നന്ദി മുതുകാട്, ദൈവസ്പർശമുള്ള അസ്സൽ മാജിക്, മറക്കില്ല ഈ പ്രതിഭാ സായാഹ്നം
ജീവിതം ചിലപ്പൊഴൊക്കെ ഒരു മായാജാലം പോലെയാണ്. കനിവിന്റെ കരങ്ങളാൽ ദൈവം കാണിക്കുന്ന അസ്സൽ മാജിക്. എന്നാൽ, ആരുടെയും കുറ്റം കൊണ്ടല്ലാതെ ചില ജീവിതങ്ങളോടു ദൈവം നടത്തുന്ന ഇടപെടലുകൾ നമ്മെ നൊമ്പരപ്പെടുത്തും. magic planet, gopinath muthukadu, delhi event
ജീവിതം ചിലപ്പൊഴൊക്കെ ഒരു മായാജാലം പോലെയാണ്. കനിവിന്റെ കരങ്ങളാൽ ദൈവം കാണിക്കുന്ന അസ്സൽ മാജിക്. എന്നാൽ, ആരുടെയും കുറ്റം കൊണ്ടല്ലാതെ ചില ജീവിതങ്ങളോടു ദൈവം നടത്തുന്ന ഇടപെടലുകൾ നമ്മെ നൊമ്പരപ്പെടുത്തും. magic planet, gopinath muthukadu, delhi event
ജീവിതം ചിലപ്പൊഴൊക്കെ ഒരു മായാജാലം പോലെയാണ്. കനിവിന്റെ കരങ്ങളാൽ ദൈവം കാണിക്കുന്ന അസ്സൽ മാജിക്. എന്നാൽ, ആരുടെയും കുറ്റം കൊണ്ടല്ലാതെ ചില ജീവിതങ്ങളോടു ദൈവം നടത്തുന്ന ഇടപെടലുകൾ നമ്മെ നൊമ്പരപ്പെടുത്തും. magic planet, gopinath muthukadu, delhi event
ജീവിതം ചിലപ്പൊഴൊക്കെ ഒരു മായാജാലം പോലെയാണ്. കനിവിന്റെ കരങ്ങൾ തൊട്ട് ദൈവം കാണിക്കുന്ന അസ്സൽ മാജിക്. എന്നാൽ, ആരുടെയും കുറ്റം കൊണ്ടല്ലാതെ ചില ജീവിതങ്ങളോടു ദൈവം നടത്തുന്ന ഇടപെടലുകൾ നമ്മെ നൊമ്പരപ്പെടുത്തും. പറഞ്ഞുവരുന്നതു നമുക്കു ചുറ്റും ഭിന്നശേഷിക്കാരായി ജീവിക്കാൻ വിധിക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ചാണ്.
വൈകല്യങ്ങളോടെ ജനിച്ചതിന്റെ പേരിൽ ലോകം മുഴുവൻ ഒറ്റപ്പെടുത്തിയവരുടെ കഥ നമ്മുടെ ചുറ്റിലും അനേകമുണ്ട്. എന്നാൽ, അത്തരക്കാരിൽ നിന്നു ലോകത്തിന്റെ നെറുകയിലെത്തി നമ്മുടെ ജീവിതത്തെയാകെ പ്രകാശം കൊണ്ടു നിറയ്ക്കുന്നവരും പ്രചോദിപ്പിക്കുന്നവരുമുണ്ട്. അങ്ങനൊരു മാന്ത്രികത കണ്ട്, മണിക്കൂറുകൾക്കുശേഷവും അതൊരു പ്രചോദനമായി മനസ്സിൽ പതഞ്ഞുയരുന്നതാണ് ഈ കുറിപ്പിനു പിന്നിൽ.
