സ്ത്രീകളുടെ കണ്ണിലുണ്ണി, സയനൈഡിലും മരിക്കാത്ത റഷ്യൻ സന്യാസി; റാസ്പുട്ടിൻ ‘പുനർജനിച്ചതോ’ ദുഗിൻ’?
അലഞ്ഞുതിരിഞ്ഞിരുന്ന റാസ്പുട്ടിന് അന്നത്തെ പ്രഭു–രാജവംശങ്ങളിലെ ചിലരുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചു. ഇത് അദ്ദേഹത്തെ എത്തിച്ചതാകട്ടെ, സർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ രാജ്‍ഞിയും ജർമൻ വംശജയുമായ അലക്സാന്ദ്രയുടെ അടുക്കൽ. ഇവരുടെ ഏക മകൻ അലക്സിയെ ബാധിച്ച, എത്ര ചികിത്സിച്ചിട്ടും ഭേദമാകാതിരുന്ന ഹീമോഫീലിയ റാസ്പുട്ടിൻ ഭേദമാക്കുന്നു. എന്തു മരുന്നാണ് റാസ്പുട്ടിൻ അലക്സിക്ക് നൽകിയത് എന്നത് ഇന്നും അജ്‍ഞാതം.
അലഞ്ഞുതിരിഞ്ഞിരുന്ന റാസ്പുട്ടിന് അന്നത്തെ പ്രഭു–രാജവംശങ്ങളിലെ ചിലരുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചു. ഇത് അദ്ദേഹത്തെ എത്തിച്ചതാകട്ടെ, സർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ രാജ്‍ഞിയും ജർമൻ വംശജയുമായ അലക്സാന്ദ്രയുടെ അടുക്കൽ. ഇവരുടെ ഏക മകൻ അലക്സിയെ ബാധിച്ച, എത്ര ചികിത്സിച്ചിട്ടും ഭേദമാകാതിരുന്ന ഹീമോഫീലിയ റാസ്പുട്ടിൻ ഭേദമാക്കുന്നു. എന്തു മരുന്നാണ് റാസ്പുട്ടിൻ അലക്സിക്ക് നൽകിയത് എന്നത് ഇന്നും അജ്‍ഞാതം.
അലഞ്ഞുതിരിഞ്ഞിരുന്ന റാസ്പുട്ടിന് അന്നത്തെ പ്രഭു–രാജവംശങ്ങളിലെ ചിലരുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചു. ഇത് അദ്ദേഹത്തെ എത്തിച്ചതാകട്ടെ, സർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ രാജ്‍ഞിയും ജർമൻ വംശജയുമായ അലക്സാന്ദ്രയുടെ അടുക്കൽ. ഇവരുടെ ഏക മകൻ അലക്സിയെ ബാധിച്ച, എത്ര ചികിത്സിച്ചിട്ടും ഭേദമാകാതിരുന്ന ഹീമോഫീലിയ റാസ്പുട്ടിൻ ഭേദമാക്കുന്നു. എന്തു മരുന്നാണ് റാസ്പുട്ടിൻ അലക്സിക്ക് നൽകിയത് എന്നത് ഇന്നും അജ്‍ഞാതം.
കേരളത്തെയും പിന്നാലെ രാജ്യത്തെ തന്നെ പല ക്യാംപസുകളെയും പിടിച്ചുകുലുക്കിയ തൃശൂർ മെഡിക്കൽ കോളജിലെ രണ്ടു വിദ്യാർഥികളുടെ നൃത്തം ഓർമയില്ലേ? ‘റാസ്പുട്ടിൻ’ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു ആ വൈറൽ നൃത്തം. 1970-കളിൽ ലോകമാകെ അലയടിച്ച ബോണി എം എന്ന കരീബിയൻ–ജർമൻ സംഗീത ബാൻഡിന്റെ ‘റാസ്പുട്ടിൻ’ എന്ന ഗാനമായിരുന്നു അത്. Ra ra Rasputin | Lover of the Russian queen | There was a cat that really was gone | Ra ra Rasputin | Russia's greatest love machine എന്ന് ബോണി എം വിശേഷിപ്പിച്ച റാസ്പുട്ടിൻ ജീവിച്ചിരുന്നത് 19-20 നൂറ്റാണ്ടുകൾക്കിടയിലാണ്. എന്നാൽ ഇന്ന് വീണ്ടും റാസ്പുട്ടിന്റെ പേര് ഉയർന്നു വന്നത് റഷ്യ–യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ടാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉപദേശകനും ബുദ്ധികേന്ദ്രവുമെന്നെല്ലാം വിശേഷിപ്പിക്കുന്ന അലക്സാണ്ടർ ദുഗിന്റെ മകൾ ദര്യ ദുഗിനാ കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അലക്സാണ്ടർ ദുഗിനെ ലാക്കാക്കി യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ മകൾ മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ ഗതിവിഗതികളെ പോലും സ്വാധീനിക്കാൻ ശേഷിയുള്ളതാണ് ഈ സംഭവം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാലങ്ങളായി പുട്ടിന്റെ യുദ്ധനീക്കങ്ങളുടെയും വിദേശ നയത്തിന്റെയും ബുദ്ധികേന്ദ്രം എന്ന നിലയ്ക്ക് വിശേഷിപ്പിക്കുന്ന ദുഗിനെ വിളിക്കുന്നത് ‘പുട്ടിന്റെ റാസ്പുട്ടിൻ’ എന്നാണ്. റഷ്യൻ സാമ്രാജ്യത്തെ തന്റെ ‘സിദ്ധി’കളിലൂടെയും സ്വാധീനത്തിലുടെയും കീഴടക്കിയ, ഒരേ സമയം ദുർവൃത്തനെന്നും സന്യാസിയെന്നും വിളിപ്പേരുണ്ടായിരുന്ന ഗ്രിഗോറി റാസ്പുട്ടിന്റെ 21–ാം നൂറ്റാണ്ടിലെ ‘അവതാര’മാണ് പുതിയ റാസ്പുട്ടിൻ എന്നാണു വിശേഷണങ്ങൾ. എന്താണ് അലക്സാണ്ടർ ദുഗിന്റെ രാഷ്ട്രീയം? വാർത്തകളിൽ പറയും പോലെ പുട്ടിനു മേൽ അത്രയേറെ സ്വാധീനമുണ്ടോ ദുഗിന്? യുക്രെയ്ൻ യുദ്ധത്തിന്റെ കാരണക്കാരൻ ദുഗിനാണോ? എന്തുകൊണ്ടാണ് പുതിയ കാലത്തെ റാസ്‌പുട്ടിൻ എന്ന പേര് ദുഗിന് ചാർത്തിക്കൊടുക്കപ്പെടുന്നത്? വിശദമായി പരിശോധിക്കാം.
