സ്വജീവൻ പണയപ്പെടുത്തിയാലും ആഗ്രഹിച്ച കാര്യത്തിനായി പ്രവർത്തിക്കുന്ന ശാഠ്യക്കാരനാണ്. അച്ഛന് എപ്പോഴും മനുഷ്യരെ വലിയ കാര്യമായിരുന്നു. അവരുടെ സന്തോഷമായിരുന്നു പ്രധാനം. ഈ ഗുണങ്ങളാണ് എന്നിലുമുള്ളത്. ആരെങ്കിലും കഷ്ടപ്പെടുന്നതു സഹിക്കാൻ കഴിയാത്ത ഒരാൾ എങ്ങനെയാണ് ഇത്രയും പേരെ കൊന്നതെന്ന് - Life of Vidya Rani Veerappan | Tamil Nadu BJP | Slain Indian Bandit Veerappan | Sandalwood Smuggler | Manorama News

സ്വജീവൻ പണയപ്പെടുത്തിയാലും ആഗ്രഹിച്ച കാര്യത്തിനായി പ്രവർത്തിക്കുന്ന ശാഠ്യക്കാരനാണ്. അച്ഛന് എപ്പോഴും മനുഷ്യരെ വലിയ കാര്യമായിരുന്നു. അവരുടെ സന്തോഷമായിരുന്നു പ്രധാനം. ഈ ഗുണങ്ങളാണ് എന്നിലുമുള്ളത്. ആരെങ്കിലും കഷ്ടപ്പെടുന്നതു സഹിക്കാൻ കഴിയാത്ത ഒരാൾ എങ്ങനെയാണ് ഇത്രയും പേരെ കൊന്നതെന്ന് - Life of Vidya Rani Veerappan | Tamil Nadu BJP | Slain Indian Bandit Veerappan | Sandalwood Smuggler | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വജീവൻ പണയപ്പെടുത്തിയാലും ആഗ്രഹിച്ച കാര്യത്തിനായി പ്രവർത്തിക്കുന്ന ശാഠ്യക്കാരനാണ്. അച്ഛന് എപ്പോഴും മനുഷ്യരെ വലിയ കാര്യമായിരുന്നു. അവരുടെ സന്തോഷമായിരുന്നു പ്രധാനം. ഈ ഗുണങ്ങളാണ് എന്നിലുമുള്ളത്. ആരെങ്കിലും കഷ്ടപ്പെടുന്നതു സഹിക്കാൻ കഴിയാത്ത ഒരാൾ എങ്ങനെയാണ് ഇത്രയും പേരെ കൊന്നതെന്ന് - Life of Vidya Rani Veerappan | Tamil Nadu BJP | Slain Indian Bandit Veerappan | Sandalwood Smuggler | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എന്റെ കൈകൊണ്ട് ഒരുപാട് പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. അതിനാൽ, നീ പഠിച്ചു ഡോക്ടറാകണം, ഒരുപാട് ജീവൻ രക്ഷിക്കണം എന്ന് അച്ഛൻ പറയുമായിരുന്നു. പക്ഷേ, എനിക്ക് സിവിൽ സർവീസിലായിരുന്നു താത്പര്യം. വളരുമ്പോൾ ആഗ്രഹങ്ങൾ മാറില്ലേ? പിന്നെ ഞാൻ അഭിഭാഷകയാകാൻ പഠിച്ചു. പ്രശ്നങ്ങൾക്കു പരിഹാരം തേടി ആളുകൾ അഭിഭാഷകയുടെ അടുത്ത് വരുമല്ലോ. മികച്ച സമൂഹത്തെ സൃഷ്ടിക്കുന്നതിൽ അധ്യാപകർക്കു പങ്കുണ്ടെന്നു പിന്നെയാണു മനസ്സിലായത്. ഞാനും സഹോദരിയും വളർന്നതു രക്ഷിതാക്കൾക്കൊപ്പമല്ല. ഞങ്ങളെ വളർത്തിയത് സ്‌കൂളിലെയും കോളജിലെയും അധ്യാപകരാണ്. നല്ലൊരു വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കണം എന്നാഗ്രഹിച്ചാണ് പ്ലേ സ്കൂൾ തുടങ്ങിയത്. ഇവിടെ കുട്ടികളെ നല്ല ചിന്തകളും പോസിറ്റീവായ കാര്യങ്ങളും പഠിപ്പിക്കുന്നു’’– തമിഴ്‌‌നാട്ടിലെ വിദ്യ പ്ലേ സ്കൂളിന്റെ സ്ഥാപകയായ മുപ്പത്തിയൊന്നുകാരി വിദ്യാറാണിയുടെ വാക്കുകളാണിത്. വിദ്യ ആരാണെന്നല്ലേ? സത്യമംഗലത്തെ ചന്ദനക്കാടിന്റെ മറവിലിരുന്ന് ഇന്ത്യയെ വിറപ്പിച്ച വീരപ്പന്റെ മൂത്ത മകൾ.

