‘ലെസ്ബിയൻ പങ്കാളികളാണെന്നു പറഞ്ഞാണ് ഫ്ലാറ്റെടുത്തത്; സെക്സ് എന്ന വാക്കിനു പോലും വീടുകളിൽ വിലക്ക്’
സ്വാതന്ത്ര്യം കൊടുക്കേണ്ടതല്ലല്ലോ.. സ്വാഭാവികമായി ഉള്ളത് അനുഭവിക്കാനുള്ള സ്പേസ് ഉണ്ടായാൽ പോരേ.. വ്യക്തിപരമായി ഞങ്ങൾ രണ്ടു പേർക്കും ഇപ്പോൾ അതു കിട്ടുന്നുണ്ട്. ശരിയെന്ന് തോന്നുന്നത് ചെയ്യാം. ഞാൻ നൂറയെ ചോദ്യം ചെയ്യാറില്ല. അവൾക്ക് അതു ശരിയാണെന്നു തോന്നി, അതു ചെയ്തു. അത്രമാത്രം. ഞാനും അങ്ങനെ തന്നെയാണ്...Lesbian, Adhila Nasrin and Fathima Noora
സ്വാതന്ത്ര്യം കൊടുക്കേണ്ടതല്ലല്ലോ.. സ്വാഭാവികമായി ഉള്ളത് അനുഭവിക്കാനുള്ള സ്പേസ് ഉണ്ടായാൽ പോരേ.. വ്യക്തിപരമായി ഞങ്ങൾ രണ്ടു പേർക്കും ഇപ്പോൾ അതു കിട്ടുന്നുണ്ട്. ശരിയെന്ന് തോന്നുന്നത് ചെയ്യാം. ഞാൻ നൂറയെ ചോദ്യം ചെയ്യാറില്ല. അവൾക്ക് അതു ശരിയാണെന്നു തോന്നി, അതു ചെയ്തു. അത്രമാത്രം. ഞാനും അങ്ങനെ തന്നെയാണ്...Lesbian, Adhila Nasrin and Fathima Noora
സ്വാതന്ത്ര്യം കൊടുക്കേണ്ടതല്ലല്ലോ.. സ്വാഭാവികമായി ഉള്ളത് അനുഭവിക്കാനുള്ള സ്പേസ് ഉണ്ടായാൽ പോരേ.. വ്യക്തിപരമായി ഞങ്ങൾ രണ്ടു പേർക്കും ഇപ്പോൾ അതു കിട്ടുന്നുണ്ട്. ശരിയെന്ന് തോന്നുന്നത് ചെയ്യാം. ഞാൻ നൂറയെ ചോദ്യം ചെയ്യാറില്ല. അവൾക്ക് അതു ശരിയാണെന്നു തോന്നി, അതു ചെയ്തു. അത്രമാത്രം. ഞാനും അങ്ങനെ തന്നെയാണ്...Lesbian, Adhila Nasrin and Fathima Noora
സ്വാതന്ത്ര്യം– ഒരു വ്യക്തിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സാഹചര്യം അഥവാ നിയമപരമായി തന്നെ ആസ്വദിക്കാവുന്ന അവകാശങ്ങൾ. വിശാലമായ അർഥത്തിൽ, സ്വതന്ത്ര്യം എന്ന വാക്കിനു നൽകാവുന്ന നിർവചനമാണിത്. നിയമപരമായി എല്ലാ അവകാശങ്ങളും അനുകൂലമാണെങ്കിലും സമൂഹത്തിന്റെ വേലിക്കെട്ടിനുള്ളിൽ ഒതുങ്ങിപ്പോകേണ്ടി വന്ന എത്രയോ പേരുണ്ട് നമുക്കു ചുറ്റും. എന്നാൽ അത്തരം വേലിക്കെട്ടുകളെല്ലാം പൊളിച്ച്, സ്വാതന്ത്ര്യത്തോടെ പറന്നുയർന്ന രണ്ടു പെൺകുട്ടികളാണ് ആദില നസ്രീനും ഫാത്തിമ നൂറയും. സ്വവർഗാനുരാഗത്തിന് കുടുംബവും സമൂഹവുമെല്ലാം വിലങ്ങുതടിയായപ്പോൾ നിയമപരമായി തന്നെ അവകാശത്തിനായി പോരാടിയവർ, സ്വാതന്ത്ര്യം ചോദിച്ചു വാങ്ങിയവർ. 2022 മേയ് 31നാണ് ആദിലയ്‌ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകിയത്. തന്റെ അടുക്കൽനിന്ന് ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടാൻ ആദില നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കിയായിരുന്നു ഹൈക്കോടതി വിധി. ആദില സൗദിയിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു നൂറയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും ബിരുദപഠനം നാട്ടിലായിരുന്നു. കോവിഡ്കാലത്ത് നൂറയെ മാതാപിതാക്കൾ സൗദിയിലേക്കു കൊണ്ടുപോയി. അവിടെവച്ചാണു മാതാപിതാക്കൾ ബന്ധത്തെക്കുറിച്ച് അറിയുന്നത്. ഇരുകുടുംബവും ബന്ധത്തെ ശക്തമായിത്തന്നെ എതിർത്തു. ശാരീരികമായും മാനസികമായും ഇരുവരെയും ഉപദ്രവിച്ചു. ഇരുവർക്കും വരൻമാരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. എന്നാൽ ബിരുദപഠനത്തിനു ശേഷം എവിടേക്കെങ്കിലും ഒരുമിച്ചു പോയി ഒന്നിച്ചു താമസിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. തുടർന്ന് ഇരുവർക്കും ചെന്നൈയിൽ ജോലി ശരിയാക്കി. വീട്ടുകാരുടെ എതിർപ്പ് ശക്തമായതിനെത്തുടർന്ന് മേയ് 19ന് വീട് വിട്ട് കോഴിക്കോട് ഒരു കേന്ദ്രത്തിൽ അഭയം തേടി. എന്നാൽ ബന്ധുക്കൾ അവിടെയെത്തി പ്രശ്നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ ബന്ധുക്കൾ ഇരുവരെയും ആലുവ മുപ്പത്തടത്തുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. എന്നാൽ നൂറയെ ബന്ധുക്കൾ അവിടെയെത്തി ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി. തുടർന്നാണ് നൂറയെ വിട്ടുകിട്ടാൻ ആദില ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും. ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി 75 ദിവസം പിന്നിടുകയാണ്. എവിടെയാണ് ഇരുവരും ഇപ്പോൾ? സ്വാതന്ത്ര്യത്തിന്റെ പുതിയ വിശാലതയിൽ ജീവിക്കുമ്പോൾ എന്താണ് ആദിലയ്ക്കും നൂറയ്ക്കും പറയാനുള്ളത്?
ചെന്നൈ നഗരത്തിന്റെ വിശാലതയ്ക്കുള്ളിൽ സ്വന്തം ഇഷ്ടങ്ങൾ ആസ്വദിച്ചാണ് ഇന്ന് ആദിലയുടെയും നൂറയുടെയും ജീവിതം. ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു. ഒരേ ഫ്ലാറ്റിൽ താമസിക്കുന്നു. ആരെങ്കിലും തീർത്ത അതിർവരമ്പുകൾക്കുള്ളിൽ ശ്വാസംമുട്ടാതെ സ്വപ്ന–സുന്ദര–സ്വതന്ത്ര ജീവിതം. അതു നേടിയെടുക്കാനുള്ള അവരുടെ ‘സ്വാതന്ത്ര്യസമരം’ എങ്ങനെയായിരുന്നു? ഐടി കമ്പനിയിലെ ജോലിക്കിടയിൽ കിട്ടിയ ഇടവേളയിൽ ആദിലയും നൂറയും അതിനെക്കുറിച്ച് ‘മനോരമ ഓൺലൈനോട്’ സ്വാതന്ത്ര്യ സംവാദ പരമ്പരയിൽ മനസ്സുതുറന്നു.