∙ മോസ്കോയിൽ പുട്ടിന്റെ ‘ഗുരു’വിന് നേരെ ആക്രമണം?
ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത ശേഷം ഒരേ വാഹനത്തിൽ തന്നെ തിരികെ പോരാനായിരുന്നു തീരുമാനമെങ്കിലും അവസാന നിമിഷം അലക്സാണ്ടർ യാത്ര മറ്റൊരു കാറിലാക്കുകയായിരുന്നു. വൈകാതെ ദര്യ സഞ്ചരിച്ചിരുന്ന കാറിൽ ഘടിപ്പിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിച്ചിതറുകയും ചെയ്തു. പിതാവിനെ ലക്ഷ്യമിട്ടുള്ള സ്ഫോടനമായിരുന്നു നടന്നത് എന്നും യുക്രെയ്നാണ് ഇതിനു പിന്നിലെന്നുമാണ് റഷ്യൻ ആരോപണം. എന്നാൽ യുക്രെയ്ൻ ഇത് പൂർണമായി നിഷേധിച്ചു. ‘യുക്രെയ്ന് ഇതുമായി യാതൊരു ബന്ധവുമില്ല. കാരണം ഞങ്ങളുടേത് ഒരു ക്രിമിനൽ രാജ്യമല്ല, അത് റഷ്യൻ ഫെഡറേഷനാണ്’ എന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ഉപദേശകരിലൊരാളായ മിഖായിലോ പോഡോലിയാക് പറഞ്ഞു. എന്നാൽ യുക്രെയ്ന് ഇതിൽ എന്തെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ അത് ഭീകരവാദമായി തന്നെ കണക്കാക്കും എന്നാണ് റഷ്യൻ നിലപാട്.
വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ ഈ സംഭവത്തിൽ. യുക്രെയ്ൻ ദേശീയവാദികളിൽ നിന്ന് ദുഗിന് വധഭീഷണി ഉണ്ടായിരുന്നു എന്നാണ് റഷ്യയുടെ വാദം. അതിനിടെ, പുട്ടിനും റഷ്യന്‍ ഭരണകൂടവും ഇരിക്കുന്ന മോസ്കോയിൽ ദുഗിനേയും മകളെയും വധിക്കാൻ മാത്രമുള്ള ശേഷി യുക്രെയ്ന് ഇല്ലെന്ന വാദമാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. പുട്ടിനെതിരെ അധികാരത്തിന്റെ ഉള്ളിൽ തന്നെ ഉയരുന്ന വെല്ലുവിളിയായി ഈ കാര്യങ്ങളെ കാണാമെന്നും പുട്ടിന്റെ അനുയായികൾ തന്നെയായിരിക്കാം ഈ സംഭവത്തിന് പിന്നിൽ എന്നുമാണ് അവരുടെ വാദം. പിതാവിന്റെ പാതയിൽ തന്നെയായിരുന്നു ദര്യയുടെ സഞ്ചാരവും. മാധ്യമ പ്രവർത്തകയും രാഷ്ട്രീയ നിരീക്ഷക, കോളമിസ്റ്റ് എന്നതിനുമൊക്കെ പുറമെ, ആഗോള തലത്തിൽ തന്നെ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും കാഴ്ചപ്പാടുകളുടെയും ആരാധകരുള്ള ആൾ കൂടിയാണ് അലക്സാണ്ടർ ദുഗിന്റെ മകൾ. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ വ്യാജ പ്രൊപ്പഗാൻഡകൾ നടത്തുന്നു എന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ അമേരിക്ക ദര്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
∙ അലക്സാണ്ടർ ദുഗിൻ എന്ന ‘ദാർശനിക’നും തന്ത്രജ്‍ഞനും
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ബന്ധപ്പെട്ട് ദുഗിനെ സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്. ഫിലോസഫറും എഴുത്തുകാരനും അധ്യാപകനും കടുത്ത ദേശീയവാദിയും ‘നിയോ ഫാഷിസ്റ്റ്’ എന്നും വിളിക്കപ്പെടുന്ന ദുഗിനെ ‘പുട്ടിന്റെ തലച്ചോർ’ എന്നും പുട്ടിന്റെ റാസ്പുട്ടിൻ എന്നും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ദുഗിന് പുട്ടിനുമായുള്ള അടുപ്പം അത്രയൊന്നുമില്ലെന്നും അനാവശ്യമായി പറഞ്ഞുണ്ടാക്കുന്നതാണ് എന്നും അഭിപ്രായമുണ്ട്. മാത്രമല്ല, പുട്ടിൻ ഇത്തരത്തിൽ ദുഗിനാൽ സ്വാധീനിക്കപ്പെടാൻ സാധ്യതയില്ലെന്നും അഭിപ്രായമുള്ളവരുണ്ട്. എന്നാൽ, ഭരണതലത്തിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഇല്ലെങ്കിലും റഷ്യൻ രാഷ്ട്രീയത്തിന്റെ പരിച്ഛേദം തന്നെയാണ് ദുഗിൻ എന്നാണ് വിലയിരുത്തലുകൾ.