എക്കാലവും ഇഷ്ടവും കൗതുകവുമുള്ള വിനോദമെന്താണെന്നു ചോദിച്ചാൽ മാജിക് തന്നെ എന്നാകും എന്റെ ഉത്തരം. എത്രയോ വട്ടം മാജിക് കണ്ടിരിക്കുന്നു. മാജിക് സൂത്രം വെളിവാകണേ, സംഗതി പൊളിയണേ എന്നെല്ലാം മനസ്സുകൊണ്ട് പ്രാർഥിച്ചിരിക്കുകയും ഒടുവിലൊടുവിൽ നിവൃത്തിയില്ലാതെ അദ്ഭുതം കൊണ്ടു കയ്യടിച്ചു പോകുകയും ചെയ്യുന്ന രസത്തിന്റെ പേരാണ് എനിക്ക് മാജിക്. പക്ഷേ, ഇന്നലെ കണ്ടിരുന്ന അരങ്ങിൽ ഒരു നിമിഷം പോലും ഇവർക്കു പാളരുതേയെന്നു പ്രാർഥിച്ചുപോയതിന്റെ കഥയാണിത്; അത്തരം അനേകം പ്രാർഥന കൊണ്ട് അവർ വിജയിച്ചതിന്റെയും കഥ.
ജൂലൈ അവസാനമാണ് മജീഷ്യൻ ഗോപിനാഥ് മുതുകാടും മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളും ഡൽഹിയിൽ പരിപാടികൾ അവതരിപ്പിക്കാനെത്തുന്നുവെന്ന വാർത്ത കേട്ടത്. പലപ്പോഴും അതേപ്പറ്റി കാർട്ടൂണിസ്‍റ്റ് സുധീർനാഥിനോടു ചോദിച്ചിരുന്നു. ഒടുവിൽ മുതുകാടും സംഘവും ഇന്ദ്രപ്രസ്ഥത്തിലേക്കു പറന്നിറങ്ങി; അതിൽ പലരും ആദ്യമായി വിമാനത്തിൽ കയറുന്നവർ. ഒരുപക്ഷേ, ഡൽഹി അവർക്കു അവസരം കൊടുത്തിരുന്നില്ലെങ്കിൽ അവരിൽ പലർക്കും ഒരു ആകാശയാത്ര ഒരിക്കലും ഉണ്ടാകില്ലായിരിക്കാം.
പരിപാടിയുടെ പ്രഖ്യാപനം നടന്ന ദിവസം മുതുകാടിനെയും സംഘത്തെയും അടുത്തുകണ്ടു. ആ 32 അംഗ സംഘത്തിന്റെ ചിത്രം കേരള ഹൗസിനു മുന്നിൽ നിന്നെടുത്തു. മുതുകാട് അവരോട് ഇടപഴകുന്നതു കാണുമ്പോൾ തന്നെ അദ്ദേഹത്തോടുള്ള ബഹുമാനം എത്രയോ ഇരട്ടിച്ചു. ‘‘മക്കളെ’’ എന്നു വിളിക്കുമ്പോൾ അവർ അദ്ദേഹത്തോടു മനസ്സുകൊണ്ട് കൂടുതൽ അടുക്കുന്നു; ശരീരത്തിന്റെ പരിമിതികൾ മറികടക്കുന്നു. അദ്ദേഹം അവരെ ചേർത്തുപിടിക്കുന്നതു കാണുമ്പോൾ ലോകത്തൊരാൾക്കും എത്താത്ത ദൂരങ്ങളിലേക്ക് അദ്ദേഹത്തിന്റെ കൈ നീളുന്നതു പോലെ തോന്നും. യാത്രയുടെ ക്ഷീണം കൊണ്ടുകൂടിയാകാം അവർ അടുത്ത ദിവസത്തെ പരിപാടിയുടെ സ്വപ്നങ്ങളുമായി വിശ്രമമുറികളിലേക്കു പോയി.
ഡൽഹി അംബേദ്കർ ഭവനിലായിരുന്നു പരിപാടി. സംഘാടകരെല്ലാം ഓടിനടക്കുകയാണ്. മുഖ്യാതിഥിയായി എത്തിയ നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി ഗ്രീൻ റൂമിൽ മാജിക് പ്ലാനറ്റിലെ കൂട്ടുകാരോട് കുശലം പറയുകയാണ്. സത്യാർഥിക്കു മുന്നിൽ ആ കുഞ്ഞുങ്ങൾ എത്ര സന്തുഷ്ടരാണ്! പാട്ടുപാടിയും സ്‍കിറ്റ് അവതരിപ്പിച്ചും അവർ അദ്ദേഹത്തെ ചിരിപ്പിച്ചു. ഞാൻ നിങ്ങളുടെ പെർഫോമൻസ് സ്‍റ്റേജിൽ കാണാൻ കാത്തിരിക്കുന്നുവെന്നും പറഞ്ഞ് ആശംസയറിയിച്ച് സത്യാർഥി സദസിന്റെ മുൻനിരയിൽ ഇരിപ്പുറപ്പിച്ചു. അപ്പോഴേക്കും നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാറും ഭാര്യ കലാ നായരും എത്തി. കേരളത്തിൽ നിന്നുളള എംപിമാരും കേന്ദ്ര മന്ത്രി വി.മുരളീധരൻ, ജസ്റ്റിസ് കുര്യൻ ജോസഫ്, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരും ഉൾപ്പെട്ട പ്രൗഡസദസ്സ്.
മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയിലെ ‘ആദിയുഷസ്സന്ധ്യ പൂത്തതിവിടെ....’ എന്ന ഗാനത്തോടെ എല്ലാവരും കാത്തിരുന്ന കലാവിരുന്ന് ആരംഭിച്ചു. പാട്ടു തുടങ്ങിയപ്പോൾ തന്നെ സദസ്സിൽ കയ്യടി ഉയർന്നു. ‘‘40 വർഷം സ‍്റ്റേജ് മാജിക് ജീവിതം അവതരിപ്പിച്ച തന്റെ മാജിക് ഇനി വേണോ?’’ എന്ന ചോദ്യത്തോടെയാണ് മജീഷ്യൻ മുതുകാട് കാണികളോടു സംസാരിച്ചു തുടങ്ങിയത്. വേണമെന്ന മറുപടിക്ക് താമസമോ സംശയമോ ഉണ്ടായില്ല.
ചടുലവേഗത്തിലും സംസാരത്തിലെ രസവും കൊണ്ട് അദ്ദേഹം വേദിയെ ആദ്യം തന്നെ തന്റെ മാന്ത്രിക വലയത്തിൽ തളച്ചിട്ടു. സദസ്സിൽ നിന്നു വേദിയിലേക്കു റിസ‍്റ്റ് വാച്ച് ധരിച്ച ദിയ എന്ന പെൺകുട്ടി എത്തി. തന്റെ വാച്ച് ഒരു ചെറിയ പെട്ടിയിലിട്ടു പൂട്ടി ദിയയുടെ കയ്യിൽ തന്നെ കൊടുത്തു. കാണികൾക്കിടയിലിരുന്ന പെട്ടിയിൽ ആ വാച്ച് ഉണ്ടാകുമെന്നു പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. കാണികൾക്കിടയിൽ നിന്ന് വാച്ച് വച്ചിട്ടുണ്ടെന്നു പറഞ്ഞ പെട്ടി വേദിയിലെത്തി. അതു തുറന്നു പരിശോധിക്കാൻ എത്തിയതു നാവിക സേന മേധാവിയും. അത്ഭുതം പോലെ ദിയയുടെ കയ്യിലെ വാച്ച് കാണികൾക്കിടയിലുള്ള പെട്ടിയിൽ നിന്നു ലഭിച്ചതോടെ സദസ്സ് അമ്പരന്നു. മാന്ത്രികൻ മുതുകാട് പതിവുപോലെ എല്ലാവരെയും ഞെട്ടിച്ചു. എന്നാൽ പിന്നീടങ്ങോട്ട് അരങ്ങുതകർത്തത് കുട്ടികളാണ്. മാജിക് മാത്രമല്ല, പാട്ടും ഡാൻസും സ്കിറ്റുമൊക്കെയായി.