∙ ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെങ്കിലും അങ്ങനെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പലപ്പോഴും സമൂഹം നിഷേധിക്കുന്ന അവസ്ഥയാണ്. അതിനെ എങ്ങനെ മറികടന്നു?
ആദില: ഇന്ത്യൻ ഭരണഘടനയ്ക്കു മുകളിലല്ല മറ്റൊന്നും. നമ്മൾ നമുക്കുവേണ്ടി ജീവിക്കാതെ ഒരിക്കലും ആത്മസംതൃപ്തി ലഭിക്കില്ല, സ്വാതന്ത്ര്യവും ലഭിക്കില്ല. സ്വാതന്ത്ര്യം എന്നത് പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. സ്വാതന്ത്ര്യദിനത്തിന് പോസ്റ്റർ പങ്കുവയ്ക്കുന്നതുമല്ല. സ്വന്തം ജീവിതത്തിൽ അതു നേടിയെടുക്കാൻ സാധിക്കുന്നുണ്ടോയെന്നതാണ് ഏറ്റവും വലിയ ചോദ്യം. അതിനു നമ്മൾ തന്നെ ഉത്തരം കണ്ടെത്തണം. ആ ബോധ്യമാണ് കുടുംബത്തെയും സമൂഹത്തെയും എതിർത്ത് മുന്നോട്ടു പോകാനുള്ള ധൈര്യം തന്നത്.
∙ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തപ്പോൾ പൊലീസിലും ഭരണകൂടത്തിലും വിശ്വാസമുണ്ടായിരുന്നോ? ആ വിശ്വാസം സംരക്ഷിച്ചോ?
നൂറ: പൊലീസിലും ഭരണകൂടത്തിലും വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് മുൻപോട്ടു നീങ്ങിയത്. പക്ഷേ പൊലീസിൽനിന്നു യാതൊരു പിന്തുണയും ലഭിച്ചില്ല. ഞങ്ങൾ പറയുന്നത് ഒരു തമാശയായിട്ടാണ് പലപ്പോഴും അവർ കേട്ടത്. വളരെ ലാഘവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. പരാതി നൽകാൻ എത്തിയപ്പോൾ വരെ മോശമായ സമീപനമായിരുന്നു. എന്നാൽ ഭരണസംവിധാനത്തിനുള്ള വിശ്വാസം ഞങ്ങൾക്കു നഷ്ടപ്പെട്ടിട്ടില്ല.
ആദില: പൊലീസ് ഉദ്യോഗസ്ഥർ വീട്ടുകാർക്കൊപ്പം നിൽക്കുന്ന സമീപനമായിരുന്നു. അവർക്കെതിരെ കേസ് കൊടുക്കേണ്ടെന്നു പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ തന്നെ അവസാനിക്കേണ്ട ഒരു കാര്യം അതുകൊണ്ടാണ് കോടതിയിലേക്കു നീണ്ടത്. പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് പിന്നീട് ഹേബിയസ് കോർപസ് ഫയൽ ചെയ്യാമെന്ന് നിർദേശം നൽകിയത്. അങ്ങനെയാണ് അഭിഭാഷകനെ കണ്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
∙ ലെസ്ബിയൻ എന്നതിനേക്കാൾ സ്ത്രീയായതു കൊണ്ടാണ് ഇത്രയും പ്രതിസന്ധി നേരിടേണ്ടി വന്നതെന്നു തോന്നിയിട്ടുണ്ടോ?