യുറേഷ്യനിസം എന്നാണ് ദുഗിന്റെ തത്വശാസ്ത്രം അറിയപ്പെടുന്നത്. അതായത്, ഓർത്തഡോക്സ് റഷ്യ എന്നത് കിഴക്കുമല്ല, പടിഞ്ഞാറുമല്ല. മറിച്ച് പ്രത്യേകമായതും വിശേഷപ്പെട്ടതുമായ ഒരു സംസ്കാരമാണ് എന്നതാണത്. ലോകശക്തികൾക്കിടയിൽ സ്വന്തം സ്ഥാനത്തിനായി പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഒരു സംസ്കാരം എന്നതാണ് റഷ്യയെക്കുറിച്ചുള്ള ദുഗിന്റെ കാഴ്ചപ്പാട്. യുക്രെയ്നെ ആക്രമിക്കുന്നതിനു തൊട്ടു മുൻപ് റഷ്യൻ ജനതയോടായി പുട്ടിൻ നടത്തിയ ദീർഘമായ പ്രസംഗത്തിലും ഊന്നിപ്പറഞ്ഞത് റഷ്യയെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് തന്നെയാണ്.
∙ ‘യുദ്ധമാണെങ്കിൽ അത്, ജനാധിപത്യത്തിൽ ഭിന്നതയ്ക്ക് സ്ഥാനമില്ല’
റഷ്യയുടെ സൈനിക, ഉന്നത സമൂഹങ്ങളിൽ ഏറെ പിന്തുടർച്ചക്കാരുള്ള ആളുമാണ് ദുഗിൻ. പാശ്ചാത്യ വിരുദ്ധവും ഒപ്പം കടുത്ത ദേശീയതയിലൂന്നിയതുമായ ചിന്താപദ്ധതി കുറേക്കാലമായി റഷ്യയിലെ പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കുന്നത്. വിദേശകാര്യങ്ങളിലടക്കം പുട്ടിന്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നതും ദുഗിനാണെന്നാണ് സംസാരം. ‘ഏത് കേവലമായ സത്യവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഉത്തരാധുനികത പറയുന്നത്. അതുകാെണ്ട് നമ്മൾ ചെയ്യുന്നതിൽ നമ്മൾ വിശ്വസിക്കുന്നു, നമ്മൾ പറയുന്നതിൽ നമ്മൾ വിശ്വസിക്കുന്നു. ഇങ്ങനെ മാത്രമേ സത്യത്തെ നിർവചിക്കാൻ സാധിക്കൂ. അതുപോലെ ഞങ്ങളുടേതായ പ്രത്യേക റഷ്യൻ സത്യവും ഉണ്ട്. അത് മറ്റുള്ളവർ അംഗീകരിച്ചേ മതിയാകൂ’, എന്നായിരുന്നു ക്രൈമിയ ആക്രമണ കാലത്ത് ദുഗിൻ അഭിപ്രായപ്പെട്ടത്.
‘തങ്ങളായിട്ട് ഒരു യുദ്ധം തുടങ്ങിവയ്ക്കാൻ തയാറല്ല എന്ന് അമേരിക്ക പറയുകയാണെങ്കിൽ അതിനർഥം അമേരിക്ക ഇനി ഒരിക്കലുമൊരു നേതൃസ്ഥാനത്ത് ഉണ്ടാവില്ല എന്നാണ്. ആരാണ് ഈ ലോകം ഭരിക്കുന്നത് എന്നാണ് ചോദ്യം. അത് യഥാർഥത്തിൽ യുദ്ധത്തിൽ കൂടി മാത്രമേ തീരുമാനിക്കാൻ പറ്റൂ’, എന്ന് പിന്നീടൊരിക്കൽ അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യയിൽ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്നതിനെ കുറിച്ചും തടവിലാക്കുന്നതിനെ കുറിച്ചുമുള്ള നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. പുട്ടിൻ ഭരണത്തിൽ യാതൊരു ഭിന്നാഭിപ്രായങ്ങൾക്കും സ്ഥാനമില്ല. യുക്രെയ്നെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയിൽ ഉയർന്ന ജനാധിപത്യപരമായ എതിർപ്പുകളെ പോലും രാജ്യദ്രോഹമായി കണക്കാക്കി നേരിടും എന്നായിരുന്നു മുന്നറിയിപ്പ്. ഈ റഷ്യൻ കാഴ്ചപ്പാടിനെ കുറിച്ച് ദുഗിൻ നേരത്തേ തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ‘യൂണിവേഴ്സൽ ലിബറൽ മൂല്യങ്ങൾ എന്നൊന്നില്ല. ഭിന്നാഭിപ്രായങ്ങൾ അനുവദിക്കാത്ത ഒരു ജനാധിപത്യത്തിൽ ആന്തരികമായ യാതൊരു വൈരുധ്യങ്ങളുമില്ല’, എന്നായിരുന്നു അത്.