വിദ്യാറാണി

കൊല്ലപ്പെട്ടിട്ട് 18 വർഷമാകുമ്പോഴും വീരപ്പനെക്കുറിച്ചുള്ള കഥകളും ദുരൂഹതകളും ഇപ്പോഴും അവസാനിച്ചിട്ടില്ല. അച്ഛനെ നേരിട്ടു വളരെക്കുറച്ചേ കണ്ടിട്ടുള്ളൂവെങ്കിലും കേട്ടറിവും അനുഭവങ്ങളുമായി ഏറെ പങ്കുവയ്ക്കാനുണ്ട് വിദ്യയ്ക്ക്. വീരപ്പന്റെ മകൾ എന്ന മേൽവിലാസത്തിൽ തല താഴ്ത്തിയല്ല, തലയുയർത്തിത്തന്നെയാണ് വിദ്യയുടെ ജീവിതം. 2020 ജൂലൈയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിദ്യ നിലവിൽ തമിഴ്നാട് ബിജെപിയുടെ ഒബിസി വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റാണ്. ബിജെപിയുടെ സജീവ പ്രവർത്തകയായി രണ്ടു വർഷം പൂർത്തിയാക്കിയ വിദ്യ, സ്കൂളും അധ്യാപനവും ഉൾപ്പെടെയുള്ള മറ്റ് ഇഷ്ടങ്ങളെയും കൂടെ കൂട്ടുന്നുണ്ട്. ‘‘ബിജെപി രാജ്യത്തുടനീളമുള്ള ജനപ്രിയ പാർട്ടിയാണ്. ഞാൻ രാഷ്ട്രീയത്തിൽ വന്നത് ജനങ്ങളെ സേവിക്കാനാണ്’’– തമിഴ് മാധ്യമമായ ‘ആനന്ദ വികടന്’ നൽകിയ അഭിമുഖത്തിൽ വിദ്യ പറഞ്ഞു.  

ADVERTISEMENT

∙ ‘പേരിനെയല്ല, ജോലിയെ വിലയിരുത്തൂ’

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ദക്ഷിണേന്ത്യയിൽ ഭീതി പടർത്തിയ വനംകൊള്ളക്കാരൻ വീരപ്പനു രാഷ്ട്രീയക്കാരെന്നാൽ ‘മോചനദ്രവ്യം’ മാത്രമായിരുന്നു. എന്നാൽ, മകൾ വിദ്യയ്ക്കാകട്ടെ രാഷ്ട്രീയം തന്റെ ഭാവി കൂടിയാണ്. കുറ്റവും കുറവുമുണ്ടെങ്കിലും അച്ഛനെ നിരാകരിക്കാനൊന്നും മകൾ തയാറല്ല. ‘‘അച്ഛനാണ് എന്റെ പ്രചോദനം. വർത്തമാനം പറയാൻ തുടങ്ങിയ കാലംതൊട്ടേ ഞാൻ പറഞ്ഞിരുന്നത് അദ്ദേഹം നല്ല മനുഷ്യനാണെന്നാണ്. അച്ഛൻ ആളുകളെ സഹായിച്ചു. അദ്ദേഹത്തെപ്പോലെ മറ്റുള്ളവരെ സേവിക്കാനാണ് ആളുകൾ എന്നോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ സഹായമനസ്കതയാണ് എന്നെ സ്വാധീനിച്ചത്. വീരപ്പൻ എന്ന പേര് ബാധ്യതയല്ല. എന്റെ പേരിനെയല്ല, ജോലിയെയാണ് ജനം വിലയിരുത്തേണ്ടത്.

ബിജെപിയിൽ അംഗത്വമെടുക്കുന്ന വിദ്യാറാണി.

അച്ഛൻ പലർക്കും നന്മ ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ചില സാഹചര്യങ്ങൾക്കനുസരിച്ച് ചിലരുടെ ജീവൻ അപഹരിച്ചു. അത്തരം കാര്യങ്ങൾ ചെയ്യാൻ പാടില്ലായിരുന്നു. അച്ഛനില്ലാത്തതിനാൽ ഞാൻ കഷ്ടപ്പെടുകയാണ്. അതുപോലെ അച്ഛന്റെ കൈകളാൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെ കുട്ടികളും കഷ്ടപ്പെടുന്നുണ്ടാകും. ഞാൻ വീരപ്പന്റെ മകളാണെന്ന് അറിയുമ്പോൾ കൂട്ടുകാർക്ക് അഭിമാനം തോന്നണം. എന്നോടു സംസാരിക്കണം. പക്ഷേ, പേടിച്ച് ഒന്നുരണ്ട് വാക്കു മാത്രം പറഞ്ഞ് മാറിനിൽക്കുന്നവരുണ്ട്. എന്തായാലും അച്ഛനെപ്പറ്റി മോശം ചിന്തയല്ല എനിക്കുള്ളത്. 

