അന്ന് നഗ്നയായി, ചോരയൊലിപ്പിച്ച് അവൾ; ആ 7 പേരെ ഗുജറാത്ത് പൊലീസ് നീർച്ചാലിൽ ഉപ്പിട്ട് മറവു ചെയ്തു
പ്രോസിക്യൂഷൻ കേസ് പ്രകാരം ബിൽക്കീസ് ബാനുവിന്റെ കുഞ്ഞിനെ ശൈലേഷ് ഭട്ട് തറയിലടിച്ചു കൊല്ലുകയായിരുന്നു. ജസ്വന്ത് ഭായ്, ഗോവിന്ദ് ഭായ്, നരേഷ് മോർധിയ എന്നിവർ ബിൽക്കീസിനെ ബലാത്സംഗം ചെയ്‌തു. മറ്റ് എട്ടു പേർ ഇവരുടെ ബന്ധുക്കളെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തു. ഈ പ്രതികളിൽ 11 പേരെയാണ് ഗുജറാത്ത് സർക്കാർ ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്. പുറത്തിറങ്ങിയപ്പോൾ സ്വീകരണവും..Bilkis Bano Case.Gujarat
പ്രോസിക്യൂഷൻ കേസ് പ്രകാരം ബിൽക്കീസ് ബാനുവിന്റെ കുഞ്ഞിനെ ശൈലേഷ് ഭട്ട് തറയിലടിച്ചു കൊല്ലുകയായിരുന്നു. ജസ്വന്ത് ഭായ്, ഗോവിന്ദ് ഭായ്, നരേഷ് മോർധിയ എന്നിവർ ബിൽക്കീസിനെ ബലാത്സംഗം ചെയ്‌തു. മറ്റ് എട്ടു പേർ ഇവരുടെ ബന്ധുക്കളെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തു. ഈ പ്രതികളിൽ 11 പേരെയാണ് ഗുജറാത്ത് സർക്കാർ ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്. പുറത്തിറങ്ങിയപ്പോൾ സ്വീകരണവും..Bilkis Bano Case.Gujarat
പ്രോസിക്യൂഷൻ കേസ് പ്രകാരം ബിൽക്കീസ് ബാനുവിന്റെ കുഞ്ഞിനെ ശൈലേഷ് ഭട്ട് തറയിലടിച്ചു കൊല്ലുകയായിരുന്നു. ജസ്വന്ത് ഭായ്, ഗോവിന്ദ് ഭായ്, നരേഷ് മോർധിയ എന്നിവർ ബിൽക്കീസിനെ ബലാത്സംഗം ചെയ്‌തു. മറ്റ് എട്ടു പേർ ഇവരുടെ ബന്ധുക്കളെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തു. ഈ പ്രതികളിൽ 11 പേരെയാണ് ഗുജറാത്ത് സർക്കാർ ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്. പുറത്തിറങ്ങിയപ്പോൾ സ്വീകരണവും..Bilkis Bano Case.Gujarat
ഗോധ്ര ജയിലിനു മുന്നിൽ അവർ 11 പേർ നിരന്നുനിന്നത് സ്വീകരണം ഏറ്റുവാങ്ങാൻ വേണ്ടി ആയിരുന്നു. വനിതകൾ തിലകം തൊടുകയും ആരതി ഉഴിയുകയും ചെയ്തു. ചിലർ കാൽതൊട്ട് വന്ദിച്ചു. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പിന്നീട് സ്വീകരണസ്ഥലത്തേക്ക് എല്ലാവരും നീങ്ങി. ദീൻദയാൽ ഉപാധ്യായ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അവർക്ക് സ്വീകരണം നൽകി. 