസിന് റുക്സാനയെയാണ്, റുക്സാനയ്ക്ക് യൂത്ത് കോൺഗ്രസിനെയല്ല ആവശ്യം’ എന്ന ഒറ്റ വാചകത്തിൽ ആ സംഭാഷണം അവസാനിച്ചു.

മനേക ഗാന്ധിയെയും അംബിക സോണിയെയും ലക്ഷ്യമിട്ടുള്ള റുക്സാനയുടെ സമാന്തര പ്രവർത്തനങ്ങൾ അതിനോടകം ലക്ഷ്യം കണ്ടിരുന്നു. മറ്റു കോൺഗ്രസ് നേതാക്കളില്‍നിന്ന് മനേകയെയും അംബികയെയും അകറ്റി നിർത്താനുള്ള ‘വെറുപ്പിക്കൽ’ തന്ത്രമെല്ലാം റുക്സാന അതിനോടകം പ്രയോഗിച്ചു തീർത്തു. അതോടെയാണ് സഞ്ജയിലേക്കുള്ള നേതാക്കളുടെ ഏകവഴിയായി റുക്സാന മാറിയതും.

മനേക ഗാന്ധി (ഫയൽ ചിത്രം: JOHN MACDOUGALL / AFP)

∙ ‘ചോര വീണ’ കുടുംബാസൂത്രണം

പതിമൂവായിരത്തോളം പുരുഷന്മാരെ വന്ധ്യംകരണത്തിനു വിധേയരാക്കാൻ റുക്സാനയുടെ ശ്രമഫലമായി കഴിഞ്ഞുവെന്നാണ് കണക്ക്. ഭീഷണിപ്പെടുത്തിയും ഓരോ വീട്ടിലും എത്തി റേഡിയോ പോലുള്ള മോഹവാഗ്ദാനങ്ങൾ നൽകിയുമായിരുന്നു റുക്‌സാനയുടെയും സംഘത്തിന്റെയും ക്യാംപെയ്ൻ.‌ അതോടെ വലിയൊരു ജനവിഭാഗം ഇവർക്കെതിരെ തിരിഞ്ഞു. റുക്സാനയ്ക്കെതിരെ പാർട്ടിയിൽത്തന്നെ ശക്തമായ എതിർപ്പുയരാനും ഇത് കാരണമായി. പക്ഷേ രാജകീയ രാഷ്ട്രീയ ജീവിതമായിരുന്നു അക്കാലത്ത് അവർ അനുഭവിച്ചത്. സാധാരണ വ്യക്തിയായിരുന്നിട്ടും വൻ പൊലീസ് എസ്കോർട്ടാണ് അവർക്ക് അനുവദിച്ചിരുന്നത്. ഓൾഡ് ഡൽഹിയിലെ പൊലീസ് തലപ്പത്തുള്ളവർ എല്ലായിപ്പോഴും അവർക്കു വേണ്ടി നിലകൊണ്ടു. അതിനിടെയാണ് മറ്റൊരു സംഭവമുണ്ടായത്. ഡൽഹിയെ ഞെട്ടിച്ച ചേരിയൊഴിപ്പിക്കൽ സംഭവം.

1976 ൽ ഡൽഹിയിലെ തുർക്മാൻ ഗേറ്റ് പ്രദേശത്തെ വീടുകളും മറ്റു കെട്ടിടങ്ങളും ഒഴിപ്പിക്കാൻ സഞ്ജയ് ഗാന്ധി നിർദേശിച്ചപ്പോൾ അതിന്റെ അനൗദ്യോഗിക മേൽനോട്ടവും റുക്സാനയ്ക്കായിരുന്നു. 1976 ഏപ്രിൽ 18നായിരുന്നു സാധാരണക്കാരുടെ വീടുകൾക്കു നേരെ ബുൾഡോസറുകൾ ഇരച്ചെത്തിയത്. റുക്സാനയുടെ നേതൃത്വത്തിൽ പൊലീസും ഗുണ്ടാപ്പടയും പ്രദേശത്ത് കാവലൊരുക്കിയെന്ന് അന്നത്തെ സംഭവത്തിന്റെ ഇരകൾ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇടിച്ചു നിരത്തിലിനെതിരെ ജനങ്ങൾ വൻ പ്രതിഷേധവുമായി സംഘടിച്ചെത്തി. അതോടെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാർക്കു നേരെ വെടിവയ്പുണ്ടായി, പൊലീസ് ലാത്തി വീശി, ഒട്ടേറെ പേർ മരിച്ചു. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇന്നും കൃത്യമായ കണക്കു പോലുമില്ല.

തുർക്‌മാൻ ഗേറ്റ്. ഫയൽ ചിത്രം: Wikimedia Commons

അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ 1977ൽ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഷാ കമ്മിറ്റി നൽകിയ റിപ്പോർട്ട് പ്രകാരം 20 പേരാണ് വെടിയേറ്റു മരിച്ചത്. എന്നാൽ അതിലുമേറെ പേർ മരിച്ചെന്നാണ് ജനങ്ങളുടെ വാദം. ഈ അക്രമത്തിനു പിന്നിലും റുക്സാനയുടെ കരങ്ങളുണ്ടെന്നാണ് ഇന്നും ഇരകളിൽ വലിയൊരു വിഭാഗവും കരുതുന്നത്. പക്ഷേ തെളിവുകളില്ല!

