‘ഇന്ത്യയുടെ കരുത്ത് സംസ്ഥാനങ്ങളുടെ നിലനിൽപ്പിൽ; വേണ്ട, ഇടുങ്ങിയ രാഷ്ട്രീയം’
‘ബിജെപിക്ക് കൂടുതൽ ശക്തിയുള്ള, ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ വർധിപ്പിക്കുന്നത് പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ അവരെ സഹായിക്കും. അതോടെ ഭരണഘടന ഭേദഗതി ചെയ്യാനും ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിക്കാനും– Shashi Tharoor, Constitution of India, Gandhian Thoughts, 75 years of Indian Independence
‘ബിജെപിക്ക് കൂടുതൽ ശക്തിയുള്ള, ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ വർധിപ്പിക്കുന്നത് പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ അവരെ സഹായിക്കും. അതോടെ ഭരണഘടന ഭേദഗതി ചെയ്യാനും ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിക്കാനും– Shashi Tharoor, Constitution of India, Gandhian Thoughts, 75 years of Indian Independence
‘ബിജെപിക്ക് കൂടുതൽ ശക്തിയുള്ള, ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ വർധിപ്പിക്കുന്നത് പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ അവരെ സഹായിക്കും. അതോടെ ഭരണഘടന ഭേദഗതി ചെയ്യാനും ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിക്കാനും– Shashi Tharoor, Constitution of India, Gandhian Thoughts, 75 years of Indian Independence
ഒരു ജനപ്രതിനിധി എന്നതിലുപരി, രാഷ്ട്രമീമാംസാ ചിന്തകനുമാണ് ശശി തരൂർ. നയതന്ത്രജ്ഞൻ, എഴുത്തുകാരൻ എന്നീ നിലകളിൽ മുൻപുതന്നെ ആഗോളശ്രദ്ധ നേടിയിട്ടുള്ള തരൂർ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിയെഴുതിയാണ് രാഷ്ട്രീയത്തിലെത്തിയത്. സ്വതന്ത്ര ഇന്ത്യയ്ക്ക് 75 വയസ്സ് പൂർത്തിയാകുന്ന ഈ ചരിത്രമുഹൂർത്തത്തിൽ, നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനശിലയായ ജനാധിപത്യത്തെക്കുറിച്ചും അതു നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവയ്ക്കെതിരെ കൈക്കൊള്ളേണ്ട നിലപാടുകളെക്കുറിച്ചും സംസാരിക്കുകയാണ് ശശി തരൂർ എംപി. നമ്മുടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും അവയുടെ അന്തഃസത്ത ചോരാതെ സംരക്ഷിച്ചു നിർത്താൻ നാം ജാഗരൂകരായിരിക്കണമെന്ന് ഓർമിപ്പിക്കുകയാണ് തരൂർ ഈ അഭിമുഖത്തിൽ.
1) ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം പൂർത്തിയാകുന്നു. ഇക്കാലയളവിൽ സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർഥതലങ്ങളിൽ പല മാറ്റവും ഉണ്ടായിട്ടുണ്ട്, സ്വാതന്ത്ര്യം എന്ന പദത്തിന് താങ്കൾ നൽകുന്ന നിർവചനം എന്താണ്?
സ്വാതന്ത്ര്യം എന്ന വാക്കിന് പുതുതായി ഒരുപാടു മാനങ്ങൾ കൈവന്നിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രത്യേകിച്ചും സ്വാതന്ത്ര്യം ലഭിച്ച് നമുക്കൊരു ഭരണഘടന കൂടി സ്വന്തമായതോടെ. ബ്രിട്ടിഷ് ഭരണം ശ്രദ്ധയൂന്നിയിരുന്ന വർഗീയതയിൽനിന്നു കുതറിമാറി വ്യക്തിയുടെ അവകാശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത് അതിനു ശേഷമാണ്. ബ്രിട്ടീഷ് ഭരണത്തിൽ 10 ശതമാനം പേർക്കു മാത്രമായിരുന്നു വോട്ടവകാശമെങ്കിൽ, ഭരണഘടന വന്നതു മുതൽ അത് എല്ലാവർക്കും ലഭിച്ചു. അതോടെ പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ജീവിതത്തിലേക്ക് സ്വാതന്ത്ര്യത്തിന്റെ പുതിയ വെളിച്ചം വന്നു. പിന്നീട് സുപ്രീം കോടതിയുടെ തുടർച്ചയായ വിധിപ്രസ്താവങ്ങളിലൂടെ സ്വാതന്ത്ര്യമെന്ന ആശയം കൂടുതൽ വളർന്നു. സ്വാതന്ത്ര്യത്തിന്റെ ഈ വിപുലമായ ആശയത്തിനായി നാം പൊരുതേണ്ടതുണ്ട്, അതു നിലനിർത്തേണ്ടതുണ്ട്.
