വിഴിഞ്ഞം:'സമരം മാത്രമല്ല, തിരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാനും ഞങ്ങൾക്കറിയാം; സർക്കാരിന് കണ്ണു തുറക്കേണ്ടി വരും'
മത്സ്യത്തൊഴിലാളികളോടു തുറന്ന മനസ്സോടെ ഒരു സമീപനം ഇപ്പോൾ കാണിക്കുന്നത് സിപിഐ മാത്രമാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ അവരുടെ അനുഭവങ്ങൾ മറന്നു പോകുന്നവരല്ല. ഇവിടുത്തെ പൊതുജനവും തിരിച്ചറിവുള്ളവരാണ്. അവരെ അണിനിരത്തി തെരുവിൽ സമരം ചെയ്യാൻ മാത്രമല്ല തിരഞ്ഞെടുപ്പുകളിലൂടെ പ്രതികരിക്കാനും ഞങ്ങൾക്കറിയാം. എല്ലാരും അതുകൂടി ഓർക്കുന്നത് നല്ലതാണ്..Vizhinjam
മത്സ്യത്തൊഴിലാളികളോടു തുറന്ന മനസ്സോടെ ഒരു സമീപനം ഇപ്പോൾ കാണിക്കുന്നത് സിപിഐ മാത്രമാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ അവരുടെ അനുഭവങ്ങൾ മറന്നു പോകുന്നവരല്ല. ഇവിടുത്തെ പൊതുജനവും തിരിച്ചറിവുള്ളവരാണ്. അവരെ അണിനിരത്തി തെരുവിൽ സമരം ചെയ്യാൻ മാത്രമല്ല തിരഞ്ഞെടുപ്പുകളിലൂടെ പ്രതികരിക്കാനും ഞങ്ങൾക്കറിയാം. എല്ലാരും അതുകൂടി ഓർക്കുന്നത് നല്ലതാണ്..Vizhinjam
മത്സ്യത്തൊഴിലാളികളോടു തുറന്ന മനസ്സോടെ ഒരു സമീപനം ഇപ്പോൾ കാണിക്കുന്നത് സിപിഐ മാത്രമാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ അവരുടെ അനുഭവങ്ങൾ മറന്നു പോകുന്നവരല്ല. ഇവിടുത്തെ പൊതുജനവും തിരിച്ചറിവുള്ളവരാണ്. അവരെ അണിനിരത്തി തെരുവിൽ സമരം ചെയ്യാൻ മാത്രമല്ല തിരഞ്ഞെടുപ്പുകളിലൂടെ പ്രതികരിക്കാനും ഞങ്ങൾക്കറിയാം. എല്ലാരും അതുകൂടി ഓർക്കുന്നത് നല്ലതാണ്..Vizhinjam
വിഴിഞ്ഞത്തെ തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തിരുവനന്തപുരം ലത്തീൻ അതിരൂപത ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾക്കാണ് തീരദേശം സാക്ഷ്യം വഹിച്ചത്. ആദ്യം സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നുവെങ്കിൽ, ഇപ്പോൾ തീരപ്രദേശം കേന്ദ്രീകരിച്ച് പുതിയ സമരമുഖം തുറന്നിരിക്കുകയാണ്. നാലാംഘട്ടത്തിലേക്കു കടക്കുന്നതോടെ ഇത് സംസ്ഥാന വ്യാപക പ്രക്ഷോഭമായി മാറുമെന്ന് പ്രതിഷേധങ്ങൾക്കു നേതൃത്വം വഹിക്കുന്ന രൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര പറയുന്നു. ‘‘വിഴിഞ്ഞം തുറമുഖം വേണ്ടെന്ന നിലപാട് സഭ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ തുറന്ന സമീപനമാണ് തുടക്കത്തിലേ ഉള്ളത്. എന്നാൽ പദ്ധതിയുടെ ചില ആഘാതങ്ങളെ ഞങ്ങൾ ഭയപ്പെട്ടിരുന്നു. മൂന്നിലൊന്നു നിർമാണം പോലും പൂർത്തിയാകുന്നതിനു മുൻപ് ആ പേടി ശരിയായി. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ നിലനിൽപിനായി സമര രംഗത്തിറങ്ങിയത്. അവരെ പിന്തുണയ്ക്കുകയെന്ന ഉത്തരവാദിത്തമാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത സ്വീകരിച്ചത്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ യാഥാർഥ്യ ബോധത്തോടെയുള്ള സമീപനമല്ല സ്വീകരിക്കുന്നത്. അവർ കണ്ണടച്ചിരിക്കുകയാണ്. പക്ഷേ വരും ദിവസങ്ങളിൽ കണ്ണു തുറക്കേണ്ടി വരിക തന്നെ ചെയ്യും. ഇത് മത്സ്യത്തൊഴിലാളികളോടു മാത്രമുള്ള അവഗണനയല്ല, എല്ലാ വിഭാഗങ്ങളോടുമുള്ള വെല്ലുവിളിയാണ്. തെരുവിൽ സമരം ചെയ്യാൻ മാത്രമല്ല തിരഞ്ഞെടുപ്പുകളിലൂടെ പ്രതികരിക്കാനും ഞങ്ങൾക്കറിയാം. അതുകൊണ്ട് വിഴിഞ്ഞം പദ്ധതി നിർമാണം രണ്ടു മാസത്തേക്കു നിർത്തിവച്ച് അതിന്റെ സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് ശരിയായ പഠനം നടത്തി പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകണം’’ – അദ്ദേഹം ആവശ്യപ്പെടുന്നു. തീരദേശത്തു നടക്കുന്ന സമരങ്ങളെക്കുറിച്ച് മോൺ. യൂജിൻ പെരേര മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’ൽ സംസാരിക്കുന്നു.
