വ്യക്തിപരമായി കെ.കെ.ശിവരാമൻ എന്തെങ്കിലും ചെയ്തു എന്നല്ല. ഒരു വനിത ജില്ലാ സെക്രട്ടറി ആയി അവിടെ നിർദേശിക്കപ്പെടുന്നു, എനിക്ക് പകരം ഒരു പുരുഷനെ ആണ് നിർദേശിച്ചിരുന്നതെങ്കിലോ? അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കാൻ ആരെങ്കിലും പുറപ്പെടുമായിരുന്നോ?.. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ മനസ്സു തുറന്ന് സിപിഐ നേതാവ് ഇ.എസ് ബിജിമോൾ.. ES Bijimol . CPI

വ്യക്തിപരമായി കെ.കെ.ശിവരാമൻ എന്തെങ്കിലും ചെയ്തു എന്നല്ല. ഒരു വനിത ജില്ലാ സെക്രട്ടറി ആയി അവിടെ നിർദേശിക്കപ്പെടുന്നു, എനിക്ക് പകരം ഒരു പുരുഷനെ ആണ് നിർദേശിച്ചിരുന്നതെങ്കിലോ? അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കാൻ ആരെങ്കിലും പുറപ്പെടുമായിരുന്നോ?.. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ മനസ്സു തുറന്ന് സിപിഐ നേതാവ് ഇ.എസ് ബിജിമോൾ.. ES Bijimol . CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യക്തിപരമായി കെ.കെ.ശിവരാമൻ എന്തെങ്കിലും ചെയ്തു എന്നല്ല. ഒരു വനിത ജില്ലാ സെക്രട്ടറി ആയി അവിടെ നിർദേശിക്കപ്പെടുന്നു, എനിക്ക് പകരം ഒരു പുരുഷനെ ആണ് നിർദേശിച്ചിരുന്നതെങ്കിലോ? അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കാൻ ആരെങ്കിലും പുറപ്പെടുമായിരുന്നോ?.. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ മനസ്സു തുറന്ന് സിപിഐ നേതാവ് ഇ.എസ് ബിജിമോൾ.. ES Bijimol . CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഐയുടെ ഇടുക്കി ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിർദേശിച്ച ഇ.എസ്.ബിജിമോളെ ജില്ലാഘടകം പരാജയപ്പെടുത്തിയത് വൻ വിവാദമാണു സൃഷ്ടിച്ചത്. പാർട്ടിയിലെ പുരുഷാധിപത്യമാണ് തന്നെ തോൽപ്പിച്ചതിനു പിന്നിലെന്ന സൂചന ബിജിമോൾ നൽകുക കൂടി ചെയ്തതോടെ സിപിഐയുടെ ഈ വനിതാ താരം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. പക്വതയും സാത്വികതയും അഭിമാനിക്കുന്ന സിപിഐ നേതാക്കളിൽനിന്ന് എന്നും വ്യത്യസ്തയാണ് ബിജിമോൾ. പറയാനുള്ളതു പറയാനും ചെയ്യാനുള്ളത് ചെയ്യാനും അവർ ഒരുകാലത്തും മടിച്ചിട്ടില്ല. അതേസമയം മൂന്നു തവണ എംഎൽഎയും സംസ്ഥാന കൗൺസിൽ അംഗവുമായ ബിജിമോളെ പാർട്ടിക്ക് അവഗണിച്ചു മാറ്റിനിർത്താനും കഴിഞ്ഞിട്ടില്ല. അവരുടെ പ്രവർത്തന രീതിക്കുള്ള അംഗീകാരം കൂടി ആയിരുന്നു ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കാനുള്ള തീരുമാനം. സിപിഐയിൽ ഇന്നു വരെ ഒരു വനിത ജില്ലാ സെക്രട്ടറി ആയിട്ടില്ല. ആ പുരുഷാധിപത്യ പാരമ്പര്യത്തിന്റെ കൂടെ നിൽക്കാനാണ് പക്ഷേ ഇടുക്കിയിലെ പാർട്ടി തീരുമാനിച്ചത്. അത് ശരിയോ തെറ്റോ എന്ന ചർച്ച സിപിഐയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചാ വിഷയമാകുന്ന പശ്ചാത്തലത്തിൽ ഇ.എസ് ബിജിമോൾ മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ മനസ്സു തുറന്നു സംസാരിച്ചു. 

ഇ.എസ്.ബിജിമോൾ. ചിത്രം: facebook/bijimolmla

 

ADVERTISEMENT

∙ ഇടുക്കിയിൽ താങ്കൾ ജില്ലാ സെക്രട്ടറി ആകുമെന്ന് വളരെ നേരത്തേ കേട്ടതാണ്. ആദ്യമായി ഒരു വനിതാ ജില്ലാ സെക്രട്ടറി വരും എന്ന നിലയിൽ.. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം അപ്രതീക്ഷിതമായിരുന്നോ? 

 

പുതിയ ജില്ലാ സെക്രട്ടറിയെ സംസ്ഥാന നിർവാഹകസമിതി നിർദേശിക്കുന്ന രീതിയാണ് പൊതുവിൽ പാർട്ടിക്ക് ഉള്ളത്. ഇടുക്കിയിൽ നേരത്തേ മത്സരം ഒന്നും ഉണ്ടായിട്ടില്ല. ആദ്യമായാണ് അതു നടന്നത്. 

 

ADVERTISEMENT

∙ ഒരു വനിതയെ ജില്ലാ സെക്രട്ടറി ആക്കാനുള്ള ഹൃദയ വിശാലത ഇടുക്കിയിലെ നേതൃത്വത്തിന് ഇല്ലാതെ പോയതാണോ? 

ഇ.എസ്.ബിജിമോൾ. ചിത്രം: മനോരമ

ഒരു സ്ത്രീ എങ്ങനെ ആയിരിക്കണമെന്ന് പൊതു സമൂഹം വരച്ചു വച്ചിട്ടുണ്ട്. പെരുമാറ്റം, സംഭാഷണം ഇതെല്ലാം നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്. ആ കള്ളികൾക്കുള്ളിൽ നിൽക്കുന്നവരെല്ലാം ‘ഗുഡ് ഗേൾ’ ആണ്. അല്ലാത്തവരെല്ലാം അഹങ്കാരികളും ‘ബാഡ് ഗേൾ’ പട്ടികയിൽ വരുന്നവരും ആണ്.