∙ ‘പണ്ട് എല്ലാം നല്ലതായിരുന്നു, നാം ശക്തരായിരുന്നു’
സോവിയറ്റ് തകർച്ചയുടെ അവസാന നാളുകളിലൂടെ യുവത്വം കടന്നുപോന്ന ഒരാള്‍ക്കുണ്ടാകുന്ന കാര്യങ്ങളാണ് ദുഗിന്റെ കാര്യത്തിൽ സംഭവിച്ചതെന്ന വിലയിരുത്തലുകളുണ്ട്. പഠനകാലങ്ങളിൽ നാസി ആശയങ്ങളും ഫാഷിസ്റ്റ് ആശയങ്ങളുമൊക്കയായി രമ്യതയിലാവുകയും പിന്നീട് ഇവയൊക്കെ വിട്ട് റഷ്യയുടെതായ ഒരു ക്രിസ്ത്യൻ യാഥാസ്ഥിതിക സാമ്രാജ്യം പടുത്തുയർത്തുക എന്നതായി ലക്ഷ്യമെന്നും അദ്ദേഹത്തിന്റെ ജീവിതത്തെ നിരീക്ഷിക്കുന്നവരുണ്ട്. ‘പരാജയപ്പെട്ടു പോയ വർത്തമാനക്കാലത്തെ വിശേഷിപ്പിക്കാൻ അവർ കൂട്ടുപിടിക്കുന്നത് ശക്തിയും കീർത്തിയും നിറഞ്ഞതെന്ന് കരുതുന്ന ഭൂതകാലത്തെക്കുറിച്ചുള്ള – അതിന്റെ ആത്മീയവും അധികാരികളെ അനുസരിക്കുന്നതുമായ പാരമ്പര്യവും – വിചാരങ്ങളാണ്’, എന്ന് വാഷിങ്ടൻ പോസ്റ്റ് കോളമിസ്റ്റായ ഡേവിഡ് വോൺ ഡ്രെലെ നിരീക്ഷിക്കുന്നു.
തന്നെ പ്രജകളെല്ലാം ആദരിക്കുകയും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട് എന്നായിരുന്നു അവസാന സർ ചക്രവർത്തിയായ നിക്കോളാസ് രണ്ടാമൻ കരുതിയിരുന്നത്. രാജവംശത്തിന്റെ ഈ മനോഭാവം തന്നെയായിരുന്നു റാസ്പുട്ടിനും പിന്തുടർന്നിരുന്നത്. എന്നാൽ കർഷക കുടുംബത്തിൽ നിന്നുള്ള ഒരാള്‍ കൊട്ടാരത്തിന്റെ അന്തഃപുരത്തിലാണ് പാർപ്പ് എന്ന പ്രചാരമാണ് റാസ്പുട്ടിനെ കൊലപ്പെടുത്താൻ ഇതേ രാജകുടുംബത്തിലെ അംഗങ്ങളെയും പ്രമാണിമാരെയും പ്രേരിപ്പിച്ചതും. റാസ്പുട്ടിൻ ഇല്ലാതായാൽ ‘മധുരമനോജ്ഞ റഷ്യൻ സാമ്രാജ്യം’ സഫലമാകുമെന്നും ജനങ്ങൾ കൂടുതലായി രാജാവിനെ ഇഷ്ടപ്പെടുമെന്നും റഷ്യയെ ബാധിച്ച മോശം കാര്യങ്ങൾ അവസാനിക്കും എന്നുമായിരുന്നു തങ്ങൾ കരുതിയത് എന്ന് റാസ്പുട്ടിനെ കൊലപ്പെടുത്തിയവർ പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാൽ റാസ്പുട്ടിന്റെ മരണത്തിന് തൊട്ടു പിന്നാലെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കർഷക, വ്യവസായ തൊഴിലാളികൾ 1917–ലെ റഷ്യൻ വിപ്ലവം നടത്തുന്നതും വൈകാതെ റഷ്യൻ രാജവംശം അധികാരത്തിൽ നിന്ന് പുറത്താകുന്നതും.
ദുഗിൻ മുന്നോട്ടു വയ്ക്കുന്ന ആശയമാകട്ടെ, ഒരു നൂറ്റാണ്ടിനു ശേഷമുള്ള റഷ്യയിൽ ജനാധിപത്യ മാർഗത്തിലൂടെയുള്ള ഈ സർ ചക്രവർത്തി ഭരണം തന്നെയാണ്.
∙ റഷ്യ, റഷ്യ മാത്രം
1997ൽ പുറത്തിറങ്ങിയ ദുഗിന്റെ ‘ദ് ഫൗണ്ടേഷൻസ് ഓഫ് ജിയോപൊളിറ്റിക്സ്: ദ് ജിയോപൊളിറ്റിക്കൽ ഫ്യൂച്ചർ ഓഫ് റഷ്യ’ എന്ന പുസ്തകത്തിൽ ലോകത്തിന്റെ അമേരിക്കൻ സ്വാധീനം തകർക്കേണ്ടതിനെ കുറിച്ചും റഷ്യയെ കൂടുതലായി ആശ്രയിക്കാൻ യൂറോപ്യൻ രാജ്യങ്ങളെ നിർബന്ധിതമാക്കുന്നതിനെക്കുറിച്ചും അവയെ തകർക്കുന്നതിനെക്കുറിച്ചുമൊക്കെയാണ് പ്രതിപാദിക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യുക്രെയ്നിൽ നിന്ന് റഷ്യ ക്രൈമിയ പിടിച്ചെടുത്തതിന്റെ ആശയപരമായ ഉത്തരവാദിയായി അമേരിക്ക കുറ്റപ്പെടുത്തുന്നതും 2015–ൽ ഉപരോധം പ്രഖ്യാപിച്ചതും ദുഗിനെതിരെയാണ്.