2002 മാർച്ച് 2ന് ബിൽക്കീസ് ബാനു എന്ന ഗർഭിണിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം നടത്തിയ കേസിൽ സിബിഐ കുറ്റക്കാരാണെന്ന് കണ്ടെത്തി, കോടതി ശിക്ഷിച്ചവരായിരുന്നു എല്ലാവരും. ഗുജറാത്ത് സർക്കാർ നിയോഗിച്ച 3 പേരടങ്ങുന്ന സമിതി, അവർ 14 വർഷത്തോളം ജയിലിൽ കഴിഞ്ഞുവെന്നും നല്ല നടപ്പുകാർ ആയിരുന്നു എന്നുമാണ് കണ്ടെത്തിയത്. അടുത്ത ദിവസം ഒരു ന്യൂസ് പോർട്ടലുമായി സംസാരിക്കവെ ഈ സമിതിയിൽ അംഗമായിരുന്ന ഗോധ്ര ബിജെപി എംഎൽഎ ‘എല്ലാവരും ബ്രാഹ്മണരും നല്ല സാംസ്കാരിക മൂല്യങ്ങൾ പിന്തുടരുന്നവരുമാണെ’ന്നും പറഞ്ഞു. പിന്നീട് ഈ പ്രസ്താവന തിരുത്തിയെങ്കിലും എംഎൽഎ ഇങ്ങനെ തന്നെയാണ് പറഞ്ഞതെന്ന വസ്തുത വിഡിയോ ദൃശ്യങ്ങൾ അവശേഷിപ്പിച്ചു. പഞ്ചമഹൽ ജില്ലയിലെ കാലോൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയും വനിതയുമായ സുമൻബെൻ ചൗഹാനാണ് കലക്ടർക്കു പുറമെ സമിതിയിലുണ്ടായിരുന്ന അടുത്ത വ്യക്തി. നീതിന്യായ വ്യവസ്ഥയുടെ മുഖത്തേറ്റ അടി എന്നാണ് ചരിത്രകാരന്മാരും ആക്ടിവിസ്റ്റുകളും നിയമവിദഗ്ധരും ഉൾപ്പെടെ ആറായിരത്തോളം പേർ സുപ്രീം കോടതിക്ക് എഴുതിയ കത്തിൽ ഈ മോചനത്തെ വിശേഷിപ്പിച്ചത്. തീരുമാനം തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്താണ് ബിൽക്കീസ് ബാനു കേസിൽ സംഭവിച്ചത്? എന്തുകൊണ്ടാണ് ഗുജറാത്ത് സർക്കാർ ഒരു കൂട്ടബലാത്സംഗക്കേസ് തേച്ചുമായ്ച്ചു കളയുന്നതിന് ഇത്രയേറെ പരിശ്രമിക്കുന്നത്? ഒരു ഭീഷണിയും വകവയ്ക്കാതെ കോടതിയിൽ പോരാടിയിട്ടും എന്തുകൊണ്ടാണ്, തനിക്ക് നീതിയിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടെന്ന് ബിൽക്കീസിനു പറയേണ്ടി വന്നത്?
∙ മനുഷ്യസ്നേഹികളിലൂടെ ജീവൻവച്ച കേസ്
2003 ഏപ്രിൽ മാസം. ഗുജറാത്തിലെ നരഹത്യ നടന്നിട്ട് ഒരു വർഷം പിന്നിട്ടിരുന്നു. അക്രമത്തിൽ ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞ പാവങ്ങൾ അപ്പോൾ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയായിരുന്നു. ക്യാംപിലേക്ക് മലയാളിയായ ജാതവേദൻ നമ്പൂതിരി അടക്കമുള്ള ദേശീയ മനുഷ്യാവകാശ സമിതി അംഗങ്ങൾ കാര്യങ്ങൾ അന്വേഷിക്കാൻ എത്തി. ഗുജറാത്ത് മുൻ ഡിജിപി കൂടിയായിരുന്നു തൃശൂർ സ്വദേശിയായ നമ്പൂതിരി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അന്ന് വാക്കുകൾ കിട്ടാത്ത ഒരു പെൺകുട്ടിയും ഭർത്താവും വന്നു. ബിൽക്കിസ് ബാനുവും ഭർത്താവ് യാക്കൂബും. അവൾക്കു വേണ്ടി സംസാരിച്ചത് യാക്കൂബ് ആയിരുന്നു. സംസ്ഥാന സർക്കാർ ‘മതിയായ തെളിവുകളില്ലാത്തതിനാൽ’ നിരവധി കേസുകൾ അവസാനിപ്പിച്ചിരുന്നു. അതിലൊന്നായ തന്റെ കേസിന്റെ കാര്യത്തിൽ സഹായിക്കണമെന്നാണ് അവൾ അപേക്ഷിച്ചത്. പൊരുതാൻ തയാറാണെങ്കിൽ സഹായിക്കാം എന്ന് അദ്ദേഹം വാക്കുകൊടുത്തു.