 

അങ്ങനെ എടുക്കേണ്ടതില്ല. സംസ്ഥാന നിർവാഹകസമിതി വച്ച നിർദേശം ഇടുക്കിയിലെ സഖാക്കൾക്ക് സ്വീകാര്യമായില്ല. അവർ പകരം മറ്റൊരാളെ നിർദേശിച്ചു. അതു പാർട്ടി ഭരണഘടനയിൽ അനുവദിച്ചിട്ടുള്ളതാണ്. 

 

ADVERTISEMENT

∙ പക്ഷേ പാർട്ടിയിലെ പുരുഷാധിപത്യത്തിനെതിരെ ആണല്ലോ താങ്കൾ പ്രതികരിച്ചത്? 

 

വി.എസ്.അച്യുതാനന്ദനും എ.കെ.ബാലനുമൊപ്പം ഇ.എസ്. ബിജിമോൾ. 2007ലെ ചിത്രം: മനോരമ

‘സിപിഐയിൽ പുരുഷ കേന്ദ്രീകൃത നിലപാട്’ എന്ന നിലയിൽ ഞാൻ ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞിട്ടില്ല. അതു മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഇല്ലാത്ത കാര്യം വച്ചാണ് മാധ്യമങ്ങൾ അലക്കിക്കൊണ്ടിരിക്കുന്നത്. ഏതു പോയിന്റിലാണ് പിടിക്കേണ്ടത് എന്നു മാധ്യമങ്ങൾക്ക് അറിയാം. അത് അവരുടെ ഒരു തന്ത്രമാണ്. എല്ലാം മാർക്കറ്റിങ്ങിന്റെ ഭാഗമാണ്. ‘സിപിഐയിൽ പുരുഷാധിപത്യം എന്നു ബിജിമോൾ’! അങ്ങനെ ആണോ ആ കുറിപ്പിൽ പറഞ്ഞത്? അത് ഒരു വിഷയം പറഞ്ഞു വരുന്നതിന്റെ ഭാഗമായി സൂചിപ്പിച്ച ഒരു കാര്യം മാത്രമാണ്. 

 

ജില്ലാ സെക്രട്ടറിമാർ എന്നത് പുരുഷന്മാരുടെ കുത്തകയാണ്. ഇന്നുവരെ ഒരു സ്ത്രീയെ പരിഗണിച്ചിട്ടില്ല. ആ കൊക്കൂണിൽ ഒന്നു തൊട്ടപ്പോൾ പുരുഷാധിപത്യം സടകുടഞ്ഞെഴുന്നേറ്റു എന്നാണ് പറഞ്ഞത്. അതോടെ പാർട്ടിയിൽ പുരുഷാധിപത്യം എന്നു ഞാൻ പറഞ്ഞു എന്നായി പ്രചാരണം. അങ്ങനെ വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ ഒന്നും പറയാൻ കഴിയില്ല. എല്ലാ പാർട്ടികളിലും പുരുഷാധിപത്യം വസ്തുത അല്ലേ? അതു സിപിഐയിൽ മാത്രമുള്ള കാര്യമല്ല. അതിന് ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഞങ്ങളുടെ പാർട്ടി അംഗത്വത്തിൽ സ്ത്രീകൾ വെറും 15% മാത്രമേ ഉള്ളൂ. അതിന്റെ പ്രാതിനിധ്യമല്ലേ അവർക്കു കിട്ടൂ. 

 

∙ ഇടുക്കി ജില്ലയിലെ നേതാക്കൾക്ക് താങ്കളോട് വ്യക്ത വിരോധം ഉണ്ടോ?

 

എൻസിപി നേതാവ് ലതിക സുഭാഷിനൊപ്പം ഇ.എസ്.ബിജിമോൾ. ഫയൽ ചിത്രം: മനോരമ

അതൊന്നുമില്ല. വ്യക്തിപരമായ വിരോധമോ ശത്രുതയോ ഉള്ളതായി എനിക്ക് തോന്നിയില്ല. സഖാക്കൾ ഒരു നിലപാട് എടുത്ത് ഒരുമിച്ചു നിന്നു, സംസ്ഥാന എക്സിക്യുട്ടീവിന്റെ നിർദേശം അംഗീകരിക്കാൻ അവർ തയാറായില്ല. 

 

∙ എക്സിക്യുട്ടീവിന്റെ തീരുമാനം നടപ്പാക്കാൻ നേതൃത്വം ശക്തമായ ശ്രമം നടത്തിയിരുന്നോ? 

 

തീർച്ചയായും. രവിയേട്ടൻ (പന്ന്യൻ രവീന്ദ്രൻ) ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിന്റെ തുടക്കം മുതൽ തീരും വരെ അദ്ദേഹം ഉണ്ടായിരുന്നു. ജില്ലയുടെ ചുമതല ഉള്ള സത്യൻ മൊകേരിയും ഉണ്ടായി. സംസ്ഥാന നിർവാഹകസമിതിയുടെ തീരുമാനം നടപ്പിലാക്കാനുള്ള പരമാവധി പരിശ്രമം അവർ നടത്തി. 

ഇ.എസ്.ബിജിമോൾ. 2015ലെ ചിത്രം: മനോരമ

 

∙ അതിന്റെ ഭാഗമായി ജില്ലാ കൗൺസിലിലേക്ക് മത്സരം ഒഴിവായിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത് എന്തുകൊണ്ടാകും ?