‘നൊവോറോസിയ’ അഥവാ പുതിയ റഷ്യ എന്നതാണ് ദുഗിൻ മുന്നോട്ടു വയ്ക്കുന്ന ആശയം. യുക്രെയ്ൻ മാത്രമല്ല, ബെലാറസ്, കസാക്കിസ്ഥാൻ, അർമീനിയ, അസർബൈജാൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ചേർത്ത് പുതിയ മഹത്തരമായ റഷ്യൻ സാമ്രാജ്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന് ഈ രാജ്യങ്ങൾ മനസ്സിലാക്കണമെന്ന് സർഗ്രാഡിലെഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. യാഥാസ്ഥിതിക, സർക്കാർ അനുകൂല മാധ്യമ സ്ഥാപനമാണിത്. സർഗ്രാഡ് ടിവിയുടെ ചീഫ് എഡിറ്ററുമായിരുന്നു ഒരു സമയത്ത് ദുഗിൻ. കൊല്ലപ്പെട്ട മകൾ ദുഗിനയും ഇതിൽ പ്രവർത്തിച്ചിരുന്നു.
∙ അലക്സാണ്ടർ ദുഗിനും റാസ്പുട്ടിനും
രണ്ടു പേരുടെയും ജീവിത കാലഘട്ടങ്ങൾ തമ്മിൽ ഒരു നൂറ്റാണ്ടോളം അന്തരമുണ്ട്. റാസ്പുട്ടിൻ ജനിച്ചത് 1869–ലാണെങ്കിൽ ദുഗിൻ ജനിച്ചത് 1962–ൽ. റാസ്പുട്ടിന്റെ കാലത്ത് റഷ്യ രാജഭരണത്തിനു കീഴിലായിരുന്നെങ്കിൽ ദുഗിന്റെ കാലത്തെ റഷ്യ സോവിയറ്റ് യൂണിയനിലെ പ്രധാന റിപ്പബ്ലിക്കുകളിലൊന്നും പിന്നീട് ഒരു ജനാധിപത്യ രാജ്യവുമാണ്. റാസ്പുട്ടിന്റെ വഴികൾ സൈബീരിയയിലെ കാർഷിക കുടുംബത്തിലാണെങ്കിൽ ദുഗിന്‍ ജനിച്ചത് സൈനിക കുടുംബത്തിൽ. രൂപഭാവങ്ങളിലും ഇരുവരും തമ്മിൽ നേരിയ സാദൃശ്യമുണ്ട്. നീണ്ട താടിയും ശൂന്യമായ നോട്ടവും ഋഷിമാരെ അനുസ്മരിപ്പിക്കുന്ന ശാന്തതയുമൊക്കെ ഉണ്ടെങ്കിലും റാസ്പുട്ടിന്റെ കണ്ണിലെ തീക്ഷ്ണത പക്ഷേ ദുഗിനില്ല.
റാസ്പുട്ടിന്റെ കാലഘട്ടം റോമനോവ് രാജകുടുംബത്തിന്റെയും സർ ചക്രവർത്തിമാരുടെയും ഭരണത്തിന് അന്ത്യം കുറിക്കുന്ന ദശകങ്ങളായിരുന്നു എങ്കിൽ ദുഗിന്റെ കാലത്തെ റഷ്യ ഏതൊരു രാജ്യത്തേയും ആക്രമിക്കാനും അതിർത്തികൾ വിശാലമാക്കാനും കഴിയുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ ശക്തിയാണ്. റഷ്യൻ പ്രഭുവർഗത്തിന്റെയും ഉന്നതകുലജാതരുടെയും പ്രിയപ്പെട്ടവനായിരുന്നു റാസ്പുട്ടിൻ എങ്കിൽ ‘റഷ്യൻ ഒളിഗാർക്കുകൾ’ എന്ന അതിസമ്പന്നരുടെ ഇടയിൽ ദുഗിനും നല്ല സ്വാധീനമുണ്ട്.
റാസ്പുട്ടിന് രാജ്യകാര്യങ്ങളെ കുറിച്ച് വലിയ പിടിപാട് ഇല്ലായിരുന്നെങ്കിലും ഉപദേശം നൽകുന്നതിന് കുറവൊന്നും ഉണ്ടായിരുന്നില്ല, അതൊക്കെ പിന്നീട് വലിയ ദുരന്തങ്ങളിൽ കലാശിച്ചെങ്കിലും. ഏറെക്കാലമായി പുട്ടിന്റെ ഉപദേശകനും ഗുരുവും ഒക്കെയാണ് ദുഗിൻ എന്നാണ് പ്രചാരണം. 2008–ൽ ജോർജിയയെ ആക്രമിച്ചതും 2014-ൽ യുക്രെയ്ന്റെ ഭാഗമായിരുന്ന ക്രൈമിയ പിടിച്ചെടുത്ത് റഷ്യയുടെ ഭാഗമാക്കിയതും ഇപ്പോഴത്തെ യുക്രെയ്ൻ യുദ്ധവുമൊക്കെ ദുഗിന്റെ ഉപദേശപ്രകാരമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ അഭിപ്രായം. 2014–ലെ യുദ്ധത്തിനു ശേഷം അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ പ്രധാന വ്യക്തികളിലൊരാൾ കൂടിയാണ് ദുഗിൻ.