അച്ഛന് എപ്പോഴും മനുഷ്യരെ വലിയ കാര്യമായിരുന്നു. അവരുടെ സന്തോഷമായിരുന്നു പ്രധാനം. കണ്ടതും കേട്ടതുമായ ഈ ഗുണങ്ങളാണ് എന്നിലുമുള്ളത്. ആരെങ്കിലും കഷ്ടപ്പെടുന്നതു സഹിക്കാൻ കഴിയാത്ത ഒരാൾ എങ്ങനെയാണ് ഇത്രയും പേരെ കൊന്നതെന്ന് എനിക്കറിയില്ല.

ആരെങ്കിലും ഒറ്റിക്കൊടുത്തെന്ന് അറിഞ്ഞാൽ വീരപ്പനു ദേഷ്യം വരും. വിശ്വസിച്ചാൽ, തീവ്രമായി വിശ്വസിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. സ്വജീവൻ പണയപ്പെടുത്തിയാലും ആഗ്രഹിച്ച കാര്യത്തിനായി പ്രവർത്തിക്കുന്ന ശാഠ്യക്കാരനാണ്. കയ്യിലുള്ളതു മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലായിരുന്നു സന്തോഷം. അച്ഛന് എപ്പോഴും മനുഷ്യരെ വലിയ കാര്യമായിരുന്നു. അവരുടെ സന്തോഷമായിരുന്നു പ്രധാനം. കണ്ടതും കേട്ടതുമായ ഈ ഗുണങ്ങളാണ് എന്നിലുമുള്ളത്. ആരെങ്കിലും കഷ്ടപ്പെടുന്നതു സഹിക്കാൻ കഴിയാത്ത ഒരാൾ എങ്ങനെയാണ് ഇത്രയും പേരെ കൊന്നതെന്ന് എനിക്കറിയില്ല. മനുഷ്യൻ ഈ അവസ്ഥയിലാകാൻ എന്തെങ്കിലും കാരണമുണ്ടാകും. അച്ഛൻ മറ്റുള്ളവരുടെ ജീവനെടുക്കാൻ പാടില്ലായിരുന്നു എന്നുതന്നെയാണ് എന്റെ അഭിപ്രായം.’’– ‘ദ് പ്രിന്റ്’ അഭിമുഖത്തിൽ വിദ്യാറാണി വീരപ്പൻ വ്യക്തമാക്കി.

വീരപ്പൻ. ചിത്രം: AFP PHOTO
ADVERTISEMENT

∙ പത്താം വയസ്സിലെ ആദ്യ ആനവേട്ട

വനംകൊള്ളക്കാർ ഒരുപാടുണ്ടെങ്കിലും രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയ കൊള്ളക്കാരൻ വീരപ്പൻ തന്നെയായിരുന്നു. മെലിഞ്ഞ ശരീരം, തീക്ഷ്ണമായ കണ്ണുകൾ, നീണ്ടുവളർന്ന കപ്പടാ മീശ, കയ്യിൽ സന്തതസഹചാരിയായ തോക്ക്... വനംകൊള്ളയുടെ പര്യായമായി വീരപ്പൻ മാറാൻ അധികനാൾ വേണ്ടിവന്നില്ല. സത്യമംഗലം കാടുകളെ വിറപ്പിച്ച വീരപ്പൻ കർണാടക, തമിഴ്‌നാട് സർക്കാരുകൾക്ക് തീരാ തലവേദന സൃഷ്ടിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതൽ പണം മുടക്കിയത് വീരപ്പന്റെ കാര്യത്തിലാണ്. 100 കോടിയിലധികം വരും ആ ചെലവെന്നാണ് അനൗദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

1952ൽ കർണാടക കൊല്ലേഗലയിലെ ഗോപിനാഥം എന്ന ഗ്രാമത്തിൽ തമിഴ്കുടുംബത്തിലാണു കുസെ മുനിസ്വാമി വീരപ്പൻ ജനിച്ചത്. അമ്മാവനായ സാൽവൈ ഗൗണ്ടർ വനംവേട്ടക്കാരനും ചന്ദനത്തടി കടത്തുകാരനുമായിരുന്നു. അമ്മാവന്റെ സഹായിയായാണ് വീരപ്പൻ വനംകൊള്ളയിലേക്കു തിരിഞ്ഞത്. ആദ്യകാലത്തു പ്രധാനമായും കൊള്ളയടിച്ചതു ചന്ദനത്തടിയും ആനക്കൊമ്പുമായിരുന്നു. പത്താം വയസ്സിലായിരുന്നു ആദ്യ ആനവേട്ട. ഗോപിനാഥത്ത് ഒരു കൊമ്പനാനയെ വെടിവച്ചിട്ട് കൊമ്പെടുത്തതായിരുന്നു ആ സംഭവം. പിന്നീട് അമ്മാവന്റെ സംഘത്തിൽനിന്നു തെറ്റിപ്പിരിഞ്ഞ് സ്വയം കൊള്ളയടി തുടങ്ങി. കാൽനൂറ്റാണ്ടുകൊണ്ട് 2000-3000 ആനകളെ വീരപ്പൻ കൊലപ്പെടുത്തിയെന്നാണ് കണക്ക്. 65,000 കിലോ ചന്ദനവും കടത്തി.

വീരപ്പൻ. ഫയൽ ചിത്രം: AFP PHOTO

∙ കൊല്ലാൻ മടിക്കാത്ത കൊള്ളക്കാരൻ

ADVERTISEMENT

ചോരയോട് അറപ്പില്ലായിരുന്നു എന്നതാണു വീരപ്പനെ ക്രൂരനാക്കിയത്. തനിക്കു തടസ്സം നിന്നവരെയും തന്നെ ഒറ്റിയവരെയും കൊന്നൊടുക്കാൻ വീരപ്പൻ മടിച്ചില്ല. 184 പേരെ കൊന്നെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ പകുതിയിലേറെയും കർണാടകയിലെയും തമിഴ്‌നാട്ടിലെയും പൊലീസ് ഉദ്യോഗസ്ഥരാണ്. ധനികരെയും ഉന്നതരെയും തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതും വീരപ്പനെ നാട്ടുകാരുടെ പേടിസ്വപ്നമാക്കി. 1987ൽ സത്യമംഗലം കാട്ടിലെ ഫോറസ്റ്റ് ഓഫിസറായ ചിദംബരത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് വീരപ്പനെ ഏവരും ശ്രദ്ധിച്ചത്. പിന്നീട് ഉന്നത ഐഎഫ്എസ് ഓഫിസർ പാണ്ഡ്യപ്പള്ളി ശ്രീനിവാസിനെയും കൊന്ന് വീരപ്പൻ സർക്കാരുകളെ വെല്ലുവിളിച്ചു.

ഉന്നത ഐപിഎസ് ഓഫിസറായ ഹരികൃഷ്ണയ്ക്കും സംഘത്തിനുമെതിരെ ആക്രമണം നടത്തിയതോടെ വീരപ്പൻ എന്ന പേര് ഇന്ത്യ മുഴുവൻ പരന്നു. 1992ൽ കർണാടക, തമിഴ്‌നാട് സർക്കാരുകൾ വീരപ്പനെ പിടികൂടാനായി സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) രൂപീകരിച്ചു. തമിഴ്‌നാട്ടിൽ സഞ്ജയ് അറോറ, കർണാടകയിൽ ശങ്കർ ബിദ്രി എന്നീ ഓഫിസർമാർ ദൗത്യസംഘത്തിന്റെ ചുമതലക്കാരായി. വാൾട്ടർ ദേവാരം എന്ന ഓഫിസർക്കായിരുന്നു സംയുക്ത ചുമതല. പൊലീസും വീരപ്പനും പലതവണ ഏറ്റുമുട്ടി. ഗുരുനാഥൻ എന്ന വീരപ്പന്റെ അനുയായിയെ എസ്‌ഐ ഷക്കീൽ അഹമ്മദിന്റെ നേതൃത്വത്തിലുള്ള കർണാടക പൊലീസ് വധിച്ചു. വീരപ്പനായി തിരച്ചിൽ ഊർജിതമാക്കുകയും തലയ്ക്ക് 5 കോടി രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.

2000ത്തിൽ നടൻ രാജ് കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടു പോയതിനു പിന്നാലെ ആരാധകർ അക്രമാസക്തരായപ്പോൾ. ബെംഗളൂരുവിൽനിന്നുള്ള ജൂലൈ 31ലെ ചിത്രം: AFP PHOTO

2000 ജൂലൈ 30നു കന്നഡ സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിനെ തമിഴ്‌നാട്-കർണാടക അതിർത്തിയിലുള്ള ഗജനൂരിൽനിന്നു വീരപ്പൻ തട്ടിക്കൊണ്ടുപോയത് ഏവരെയും ഞെട്ടിച്ചു. വൻ പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും സംഭവം വഴിയൊരുക്കി. വീരപ്പനുമായി മുൻപ് അഭിമുഖം നടത്തിയിട്ടുള്ള നക്കീരൻ ഗോപാൽ എന്ന പത്രപ്രവർത്തകൻ മധ്യസ്ഥ ചർച്ചകൾ നടത്തി. 108 ദിവസം രാജ്കുമാറിനെ തടവിൽ പാർപ്പിച്ച ശേഷം വീരപ്പൻ വിട്ടയച്ചു. 2002ൽ എച്ച്.നാഗപ്പ എന്ന കന്നഡ മുൻമന്ത്രിയെ തട്ടിക്കൊണ്ടുപോയി. അദ്ദേഹത്തെ പിന്നീട് വനത്തിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്. വീരപ്പനെ പിടികൂടുന്നവർക്ക് കർണാടക സർക്കാർ പ്രഖ്യാപിച്ച ഇനാം കൂട്ടി, 15 കോടിയാക്കി.