 

ഞാൻ പറഞ്ഞല്ലോ. ആ ‘സ്പിരിറ്റിൽ’ കണ്ടാൽ മതി. എന്നെ ജില്ലാ സെക്രട്ടറി ആക്കാനുള്ള നിർദേശം നേതൃത്വം നൽകിയ ഒരു അംഗീകാരം ആയിരുന്നു. മത്സരം വന്നതോടെ എനിക്ക് വേണമെങ്കിൽ പിൻവാങ്ങാമായിരുന്നു. മത്സരം നടക്കാൻ സാധ്യത ഉണ്ട് എന്നു മനസ്സിലാക്കിത്തന്നെ ഒരു നിലപാട് എടുക്കാമായിരുന്നു, പേടിച്ച് ഒഴിഞ്ഞു മാറാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്താൽ, ഞങ്ങൾ തന്നെ നേരത്തേ ഉന്നയിച്ച ആവശ്യത്തിന്റെ സ്ഥിതി എന്താകും? സ്ത്രീകളെ ജില്ലാ സെക്രട്ടറി സ്ഥാനം പോലെയുള്ള പ്രധാന പദവികളിലേക്ക് നിയോഗിക്കണമെന്ന് മഹിളാ സംഘം തുടർച്ചയായി ആവശ്യപ്പെടുന്നതാണ്. മത്സരിക്കാൻ നിൽക്കാതെ പിന്മാറിയാൽ അവർ എന്നോടു ചോദിക്കില്ലേ? ആളുകൾ എന്തു പറയും? ബിജിമോളെ ഞങ്ങൾ തീരുമാനിച്ചതാണ്, പക്ഷേ പേടിച്ച് ഓടിപ്പോയെന്ന് പാർട്ടിയും പറയില്ലേ? പാർട്ടി തീരുമാനത്തിന് ഒപ്പം നിന്നില്ല എന്ന പഴി കൂടി കേൾക്കേണ്ടി വന്നേനെ. അതോടെ ചരിത്രത്തിൽ ഞാൻ ഒരു ഒറ്റുകാരി ആയി മാറും. അതു നല്ല ഏർപ്പാടല്ല, തോൽക്കുമോ ജയിക്കുമോ എന്നതു രണ്ടാമത്തെ കാര്യമാണ്. സ്ത്രീ സമൂഹത്തിന് നൽകിയ ഒരു അംഗീകാരം, എനിക്കു ധൈര്യം ഇല്ലാത്തതുകൊണ്ട് ഇല്ലാതാക്കി എന്ന പഴി കേൾക്കേണ്ടെന്നു നിശ്ചയിച്ചു. 

 

∙ ജില്ലാ കൗൺസിലിൽ ഉള്ളതും ഏഴു വനിതകൾ ആണല്ലോ. അവരുടെ വോട്ടാണോ കിട്ടിയത്? അതോ അവരുടെ പോലും വോട്ട് കിട്ടിയില്ല എന്നുണ്ടോ? 

 

2011ൽ മുല്ലപ്പെരിയാർ സമര നാളുകളിൽ ചപ്പാത്ത് നിരാഹാര സമരത്തിൽ ഇ.എസ്.ബിജിമോൾ. ചിത്രം: മനോരമ

അങ്ങനെ വോട്ടു ചെയ്തവരെ സ്ത്രീകൾ, പുരുഷന്മാർ എന്നൊന്നും തരം തിരിച്ചു കാണേണ്ട. ഒരു സ്ത്രീക്ക്, മറ്റൊരു സ്ത്രീയാണ് പാര എന്ന തരത്തിലുള്ള ചില ചിത്രീകരണങ്ങൾക്ക് പ്രസക്തിയില്ല. രഹസ്യ വോട്ടല്ലേ? ആരാണ് എനിക്ക് വോട്ടു ചെയ്ത ഏഴു പേർ എന്നൊന്നും കണ്ടുപിടിക്കാൻ കഴിയില്ല. സ്ത്രീകളെ കുറ്റാരോപണത്തിനു വിധേയരാക്കുന്നതിനോട് യോജിപ്പില്ല. ഇടുക്കി ജില്ലാ സമിതി ഒന്നിച്ചുനിന്ന് എടുത്ത ഒരു നിലപാടാണ്. അവിടെ വോട്ടവകാശം ഉള്ളത് ആറു സ്ത്രീകൾക്കായിരുന്നു. പൊതു തീരുമാനത്തിനൊപ്പം അവരിൽ ചിലരും നിന്നു കാണും. അങ്ങനെ കണ്ടാൽ മതി. 

 

∙ പക്ഷേ ഇതൊക്കെയെങ്കിലും വെറും ഏഴു വോട്ടാണ് താങ്കൾക്ക് ലഭിച്ചത്. എതിരാളിക്ക് 43 വോട്ടും. അത് ഒരു തിരിച്ചടി തന്നെ അല്ലേ? 

 

വ്യക്തിപരമായ ഒരു തിരിച്ചടി ആയി ഞാൻ അതിനെ കാണുന്നില്ല. ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ. 2016ൽ മന്ത്രിസ്ഥാനത്തേക്ക് എന്റെ പേര് ഉയർന്നുവന്നു. ഞാൻ ആരോടും പോയി ചോദിച്ചതല്ല. അതു പിന്നീട് വലിയ വിവാദമായി. എനിക്കെതിരെ പാർട്ടി നടപടി എടുത്തു. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ട എന്നെ ഇടുക്കിയിലെ പാർട്ടിയാണ് കഴിഞ്ഞ സമ്മേളനത്തിൽ അതേ ഘടകത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. സഖാവ് കെ.കെ.ശിവരാമന്റെ മുൻകൈയിലാണ് അതു നടന്നത്. അതുകൊണ്ട് ഇപ്പോഴത്തേത് എനിക്കുള്ള തിരിച്ചടി എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. 

 

14 ജില്ലകളിൽ ഒരിടത്ത് സെക്രട്ടറിയായി എന്നെ തീരുമാനിച്ചതിനു ശേഷം ഞാൻ തന്നെ പിൻവലിഞ്ഞാൽ ‘സ്ത്രീകളാരും ഈ ആവശ്യവും പൊക്കിപ്പിടിച്ച് ഇങ്ങോട്ട് വരരുത്’ എന്ന് നാളെ പറഞ്ഞെന്നു വരാം. ആ സ്ഥിതി ഒഴിവാക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഇത് ഒരു ബിജിമോൾ നടത്തിയ സമരത്തിന്റെ ഫലമായി സംഭവിച്ചതല്ലല്ലോ. വനിതാ സംവരണത്തിനായി ഒറ്റക്കെട്ടായി നിന്ന് ഞങ്ങൾ വാദിക്കും, എല്ലാവരും കൂടി ഞങ്ങളെ തോൽപ്പിക്കും, അത് അങ്ങനെ നടന്നുവരുന്നതാണ്. 

മുല്ലപ്പെരിയാർ സമര നാളുകളിൽ കോടിയേരി ബാലകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണന്‍ തുടങ്ങിയവർക്കൊപ്പം ഇ.എസ്.ബിജിമോൾ. ഫയൽ ചിത്രം: മനോരമ

 

∙ ജില്ലാ സെക്രട്ടറി ആയി നിർദേശിക്കപ്പെടുമെന്ന പ്രതീക്ഷ നേരത്തേ ഉണ്ടായിരുന്നോ? 