തുർക്മാൻ ഗേറ്റ് പ്രദേശത്തെ ഓരോ വീട്ടിലുമെത്തി വന്ധ്യംകരണത്തെപ്പറ്റി റുക്സാനയുടെ സംഘം ബോധവൽക്കരണം നടത്തിയിരുന്നു. എന്നാൽ പലരും അതിനു തയാറായില്ല. അതോടെ, അവിടെയുള്ളവർ അനധികൃതമായാണു താമസിക്കുന്നതെന്നും, താൻ വിചാരിച്ചാൽ എല്ലാവരെയും ഒഴിപ്പിക്കാനാകുമെന്നും റുക്സാന ഭീഷണി മുഴക്കിയെന്നാണു പറയപ്പെടുന്നത്. ഒഴിപ്പിക്കേണ്ടെങ്കിൽ ഒരു ലക്ഷം രൂപ നൽകുകയോ അല്ലെങ്കിൽ വന്ധ്യംകരണത്തിനു വിധേയരാക്കാനുള്ള ആൾക്കാരെ കണ്ടെത്തി നൽകണമെന്നുമായിരുന്നു ഭീഷണിയത്രേ! വിസമ്മതിച്ചതോടെ ബുൾഡോസറുകൾ ഇരച്ചെത്തി. ഈ വിവരങ്ങളെല്ലാം പിന്നീട് സംഭവത്തിന്റെ ഇരകളും അവരുടെ ബന്ധുക്കളും പറഞ്ഞാണ് പുറംലോകത്തെത്തിയത്. അടിയന്തരാവസ്ഥയായതിനാൽ സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് അക്കാലത്ത് മാധ്യമങ്ങൾക്കും വിലക്കായിരുന്നു. തുർക്മാൻ ഗേറ്റ് സംഭവം തന്നെ ലോകമറിഞ്ഞത് ബിബിസി പോലുള്ള ലോകമാധ്യമങ്ങളിലൂടെയായിരുന്നു.

അമൃത സിങ്ങും റുക്‌സാന സുൽത്താനയും (അമൃത സിങ്ങിന്റെ മകൾ സാറ അലിഖാൻ പങ്കുവച്ച ചിത്രം)– Image: Instagram/saraalikhan95

20 മാസത്തിനൊടുവിൽ അടിയന്തരാവസ്ഥ അവസാനിച്ചതോടെത്തന്നെ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് റുക്സാന പൂർണമായി പിൻവാങ്ങിയിരുന്നു. മാത്രവുമല്ല പാർട്ടിക്കുള്ളിൽത്തന്നെ റുക്സാന ഉൾപ്പെട്ട കോക്കസിനെതിരെ വൻ പ്രതിഷേധവുമുയർന്നു. അതിനിടെ 1977 മാർച്ച് മുതൽ 1980 ജനുവരി വരെ ഇന്ദിരഗാന്ധി അധികാരത്തിൽനിന്ന് മാറ്റി നിർത്തപ്പെട്ട നിലയിലായിരുന്നു. 1980ൽ അധികാരത്തിലേക്ക് ഇന്ദിര തിരിച്ചെത്തി. 1983ൽ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടു. ആ മരണത്തോടെ ഡൽഹിവൃത്തങ്ങളിൽനിന്ന് റുക്സാന പൂർണമായും അപ്രത്യക്ഷയായി. മകൾ അമൃതസിങ്ങിനോടൊപ്പമായിരുന്നു പിന്നീടുള്ള ജീവിതം.

റുക്സാന സിങ് എന്നും റുക്‌സാന സാഹിബ എന്നുമെല്ലാം അറിയപ്പെട്ടിരുന്ന അവർ തന്റെ പഴയ വജ്രാഭരണ വിൽപന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എന്താണ് ആ തീരുമാനത്തിനു പിന്നിലെ കാരണമെന്നു തിരക്കിയവർക്ക് അവർ ഒരു ഇന്റർവ്യൂവിൽ നൽകിയ മറുപടിയാകട്ടെ, വിചിത്രവും– ‘‘ഞാൻ കണ്ട മനുഷ്യർക്കിടയിലെ ഏറ്റവും മനുഷ്യത്വമുള്ള മുഖമായിരുന്നു സഞ്ജയിന്റേത്. അദ്ദേഹത്തോടു മാത്രമേ എനിക്കു കടപ്പാടുള്ളൂ. ഞാൻ നേരത്തേ ചെയ്തിരുന്നതു പോലുള്ള ജോലി ഇനിയും ചെയ്യണമെങ്കിൽ അതിന് എന്നെ പ്രചോദിപ്പിക്കുന്ന ഒരു നേതാവ് വണം. പക്ഷേ സഞ്ജയ് ഗാന്ധിയെപ്പോലെ ഒരു നേതാവിനെ ഇന്ത്യയ്ക്ക് ഇനിയൊരിക്കലും കിട്ടില്ല. എന്നെക്കാൾ മികച്ച ഒരാൾക്കു വേണ്ടിയേ ഞാൻ ജോലിയെടുക്കൂ. ഇപ്പോൾ അങ്ങനെയൊരാൾ ഇന്ത്യയിലെ ഒരു പാർട്ടിയിലും ഇല്ല..’

(വിവരങ്ങൾക്കു കടപ്പാട്: 24 Akbar Road: A Short History of the People Behind the Fall and Rise of the Congress (Book by Rasheed Kidwai)

English Summary: Rukhsana Sultana: Congress Leader Sanjay Gandhi's 'Fashionable' Right-hand during Emergency