ആദില: ഉണ്ട്. ആണായിരുന്നെങ്കിൽ പ്രശ്നമുണ്ടാകില്ലായിരുന്നെന്നു വിചാരിക്കുന്നില്ല. പക്ഷേ താരതമ്യം ചെയ്യുമ്പോൾ സ്ത്രീ എന്ന നിലയ്ക്കു കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരു ആൺതുണയില്ലാതെ നിങ്ങൾക്ക് ജീവിക്കാനാകില്ലെന്ന് ഞങ്ങൾ രണ്ടു പേരോടും ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്. രണ്ടു പെൺകുട്ടികൾ മറ്റാരുടെയും പിന്തുണയില്ലാതെ എത്രകാലം ഒരുമിച്ച് ജീവിക്കുമെന്നാണ് അവർ ചോദിച്ചത്. പക്ഷേ ഞങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ ബാക്കിയുള്ളവർക്ക് അങ്ങനെയാണെങ്കിൽ എന്താണെന്നാണ് തിരിച്ചു ചോദിച്ചത്. ഞങ്ങളാരെയും ഉപദ്രവിക്കാനോ മുറിവേൽപ്പിക്കാനോ പോയിട്ടില്ല. പിന്നെന്തിനാണ് പേടിക്കുന്നത്? ആൺകുട്ടികൾക്ക് പ്രണയമുണ്ടെങ്കിൽ അവർ ‘ഹീറോ’ ആകുമെങ്കിൽ പെൺകുട്ടികൾക്ക് ഒന്നോ അതിൽ കൂടുതലോ ബന്ധമുണ്ടായാൽ സമൂഹത്തിന്റെ കണ്ണിൽ അവർ ‘പോക്ക് കേസ്’ ആണ്. പ്രസവിക്കാൻ മാത്രമേ പെൺകുട്ടികളെ ആവശ്യമുള്ളൂ എന്നതാണ് ഇത്തരക്കാരുടെ ധാരണ.
നൂറ: പെൺകുട്ടികൾ ആയതുകൊണ്ടു തന്നെ മാതാപിതാക്കളുടെ അനുവാദമില്ലാതെ പുറത്തിറങ്ങാൻ പോലും ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. യാഥാസ്ഥിതിക കുടുംബങ്ങളായിരുന്നു ഞങ്ങളുടേത്. കുടുംബത്തിലെ ആൺകുട്ടികൾക്ക് എന്തുകാര്യത്തിനും പരിപൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. എല്ലാ പ്രിവിലജസും അവർ അനുഭവിച്ചിരുന്നു. ഡിഗ്രി പഠിച്ച മൂന്നു വർഷം ഞങ്ങൾക്ക് പരസ്പരം നേരിട്ടു കാണാൻ പോലും സാധിച്ചില്ല. ഞാൻ കോഴിക്കോട്ടും ആദില എറണാകുളത്തുമാണ് ഡിഗ്രി പഠിച്ചത്. വീട്ടിൽവച്ച് ഫോൺ ചെയ്യാൻ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കോളജിൽവച്ചാണ് വിളിച്ചിരുന്നത്. അതും വല്ലപ്പോഴും.
∙ ഇപ്പോൾ നിങ്ങൾ സ്വതന്ത്രർ ആണോ?
നൂറ: തീർച്ചയായും. ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്. ഞങ്ങൾക്ക് എന്താണോ ഇഷ്ടം, അതുപോലെ ജീവിക്കാൻ പറ്റുന്നുണ്ട്.
ആദില: ഒരു ജോലിയുണ്ടെങ്കിൽ മാത്രമേ സ്വതന്ത്രമായി നിൽക്കാൻ സാധിക്കൂ എന്ന് അന്നേ അറിയാമായിരുന്നു. അതുകൊണ്ടാണ് ഡിഗ്രി കഴിഞ്ഞ്, ജോലി കിട്ടിയശേഷം ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. നമ്മുടെ സ്വാതന്ത്ര്യത്തിന്, സ്വന്തമായി വരുമാനവും ഒരു ഘടകമാണ്.
∙ നിങ്ങൾക്കിടയിലെ സ്വാതന്ത്ര്യം എങ്ങനെയാണ്? പരസ്പരം തീരുമാനങ്ങൾ എടുക്കുന്നത് എങ്ങനെയാണ്?