∙ റാസ്പുട്ടിൻ എന്ന ഭ്രാന്തൻ സന്യാസി, സ്ത്രീകളുടെ കണ്ണിലുണ്ണി
19–ാം നൂറ്റാണ്ടിന്റെ അവസാന സമയങ്ങളിലുള്ള റഷ്യയിലെ ഒരു കാർഷിക കുടുംബത്തിലാണ് ഗ്രിഗോറി റാസ്പുട്ടിന്റെ ജനനം. പഠനത്തിൽ വലിയ താത്പര്യം കാണിച്ചില്ലെങ്കിലും കൗമാരകാലത്ത് റാസ്പുട്ടിന് ‘്ആത്മീയാനുഭവം’ ഉണ്ടായി എന്നാണ് കഥ. റഷ്യൻ ഓർത്തഡോക്സ് സഭയുമായി ബന്ധമൊന്നും ഇല്ലാതെ തന്നെ സന്യാസിയെന്ന നിലയിലായി പിന്നീടുള്ള ജീവിതം. പതുക്കെ, അന്ന് ഭരണസിരാകേന്ദ്രമായിരുന്ന ലെനിൻഗ്രാഡ് എന്നും പെട്രോഡ്രാഡ് എന്നും അറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബർഗിലെത്തി. അതുവരെ അലഞ്ഞുതിരിഞ്ഞിരുന്ന റാസ്പുട്ടിന് അവിടെ വച്ച് അന്നത്തെ പ്രഭു വംശത്തിലെയും രാജവംശത്തിലെയുമൊക്കെ ചിലരുമായി ബന്ധം സ്ഥാപിക്കാൻ സാധിച്ചു. ഇത് അദ്ദേഹത്തെ എത്തിച്ചതാകട്ടെ, സർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെയും, രാജ്‍ഞിയും ജർമൻ വംശജയുമായ അലക്സാന്ദ്രയുടെയും അടുക്കൽ. ഇവരുടെ ഏക മകൻ അലക്സിയെ ബാധിച്ചിരുന്ന, എത്ര ചികിത്സിച്ചിട്ടും ഭേദമാകാത്ത ഹീമോഫീലിയ (രക്തം കട്ടപിടിക്കാതിരിക്കുന്ന അവസ്ഥ. നിരവധി പേർ അക്കാലങ്ങളിൽ ഈ രോഗം മൂലം മരിച്ചിരുന്നു) റാസ്പുട്ടിൻ ഭേദമാക്കുന്നു. ഇത് പ്രാർഥനയിലൂടെയും ചില പൊടിക്കൈകളിലൂടെയുമാണെന്ന് പറയുന്നതല്ലാതെ, എന്തു മരുന്നാണ് റാസ്പുട്ടിൻ അലക്സിക്ക് നൽകിയത് എന്നത് ഇന്നും അജ്‍ഞാതമാണ്.
ഇതോടെ, രാജകുടുംബത്തിനുള്ളിലെ പ്രമാണിത്തവും അധികാരവും കൈവന്ന റാസ്പുട്ടിൻ ഭരണകാര്യങ്ങളിലും ഉപദേശം നൽകിത്തുടങ്ങി. ദിവ്യത്വം ഉള്ള സന്യാസി എന്ന നിലയിൽ ആരും ഇക്കാര്യങ്ങൾ ചോദ്യം ചെയ്തില്ല. നിർദേശങ്ങൾ ഒക്കെ പലപ്പോഴും പരാജയപ്പെട്ടു. ഇതിനിടെ, റാസ്പുട്ടിൻ സ്ത്രീകളുടെയും ഏറ്റവും വലിയ അടുപ്പക്കാരനായി മാറിയിരുന്നു. അന്നത്തെ ഉന്നതവംശജർക്കിടയിലെ ഒഴിച്ചുകൂടാനാവാത്ത ഒരാളായിരുന്നു റാസ്പുട്ടിൻ. ഇതിനിടെ, ഒന്നാം ലോകമഹായുദ്ധത്തിന് മുന്നോടിയായി 1915–ൽ രാജ്യത്തിന്റെ സൈനിക തലവൻ എന്ന പദവി കൂടി ഏറ്റെടുത്ത് നിക്കോളാസ് രണ്ടാമൻ യുദ്ധത്തിന് പോയി. ഇതോടെ ഭരണം അലക്സാന്ദ്രയ്ക്കായി. അലക്സാന്ദ്ര ചെയ്യുന്നതാകട്ടെ, റാസ്പുട്ടിൻ പറയുന്ന കാര്യങ്ങൾ മാത്രവും. പതുക്കെ, ഭരണം തന്നെ റാസ്പുട്ടിനായി. ഇതോടെയാണ്, നിക്കോളാസ് രാജാവിന്റെ ബന്ധുക്കൾ ചേർന്ന് റാസ്പുട്ടിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. റാസ്പുട്ടിൻ ജീവിച്ചിരുന്നാൽ റഷ്യയുടെ സർവനാശം എന്നായിരുന്നു ഇവരുടെ വാദം. .
തുടർന്ന് ഫെലിക്സ് യുസുപോവ് എന്ന കൊലയാളികളിലൊരാൾ, അദ്ദേഹത്തിന്റെ ഭാര്യ വിരുന്നിനു വിളിക്കുന്നു എന്ന വ്യാജേനെ റാസ്പുട്ടിനെ തന്റെ എസ്റ്റേറ്റിൽ ക്ഷണിച്ചു വരുത്തി. നിക്കോളാസ് രാജാവിന്റെ ബന്ധുക്കളായ മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു. തുടർന്ന് വിരുന്നിനിടെ സയനൈഡ് പുരട്ടിയ കേക്കും വൈനും റാസ്പുട്ടിന് നൽകിയെങ്കിലും അദ്ദേഹം മരിച്ചില്ല. തുടർന്ന് യുസുപോവ് നെഞ്ചിൽ വെടിയുതിർത്ത് മരണം ഉറപ്പാക്കി. എന്നാൽ ഒടുവിൽ അവർ തിരിച്ചറിയുന്നത് റാസ്പുട്ടിൻ മരിച്ചിട്ടില്ല എന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്നുമാണ്. തുടർന്ന് അവരുടെ എസ്റ്റേറ്റിന്റെ മുറ്റത്തു വച്ച് വീണ്ടും വെടിയുതിർത്താണ് റാസ്പുട്ടിനെ കൊല്ലുന്നത്; 1916 ഡിസംബർ 30–ന്. തുടർന്ന് മൃതദേഹം കയറ്റുപായിൽ പൊതിഞ്ഞ് നദിയിലെറിഞ്ഞു. പിന്നീട് നദിയിൽ ഉറഞ്ഞു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകികളെ മനസ്സിലായെങ്കിലും ഇവരെ ശിക്ഷിക്കാൻ അലക്സാന്ദ്രയ്ക്ക് കഴിഞ്ഞില്ല. നിക്കോളാസ് രാജാവിനെക്കൊണ്ട് ഇതിൽ രണ്ടു പേരെ നാടു കടത്തിക്കാൻ മാത്രമാണ് സാധിച്ചത്.