2) 75 വർഷങ്ങൾക്കിപ്പുറം ലോകത്തിനു മുന്നിൽ ഇന്ത്യ എങ്ങനെയാണ് സ്വയം അടയാളപ്പെടുത്തുന്നത്?
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഫ്രീ മാർക്കറ്റ് ഡമോക്രസി എന്ന പ്രതിച്ഛായ ഇന്ത്യയ്ക്കുണ്ട്. നാനാത്വവും ബഹുസ്വരതയും വിജയകരമായി സന്നിവേശിപ്പിച്ച സമൂഹമെന്ന അംഗീകാരമാണ് അതിന്റെ അടിത്തറ. നിർഭാഗ്യവശാൽ, ഇസ്‍ലാമോഫോബിയും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും രാജ്യത്തുണ്ടായതോടെ, ആ സൽപേരിന് കളങ്കം സംഭവിച്ചു. ബിജെപി ഭരിക്കുന്ന ഇന്ത്യയ്ക്ക് മധ്യപൂർവ ദേശത്തും പാശ്ചാത്യലോകത്തും അടക്കം രാജ്യാന്തര മാധ്യമങ്ങളിൽ പേരുദോഷം സംഭവിച്ചു. സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ പ്രകടനം മോശമായതും ഇതിന് ആക്കം കൂട്ടി. അപ്പോഴും, ചൈനയുടെ ധാർഷ്ട്യം നിറഞ്ഞ അത്യാഗ്രഹത്തിനു തടയിടാനുള്ള ജനാധിപത്യ സമൂഹത്തിന്റെ പോരാട്ടത്തിൽ ഇന്ത്യയും അവിഭാജ്യ ഘടകമാണ്. വിദേശത്ത് ഇന്ത്യയുടെ യശസ് വർധിപ്പിക്കുന്നതിൽ ഇതിന് നിർണായക പങ്കുണ്ട്. എങ്കിലും രാജ്യാന്തര സമൂഹത്തിന്റെ വിശ്വാസവും ആദരവും പിടിച്ചുപറ്റാൻ ആഭ്യന്തര പ്രശ്നങ്ങൾ നാം പരിഹരിച്ചേ മതിയാകൂ.
3) ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ ജനാധിപത്യത്തിന്റെ ഭാവി എന്താകും? സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽനിന്ന് ആർജിച്ച മൂല്യങ്ങളാണ് കോൺഗ്രസിന്റേത്. രാഷ്ട്രീയതലത്തിലെ മാറ്റങ്ങൾ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തിയിൽ മാറ്റമുണ്ടാക്കിയിട്ടുണ്ടോ?
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മൂല്യങ്ങൾ കാലാതീതമാണെന്നു മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ പ്രോജ്വലിപ്പിച്ചതും ഇന്ത്യൻ ഭരണഘടനയുടെ ഭാഷയിലും ഉള്ളടക്കത്തിലും പ്രതിഫലിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ, ഭരണഘടനയിലും ഭരണഘടനാ സ്ഥാപനങ്ങളിലും അധിഷ്ഠിതമായ ഇന്ത്യയ്ക്ക് കരുത്തുറ്റ ഒരു അടിത്തറയുണ്ട്.
നിർഭാഗ്യവശാൽ, ചില സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾ, കേന്ദ്രസർക്കാർ ഈ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിൽ വിള്ളൽ വീഴ്ത്താനും ചിലരെ മാത്രം ഉന്നമിട്ടുള്ള അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും പ്രതിപക്ഷത്തെ ഭയപ്പെടുത്താനും ന്യൂനപക്ഷങ്ങളെ പൈശാചികവൽക്കരിക്കാനും ശ്രമിക്കുന്നുവെന്ന തോന്നൽ ശക്തമാക്കുന്നുണ്ട്. ഇത്തരം രീതികൾക്കു മാറ്റം വന്നില്ലെങ്കിൽ നമ്മുടെ ജനാധിപത്യത്തിന്റെ പ്രതിച്ഛായയും അന്തഃസത്തയും അപകടത്തിലാകുമെന്ന് തീർച്ചയാണ്.