∙ മത്സ്യത്തൊഴിലാളികൾ വീണ്ടും ഒരു സമര രംഗത്താണ്. എന്തൊക്കെയാണ് അതിനു പിന്നിലെ കാരണങ്ങൾ?
അളമുട്ടിയാൽ ചേരയും കടിക്കുമെന്നു കേട്ടിട്ടില്ലേ? അതാണ് ഇപ്പോൾ തീരദേശത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം നിർമാണം സംബന്ധിച്ച് 1995 മുതലാണ് ചർച്ചകൾ ആരംഭിച്ചത്. ആ സന്ദർഭത്തിൽത്തന്നെ മത്സ്യത്തൊഴിലാളികൾക്കിടയിൽ വലിയ ആശങ്കകൾ ഉണ്ടായിരുന്നു. അവർക്കറിയാം, കടലിൽ കല്ലിട്ടാൽ ഒരുഭാഗത്ത് കര നശിക്കും. മറുഭാഗത്ത് കര വയ്ക്കും. രണ്ടും ഒരുപോലെ ബുദ്ധിമുട്ടാണ്. സ്വാഭാവിക തുറമുഖ നിർമാണമെന്നു പറഞ്ഞപ്പോൾ ഒരു അഴിമുഖമാണെന്ന ധാരണയാണ് ആദ്യമുണ്ടായത്. അതുപോലും വല്ലാർപാടത്ത് വലിയ പ്രശ്നമുണ്ടാക്കി. ചെല്ലാനത്തും പ്രശ്നങ്ങളുണ്ട്. അതാണ് ആദ്യം മുതൽക്കേ മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടാകാൻ കാരണം.
അദാനി ഗ്രൂപ്പുമായി ചർച്ചകൾ പുരോഗമിക്കുമ്പോഴും ഈ ആശങ്കകൾ ഉയർത്തിയിരുന്നു. അതിനെപ്പറ്റി ഹരിത ട്രൈബ്യൂണലിന്റെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയുമൊക്കെ എട്ടോളം കമ്മിഷനുകൾ പഠനം നടത്തുകയും ചെയ്തു. തിരുവനന്തപുരം മേഖലയിൽ വ്യാപകമായി തീരശോഷണം നടക്കുന്നുവെന്നും അറ്റകുറ്റപ്പണി പോലും ശ്രദ്ധയോടെ വേണമെന്നുമാണ് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പു നൽകിയിരുന്നത്. ഹരിത ട്രൈബ്യൂണലും നൽകിയത് ഇതേ മുന്നറിയിപ്പാണ്. വടക്കു ഭാഗത്തു തീരശോഷണം ഉണ്ടാകും, മത്സ്യബന്ധനത്തുറമുഖം പ്രവർത്തനരഹിതമാകും, തെക്കുഭാഗത്തുള്ള ധാരാളം മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താൻ കഴിയാതെ വരും എന്നൊക്കെയാണ് അവർ ചൂണ്ടിക്കാട്ടിയത്. ഇത് മത്സ്യത്തൊഴിലാളികൾ അറിയുകയും ധാരാളം ബോധവൽക്കരണ പ്രചാരണ പ്രവർത്തനങ്ങൾ അവിടെ നടത്തുകയും ചെയ്തു.
പക്ഷേ രാഷ്ട്രീയമായി ഈ മേഖലയിലെ ആളുകളെ വിഭജിക്കാനും തമസ്കരിക്കാനും ശ്രമം നടന്നു. അതു വ്യക്തമായത് പബ്ലിക് ഹിയറിങ്ങിന്റെ സമയത്താണ്. വിഴിഞ്ഞത്തുവച്ചാണ് പബ്ലിക് ഹിയറിങ് നടക്കുന്നത്. അന്ന് സംഘർഷമുണ്ടാകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതൊക്കെ മുന്നിൽക്കണ്ട് ആസൂത്രിതമായിട്ടാണ് പബ്ലിക് ഹിയറിങ് നടത്തിയത്. പല സ്ഥലങ്ങളിൽനിന്ന് ബസിൽ ആളുകളെക്കൊണ്ടു നിർത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഞങ്ങൾക്കൊന്നും അവിടെ ഒന്നും പറയാൻ സാധിക്കാത്ത നിസ്സഹായാവസ്ഥ വന്നു. ഞങ്ങൾ പറയേണ്ട കാര്യങ്ങൾ എഴുതിക്കൊടുത്തിട്ടാണു മടങ്ങിയത്. അതിനിടെയാണ് അദാനി ഗ്രൂപ്പുമായി തുറമുഖ നിർമാണത്തിനു കരാറുണ്ടാക്കിയത്. 2013 നും 2015 നും ഇടയ്ക്കാണത്.
കരാർ ഒപ്പിട്ടത് വളരെ രഹസ്യമായിട്ടാണ്. ഇവിടെ ഒരു തരത്തിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളുമുണ്ടാകില്ലെന്നും ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവു വരുന്നതുവരെ തുടർ നടപടികളുമായി മുന്നോട്ടുപോകില്ലെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആ കേസ് പിൻവലിച്ചു കഴിഞ്ഞതിനു ശേഷമുണ്ടായ ഇടവേളകളിലാണ് കരാർ ഒപ്പുവച്ചത്. ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷനും സിഎജിയുമൊക്കെ ഈ പദ്ധതി ലാഭകരമാകില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ധാരാളം പ്രതികൂല റിപ്പോർട്ടുകൾ നിലനിൽക്കുമ്പോഴാണ് അതെല്ലാം അവഗണിച്ചുകൊണ്ട് കേരള സർക്കാർ അദാനി ഗ്രൂപ്പുമായി കരാർ ഒപ്പുവച്ചത്. ഇങ്ങനെ ചെയ്യുമ്പോൾ തെക്കുവശത്തുള്ള ആളുകൾക്ക് പണിയില്ലാതാകുമെന്നും പ്രായമായ ആളുകൾ ഇതുമൂലം അനാഥാവസ്ഥയിലേക്കു നീങ്ങുമെന്നും വടക്കുഭാഗത്ത് തീരമില്ലാതാകുമെന്നുമൊക്കെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവരെ പുനരധിവസിപ്പിക്കുന്നതിന് 475 കോടി രൂപയുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
നിർമാണ പ്രവർത്തനം തുടങ്ങിയപ്പോൾത്തന്നെ, ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പിഎസ്എ എന്ന ഒരു സംഘടന തുറമുഖ പദ്ധതിയെക്കുറിച്ചു പഠിക്കുകയും ഇത് ലാഭകരമാവില്ലെന്നു മാത്രമല്ല ഒരു വെള്ളാനയാകുമെന്നുപോലും പറയുകയും ചെയ്തു. പക്ഷേ കേരള സർക്കാർ മറ്റു ചില പഠനങ്ങൾ മുന്നിൽവച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടു പോകുകയും നിർമാണം നടത്തുന്ന കമ്പനിക്ക് ഒട്ടേറെ ഇളവുകൾ അനുവദിക്കുകയും ചെയ്തു. കരാറുകാരനുള്ള നഷ്ടം നികത്താനായി കേന്ദ്ര– സംസ്ഥാന സർക്കാരുകൾ 817 കോടി രൂപ വീതം നൽകുകയാണ്. കരാറുകാരന് ബാങ്ക് വായ്പയെടുത്ത് സുരക്ഷിതമായി പണി നടത്താനുള്ള അവസരവും ഒരുക്കിക്കൊടുത്തിരിക്കുന്നു. കുറച്ചുകാലം കഴിയുമ്പോൾ നമുക്കൊക്കെ ഓർത്തോർത്തു ചിരിക്കാവുന്ന ഒരു തമാശയായി ഈ പദ്ധതി മാറിയേക്കാം. പദ്ധതിയുടെ നിർമാണം തുടങ്ങി അഞ്ചു വർഷമായപ്പോഴേക്കും മത്സ്യത്തൊഴിലാളികൾ പങ്കുവച്ച ആശങ്കകൾ ശക്തിപ്പെടുകയാണ്. ഇതാണു സമരത്തിന്റെ പശ്ചാത്തലം.
∙ ഈ പദ്ധതിയുടെ ഇതുവരെയുള്ള സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?
വലിയതുറയെന്ന ഒരു ഗ്രാമത്തിൽനിന്നുതന്നെ ഒട്ടേറെ വീടുകൾ നഷ്ടപ്പെട്ടു. കൊച്ചുതോപ്പ് എന്ന പ്രദേശം തന്നെ കുറച്ചു കഴിയുമ്പോൾ ഉണ്ടാകില്ല. വലിയതോപ്പെന്ന ഒരു ചെറിയ പ്രദേശവും കടുത്ത ദുരിതത്തിലാണ്. ശംഖുമുഖത്ത് തീരം മാത്രമല്ല, അതുവഴി വിമാനത്താവളത്തിലേക്കുളള റോഡും പൊളിഞ്ഞു പോയി. കണ്ണാന്തുറയിൽ കളിസ്ഥലങ്ങൾ വരെ ഉണ്ടായിരുന്നു. വെട്ടുകാട്, കൊച്ചുവേളി, വേളി എന്നിടങ്ങളെല്ലാം തീരശോഷണത്തിന്റെ രൂക്ഷത അനുഭവിക്കുകയാണ്. വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ മതിലുവരെ കടൽ എത്തിയിരിക്കുന്നു. വിഴിഞ്ഞത്ത് തിരയിളക്കം പതിവുള്ളതല്ല. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇതു വ്യാപകമായെന്നു മാത്രമല്ല 5 മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്തു. തിരയിളക്കം കാരണം തുറമുഖത്ത് വള്ളങ്ങൾ കൂട്ടിമുട്ടി അപകടങ്ങൾ പതിവാണ്.
കപ്പൽച്ചാൽ സംബന്ധിച്ച് തുടക്കം മുതൽ ഞങ്ങൾ പറഞ്ഞതാണ്. കപ്പൽച്ചാൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. എവിടെയായാലും മത്സ്യബന്ധനത്തിനു പോകാൻ കഴിയാതെ വരുമെന്നു മാത്രമല്ല അതു സ്പെഷൽ സോണായി പ്രഖ്യാപിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് അവിടെ പ്രവേശിക്കാൻ പോലും കഴിയാതെയും വരും. തുറമുഖവുമായി ബന്ധപ്പെട്ട റെയിൽവേ ലൈനിനായി വീടുകളിൽ മുന്നറിയിപ്പില്ലാതെ കയറി കുറ്റിയടിക്കുന്നതും പതിവായി. ഇതൊക്കെ ആളുകൾക്ക് വലിയ ആശങ്കയാണുണ്ടാക്കുന്നത്. തീരശോഷണം മൂലം വീടു നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുടെ എണ്ണം കൂടുകയാണ്. അവരുടെ അവസ്ഥ അങ്ങേയറ്റം ശോചനീയമാണ്. വയോജനങ്ങൾ മാത്രമല്ല കുട്ടികളും അവിടെയുണ്ട്. സ്വകാര്യതയെന്നത് അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് അന്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസം ഇരുളടഞ്ഞതാണ്, ഇപ്പോൾത്തന്നെ ഇതാണ് അവസ്ഥയെങ്കിൽ കുറച്ചു കഴിഞ്ഞു തീരശോഷണം ശക്തമാകുമ്പോൾ അനാഥരായി എന്നെന്നേക്കുമായി വീടുകൾ ഉപേക്ഷിച്ചു പോകേണ്ടിവരുമെന്ന് ആളുകൾ ഭയക്കുന്നു.
മത്സ്യ സമ്പത്ത്, തൊഴിലാളികൾ, ആവാസ വ്യവസ്ഥ എന്നിവയ്ക്ക് എന്തു സംഭവിക്കുമെന്നു പഠനം നടത്താൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ പദ്ധതി നിർമാണം ആരംഭിക്കുന്നതുവരെ അതു ചെയ്തില്ല. കഴിഞ്ഞ ദിവസം മറൈൻ ഡൈവേഴ്സിറ്റി ബോർഡിന്റെ മുൻ ചെയർമാൻ പറഞ്ഞത് കടലിലെ മത്സ്യ ആവാസ വ്യവസ്ഥകൾ തകർന്നു കഴിഞ്ഞുവെന്നാണ്. വലിയ ഡ്രജിങ് ആണു നടക്കുന്നത്. അതിന്റെ ഫലമായി മത്സ്യങ്ങൾക്കു പ്രജനനത്തിനുള്ള സൗകര്യം നഷ്ടമാകുകയാണ്. ഇത് ഭാവിയിൽ മത്സ്യ സമ്പത്തു നശിക്കാൻ കാരണമാകും. നിർമാണത്തിന്റെ മൂന്നിലൊന്നു മാത്രമായപ്പോഴുള്ള സ്ഥിതിയാണിത്. ഭാവിയിൽ കപ്പലുകൾ കൂടി വരുന്നതോടെ അവയിൽ നിന്നുള്ള മാലിന്യം കാരണം തിരുവനന്തപുരത്തെ സമ്പുഷ്ടമായ കടൽത്തീരം പൂർണമായി ഇല്ലാതാവും.
∙ ലത്തീൻ അതിരൂപത ഈ സമരം ഏറ്റെടുക്കാനിടയായ സാഹചര്യം എന്താണ്?
തീരത്തെ പ്രശ്നങ്ങളെപ്പറ്റി മത്സ്യത്തൊഴിലാളികൾ രൂപതാ അധ്യക്ഷനോടുൾപ്പെടെ പലപ്പോഴും പരാതി പറയാറുണ്ട്. എന്നാൽ മന്ത്രിസഭാ ഉപസമിതിയുമായി ചർച്ചകൾ നടത്തുന്നതിനാലും കോവിഡ് കാലമായതിനാലും അവരെ സമാധാനിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. ഇപ്പോൾ പ്രശ്നം കൂടുതൽ രൂക്ഷമായതോടെ ആളുകൾ വളരെയേറെ ക്ഷോഭത്തിലായി. സഭ ഇക്കാര്യത്തിൽ ഇടപെട്ടില്ലെങ്കിൽ വേറെ വഴി നോക്കുമെന്ന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പു നൽകി. അങ്ങനെ വന്നാൽ ഒരു നിയന്ത്രണവും ഇല്ലാതാകുന്ന സ്ഥിതി വരും. അതിനാലാണ് ഇക്കാര്യത്തിൽ രൂപത ഇടപെട്ടതും ജൂലൈ 24 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചതും.
വളരെ അച്ചടക്കത്തോടെയാണു സമരം നടന്നത്. അപ്പോഴൊന്നും സർക്കാർ തിരിഞ്ഞു നോക്കിയില്ല. ഇതിൽ ക്ഷുഭിതരായിട്ടാണ് ആളുകൾ സ്വന്തം നിലയിൽ പ്രചാരണം തുടങ്ങിയത്. പത്താം തീയതി യാനങ്ങളുമായി മത്സ്യത്തൊഴിലാളികൾ രംഗത്തു വന്നു. അവരെ തടസ്സപ്പെടുത്താൻ പൊലീസ് നടത്തിയ ശ്രമം ആളുകൾക്കിടയിൽ വലിയ പ്രതികരണമുണ്ടാക്കി. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിലാണ് ‘വിഴിഞ്ഞം ചലോ’ എന്ന മുദ്രാവാക്യവുമായി മുല്ലൂരിലെ തുറമുഖ കവാടത്തിൽ സമരം ആരംഭിച്ചത്. വളരെ സമാധാനപരമായിട്ടാണു സമരം നടക്കുന്നത്. ഞങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് തൊഴിലാളികളും അമ്മമാരും യുവജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകും.
∙ സമരത്തിനു പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന ആരോപണത്തെ എങ്ങനെ കാണുന്നു?
ഈ പ്രദേശവാസികളല്ല സമരം നടത്തുന്നതെന്നും മറ്റാരോ ആണ് ഫണ്ട് നൽകുന്നതെന്നുമൊക്കെയാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഈ സമുദായത്തിന്റെ ശക്തിയെ അങ്ങനെയൊക്കെ പരിഹസിക്കാമോ? അത്രയ്ക്കു താഴ്ത്തിക്കാണണോ? അങ്ങനെയല്ലെന്നു വ്യക്തമാക്കാൻ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ഈ സമരം വിദേശ ഫണ്ട് ഉപയോഗിച്ചു നടത്തുകയാണെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. സമരപ്പന്തലിലുള്ളവർക്കു ഭക്ഷണം നൽകുന്നതു പിരിവെടുത്തിട്ടാണ്. ചില പള്ളികളും സുമനസ്സുകളുമാണ് അതിന്റെ തുക നൽകുന്നത്. വളരെ ആഡംബരമായ ഭക്ഷണമൊന്നുമല്ല നൽകുന്നത്. അവിടെ ആളുകൾ എത്തുന്നത് സ്വന്തം നിലയിൽ പണം ചെലവിട്ടാണ്. രൂപത എക്കാലവും തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ വികാരങ്ങളെ മാനിച്ചാണു പ്രവർത്തിച്ചിട്ടുള്ളത്. അവർക്കു സംരക്ഷണം നൽകുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രതിസന്ധിഘട്ടത്തിലും ഇടപെടാതെ മാറി നിൽക്കാൻ കഴിയില്ല. ഈ സമരത്തിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തി വിടാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അറിയാം. അതൊന്നും ഇവിടെ വിജയിക്കാൻ പോകുന്നില്ല.
∙ ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സമീപനം എന്താണ്?
കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്നു തുറന്ന സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. കൈവിട്ട കളിയാണ് അവർ നടത്തുന്നത്. അത് അവർക്ക് അറിയാം. അവരുടെ ഏജൻസികൾ നടത്തിയ പഠനങ്ങൾ ഇതിന്റെ അപകടം വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ന്യായമായ പരാതികൾ കേൾക്കാതെയും അവരെ ആശ്വസിപ്പിക്കാതെയും പരിഹാരം കാണാൻ ശ്രമിക്കാതെയും, ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്. അതു ശരിയല്ല. ഓഖിയുടെ സമയത്തു മത്സ്യത്തൊഴിലാളികളോടു സർക്കാർ സ്വീകരിച്ച സമീപനം ഞങ്ങൾ മറന്നിട്ടില്ല. സംഭവം നടന്ന ദിവസം മുതൽ ഞങ്ങൾ രക്ഷാപ്രവർത്തനത്തിനായി സർക്കാരിനോട് യാചിച്ചതാണ്. എന്നാൽ അടുത്ത ദിവസം കടൽ ശാന്തമായിട്ടു കൂടി രക്ഷാപ്രവർത്തനത്തിനു സർക്കാർ തയാറായില്ല. ഒടുവിൽ മത്സ്യത്തൊഴിലാളികൾ നേരിട്ടു കടലിലേക്ക് ഇറങ്ങുകയായിരുന്നു.
അന്ന് വിഴിഞ്ഞം കേന്ദ്രീകരിച്ച് 100 വള്ളങ്ങൾ കടലിലിറക്കാൻ തീരുമാനിച്ചു. വയർലസ് സംവിധാനമൊക്കെ ഉപയോഗിച്ചാണവർ കടലിൽ പോയത്. കൃത്യമായി ഇടപെടുകയും ഒട്ടേറെപ്പേരെ ജീവനോടെ കൊണ്ടുവരികയും ചെയ്തു. വേണമെങ്കിൽ ആദ്യ ദിവസംതന്നെ സംസ്ഥാന സർക്കാരിന് അതു ചെയ്യാമായിരുന്നു. ഈ കാലവർഷത്തിലും ധാരാളം അപകടവും മരണവും കടലിലുണ്ടായി. ഇത് ഒരു തുടർക്കഥപോലെ ആവർത്തിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒന്നും ഉണ്ടാകുന്നില്ല. ഓഖിയുടെ പണമെടുത്താണ് 3 മറൈൻ ആംബുലൻസുകൾ വാങ്ങിയത്. അവ ഇപ്പോൾ കാണാനില്ല. മത്സ്യത്തൊഴിലാളികളെ ഉത്തരവാദിത്തത്തോടെ കാണുന്നതിനും അവർ ഈ നാടിന്റെ സമ്പദ്ഘടനയ്ക്ക് നൽകുന്ന വലിയ സംഭാവന മനസ്സിലാക്കുന്നതിനും ഭരണാധികാരികൾക്കു കഴിഞ്ഞിട്ടില്ല.
വിഴിഞ്ഞത്തെ വിഷയത്തെക്കുറിച്ചു പഠിക്കാൻ എൽഡിഎഫ് സർക്കാർ രാമചന്ദ്രൻ കമ്മിഷനെ നിയോഗിച്ചിരുന്നു. വിജിലൻസ് കമ്മിഷനെയും വച്ചു. ആ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതിന്റെ ഉള്ളടക്കത്തെപ്പറ്റി പുറത്തു പറയണം. അതിൽ സർക്കാരിനെയും കരാറുകാരെയും ന്യായീകരിക്കുന്ന സമീപനമാണുള്ളതെങ്കിൽ തുറന്നു പറയട്ടെ. വസ്തുതകൾ തമസ്കരിച്ചുകൊണ്ട്. മുന്നോട്ടു പോകാൻ ഞങ്ങൾ പറയില്ല. കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ് തീരം നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ആരോ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇതു പറയുന്നത്. ഇത്തരം വാദങ്ങൾ മാറ്റിവച്ച് പ്രശ്നങ്ങളെ കണ്ണുതുറന്നുകാണാൻ സർക്കാർ തയാറാകണം.
∙ മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഏതു തരത്തിലുള്ള പിന്തുണയാണു സമരത്തിനു ലഭിക്കുന്നത്?
ഞങ്ങൾ 140 എംഎൽഎമാർ, 20 എംപിമാർ, കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് കത്തു നൽകിയിട്ടുണ്ട്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടി ഇക്കാര്യത്തിൽ തുറന്ന മനസ്സുള്ള സമീപനം സ്വീകരിക്കണമെന്നാണ് അതിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ മത്സ്യത്തൊഴിലാളികളോടു തുറന്ന മനസ്സോടെ ഒരു സമീപനം ഇപ്പോൾ കാണിക്കുന്നത് സിപിഐ മാത്രമാണ്. സമരം ന്യായമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അവർ പറഞ്ഞത് സന്തോഷം നൽകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. പഠനം നടത്തി അവരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. .
∙ ഏതു തരത്തിലുള്ള സമരമാണ് ഇനി ആലോചിക്കുന്നത്?
സമരം നാലാംഘട്ടത്തിലേക്കു നീങ്ങുകയാണ്. ജില്ലാ തലങ്ങളിലേക്ക് അതു വ്യാപിപ്പിക്കും. അതോടെ സംസ്ഥാനമൊട്ടാകെ അതിന്റെ ശക്തമായ അനുരണനമുണ്ടാകും. തീരദേശ ഹർത്താലുകൾ ഉൾപ്പെടെയുള്ളവയുണ്ടാകാം. വേഗത്തിൽ പ്രശ്നം തീർക്കേണ്ട ഉത്തരവാദിത്തം ഭരണാധികാരികൾക്കാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക്. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ പ്രഖ്യാപിച്ച തുക എവിടെപ്പോയി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉത്തരം പറയേണ്ടിവരും. സമരം സംസ്ഥാനമാകെ വ്യാപിക്കുമ്പോൾ അതിന്റെ പ്രത്യാഘാതം ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുമെന്നുതന്നെയാണു ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
മത്സ്യത്തൊഴിലാളികൾ അവരുടെ അനുഭവങ്ങൾ മറന്നു പോകുന്നവരല്ല. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പൊതുസമൂഹവും ഈ സമരം ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതി കേരളത്തിന്റെ പരിസ്ഥിതിയെയും അതിന്റെ നിലനിൽപിനെയും ബാധിച്ചു തുടങ്ങി. പ്രളയം ആവർത്തിക്കുകയാണ്. പശ്ചിമഘട്ടത്തെ മുഴുവൻ തകർത്ത് കടലിലേക്കു കൊണ്ടിടാനാണു ശ്രമമെങ്കിൽ കേരളത്തിലെ പൊതുജനങ്ങളുടെ ജീവിതമാണ് അപകടത്തിലാകുന്നത്. ഇവിടെ ജീവിക്കാനാകാതെ വന്നതോടെ യുവജനങ്ങൾ രാജ്യം വിട്ടു പോകുകയാണ്. ആർക്കു വേണ്ടിയാണു പിന്നെ ഭരണം നടത്തുന്നത്? ഇവിടുത്തെ പൊതുജനം ഇക്കാര്യത്തിൽ ജാഗ്രതയുള്ളരാണ്, തിരിച്ചറിവുള്ളവരാണ്. അവരെ അണിനിരത്തി തെരുവിൽ സമരം ചെയ്യാൻ മാത്രമല്ല തിരഞ്ഞെടുപ്പുകളിലൂടെ പ്രതികരിക്കാനും ഞങ്ങൾക്കറിയാം. എല്ലാവരും അതുകൂടി ഓർക്കുന്നത് നല്ലതാണ്.
∙ ഇക്കാര്യത്തിൽ സഭ നിർദേശിക്കുന്ന പരിഹാര മാർഗങ്ങൾ എന്തൊക്കെയാണ്?
ഓണത്തിനു മുൻപ്, ദുരിതാശ്വാസ ക്യാംപുകളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണം. തീരദേശത്തുള്ളവർക്കു ഭൂമിയും വീടും നഷ്ടപ്പെട്ടത് കടലു കയറിയതുകൊണ്ടാണ്. എന്നാൽ അത് സ്വാഭാവിക പ്രകൃതിക്ഷോഭം കാരണം സംഭവിച്ചതല്ല. തീരദേശവാസികൾ വികസനത്തിന്റെ ഇരകളാണ്. അവർക്ക് ആ രീതിയിൽത്തന്നെ നഷ്ടപരിഹാരം നൽകണം. ഫ്ലാറ്റ് ഉണ്ടാക്കുകയല്ല പരിഹാരം. ആകാശത്ത് കാർമേഖം കാണുമ്പോൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പു നൽകാറുണ്ട്. അത്തരം ഘട്ടത്തിൽ അവരുടെ ഉപജീവനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണണം.
മണ്ണെണ്ണയുടെ വില അടിക്കടി ഉയർന്നുകൊണ്ടിരിക്കുകയാണ്. അത് മത്സ്യത്തൊഴിലാളികൾക്കു താങ്ങാൻ കഴിയുന്നില്ല. പൊഴിയൂർ, കൊല്ലങ്കോട് ഗ്രാമങ്ങൾ തേങ്ങാപ്പട്ടണം തുറമുഖത്തിന്റെ പ്രത്യാഘാതത്തിന് ഇരയാകുകയാണ്. തമിഴ്നാട് സർക്കാർ അവരുടെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവിടെ മുതലപ്പൊഴി മരണപ്പൊഴിയായി മാറുകയാണ്. അടിക്കടി മരണങ്ങളുണ്ടാകുകയാണ്. ശാസ്ത്രീയമായി പരിഹാരം കാണണം. വിഴിഞ്ഞത്തിന്റെ വടക്കുഭാഗത്തു ധാരാളം വീടുകൾ നശിച്ചു പോയിട്ടുണ്ട്. അതിനു പരിഹാരം കാണണം. വിഴിഞ്ഞം പദ്ധതി വേണ്ടെന്നു ഞങ്ങൾ പറഞ്ഞിട്ടില്ല. എന്നാൽ പദ്ധതി വരുമ്പോൾ ചില പ്രത്യാഘാതങ്ങൾ ഞങ്ങൾ ഭയന്നിരുന്നതാണ്. തീരങ്ങൾ ഇല്ലാതാവുകയും വീടുകൾ നശിക്കുകയും കടലിൽ പോകാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്യുമെന്ന ആശങ്കകളാണ് ഞങ്ങൾക്കുണ്ടായിരുന്നത്. അതു ശരിയായിരിക്കുകയാണ്. അതു പരിഹരിക്കണം. അതു വെറുതെ പറഞ്ഞാൽ പോരാ.
ഈ വികസനത്തിന്റെ ഫലമായി ദോഷമുണ്ടാകുകയാണെങ്കിൽ അതു കരാറുകാരൻ പരിഹരിക്കണമെന്ന് കരാറിൽ പറഞ്ഞിട്ടുണ്ട്. തുറമുഖം നിർമിക്കാൻ സർക്കാർ ചെലവഴിക്കുന്നതിനേക്കാൾ പതിന്മടങ്ങായിരിക്കും ഇതിന്റെ നഷ്ടം. അതു കണക്കാക്കി നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യ സർക്കാരിനുണ്ട്. കരാറുകാരനെ താലോലിക്കുന്ന നയം അവസാനിപ്പിക്കണം. രണ്ടുമാസത്തേക്കു പണി പൂർണമായി നിർത്തിവച്ച് നിലവിലെ സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കണം. ഇതു വിഴിഞ്ഞത്തെ മാത്രം പ്രശ്നമല്ല. ഫിഷ് ലാൻഡിങ് സെന്ററുകൾ ഇല്ലാതായിരിക്കുന്നു. കരിമണൽ ഖനനം മൂലം കൊല്ലത്തു തീരശോഷണമുണ്ടാകുകയാണ്. ഇതിനെക്കുറിച്ചൊക്കെ കണ്ണു തുറന്നു കാണണം. ശാസ്ത്രീയമായ പരിഹാരമാണ് ഞങ്ങളുടെ അന്തിമമായ ആവശ്യം.
English Summary: Vizhinjam Protest to Intensify: Monsignor Eugene H. Pereira Speaks in 'The Insider'