കേസ് പരിശോധിച്ചപ്പോൾ അക്രമത്തിന്റെ ഓരോ ഘട്ടത്തിലും ഗുജറാത്ത് പൊലീസ് വേട്ടക്കാരന്റെ ഒപ്പം നിന്നു എന്ന വസ്തുത നമ്പൂതിരിയെ ഞെട്ടിച്ചു. പൊലീസ് രേഖകൾ പരിശോധിച്ച അദ്ദേഹത്തിന് കള്ളക്കളികൾ ബോധ്യമായി. ബിൽക്കിസിന്റെ മൊഴി പോലും ഇല്ല. അദ്ദേഹം കൂടുതൽ അന്വേഷണം നടത്തി മനുഷ്യാവകാശ സമിതിക്ക് റിപ്പോർട്ടുകളയച്ചു. ഈ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ സുപ്രീംകോടതി സ്വമേധയാ കേസ് പരിഗണിച്ചു. പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയോട് ബിൽക്കിസിന്റെ കേസ് ഏറ്റെടുക്കാൻ നിർദേശിക്കുകയും ചെയ്തു. നീതി വേണം എന്ന ബിൽക്കിസിന്റെ ആഗ്രഹത്തിന് ജീവൻവച്ചത് അങ്ങനെയാണ്.
∙ ചോരയിൽ കുതിർന്ന ജീവിതങ്ങൾ
ഗോധ്ര ട്രെയിൻ ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസം. 2002 മാർച്ച് 1. ദഹോദ് ജില്ലയിലെ ദേവഗഡ് ബാരിയ ഗ്രാമത്തിൽ ആയിരുന്നു ബിൽക്കീസ് ബാനു (19). മൂന്നു വയസ്സ് പ്രായമുള്ള മകൾ സാലിഹയെയും കൊണ്ടാണ് അമ്മയുടെ വീട്ടിൽ വന്നത്. ആറുമാസം ഗർഭിണിയായിരുന്നു ബാനു. ഉച്ചയ്ക്ക് ഭക്ഷണം ഉണ്ടാക്കി നിൽക്കുമ്പോഴാണ് അടുത്തുള്ള വീട്ടിൽ താമസിക്കുന്ന അമ്മയുടെ സഹോദരിയും മകളും നിലവിളിച്ചുകൊണ്ട് ഓടിവന്നത്. അവരുടെ വീടുകൾക്കു തീവച്ചു. ജീവൻ ബാക്കിവേണമെങ്കിൽ എത്രയും വേഗം രക്ഷപ്പെടണം. അമ്മയും പൂർണഗർഭിണിയായ സഹോദരിയും അടങ്ങുന്ന സംഘം അവിടെ നിന്ന് രക്ഷപ്പെട്ടോടി.
17 പേരടങ്ങുന്ന സംഘമാണ് അഭയം തേടി യാത്ര തുടങ്ങിയത്. മാർച്ച് 3ന് സമീപത്തെ ഒരു ഗ്രാമത്തിൽ ഒളിച്ചുതാമസിക്കുമ്പോഴാണ് അക്രമികൾ അവരെ കണ്ടെത്തിയത്. വാളുകളും മറ്റുമായി അവർ ആക്രമിച്ചു. ബിൽക്കീസിന്റെ മകൾ സാലിഹയെ തറയിലടിച്ചുകൊന്നു. സഹോദരി, ബന്ധുവായ മറ്റൊരു സ്‌ത്രീ എന്നിവരെ കൂട്ട മാനഭംഗത്തിനിരയാക്കി. താൻ ഗർഭിണിയാണെന്ന് പറഞ്ഞിട്ടും അടുത്തു പരിചയമുള്ള അക്രമികൾ അവളെ കൂട്ടബലാത്സംഗം ചെയ്തു. ബിൽക്കീസിന്റെ ബന്ധുക്കളായ എട്ടുപേർ കൊല്ലപ്പെടുകയും ആറുപേരെ കാണാതാകുകയും ചെയ്‌തു. അവളുടെ നാടായ രൺദീക്‌പൂരിൽ നിന്നു പിന്തുടർന്നെത്തിയ പരിചയക്കാരായ നാട്ടുകാർ തന്നെയാണ് ആക്രമണം നടത്തിയത്.