കർണാടക മുൻ മന്ത്രി എച്ച്. നാഗപ്പയെ വീരപ്പൻ തട്ടിക്കൊണ്ടു പോയതിനു പിന്നാലെ കൊല്ലെഗൽ പ്രദേശത്ത് പട്രോളിങ് നടത്തുന്ന സ്പെഷൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾ. 2002 സെപ്റ്റംബറിലെ ചിത്രം: AFP PHOTO

∙ വകവരുത്തി ‘ഓപ്പറേഷൻ കൊക്കൂൺ’

വീരപ്പൻ കാടുനിറഞ്ഞാടിയ 1983 മുതൽ 2004 ഒക്ടോബർ വരെ കർണാടക, തമിഴ്നാട്, കേരള പൊലീസ് സേനകൾ അയാൾക്കു മുൻപിൽ തോറ്റുപോയതിന്റെ കാരണം ഇപ്പോഴും ‘രഹസ്യമാണ്’. ഏറ്റുമുട്ടൽ വിദഗ്ധരുടെ വൻനിരയുണ്ടായിരുന്നു 3 പൊലീസ് സേനകളിലും. എന്നിട്ടും 21 വർഷം പൊലീസുകാരെയും കൊമ്പനാനകളെയും അറപ്പില്ലാതെ വീരപ്പൻ കൊന്നുതള്ളി. മൈസൂരു, ധർമപുരി, സേലം, പെരിയാർ, നീലഗിരി കാടുകളിലെ 14,000 ചതുരശ്ര കിലോമീറ്റർ വനത്തിന്റെയും അവിടെ താമസിച്ചിരുന്ന 6 ലക്ഷം ഗിരിവർഗക്കാരുടെയും ‘അധികാരി’യായി അടക്കിവാഴാൻ വീരപ്പനുണ്ടായിരുന്നത് 100 പേരടങ്ങുന്ന കൊള്ളസംഘവും കുറെ തോക്കുകളും മാത്രമായിരുന്നു. സത്യമംഗലം വനമേഖലയ്ക്ക് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളുടെ വിസ്തൃതിയുണ്ട്. 

മലയോര ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളെ കൂടെ നിർത്താൻ കൊള്ളമുതലിന്റെ ഒരുഭാഗം അവർക്കിടയിൽ പങ്കുവയ്ക്കുന്നതു വീരപ്പൻ ശീലമാക്കി. പ്രകോപനങ്ങൾ കൂടിയപ്പോൾ വീരപ്പനെ പിടികൂടാനുള്ള ‘ഓപ്പറേഷൻ കൊക്കൂൺ’ ദൗത്യവും ശക്തി പ്രാപിച്ചു. എസ്ടിഎഫ് മേധാവിയും മലയാളിയുമായ ഐപിഎസ് ഓഫിസർ കെ.വിജയ്കുമാർ ഉൾപ്പെടെയുള്ളവർക്കായിരുന്നു നേതൃത്വം. പൊലീസുകാരിൽ ചിലർ വീരപ്പന്റെ സംഘത്തിൽ കടന്നുകൂടി. ഇക്കാലത്ത്, ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ കാടുവിട്ടിറങ്ങി ആശുപത്രിയിൽ പോകാൻ വീരപ്പൻ ആഗ്രഹിച്ചു. ഈ അവസരം ഉപയോഗിക്കാൻ ദൗത്യസംഘവും തീരുമാനിച്ചു.

2004 ഒക്ടോബർ 18. തമിഴ്‌നാട്ടിലെ ധർമപുരിയിലുള്ള പാപിരപ്പട്ടി ഗ്രാമത്തിലുള്ള ആശുപത്രിയിൽ പോകാനായി ആംബുലൻസിലേക്കു വീരപ്പൻ വന്നു കയറി. 35 അംഗ പൊലീസ് സേനയും സുരക്ഷാസൈനികരും ഗ്രാമത്തിൽ നിലയുറപ്പിച്ചിരുന്നു. വീരപ്പനെയും സംഘത്തെയും ദൗത്യസംഘം വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വീരപ്പനും കൂട്ടാളികളും അതിനൊരുക്കമായിരുന്നില്ല. പൊലീസിനു നേർക്ക് വെടിയുതിർത്തതോടെ തിരിച്ചും വെടിവയ്പുണ്ടായി. അൻപത്തിരണ്ടു വയസ്സുകാരനായ വീരപ്പനു ശരീരത്തിൽ മൂന്നിടത്താണു വെടിയേറ്റത്. ഉടൻ മരിക്കുകയും ചെയ്തു. വീരപ്പന്റെ കൂട്ടാളികളായ സേത്തുക്കുളി ഗോവിന്ദൻ, ചന്ദ്ര ഗൗഡർ, സേതുമണി തുടങ്ങിയവരെയും ദൗത്യസേന വധിച്ചു.