യുദ്ധം കഴിഞ്ഞ് രാജാവ് തിരിച്ചെത്തിയെങ്കിലും റഷ്യ പരാജയപ്പെട്ടിരുന്നു. രാജ്യത്ത് കലാപസമാനമായ അവസ്ഥയും. കൃഷിക്കാരും നഗരമേഖലകളിലെ തൊഴിലാളികളും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നു. ഒടുവിൽ രാജാവ് പദവി ഒഴിഞ്ഞ് ചില ഭരണ മാറ്റങ്ങൾ വരുത്തി പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ശ്രമിച്ചു. തുടക്കത്തിൽ അത് വിജയിച്ചു എങ്കിലും അധികകാലം മുന്നോട്ടുപോയില്ല. തുടർന്നായിരുന്നു 1917–ലെ റഷ്യൻ വിപ്ലവം.
∙ പുതിയ സോവിയറ്റ് യൂണിയനിലെ പുതിയ റാസ്പുട്ടിൻ
ഈ റഷ്യയിലേക്ക് പിന്നീട് റാസ്പുട്ടിൻ കടന്നു വരുന്നത് ദശകങ്ങൾക്ക് ശേഷമാണ്. 1978-ൽ ബോണി എമ്മിന്റെ പ്രശസ്തമായ റാസ്പുട്ടിൻ എന്ന ഗാനത്തിലൂടെ. പാശ്ചാത്യ നാടുകളിൽ ഏറെ പ്രചാരം നേടിക്കഴിഞ്ഞിരുന്ന ബോണി എമ്മിന്റെ ഗാനങ്ങള്‍ പതുക്കെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ച സമയം കൂടിയായിരുന്നു അത്. ക്ലബുകളിലും ഡാൻസ് വേദികളിലും ബോണി എം ഗാനങ്ങൾ പ്രചാരത്തിലായി. ശീതയുദ്ധം അവസാനിക്കുന്നതിനു മുൻപുള്ള ദശകത്തിൽ പാശ്ചാത്യ നാടുകളിൽനിന്നുള്ള സംഗീത ബാൻഡുകൾ റഷ്യയിൽ പരിപാടി അവതരിപ്പിക്കുക എന്നത് അന്ന് ആലോചിക്കാൻ സാധിക്കുന്ന കാര്യമായിരുന്നില്ല. എന്നാൽ അന്ന് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി മേധാവിയായിരുന്ന ലിയോനഡ് ബ്രഷ്നേവ് 1978–ൽ ബോണി എമ്മിനെ സോവിയറ്റ് യൂണിയനിലേക്ക് ക്ഷണിച്ചു. 1980-ൽ നടന്ന മോസ്കോ ഒളിംപിക്സിന് മുന്നോടിയായി ലോകത്തിനു മുന്നിൽ തങ്ങളുടെ പ്രതിച്ഛായ വർധിപ്പിക്കുക എന്നതും സോവിയറ്റ് ഭരണാധികാരികളുടെ ആവശ്യമായിരുന്നു.
ലണ്ടനിൽ നിന്ന് ഒരു സോവിയറ്റ് വിമാനം ബോണി എം അംഗങ്ങളെ മോസ്കോയിൽ എത്തിച്ചു. ബ്രഷ്നേവ് അടക്കമുള്ളവർ അന്നത്തെ അവരുടെ പരിപാടിയിൽ പങ്കെടുത്തു. എന്നാൽ പാട്ടിലെ ‘ലൈംഗിക’ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി റാസ്പുട്ടിൻ പാടേണ്ടതില്ല എന്നും സോവിയറ്റ് ഭരണകൂടം നിർദേശിച്ചു. നാലംഗ സംഘത്തിലെ ഏക പുരുഷ ഗായകനും ഡിസ്കോ ഡാൻസറുമായ ബോബി ഫാരലിനോട് ശരീരചലനങ്ങൾ അധികം ‘അശ്ലീലമാകാതിരിക്കാൻ’ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ടായിരുന്നു എന്ന് പിന്നീട് പുറത്തു വന്ന റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും കമ്യൂണിസ്റ്റ് ‘ഇരുമ്പുമറ’ നീങ്ങിയ പ്രധാനപ്പെട്ട സംഭവമായിരുന്നു റെഡ് സ്ക്വയറിലെ ബോണി എം പരിപാടി. അന്ന് സർ പദവി ലഭിച്ചിട്ടില്ലാത്ത എൽട്ടൺ ജോണും അടുത്ത വർഷം സോവിയറ്റ് യൂണിയനിലെത്തി.