തലേന്നുവരെ ചേട്ടാ എന്നും സഹോദരാ എന്നും അവൾ സ്നേഹത്തോടെ വിളിച്ചവരായിരുന്നു അക്രമികൾ. സംഘത്തിൽ ഉണ്ടായിരുന്ന സഹോദരി ഷമീം പൂർണഗർഭിണിയായിരുന്നു. യാത്രയ്ക്കിടയിലാണ് അവൾ പ്രസവിച്ചത്. അവളെയും കുഞ്ഞിനെയും അക്രമികൾ കൊന്നു. ബോധരഹിതയായ ബിൽക്കീസ് മരിച്ചു എന്നു കരുതിയാണ് അക്രമികൾ ഉപേക്ഷിച്ചുപോയത്. നഗ്നയായി, ചോരയൊലിപ്പിച്ച് കിടന്ന അവളെ പൊലീസുകാരാണ് അടുത്തുള്ള ആദിവാസികളുടെ വീട്ടിലെത്തിച്ചത്. പ്രതികളെപ്പറ്റി മിണ്ടരുതെന്ന് പൊലീസ് താക്കീതു ചെയ്തു. നിനക്ക് ജീവൻ തിരിച്ചുകിട്ടിയില്ലേ എന്ന് സമാശ്വസിപ്പിച്ചു.
∙ യോഗേഷ് ഗുപ്തയുടെ അധ്വാനം
2004ൽ ആണ് സുപ്രീംകോടതി സിബിഐയോട് കേസ് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. കേസ് അന്വേഷണം നടത്തിയതു മുതൽ കുറ്റപത്രം സമർപ്പിക്കുന്നതു വരെയുള്ള കാര്യങ്ങൾ ചെയ്തത് കേരള കേഡർ ഐപിഎസ് ഓഫിസർ യോഗേഷ് ഗുപ്‌ത ആയിരുന്നു. അന്ന് അദ്ദേഹം സിബിഐയിൽ ആയിരുന്നു. പൂർണമായും തേച്ചുമായ്‌ച്ചുകളഞ്ഞ രീതിയിലായിരുന്നു കേസ്. തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്ന കാര്യം എഴുതണമെന്ന ബിൽക്കീസിന്റെ ആവശ്യം പോലും പൊലീസ് തള്ളിക്കളഞ്ഞിരുന്നു. വെറുമൊരു ആക്രമണം എന്നു വിശേഷിപ്പിച്ചാണ് കൂട്ടക്കൊലപാതകവും കൂട്ടബലാൽസംഗവും ലോക്കൽ പൊലീസ് എഴുതിത്തള്ളിയത്.
കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഷമീം, ഹലീമ തുടങ്ങിയവരുടെ മൃതശരീരത്തിന്റെ ചിത്രങ്ങളെടുത്ത ഫൊട്ടോഗ്രഫറെ തിരഞ്ഞുപിടിച്ചാണ് സിബിഐ കേസിന്റെ ആദ്യ തുമ്പുണ്ടാക്കിയത്. തുടർന്ന്, നദിക്കരയിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെടുത്തു. അപ്പോഴേക്കും അസ്‌ഥിപരുവത്തിലെത്തിയിരുന്നു അത്. കേസിൽ തെളിവായി സിബിഐ കണ്ടെടുത്ത അസ്‌ഥികൾ കൊല്ലപ്പെട്ടവരുടേതു തന്നെയാണെന്നു 2004 ഡിസംബറിൽ ഡൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പരിശോധനയിൽ കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ ഏഴുപേരെ ഗുജറാത്ത് പൊലീസ് ഒരു നീർച്ചാലിൽ ഉപ്പിട്ടുമൂടി മറവുചെയ്യുകയായിരുന്നു.