∙ വിദ്യയിലൂടെ ബിജെപിയുടെ ലക്ഷ്യമെന്ത്?

കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണി ബിജെപിയിൽ ചേർന്നതു പലർക്കും അപ്രതീക്ഷിത വാർത്തയായിരുന്നു. ഇതോടെ വീരപ്പൻ വീണ്ടും ചർച്ചകളിൽ നിറഞ്ഞെങ്കിലും വിദ്യയിലൂടെ ബിജെപി ഉന്നമിട്ടതു മറ്റൊന്നായിരുന്നു. വിദ്യയുടെ സമുദായമാണ് ബിജെപിയെ ആകർഷിച്ചതെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. തമിഴ്‌നാട്ടിലെ പ്രബല ജാതിയായ വണ്ണിയാർ വിഭാഗത്തിൽ നിന്നുള്ളയാളാണ് വീരപ്പൻ. ജാതി രാഷ്ട്രീയവും തമിഴ്നാട്ടിൽ നിർണായകമായതിനാൽ തിരഞ്ഞെടുപ്പിൽ വിദ്യയിലൂടെ വണ്ണിയാർ വോട്ടുകൾ സമാഹരിക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, ജാതി വിവേചനത്തിനെതിരെ പോരാടുമെന്നായിരുന്നു രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ വിദ്യയുടെ പ്രതിജ്ഞ.

ബിജെപി പ്രാദേശിക യോഗത്തിൽ സംസാരിക്കുന്ന വിദ്യാറാണി.

“ഇവിടെ എല്ലാവരും തുല്യരാണ് എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് എനിക്ക് താൽപര്യം. ഞാൻ മനുഷ്യത്വത്തിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ. രാജ്യത്തിന്റെ വികസനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ് എന്റെ പ്രചോദനം. അദ്ദേഹത്തെക്കുറിച്ചു മറ്റുള്ളവർ പറയുന്നതൊന്നും ഞാൻ വിശ്വസിക്കുന്നില്ല. മോദിയുടെ ക്ഷേമപദ്ധതികളുടെ പ്രയോജനം നേടിയ നിരവധി ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. കൃഷ്ണഗിരി ജില്ലയിൽ എന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ പ്രാദേശിക ബിജെപി നേതാവാണു മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന് എന്നെ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിലേക്ക് ഞാനെത്തുന്നതും. ബിജെപിയിൽ ചേരാനും പാർട്ടിയിലൂടെ ജനസേവനം തുടരാനും അദ്ദേഹം പ്രേരിപ്പിച്ചു. ബിജെപിയുടെ നവനേതൃത്വത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ആവേശത്തിലാണ്’’– വിദ്യ പറഞ്ഞു.

∙ ‘വീരപ്പൻ സ്വന്തം പാർട്ടിയുണ്ടാക്കും’

‘‘അമ്മ മുത്തുലക്ഷ്മി പൊലീസിൽ കീഴടങ്ങിയതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു എന്റെ ജനനം. എനിക്ക് പേരിട്ടത് എന്റെ അച്ഛനും അമ്മയുമല്ല. സ്പെഷൽ ടാസ്‌ക് ഫോഴ്‌സിലെ ഒരു ഓഫിസറാണ്. വിദ്യാ റാണി എന്ന് പേരിട്ട ഉദ്യോഗസ്ഥനെപ്പറ്റി അമ്മ പലപ്പോഴും പറയാറുണ്ട്. ‘ഉങ്ക അപ്പ കാട്ടുക്കു രാജാ, നീ നാട്ടുക്കു റാണി’ (നിന്റെ അച്ഛൻ കാടിന്റെ രാജാവാണ്, നീ നമ്മുടെ നാടിന്റെ രാജ്ഞിയാകണം) എന്നായിരുന്നത്രെ പേരിട്ടശേഷം അദ്ദേഹം എന്നോടു പറഞ്ഞത്. എനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് ജീവിതത്തിൽ ആദ്യമായും അവസാനമായും അച്ഛനെ നേരിൽ കണ്ടത്.