ആദില: സ്വാതന്ത്ര്യം കൊടുക്കേണ്ടതല്ലല്ലോ.. സ്വാഭാവികമായി ഉള്ളത് അനുഭവിക്കാനുള്ള സ്പേസ് ഉണ്ടായാൽ പോരേ.. വ്യക്തിപരമായി ഞങ്ങൾ രണ്ടു പേർക്കും ഇപ്പോൾ അതു കിട്ടുന്നുണ്ട്. ശരിയെന്ന് തോന്നുന്നത് ചെയ്യാം. ഞാൻ നൂറയെ ചോദ്യം ചെയ്യാറില്ല. അവൾക്ക് അതു ശരിയാണെന്നു തോന്നി, അതു ചെയ്തു. അത്രമാത്രം. ഞാനും അങ്ങനെ തന്നെയാണ്. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യുന്നു. ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പക്ഷേ ചിലപ്പോൾ തീരുമാനങ്ങൾ തെറ്റായി പോകുമ്പോൾ അത് ചൂണ്ടിക്കാണിക്കുകയും അംഗീകരിക്കുകയും ചെയ്യും.
നൂറ: എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാകണമെന്നില്ലല്ലോ..
ആദില: നൂറയ്ക്ക് ചിലത് തെറ്റാണെന്ന് ചിലപ്പോൾ മുൻകൂട്ടി കാണാനാകും. അവൾ പറയുന്നത് കേൾക്കാതെ ഞാൻ ചെയ്യുന്നതൊക്കെ എപ്പോഴും തെറ്റു തന്നെയാണ് ആയിട്ടുള്ളത്. പരസ്പരം ആലോചിച്ചു തന്നെയാണ് തീരുമാനമെടുത്തിട്ടുള്ളത്. അതിനുള്ള സ്വാതന്ത്ര്യം തീർച്ചയായുമുണ്ട്. പൊസസീവ്‌നസ് ഉണ്ടെങ്കിലും അതൊന്നും സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നില്ല. സാധാരണ ഭാര്യാഭർതൃ ബന്ധത്തിൽ ആണിന്റെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമാണ് പലപ്പോഴും പെൺകുട്ടികൾ ചെയ്യാറ്. എന്നാൽ നമ്മുടെ പങ്കാളി നമ്മുടെ അതേ ജെൻഡർ ആകുമ്പോൾ പരസ്പരം കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. വീട്ടിലെ ജോലികൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്ത്വങ്ങൾ പരസ്പരം ഞങ്ങൾ ഷെയർ ചെയ്യുകയാണ്.
∙ കേസിന്റെ കാര്യം മാധ്യമങ്ങളിൽ ഉൾപ്പെടെ വന്നതോടെ സമൂഹത്തിൽ എല്ലാവരും നിങ്ങളെ തിരിച്ചറിയുന്നുണ്ട്. ഇതു സ്വാതന്ത്ര്യത്തിന് ഒരു വിലങ്ങുതടിയാണോ?
നൂറ: അങ്ങനെ തോന്നിയിട്ടില്ല. ഓഫിസ് ഉൾപ്പെടെ എൽജിബിടിക്യുപ്ലസ് ഫ്രണ്ട്‌ലിയാണ്. എല്ലാവരും ഒരുപാട് പിന്തുണയ്ക്കുന്നുണ്ട്. ഞങ്ങളുടെ ഐഡന്റിറ്റി പുറത്തായതു കൊണ്ടുതന്നെ പലകാര്യത്തിനും മുൻഗണന ലഭിക്കാറുണ്ട്. പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ടീവ് ആയിട്ടാണ് ആളുകൾ നിൽക്കുന്നത്.
ആദില: പങ്കാളികൾ ആണെന്നു പറഞ്ഞുതന്നെയാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. പുറത്തിറങ്ങുമ്പോൾ തിരിച്ചറിയപ്പെടുന്നത് സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണെന്ന് തോന്നിയിട്ടില്ല. അതൊരു സന്തോഷമല്ലേ?