∙ നീതിയിലേക്കുള്ള യാത്ര
ബിജെപിയുടെ മുൻ ജില്ലാ സംഘടനാ സെക്രട്ടറിയും വിഎച്ച്‌പി നേതാവുമായ ശൈലേഷ് ഭട്ട്, ഒരു മുൻമന്ത്രിയുടെ പിഎ എന്നിവരടക്കം 12 പേരെ 2004 ജനുവരി 22നു സിബിഐ അറസ്‌റ്റ് ചെയ്‌തതോടെയാണു കേസിനു വീണ്ടും ജീവൻവച്ചത്. ഒരു ഡിവൈഎസ്‌പി, രണ്ട് ഇൻസ്‌പെക്‌ടർമാർ, ഒരു സബ് ഇൻസ്‌പെക്‌ടർ, രണ്ടു ഹെഡ് കോൺസ്‌റ്റബിൾമാർ എന്നീ പൊലീസുകാരുമടക്കം 20 പേരെ സിബിഐ പ്രതികളാക്കി. പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടർ ദമ്പതികളായ അരുൺ പ്രസാദ്, സംഗീത എന്നിവരും ഇതിൽ ഉൾപ്പെട്ടു.
പ്രോസിക്യൂഷൻ കേസ് പ്രകാരം ബിൽക്കീസിന്റെ കുഞ്ഞിനെ ശൈലേഷ് ഭട്ട് തറയിലടിച്ചു കൊല്ലുകയായിരുന്നു. ജസ്വന്ത് ഭായ്, ഗോവിന്ദ് ഭായ്, നരേഷ് മോർധിയ എന്നിവർ ബിൽക്കീസിനെ ബലാത്സംഗം ചെയ്‌തു. മറ്റ് എട്ടു പേർ ഇവരുടെ ബന്ധുക്കളെ ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തു. ഗൂഢാലോചനയും തെളിവു നശിപ്പിക്കലുമായിരുന്നു ഡോക്‌ടർ ദമ്പതികൾക്കെതിരായ കുറ്റം. പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയും സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരായ ആരോപണം.
അഞ്ഞൂറു പേജുള്ള കുറ്റപത്രം തയാറാക്കാനായി യോഗേഷ് ഗുപ്തയും സംഘവും രാവും പകലും കഠിനാധ്വാനം ചെയ്‌തു. 165 സാക്ഷികളെയാണ് കണ്ടെത്തിയത്. പഴുതില്ലാത്ത കുറ്റപത്രം തയാറാക്കാൻ യോഗേഷ് ഗുപ്തയിലെ മനുഷ്യസ്നേഹി തയാറായി. അഹമ്മദാബാദിലെ കോടതിയിൽ വിചാരണ തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അതിന്റെ അപകടം മനസ്സിലാക്കി കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടത്. തന്നെ തുല്യ അവകാശമുള്ളവളായി ഗുജറാത്ത് സർക്കാർ കരുതുന്നില്ലെന്നാണ് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റിയതിനെപ്പറ്റി ബാനു പറഞ്ഞത്.
∙ സംശയം തെറ്റിച്ച ബാനു
ബെസ്‌റ്റ് ബേക്കറി കേസിലെ സഹീറാ ഷെയ്ഖിനെപ്പോലെയാകുമോ ബിൽക്കീസ്. ഇതായിരുന്നു സിബിഐ സംഘത്തിന്റെ സംശയം. 14 ഉറ്റവരെ തീകൊളുത്തി കൊന്നതിന് ദൃക്സാക്ഷിയായ സഹീറ, കോടതിയിലെത്തിയപ്പോൾ മൊഴിമാറ്റി. അതിന്റെ പേരിൽ കോടതി ശിക്ഷിക്കുകയും ചെയ്തു. പ്രതികളുടെ ഭീഷണിയാണ് അതിനു കാരണമായത്. പ്രതികളുടെ കടുത്ത സമ്മർദത്തിനു മുൻപിൽ ബിൽക്കീസ് ബാനു പിടിച്ചുനിൽക്കുമോ എന്ന ആശങ്കയാണ് അന്വേഷണസംഘത്തിനുണ്ടായിരുന്നത്. എന്നാൽ ബിൽക്കീസ് സിബിഐ സംഘത്തിന്റെ സംശയങ്ങൾ അസ്ഥാനത്താണെന്ന് തെളിയിച്ചു.