സംസാരിക്കാൻ പ്രയാസമുള്ള വിഷ്ണുവാണ് മാജിക്കുമായി ആദ്യം സദസ്സിനു മുന്നിലെത്തിയത്. ചീട്ടു കൊണ്ട് എല്ലാവരെയും അവൻ ഞെട്ടിച്ചു. ആറു ചീട്ടുകൾ സദസിനെ എണ്ണിക്കാണിച്ചു. സംസാരിക്കാൻ പ്രയാസുള്ള വിഷ്ണുവിനൊപ്പം വൺ, ടു, ത്രീ, ഫോർ, ഫൈവ്, സിക്സ് എന്നിങ്ങനെ കാണികളും എണ്ണുന്നു. ചീട്ടെണ്ണം 6 ആണെന്ന കാര്യം സദസ്സ് സമ്മതിച്ചു. ആദ്യം മൂന്നു ചീട്ടുകൾ മാറ്റി. ശേഷം എണ്ണം നോക്കിയപ്പോഴും ആറു ചീട്ടുകൾ തന്നെ. വീണ്ടും മൂന്നു ചീട്ടുകൾ മാറ്റി. അപ്പോഴും വ്യത്യാസമില്ല. പലതവണ മൂന്നു ചീട്ടുകൾ വീതം മാറ്റി നോക്കി; എണ്ണം മാത്രം മാറുന്നില്ല. രണ്ട് മൂന്ന് നമ്പരുകൾ കൂടി കാണിച്ച് ഉയർന്ന കയ്യടികൾക്കിടയിൽ വിഷ്ണു വേദി വിട്ടു. സദസ്സിന്റെ ഒരുവശത്ത് കയ്യടിയും ആത്മവിശ്വാസവുമായി മുതുകാടുണ്ടായിരുന്നു. കാണികളുടെ കണ്ണുകൾ മറച്ച് അവർക്കൊപ്പം മാജിക് കാണിക്കുകയാണോ മുതുകാട് എന്ന പോലും തോന്നി.
പിന്നെയെത്തിയത് കേൾക്കാനോ സംസാരിക്കാനോ കഴിയാത്ത അപർണയും ആർദ്രയും. അവരും സദസ്സിന്റെ ഹൃദയത്തിൽ ഇടം നേടി. കൈയ്യടികൾ കേൾക്കാൻ കഴിയാത്ത അവർക്ക് സദസ്സ് കൈയ്യടി നൽകിയത് ഇരുകൈകളുമുയർത്തി. ഇതൊക്കെ കണ്ടിരുന്നവരിൽ ഏറെ പേരുടെയും കണ്ണ് നിറഞ്ഞിരുന്നു. സന്തോഷവും സങ്കടവും ഒക്കെ നിറഞ്ഞ നിമിഷങ്ങൾ. ഇത്തരം കുഞ്ഞുങ്ങൾക്കു കരുത്ത് പകരുന്നത് അവരുടെ മാതാപിതാക്കളാണ്, അമ്മമാരാണ്. അവർ കൂടി വേദയിലെത്തുന്നതു കാണുമ്പോൾ അമ്മമാരുടെ കൂടി വേദിയായി ഇതു മാറുന്നു. ‘തുളസിക്കതിർ നുള്ളിയെടുത്ത്...’ എന്ന ഗാനത്തിനു എത്ര മനോഹരമായാണ് സംഘത്തിലെ കരിഷ്മയും അമ്മ ഫാത്തിമയും ചുവടു വച്ചത്.
പിന്നീടു വിദ്യാർഥിയായ എൽദോയുടെ അമ്മ സിനി കുര്യാക്കോസ് തന്റെ കുടുംബത്തിന്റെ കഥ പറഞ്ഞെത്തി. മകനിലും ഒപ്പം സ്വന്തം കുടുംബത്തിലുമുണ്ടായ മാറ്റങ്ങൾ പറഞ്ഞപ്പോൾ വാക്കുകളിടറി. സദസ്സും വിങ്ങി. പിന്നീട് മകൻ എൽദോ വേദിയിൽ മമ്മൂട്ടിയായും മോഹൻലാലായും കമലഹാസനായും തകർത്തു സ്കിറ്റ് അവതരിപ്പിക്കുമ്പോൾ വേദിയുടെ ഒരു വശത്ത് അവർ തൊഴുകൈകളോടെ നിന്നു.
ചടങ്ങിൽ ഉടനീളം പിന്തുണയുമായി അധ്യാപകരായ മീരയും അഖിലയും ഓടിനടന്നു. ചെണ്ടമേളവും വയലിൻ സംഗീതവുമൊക്കെ അങ്ങനെ പറഞ്ഞാൽ തീരാത്ത കലാവിരുന്നായിരുന്നു പിന്നീട്. ആ രസം പറഞ്ഞു തീർക്കുന്നില്ല; അത് കണ്ടു തന്നെ അറിയണം. കാരണം, ധന്യമായ ആ മുഹൂർത്തം നമ്മുടെ ജീവിതത്തെ തന്നെ ചേർത്തുപിടിക്കും.
English Summary: A memorable evening with Magic Planet children at Delhi