 

എന്നോട് ആരും പറഞ്ഞിരുന്നില്ല. 26–ാം തീയതി തൃശൂരിൽ ചേർന്ന സംസ്ഥാന നിർവാഹകസമിതി യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിക്കുന്നത്. ശരിക്കും ആ വിവരം ‘ഷോക്കിങ്’ ആയിരുന്നു. എന്റെ പേര് ആ പദവിയിലേക്ക് പരിഗണിക്കപ്പെടില്ല എന്ന വിശ്വാസമാണ് അതുവരെ ഉണ്ടായിരുന്നത്. അതിനു മുൻപ് ചിലരെല്ലാം ഈ സാധ്യത പറഞ്ഞപ്പോൾ ‘തമാശ പറയല്ലേ’ എന്നു പറഞ്ഞു നടന്ന ആളാണ് ഞാൻ. 

 

∙ അതു വരെ ജില്ലാ സെക്രട്ടറി ആയിരുന്ന കെ.കെ.ശിവരാമൻ താങ്കൾക്കെതിരെ വ്യക്തിപരമായ നീക്കം നടത്തിയോ? അദ്ദേഹം തോൽപ്പിച്ചു എന്ന നിലയിലാണല്ലോ പുറത്ത് വാർത്തകൾ..?

 

എന്റെ അഭിപ്രായ വ്യത്യാസവും അതാണ്. വ്യക്തിപരമായി കെ.കെ.ശിവരാമൻ എന്തെങ്കിലും ചെയ്തു എന്നല്ല. ഒരു വനിത ജില്ലാ സെക്രട്ടറി ആയി അവിടെ നിർദേശിക്കപ്പെടുന്നു, എനിക്ക് പകരം ഒരു പുരുഷനെ ആണ് നിർദേശിച്ചിരുന്നതെങ്കിലോ? അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കാൻ ആരെങ്കിലും പുറപ്പെടുമായിരുന്നോ? പുരുഷനെതിരെ ആരും അതു ചെയ്യില്ല. സ്ത്രീ ആയതുകൊണ്ട് എന്റെ ആത്മവീര്യം കെടുത്താൻ ശ്രമിച്ചു. അതാണ് എന്റെ പരാതി. 26ന് സംസ്ഥാന നിർവാഹകസമിതി എന്റെ പേര് തീരുമാനിച്ച ശേഷം ആദ്യം ഒരു പ്രശ്നവുമില്ല. പത്രങ്ങളെല്ലാം ആ വാർത്ത ആഘോഷിക്കുന്നു. പിന്നീട് എന്തിനാണ് വ്യക്തിപരമായി ആക്രമിക്കുന്നത്? അതിനോടാണ് എനിക്ക് വിയോജിപ്പ്. അതു ചെയ്ത ഒരാളുടെയും പേര് ഞാൻ പറഞ്ഞിട്ടില്ല, പറയുകയുമില്ല. 

 

വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയായ നിലപാടല്ലെന്നും അതു ചെയ്യരുതെന്നും പുതിയ സെക്രട്ടറിക്ക് പറയാമായിരുന്നല്ലോ. അല്ലെങ്കിൽ സംസ്ഥാന നിർവാഹകസമിതിക്കോ ഇടുക്കിയിലെ തന്നെ നേതാക്കൾക്കോ പറയാം. മാധ്യമങ്ങളിൽ വന്നതു തെറ്റായ കാര്യമാണ് എന്നു പറയാം. ഇതൊന്നും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് എന്ന് എന്നോടെങ്കിലും പറയേണ്ടേ? 29നും 30നും 31നും എല്ലാം ഈ ആക്രമണം തുടർന്നു. അതോടെയാണ് ഫെയ്സ്ബുക്കിൽ എന്റെ നിലപാട് വ്യക്തമാക്കേണ്ടി വന്നത്. അതു വേണ്ടിവന്നതാണ്. 

മൂന്നാർ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇ.എസ്.ബിജിമോൾ എത്തിയപ്പോൾ. ഫയൽ ചിത്രം: മനോരമ

 

∙ സംസ്ഥാന നിർവാഹകസമിതിയുടെ ഒരു തീരുമാനം ഈ നിലയിൽ തള്ളിക്കളയുന്നത് സംഘടനാപരമായി ശരിയാണോ? 

 

പല ജില്ലകളിലും അതു സംഭവിച്ചിട്ടുണ്ട്. പക്ഷേ ഇടുക്കിയിൽ ആദ്യമാണ്. 

 

∙ മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചതോടെ പാർട്ടി വ്യവസ്ഥ പ്രകാരം പാർലമെന്ററി രംഗത്ത് താങ്കളുടെ അവസരങ്ങൾ അവസാനിച്ചു. ഇപ്പോൾ സംഘടനാ രംഗത്തും തിരിച്ചടി. കരുതിക്കൂട്ടി ഉള്ളതാണോ നീക്കം? 

 

ജില്ലാ സെക്രട്ടറിയായി എന്റെ പേര് പരിഗണിച്ചു എന്നത് വലിയ അംഗീകാരമാണല്ലോ. സാഹചര്യങ്ങൾ വളരെ മോശമായ നിലയിലേക്ക് പോകുന്നുവെന്ന് മനസ്സിലാക്കിയിട്ടും ഞാൻ ആ തീരുമാനത്തിന് ഒപ്പം നിന്നു. പ്ലാൻ ചെയ്ത് എന്നെ ശരിപ്പെടുത്തണമെന്നൊന്നും ആരും കരുതാൻ ഇടയില്ല. പ്രത്യേക സാഹചര്യം ഉരുത്തിരിഞ്ഞു വന്നു. 

 

∙ മൂന്നുതവണ എംഎൽഎ ആയ താങ്കൾ മന്ത്രി ആയില്ല, ആദ്യത്തെ തവണ എംഎൽഎ ആയപ്പോൾ ചിഞ്ചുറാണി മന്ത്രിയും ആയി. സിപിഐയിൽ വിവേചനം ഉണ്ടോ?