ഗുജറാത്തിൽനിന്നു മുംബൈയിലേക്കു കൊണ്ടുവന്ന് ബിൽക്കീസിന് ഒരു ഫ്ലാറ്റിൽ സിബിഐ താമസമൊരുക്കി. ബിൽക്കീസിനും കുടുംബത്തിനും പിന്തുണയുമായി സന്നദ്ധസംഘടനകളും രംഗത്തെത്തി. തന്നെയും കുടുംബത്തെയും ആക്രമിച്ച സംഘത്തിലെ 12 പേരെയും ബിൽക്കീസ് ബാനു പ്രത്യേക കോടതിയിൽ തിരിച്ചറിഞ്ഞു. ഓരോരുത്തരും കുറ്റകൃത്യത്തിൽ വഹിച്ച പങ്കിനെക്കുറിച്ച് അവൾ വിശദീകരിച്ചു. കൂട്ടക്കൊല അതിജീവിച്ച എട്ടു വയസ്സുകാരന്റെയും ബിൽക്കീസിന്റെയും മൊഴികൾ തന്നെയാണു രഹസ്യവിചാരണയിൽ ജഡ്‌ജി യു.ഡി. സാൽവി മുഖ്യമായും ആശ്രയിച്ചത്. സ്വന്തം ഗ്രാമക്കാർ തന്നെയായ 12 പ്രതികളെ ബിൽക്കീസും തന്റെ അമ്മയെ ആക്രമിച്ചവരക്കം അഞ്ചു പ്രതികളെ കുട്ടിയും ജഡ്‌ജിയുടെ മുന്നിൽവച്ചു തിരിച്ചറിഞ്ഞു. തന്റെ കൺമുന്നിലാണ് അമ്മ പിടഞ്ഞു മരിച്ചതെന്നും കുട്ടി മൊഴിനൽകിയിരുന്നു.
അസാധാരണമായ ഇച്‌ഛാശക്‌തിയോടെ പ്രതികൾക്കെതിരെ നിലനിന്ന ബിൽക്കീസ് ബാനുവിനു പിന്തുണ നൽകിയത് ഭർത്താവ് യാക്കൂബ് റസൂൽ ആയിരുന്നു. എന്താണ് അന്ന് സംഭവിച്ചത് എന്നല്ല, ഇനി എന്തു ചെയ്യണം എന്നുമാത്രമാണ് യാക്കൂബ് അവളോട് സംസാരിച്ചത്. മാനസിക ആഘാതത്തിൽ സംസാരശേഷി മരവിച്ച അവളെ താങ്ങും തണലും നൽകി ബോംബെയിലെ വിചാരണസ്ഥലം അടക്കം എല്ലായിടത്തും അവൻ കൊണ്ടുപോയി. കൈയിൽ എപ്പോഴും കുപ്പിവെള്ളം കരുതി. തുടർച്ചയായുള്ള ചോദ്യംചെയ്യലിൽ തളരുമ്പോൾ ഇടയ്‌ക്കിടെ കൊച്ചുകുട്ടികൾക്കെന്നപോലെ യാക്കൂബ് ഭാര്യയ്ക്കു വെള്ളം പകർന്നുനൽകി.