4) നാനാത്വത്തിൽ ഏകത്വം എന്ന ചിന്ത കൂടി ഉറപ്പിക്കുന്ന ഫെഡറലിസത്തിൽനിന്ന് വ്യതിചലിക്കുന്ന സാഹചര്യം ഇന്ത്യയിലുണ്ടോ? ഉണ്ടെങ്കിൽ അതിനു പിന്നിലെന്താകും?
ഏറ്റവും ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. കേന്ദ്രസർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കാനും സംസ്ഥാന സർക്കാരുകൾക്കുള്ള കേന്ദ്ര നികുതി വരുമാനത്തിന്റെ പങ്ക് വൻതോതിൽ വെട്ടിക്കുറയ്ക്കാനും ശ്രമിക്കുന്നതായിട്ടാണ് കാണുന്നത്. 84–ാം ഭരണഘടനാ ഭേദഗതിയുടെ സാധുത 2026 ൽ അവസാനിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വലിയ അപകടമാണ് നമ്മെ കാത്തിരിക്കുന്നത്. നിയമസഭാ-ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കുന്നതിനോ വര്‍ധിപ്പിക്കുന്നതിനോ നിലനില്‍ക്കുന്ന ഭരണഘടനാപരമായ തടസ്സം 2026 ൽ മാറുന്നതോടെ, ജനസംഖ്യ കൂടിയ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ ക്രമാതീതമായി വർധിപ്പിക്കുമെന്ന് തീർച്ചയാണ്. സ്വാഭാവികമായും ഹിന്ദി ബെൽറ്റ് കേന്ദ്രീകരിച്ചാകും ഇതു സംഭവിക്കുക.
ബിജെപിക്ക് കൂടുതൽ ശക്തിയുള്ള, ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ വർധിപ്പിക്കുന്നത് പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ അവരെ സഹായിക്കും. അതോടെ ഭരണഘടന ഭേദഗതി ചെയ്യാനും ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിക്കാനും എന്തിന്, ഭരണകക്ഷിയുടെ അനുയായികളുടെ സ്വപ്നമായ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനു പോലും അവർക്ക് നിഷ്പ്രയാസം സാധിക്കും. അതു സംഭവിച്ചാൽ ഫെഡറലിസത്തെ ദോഷകരമായി ബാധിക്കുമെന്നു മാത്രമല്ല, രാജ്യത്തിന്റെ അഖണ്ഡത തന്നെ അപകടത്തിലാകുകയും ചെയ്യും. ഇന്ത്യയുടെ കരുത്ത് അന്തർലീനമായിരിക്കുന്നത് സംസ്ഥാനങ്ങളുടെ നിലനിൽപിലാണെന്ന തിരിച്ചറിവുള്ള രാഷ്ട്രതന്ത്രജ്ഞതയ്ക്കു വഴിമാറട്ടെ ഇത്തരം ഇടുങ്ങിയ രാഷ്ട്രീയം എന്നാണ് എന്റെ പ്രതീക്ഷയും പ്രാർഥനയും.
5) സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ, ആ സ്വാതന്ത്ര്യത്തെ മൂല്യവത്താക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പൊളിച്ചെഴുത്തുണ്ടായേക്കും എന്ന രീതിയിൽ ഉയരുന്ന ആശങ്കകൾ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
അത്തരമൊരു പൊളിച്ചെഴുത്തുണ്ടാകുമെന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യത്തിലെ എന്റെ ആശങ്കകൾ കഴിഞ്ഞ ചോദ്യത്തിനുള്ള ഉത്തരത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം ഒന്നുകൂടി പറയാം, ഇപ്പോഴത്തെ സർക്കാർ കൊണ്ടുവന്നതും പ്രായോഗിക തലത്തിൽ സൗകര്യപൂർവം മാറ്റം വരുത്തിയതുമായ യുഎപിഎയും പിഎംഎൽഎയും ഉൾപ്പെടെയുള്ള നിയമങ്ങൾ രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങൾ കവർന്നെടുത്ത് പല രീതിയിലും ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെത്തന്നെ നശിപ്പിച്ചിട്ടുണ്ട്. 75 വർഷം മുൻപ് സ്ഥാപിതമായ, ഉദാരമായ ദേശീയതയിൽ അടിയുറച്ച നമ്മുടെ മഹത്തായ ജനാധിപത്യം, വരും കാലത്ത് അനാദരണീയമായേക്കാം എന്ന വലിയ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ഞാൻ ഭയപ്പെടുന്നു.
English Summary: Shashi Tharoor MP on 75 years of Indian Independence