5 ഫോണില്‍ മാല്‍വെയര്‍ കണ്ടെത്തി; പെഗസസ് എന്ന് തെളിവില്ലെന്ന് സുപ്രീംകോടതി സമിതി
Mail This Article
ന്യൂഡൽഹി ∙ പെഗസസ് കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച 5 ഫോണുകളില്‍ മാല്‍വെയര്‍ കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ അത് പെഗസസ് ചാര സോഫ്റ്റ്‌വെയർ ആണെന്നതിനു തെളിവില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിശോധിച്ച 29 ഫോണുകളിൽ അഞ്ചെണ്ണത്തിലാണ് മാല്‍വെയര്‍ കണ്ടെത്തിയത്. അതേസമയം, അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഫോണുകൾ പരിശോധിക്കാൻ നൽകിയ വ്യക്തികളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തത്.
പെഗസസ് ഫോൺ ചോർത്തൽ കണ്ടെത്താൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച ഹർജികൾ പരിഗണിച്ചത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ.റാം, ശശികുമാർ തുടങ്ങി 12 പേരുടെ ഹർജികൾ പരിഗണനയിലുണ്ട്. ഒക്ടോബർ 27നു സൈബർ വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ച സുപ്രീം കോടതി പിന്നീടു വിഷയം പരിഗണിച്ചിരുന്നില്ല. അന്തിമ റിപ്പോർട്ടിനു കൂടുതൽ സാവകാശം തേടിയ സമിതി ഇടക്കാല റിപ്പോർട്ട് കഴിഞ്ഞദിവസം രഹസ്യരേഖയായി നൽകി. പെഗസസ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്ര സർക്കാർ സഹകരിച്ചില്ലെന്ന് സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷിച്ചത്:
ഇന്ത്യക്കാരുടെ ഫോണിലോ മറ്റോ വിവരം ചോർത്തിയെടുക്കാൻ പെഗസസ് സോഫ്റ്റ്‍വെയർ ഉപയോഗിച്ചോ? അങ്ങനെയെങ്കിൽ അത്തരം അക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ നൽകണം. പെഗസസ് ഉപയോഗിച്ചു ഇന്ത്യക്കാരുടെ വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന 2019 ലെ റിപ്പോർട്ടുകളുടെ കാര്യത്തിൽ സർക്കാർ എന്താണ് ചെയ്തത്? കേന്ദ്ര സംസ്ഥാന സർക്കാരുകളോ ഔദ്യോഗിക ഏജൻസികളോ പെഗസസ് ഉപയോഗിച്ചോ? അങ്ങനെയെങ്കിൽ ഏതു നിയമത്തിന്റെയും മാർഗരേഖയുടെയും നടപടിക്രമത്തിന്റെയും അടിസ്ഥാനത്തിലാണിത്? ആഭ്യന്തര സ്ഥാപനങ്ങളോ വ്യക്തികളോ ഇത് ഉപയോഗിച്ചിട്ടുണ്ടോ? ഇത് അനുവദനീയമാണോ?
English Summary: SC says ‘inconclusive’ if Pegasus malware found on devices