കേസിലെ ആദ്യത്തെ ആറു പ്രതികൾക്കു വധശിക്ഷ വേണമെന്നാണ് സിബിഐ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ കോടതി പ്രതികൾക്കു വിധിച്ചത് ഇരട്ടജീവപര്യന്തമാണ്. 2017ൽ പ്രത്യേക കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. അങ്ങനെ സുപ്രീംകോടതിയുടെ നിർദേശപ്രകാരം നടന്ന ഇഴകീറിയ അന്വേഷണത്തിൽ കുറ്റവാളികളെന്നു തെളിഞ്ഞവരെയാണ് ‘നല്ല സംസ്കാരമുള്ള മനുഷ്യർ’ എന്ന് എംഎൽഎ വിശേഷിപ്പിച്ചതും ലോകത്തേക്ക് തുറന്നുവിട്ടതും. ഈ വാർത്തയറിഞ്ഞ് ബിൽക്കീസ് ബാനു പറഞ്ഞു- എനിക്ക് നീതിയിലുള്ള വിശ്വാസം പിന്നെയും നഷ്ടപ്പെട്ടു. ഞാൻ ഈ രാജ്യത്തെ പരമോന്നത കോടതിയെ വിശ്വസിച്ചു. എനിക്ക് മനസ്സമാധാനത്തോടെ ഇനിയെങ്ങനെ കഴിയാൻ സാധിക്കും?
∙അനീതിയിലേക്കു മടക്കയാത്ര
തെലങ്കാനയിലെ ഐഎഎസ് ഓഫിസർ സ്മിത സബർവാൾ ഈ സംഭവത്തെപ്പറ്റി നടത്തിയ പ്രതികരണം ശ്രദ്ധിക്കപ്പെട്ടു- ‘ബിൽക്കീസിന്റെ അവകാശത്തെ ധ്വംസിച്ചുകൊണ്ട് നമ്മുടേത് സ്വതന്ത്രരാജ്യമെന്ന് വിളിക്കാനാവില്ല. വിശ്വസിക്കാനാവുന്നില്ല ഈ വാർത്ത..’ മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ സ്മിത കുറിച്ചു. പ്രതികളെ ശിക്ഷിച്ച ജസ്റ്റിസ് യു.ഡി. സാൽവി പറഞ്ഞു- ഇത് തെറ്റാണ്, ഇനി മറ്റ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളും ഇതേ രീതിയിൽ രക്ഷപ്പെടും.
പ്രതികളിൽ ഒരാളായ രാധേഷ്ശ്യാം ആണ്, മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷിച്ചത് മഹാരാഷ്ട്രയിൽ വച്ച് ആയതിനാൽ അവിടുത്തെ കോടതിയെ സമീപിക്കാനായിരുന്നു മറുപടി കിട്ടിയത്. അതിനുപകരം അയാൾ സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്ത് സർക്കാരിന് തീരുമാനമെടുക്കാമെന്നു നിർദേശിച്ചത് സുപ്രീംകോടതിയാണ്. അതോടെ എല്ലാം വേഗത്തിലായി. മൂന്നംഗ കമ്മിറ്റിയെ നിയമിച്ച് റിപ്പോർട്ട് വാങ്ങി സർക്കാർ 11 പേരെയും മോചിപ്പിച്ചു. കമ്മിറ്റി ഏകകണ്ഠമായാണ് അഭിപ്രായമെഴുതിയത്. രാധേശ്യാം ഷാ, ജസ്വന്ത് ചതുർഭായ്, കേശുഭായ് വദാനിയ, ബാക്കാബായ് വദാനിയ, രജിഭായ് സോണി, രമേഷ്ഭായ് ചൗഹാൻ, ശൈലേഷ്ഭായ് ഭട്ട്, ബിപിൻ ചന്ദ്ര ജോഷി, ഗോവിന്ദ്ഭായ്, മിതേഷ്ഭട്ട്, പ്രദീപ് മോദിയ എന്നിവരെയാണ് വിട്ടയച്ചത്. കേസിലാകെ 12 പ്രതികളാണുണ്ടായിരുന്നത്. ഒരാൾ മരിച്ചു.