 

വിവേചനം എന്നൊന്നും പറയാൻ കഴിയില്ല. ചിഞ്ചുറാണി എന്നേക്കാൾ വളരെ സീനിയറാണ്. മഹിളാസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗവുമാണ്. എന്തുകൊണ്ടും പരിഗണിക്കപ്പെടേണ്ട പേരുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. എത്രയോ നേരത്തേ എംഎൽഎ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട ആളാണ്. അപ്പോഴെല്ലാം അവസരം നിഷേധിക്കപ്പെട്ട ശേഷമാണ് ഈ അവസരം ലഭിച്ചത്. അത് പാർട്ടിയിൽ ഒരു ചർച്ച ഉയർത്തിയിട്ടുണ്ടാകും. അതു പോലെ തന്നെയാണ് ഇക്കാര്യത്തിലും സംഭവിക്കുക. 

 

ഇ.എസ്.ബിജിമോൾ

ഇപ്പോൾ രണ്ടു തരത്തിലും ഉള്ള പ്രതികരണങ്ങൾ വരുന്നുണ്ട്. അടുത്ത ഒരു പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങൾ ആകുമ്പോൾ പാർട്ടി നേതൃത്വത്തിനു മുന്നിൽ ഒരു കരുതൽ ഉണ്ടാകും. ഒരു ജില്ലയിൽ എങ്കിലു ഒരു സ്ത്രീക്ക് പരിഗണന കൊടുക്കണം എന്ന് അവർ വിചാരിക്കും. ബിജിമോൾ എന്നതല്ല, ആരെങ്കിലും വരട്ടെ. ഒന്നു ചീഞ്ഞ് ഒന്നിന് വളമാകട്ടെ. 

 

∙ മന്ത്രിസ്ഥാനം നിഷേധിച്ചത് ഗോഡ് ഫാദർമാർ ഇല്ലാത്തതു കൊണ്ടാണ് എന്ന താങ്കളുടെ പരാമർശം വലിയ വിവാദമായി. ഇപ്പോൾ ജില്ലാ സെക്രട്ടറി സ്ഥാനത്തും അതു തന്നെയാണോ സംഭവിച്ചത്? 

 

നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ഉത്തരം കിട്ടാൻ വേണ്ടി, ഉത്തരം ചോദ്യമായി ചോദിക്കുന്ന രീതിയാണ് അന്ന് ഉണ്ടായത്. ‘ഗോഡ് ഫാദർ ഇല്ലാത്തതുകൊണ്ടാണോ മന്ത്രിസ്ഥാനം കിട്ടാതെ പോയത്’ എന്നാണ് ആ മാധ്യമപ്രവർത്തകൻ ചോദിച്ചത്. ‘എനിക്ക് ഗോഡ് ഫാദറും ഇല്ല ആ ചോദ്യത്തിന് പ്രസക്തിയും ഇല്ലെന്ന്’ ഞാൻ മറുപടി നൽകി. പക്ഷേ എഴുതി വന്നപ്പോൾ ‘ഗോഡ് ഫാദർ ഇല്ലാത്തതുകൊണ്ടാണ് മന്ത്രി ആകാത്തത്’ എന്നായി. ഉത്തരം ഒളിപ്പിച്ചു വച്ച് ചോദിച്ചാൽ ചിലപ്പോൾ ആപത്തിൽ പെട്ടുപോകും. എന്നെ മന്ത്രിയായി ഒരു ഘട്ടത്തിലും പരിഗണിച്ചിട്ടില്ല. എന്റെ പേരേ ഉയർന്നു വന്നിട്ടില്ല.

 

∙ അങ്ങനെ പേര് പരിഗണിക്കാതിരിക്കാനുള്ള കുറവുകളും താങ്കൾക്ക് ഇല്ലല്ലോ? മൂന്നാം ടേം ആണ് അന്ന് എംഎൽഎ ആയത്...

 

സ്ത്രീ ആയതുകൊണ്ടു മാത്രം സെക്രട്ടറി ആക്കണം എന്നില്ല, എന്നാണല്ലോ  കെ.കെ.ശിവരാമൻ പറഞ്ഞത്. മൂന്നു പ്രാവശ്യം ജയിച്ചതുകൊണ്ടു മാത്രം മന്ത്രി ആകണം എന്നുമില്ല. അങ്ങനെ മൂന്നാം ടേം ആയ എത്രയോ പേരുണ്ട്. ഇപ്പോൾ പി.എസ്.സുപാൽ മൂന്നാം തവണ അല്ലേ എംഎൽഎ ആയത്. അതൊരു അവകാശ വാദം ഒന്നുമല്ല. ചുറ്റും ഉള്ളവർ ചില മുദ്രാവാക്യങ്ങൾ കണ്ടുപിടിച്ച് ഉയർത്തും .അവരുടെ ആഗ്രഹത്തിന് അനുസരിച്ച് എല്ലാം സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ലൈഫിൽ എന്താണ് പ്രശ്നം! 

 

∙ മൂന്നു തവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്ന പാർട്ടി തീരുമാനം കുറേ നേതാക്കളെ പ്രതികൂലമായി ബാധിക്കില്ലേ? താങ്കൾ ഉൾപ്പെടെ പലരുടേയും നിയമസഭാ ജീവിതം തന്നെ ഇതോടെ അവസാനിക്കുന്നു. അതു ശരിയാണോ? 

 

ഒരു നിയന്ത്രണം അക്കാര്യത്തിൽ വേണം എന്ന അഭിപ്രായം ഉള്ളയാളാണ് ഞാൻ. ഒരാൾ തന്നെ സ്ഥിരമായി മത്സരിക്കുന്നത് ശരിയല്ല. വൈദ്യശാസ്ത്രം പരാജയപ്പെട്ടാൽ മാത്രമേ ഞങ്ങൾക്ക് അവസരമുള്ളൂ എന്നു യൂത്ത് കോൺഗ്രസുകാർ പരിഹസിക്കുന്നതു പോലെ ഉള്ള ഏർപ്പാട് ഇവിടെ പാടില്ല. പാർട്ടി എടുത്ത ആ തീരുമാനം നൂറു ശതമാനം ശരിയാണ്. രാഷ്ട്രീയ പ്രവർത്തനം എന്നതു പാർലമെന്ററി ജീവിതം മാത്രം അല്ല. വെറും പാർട്ടി അംഗത്വത്തിൽ മാത്രമായി 40–50 വർഷം നിൽക്കുന്നവരെ എനിക്ക് അറിയാം. അവർ ഒന്നും ചോദിച്ചിട്ടില്ല. എന്നാൽ എല്ലാ പരിപാടികളിലും ഒരു കമ്യൂണിസ്റ്റ് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പങ്കെടുക്കും. അവർ നൽകുന്ന ഔദാര്യമാണ് ഈ പാർലമെന്ററി സ്ഥാനങ്ങൾ. സിപിഐയിൽ നടപ്പാക്കിയത് പൊതുവായ മാനദണ്ഡം ആണല്ലോ. അല്ലാതെ ആർക്കെങ്കിലും ഒരാൾക്ക് പദവി നിഷേധിക്കപ്പെടുന്നതിന്റെ ഭാഗമല്ല. എന്നെ സംബന്ധിച്ച് കാൽ നൂറ്റാണ്ട് ഇനിയും മുന്നിലുണ്ട്. 75 വയസ്സ് വരെ ആണല്ലോ പാർട്ടി കമ്മിറ്റികളിൽ തുടരാവുന്നത്. 25 വർഷം എന്റെ മുന്നിൽ ഉണ്ടെങ്കിൽ മറ്റു പലർക്കും അത് ഇല്ല.  