∙ ഇന്ത്യയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് എന്താണ് അഭിപ്രായം? ഭാവിയിൽ ഇന്ത്യയിൽ തുടരുമോ?
ആദില: സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞെങ്കിലും ഞങ്ങളെ പോലെയുള്ള ആളുകളെ അംഗീകരിക്കാൻ സമൂഹം കൂടുതൽ മാറേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ കൂടിയും അല്ലാതെയും ഇപ്പോഴും ഞങ്ങളെ ഉപദേശിക്കുന്നവർ ഉണ്ട്. സൈബർ ആക്രമണം വലിയ തോതിൽ ഉണ്ട്. അതിനു പ്രധാനകാരണം ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടെ ഇല്ലാത്തതാണ്. ‘സെക്സ്’ എന്ന വാക്കുപോലും നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതിനൊക്കെ ഒരു മാറ്റം വരുമെന്നാണ് പ്രതീക്ഷ.
നിലവിൽ ഇന്ത്യയിൽ തുടരാൻ തന്നെയാണ് തീരുമാനം. എങ്കിലും അവസരം ലഭിച്ചാൽ വിദേശത്തേയ്ക്കു പോകുന്നത് ആലോചിക്കും. ഇപ്പോൾ ഇന്ത്യയിൽ ഞങ്ങൾക്ക് വിവാഹം കഴിക്കുന്നതിന് നിയമപരമായി തടസ്സമുണ്ട്. വിദേശ പൗരത്വം സ്വീകരിച്ചാൽ അതുൾപ്പെടെ സാധിക്കും. ഏതു രാജ്യമാണ് ഏറ്റവും അനുയോജ്യം എന്നതൊന്നും അന്വേഷിച്ചിട്ടില്ല. ഇന്ത്യയിൽ അങ്ങനെയൊരു സാഹചര്യമുണ്ടായാൽ സന്തോഷം.
∙ അടുത്ത 25 വർഷത്തെ ഇന്ത്യയിൽ എന്താണ് പ്രതീക്ഷ?
ആദില: ശുഭപ്രതീക്ഷയാണ് ഉള്ളത്. എഴാം ക്ലാസിൽ പഠിക്കുന്ന എന്റെ അനിയത്തിക്ക് ഞങ്ങളുടെ കാര്യങ്ങളെക്കുറിച്ച് അറിയാം. അവൾക്ക് ഞാനൊരു സാധാരണ പെൺകുട്ടിയാണ്. അതു കാണുമ്പോൾ സന്തോഷമുണ്ട്. ഞങ്ങളെ പോലുള്ളവരും ഈ ലോകത്ത് ജീവിക്കുന്നുണ്ട് എന്നറിഞ്ഞ ഒരു തലമുറ വളർന്നുവരുമ്പോൾ ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഭാവി തലമുറയിൽ വിശ്വാസമുണ്ട്. ലൈംഗിക വിദ്യാഭ്യാസം സിലബസിൽ നിലവിൽ കുറച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്. അത് കൂടുതലായി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മുതിർന്നവർക്കും ഇതു സംബന്ധിച്ച് ധാരണ നൽകുന്നതിന് എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിക്കണം. ഇത്തരം പ്രവർത്തനങ്ങൾ സ്വന്തമായി നടത്തണമെന്ന ആഗ്രഹവുമുണ്ട്.
∙ കുടുംബത്തിന്റെ പിന്തുണ ഇപ്പോഴുണ്ടോ?
ആദില: കോടതിവിധിക്കുശേഷം വീട്ടുകാർ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ അനുവദിച്ചില്ല. വീട്ടുകാരിൽനിന്നു ഞങ്ങൾ രണ്ടുപേരും അനുഭവിച്ച മാനസികാഘാതം വളരെ വലുതാണ്. ഇനി ഒരുമിച്ച് ജീവിക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം, സ്വാതന്ത്ര്യത്തോടെ.
English Summary: 75 Years of Independence: Lesbian Couple Adhila Nasrin and Fathima Noorah Speaks