ഗുജറാത്ത് കലാപത്തിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള തിടുക്കമാണ് ഇപ്പോൾ നടക്കുന്ന നീക്കത്തിന് ഒരു കാരണം എന്നാണ് നിരീക്ഷണം. കൊലപാതകങ്ങളും ഹീനമായ കൂട്ടബലാത്സംഗങ്ങളും നടന്നു എന്ന് ചരിത്രത്തിൽ എഴുതിവയ്ക്കാൻ എല്ലാവർക്കും ലജ്ജ തോന്നുന്നു. അങ്ങനെയൊന്നും നടന്നില്ലെന്ന് വരുത്താനാണ് ശ്രമം. ഗുജറാത്ത് കലാപത്തിന്റെ മുഖങ്ങളിൽ ഒന്നാണ് ബാനു. അതുകൊണ്ടാണ് എന്തു നാണക്കേടു സഹിച്ചും പ്രതികൾ നിരപരാധികൾ എന്നു വരുത്താൻ നോക്കുന്നത്. ഡിസംബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വർഗീയവിഭജനം നടത്താനുള്ള ശ്രമമാണിതെന്നാണ് ആംആദ്മി പാർട്ടിയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
∙ എതിർപ്പുകൾ ശക്തമാകുമ്പോൾ
സ്വാതന്ത്ര്യത്തിന്റെ 75–ാം പിറന്നാൾ ദിവസമാണ് വനിതകളുടെ ക്ഷേമത്തെപ്പറ്റി പ്രധാനമന്ത്രി ചെങ്കോട്ടയിൽ പ്രസംഗിച്ചത്. അതേ ദിവസം തന്നെയാണ് ഒരു പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തവർ സ്വതന്ത്രരായി പുറത്തിറങ്ങിയതും. പ്രധാനമന്ത്രിയുടെ വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് തെളിഞ്ഞതായി കോൺഗ്രസ് ആരോപിക്കുന്നു. ബലാത്സംഗക്കാർക്കു വേണ്ടി പ്രധാനമന്ത്രി ഇടപെട്ടു എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുറന്നടിച്ചത്. നാണമില്ലേ എന്നാണ് രാഹുൽ ചോദിച്ചത്.
ഒരിക്കലും സ്കൂളിൽ പോയിട്ടില്ലാത്ത ഒരു പെൺകുട്ടിയാണ് രാജ്യത്തെ നീതിന്യായ ചരിത്രത്തിൽ പലതും എഴുതിച്ചേർത്തത്. അതിനു വേണ്ടി കോടതികളിൽ നിന്ന് കോടതികളിലേക്ക് നീതിതേടി യാത്ര ചെയ്യാൻ തയാറായി. ഒരു സ്ഥലത്ത് തുടർച്ചയായി താമസിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു അവൾക്കും കുടുംബത്തിനും. ഇതെല്ലാം പരിഗണിച്ച് ബിൽക്കീസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സർക്കാർ ജോലി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണ് ഗുജറാത്ത് സർക്കാർ ചെയ്തത്.
∙ അവസാനിക്കാത്ത ചോദ്യം
ഒരിക്കൽ കേസ് നടത്തുന്നതിനായി ബിൽക്കീസ് ബാനു ഭർത്താവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഒരു സ്റ്റേഷനിൽ വച്ച് പ്രതികളിൽ ചിലരുടെ ഭാര്യമാർ സന്ദർഭവശാൽ അതേ കംപാർട്ട്മെന്റിൽ കയറി. ബിൽക്കീസിനെയും ഭർത്താവിനെയും കണ്ട് അവർ വിളറിപ്പോയി. പെട്ടെന്ന് സ്ഥലംവിടുകയും ചെയ്തു. അവർ സംസാരിച്ചിരുന്നെങ്കിൽ എന്തു ചോദിക്കുമായിരുന്നു- ‘എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ ചെയ്തത്’ എന്ന് അവരോട് ചോദിക്കുമായിരുന്നു എന്നാണ് ബിൽക്കീസ് മറുപടി പറഞ്ഞത്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ബിൽക്കീസ് ഇപ്പോഴും ചോദിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയോടാണ് ആ ചോദ്യം.
English Summary: What is Bilkis Bano Case and Why the 11 Convicts of Gang Rape Set Free by Gujarat Govt.?