 

∙ ‘തിരുമേനിമാരെ ഇതു ജനുസ്സ് വേറെയാണ്’ എന്നായിരുന്നു സമൂഹമാധ്യമ പോസ്റ്റിലെ വാക്കുകൾ. പാർട്ടിയിലെ തിരുമേനിമാരോടാണോ പറഞ്ഞത്?

 

അല്ല. ആരെങ്കിലും ആ കൂട്ടത്തിൽ പെട്ടാൽ എനിക്ക് കുറ്റം പറയാനും കഴിയില്ല. അവരെ ഞാൻ ഒഴിവാക്കുന്നുമില്ല. എഴുതി നാറ്റിക്കുകയും സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം നടത്തുകയും എല്ലാം ചെയ്യുമ്പോൾ ചിലർക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു സുഖം കിട്ടുമായിരിക്കും. ഒരു സ്ത്രീക്കെതിരെ അങ്ങനെ എല്ലാം പറയുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്ന ഒരു സുഖം ഉണ്ടാകും. അത് അനുഭവിച്ച ചില ആളുകൾ ഇതിൽ ഉണ്ട്. അതിൽ മാധ്യമങ്ങളും ഉണ്ട്. അതിൽ പാർട്ടിക്കാരുണ്ടെങ്കിൽ അവർ തന്നെ അതിന്റെ ഭാഗമായി പോയി നിൽക്കുന്നതാണല്ലോ. 

 

∙ ഈ നീക്കങ്ങൾക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകാൻ ആലോചിക്കുന്നുണ്ടോ? 

 

ഞാൻ സാധാരണഗതിയിൽ ഒരു പരാതിക്കാരിയല്ല. പറയാനുള്ളത് നേരെ ചൊവ്വേ പറയും, അതിന്റെ ഗുണമാണെങ്കിലും ദോഷം ആണെങ്കിലും അനുഭവിക്കും. അല്ലാതെ പരാതി കൊണ്ടു പോയി, അതു പിന്നെ കീറിമുറിച്ച് ,എന്താണ് പറഞ്ഞത് എന്ന് എന്നെക്കൊണ്ടു തന്നെ പറയിപ്പിച്ച്... അതു കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ. അതിനു നിന്നു കൊടുക്കാൻ താൽപര്യം ഇല്ലാത്ത ആളാണ് ഞാൻ. പറയാനുള്ളത്, കൈയ്ക്കു കൈ പറഞ്ഞ് അവസാനിപ്പിക്കുന്നതാണ് എന്റെ രീതി. 

 

∙ ചോദ്യം ചോദിച്ചതിന് പറഞ്ഞ ഉത്തരത്തിന്റെ പേരിലാണ് പാർട്ടി നടപടി എടുത്തതെങ്കിൽ അതിൽ അനീതി ഉണ്ടായോ? 

 

അക്കാര്യത്തിൽ ഒരു പ്രതികരണത്തിന് ഇല്ല. അത് അടച്ച ഒരു അധ്യായമാണല്ലോ. വീണ്ടും തുറക്കേണ്ട കാര്യമില്ല.

 

∙ ആ സമയത്ത് പാർട്ടിയിലെ ഒരു നേതാവ് താങ്കൾക്കെതിരെ വല്ലാതെ നീങ്ങുന്നു എന്നു പറഞ്ഞിരുന്നു. അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എംഎൽഎ ആയി. അദ്ദേഹത്തിന്റെ കൂടി സ്വാധീനമാണോ താങ്കളെ ഇടുക്കിയിൽ തോൽപ്പിച്ചത്? 

 

അങ്ങനെ ഒന്നും എനിക്ക് തോന്നുന്നില്ല. 

 

∙ വിവാദങ്ങൾ എന്നും സൃഷ്ടിച്ചിട്ടുണ്ട്. തേയില തൊഴിലാളി സ്ത്രീയുടെ വേഷം കെട്ടി അവരുടെ പ്രയാസം, മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രനെ അറിയിച്ചു. മുല്ലപ്പെരിയാർ കാലത്ത് എ.കെ.ആന്റണിയുടെ അടുത്ത് ലൈഫ് ജാക്കറ്റുമായി പോയി. സിപിഐയുടെ സാത്വിക രീതികളിൽനിന്ന് മാറിയ രീതിയാണല്ലോ ഇതെല്ലാം? കരിയറിൽ ഗുണമാണോ ദോഷമാണോ ഇത് ഉണ്ടാക്കിയത്? 

 

ഒരു കാര്യം ചെയ്യാൻ ഇറങ്ങുമ്പോൾ അതിന്റെ ഗുണവും ദോഷവും എല്ലാം നോക്കാൻ നിന്നാൽ പിന്നെ ജീവിതത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല. അപ്പോൾ സ്തംഭിച്ചു നിൽക്കുന്ന നിലയാകും. അന്ന് പൂട്ടിക്കിടന്ന തോട്ടങ്ങൾ തുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പെണ്ണുങ്ങളെ ഈ കസേരയിൽ ഇരുത്തിയിട്ട് എന്തുകാര്യം, ഇവരെക്കൊണ്ട് ഇതിനൊന്നും കൊള്ളില്ല എന്ന നിലയിൽ എനിക്കെതിരെ ചർച്ചകളുണ്ടായി. എന്നെ വഴിയിൽ തടയുകയും വലിയ ആക്ഷേപങ്ങൾ ഉണ്ടാകുകയും ചെയ്തു. അന്നത്തെ പീരുമേടിന്റെ സാഹചര്യം വാക്കുകളിൽ പറയാൻ പറ്റില്ല. പട്ടിണി കിടക്കുന്ന ഒരു സമൂഹത്തിന്റെ ഇടയിലാണ് നിന്നത്. 