കൂടെയുള്ളവരുടെ കുടുംബത്തിനും, എവിടെയാണോ താവളം അവിടെയുള്ള മനുഷ്യർക്കും പണം വീതിച്ചു നൽകുന്നതാണ് അപ്പായുടെ രീതി. ഭക്ഷണത്തിനു മാത്രമുള്ളതു കയ്യിൽവച്ച് ബാക്കി എവിടെയെങ്കിലും കുഴിച്ചിടുന്ന പതിവുമുണ്ട്. സമ്പാദ്യമെല്ലാം കാട്ടിൽ കുഴിച്ചിട്ടുണ്ട്.

അദ്ദേഹം എന്റെ അടുത്തുവന്ന് സുഖമാണോ എന്നു ചോദിച്ചു. നന്നായിരിക്കണമെന്ന് ഉപദേശിച്ചു. പഠിച്ചു ഡോക്ടറാകാനും ജനങ്ങളെ സേവിക്കാനും ആവശ്യപ്പെട്ടു. പക്ഷേ, സിവിൽ സർവീസ് ആയിരുന്നു അക്കാലത്ത് എന്റെ ‍ആഗ്രഹം. എനിക്ക് എംബിബിഎസ് സീറ്റ് കിട്ടിയതാണ്. അതു വേണ്ടെന്നുവച്ച് സിവിൽ സർവീസിന് അപേക്ഷിക്കാനായി ഞാൻ ബിരുദം പൂർത്തിയാക്കി. അച്ഛൻ ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും സ്വന്തം പാർട്ടിയുണ്ടാക്കി നേതാവാകുമായിരുന്നു. ഞാനും അനിയത്തിയും അദ്ദേഹത്തിനൊപ്പം ഉറപ്പായുമുണ്ടാകും.

‘വീരപ്പൻ’ സിനിമയിലെ രംഗം.

അച്ഛൻ മരിക്കുമ്പോൾ, ഞാൻ ഊട്ടിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു. മുൻപ് ഇത്തരത്തിൽ നിരവധി വാർത്തകൾ വന്നിട്ടുള്ളതിനാൽ ഇതും അങ്ങനെയാകുമെന്നാണു കരുതിയത്. പക്ഷേ, അച്ഛനില്ലെന്ന യാഥാർഥ്യം പതിയെ മനസ്സിലായി. ചെറുപ്പം മുതലേ അച്ഛനെയും അമ്മയെയും മിസ്‌ ചെയ്താണു ഞാൻ വളർന്നത്. മുത്തശ്ശിയെയാണ് അമ്മേയെന്നു വിളിച്ചത്. വീരപ്പന്റെ കൊമ്പൻ മീശ ധീരതയുടെ അടയാളമാണ്. കിടക്കയിൽനിന്ന് എഴുന്നേൽക്കുമ്പോഴെല്ലാം ആ മീശയെക്കുറിച്ചു ചിന്തിക്കാറുണ്ട്. ഞാൻ ആരാണെന്ന് ആ മീശ എന്നോട് പറയുന്നുണ്ടാകണം’’– വിദ്യയുടെ ഹൃദയത്തിലേക്ക് അച്ഛന്റെ ഓർമകൾ വെടിയൊച്ചപോലെ പാഞ്ഞുകയറി.

∙ വീരപ്പൻ കാട്ടിൽ കുഴിച്ചിട്ട ‘നിധി’ 

നടൻ രാജ്കുമാറിനെ മോചിപ്പിക്കാൻ കർണാടക സർക്കാർ രഹസ്യമായി 20 കോടി രൂപ വീരപ്പനു കൈമാറിയതായി പ്രചാരണമുണ്ടായിരുന്നു. അതിനുശേഷം സത്യമംഗലം വനമേഖലയ്ക്കു ചുറ്റുമുള്ള ഗ്രാമീണരുടെ പക്കൽ 500 രൂപാ നോട്ടുകൾ വളരെയധികം കാണാൻ കഴിഞ്ഞതായി രഹസ്യാന്വേഷണ റിപ്പോർട്ടുമുണ്ട്. ഇന്ത്യയിൽ അന്നത്തെ ഏറ്റവും മൂല്യമുള്ള നോട്ട് 500 രൂപയുടേതായിരുന്നു. ചന്ദനത്തടിയും ആനക്കൊമ്പും വിറ്റുകിട്ടുന്ന പണം വലിയ ഇരുമ്പുപെട്ടികളിലാക്കി വനത്തിൽ കുഴിച്ചിടുന്ന പതിവ് വീരപ്പനുണ്ടായിരുന്നുവത്രെ. സത്യമംഗലം വനത്തിൽ ട്രെക്കിങ്ങിനിടയിൽ കൂടാരം കെട്ടാൻ കുഴിയെടുത്ത യുവാക്കളുടെ സംഘത്തിനു പണപ്പെട്ടി കിട്ടിയെന്നും വാർത്ത പരന്നിരുന്നു. 

വീരപ്പൻ കുഴിച്ചിട്ട പണപ്പെട്ടികളും ആനക്കൊമ്പുകളും ആയുധങ്ങളും ഇപ്പോഴും വനത്തിൽ ഉറങ്ങിക്കിടപ്പുണ്ട് എന്നാണ് സംസാരം. ഏതാനും കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയ വിവരം മാത്രമാണ് ഇതുവരെ ‘ഔദ്യോഗികമായി’ പുറത്തറിഞ്ഞത്. നിധിയെപ്പറ്റി ചോദിച്ചപ്പോൾ വിദ്യയുടെ മറുപടി ഇങ്ങനെ: ‘‘എല്ലാവരും അങ്ങനെ പറയുന്നുണ്ടെങ്കിലും ഞങ്ങൾക്ക് അതേപ്പറ്റി അറിയില്ല. ‌ഇങ്ങനെ കേൾക്കുമ്പോൾ ചിരി വരും. അച്ഛന്റെ മരണശേഷം അമ്മയ്ക്ക് സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അമ്മയുൾപ്പെടെയുള്ള എന്റെ കുടുംബം പൊലീസിന്റെ നിയന്ത്രണത്തിലാണ് കഴിഞ്ഞിരുന്നത്. ഞങ്ങൾ ഹോസ്റ്റലിൽ താമസിക്കുമ്പോഴും പൊലീസ് രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു.’’

വീരപ്പന്റെ സമ്പാദ്യത്തെപ്പറ്റി ഇളയ മകൾ വിജയലക്ഷ്മി (പ്രഭ) ചില വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. വിജയലക്ഷ്മി പ്രധാനവേഷം അഭിനയിച്ച ‘മാവീരൻ പിള്ളൈ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു അച്ഛന്റെ സ്വത്തിനെ കുറിച്ച് പറഞ്ഞത്. ‘‘എനിക്ക് ഒരു വയസ്സ് ആകുന്നതുവരെ അപ്പായ്ക്കൊപ്പം കാട്ടിലായിരുന്നു താമസം. അപ്പായെ പിടിക്കാൻ പൊലീസ് കാട് അരിച്ചു പെറുക്കുന്ന സമയമായിരുന്നു. കുഞ്ഞായ എന്റെ കരച്ചിൽ അപകടമാണെന്നു മനസ്സിലാക്കിയ അപ്പാ, ഞങ്ങളെ തിരിച്ചയച്ചതായി അമ്മ (മുത്തുലക്ഷ്മി) പിന്നീട് പറഞ്ഞതോർക്കുന്നു. പൊലീസ് അമ്മയെ ഒരുപാട് തവണ ചോദ്യം ചെയ്തു, ഉപദ്രവിച്ചു. അപ്പാ കൊല്ലപ്പെട്ടു എന്നു കേട്ടപ്പോൾ ‍ഞാൻ വിശ്വസിച്ചില്ല. എന്റെ അപ്പായെ ആർക്കും െകാല്ലാൻ കഴിയില്ല എന്ന് ഞാൻ അവരോട് പറഞ്ഞു.

ഒടുവിൽ മൃതദേഹം കണ്ടപ്പോഴാണ് ‍ഞാൻ വിശ്വസിച്ചത്. അപ്പായുടെ മരണശേഷം എല്ലാവരും ചോദിക്കുന്ന കാര്യമാണ് വീരപ്പന്റെ സമ്പാദ്യം എവിടെയാണ്, എന്തുചെയ്തു എന്നത്. നടൻ രാജ്കുമാറിനെ കടത്തിക്കൊണ്ടുപോയ സമയത്ത് അപ്പായ്ക്ക് വൻ തുക ലഭിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. കൂടെയുള്ളവരുടെ കുടുംബത്തിനും, എവിടെയാണോ താവളം അവിടെയുള്ള മനുഷ്യർക്കും പണം വീതിച്ചു നൽകുന്നതാണ് അപ്പായുടെ രീതി. ഭക്ഷണത്തിനു മാത്രമുള്ളതു കയ്യിൽവച്ച് ബാക്കി എവിടെയെങ്കിലും കുഴിച്ചിടുന്ന പതിവുമുണ്ട്. സമ്പാദ്യമെല്ലാം കാട്ടിൽ കുഴിച്ചിട്ടുണ്ട്. അതെവിടെയാണെന്നു ഞങ്ങൾക്ക് അറിയില്ല. ഇതൊന്നും അപ്പായോടു ചോദിക്കാൻ അമ്മയ്ക്കും സാധിച്ചിരുന്നില്ല’’– വിജയലക്ഷ്മി പറഞ്ഞു.

English Summary: Life of Tamilnadu BJP leader Vidya Rani daughter of slain indian bandit Veerappan