∙ റാസ്പുട്ടിൻ പാടിയ ബോണി എം റഷ്യയോട് പറഞ്ഞത്
1980–കളിൽ ബോണി എം ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ നിയമപോരാട്ടങ്ങൾ അരങ്ങേറുകയും ഗ്രൂപ്പ് പലതായി പിളരുകയും ചെയ്തു. ഇതിൽ ഒരു ഗ്രൂപ്പിന് നേതൃത്വം നൽകിയ മാർസിയ ബാരറ്റിന് ഒന്നര ദശകം മുമ്പ് – 2007ൽ– പഴയ സോവിയറ്റ് റിപ്പബ്ലിക് കൂടിയായ ജോർജിയയിൽ നിന്ന് ഒരു ക്ഷണം ലഭിച്ചു. റഷ്യയും പാശ്ചാത്യ രാജ്യങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ജോർജിയയിലെ അന്നത്തെ ഭരണകൂടവും യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന സമയമായിരുന്നു അത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന സൗത്ത് ഒസേഷയിൽ റഷ്യയോട് ആഭിമുഖ്യം പുലർത്തുന്ന വിമതരും ജോർജിയയിൽനിന്നു വിട്ട് റഷ്യൻ സഹായത്തോടെ സ്വതന്ത്രമായി നില്‍ക്കാൻ തീരുമാനിച്ചിരുന്ന സമയമായിരുന്നു അത്. ഇവരെ അനുനയിപ്പിക്കാനായിരുന്നു ബാരറ്റിന്റെ പരിപാടി അവിടെ നടത്താൻ സർക്കാർ അവരെ ക്ഷണിച്ചത്.
വിട്ടു പോകാതെ സർക്കാരിനൊപ്പം നിൽക്കൂ, അത് നല്ല ഭാവി കൊണ്ടു വരും എന്നതായിരുന്നു ഈ ഉദ്യമത്തിനു പിന്നിലെ ജോർജിയയുടെ നിലപാട്. ബാരറ്റ് സൗത്ത് ഒസേഷ അതിർത്തിയിലെത്തി പരിപാടി അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ അതിന് അടുത്ത വർഷം – 2008ൽ– റഷ്യ ജോർജിയയെ ആക്രമിച്ച് സൗത്ത് ഒസേഷയെ ‘മോചിപ്പിച്ചു’. ഇന്ന് റഷ്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ മാത്രമാണ് സൗത്ത് ഒസേഷയെ ഒരു രാജ്യമായി അംഗീകരിച്ചിട്ടുള്ളൂ. ജോർജിയയെ സംബന്ധിച്ചിടത്തോളം സൗത്ത് ഒസേഷ്യ ആ രാജ്യത്തിന്റെ ഭാഗമായിട്ടുള്ള സ്വയംഭരണ പ്രദേശമാണ്. എല്ലാ വിധത്തിലും റഷ്യയെ ആശ്രയിച്ചു കഴിയുന്ന സൗത്ത് ഒസേഷ അടുത്തിടെ, റഷ്യൻ ഫെഡറേഷനിൽ ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇത് മുന്നോട്ടു പോയില്ല.
പിരിഞ്ഞു പോകുകയും എന്നാൽ അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തോട് ചേർന്ന് തങ്ങൾക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളോട് റഷ്യ പെരുമാറുന്നതാണ് ജോർജിയയുടെ കാര്യത്തിൽ സംഭവിച്ചത്. അതു തന്നെയാണ് ഇപ്പോൾ യുക്രെയ്നിന്റെ കാര്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും. സൗത്ത് ഒസേഷ ജോർജിയയിൽ നിന്ന് വിഘടിപ്പിച്ചതു പോലെ യുക്രെയ്നിന്റെ ഭാഗമായിരുന്ന ക്രൈമിയ റഷ്യ ആക്രമിച്ചു കീഴടക്കി തങ്ങൾക്കൊപ്പം ചേർക്കുകയായിരുന്നു. നേരത്തേ തന്നെ യുക്രെയ്ൻ സർക്കാരുമായി ഏറ്റുമുട്ടലിലായിരുന്ന രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ വിമതരെ സഹായിച്ചിരുന്നത് റഷ്യയായിരുന്നു. ഇപ്പോൾ നടക്കുന്ന യുക്രെയ്ൻ യുദ്ധത്തിനിടയിൽ രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് വിമതർ നിയന്ത്രിച്ചിരുന്ന ഡോൺബാസ് മേഖല റഷ്യയുടെ നിയന്ത്രണത്തിലാണ്.
ബോണി എം എഴുതിയ പാട്ട്, ഒരു നൂറ്റാണ്ട് മുമ്പ് ജീവിച്ച ദാർശനികനെന്നും ഭ്രാന്തൻ സന്യാസിയെന്നും ഒക്കെ അറിയപ്പെട്ട റാസ്പുട്ടിനെ കുറിച്ച് പൊതുവെ സമൂഹത്തിൽ പരക്കെയുള്ള വിചാരങ്ങളെ അതേപടി ഉൾക്കൊള്ളുന്നതാണെന്ന പഠനങ്ങൾ വന്നിട്ടുണ്ട്. അന്ന് റാസ്പുട്ടിൻ പാടി വേദികൾ ഇളക്കിമറിച്ച ബോബ് ഫാരൽ, ഒരു സംഗീത പരിപാടിക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് 94 വർഷം മുൻപ് റാസ്പുട്ടിൻ കൊല്ലപ്പെട്ട സെന്റ് പീറ്റഴ്സ്ബർഗ് എന്ന ആ നഗരത്തിൽ അതേ ദിവസം തന്നെയായിരുന്നു– 2010 ഡിസംബർ 30–ന്.
English Summary: Putin's Rasputin: Who is Aleksandr Dugin, Russian President's Close Aide?