 

ഞാൻ ഒരു എസ്റേറ്റിന്റെ നടുവിൽ താമസിക്കുന്ന ആളാണ്. അവർക്ക് ഇടയിലാണ് ജീവിക്കുന്നതു തന്നെ. കിട്ടിയ ഒരു സ്ഥാനം ഭദ്രമായി സൂക്ഷിക്കാൻ വേണ്ടി വേണമെങ്കിൽ എനിക്ക് നല്ല പിള്ള ചമയാം. തേയില തൊഴിലാളിയുടെ ആ വേഷം അണിയാൻ മാനസികമായ വലിയ തയാറെടുപ്പ് വേണം. അത്തരം തുറന്ന പ്രതിഷേധത്തിലേക്ക് പോകാനുള്ള മാനസികാവസ്ഥ സാധാരണ പറ്റാത്തതാണ്. ഏതറ്റം വരെ പോയാലും ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന തോന്നലിൽ ആണ് അതു ചെയ്തത്. അതു വികാരപരം ഒന്നുമല്ല. ആ പ്രതിഷേധത്തിന് ഫലം ഉണ്ടായല്ലോ. രണ്ടു തോട്ടം ഒഴികെ പൂട്ടിക്കിടന്നതെല്ലാം തുറന്നു. ‘ഗുഡ്ഗേൾ’ ആയി തുടർന്നാൽ മതിയെന്ന ഞാൻ വിചാരിച്ചിരുന്നെങ്കിൽ തോട്ടമെല്ലാം പൂട്ടിക്കിടന്നേനെ. 

 

∙ രണ്ടും കൽപ്പിച്ചുള്ള ഈ നീക്കങ്ങൾ താങ്കളെ ചിലരുടെ നോട്ടപ്പുള്ളി ആക്കിയോ ?

 

ഇതെല്ലാം ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകും. ഒരു സ്ത്രീ എങ്ങനെ ആയിരിക്കണമെന്ന് പൊതു സമൂഹം വരച്ചു വച്ചിട്ടുണ്ട്. പെരുമാറ്റം, സംഭാഷണം ഇതെല്ലാം നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്. ആ കള്ളികൾക്കുള്ളിൽ നിൽക്കുന്നവരെല്ലാം ‘ഗുഡ് ഗേൾ’ ആണ്. അല്ലാത്തവരെല്ലാം അഹങ്കാരികളും ‘ബാഡ് ഗേൾ’ പട്ടികയിൽ വരുന്നവരും ആണ്. 

 

∙ അങ്ങനെ സമൂഹം കൽപ്പിച്ചു തരുന്ന പ്രതിച്ഛായ നോക്കുന്നില്ല എന്നു തന്നെ അല്ലേ?

 

ഏറ്റെടുക്കുന്ന വിഷയം ആണ് പ്രധാനം. എ.കെ. ആന്റണി സാറിന് ലൈഫ് ജാക്കറ്റ് കൊടുക്കാൻ ശ്രമിച്ചതും ഒരു സമരമുറ ആയിരുന്നു. അദ്ദേഹത്തിന് കൊടുക്കാൻ ശ്രമിച്ചതല്ല. പ്രതിഷേധമായി കയ്യിൽ വയ്ക്കുക മാത്രമാണ് ചെയ്തത്. അന്ന് ഏഴു കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും പ്രശ്നപരിഹാരത്തിന് അവർ ശ്രമിച്ചില്ല. അന്ന് മുല്ലപ്പെരിയാർ മേഖലയിൽ 32 തുടർ ചലനങ്ങൾ ഉണ്ടായി. ജനങ്ങൾ ആകെ ഭീതിയിലായിരുന്നു. കേന്ദ്രത്തിന്റെ അനങ്ങാപ്പാറ നയത്തിനോടുള്ള പ്രതിഷേധമാണ് ഞാൻ പ്രകടിപ്പിച്ചത്. മുല്ലപ്പെരിയാർ സമരത്തോട് അനുബന്ധിച്ച് അങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം, എന്നെ ശിക്ഷിക്കുമോ, ജയിലിൽ കിടക്കേണ്ടി വരുമോ എന്നെല്ലാം ആലോചിച്ചാൽ പിന്നെ രാഷ്ട്രീയ പ്രവർത്തനം സാധിക്കുമായിരുന്നില്ല. 

 

∙ അപ്പോൾ ‘റിസ്ക്’ എടുക്കാൻ എപ്പോഴും തയാറായിരുന്നു, വരുന്നത് വരട്ടെ എന്ന കാഴ്ച്ചപ്പാട്? 

 

‘പക്വത പക്വത’ എന്നു പറഞ്ഞ് ആളുകൾ അനാവശ്യ ഗൗരവത്തിൽ ആകുന്ന സ്ഥിതി ഉണ്ട്. ആ പക്വതയുടെ കൂടിൽ ഒളിക്കും. എന്നിട്ട് അതു ശരിയോ, ഇതു ശരിയോ എന്നെല്ലാം ചോദിക്കും. നമുക്ക് നമ്മുടേതായ ശരി ഇല്ലേ? പൊതുസമൂഹത്തിന്റെ മുഴുവൻ ശരി അന്വേഷിച്ചു മനസ്സിലാക്കിയിട്ട് ഒരു നിലപാട് എടുക്കാൻ കഴിയില്ല. ചിലപ്പോൾ എടുത്ത തീരുമാനം തെറ്റായിരിക്കും. പക്ഷേ ഇന്നത്തെ എന്റെ ശരിക്ക് ഒപ്പമേ എനിക്ക് നിൽക്കാൻ കഴിയൂ. ചെയ്ത ഒരു കാര്യത്തിലും എനിക്ക് പശ്ചാത്താപമില്ല. കുറച്ചു കൂടി പ്രായമാകുമ്പോൾ തോന്നുമോ എന്നറിയില്ല. വലിയ വിമർശനങ്ങളും പാർട്ടി നടപടിയും എല്ലാം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും കേസിന്റെ പേരിൽ കോടതി കയറിയിറങ്ങുകയാണ്.  

∙ സിപിഐയുടെ പല സമ്മേളനങ്ങളിലും മത്സരം നടക്കുന്നുണ്ടല്ലോ. പാർട്ടിയിൽ വിഭാഗീയത ആണോ?

 

പാർട്ടിക്ക് അകത്ത് ഒരു വിഭാഗീയത ഉള്ളതായി തോന്നുന്നില്ല. ആളുകൾ കൂടുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമല്ലോ. ഓരോരുത്തരും അവരുടെ ശൈലിയിലാകും പറയുക. അതെല്ലാം വിഭാഗീയതയായി കാണേണ്ടതില്ല. എല്ലാ വിഷയങ്ങളിലും അർഥവത്തായ സംവാദങ്ങൾ ഉയർന്നു വരണം. എന്നാലേ നല്ല ഉത്പന്നവും ലഭിക്കൂ.

 

∙ സിപിഐയിൽ പൊതുവിൽ വനിതാ നേതാക്കൾക്ക് വലിയ പ്രാധാന്യം ലഭിക്കാത്ത സ്ഥിതി ഉണ്ടോ? കേരളം ഓർത്തിരിക്കുന്ന ഉന്നത സിപിഐ നേതാക്കളുടെ കൂട്ടത്തിൽ ഒരു വനിത ഇല്ലല്ലോ?

 

റോസമ്മ പുന്നൂസ് എല്ലാവരും പറയുന്ന പേരല്ലേ? മീനാക്ഷി തമ്പാൻ പ്രഗത്ഭയായ നേതാവല്ലേ. 

 

∙ ഉന്നത നേതൃനിരയിൽ ആരെങ്കിലും ഉണ്ടായോ എന്നതാണ് എന്റെ ചോദ്യം..?

 

പൊതുവിൽ സ്ത്രീകളെ മാറ്റിനിർത്തുന്ന രീതി ഉണ്ടല്ലോ. പൊതു രംഗത്തേക്ക് വരുന്ന സ്ത്രീകൾ തന്നെ കുറവല്ലേ. ത്രിതല പഞ്ചായത്തുകളി‍ൽ വരുന്ന സ്ത്രീകളിൽ പലരും എന്തുകൊണ്ടാണ് രാഷ്ട്രീയത്തിൽ തുടരാത്തത്? അടുക്കളയിൽനിന്ന് അരങ്ങത്തേയ്ക്ക്, വീണ്ടും അരങ്ങത്തുനിന്ന് അടുക്കളയിലേക്ക് എന്ന സ്ഥിതിയിലാണ്. കാലം അവരെ മറന്നു പോകുന്നു. രാഷ്ട്രീയമായ പരിഗണന ലഭിക്കാത്തതാണ് പ്രധാന കാരണം. ഒരു പാർട്ടിയും കൊടുക്കുന്നില്ല. വളരെ ചെറിയ ശതമാനത്തിനേ ആ പദവി  ലഭിക്കുന്നുള്ളൂ. അങ്ങനെ മുന്നോട്ടു വന്നവർ വലിയ താരങ്ങൾ ആയിട്ടില്ലെങ്കിലും, ശ്രദ്ധിക്കപ്പെടുന്ന സംഭാവനകൾ ചെയ്തിട്ടുള്ളവരാണ്. പിന്നെ ‘ലൈവ്’ ആയി നിൽക്കാതെ വരുമ്പോൾ ആളുകളെ മറന്നുപോകും. എന്തു സംഭാവന ചെയ്തു എന്നല്ല, ഇപ്പോൾ ലൈവ് ആണോ എന്നതാണു പ്രശ്നം. കെ.ആർ ഗൗരിയമ്മ എക്കാലത്തും അങ്ങനെ ‘ലൈവ്’ ആയി നിന്ന വനിതാ നേതാവ് ആയിരുന്നു. 

 

∙ ഒരു മറയും ഇല്ലാതെയുള്ള തുറന്നു പറച്ചിൽ അച്ചടക്ക നടപടിക്ക് കാരണമാകുമെന്ന ആശങ്കയുണ്ടോ? 

 

ഞാൻ പാർട്ടിക്ക് വിരുദ്ധമായി ഒന്നും പറഞ്ഞില്ല. തെറ്റായ ഒരു നടപടിക്ക് മാധ്യമങ്ങളും സോഷ്യൽ മീഡിയയും വലിയ പ്രചാരണം നൽകുമ്പോൾ അതിനു മറുപടി നൽകി. അതു ചെയ്തില്ലെങ്കിൽ നാളെ നാട്ടിൽ കൂടി ഇറങ്ങിനടക്കാൻ കഴിയുമോ? ഒരു മോശം വ്യക്തിയാണ് എന്ന നിലയ്ക്കായിരുന്നില്ലേ ചിത്രീകരണം. എന്റെ കുടുംബത്തിൽ ഉള്ളവരുടെ മുഖത്തു നോക്കാൻ കഴിയേണ്ടേ? പൊതുവേദികളിൽ എത്തുമ്പോൾ ആ കണ്ണുകളിലൂടെ ആളുകൾ കണ്ടാലോ? എന്റെ നിലപാട് വിശദീകരിച്ചില്ലെങ്കിൽ എതിരെ പറഞ്ഞതെല്ലാം ശരിയായി മാറില്ലേ? മാധ്യമങ്ങളെയും സോഷ്യൽ മീഡിയയേയും ഉപയോഗിച്ചുള്ള ഈ ആക്രമണത്തിന് മുന്നിൽ അതല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു. എന്റെ ഭാഗം പറഞ്ഞു എന്നു കരുതി അതു പാർട്ടിയെ ആക്ഷേപിക്കൽ അല്ലല്ലോ. പാർട്ടിയുടെ ഭാഗമായിരിക്കുമ്പോൾ അതിൽ ഉറച്ചു നിൽക്കും. പണ്ട് എങ്ങനെ ആയിരുന്നോ അതിലും സജീവമായി പ്രവർത്തിക്കാനേ തുടർന്നും ശ്രമിക്കൂ.

 

English Summary: CrossFire Exclusive Interview with CPI Leader ES Bijimol

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT